Top

നിങ്ങള്‍ പറയുന്ന രാജ്യദ്രോഹികളാകാന്‍ കുമ്പഡാജെയിലെ യുവാക്കള്‍ക്ക് സമയമില്ല

നിങ്ങള്‍ പറയുന്ന രാജ്യദ്രോഹികളാകാന്‍ കുമ്പഡാജെയിലെ യുവാക്കള്‍ക്ക് സമയമില്ല
വര്‍ഗീയതയുടെ കനലുകള്‍ വിതറി കാസര്‍ഗോഡിനെ കലാപഭൂമിയാക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ഒരു തെരുവിലെ പുതുതായി പണി കഴിപ്പിച്ച റോഡിന് ഗാസ സ്ട്രീറ്റ് എന്ന് പേര് നല്‍കിയ സംഭവം ദേശീയ മാധ്യമങ്ങള്‍ വരെയും അതീവ ജാഗ്രതയോടെയും, തീവ്രവാദത്തിന്റെ പ്രത്യക്ഷ തെളിവുകളായേക്കാമെന്ന കരുതലോടെയും അവതരിപ്പിച്ചുരുന്നു. വാര്‍ത്തയ്ക്ക് കൂടുതല്‍ വിശദീകരണങ്ങളുമായി ഈ പേരിന് പിന്നിലുണ്ടായവര്‍ തന്നെ പിന്നീട് രംഗത്ത് വന്ന് പ്രതികരിക്കുകയുണ്ടായി.

സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിയില്‍ നഗരസഭ പണിത 156 മീറ്റര്‍ റോഡ് പത്ത് കുടുംബങ്ങളാണ് ഉപയോഗിക്കുന്നത്. റോഡിന് പദ്ധതിയിലുണ്ടായിരുന്ന ഇഎസ് കോളനി റോഡ് എന്ന പേര് ഒരു കുടുംബവുമായി ബന്ധപ്പെട്ടയായതിനാല്‍ വീട്ടുകാര്‍ ചേര്‍ന്ന് ഗാസ സ്ട്രീറ്റ് എന്ന് പേര് ചേര്‍ത്തു. പേരിട്ടപ്പോള്‍ സംഗതി ഇത്ര പുലിവാല് പിടിക്കുമെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും, വിവാദത്തില്‍ നിന്നും ഒഴിയാനായി പേര് മാറ്റാന്‍ പോലും തങ്ങള്‍ തീരുമാനിക്കുകയുണ്ടായെന്നും സ്ഥലത്തെ യുവാക്കള്‍ പറയുന്നു.സംഗതി കെട്ടടങ്ങും മുന്നേ അടുത്ത വാര്‍ത്ത വരികയായി. ഇത്തവണ വിവാദ ഭൂമിയായത് കാസര്‍ഗോഡ് ബദിയഡുക്കയ്ക്കടുത്ത കുമ്പഡാജെ എന്ന ചെറിയ പഞ്ചായത്താണ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് പാകിസ്ഥാന്‍ നേടിയ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു എന്ന കുറ്റത്തിന് പഞ്ചായത്തിലെ ഇരുപതോളം യുവാക്കളെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. പിന്നീട് കേസ് പിന്‍വലിച്ചെങ്കിലും സംഗതി വിവാദമാവുകയാണ്. കുമ്പഡാജെ പഞ്ചായത്തിലെ ബിജെപി നേതാവ് രാജേഷ് ഷെട്ടിയുടെ പരാതിയിലാണ് റസാക്ക് ചക്കുള, മഷൂദ്, സിറാജ് തുടങ്ങി ഇരുപതിലധികം യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിക്കുകയും "പാകിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്" എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്‌തെന്ന് പറഞ്ഞാണ് പരാതി. "ചക്കുള പ്രദേശത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആളുകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണെന്നറിഞ്ഞു. പൊലീസ് നടത്തിയ അന്വഷണത്തില്‍ തെളിവുകള്‍ കിട്ടിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. കര്‍ണാടകയില്‍ ജാമ്യമില്ലാത്ത കേസെടുത്തു. ഇവിടെ പൊലീസ് അത്തരം കേസുകള്‍ എടുക്കാന്‍ മടി കാണിക്കുന്നു
- രാജേഷ് ഷെട്ടി പറയുന്നു.

അതേസമയം കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തെ ഇന്നുവരെ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ല. കോണ്‍ഗ്രസ് സഹകരണത്തോടെ മുസ്ലീം ലീഗ് ഭരിക്കുന്ന ഇവിടെ പ്രതിപക്ഷം ബിജെപിയാണ്. ഹിന്ദു, മുസ്ലീം വിഭാഗക്കാര്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന പഞ്ചായത്തില്‍ വര്‍ഗീയതയ്ക്ക് കളമൊരുക്കുകയാണോ പരാതിക്കാരന്റെ ലക്ഷ്യം എന്ന് സംശയിക്കേണ്ടുന്നുവെന്ന് കുമ്പഡാജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: മുഹമ്മദ് ഖാസീം അന്നടുക്കം പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും പരാതിയില്‍ പറയുന്നത് പോലെ പടക്കം പൊട്ടിച്ചതിന്റെ അവശേഷിപ്പുകളോ, അയല്‍ക്കാരില്‍ നിന്നും പരാതി ശരിവെയ്ക്കുന്ന മൊഴികളോ ലഭിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

മത്സരം കഴിഞ്ഞയുടന്‍ കൂട്ടമായെത്തിയ യുവാക്കള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും, പാകിസ്ഥാന് ജയ് വിളിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുമ്പഡാജെ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ഉബ്രങ്കളയില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉബ്രങ്കള വാര്‍ഡ് മെമ്പറും ധനകാര്യ സ്റ്രാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൂടിയായ ആനന്ദ്. കെ മൗവാര്‍ തയ്യാറായില്ല.

തികച്ചും ശാന്തമായ കുമ്പഡാജെയില്‍ അക്രമവും, വിദ്വേഷവും വളര്‍ത്താന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നു എന്നാണ് മനസിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ പറഞ്ഞു. തികച്ചും സാധാരണക്കാരുടെ കുട്ടികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നതെന്നും പരാതിക്കാരന്‍ മാധ്യമങ്ങളോട് പറയുന്ന തരത്തിലൊന്നും തന്നെ ഇവിടെ നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. പ്രശ്‌നം നടന്നു എന്ന് പറയുന്ന സ്ഥലത്ത് നിന്നും പടക്കം പൊട്ടിച്ചതിന്റെ ശേഷിപ്പുകളൊന്നും കാണാനില്ലായിരുന്നു. ക്രിക്കറ്റ് മത്സരത്തില്‍ ജയിച്ച പാകിസ്ഥാന് ജയ് വിളിച്ചെന്ന് ആരോപിക്കപ്പെട്ട യുവാക്കളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? കുടുംബം പട്ടിണിയാകാതിരിക്കാന്‍ രാപ്പകല്‍ പണിയെടുക്കുന്നവരാണിവര്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ പലവഴിക്ക് ചിതറിയോടിയവര്‍. അവരാണ് പാകിസ്ഥാന് സിന്ദാബാദ് വിളിച്ചെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായത് - ഫാത്തിമത്ത് സുഹറ പറയുന്നു.ഈ ഗ്രാമം സംഗതിയറിയുന്നത് തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലൂടെയായിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തെ താമസക്കാര്‍ പോലും വാര്‍ത്തയറിഞ്ഞ് മൂക്കത്ത് വിരല്‍ വെച്ചു. ചാനലുകാരില്‍ പലരോടും ഈ നാട്ടുകാര്‍ പ്രതികരിച്ചില്ല. വാക്കുകളില്‍ ഒരിടത്ത് പോലും വിദ്വേഷം നിറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. ഒടുക്കം ഗ്രാമത്തിന്റെ ലോംഗ് ഷോട്ടുകളും, പരാതിക്കാരന്റെ ബൈറ്റും മാത്രമായി മടങ്ങേണ്ടി വന്നു അവര്‍ക്ക്.

സംഭവത്തിന് ശേഷം ജില്ലയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഒരു സര്‍വകക്ഷിയോഗം നടന്നു. നാട്ടില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്നും, വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സമാധാനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇനി രണ്ട് മാസത്തിലൊരിക്കല്‍ ദേശിയോദ്ഗ്രഥന കമ്മിറ്റി യോഗം ചേരാനും, അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെട്ട സംഘടനകളേയും യോഗത്തില്‍ വിളിക്കാനും ധാരണയായി.

തുടരെ, തുടരെ ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജില്ല ശാന്തമാണ്.

Next Story

Related Stories