Top

പോലീസ് അതിക്രമത്തിനു പിന്നില്‍ ട്രാന്‍സ്ജെന്‍ഡറുകളെ കേരളത്തില്‍ നിന്ന് ഓടിക്കാനുള്ള ശ്രമമെന്ന് ആരോപണം

പോലീസ് അതിക്രമത്തിനു പിന്നില്‍ ട്രാന്‍സ്ജെന്‍ഡറുകളെ കേരളത്തില്‍ നിന്ന് ഓടിക്കാനുള്ള ശ്രമമെന്ന് ആരോപണം
"കേരളത്തില്‍ നിന്ന് ഞങ്ങളെ ഓടിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഞങ്ങളെ അംഗീകരിക്കാത്ത സമൂഹമായിരുന്നു മുമ്പ് കേരളം. അതുകൊണ്ട് ഞങ്ങളില്‍ പലരും മറ്റ് സംസ്ഥാനങ്ങളില്‍ പോയി ജീവിച്ചവരാണ്. ഇപ്പോള്‍ സര്‍ക്കാരും സമൂഹവും ഭിന്നലിംഗക്കാരെ അംഗീകരിക്കുകയും അവസരങ്ങള്‍ തരികയും ചെയ്തതോടെയാണ് കൊച്ചിയിലും മറ്റുമായി ഞങ്ങള്‍ താമസം തുടങ്ങിയത്. പക്ഷെ സ്വതന്ത്രജീവിതം നിഷേധിക്കുന്ന പ്രവൃത്തികളാണ് ഇപ്പോഴുമുണ്ടാവുന്നത്. പൊലീസ് ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറുന്നത്"
- ട്രാന്‍സ്ജെന്‍ഡറായ സായ പറയുന്നു. സായയെ ഉള്‍പ്പെടെ 15പേരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സായ അടക്കം ഒമ്പത് പേരെ പിന്നീട് പൊലീസ് വെറുതെ വിടുകയും ആറ് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

"വാദിയെ പ്രതിയാക്കുന്ന നടപടിയാണ് പൊലീസിന്റേത്. അഞ്ച് ബൈക്കുകളിലായെത്തിയവര്‍ റോഡിലൂടെ നടന്നിരുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. ഇതില്‍ ഒരാളെ മാത്രമേ പിടികൂടാനായുള്ളൂ. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം വച്ച് ഇയാളെ പിടികൂടുമ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരും അവിടെ കൂടി നിന്നവരുമടക്കം ട്രാന്‍സ്ജന്‍ഡേഴ്‌സിന് ഒപ്പമുണ്ടായിരുന്നു. പിന്നീട് പൊലീസിനെ ഞങ്ങള്‍ തന്നെയാണ് വിളിച്ചുവരുത്തിയത്. പൊലീസ് വരുന്നതിന് മുമ്പ് മോഷ്ടാവ് കുറ്റം സമ്മതിക്കുകയും ചെയ്തതാണ്. അയാള്‍ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ഞങ്ങള്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ വീഡിയോ ഫോണില്‍ പകര്‍ത്തിയയാള്‍ ഇപ്പോള്‍ പൊലീസ് സ്‌റ്റേഷനിലാണ്. പൊലീസ് വന്നപ്പോഴേക്കും മോഷ്ടാവ് ഞങ്ങളാണ് കുറ്റക്കാര്‍ എന്ന രീതിയില്‍ സംസാരിക്കുകയും ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക കൂടി ചെയ്യാതെ അയാളെ വിശ്വസിക്കുകയുമായിരുന്നു".


"നിന്നെയൊന്നും നാളെ മുതല്‍ ഇവിടെ നടത്തിക്കില്ലെടീ എന്ന് പറഞ്ഞുകൊണ്ടാണ് സംഭവമറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിനെയടക്കം പൊലീസ് പിടിച്ചുകൊണ്ട് പോയത്. പൊലീസ് വന്നയുടനെ ഒരുകാരണവുമില്ലാതെ ഭിന്നലിംഗക്കാരായ പൂജയേയും ആന്‍ഡ്രിയേയും കയ്യേറ്റം ചെയ്യുകയായിരുന്നു. പൂജയെ ആദ്യം തള്ളിയിട്ടു. അവര്‍ ആ നടപടിയെ അപ്പോള്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷെ അത് മുഴുവന്‍ പൊലീസുകാരുടെ ആസൂത്രിതമായ നീക്കമായിരുന്നു എന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. ഞങ്ങള്‍ വയലന്‍സ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അത് എന്നാണ് മനസ്സിലാക്കുന്നത്.
കൂടെയുള്ള പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആഘോഷത്തിന് എല്ലാവരേയും ക്ഷണിക്കാനാണ് ആന്‍ഡ്രിയ അവിടെയെത്തിയിരുന്നത്. പൊലീസ് സ്‌റ്റേഷനിലെത്തിയ ശേഷം അന്യായമായ അറസ്റ്റിനെ ചോദ്യം ചെയ്യുകയും, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവ് ഇടുകയും ചെയ്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ മോഷണക്കുറ്റം ചുമത്തിയിരിക്കുന്നത്. മോഷണശ്രമം നടത്തിയയാളെ ഞങ്ങള്‍ പിടിച്ചുവച്ച് പൊലീസിലേല്‍പ്പിച്ചപ്പോള്‍, ഞങ്ങള്‍ പതിനഞ്ച് പേരും ചേര്‍ന്ന് അയാളെ പിടിച്ചുപറിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഈ കേസുമായി ഒരു ബന്ധവുമില്ലാത്തവരെയടക്കം പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു".


സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായ ട്രാന്‍സ് യുവതി അമൃത പറയുന്നതിങ്ങനെ: "ഇന്നലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. പാറു എന്ന കുട്ടിയുടെ ബാഗാണ് ബൈക്കിലെത്തിയവര്‍ ആദ്യം തട്ടിപ്പറിച്ചത്. ആ സമയം കെഎംആര്‍സിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നവരും സംഭവമറിഞ്ഞ് അവിടെയെത്തി. കെഎംആര്‍സിയില്‍ ജോലി ചെയ്യുന്ന രഞ്ജുവും, വൈക്കത്ത് പത്മയും കോവൈ സരളയും ചേര്‍ന്ന് പിടിച്ചുപറിക്കാരുടെ പുറകെ പോയി അതില്‍ ഒരാളെ പിടികൂടി. പിടികൂടിയപ്പോള്‍ ഈ തെറ്റുകളെല്ലാം അയാള്‍ സമ്മതിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ഓട്ടോഡ്രൈവര്‍ വന്ന് 'ഇത് ഈ ഓട്ടോസ്റ്റാന്‍ഡിലെ ചെറുക്കനാണ്. അവനെ വെറുതെ വിടണം. വിട്ടില്ലെങ്കില്‍ നാളെ മുതല്‍ ഒരു ഡാഷ് മക്കളും ഇവിടെ നില്‍ക്കില്ല. എല്ലാത്തിന്റേം കാല് വെട്ടിക്കളയും' എന്ന് പറഞ്ഞു. പക്ഷെ ഞങ്ങള്‍ അത് അംഗീകരിച്ചില്ല. അപ്പോഴേക്കും പൊലീസിനെ ഞങ്ങള്‍ വിളിച്ചിരുന്നു. പൊലീസ് വന്നപ്പോള്‍ മോഷ്ടാവ് നേരെ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. പുരുഷ പൊലീസുകാര്‍ ചേന്ന് പലരേയും അടിയ്ക്കുകയും തള്ളിയിടുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോ
ലീസുകാര്‍ക്ക് ഭിന്നലിംഗക്കാരെ കാണുമ്പോള്‍ അറപ്പുള്ള പോലെയാണ്. കെ.എം.ആര്‍.സി.യില്‍ ജോലി ചെയ്യുന്ന രഞ്ജുവിനെ അടക്കമാണ് ഇപ്പോള്‍ അവര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാറു, സഞ്ജു, രഞ്ജു, കോവൈ സരള, അതിഥി, വൈക്കത്ത് പത്മ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്". ബൈക്ക് യാത്രക്കാരനായ യുവാവില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ അനന്ത്‌ ലാല്‍ പറയുന്നത്.

Next Story

Related Stories