TopTop
Begin typing your search above and press return to search.

പണ്ട് പണ്ടൊരിടത്തൊരു പയ്യന്നൂര്‍ ശോഭയും പഴയങ്ങാടി ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു

പണ്ട് പണ്ടൊരിടത്തൊരു പയ്യന്നൂര്‍ ശോഭയും പഴയങ്ങാടി ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു

പണ്ട് പണ്ട് പണ്ടൊരു ശ്രീ ലക്ഷ്മി ടാക്കീസ് ഉണ്ടായിരുന്നു. ശ്രീ ലക്ഷ്മി ടാക്കീസിനിപ്പുറം ഒരു മാടായിപ്പാറ ഉണ്ടായിരുന്നു. മാടായിപ്പാറയില്‍ നീല നിറത്തിലുള്ള പൂക്കള്‍ പൂക്കുന്നതിനുമപ്പുറം കനത്ത മഴ പെയ്തിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു പെയ്യുന്ന മഴ ശ്രീലക്ഷ്മി ടാക്കീസില്‍ നിന്നും അപ്പുറമുള്ള ദേശത്ത് നിന്നുമാണ് മാടായിപ്പാറയിലേക്ക് യാത്ര ചെയ്ത് വരുക. ചിലപ്പോള്‍ മഴയുടെ കൂടെ കൊടുങ്കാറ്റും ഉണ്ടാകും. ചെരിഞ്ഞു പെയ്യുന്ന മഴയ്ക്ക് കുറുകെ കുട പിടിച്ചു കൊണ്ടാണ്, മഴയോട് തൊട്ടാണ് പലപ്പോഴും ഞങ്ങള്‍ ശ്രീ ലക്ഷ്മി ടാക്കീസിലെക്ക് പോവുക. ഒരു അഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുക്കാന്‍. മിക്കവാറും എന്റെ മലയാളം സിനിമയെ വെറുക്കുന്ന ഒരു ചെങ്ങാതിയുടെ കൂടെ ആണ് പോവുക. “എന്ത് മലയാളം സിനിമ? എന്ത് സുരേഷ് ഗോപിയുടെ ഇടി? അടി കാണണമെങ്കില്‍ ജെറ്റ്ലിയുടെ ഒക്കെ പടം കാണണം മോനെ” എന്നാണു ആ ചെങ്ങാതി പറയുക. അങ്ങനെ ജെറ്റ്ലിയുടെ പറന്നുള്ള ഇടി കാണാന്‍ കൊടുങ്കാറ്റിനും മഴയും വകവെക്കാതെ മാടായിപ്പാറയിലൂടെ ഞങ്ങള്‍ നടന്നു. ഇതിനിടയില്‍ മാടായിപ്പാറക്ക് അപ്പുറവും ഇപ്പുറവും ഉള്ള വടുകുന്ന്‍ ക്ഷേത്രത്തിലെയും മാടായിക്കാവിലെയും സ്ഥിരം കേക്കുന്ന വൈകുന്നേരങ്ങളിലെ ഭക്തിഗാനങ്ങളൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് വിട്ടു ഞങ്ങളുടെ ഹീറോ ജെറ്റ്ലിക്ക് വേണ്ടി ‘പറക്കും’.

1980-കളുടെ അവസാനമോ 90-കളുടെ ആദ്യ കാലങ്ങളിലോ മറ്റോ ആണ് എന്റെ ഓര്‍മ ശരിയാണെങ്കില്‍ ശ്രീ ലക്ഷ്മി ടാക്കീസ് അതിന്റെ സിനിമ പ്രദര്‍ശനം തുടങ്ങുന്നത്. കണ്ണൂരിലെ പഴയങ്ങാടിക്കടുത്ത് വെങ്ങര എന്ന സ്ഥലത്ത് ആണ് ശ്രീ ലക്ഷ്മി ടാക്കീസ്. തൊട്ടപ്പുറത്ത് തന്നെ മണ്ണ് ഖനനം ചെയ്യുന്ന ഒരു ചൈന ക്ലേ എന്ന് പറയുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു. ജാക്കീ ചാന്‍ ചിത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പറന്നു നടക്കുന്ന ഒരു കാലമായിരുന്നു അത്. ഒരിക്കല്‍ അച്ഛന്‍ ഇന്‍സ്റ്റാള്‍മെന്റിലോ മറ്റോ വാങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ക്രൌണ്‍ ടി വി യില്‍ വി സി പി യും കാസറ്റും വാടകക്ക് എടുത്ത് ഒരിക്കല്‍ അച്ഛന്‍ ഞങ്ങക്ക് “പോലീസ് സ്റ്റോരി” എന്ന പടം കാണിച്ചു തന്നു. പിന്നെ അച്ഛന്‍ അറിഞ്ഞും അറിയാതെയും, ഒരു ഓണാവധിക്കാലത്ത് നാല് ദിവസത്തിനുള്ളില്‍ “പോലീസ് സ്റ്റോറി” ഞങ്ങള്‍ അഞ്ചോ ആറോ തവണ കണ്ടുതീര്‍ത്തു. വി സി പിയുടെ വാടക ദിവസം കഴിഞ്ഞു നാല് ദിവത്തെക്ക് മുന്നൂറു രൂപയും കൊടുത്തു വി സി പി കൊടുത്തു വിടുമ്പോള്‍ അടുത്ത ബന്ധു മരിച്ചു വീട് വിട്ടു പോകുന്ന പോലെയായിരുന്നു തോന്നിയത്.

ഒരിക്കല്‍ വി സി പി കൊണ്ട് വന്ന ദിവസം വീട്ടില്‍ കറന്റ് പോയപ്പോള്‍ കറന്റ് വരുന്നത് വരെ മണിക്കൂറുകളോളം ഒരു മിനിറ്റ് ഇടവിടാതെ “കറന്റ് വരണേ” എന്ന് ഞങ്ങള്‍ പ്രാര്‍ഥിച്ചു. അങ്ങനെ “ദളപതിയും” “രാജാവിന്റെ മകനും” ഒക്കെ ഒരു ക്രൌണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി വിയില്‍ “ഒരിക്കല്‍ രാജുമോന്‍...” അല്ലെങ്കില്‍ “സൂര്യ... നട്പ്പ് എന്നാ.... ഉണക്ക് എന്നാ പുരിയുമാ... എന്നൊക്കെ കണ്ടും കേട്ടും മനസ്സ് തകരുകയും കയ്യടിക്കുകയും ചെയ്തു. അതിന്റെ ഇടയിലാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമപ്പുറം ജാക്കീ ചാനും ഞങ്ങളുടെ ഹീറോ ആകുന്നത്. അതിന്റെ അവസാനങ്ങളില്‍ ആണ് എന്റെ ചെങ്ങാതി പറയുന്നത്. “ജാക്കി ചാനും അപ്പുറം വേറെ ഒരു ചെങ്ങാതി ഉണ്ട് മോനെ... ജെറ്റ്ലി...” പതുക്കെ ഞങ്ങള്‍ ജാക്കീ ചാനെ വിട്ടു ജെറ്റ്ലിയിലെക്ക് കയറി. കൂടുതല്‍ പ്രാന്ത് കേറി ഞങ്ങള്‍ ചെറുകുന്ന് എന്ന സ്ഥലത്ത് കരാട്ടെയുടെ ക്ലാസിനും ചേര്‍ന്നു. ജെറ്റ്ലിയുടെ കുംഫു പടം കണ്ടു കയ്യടിക്കുന്നത് പോലെ എളുപ്പം അല്ല കരാട്ടെ പഠിക്കുന്നത് എന്ന് കരാട്ടെ പഠിപ്പിക്കുന്ന മാഷുടെ, എന്റെ ഒക്കെ മേലുള്ള “വയ്യാത്ത പട്ടി കയ്യാല കേറണോ?” എന്ന് മുഖത്ത് എഴുതി വച്ച ചോദ്യങ്ങളില്‍ നിന്നും മനസ്സിലായി. അങ്ങനെ “വയ്യാത്ത പട്ടികള്‍" കരാട്ടെ പഠനവും നിര്‍ത്തി.

അങ്ങനെ ഞങ്ങള്‍ക്കു മുമ്പില്‍ ജെറ്റ്ലി യുടെ “ദി റിബെലും”, “മൈ ഫാദര്‍ ഈസ്‌ എ ഹീറോ"യും മറ്റു ഷാവോലിന്‍ ടെമ്പിള്‍ ചിത്രങ്ങളും ഒക്കെ ശ്രീലക്ഷ്മിയിലെ തിരശീലയില്‍ തീ പാറിച്ചു. മെടഞ്ഞിട്ട മുടിയോടു കൂടി ഷാവോലിന്‍ ടെമ്പിളില്‍ പറന്നു ചവിട്ടുന്ന ജെറ്റ്ലിയെ കണ്ടു ഞങ്ങളുടെ ചോര തുടിച്ചു. അങ്ങനെ ഒരിക്കലാണ് ഇതിന്റെ ഒക്കെ ഇടയില്‍ കൂടെ സാമോ ഹങ്ങും ഇയാന്‍ ബോയും പിന്നെ പേരോര്‍മ ഇല്ലാത്ത മറ്റൊരു ചൈനീസ് ഹീറോയും ഒക്കെ ചേര്‍ന്നുള്ള ഒരുഗ്രന്‍ ആക്ഷന്‍ ചിത്രം ശ്രീ ലക്ഷ്മിയില്‍ കളിച്ചത്. തടിച്ചു കൊഴുത്ത സാമോ ഹാങ്ങ്‌ പറന്നടിക്കുന്നത് കണ്ടു ഞങ്ങള്‍ വാ പൊളിച്ചിരുന്നു പോയി. അക്കാലത്ത് തന്നെ നിരന്തരമായ അന്വേഷണങ്ങള്‍ക്ക് പുറത്ത് കണ്ണൂരില്‍ പ്രഭാത് എന്നാ ഒരു ടാക്കീസ് ഉണ്ടെന്നും അവിടെ “ഫോറസ്റ്റ് ഗംപ്” പോലുള്ള സിനിമകള്‍ കളിക്കുന്നുണ്ടെന്നും അറിഞ്ഞ് ഞങ്ങള്‍ പ്രഭാതിലെക്കും വെച്ചു പിടിപ്പിച്ചു. എന്നാലും ശ്രീ ലക്ഷ്മി ടാക്കീസ് ഞങ്ങള്‍ക്ക് പാടേ കൈവിടാന്‍ തോന്നിയില്ല.

അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഒരു ചുവന്ന നിറമുള്ള ഒരു ബജാജ് ചേതക് സ്കൂട്ടര്‍ വാങ്ങിച്ചു. അത് ഞാന്‍ ഓടിച്ചു. ബൈക്കിന്റെ ഒരു സ്റ്റൈയിലും തൃപ്തിയും കിട്ടിയിരുന്നില്ലെങ്കിലും ശ്രീലക്ഷ്മിയിലെക്കുള്ള പോക്കിന് ഞങ്ങള്‍ ആ സ്കൂട്ടറില്‍ പറന്നു. സിനിമയുടെ ടിക്കറ്റിനും സ്കൂട്ടറില്‍ ഇരുപതു രൂപക്ക് പെട്രോള്‍ അടിക്കാനും ഞാന്‍ അമ്മയുടെ “പണ്ടാരക്കുടുക്ക"യില്‍ നിന്നും പത്തും ഇരുപതും പിന്നെ ചിലപ്പോള്‍ ഭാഗ്യം ഉണ്ടെങ്കില്‍ നൂറും രൂപാ നോട്ടുകള്‍ ഈര്‍ക്കിലുകള്‍ കൊണ്ട് കുത്തി മോഷ്ടിച്ചു. നേരെ ശ്രീ ലക്ഷ്മി ടാക്കീസിലെ ‘കമ്പി”പ്പടങ്ങള്‍ക്ക് ഞങ്ങള്‍ കയറി. ഹോളിവുഡിലെ“അണ്ടര്‍ വേള്‍ഡ് പോണ്‍” സിനിമകള്‍ ശ്രീ ലക്ഷ്മിയില്‍ ഞങ്ങളുടെ ഞരമ്പുകളില്‍ വികാരത്തിന്റെ തള്ളിച്ച ഉണ്ടാക്കി. രാത്രി മാടായിപ്പാറയിലൂടെ, വെള്ളക്കാരുടെ ഉമ്മവെക്കലും കെട്ടിപ്പിടിക്കലും മറ്റു പലതും കാണാന്‍ ഒരു ചേതക് സ്കൂട്ടര്‍ മാടായിപ്പാറയിലൂടെ പറന്നു. പിന്നീട് കുറെക്കാലം കഴിഞ്ഞപ്പോള്‍ ഹോളിവുഡ് “കമ്പി”കളേക്കാള്‍ മികച്ചതായ മദ്രാസില്‍ നിന്നുള്ള ചില ഇന്ത്യന്‍ ഇംഗ്ലീഷ്‌ സിനിമകള്‍ ശ്രീലക്ഷ്മിയില്‍ വികാരങ്ങളുടെ മറ്റുചില ഓളങ്ങള്‍ ഉണ്ടാക്കി. പോസ്റ്ററുകളില്‍ ഡയരക്ടര്‍ ബൈ സജ്ജന്‍ ജെ തെ വാന്‍ എന്ന് തെളിഞ്ഞാല്‍ ഞങ്ങള്‍ ശ്രീലക്ഷ്മിയില്‍ ഹാജരായി. സെക്കാന്‍ഡ് ഷോ കഴിഞ്ഞു സ്കൂട്ടര്‍ മാടായിപ്പാറയില്‍ നിര്‍ത്തി ആകാശത്തേക്ക് നോക്കി വടുകുന്ദ, മാടായിക്കാവ് എന്നീ രണ്ടു അമ്പലങ്ങള്‍ക്കിടയില്‍ മലര്‍ന്നു കിടന്നു ശ്രീലക്ഷ്മി ടാക്കീസില്‍ ഇനിയും ജെ തെ വാനെക്കൊണ്ട് നിറക്കണേ എന്ന് ഞങ്ങള്‍ പ്രാര്‍ഥിച്ചു. അതിലെ നടിമാരുടെ നിശ്വാസങ്ങള്‍ ഞങ്ങളുടെ നിശ്വാസങ്ങള്‍ ആയി.

പയ്യന്നൂര്‍ കോളേജില്‍ പ്രീ ഡിഗ്രീ തോറ്റു തൊപ്പിയിട്ട് വീണ്ടും പാസായി ഇംഗ്ലീഷിനു ഡിഗ്രിക്ക് ചേര്‍ന്നപ്പോഴാണ് പയ്യന്നൂര്‍ ശോഭ ടാക്കീസിനെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത്. പയ്യന്നൂര്‍ കോളേജിലെ ഇംഗ്ലീഷ്‌ ക്ലാസുകളെക്കാളും അധികം ഇംഗ്ലീഷ്‌ ഞങ്ങള്‍ ശോഭയിലെ ഇംഗ്ലീഷ്‌ ഉച്ചപ്പടങ്ങള്‍ കണ്ടുപഠിച്ചു. ഒരിക്കല്‍ ഒരു ഇംഗ്ലീഷ്‌ ക്ലാസില്‍ നിന്ന് ബാക്ക് ബെഞ്ചിലിരുന്ന ഞങ്ങളെ രണ്ടു പേരെ പുറത്താക്കിയപ്പോള്‍ ഞങ്ങള്‍ നേരെ ശോഭ ടാക്കീസിലെക്ക് വെച്ചു പിടിപ്പിച്ചു. ഒരു ക്രിട്ടിസിസത്തിന്റെ മാഷ്‌ എന്തോ ഒരു ചോദ്യം ചോദിച്ചപ്പോ അതിന്റെ ഉത്തരം മാഷോട് പറയാനുള്ള പേടി കൊണ്ട് അടുത്തിരിക്കുന്നവനോട് പറഞ്ഞതിനാണ് വര്‍ത്തമാനം പറഞ്ഞു എന്ന് പറഞ്ഞു പുറത്താക്കിയത്. നേരെ ചെന്ന് കയറിയത് തൂണുകള്‍ കൊണ്ട് നിറഞ്ഞ, ബീഡിപ്പുക മണക്കുന്ന ശോഭ ടാക്കീസ് എന്ന ഓലപ്പുരയില്‍ ആയിരുന്നു. അവിടെ അടുത്ത നൂണ്‍ ഷോ എ പടത്തിനു ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. മിക്കവാറും ഇന്റര്‍വെല്‍ സമയം കഴിഞ്ഞാണ് ബിറ്റുകള്‍ ഇടുക. ബിറ്റുകള്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമ മുഴുവന്‍ കാണാന്‍ നിക്കാതെ ഞങ്ങള്‍ ശോഭ ടാക്കീസ് വിടും. ഒരിക്കല്‍ അങ്ങനെ ബിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു “പോകാം”? അപ്പൊ ആ ചെങ്ങാതി ഇങ്ങനെയാണ് പറഞ്ഞത്. “നിക്കെടാ... കഥ മുഴുവന്‍ കണ്ടിട്ട് പോകാം” ചിലപ്പോഴൊക്കെ ശോഭ ടാക്കീസില്‍ കയറി നൂണ്‍ ഷോ കണ്ടു മാറ്റ്നിയും കണ്ടേ ഇറങ്ങാറുള്ളൂ. നൂണ്‍ ഷോയും മാറ്റ്നിയും കണ്ടാല്‍ ചിലപ്പോ ഉച്ച ഭക്ഷണത്തിനുള്ള കാശുണ്ടാകില്ല. അത് ചിലപ്പോ ഞങ്ങള്‍ ഒരു സോഡയില്‍ ഒതുക്കും. രാവിലത്തെ എ പടം കഴിഞ്ഞാല്‍ ഉച്ചക്ക് വന്‍ ഡാമിന്റെ “ഡബിള്‍ ഇമ്പാക്റ്റ്” പോലുള്ള പടങ്ങള്‍ കാണും. ചിലപ്പോള്‍ സുരേഷ് ഗോപിയുടെ “യുവതുര്‍ക്കി” പോലുള്ള സിനിമകളും ശോഭയില്‍ റിലീസ് ചെയ്യും.

അച്ഛന്റെ ദേശമായ പെരിങ്ങീലില്‍ വെറും പത്ത് വീടുകള്‍ മാത്രമേ ഉള്ളൂ. ഓണത്തിനോ വിഷുവിനോ ഒക്കെയാണ് സിനിമക്ക് പോവുക. ഓണത്തിനു വരുന്ന പടങ്ങളുടെ അനൌന്‍സ്മെന്റ് പെരിങ്ങീലിന് അപ്പുറത്തുള്ള കൊട്ടക്കീല്‍ കടവ് വരെവരും. “ഇന്ന് മുതല്‍ പഴയങ്ങാടി പ്രതിഭയില്‍ “ഇവിടെ തുടങ്ങുന്നു” എന്നൊക്കെ വിളിച്ചു പറയും. സിനിമക്ക് പോകുമ്പോള്‍ നാട് അടച്ചാണ് പോവുക. അങ്ങനെ എല്ലാവരും “വൈശാലി” എന്ന സിനിമ കാണാന്‍ പോയി. ആ സിനിമയിലെ “അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോ...” എന്ന പാട്ട് കണ്ട് സിനിമ കഴിഞ്ഞ് അച്ചാച്ചന്‍ എല്ലാരെയും ചീത്ത വിളിച്ചു എന്ന് പിന്നീട് പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് പെരിങ്ങീലിനു അടുത്തുള്ള നെരുവമ്പ്രം നാഷണല്‍ എന്ന ടാക്കീസില്‍ വെച്ചാണ് ആറിലോ ഏഴിലോ മറ്റോ പഠിക്കുമ്പോള്‍ ഇതേ സിനിമക്ക് ഞങ്ങള്‍ കേറുന്നത്. ഒരു വൈകുന്നേരം നടക്കാന്‍ പോയപ്പോള്‍ അച്ഛന്‍ കുറച്ചു പൈസ തന്നു “നാഷനലില്‍ പോയി ടിക്കറ്റ്‌ എടുക്ക്...” എന്ന് പറഞ്ഞു. ഞാന്‍ വൈശാലിക്ക് ടിക്കറ്റ് എടുത്തു. സിനിമ തുടങ്ങിയപ്പോള്‍ സ്ത്രീ ആയി അമ്മ മാത്രം. സിനിമ കഴിഞ്ഞു അച്ഛന് അമ്മയുടെ വക ഭേഷായി കിട്ടി. ചിലപ്പോ അച്ചാച്ചനോട് സിനിമക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞു ഞങ്ങള്‍ വാശി പിടിക്കും. ശനിയാഴ്ച വരെ പണി എടുത്താലേ സിനിമക്ക് പോകാനുള്ള പൈസ അച്ചാച്ചന് ഉണ്ടാകുകയുള്ളൂ. അത് വരെ കാത്തിരിക്കും. അങ്ങനെ പഴയങ്ങാടി പ്രതിഭ എന്ന ടാക്കീസില്‍ “ഇന്‍ ഹരിഹര്‍ നഗര്‍” കാണാന്‍ ശനിയാഴ്ച വരെ കാത്തിരുന്നു. ഒരു ശനിയാഴ്ച്ച അച്ചാച്ചന്‍ ഉച്ചവരെ കൈപ്പാട്ടില്‍ പണി എടുത്തു കൂലിയും വാങ്ങി ഭക്ഷണവും കഴിഞ്ഞു പതിനഞ്ചു മിനിറ്റ് ഓടിയും നടന്നും ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും ബസ് പോയിക്കഴിഞ്ഞിരുന്നു. പിന്നെ നേരെ തളിപ്പറമ്പ് ക്ലാസ്സിക് എന്ന ടാക്കീസിലേക്ക് പോയി “കണ്‍കെട്ട്” എന്ന സിനിമ കണ്ടു നിരാശയോടെ പെരിങ്ങീലിലെക്ക് തിരിച്ചുനടക്കും. വൈകുന്നേരം അച്ചാച്ചന്‍ കുറച്ച് മിനുങ്ങി ഒരു ചൂട്ടും പിടിച്ചോണ്ട് ആണ് പെരിങ്ങീലിലേക്ക് നടക്കുക. ആ ചൂട്ടുവെളിച്ചത്തില്‍ അച്ചാച്ചന്‍ പറഞ്ഞു തന്ന കഥകള്‍ക്ക് ഏതു സൂര്യപ്രകാശത്തെക്കാളും തെളിച്ചം ഉണ്ടായിരുന്നു.

അക്കാലത്ത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനും പരിസരത്തുമൊക്കെ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ ജോലിയും മറ്റുമായി ജീവിച്ചിരുന്നു. അല്ലെങ്കില്‍ തമിഴ്നാട്ടുകാരുടെ പ്രവാസം അന്ന് മുതലേ പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്റെ അടുത്ത് തുടങ്ങിയിരുന്നു. ചിലരൊക്കെ മലയാളികള്‍ തന്നെ ആയി മാറി. അങ്ങനെ ഒരു കാലഘട്ടത്തില്‍ പഴയങ്ങാടിക്കടുത്തുള്ള പുതിയങ്ങാടി സ്റാര്‍ ടാക്കീസില്‍ നിരന്തരമായി തമിഴ് സിനിമകള്‍ ഓടി. അല്ലാതെ പുതിയങ്ങാടി സ്റ്റാറിനു പിടിച്ചു നിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ “നാന്‍ ഒരു തടവ് ശോന്നാല്‍ നൂറു തടവ് ശൊന്ന മാതിരി” എന്ന ഡയലോഗിനു പുതിയങ്ങാടി സ്റ്റാറില്‍ അലറി വിളിച്ചു കയ്യടിച്ചു. ഒരു കൊടുങ്കാറ്റില്‍ പഴയങ്ങാടി ശ്രീ ശക്തിയില്‍ “അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോ” എന്ന് തിരശീലയില്‍ തിളക്കുമ്പോള്‍ മുകളിലത്തെ മേല്‍ക്കൂര പാറി. ജനം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഞങ്ങള്‍ വീണ്ടും ചിറക്കല്‍ പ്രകാശ്, ചിറക്കല്‍ ധനരാജ്, കണ്ണൂര്‍ വി കെ, അഞ്ചരക്കണ്ടി രാഗം, പിലാത്തറ സംഗം, ഏഴിലോട്ട് ശ്രീ ദുര്‍ഗ എന്നിവിടങ്ങളില്‍ കമ്പിയും ജെറ്റ്ലി യും ജാക്കീ ചാനും രജനീ കാന്തിനെയും ഒക്കെ തേടി അലഞ്ഞു. ചിലപ്പോള്‍ ശ്രീലക്ഷ്മിയുടെ അഭ്രപാളികളില്‍ രാക്ഷസ രാജ്ഞിയായി ഷക്കീല കത്തിക്കയറിക്കഴിഞ്ഞു ആളുകള്‍ സിനിമ കണ്ടു പുറത്തേക്ക് ഒഴുകുമ്പോള്‍ അപ്പുറത്ത് പഴയങ്ങാടി പ്രതിഭ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ പടം തുടങ്ങുന്നതിനു മുമ്പ് “ശ്യാമസുന്ദര പുഷപമേ” എന്ന പാട്ടും ഇട്ടു പതിനാല് പേര്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും. അങ്ങനെ നെരുവമ്പ്രം നാഷണല്‍ ടാക്കീസിലൊക്കെ സെക്കന്‍ഡ് ഷോക്ക് പതിനാല് പേരെ സൂപ്പര്‍ സ്റ്റാര്‍ പടത്തിനു തികക്കാന്‍ സിനിമ കാണാന്‍ വന്ന ചെറുപ്പക്കാര്‍, പണ്ട് സ്കൂളില്‍ പിള്ളാരെ പിടിക്കാന്‍ ഇറങ്ങുന്നത് പോലെ, ടാക്കീസിന്റെ അടുത്തുള്ള വീടുകളില്‍ ചെറുപ്പക്കാരെ പിടിക്കാന്‍ ഇറങ്ങി. എന്നാലും നെരുവമ്പ്രം നാഷനലില്‍ ഒരിക്കലും സിനിമ കാണാത്ത പല അമ്മമാര്‍രും അച്ചാച്ചന്മാരും “കിലുക്കം” എന്ന സിനിമ കാണാന്‍ ഒഴുകിയിരുന്നു. ദേശീയ ഗാനങ്ങള്‍ക്ക് പകരം ഭരണകൂടത്തിനെ താങ്ങിനിര്‍ത്തുന്ന ന്യൂസ്‌ റീലുകള്‍ കണ്ട്, പിന്നെ സിനിമയും കണ്ടു ജനം തിരിച്ചു വീടുകളിലേക്ക് പോയി. ഇന്ന് ദേശീയ ഗാനം; അന്ന് ന്യൂസ്‌ റീലുകള്‍. അങ്ങനെ മാത്രമേ വ്യത്യാസം തോന്നുന്നുള്ളൂ...!

ബെസ്റ്റ് ഓഫ് അഴിമുഖം

ഓരോലച്ചൂട്ടു വെളിച്ചത്തോളം വരില്ല ഒരു പ്രഭാതവും പകലും
പെരിങ്ങീലിലെ പ്രിയപ്പെട്ട അച്ചമ്മക്ക്

ഇന്ന് ഒരു ഓട്ടോറിക്ഷയില്‍ “യാത്ര” എന്ന സിനിമയിലെ “തന്നന്നം താനന്നം...” എന്നാ പാട്ടും കേട്ട് ഒരു ചെറിയ യാത്ര. ഇളയരാജയുടെ മൌത്ത് ഓര്‍ഗനും ജാസും വയലിനും ഒക്കെ വലിച്ചുപറിച്ച് പഴയ ഓര്‍മകളിലേക്ക് അതു കൊണ്ടുപോയി. പഴയങ്ങാടി പ്രതിഭ ടാക്കീസിന്റെ അടുത്തുള്ള കുണ്ടന്‍ മാഷുടെ സ്കൂള്‍ എന്നാ മാടായി സൌത്ത് എല്‍ പി സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ കോളാമ്പിയിലൂടെ പാടുന്ന “കായാമ്പൂ... കണ്ണില്‍ വിടരും” എന്ന പാട്ടിനൊപ്പം യാത്രയുടെ ഒരു പോസ്റ്റര്‍ ഉണ്ടാകും. മമ്മൂട്ടി ഇങ്ങനെ ഒരു ജയില്‍ ജീവിതം കഴിഞ്ഞു നിക്കുന്ന ഒരു പോസ്റ്റര്‍. പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടാകും; “ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം കണ്ടിട്ടില്ല”.

പഴയങ്ങാടി പ്രതിഭ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഡി ടി എസ് ഒക്കെ ആയി മാറി. ശ്രീലക്ഷ്മി ടാക്കീസ് മരിച്ചു. പക്ഷെ അടുത്തുള്ള ചൈന ക്ലേ ഫാക്ടറി ഇപ്പോഴും ഉണ്ട്. പുതിയങ്ങാടി സ്റ്റാര്‍ ടാക്കീസില്‍ രജനീ കാന്തിന്റെ ബാഷയുടെ ഓര്‍മകളുടെ ശവകുടീരങ്ങള്‍ക്ക് മുകളില്‍ ഒരു മെഴുകുതിരി. പുതിയങ്ങാടി സ്റ്റാറും മരിച്ചു. നെരുവമ്പ്രം നാഷണലും എഴുളോട് ശ്രീ ദുര്‍ഗയും നശിച്ച് ശ്മാശാനപ്പറമ്പുകള്‍ പോലെയായി. പിലാത്തറ സംഗം കല്യാണ ഓഡിറ്റോറിയമായി. ശോഭയുടെ സ്ഥാനത്ത് പിന്നീട് ഒരു ബാര്‍ വന്നു. ആ ബാറും ഈ ദിവസങ്ങളില്‍ പൂട്ടും. ആദ്യമായി ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു തന്ന പയ്യന്നൂര്‍ ശോഭയിലെ ബീഡിപ്പുക, അതിന്റെ മണം, തിരശീലയിലെ പ്രണയവും അടിയും കാമവും ജീവിതവും കരച്ചിലും മരണത്തിന്റെയും ഒപ്പം ഇപ്പോഴും കൂടെ ഉണ്ടെന്നു തോന്നുന്നു. പണ്ട് വെറുതെ ഇങ്ങനെ പറഞ്ഞു പോവുമായിരുന്നു; ശ്രീലക്ഷ്മിയുടെ തിരശ്ശീലയില്‍ എന്നെങ്കിലും നമ്മുടെ പേരും തെളിയുമായിരിക്കും, എന്നെങ്കിലും എന്ന്‍. ഇനി അത് ഒരു ശ്രീനിവാസന്‍ കോമഡി മാത്രം ആണ്; “ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം”.


Next Story

Related Stories