TopTop
Begin typing your search above and press return to search.

തിരൂര്‍: പകയുടെ കൊലപാതക പരമ്പര തുടരുന്നു; ആരാണ് ഉത്തരവാദികള്‍?

തിരൂര്‍: പകയുടെ കൊലപാതക പരമ്പര തുടരുന്നു; ആരാണ് ഉത്തരവാദികള്‍?

മലപ്പുറം ജില്ലയിലെ തീരപ്രദേശമായ തിരൂര്‍, താനൂര്‍ മേഖല മതേതര പൊതുജീവിതത്തെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അധികമായില്ല, കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ തന്റെ വിശ്വാസം മാറിയതിനെ തുടര്‍ന്ന് കൊല്ലപെട്ടു. ഇപ്പോള്‍, ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ കെ ബിപിന്‍ (24) കൊല്ലപ്പെട്ടിരിക്കുന്നു.

വ്യാഴാഴ്ച തിരൂര്‍ ബിപി അങ്ങാടിക്കടുത്തെ പുലിന്‍ചോട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ബിപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫൈസല്‍ വധക്കേസില്‍ ബിപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ട് അധികമായിരുന്നില്ല. കൊലയ്ക്കു പിന്നിലാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല; മൂന്നു പേര്‍ അറസ്റ്റിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരൊക്കെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല. പ്രദേശത്ത് കലാപത്തിന് തീ കൊളുത്താന്‍ കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ ശ്രമിക്കുമോയെന്ന ആശങ്കയിലാണ് പൊതുജനം.

ബിപിന്റെ ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം കൊലപാതകം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വിവിധ രാഷ്ടീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും ഉന്നയിച്ചിരുന്നു. സംഭവം മുതലെടുത്ത് മേഖലയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ പൊതുസമൂഹം ജാഗ്രതയോടെ കാണണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ ആവശ്യപ്പെട്ടു. മേഖലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം വര്‍ഗീയ കലാപമായി മാറുമോയെന്ന ആശങ്ക സിപിഎം ജില്ലാനേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും കുറ്റക്കാരെ ഉടനെ പിടികൂടണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

വെല്‍ഫയര്‍ പാര്‍ട്ടി, സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍, ഐഎസ്എം എന്നീ സംഘടനകളും പ്രതികളെ ഉടനെ കണ്ടെത്തണമെന്നാവശ്യപെത്തിരുന്നു. ആര്‍എസ്എസ്‌ പ്രവര്‍ത്തകനായ ബിപിന്റെ കൊലപാതകത്തെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സെയ്യിദ്ദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി തിരൂരില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തി.

അതേസമയം, തിരൂരില്‍ പൊതുജീവിതം അസ്വസ്ഥമാക്കിക്കൊണ്ട് നടക്കുന്ന ഈ കൊലപാതക പരമ്പരയ്ക്ക് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പകയുടെ ഈ പകര്‍ന്നാട്ടത്തിന് 19 വര്‍ഷം പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അമ്പലത്തില്‍ പൂജാരിയും സ്വര്‍ണ്ണപ്പണിക്കാരുനുമായ അയ്യപ്പന്‍ മതം മാറി യാസിര്‍ ആയതാണ് ഈ പരമ്പരയിലെ ആദ്യസംഭവം. യാസിര്‍ കുടുംബത്തോടെ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ബാബറിപളളിയുമായി ബന്ധപ്പെട്ട് രാജ്യത്ത് തന്നെ സാമുദായിക ധ്രുവീകരണം നടക്കുന്ന പശ്ചാത്തലത്തിലാണ് യാസിറിന്റെ മതംമാറ്റം. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അയ്യപ്പന്‍ യാസിര്‍ ആയത് സംഘത്തെ പ്രകോപിതരാക്കി. അത് സ്വാഭാവികമായും യാസിറിന്റെ കൊലപാതകത്തിലേക്ക് നയിച്ചു; 1990 ലാണ് സംഭവം. ഇതു നടന്ന് രണ്ടു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ പ്രതികാരനടപടിയായി തിരൂര്‍ ബിപി അങ്ങാടിയില്‍ വെച്ച് മോഹനന്‍ വൈദ്യര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായ ആറു പേര്‍ പ്രതികളായി.

യാസിര്‍ വധക്കേസിലെ മുഴുവന്‍ പ്രതികളേയും മഞ്ചേരി ജില്ലാ കോടതി വെറുതെ വിട്ടു. 2005-ലാണ് അന്നത്തെ ജില്ലാ ജഡജ് ചന്ദ്രദാസ് യാസിര്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് തിരൂര്‍ മണ്ഡലം കാര്യവാഹ് രവി കൊല്ലപ്പെട്ടു. തിരൂര്‍ ബിപി അങ്ങാടിയില്‍ നിന്നും വൈകിട്ട് വീട്ടിലേക്കു വരികയായിരുന്ന രവിയെ ബൈക്കില്‍ വന്ന ആറുപേര്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഒരു ഞായറാഴ്ച പുതിയങ്ങാടി നേര്‍ച്ച സമയത്താണ് രവി കൊല്ലപെട്ടത്. യാസിര്‍ വധക്കേസിലെ മറ്റു പ്രതികളെ പിന്നീട് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചുവെങ്കിലും സുപ്രീം കോടതി അവരെ വെറുതെ വിട്ടു. ഇത് പിന്നെയും സംഘര്‍ഷത്തിന് കാരണമാകുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിച്ചില്ലെന്നത് പോപ്പുലര്‍പ്രണ്ട് പ്രചാരണ വിഷയമാക്കിയിരുന്നു. രവി കൊല്ലപ്പട്ടതിനെ തുടര്‍ന്നു പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. രവി വധക്കേസ് ഇപ്പോള്‍ മഞ്ചേരി കോടതിയില്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നു. യാസിര്‍ സംഭവവും ബിപി അങ്ങാടിയും അങ്ങനെ ഹിംസയുടെ അക്രമാസക്തമായ നിരവധി സംഭവങ്ങള്‍ക്ക് പ്രഭവ കേന്ദ്രമാവുകയായിരുന്നു. രവിയുടെ വധത്തിനു പിന്നാലെ ആര്‍എസ്എസുകാര്‍ മുഹമ്മദ് അലിയെ വെട്ടിക്കൊന്നു. ഏഴ് പേര്‍ക്ക് വെട്ടേറ്റു. പിന്നീട് പരപ്പനങ്ങാടിയില്‍ ഹമീദിനും വെട്ടത്ത് ഫൈസല്‍ എന്നയാള്‍ക്കും വെട്ടേറ്റു.

ഒരു ഇടവേളക്കു ശേഷം വിണ്ടും പകയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മലപ്പുറം ജില്ല സാക്ഷിയായത് കൊടിഞ്ഞി ഫൈസല്‍ മതം മാറിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണ്. സഹോദരീഭര്‍ത്താവ് ഉള്‍പ്പെടെ ഉള്ളവരാണ് പിടിയിലായത്. യാസിര്‍ വധത്തിന് ബാബരി മസ്ജിദ്/രാമജന്മഭുമി വിവാദത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നുവെങ്കില്‍ ഫൈസല്‍ വധം കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോഴാണ്. ഫൈസല്‍ വധത്തില്‍ രണ്ടാം പ്രതി ബിപിന്‍ കൊല്ലപ്പെട്ടതും ഈ കേസില്‍ പോലീസിന്റെ ദീര്‍ഘവീക്ഷണമില്ലായ്മാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്. പകയ്ക്കു പക എന്ന രീതിയില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടും പ്രതി പുറത്തിറങ്ങിയാല്‍ ഉണ്ടാകാവുന്ന കാര്യങ്ങള്‍ പോലീസ് ജുഡീഷ്യറിയെ വേണ്ട വിധത്തില്‍ ധരിപ്പിച്ചിരുന്നോ എന്നാണ് അവര്‍ സംശയം ഉന്നയിക്കുന്നത്. മാത്രമല്ല, കൊല്ലപെട്ട ബിപിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പൊലിസിനും വീഴ്ച പറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Next Story

Related Stories