ഇതര സംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ ഡാറ്റ ബാങ്കുണ്ടാക്കി തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍

അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നും നമ്മുടെ നിർമാണ മേഖലയുടെ അടിത്തറ ഇവരാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് അവരെ മനസ്സിലാക്കാനാണ് നാം  ശ്രമിക്കേണ്ടത്.

സംസ്ഥാനത്താദ്യമായി സ്വന്തം  സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളുടെയും വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനം    വികസിപ്പിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഷെഫീഖും സഹപ്രവർത്തകരും. തൃക്കൊടിത്താനം സ്റ്റേഷനിലെ പായിപ്പാട് വിവിധ സൈറ്റുകളിൽ പണിയെടുക്കുന്ന 2,629 ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും ഇവർ ഇതിനോടകം തന്നെ ഡിജിറ്റലാക്കിക്കഴിഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പെരുകി വരുന്ന അക്രമവാസനയും കുറ്റകൃത്യങ്ങളും തടയാൻ അവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഉപകാരപ്പെടുമെന്ന  ആഭ്യന്തര  വകുപ്പു നൽകിയ നിർദ്ദേശത്തിന്റെ ചുവടു പിടിച്ചായിരുന്നു  ഇത്തരത്തിലുള്ളൊരു ഉദ്യമം എന്ന് പോലീസുകാർ പറയുന്നു. കൂടാതെ ഒന്നര മാസം മുമ്പ് പായിപ്പാട് കവലയിൽ  ഇതര സംസ്ഥാന തൊഴിലാളിയുടെ കവർച്ച ശ്രമത്തിനിടെ വ്യാപാരിക്ക് ഗുരുതര പരിക്കേറ്റതും ഇത്തരമൊരു തീരുമാനത്തിന് കാരണമായി.

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ അന്വേഷണമാരംഭിച്ച പോലിസിന് തുണയായത്  സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളായിരുന്നു .ഈ  ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ഇതരസംസ്ഥാനക്കാരാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞതും. എന്നാൽ കൂടുതൽ വിവരങ്ങൾ ഇവരെക്കുറിച്ചു ലഭ്യമല്ലാത്തതിനാൽ അന്വേഷണം ദുഷ്ക്കരമായിരുന്നുവെന്ന് റഫീഖ് ഓർക്കുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിറ്റേന്ന് പുലർച്ചെ പ്രതിയെ പോലീസ് വലയിലാക്കിയത്.

മുൻപും പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പ്രശ്നം സൃഷ്ടിക്കുന്നതായും ചിലർ കഞ്ചാവ് വില്‍പ്പന, ചീട്ടുകളി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായുമുള്ള പരാതികൾ പോലീസിന് ലഭിച്ചിരുന്നു. പരാതികൾ ഏറിയതോടെ പോലീസും കൂടുതൽ ജാഗരൂകരായി എന്നതിന്റെ മാതൃകയാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രനാണ് പദ്ധതി ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത്.

പദ്ധതി ഉത്ഘാടനം

തൊഴിലാളികളുടെ വിവരങ്ങൾ പോലീസും തൊഴിൽ ഉടമകളും സൂക്ഷിക്കും. കൂടാതെ ഓരോ ആഴ്ചയിലും ഇവരുടെ വിവരങ്ങൾ പുതുക്കുകയും ചെയ്യും. അതേക്കുറിച്ച് ഇതിനു നേതൃത്വം നൽകിയ തൃക്കൊടിത്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ഷഫീഖ് സംസാരിക്കുന്നു: “ഒന്നരമാസം മുമ്പ് പായിപ്പാട് കവലയിൽ വ്യാപാരിയെ ഇതര സമാധാന തൊഴിലാളി ആക്രമിച്ചു പണം തട്ടാൻ ശ്രമിച്ച കേസാണ് സത്യത്തിൽ ഞങ്ങളെ ഇങ്ങനൊരു കാര്യത്തിനു പ്രേരിപ്പിച്ചത്. കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും കൊച്ചിക്കും ശേഷം ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ പേരും പണിയെടുക്കുന്നത് തൃക്കൊടിത്താനം സ്റ്റേഷന് കീഴിലുള്ള പണിസ്ഥലങ്ങളിലാണ്. കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവരുടെ വിവരങ്ങൾ പോലീസ് സൂക്ഷിക്കുന്നത് നിയമ പരിപാലനത്തിനും ഉപകാരപ്പെടും.

ആദ്യം ഞങ്ങൾ സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളുടെയും ലേബർ ക്യാമ്പുകളും തൊഴിലിടങ്ങളും പരിശോധിച്ചു. അതിനു ശേഷം മുഴുവൻ തൊഴിൽ ദാതാക്കളുടെയും ഒരു യോഗം ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിൽ ചേർന്ന് അവരെ പോലീസിന്റെ പുതിയ പദ്ധതിയെക്കുറിച്ച് ബോധവത്ക്കരണം നടത്തി, മുഴുവൻ തൊഴിലുടമകളും പിന്നീടങ്ങാട്ട് പോലീസുമായി സഹകരിക്കുന്നതാണ് ഞങ്ങൾ കണ്ടത്, ആദ്യമേ തന്നെ, നിയമപരമായുള്ള ഇടപെടൽ മാത്രമേ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുള്ളൂ എന്ന് അവരെ അറിയിച്ചിരുന്നു.

അടുത്ത ആഴ്ചയാഴ്ച തന്നെ പായിപ്പാട് കവലയിലെ ഒരു സ്വകാര്യവ്യക്തിയെ കണ്ട് അവിടെയൊരു ക്യാമ്പ് ഓഫീസ്‌ തുറന്ന്, തൊഴിലാളി ക്യാമ്പുകൾ തരം തിരിച്ച് അവരുടെ വിവര ശേഖരണം തുടങ്ങി. പേര്, അഡ്രസ്, കണ്ണ്, കാത്, മൂക്ക്, കാൽപ്പാദം, രക്‌ത ഗ്രൂപ്പ്, വിരലടയാളം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തി. പിന്നീട് ഓരോ തൊഴിലാളിയുടെയും ആധാർ വിവരങ്ങളും സ്വദേശം, കുടുംബം, അവരുടെ മാതാപിതാക്കൾ എന്നിവരുടെയും വിവരങ്ങൾ സമാഹരിച്ചു.

അവരോട് വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനാണെന്നും അതിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു മനസ്സലാക്കാനും പൊലീസിന് കഴിഞ്ഞു.

ഓരോ ആഴ്ചയിലും 120 മുതൽ 130 വരെ തൊഴിലാളികളുടെ വിവരങ്ങളാണ്  ഓഫീസിൽ ശേഖരിച്ചു വന്നത്. കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും പോലീസിന് ഇതുവഴി സാധിച്ചു.

ഷഫീക്ക്

ഭൂരിഭാഗം ആളുകളും ബംഗാൾ, ഒഡീഷ, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വിവരശേഖരണത്തിനൊപ്പം, ജീവിത രീതികളും പരിസരശുചീകരണത്തിലെ വീഴ്ചകളും ഞങ്ങൾക്ക് മനസ്സിലായി. ഈ ഒരു പ്രശ്നം മുന്നിൽക്കണ്ട് ഒരു  മെഡിക്കൽ ക്യാമ്പും ഇവര്‍ക്കായി പോലീസ് സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൗതുകകരമായി തോന്നിയത് ഇവർക്ക് ഇഞ്ചക്ഷൻ തീർത്തും ഭയമാണ് എന്നുള്ളതായിരുന്നു. രക്തപരിശോധന രോഗങ്ങളെ കണ്ടെത്താൻ സഹായിക്കുമെന്നത് ചിലർക്ക് പുതിയ അറിവായിരുന്നു, കൂടാതെ തൊഴിൽ ഉടമകളോട് ഇവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും പരിസര ശുചീകരണം ഉറപ്പുവരുത്താനും പോലീസ് നിർദ്ദേശം നൽകി. ലേബർ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സന്ദർശനം നടത്തി അവരെ കൂടുതൽ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

എഴുത്തും വായനയും അറിയാത്തവ ഇവരിലെ ഭൂരിഭാഗം പേര്‍ക്കും ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്ന് അടിസ്ഥാന വിദ്യാഭാസം നൽകാനാണ് അടുത്ത പദ്ധതി.

അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നും നമ്മുടെ നിർമാണ മേഖലയുടെ അടിത്തറ ഇവരാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് അവരെ മനസ്സിലാക്കാനാണ് നാം  ശ്രമിക്കേണ്ടത്.
അതോടൊപ്പം തന്നെ വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽനിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതുമുണ്ട്. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ഈ ഉദ്യമത്തിൽ മറക്കാനാവാത്തതാണ്, ഒന്നരമാസം കൊണ്ട് ഈ ബൃഹത് സംരംഭം പൂർത്തിയാക്കാൻ കാരണമായതും ഈ പിന്തുണകൊണ്ടാണ്”– റഫീഖ് പറയുന്നു

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍