Top

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം
ഒരു വാടക വീട് പോലും കിട്ടാതെ ലോഡ്ജ് മുറികളില്‍ താമസിച്ചിരുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ഓണ്‍ലൈന്‍ പെണ്‍വാണിഭം ആരോപിച്ച് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ച് മണിക്കുമിടയില്‍. നാല് ട്രാന്‍സ്ജന്‍ഡേഴ്‌സുള്‍പ്പെടെ 16പേരെ എറണാകുളം പുല്ലേപ്പടി ഐശ്വര്യ ലോഡ്ജില്‍ നിന്ന് സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലോഡ്ജ് ഉടമയേയും കൂട്ടത്തില്‍ അറസ്റ്റ് ചെയ്തു. അതേ ആള്‍ നടത്തിയിരുന്ന എറണാകുളം സൗത്തില്‍ സ്ഥിതി ചെയ്യുന്ന ഐശ്വര്യ ലോഡ്ജില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സ് ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തെക്കുറിച്ചും അവരെ റെയ്ഡ് ചെയ്ത് വേട്ടയാടി പിടിച്ച പോലീസ് വീരഗാഥകളുമടങ്ങിയ ഒരു പത്രക്കുറിപ്പ് പോലീസിന്റെ വകയായി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള ചാര്‍ജുകളും പോലീസ് എഴുതി തയ്യാറാക്കി. ആയുധം കൈവശംവക്കല്‍, ഐടി ആക്ട്, പ്രകൃതിവിരുദ്ധ ലൈംഗികത, ലൈംഗിക തൊഴില്‍ എന്നിവയ്ക്ക് കസ്റ്റഡിയിലെടുത്ത 16 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുക്കുന്ന നടപടികളെല്ലാം പൂര്‍ത്തിയായിട്ടും, ശനിയാഴ്ച രാവിലെ തന്നെ കോടതിയില്‍ ഹാജരാക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ കഴിയുന്നത് വരെ പോലീസ് അതിനായി കാത്തിരുന്നു. ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. ഒമ്പത് മണിയോടെ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചു. എന്നാല്‍ ആയുധ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതിനാല്‍ ട്രാന്‍ജന്‍ഡേഴ്‌സിനും ജാമ്യം നിഷേധിച്ചു. പോലീസ് അറസ്റ്റ് ചെയ്ത 16 പേരേയും ഒരു ദിവസത്തെ റിമാന്‍ഡില്‍ വിട്ടു. വിവാദമായ കേസ് ആയതിനാല്‍, മുതിര്‍ന്ന അഭിഭാഷകന്‍ കേസ് കേള്‍ക്കണമെന്നും തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നും നിര്‍ദ്ദേശിച്ച് കോടതി പിരിഞ്ഞു. ലോഡ്ജ് ഉടമയുടെ മറ്റൊരു ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത തോക്കിന് തങ്ങള്‍ എങ്ങനെ ഉത്തരവാദികളാവും എന്ന ട്രാന്‍ജന്‍ഡേഴ്‌സിന്റെ ചോദ്യം പോലീസ് പരിഗണിച്ചതേയില്ല. ആയുധം കൈവശം വെക്കല്‍ കുറ്റത്തിന് ട്രാന്‍സ്ജന്‍ഡേഴ്‌സ് ഉത്തരവാദികളല്ലാത്തതിനാല്‍ അവരില്‍ ആ കേസ് ചാര്‍ജ് ചെയ്യില്ല എന്ന വിശ്വാസമായിരുന്നു ട്രാന്‍സിന്റെ അഭിഭാഷക സന്ധ്യ രാജുവിനും മറ്റ് ട്രാന്‍സ്ജന്‍ഡേഴ്‌സിനുമുണ്ടായിരുന്നത്. എന്നാല്‍ 16 പേര്‍ക്കുമെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ട്രാന്‍സിന് ലഭിച്ചേക്കാമായിരുന്ന നീതിയും നിഷേധിച്ചു. രണ്ട് ദിവസമായി കൊച്ചിയില്‍ നടന്ന ഈ സംഭവങ്ങള്‍ തന്നെയാണ് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജീവിതാവസ്ഥ തുറന്നുകാട്ടുന്നതിന് ഏറ്റവും നല്ല ഉദാഹരണം.

'നിങ്ങളെ തല്ലിക്കൊല്ലണോ വെടിവച്ചുകൊല്ലണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒന്നുകില്‍ തമ്മിലടിച്ച് ചാവുന്ന രീതിയില്‍ ഞങ്ങള്‍ നിങ്ങളെയാക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകാര്‍ നിങ്ങളാരെയെങ്കിലും കൊല്ലും. അതോടെ കൊച്ചിയിലുള്ള എല്ലാ ട്രാന്‍സ്ജന്‍ഡേഴ്‌സിനേയും ഞങ്ങള്‍ തുടച്ചുനീക്കും' എന്ന് പോലീസുകാര്‍. 'എന്റെ തൊപ്പി തെറിച്ചാലും വേണ്ടീല്ല. ഈ നഗരത്തിലെ വൃത്തികേട് ഞാന്‍ അവസാനിപ്പിക്കും' എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യാഗസ്ഥന്‍.
'വേഗം പെട്ടീംപാണ്ടവുമെടുത്ത് ഇറങ്ങിക്കോണം'
എന്ന് അവസാന മുന്നറിയിപ്പ് നല്‍കുന്ന ലോഡ്ജ് ഉടമകള്‍. തങ്ങളെ 'പെണ്‍വാണിഭക്കാരും ലൈംഗിക തൊഴിലാളികളും' മാത്രമായിക്കാണുന്ന മുഖ്യധാരാ മാധ്യമങ്ങള്‍. വിവേചനങ്ങള്‍ക്കും നിരന്തര അതിക്രമങ്ങള്‍ക്കുമിരയായിട്ടും സുരക്ഷിതത്വം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍. ട്രാന്‍സ് 'സൗഹൃദ' കേരളത്തിലെ, അരക്ഷിതത്വത്തില്‍ നിന്ന് അരക്ഷിതത്വത്തിലേക്ക് പിന്തള്ളപ്പെടുന്ന ട്രാന്‍സ്ജന്‍ഡറുകളുടെ അവസ്ഥയാണിത്. കൊട്ടിഘോഷിക്കാന്‍ കേരളത്തിന് ഒരു ട്രാന്‍സ്ജന്‍ഡര്‍ പോളിസിയുണ്ട്. ട്രാന്‍സ് പോളിസികള്‍ നടപ്പാക്കുമെന്ന് തുടരെതുടരെ പ്രഖ്യാപനങ്ങളും വരാറുണ്ട്. ട്രാന്‍സുകളോട് വിവേചനമരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പറയാറുമുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പാവുന്നില്ല എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളും അടുത്തിടെ കോഴിക്കോട് ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് നേരെയുണ്ടായ പോലീസ് ആക്രമണവും തെളിയിക്കുന്നത്.

http://www.azhimukham.com/kerala-police-atrocities-against-transgenders-in-kochi-again/

വാടകയ്ക്ക് താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് പോലീസ് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ റെയ്ഡ് ചെയ്ത് പിടിച്ചതോടെ മറ്റ് ലോഡ്ജുകളില്‍ താമസിക്കുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെയും നിലനില്‍പ്പ് ഭീഷണിയിലായിരിക്കുന്നു. പല ലോഡ്ജ് ഉടമകളും എത്രയും വേഗം ഒഴിയണമെന്ന നിര്‍ദ്ദേശം നല്‍കിയതായാണ് ട്രാന്‍സ് കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നത്. എത്ര പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്താല്‍ പോലും വാടക വീടുകള്‍ ലഭിക്കാത്തതിനാല്‍ പലരും ലോഡ്ജ് മുറികളെയാണ് ആശ്രയിക്കുന്നത്. ഒരു ദിവസം 400ഉും 500ഉും 700ഉും രൂപ നല്‍കിയാണ് ഈ ലോഡ്ജുകളില്‍ തന്നെ ഇവര്‍ക്ക് ഇടം ലഭിക്കുന്നത്. എന്നാല്‍ അതും ഒഴിയണമെന്ന് പറഞ്ഞാല്‍ എങ്ങോട്ട് പോവുമെന്നറിയാതെ ആശങ്കയിലാണ് കൊച്ചിയിലെ ട്രാന്‍സ്ജന്‍ഡേഴ്‌സ്. ട്രാന്‍സ്ജന്‍ഡര്‍ അനന്യ പറയുന്നു; '
ഞാന്‍ ലോഡ്ജിലല്ല താമസിക്കുന്നത്. സ്‌കൈലൈന്റെ ഫ്ലാറ്റിലാണ്. ഇത്രയും കാലം വാടകക്കാര്യം അന്വേഷിക്കാന്‍ മാത്രം വിളിച്ചിരുന്ന ഫ്ലാറ്റ് ഉടമ ഇന്ന് എന്നെ വിളിച്ചിരിക്കുന്നു. 'എന്തൊക്കെയോ കേള്‍ക്കുന്നുണ്ടല്ലോ, എന്താ സംഭവിച്ചത്' എന്ന് തുടങ്ങി നേരിട്ടല്ലെങ്കിലും എനിക്കുള്ള മുന്നറിയിപ്പും അദ്ദേഹത്തിന്റെ സംസാരത്തിലുണ്ടായിരുന്നു. മുമ്പ് കൊടുക്കാന്‍ തയ്യാറായിരുന്നവര്‍ പോലും ഇനി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് സ്ഥലം നല്‍കാനിടയില്ല.'


http://www.azhimukham.com/kerala-transgender-suicide-attempt-police-custody-krdhanya/

താമസ സൗകര്യം നല്‍കുന്ന ലോഡ്ജുകളില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ മറയാക്കി പലതരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നു. ചൂഷകരെ ഒഴിവാക്കി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഷെല്‍റ്റര്‍ ഹോമുകള്‍ നല്‍കണമെന്ന തങ്ങളുടെ വളരെക്കാലമായുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാറുപോലുമില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ട്രാന്‍സ്ജെന്‍ഡര്‍ അമൃത തന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ പറയുന്നു;
' ഇന്നലെ റെയ്ഡ് ചെയ്ത ലോഡ്ജിന്റെ ഉടമ നടത്തുന്ന എറണാകുളം സൗത്തിലെ ലോഡ്ജിലാണ് ഞാന്‍ താമസിക്കുന്നത്. പരമാവധി ചൂഷണം ചെയ്യുന്ന രീതിയിലുള്ള തുകയാണ് ഓരോ ദിവസവും താമസത്തിനായി അവര്‍ വാങ്ങുന്നത്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സ് അവരുടെ സ്വാതന്ത്ര്യങ്ങളും കൂടിയാണ് അവിടെ അടിയറവ് വക്കുന്നത്. ഒന്നു പുറത്തിറങ്ങാനോ, പുറത്തുപോയി ഭക്ഷണം കഴിക്കാനോ സമ്മതിക്കില്ലെന്ന് മാത്രമല്ല സന്ദര്‍ശകരെ ലോഡ്ജിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. ലോഡ്ജിലെ ജോലിക്കാരാണ് ഭക്ഷണമടക്കം എത്തിച്ചുനല്‍കുന്നത്. എന്നാല്‍ ഇവിടെ സ്ഥിരമായി പോലീസ് റെയ്ഡും ഉണ്ടാവാറുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ മറയാക്കി പെണ്‍വാണിഭമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരം ലോഡ്ജുകളില്‍ നടന്നുവരുന്നു. എന്നാല്‍ പോലീസ് റെയ്ഡിനെത്തിയാല്‍ അതിനും പഴി ട്രാന്‍സ്ജെന്‍ഡേഴ്‌സിനാണ്. ഞങ്ങള്‍ ഇവിടെ താമസിക്കുന്നത് കൊണ്ടാണ് പോലീസ് ഇടക്കിടെ റെയ്ഡിനെത്തുന്നതെന്ന് പഴിചാരി കൂടുതല്‍ പണമാവശ്യപ്പെടാറുമുണ്ട്. അത്തരം നിരവധി പ്രശ്‌നങ്ങളെ നേരിട്ടാണ് ഞങ്ങള്‍ ജീവിച്ചുപോവുന്നത്. ശരിയാണ് ഞങ്ങളിലും സെക്‌സ് വര്‍ക്ക് ചെയ്യുന്നവരുണ്ട്. വേറെ ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടല്ല. അത് കിട്ടാത്തതുകൊണ്ടാണ്. ലോഡ്ജില്‍ വലിയ തുക വാടക നല്‍കി നില്‍ക്കുന്ന ഞങ്ങള്‍ക്ക് അതിനുള്ള പണമെങ്കിലും കണ്ടെത്തണ്ടേ? നിവൃത്തികേടുകൊണ്ടാണ് താത്പര്യമില്ലാത്ത ഓരോരുത്തന്‍മാര്‍ക്കൊപ്പം പോലും കിടന്നുകൊടുക്കേണ്ടി വരുന്നത്. അത് മനസ്സിലാക്കുന്നതിന് പകരം പരമാവധി ഞങ്ങളെ ആട്ടിയകറ്റാനാണ് സര്‍ക്കാരും ഭരണകൂടവും നിയമപാലകരുമെല്ലാം ശ്രമിക്കുന്നത്. ഒറ്റമുറിയും ഒരു ബാത്ത്‌റൂമും ഉള്ള ഒരു മേല്‍ക്കൂര കിട്ടിയാല്‍ മതി. അതെങ്കിലും സര്‍ക്കാര്‍ ഞങ്ങള്‍ക്കായിട്ട് തരണം. എങ്കിലേ പലതരത്തിലുള്ള ചൂഷണങ്ങള്‍ അവസാനിക്കൂ. അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാള്‍ എച്ചഐവി പോസിറ്റീവ് ആണെന്ന വിവരം പോലീസ് ഇന്നലെ പുറത്തുവിട്ടു. ഇത് പൊതുസമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് ഒരു ഭീതി വളര്‍ത്താനിടയാക്കും. ഞാന്‍ അച്ചാറുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നയാളാണ്. ഞാനും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കരുതി ഞാനുണ്ടാക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ മറ്റുള്ളവര്‍ വിമുഖത കാട്ടിയേക്കാം'.


http://www.azhimukham.com/kerala-no-tax-receipt-despite-they-got-bail-transgenders-still-in-the-jail-kr-dhanya-story/

മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിന് ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു. എന്നാല്‍ മെട്രോയില്‍ ജോലി ചെയ്യുന്നവര്‍ എവിടെ താമസിക്കുന്നു എന്നത് സര്‍ക്കാരിന് വിഷയമല്ല. മെട്രോയില്‍ നിന്ന് ലഭിക്കുന്ന ചുരുങ്ങിയ വേതനം കൊണ്ട് എങ്ങനെ ലോഡ്ജ് വാടക കൊടുക്കുമെന്നാണ് തീര്‍ഥ ചോദിക്കുന്നത്;
'റെയ്ഡ് ചെയ്ത ലോഡ്ജിലെ താമസക്കാരിയാണ് ഞാന്‍. റെയ്ഡിന് വന്ന സമയം ഞാന്‍ മെട്രോയുടെ യൂണിഫോമില്‍ ലോഡ്ജിലെത്തിയതേയുണ്ടായിരുന്നുള്ളൂ. 'യൂണിഫോമിലായതുകൊണ്ട് നിന്നെ വെറുതെ വിടുന്നു. ഇവിടെ നില്‍ക്കണ്ട' എന്ന് പറഞ്ഞ് പോലീസ് എന്നെ അവിടെ നിന്നും ഓടിച്ചുവിട്ടു. യൂണിഫോമിന്റെ വിലയാണ് ആ കണ്ടത്. അതുപോലെ അംഗീകരിക്കപ്പെട്ടാല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സമൂഹത്തില്‍ ഒരുപക്ഷേ ഒരിടമുണ്ടായിരിക്കും. എന്നാല്‍ മെട്രോ ജീവനക്കാരിയായ ഞാന്‍ എത്രതവണ കരഞ്ഞുപറഞ്ഞിട്ടാണ് ഐശ്വര്യ ലോഡ്ജില്‍ താമസസൗകര്യം തയ്യാറായത്.'


http://www.azhimukham.com/transgender-policy-government-stand-chief-minister-azhimukham/

പോലീസ് അധികാരികളുടെ ശത്രുതാപരമായ നിലപാടാണ് തങ്ങളെ യഥാര്‍ഥത്തില്‍ വലിയ പ്രതിസന്ധിയിലാക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡേഴ്‌സ് പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ ബാഗ് തട്ടിപ്പറിച്ച കേസില്‍ പരാതി നല്‍കിയപ്പോള്‍ പരാതിക്കാരായ ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ പ്രതികളാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് കേസ് കേട്ട കോടതി പോലീസ് ലിംഗനീതിയെക്കുറിച്ച് പഠിച്ചിട്ടുവരാനാണ് അഭിപ്രായപ്പെട്ടത്.
'എന്നാല്‍ അതിന് മുമ്പും നടത്തിക്കൊണ്ടിരുന്ന പോലീസ് ഗുണ്ടായിസം കോടതി വിധിക്ക് ശേഷവും തുടരുന്നു. നിരവധി തവണ ആക്രമിക്കപ്പെടുകയും, കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്യുക എന്നതാണ് പോലീസിന്റെ വിനോദം. ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കാത്തത് പോലീസാണ്. ട്രാന്‍സ്ജെന്‍ഡര്‍ മുക്ത നഗരമാക്കി കൊച്ചിയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. പോലീസ് അകാരണമായി ഓരോ കാര്യങ്ങള്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും, അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.'
ട്രാന്‍സ്ജെന്‍ഡറായ ദീക്ഷ പറയുന്നു.

http://www.azhimukham.com/keralam-we-will-prove-ragarenjini-who-got-job-in-kochi-metro-speaks/

പോലീസും പൊതുജനവും ട്രാന്‍സ്ജെഡേഴ്‌സിനോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് അറുതിയില്ലെങ്കിലും ലിംഗമാറ്റം ആഗ്രഹിക്കുന്നവരെ വീട്ടില്‍ നിന്ന് അടിച്ചുപുറത്താക്കിയ കുടുംബങ്ങളാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് അനന്യ പറയുന്നു; 'ഞങ്ങളും മനുഷ്യരാണെന്ന പരിഗണന പല വീട്ടുകാര്‍ക്കുമില്ല. ലിംഗമാറ്റം ആഗ്രഹിച്ചാല്‍ അപ്പോള്‍ വീട്ടില്‍ നിന്ന് പുറത്താവും. വീട്ടിലേക്ക് കഴിവതും വേരണ്ട എന്ന നിര്‍ദ്ദേശമാണ് ലഭിച്ചിട്ടുള്ളത്. വീട്ടുകാര്‍ അവരോടൊപ്പം നിര്‍ത്താനും കുടുംബത്തിലെ അംഗമായി കണക്കാക്കാനും ശീലിച്ചിരുന്നെങ്കില്‍ ഇന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന് ഈ അവസ്ഥ അനുഭവിക്കേണ്ടി വരില്ലായിരുന്നു'.


ഒരു ജനത ഒറ്റപ്പെടുന്നു. അവര്‍ക്ക് സമാധാനമായി ഉറങ്ങാന്‍ ഒരു മേല്‍ക്കൂരയുടെ തണല്‍ പോലും കിട്ടാനില്ല. പോരാത്തതിന് പൊതുസമൂഹവും പോലീസുകാരും ചേര്‍ന്ന് അവരെ വേട്ടയാടുന്നു. ഇതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം കൊണ്ടുവന്നതുകൊണ്ട് എന്ത് കാര്യമെന്നാണ് ട്രാന്‍സ് ചോദിക്കുന്നത്.

http://www.azhimukham.com/positivestory-first-transgender-entrepreneur-thrupthi/

http://www.azhimukham.com/trending-attack-on-transgenders-in-kozhikodu-mittayi-theruvu-by-arun/

Next Story

Related Stories