Top

രാഹുല്‍ എഫക്ടോ? ന്യൂനപക്ഷ ഏകീകരണമോ? 1977 ആവര്‍ത്തിക്കുന്നതിന്റെ സൂചന നല്‍കി കേരളം

രാഹുല്‍ എഫക്ടോ? ന്യൂനപക്ഷ ഏകീകരണമോ? 1977 ആവര്‍ത്തിക്കുന്നതിന്റെ സൂചന നല്‍കി കേരളം
കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടാവുക എന്നാണ് സൂചന. എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം പിന്നിലാണ്. ഇപ്പോഴത്തെ ട്രെന്റ് നിലനില്‍ക്കുകയാണെങ്കില്‍ രണ്ട് സാധ്യതകളാണ് കേരളത്തില്‍ സംഭവിച്ചിരിക്കാന്‍ സാധ്യത. ഒന്ന് ന്യൂനപക്ഷത്തിന്റെ ശക്തമായ യുഡിഎഫ് അനുകൂല കേന്ദ്രീകരണം. ശബരിമല വിഷയത്തില്‍ എടുത്ത സമീപനത്തെ ഇടതുപക്ഷത്തെ പൊതുവില്‍ അനുകൂലിക്കുന്നവര്‍ പോലും അംഗീകരിച്ചില്ലെന്ന വസ്തുത. ഇതില്‍ ഏതാണ് വലിയ തിരിച്ചടിയ്ക്ക് കാരണമായതെന്നതാണ് സിപിഎം ഇനി അന്വേഷിക്കുക. ന്യൂനപക്ഷ കേന്ദ്രീകരണത്തിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഘടകമായി എന്ന് വേണം മനസ്സിലാക്കാന്‍. അഭിപ്രായ സര്‍വെകളെയും എക്‌സിറ്റ് പോളുകളെയും പോലും അപ്രസക്തമാക്കി കൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് മുന്നേറുന്നത്. ഇടതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയേല്‍ക്കുന്നുവെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ തിരിച്ചടിയാണ് സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുക. കാസര്‍കോട് ഒരു ഘട്ടത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. കോണ്‍ഗ്രസ് നേതാവ് ഐ രാമറായ് വിജയിച്ചതിന് ശേഷം ഇന്നേവരെ സിപിഎം അവിടെ തോറ്റിട്ടില്ല. അന്ന് ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുള്ള സഹതാപ തംരഗത്തെ ഉപയോഗപ്പെടുത്തിയാണ് രാമറെയ് അന്ന് വിജയിച്ചത്.

ഇത്തവണ ബിജെപി വോട്ടു മറിച്ചുവെന്ന ആരോപണത്തിന്റെ ബലത്തില്‍ സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കാരണം ഇതുവരെയുള്ള സുചനകള്‍ അനുസരിച്ച് ബിജെപിയുടെ വോട്ട് നിലനിര്‍ത്തുന്നുവെന്നാണ് സൂചന. കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍,ഉദുമ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ പക്കലാണ്. ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി ഉണ്ണിത്താന് ലഭിച്ചുവെന്നാണ് ഇതുവരെയാണ് സൂചനകള്‍. ഉണ്ണിത്താന്‍ വിജയിക്കുകയാണെങ്കില്‍ 1971 ല്‍ ഇ കെ നായനാരെ അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ അട്ടിമറിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഭവമായി മാറും.
.
പാലക്കാട് 1991ലാണ് അവസാനമായി കോണ്‍ഗ്രസ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് എം ബി രാജേഷ് വിജയിച്ചത്. പട്ടാമ്പി, മലമ്പുഴ, ഒറ്റപ്പാലം ഷോര്‍ണൂര്‍, കോങ്ങാട് എന്നി നിയമസഭ മണ്ഡലങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെതാണ്. പാലക്കാടും മണ്ണര്‍ക്കാടും മാത്രമാണ് യുഡിഎഫിന്റെ പക്കലുള്ളത്. പാലക്കാട് ജില്ലയിലെ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ വോട്ടിംങിനെ ബാധിച്ചുവോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വോട്ടിംങില്‍ പ്രതിഫലിച്ചുവോ എന്ന കാര്യവും ഇനി ചര്‍ച്ചയാവും. ആലത്തൂര്‍ മണ്ഡലം 2009 ല്‍ രൂപികരിക്കപ്പെട്ടതിന് ശേഷം എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചത്. നേരത്തെയുണ്ടായിരുന്ന ഒറ്റപ്പാലത്തിന്റെയും പാലക്കാടിന്റെയും ഭാഗങ്ങള്‍ ചേര്‍ത്താണ് ഈ മണ്ഡലം നിലവില്‍വന്നത്. ന്യൂനപക്ഷ കേന്ദ്രീകരണത്തോടൊപ്പം ശബരിമല വിഷയവും ഇവിടെ പ്രതിഫലിപ്പിച്ചിരിക്കാനാണ് സാധ്യത. ചിറ്റൂര്‍, കുന്ദംകുളം, നെന്മാറ, തരൂര്‍ എന്നി മണ്ഡലങ്ങളെ ഇപ്പോള്‍ ഇടതുപക്ഷമാണ് നിയമസഭയില്‍ പ്രതിനിധികരിക്കുന്നത്. രമ്യാ ഹരിദാസ് എന്ന സ്ഥാനാര്‍ത്ഥി തുടക്കം മുതല്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അത് വോട്ടിംങിലും പ്രതിഫലിച്ചുവെന്ന് കരുതാന്‍

ആറ്റിങ്ങല്‍ മണ്ഡലം നിലവില്‍വന്നതിന് ശേഷം എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചത്. ഇവിടെയും വലിയ തിരിച്ചടിയ ഇടതുപക്ഷത്തിന് ഉണ്ടാകുമെന്നാണ് വോട്ടെണ്ണല്‍ നല്‍കുന്ന സൂചന. ചിറയില്‍കീഴ് മണ്ഡലമാണ് ആറ്റിങ്ങലായി മാറിയത്. ഇവിടെ 1989 ല്‍ തലേക്കുന്നില്‍ ബഷീര്‍ അവസാനമായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇങ്ങനെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇടതുപക്ഷത്തിന് തിരിച്ചടിയേല്‍ക്കുന്ന തരത്തിലുള്ള തരംഗത്തിന് പിന്നില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസാണ് ബിജെപിയ്ക്ക് ബദലാവുകയെന്ന വിലയിരുത്തല്‍ ന്യുനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായി എന്നതാവും ഒരു പ്രധാന കാരണമെന്ന് വേണം കണകാക്കാന്‍.

ഇതോടൊപ്പം ശബരിമല വിഷയത്തില്‍ സിപിഎം എടുത്ത നിലപാട് ഇടതു അനുകൂലികളെ പോലും അവരില്‍നിന്ന് അകറ്റി എന്ന് വേണം കരുതാന്‍. വനിതാമതിലുയര്‍ത്തിയും നവോത്ഥാന പ്രസംഗങ്ങള്‍ നടത്തിയും ശബരിമല നിലപാടിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കുന്ന ഘട്ടങ്ങളില്‍ ആ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന രാഷ്ട്രീയ നിലപാട് കേരളം തുടരുന്നുവെന്ന് വേണം കണക്കാക്കാന്‍. 1977 ല്‍ അടിയന്തരവാസ്ഥയ്ക്ക് ശേഷം രാജ്യം കോണ്‍ഗ്രസിനെ തള്ളിയപ്പോള്‍ അന്ന് 20 സീറ്റാണ് കേരളം കോണ്‍ഗ്രസിന് നല്‍കിയത്. അന്ന് പക്ഷെ മറ്റ് തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തോടൊപ്പം തമിഴ്‌നാട് മാത്രമാണ് ദേശീയ ട്രെന്റിനെ പ്രതിരോധിച്ചത്.

Next Story

Related Stories