TopTop
Begin typing your search above and press return to search.

ഇനിയില്ല വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങള്‍

ഇനിയില്ല വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങള്‍

അന്തകവിത്ത് നാടിനെ വിഴുങ്ങുന്ന കഥകളെല്ലാം അങ്ങ് മഹാരാഷ്ട്രയിലെ പരുത്തിപ്പാടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. പതിയെ പതിയെ വയനാടന്‍ വയലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. വയനാട്ടിലെ നെല്‍വയലുകളില്‍ നിന്നും ഇങ്ങനെ നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ അപ്രത്യക്ഷമായത് 130-ല്‍പ്പരം പരമ്പരാഗത നെല്ലിനങ്ങളാണ്. പത്തോളം നെല്ലിനങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലും കര്‍ഷര്‍ക്ക് കൈമോശമായി.

പരമ്പരാഗത നെല്ലിനത്തില്‍പ്പെട്ട ഗന്ധകശാല, വയനാടന്‍ തൊണ്ടി, ചോമാല തുടങ്ങിയ അഞ്ചില്‍ത്താഴെ വരുന്ന വിത്തിനങ്ങള്‍ മാത്രമാണ് ഇന്ന് പേരിനെങ്കിലും നാമമാത്ര കര്‍ഷകരില്‍ ശേഷിക്കുന്നത്. ഗോത്രകര്‍ഷകരാണ് ഈ പാരമ്പര്യത്തെ ഇന്നും പേരിനെങ്കിലും മുറുകെ പിടിക്കുന്നത്. ബാക്കിയുള്ളവരെല്ലാം കൃഷി ഭവനില്‍ ഓരോ വര്‍ഷവും അതത് വര്‍ഷത്തെ വിളവിറക്കിലിനായുള്ള നെല്‍വിത്തുകള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു വര്‍ഷം മാത്രം വിളവ് തരുന്ന ഈ അന്തകവിത്തുകളില്‍ എത്രപെട്ടന്നാണ് ഒരു ജനതയും വഴിപ്പെട്ടതെന്നറിയാന്‍ ഇനി വയനാട്ടിലേക്ക് വന്നാല്‍ മതി. വാഴപ്പഴം, കാബേജ്, ആവണക്ക്, സവാള, പപ്പായ, ഗോതമ്പ്, തക്കാളി എന്നിവയ്ക്ക് ശേഷം ജനിതകമാറ്റം നെല്ലിലെത്തി നില്‍ക്കുമ്പോള്‍ ഈ പാടശേഖരങ്ങളില്‍ അശാന്തി പടരാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

വിത്ത് ഗുണം പത്ത് ഗുണം

നൂറ്റാണ്ടുകളുടെ പെരുമയും രുചിയുമുള്ള വയനാടിന്റെ തനതു നെല്‍വിത്തുകള്‍ നാടുനീങ്ങുകയാണ്. പകരം അത്യുത്പാദനത്തിന്റെ പുതിയ വാഗ്ദാനങ്ങളുമായി കര്‍ഷകരെ ലക്ഷ്യമിട്ട് അന്തക നെല്‍വിത്തുകള്‍ ഒരോ വര്‍ഷവും വയനാടിന്റെ ചുരം കയറിവരുന്നു. ഒരു പ്രാവശ്യം മാത്രം വിളവിറക്കാന്‍ കഴിയുന്ന പ്രത്യുത്പാദനക്ഷമതയില്ലാത്ത ഈ നെല്‍വിത്തുകള്‍ കൃഷിഭവന്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. മുപ്പത് കിലോ അടങ്ങിയ ഒരു ചാക്ക് വിത്തിന് 300 രൂപയാണ് കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി കൃഷിവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന ഇത്തരം വിത്തുകളുടെ വിതരണം തനതുവിത്തിനങ്ങളുടെ നാശത്തിനും കാരണമായി. കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് കര്‍ഷകര്‍ ഒന്നടങ്കം പുതിയ വിത്തിനങ്ങളിലേക്ക് തിരിഞ്ഞതോടെ വര്‍ഷം തോറും വിപണിയില്‍ വരുന്ന ഈ വിത്ത് തന്നെയായി കര്‍ഷര്‍ക്കും ആശ്രയം. പത്തായത്തില്‍ വര്‍ഷങ്ങളോളം സൂക്ഷിച്ച് വെച്ച് പുന:കൃഷിക്കെല്ലാം പര്യാപ്തമായിരുന്ന പരമ്പരാഗത വിത്തിനങ്ങളാകട്ടെ ശേഷിക്കുന്നത് വളരെക്കുറച്ച് കര്‍ഷകരില്‍ മാത്രമാണ്.

വയനാടിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഈ വിത്തിനങ്ങളില്‍ നിന്നും സങ്കരയിനങ്ങള്‍ വേര്‍തിരിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല എന്നതും തിരിച്ചടിയായി. പകരം തവന്നൂരിലും മറ്റും എത്തുന്ന വിത്തുകളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. രോഗ പ്രതിരോധ ശേഷിയും വിളവ് കൂടുതലും ഇവയില്‍ നിന്നും ഉണ്ടാകും എന്നതാണ് പ്രചാരണം. ചെറിയ കാലാവസ്ഥാ മാറ്റത്തെപ്പോലും അതിജീവിക്കാനുള്ള കരുത്ത് ഇവക്കില്ല എന്നതാണ് കര്‍ഷകരുടെ അനുഭവപാഠം. നെല്ലാകട്ടെ പത്തായത്തിലും മറ്റും അധികകാലം സൂക്ഷിച്ചുവെക്കാനും കഴിയില്ല.

നൂറിലധികം ഇനം തനത് നെല്‍വിത്തുകളാണ് വയനാട്ടില്‍ ഒരുകാലത്തുണ്ടായിരുന്നത്. പതിയെ കാലക്രമേണ ഇതില്‍ തൊണ്ണൂറുശതമാനവും നാടിന് അന്യമായി. പുതിയ വിത്തുകളിലേക്കുള്ള കര്‍ഷകരുടെ മാറ്റം വെളിയന്‍ ചോമാല, ചേറ്റുവെളിയന്‍, തൊണ്ടി, പാല്‍ത്തൊണ്ടി, ഉരുണിക്കയമ, ജീരകശാല, കല്ലടിയാരന്‍ എന്നിങ്ങനെയുള്ള വയനാടിന്റെ സ്വന്തം വിത്തിനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ ചുരുക്കം കര്‍ഷകരില്‍ വെളിയന്‍, ചോമാല, ഗന്ധകശാല എന്നിവ മാത്രമാണ് ശേഷിക്കുന്നത്.

പഴമയുടെ പെരുമകള്‍

എത്രത്തോളം വിളവു തരുന്നവ എത്തിയാലും വെളിയന്‍ നെല്ലിന്റെ സ്വാദിനോട് കിടപിടിക്കാന്‍ പുതിയ വിത്തിനങ്ങള്‍ക്ക് കഴിയില്ലെന്നതാണ് വയനാട്ടുകാര്‍ പറയുക. നാട്ടിപ്പണിയും ഞാറുമൊന്നും വെക്കാതെ പൊടിമണ്ണിലേക്ക് വിത്ത് വിതറിയാല്‍ പോലും മതി. കട്ടിയുള്ള നെല്ലോലകളുമായി നെല്ല് തഴച്ച് വളര്‍ന്നോളും. ആറുമാസക്കാലയളവ് പൂര്‍ണ്ണമായും വേണം കൊയ്ത്തിന് പാകമാകാന്‍. നീളം കൂടിയ നെല്ലിനമായതിനാല്‍ വൈക്കോലിനും ക്ഷാമമില്ല. ഞാറ് വെക്കുകയാണെങ്കില്‍ നാല്‍പ്പത് ദിവസം മൂപ്പെത്തിയതിനുശേഷമാണ് പറിച്ചു നടുക. ചേറ്റുവെളിയന്‍ എന്ന വിത്തും വയനാടിന്റെ തനതിനമാണ്. വെളിയന്‍ വിത്തിനവുമായി നേരിയ സാദൃശ്യമുള്ളതാണ് ഈയിനവും. നല്ല മഴ ലഭിക്കുന്ന വേളയില്‍ കുടക് വെളിയന്‍ എന്ന വിത്തിനവും വയനാട്ടിലെ കര്‍ഷകര്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ചുവന്ന അരിയാണ് ഈ വിത്തിന്റെ മറ്റൊരു പ്രത്യേകത. ഭൂതക്കാളി വിത്ത് കരയിലും പാടത്തും ഒരു പോലെ കൃഷി ചെയ്യാന്‍ പറ്റിയ ഇനമായിരുന്നു. പതിവില്ലാതെ വരള്‍ച്ച നേരിടുന്ന സീസണില്‍ ഭൂതക്കാളി നെല്‍കൃഷി കൊണ്ടാണ് മുന്‍തലമുറകള്‍ പിടിച്ചുനിന്നത്.

വലിയ അരിമണികളുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിത്താണ് മണ്ണുവെളിയന്‍. ഞാറ് പാകമാകണമെങ്കില്‍ തന്നെ 50 മുതല്‍ 70 ദിവസത്തോളം വേണ്ടിവരും. ജൂലൈ മുതല്‍ ഡിസംബര്‍ ജനുവരി മാസംവരെയും കാത്തിരിക്കേണ്ടി വരും വിളവെടുപ്പിനും. ഇക്കാരണങ്ങള്‍ കൊണ്ട് കര്‍ഷകര്‍ ഈ വിത്തിനത്തെ കൃഷിയിറക്കുന്നതിന് താല്‍പ്പര്യപ്പെട്ടിരുന്നില്ല. കഞ്ഞി വെച്ചുകുടിക്കാന്‍ ഉത്തമമാണ് മരത്തൊണ്ടി. നീണ്ടതും സ്വാദുള്ളതുമായ ഈ വിത്തിനം ധാരാളമായി കര്‍ഷകര്‍ കൃഷിചെയ്തിരുന്നു. വേനല്‍ക്കാലത്തെ പുഞ്ചകൃഷിയിലാണ് ഈ വിത്തിനത്തിന് വിളവ് കൂടുതല്‍ ലഭിച്ചിരുന്നത്. കഞ്ഞിവെള്ളത്തിനുപോലും സ്വാദുള്ള മരത്തൊണ്ടി ഒരു കാലത്ത് കര്‍ഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ശേഷിക്കുന്ന പാടത്ത് ആ ശേഷിപ്പുകള്‍ ഒന്നുമില്ലാതെയാണ് ഇത്തവണ ഒരിക്കല്‍കൂടി നെല്‍കൃഷിക്കാലം വന്നണയുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories