TopTop
Begin typing your search above and press return to search.

കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

കടലില്‍ പോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കടലിന്റെ മക്കള്‍ തന്നെ കടലിലേക്കിറങ്ങിയ കാഴ്ചയാണ് കഴിഞ്ഞദിവസം നമ്മള്‍ കണ്ടത്. അപകടം നടന്ന ദിവസം തൊട്ട് തന്നെ ഇവര്‍ പറഞ്ഞു തുടങ്ങിയതാണ് 52 കിലോമീറ്റര്‍ ദൂരെയാണ് ആളുകളെ കാണാതായതെന്ന്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ നടത്തിയത് 12 കിലോമീറ്റര്‍ ദൂരത്ത് മാത്രമാണെന്നും അപകട തീവ്രത വര്‍ദ്ധിക്കാന്‍ കാരണം ഇതാണെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് പ്രധാനമായും അപകടത്തില്‍പ്പെട്ടത്. ദുരന്തനിവാരണ സേന കൃത്യസമയത്ത് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ പോയി ഇവരെ കൊണ്ടുവരുമായിരുന്നുവെന്ന് പറയുന്നത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. 85 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരികെ വരാനുണ്ട്. ശക്തമായ കാറ്റില്‍പ്പെട്ട് മറ്റേതെങ്കിലും തീരത്ത് സുരക്ഷിതയായി ഇവര്‍ എത്തിയോ അതോ വള്ളം മറിഞ്ഞ് മരണമടഞ്ഞോ, ഒന്നുമറിയില്ല. സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി രക്ഷാ പ്രവര്‍ത്തനത്തിന് മുമ്പിലുണ്ട്. എന്നാല്‍ വൈകി തുടങ്ങിയ രക്ഷാ പ്രവര്‍ത്തന ശ്രമങ്ങള്‍ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം.

തീരത്തെ ജനങ്ങളുടെ വേദന അവരുടെ വാക്കുകളില്‍ തന്നെയുണ്ട്; 'വോട്ടെത്തുമ്പോള്‍ ഞങ്ങളെ വേണം എന്നാല്‍ ഇത്തരമൊരപകടത്തില്‍ കൂടെ നില്‍ക്കാത്ത ഭരണം തങ്ങള്‍ക്കെന്തിനാണ്'; ഇവരീ വാക്കുകള്‍ ചോദിക്കുന്നത് ഉള്ളില്‍ത്തട്ടിയാണ്. തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ട വേദന ഇവരോരോരുത്തരുടെയും വാക്കുകളിലുണ്ട്. ഈ വാക്കുകള്‍ക്ക് ഉത്തരം പറയേണ്ടത് ഭരണകൂടമാണ്. നമ്മുടെ വ്യവസ്ഥകളാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ സ്പൗട്ട് എന്ന പ്രതിഭാസമുണ്ടായപ്പോള്‍ തന്നെ അത് അപകടകരമായ പ്രതിഭാസമല്ലെന്ന് വിശദീകരിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, എന്നാല്‍ ബുധനാഴ്ചയുണ്ടായ ഓഖി ചുഴലിറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടു. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സ്ഥിരമായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പാണ് ബുധനാഴ്ച ഇവര്‍ കടലിലേക്ക് പുറപ്പെട്ടത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്, വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും. ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വമുള്ളത് ഇവര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന് ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് എത്രമണിക്ക് ലഭിച്ചുവെന്നതാണ് തീരദേശവാസികള്‍ക്ക് മുഖ്യമായും അറിയേണ്ടത്.

http://www.azhimukham.com/keralam-ockhi-protest-against-cm-at-vizhinjam/

ഒരു നാല് മണിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ പോലും കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളെ ഈ വിവരം അറിയിച്ചിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ റെസ്‌ക്യൂ സര്‍വീസിന്റെയും സഹായത്തോടെ ഇവിടെ എന്ത് രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് തീരദേശ വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപിക സിനി ചോദിക്കുന്നു. "കോസ്റ്റ്ഗാര്‍ഡിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ അവര്‍ എത്രതവണ കടലിലേക്ക് പോയെന്ന് വ്യക്തമാകും. അവസാനം ഞങ്ങളുടെ ആളുകള്‍ തന്നെ കടലില്‍ ഇറങ്ങിയാണ് രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ ആളുകളെ തിരികെയെത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദികള്‍ ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള പിടിപ്പുകേടാണ്. അതിന് അവര്‍ മറുപടി പറയുക തന്നെ വേണം"; ഉദ്യോഗസ്ഥതലത്തിലെ കെടുകാര്യസ്ഥത മൂലമാണ് ഈ ദുരന്തം സംഭവിച്ചതെന്നും സിനി ചൂണ്ടിക്കാട്ടുന്നു.

മെഡിക്കല്‍ കോളേജിലും തങ്ങള്‍ അവഗണനയാണ് നേരിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ ഒരു മൃതദേഹം വാഹനത്തില്‍ നിന്നും പുറത്തിറക്കാതിരിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ മൃതദേഹം ഇറക്കാന്‍ ആളില്ലെന്നായിരുന്നു മറുപടി. കോസ്റ്റ്ഗാര്‍ഡുമാര്‍ക്ക് ഉള്‍ക്കടലില്‍ പോയി തിരച്ചില്‍ നടത്താന്‍ പേടിയാണെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം തന്നെ തിരച്ചിലിനായി തങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ പേരെ രക്ഷിച്ചുകൊണ്ട് വരാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നു.

ക്രിസ്റ്റി

കടലില്‍ കാണാതായി മരിച്ച ക്രിസ്റ്റിയുടെ മകളും സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കില്‍ തന്റെ അപ്പയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് ഈ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. "ഞങ്ങളുടെ നഷ്ടം ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. ആരുടെയും ആശ്വാസവാക്കുകളും ഞങ്ങളുടെ നഷ്ടത്തിന് പകരമാകില്ല".

അതേസമയം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെറിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും 400ലേറെ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചത് സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ തെളിവാണെന്ന് മേയര്‍ വികെ പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട കാമ്പുകളില്‍ മെഡിക്കല്‍ സംവിധാനങ്ങളെല്ലാം ക്രമീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ പലതീരങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങളും തങ്ങള്‍ ശേഖരിച്ചുവരികയാണ്. ഈ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ തീരത്ത് നിലനില്‍ക്കുന്ന സംഭ്രാന്തിയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

http://www.azhimukham.com/kerala-fishermen-missing-in-poonthura/

ഓഖി എന്നാല്‍ കണ്ണ് എന്നാണ് അര്‍ത്ഥം. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് തുറന്നിരിക്കുകയല്ലെന്ന് തെളിയിക്കുന്നതായിരുന്നു പൂന്തുറ തീരത്തെ കണ്ണീരിലാക്കിയ ഈ ദുരന്തം. സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ഈ ദുരന്തമെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

http://www.azhimukham.com/kerala-okhi-tragedy-id-the-result-of-state-negligence-kr-dhanya-reporting/


Next Story

Related Stories