UPDATES

ദേശീയപാതയുടെ ‘ജാതി’ വളവുകള്‍: കണ്ണൂരിലെ തുരുത്തി കോളനിയ്ക്ക് പറയാനുള്ളത്

പരമാവധി നേരെ പോകാവുന്ന അലൈന്‍മെന്റാണ് ദേശീയപാതാ വികസനത്തിനും ബൈ പാസിനും പരിഗണിക്കാറ്. എന്നാല്‍ ഇവിടെ അത്തരം സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും മീറ്റര്‍ വളച്ച് തുരുത്തി വഴി ഈ റോഡ് വരേണ്ടത് ചിലരുടെ ആവശ്യമായേ കണക്കാക്കാനാവൂ.

ക്ഷേത്രങ്ങള്‍ക്കോ പള്ളികള്‍ക്കോ മുന്നില്‍ സൗകര്യം പോലെ വളയുന്ന ദേശീയപാതകളാണ് സമൂഹത്തിന് പരിചിതം. എന്നാല്‍ ഒരു ആരാധനാലയത്തെ, അതിന്റെ സംസ്‌കൃതിയെ ഇല്ലാതാക്കുന്ന തരത്തില്‍ ദേശീയപാതക്ക് ഒരു വളവുണ്ടാവുക – തുരുത്തിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ബൈ പാസും തുരുത്തിയെത്തുമ്പോള്‍ അതിന് സംഭവിക്കുന്ന വളവും തകര്‍ത്തെറിയുക സെറ്റില്‍മെന്റ് കോളനികളില്‍ പതിയെ ജീവിതം കരുപ്പിടിപ്പിച്ച് വരുന്ന ഇരുപത്തഞ്ചോളം കുടുംബങ്ങളെയാണ്. ഇല്ലാതാകുന്നത് അവരിലൂടെ നിലനിന്നിരുന്ന സാംസ്‌കാരിക പൈതൃകവും.

കച്ചവടക്കാരുടേയും വ്യവസായികളുടേയും താല്‍പര്യങ്ങള്‍ക്കായി പല തവണ മാറ്റിവരച്ച അലൈന്‍മെന്റ് ഒടുവില്‍ പട്ടികജാതി കോളനിയിലേക്കെത്തിയിരിക്കുന്നു. ‘ഞങ്ങളുടെ നെഞ്ചിലൂടെ റോഡ് വരാന്‍ സമ്മതിക്കൂല്ല’ എന്ന് തൊണ്ടുംപൊട്ടും വിധം അലറിവിളിച്ചുകൊണ്ട് ദലിതരെ മാത്രം തഴയുന്ന വികസന കാഴ്ചപ്പാടുകളെ ലീലയും സിന്ധുവും മറ്റനേകം സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ചേര്‍ന്ന് ചോദ്യം ചെയ്യുകയാണ്. കണ്ടല്‍ക്കാടുകളേയും പുലയകോട്ടത്തേയും വിഴുങ്ങുന്ന ദേശീയപാതാ അലൈന്‍മെന്റിനെതിരെ, ‘തുരുത്തി ഒരു തിരുത്താണ്’ എന്ന ഉത്തമബോധ്യത്തോടെ പാപ്പിനിശേരിയിലെ കൊച്ചുതുരുത്തായ തുരുത്തിയിലെ ദലിതര്‍ ഒന്ന് ചേര്‍ന്ന് സമരത്തിലുമാണ്.

തുരുത്തി കോളനി

വളപട്ടണം പുഴയുടെ ഓരത്തായി ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രകൃതിലോല പ്രദേശമാണ് തുരുത്തി. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശം. കണ്ണൂര്‍ പാപ്പിനിശേരി പഞ്ചായത്തിലുള്‍പ്പെടുന്ന, ഭൂരിഭാഗവും പട്ടികജാതിക്കാര്‍ താമസിക്കുന്ന സ്ഥലം. നീര്‍ക്കെട്ടിനിടയില്‍ അല്‍പം ഉയര്‍ന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഈയിടം അപൂര്‍വ ഇനം കണ്ടലുകളുള്‍പ്പെടെ അനേകം പാരിസ്ഥിതിക സവിശേഷതകള്‍ ഉള്ളതാണ് ഇവിടം. ചുള്ളി, ഉപ്പൂറ്റി, ചെറു ഉപ്പൂറ്റി, കുറ്റി, കണ്ണാമ്പൊട്ടി, മച്ചിന്‍തോല്‍, കോഴിയപ്പ, കരക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ എന്നിവയുടെ സഞ്ചയം തുരുത്തിയില്‍ കാണാം. അമ്പതിലധികം ദലിത് കുടുംബങ്ങളുടെ സെറ്റില്‍മെന്റാണ് തുരുത്തി കോളനി.

അടിമജീവിതത്തിന്റെ, മാറ്റിനിര്‍ത്തലുകളുടെ സാമൂഹിക അനുഭവങ്ങളില്‍ നിന്ന് കേരളത്തിലെ മറ്റേത് ദലിത് കോളനികളേയും പോലെ തുരുത്തിക്കാരും രക്ഷ നേടിയിട്ടില്ല. അന്നന്ന് ലഭിക്കുന്ന ജോലികള്‍ ചെയ്ത് കിട്ടുന്നത് കൊണ്ട് കുടുംബം പുലര്‍ത്തുന്നവര്‍. മൂന്നും നാലും അഞ്ചും സെന്റ് ഭൂമിയില്‍ ഒതുങ്ങിക്കൂടുന്നവര്‍. പകലന്തിയോളം കഷ്ടപ്പെട്ട് കിട്ടുന്നതില്‍ നിന്ന് മിച്ചം വച്ച് കയറിക്കിടക്കാന്‍ കൊച്ചുകുടിലുകള്‍ കെട്ടിയവര്‍. മറ്റ് തൊഴിലുകളേക്കാള്‍ വളപട്ടണം പുഴയിലും വെള്ളക്കെട്ടുകളിലും മീനുകളെ പിടിച്ച് ഉപജീവനം നടത്തുന്നവരാണ് അവരില്‍ പലരും. വിദ്യാഭ്യാസപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന കോളനി. തലമുറകളായി കോളനിയില്‍ താമസിച്ചുവരുന്നവരുടെ ജീവനും ജീവിതവും തുരുത്തിയുമായി ബന്ധപ്പെട്ടാണുള്ളത്. നാനൂറ് വര്‍ഷം പഴക്കമുള്ള പുലയക്കോട്ടവും തുരുത്തിയില്‍ കാണാം.

കോളനിക്കാര്‍ അറിയാതെ വിജ്ഞാപനം

തുരുത്തിയിലെ ജനത ദേശീയപാതാ വികസനത്തിന് എതിരല്ല. എന്നാല്‍ അവര്‍ പോലും അറിയാതെ, ഒരു അറിയിപ്പ് പോലും നല്‍കാതെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനത്തിന് അവര്‍ എതിരാണ്. തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന, ഒരു കോളനിയെ തന്നെ തൂത്തെറിയുന്ന വികസനത്തെക്കുറിച്ച് തുരുത്തി നിവാസികള്‍ അറിയുന്നത് ദേശീയപാത അതോറിറ്റി വെബ്സൈറ്റില്‍ നിന്നാണ്. അലൈന്‍മെന്റ് സംബന്ധിച്ച് കോളനിക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ എഴുതി നല്‍കിയപ്പോള്‍ പരിഗണിച്ചതുമില്ല. സമൂഹത്തിലെ മറ്റ് ചിലരെ സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ ദലിതരെ അവഗണിക്കപ്പെടേണ്ടവരാണെന്ന പൊതുബോധത്തില്‍ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നാണ് കോളനി വാസികള്‍ പറയുന്നത്.

’26 പട്ടികജാതി കുടുംബങ്ങളും നാല് ഒബിസി കുടംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. തലമുറകളായി ഇവിടെ താമസിച്ചുവന്നവരാണ് തുരുത്തി കോളനിക്കാര്‍. ഒരു കര്‍ഷകന്റെ കുടുംബം വേരോടെ പിഴുതെറിയപ്പെടും. ആ കര്‍ഷകന്റെ കുടുംബക്കാരുടേതായി മാത്രം 14 വീടുകളുണ്ട്. അതെല്ലാം ഒന്നാകെ പോവും. വളരെ പാവപ്പെട്ടവരാണ് അവിടെ താമസിക്കുന്നതെല്ലാം. പ്രായമുള്ളവരും കുട്ടികളുമെല്ലാമുണ്ട്. ഒരു കണക്കിനാണ് സ്ഥലവും വീടുമെല്ലാം ഒരുക്കിയെടുത്തത്. എങ്ങനെയാണ് ഒരു കുടിലൊക്കെ വച്ച് താമസിക്കുന്നതെന്ന്, അതിന്റെ ബുദ്ധിമുട്ട് ഇവിടെയുള്ളവര്‍ക്ക് മാത്രമറിയാം. ഇനി വേറെ എവിടേങ്കിലും പോയി ഒരു വീട് വക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഈ പ്രദേശത്തെല്ലാം ചെറിയ തൊഴില്‍ ചെയ്ത് ജീവിതം നയിക്കുന്നവരാണ്. ഇവിടുന്ന് കുടിയൊഴിപ്പിക്കപ്പെട്ട് വേറെ എവിടേങ്കിലും പോയാല്‍ തൊഴില്‍ പോലും കിട്ടില്ല.

അല്ലേല്‍ തന്നെ സാമൂഹികപരമായി ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ് ദളിതര്‍, പ്രത്യേകിച്ചും കോളനികളിലുള്ളവര്‍. അങ്ങനെയുള്ളവരെ ഇവിടെ നിന്ന് ഇറക്കി വിട്ടാല്‍ അവരുടെ ജീവിതം തന്നെ തീരും. കുഞ്ഞുങ്ങളുടെ പഠനക്കാര്യവുമൊക്കൊ നോക്കണ്ടേ. ഒരു കാരണവശാലും ഞങ്ങള്‍ സ്ഥലം വിട്ടുതരില്ല എന്നല്ല പറയുന്നത്. പക്ഷെ അത്രയ്ക്ക് ആ മണ്ണിനോട് അലിഞ്ഞ് ജീവിക്കുന്നവരാണ്. അപ്പോള്‍ അതില്‍ നിന്ന് ഞങ്ങളെ കുടിയിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ഞങ്ങളും കൂടി അറിയണ്ടതല്ലേ. ആരും പറഞ്ഞില്ല. വെബ്സൈറ്റില്‍ നോട്ടിഫിക്കേഷന്‍ വന്നപ്പഴാണ് ഈ കോളനിക്കാരുടെ നെഞ്ചില്‍ കൂടിയാണ് റോഡ് വരുന്നതെന്ന് അറിഞ്ഞത്. ഇത്രയും പാവപ്പെട്ട ഞങ്ങളുടെ സാമൂഹിക പശ്ചാത്തലം പോലും പരിഗണിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ ഞങ്ങളുടെ വാദം കൂടി കേള്‍ക്കേണ്ടതല്ലേ. അതാരും കേട്ടില്ല.

വിജ്ഞാപനം എ വന്നതിന് ശേഷം ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് പറഞ്ഞു. തുരുത്തിക്കാര്‍ ഒന്നടങ്കം ആക്ഷേപം എഴുതി ഒപ്പിട്ട് നല്‍കി. പക്ഷെ അത് പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. കുടിയിറക്കരുതെന്ന അപേക്ഷയുമായി കളക്ടറേയും ജനപ്രതിനിധികളേയും കണ്ടു. സര്‍ക്കാരിനെ അറിയിച്ചു. പക്ഷെ ആരും ഞങ്ങള്‍ക്ക് മുഖം തന്നില്ല. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചു, ഇനി ചര്‍ച്ചയൊന്നുമില്ലെന്നാണ് മറുപടി ലഭിച്ചത്. സര്‍വേയ്ക്ക് വന്നപ്പോള്‍ കോളനിയില്‍ ആണുങ്ങള്‍ കുറവായിരുന്നു. പെണ്ണുങ്ങളും കുട്ടികളുമാണ് ഉദ്യോഗസ്ഥരോട് കാര്യം ചോദിച്ചത്. പക്ഷെ ഞങ്ങള്‍ എന്തെലും പറയുന്നതിന് മുന്നെത്തന്നെ കുറേ പോലീസുകാരെത്തി പെണ്ണുങ്ങളേം കുട്ടികളേയും അറസ്റ്റ് ചെയ്തു.

എന്തിനാണ് അവരിങ്ങനെ ധാര്‍ഷ്ട്യം കാണിക്കുന്നത്? പാവപ്പെട്ട ദലിതരെ എന്തെങ്കിലും ചെയ്താല്‍ ആരും ചോദിക്കാനും പറയാനുമില്ല എന്ന ധാരണ കൊണ്ടല്ലേ അങ്ങനെയുണ്ടായത്. ദലിതരോട് എന്തുമാവാമല്ലോ? ജാതിയും മതവും ഇല്ലെന്ന് എല്ലാരും പറയും. പക്ഷെ ഇങ്ങനെയോരോന്ന് വരുമ്പോള്‍ പ്രകടമാവുന്നത് ജാതികളോടുള്ള മനോഭാവം തന്നെയാണ്. പുരോഗതി വേണ്ടെന്നല്ല ഞങ്ങള്‍ പറയുന്നത്. അല്‍പ്പം ഒന്ന് പുറകിലേക്ക് മാറ്റിയാല്‍ ആരുടേയും വീട് പോവാതെ ആരെയും കുടിയൊഴിപ്പിക്കാതെ ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാം.അതിന്റെ സാധ്യത എന്തുകൊണ്ട് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല? അപ്പോള്‍ ഓ, കുറച്ച് പട്ടികജാതി വീടുകളല്ലേ, അത് പോണങ്കില്‍ പോട്ടെ എന്നാണ്. അത് ഞങ്ങള്‍ വച്ചുപൊറിപ്പിക്കില്ല.” – സമരം നയിക്കുന്ന ലീല പറയുന്നു.

മാറിമറിഞ്ഞ അലൈന്‍മെന്റ്

കീഴ്ച്ചേരി മുതല്‍ കോട്ടക്കുന്ന് വരെയാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ്. 2016 മുതല്‍ ഈ ബൈപ്പാസിനായി അലൈന്‍മെന്റ് തയ്യാറാക്കി വരികയായിരുന്നു. നിലവിലുള്ള എന്‍എച്ച് 17 തന്നെ വികസിപ്പിച്ച് ആറുവരി പാതയാക്കാം എന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശ പ്രകാരം ദേശീയപാതാ വികസനം നടക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പിന്നീട് വ്യവസായികളുടേയും വ്യാപാരികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് മറ്റൊരു അലൈന്‍മെന്റ് നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ വീടുകളും വ്യവസായശാലകളുടെ ഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടി വരുമെന്നായതോടെ ആ തീരുമാനവും മാറ്റുകയായിരുന്നു.

മൂന്നാമതായി നിശ്ചിച്ച അലൈന്‍മെന്റാണ് തുരുത്തി കോളനി വഴി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത്. വളവുകളില്ലാതെ നേര്‍പാതയില്‍ ദേശീയപാത വികസനത്തിനോ ബൈപ്പാസ് നിര്‍മ്മാണത്തിനോ സാധ്യതകള്‍ നിലനില്‍ക്കെ അഞ്ഞൂറ് മീറ്ററിനുള്ളില്‍ നാല് വളവുകള്‍ വരുന്ന മൂന്നാമത്തെ അലൈന്‍മെന്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് എങ്ങനെയാണെന്നാണ് തുരുത്തി കോളനി നിവാസികള്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ ഭൂമാഫിയയുടേയും കൈകളുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്.

തുരുത്തി കോളനി ഒഴിപ്പിക്കലിനെതിരെ സമരം നയിക്കുന്ന സമരസമിതി കണ്‍വീനര്‍ നിഷില്‍ കുമാര്‍ പറയുന്നതിങ്ങനെ ‘ 2016ലാണ് നിലവിലുള്ള ദേശീയപാത വികസിപ്പിക്കുന്ന തരത്തില്‍ അലൈന്‍മെന്റ് തയ്യാറാക്കുന്നത്. കോട്ടന്‍മില്ലിന് സമീപത്ത് നിന്ന് ഒരു സര്‍ക്കിള്‍ രൂപത്തില്‍ റോഡ് വികസിപ്പിക്കാമെന്നായിരുന്നു. വ്യവസായികളും വ്യാപാരികളും ഇത് മാനസികമായി ഉള്‍ക്കൊണ്ടിരുന്നു. കാരണം പലരും ദേശീയപാതയോരത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മറ്റിടങ്ങളിലേക്ക് സ്ഥാപനങ്ങള്‍ മാറ്റി. സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം വരെ ഇത്തരത്തില്‍ പൊളിച്ച് പുറകിലേക്ക് നീക്കുകയുണ്ടായി. എന്നാല്‍ പെട്ടെന്നാണ് നിലവിലുള്ള ദേശീയപാത വികസിപ്പിക്കണ്ട, പകരം ബൈ പാസ് നിര്‍മ്മിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. വ്യവസായ ശാലകളുള്‍പ്പെടെ കുറച്ച് വീടുകളും ഉള്‍പ്പെടുന്നതായിരുന്നു ഈ അലൈന്‍മെന്റ്. എന്നാല്‍ ആ അലൈന്‍മെന്റ് പ്രകാരമുള്ള സ്ഥലത്താണ് ഇപി ജയരാജന്റെ വീടും ശ്രീമതി ടീച്ചറുടെ ഫാമും ഉള്‍പ്പെടെയുള്ളത്. അവരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് ഞങ്ങള്‍ ആരോപിക്കില്ല എങ്കില്‍ പോലും ആ അലൈന്‍മെന്റ് റദ്ദാക്കപ്പെട്ടു.

പിന്നീടാണ് ദലിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി ബൈ പാസ് നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റും വിജ്ഞാപനവും വരുന്നത്. അഞ്ഞൂറ് മീറ്ററിനിടയില്‍ നാല് വളവുകളാണ് ഈ അലൈന്‍മെന്റില്‍ വരുന്നത്. തുരുത്തിയിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയ വളവാണ്. പരമാവധി നേരെ പോകാവുന്ന അലൈന്‍മെന്റാണ് ദേശീയപാതാ വികസനത്തിനും ബൈ പാസിനും പരിഗണിക്കാറ്. എന്നാല്‍ ഇവിടെ അത്തരം സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും മീറ്റര്‍ വളച്ച് തുരുത്തി വഴി ഈ റോഡ് വരേണ്ടത് ചിലരുടെ ആവശ്യമായേ കണക്കാക്കാനാവൂ. കാരണം ഈ വിജ്ഞാപനം വരുന്നതിനും, അലൈന്‍മെന്റ് ഞങ്ങള്‍ അറിയുന്നതിനും മുമ്പ് തന്നെ നിര്‍ദ്ദിഷ്ട ബൈ പാസ് വരുന്നതിന് ഇരുപുറവുമുള്ള സ്ഥലങ്ങള്‍ പലരും വാങ്ങിക്കഴിഞ്ഞിരുന്നു. ആര്‍ക്കും വേണ്ടാതെ കിടന്ന ഈ തുരുത്തിന് ആവശ്യക്കാര്‍ പലരുണ്ടായി. ഇപ്പോഴും പറയുന്ന വിലക്ക് വാങ്ങാന്‍ ആളുകളെത്തുന്നുണ്ട്. പാപ്പിനിശേരി ഇക്കോടൂറിസം പദ്ധതി ലക്ഷ്യം വച്ച് ചിലയാളുകള്‍ നീങ്ങുന്നുണ്ട്. ആ ടൂറിസം പദ്ധതിയും വികസനവും നടപ്പിലായാല്‍ തുരുത്തി കോളനിയും അതിനോട് ചുറ്റപ്പെട്ട സ്ഥലവും പലര്‍ക്കും ആവശ്യമുള്ളതാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നവരുടെ സ്ഥലമടക്കം പോവുന്നതാണ് ഒന്നാമത്തേയും രണ്ടാമത്തേയും അലൈന്‍മെന്റ് എന്നുള്ളത് വേറെ കാര്യം.

എങ്ങനെയായാലും തുരുത്തിക്കോളനി ഒന്നടങ്കം ഒഴിപ്പിച്ചെടുത്താല്‍ അതില്‍ ലാഭമുള്ളവര്‍ നിരവധിയുണ്ട്. അവരുടെ കളിയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മഴക്കാലമായാല്‍ വെള്ളക്കെട്ടാണ്. പുഴ നിറഞ്ഞാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ല. ഇതുവഴി റോഡ് വരുന്നതോടെ വെള്ളമൊഴുക്ക് കൂടുതല്‍ തടസപ്പെടും. അതോടെ വെള്ളക്കെട്ടിലാവുന്ന പ്രദേശത്തെ മറ്റ് കുടുംബങ്ങള്‍ സ്വമേധയാ ഒഴിഞ്ഞ് പോവുകയും ചെയ്യും. ഭൂമി ഒന്നടങ്കം മാഫിയക്ക് കൈവശം ആവുകയും ചെയ്യും. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥനും ഇതിന് കൂട്ടാണ്. ഓരോരുത്തരുടേയും താല്‍പര്യമനുസരിച്ച് അലൈന്‍മെന്റ് മാറ്റി മാറ്റി ഇപ്പോള്‍ തുരുത്തിക്കോളനിയില്‍ എത്തിച്ചതിന് പിന്നിലും അദ്ദേഹമാണ്.’

ഇല്ലാതാവുന്നത് 400 വര്‍ഷം പഴക്കമുള്ള കോട്ടവും

ആരാധനാ കേന്ദ്രം എന്നതിലുപരി പുലയരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് കോട്ടങ്ങള്‍. തുരുത്തി കോളനിയിലും 400 വര്‍ഷം പഴക്കമുള്ള ഒരു കോട്ടമുണ്ട്. പുതിയില്‍ ഭഗവതി കോട്ടം. അടുത്ത കാലത്ത് പുതുക്കി പണിത കോട്ടങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും തെയ്യവുമുള്‍പ്പെടെ ദേശീയപാത വരുന്നതോടെ കോളനിക്കൊപ്പം ഇല്ലാതാവും. കോട്ടങ്ങള്‍ ബ്രാഹ്മണവല്‍ക്കരിച്ച് ക്ഷേത്രങ്ങളാക്കാനുള്ള അധിനിവേശ ശ്രമങ്ങളെ ചെറുത്ത് നില്‍ക്കുന്ന ജനതയുടെ മേലുള്ള മറ്റൊരു അധിനിവേശ ശ്രമമായാണ് ഇതിനെ തുരുത്തിക്കാര്‍ കാണുന്നത്.

ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ രൂപേഷ്‌കുമാര്‍ പറയുന്നു ‘ സവര്‍ണ ക്ഷേത്രങ്ങള്‍ പൊളിച്ചുകൊണ്ട് ദേശീയപാത അലൈന്‍മെന്റ് വന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് ഇത്രയും വര്‍ഷം പഴക്കമുള്ള പുലയ കോട്ടം ഒരു പരിഗണന പോലുമില്ലാതെ പൊളിച്ചുനീക്കപ്പെടാന്‍ പോവുന്നത്. ദേശീയപാതയുടെ സര്‍വേക്കല്ല് ഇപ്പോള്‍ ക്ഷേത്രത്തിനകത്താണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആരാധനയും അതിന്റെ സമ്പ്രദായങ്ങളും അനുവദിച്ചുതരുന്ന ഭരണഘടനാ അവകാശത്തെ എങ്ങനെയാണ് ഭരണകൂടവും ഉദ്യോഗസ്ഥരും നോക്കിക്കാണുന്നതെന്നാണ്. കോട്ടവും തെയ്യമുള്‍പ്പെടെയുള്ള ആചാരങ്ങളും ഇല്ലാതാവുന്നതോടെ ഒരു ജനതയുടെ സംസ്‌കാരത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്. വംശീയമായി ഇല്ലാതാക്കുന്നതിന്റെ ഭാഗം തന്നെയാണിത്’. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മറ്റുള്ളിടത്ത് ക്ഷേത്രങ്ങളും പള്ളികളും സംരക്ഷിച്ച് നിര്‍ത്തപ്പെടുമ്പോള്‍ ദലിതരുടെ ആരാധനാ കേന്ദ്രങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് വിലയില്ലാത്തതെന്നാണ് നിഷില്‍കുമാറും ചോദിക്കുന്നത്.

എംഎല്‍എ പറയുന്നത്:

അതേസമയം തുരുത്തി കോളനിയെ ഇല്ലാതാക്കിക്കൊണ്ടുള്ള അലൈന്‍മെന്റ് വരുന്ന കാര്യം താന്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് കെ.എം ഷാജി എംഎല്‍എ പറയുന്നത്. തീര്‍ത്തും അനാവശ്യമായ ഒരു മാറ്റമാണ് പുതിയ അലൈന്‍മെന്റിലൂടെ മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു:

നേരത്തെയുണ്ടായിരുന്ന അലൈന്‍മെന്റ് മാറ്റിയിട്ട് വേറൊരു അലൈന്‍മെന്റ് ഉണ്ടാക്കിയതാണ്. മുന്‍ അലൈന്‍മെന്റ് പ്രകാരമാണെങ്കില്‍ ദലിത് കോളനിയിലേതുള്‍പ്പെടെ നിരവധി വീടുകള്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെടും. പക്ഷെ അവിടുത്തെ കുറച്ച് വ്യവസായികളുടെ സ്ഥാപനങ്ങളും ഓഫീസുകളുമുണ്ട്. ആ അലൈന്‍മെന്റിലുള്ളതിനേക്കാള്‍ കുറച്ച് വീടുകളേ പുതിയ അലൈന്‍മെന്റ് വഴി പോവുന്നുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷെ എത്ര വീടുകള്‍ എന്ന കണക്ക് അവര്‍ പറയുന്നില്ല.

എന്റെ അറിവ് വച്ച് ഇപ്പോള്‍ പോവുന്ന വീടുകളുടെ എണ്ണത്തേക്കാള്‍ അത് കുറവാണ്. വളരെ കൃത്യമായി പറഞ്ഞാല്‍, ഭൂമാഫിയ ഇപ്പോഴത്തെ ബൈ പാസ് തീരുമാനിച്ചിരിക്കുന്നതിന് സമീപത്തെ ഭൂമി വാങ്ങിയിട്ടുണ്ട്. അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത് കൊണ്ടുവന്നത്. വളപട്ടണം പുഴയുടെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് പഴയ അലൈന്‍മെന്റ് പ്രകാരം ബൈ പാസ് വരിക. എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് നേരായ പാത പോലുമല്ല. ഒരുപാട് വളഞ്ഞിട്ടുള്ള ഈ പാത സര്‍ക്കാരിന് നഷ്ടമാണുണ്ടാക്കുക. ഒപ്പം വളപട്ടണം പുഴയോരത്തുള്ള കണ്ടല്‍ വനങ്ങളടക്കം തകര്‍ക്കപ്പെടുകയും ചെയ്യും. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയ താല്‍പര്യവും വ്യവസായ താല്‍പര്യവും കച്ചവട താല്‍പര്യവും ഒത്തുചേര്‍ന്നാണ് പുതിയ അലൈന്‍മെന്റ് വന്നിരിക്കുന്നത്. എത്രയോ സഹായം കൊടുത്താലാണ് ഒരു പട്ടികജാതി കോളനി രക്ഷപെടുക. എത്രയോ കാലങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായാണ് അവരിപ്പോള്‍ പതിയെ സെറ്റില്‍ ആയി വരുന്നത്. ഇവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടാല്‍ അവരുടെ ജീവിതം തീര്‍ന്നു എന്നുള്ളതാണ്.’

ദേശീയപാതാ അതോറിറ്റിയ്ക്ക് പറയാനുള്ളത്:

മുമ്പുണ്ടായിരുന്ന രണ്ട് അലൈന്‍മെന്റുകളേക്കാള്‍ പ്രായോഗികമായതിനാലാണ് തുരുത്തി വഴിയുള്ള അലൈന്‍മെന്റ് അംഗീകരിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തതെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥനായ അബ്ദുള്ള പറയുന്നു: “തുരുത്തിയില്‍ മാത്രമായി അലൈന്‍മെന്റ് മാറ്റിയിട്ടില്ല. പാപ്പിനിശേരി വില്ലേജില്‍ ഇതിന് മുമ്പ് രണ്ട് അലൈന്‍മെന്റ് നോക്കിയിരുന്നു. അത് പ്രായോഗികമല്ല എന്നത് കണ്ടതുകൊണ്ട് പുതിയൊരു അലൈന്‍മെന്റ് തയ്യാറാക്കുകയായിരുന്നു. ഈ അലൈന്‍മെന്റിലാണ് കുറവ് വീടുകളും മറ്റും വരുന്നത്. അങ്ങനെ അത് എടുത്തു എന്നേയുള്ളൂ. കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പരിശോധിച്ചതിന് ശേഷമാണ് അത് തീരുമാനിച്ചത്.

ദേശീയപാത ഒരു പാലത്തോടുകൂടി വികസിപ്പിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. പക്ഷെ അവിടംവഴിയാവുമ്പോള്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. വളപട്ടണം പാലം പണിതപ്പോള്‍ മാറ്റിത്താമസിപ്പിച്ചവരുടെ വീടുകളും ആ പ്രദേശത്താണ്. ഏകദേശം ഒരു കിലോമീറ്ററോളം കണ്ടല്‍ക്കാട് ഉള്‍പ്പെടുന്ന പ്രദേശവും ആ അലൈന്‍മെന്റില്‍ വരുമായിരുന്നു. കണ്ടല്‍ക്കാട് നശിപ്പിക്കാന്‍ പറ്റില്ല, പാലത്തിന്റെ നീളം ഒരു കിലോമീറ്റര്‍ കൂടുതലും വരും. അത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടാണ് അത് ഒഴിവാക്കിയിട്ടുള്ളത്. അതിന് ശേഷം വേറൊരു അലൈന്‍മെന്റ് എടുത്തു. കീഴ്ച്ചേരിക്കുന്നവഴി നേരെയുള്ളത്. അവിടെ ഒരുപാട് വീടുകള്‍ അതില്‍ ഉള്‍പ്പെടും. എഴുപത്തഞ്ചോളം വീടുകള്‍ വരും. തുരുത്തിയെന്ന സ്ഥലത്ത് കുറച്ചുവീടുകള്‍ വരുന്നുണ്ട്. അതല്ലാതെ അപ്പുറവുമിപ്പറവും വേറെ പ്രശ്നങ്ങളൊന്നുമില്ല. ചെറിയൊരു ഭാഗം കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടും. പക്ഷെ ആദ്യ അലൈന്‍മെന്റില്‍ വരുന്നത് പോലെ അത്ര നീളത്തില്‍ വരില്ല.

നിര്‍മ്മാണ ചെലവ് കുറക്കാനും, റോഡിനിരുവശവുമുള്ള കെട്ടിടങ്ങളും, കണ്ടല്‍ക്കാടുകളും സംരക്ഷിക്കാന്‍ കഴിയും എന്നത് തന്നെയാണ് മൂന്നാമത്തെ അലൈന്‍മെന്റ് വന്നാലുള്ള ഗുണം. തുരുത്തിയില്‍ മാത്രമല്ല അലൈന്‍മെന്റ് മാറ്റിയിട്ടുള്ളത്. മറ്റ് പലയിടങ്ങളിലും മാറ്റിയിട്ടുണ്ട്. നേരത്തെ പറഞ്ഞപോലെ പല പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രായോഗികത കണക്കിലെടുത്ത് ചെയ്യുന്നതാണ് അത്. അല്ലാതെ തുരുത്തിക്കാരോട് പ്രശ്നമുണ്ടായിട്ടല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍മ്മാണ ചെലവ് പരമാവധി ചുരുക്കുക എന്നതാണ്. തുരുത്തിയെകോളനിയെ സംബന്ധിച്ച് ‘ഹരിജനങ്ങള്‍’ (ഈ വാക്ക് നിയമപരമായി ഉപയോഗിക്കാനാവില്ലെന്ന് അഴിമുഖത്തിന് ധാരണയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥന്‍ കോളനി നിവാസികളെ വിശേഷിപ്പിച്ചത് ആ പേരിലായതിനാല്‍ മാറ്റമില്ലാതെ കൊടുക്കുന്നു) താമസിക്കുന്ന കുറച്ചുവീടുകള്‍, പത്തില്‍ ചോടെ വീടുകളേയുള്ളൂ, ഇതില്‍ പെടുന്നുണ്ട്. മറ്റെവിടെയും സ്ഥലമേറ്റെടുക്കുന്നതിന് പ്രശ്നങ്ങളില്ല. പാപ്പിനിശേരി എന്ന സ്ഥലത്ത് നാല് കിലോമീറ്ററോളം സ്ഥലം ഏറ്റെടുക്കുന്നുണ്ട്. അവിടെ 250 മീറ്ററിലുള്ള പ്രശ്നമേയുള്ളൂ.”

കുടില്‍കെട്ടി സമരം

തുരുത്തിയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ടു. സമരസമിതി അംഗമായ രാജീവന്‍ പറയുന്നു ‘ ഉത്തരമലബാറിലെ ചരിത്രം ഉറങ്ങുന്ന വളപട്ടണം പുഴയുടെ ആവാസവ്യവസ്ഥയുടേയും കണ്ടല്‍ ചെടികളുടേയും മേല്‍ കയറിയിറങ്ങുന്ന ബുള്‍ഡോസറായിരിക്കും ഈ ദേശീയപാതാ വികസന അലൈന്‍മെന്റ്. കൂട്ടത്തോടെ പുലയകുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. വേറെ പോവാന്‍ ഇടമില്ലാത്ത 30 കുടുംബങ്ങളാണ് രാപ്പകല്‍ സമരം ചെയ്യുന്നത്. ഈ പ്രദേശം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. അതിനാല്‍ ഒഴിവാക്കപ്പെടുമ്പോള്‍ കിട്ടുന്ന നഷ്ടപരിഹാരത്തിന്റെ കണക്ക് പോലും പറയേണ്ടതില്ല. ഇവിടെ നിന്ന് ഇറക്കിവിട്ടാല്‍ ഞങ്ങള്‍ എവിടെ പോവാനാണ്. അതിനാല്‍ സമര മാര്‍ഗമല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ജനാധിപത്യപരമായാണ് സമരം മുന്നോട്ട് കൊണ്ടുപോവുന്നത്.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍