TopTop
Begin typing your search above and press return to search.

ബ്രാഹ്മാണാധിപത്യം വേണ്ട; ദളിതര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണരെ ശാന്തിക്കാരെ നിയമിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്ര നടപടി

ബ്രാഹ്മാണാധിപത്യം വേണ്ട; ദളിതര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണരെ ശാന്തിക്കാരെ നിയമിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്ര നടപടി

അബ്രാഹ്മണരായ ക്ഷേത്രം പൂജാരിമാര്‍ക്കെതിരേ ജാതിവിരോധം തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായ ആക്ഷേപം നിലനില്‍ക്കുന്നതിനിടയില്‍ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിനു കീഴില്‍ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് ദേവസ്വം കമ്മിഷണര്‍ ഇവരുടെ നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്നും ആറ് ശാന്തിക്കാരെ നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്.

പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമന പട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് തയ്യാറാക്കിയതെന്നു വാര്‍ത്തയില്‍ പറയുന്നു. അഴിമതി നടക്കാതെ മെറിറ്റും സംവരണവും ഉള്‍പ്പെടുത്തിയുള്ള നിയമനം വേണം നടത്താനെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശം അനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പട്ടിക തയ്യാറാക്കിയത്.

62 ശാന്തിക്കാരുടെ നിയമന പട്ടിക തയ്യാറാക്കിയതില്‍ ഭൂരിഭാഗവും ദളിതര്‍ അടങ്ങുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. മുന്നോക്ക വിഭാഗത്തില്‍ നിന്നും 26 പേര്‍ മാത്രമാണ് മെറിറ്റ് പട്ടിക പ്രകാരം നിയമനയോഗ്യത നേടിയിട്ടുള്ളതെന്നാണ് പറയുന്നത്. പിന്നാക്ക വിഭാഗക്കാരില്‍ നിന്നും യോഗ്യത നേടിയ 36 പേരില്‍ 16 പേര്‍ മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നേടിയത്.

മാവേലിക്കര, ഹരിപ്പാട്, തിരുവനന്തപുരം, തിരുവല്ല, വൈക്കം, നെയ്യാറ്റിന്‍കര, പറവൂര്‍, കൊല്ലം, കരുനാഗപ്പള്ളി, കോട്ടയം, പുനലൂര്‍, വര്‍ക്കല, തൃക്കാരിയൂര്‍, ആറന്മുള, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഉള്ളൂര്‍ എന്നീ ഗ്രൂപ്പുകളിലേക്കാണ് അബ്രാഹ്മാണരെ നിയമിച്ചിരിക്കുന്നത്.

കീഴ് ശാന്തിയായി നിയമിതനായ ആള്‍ ഈഴവ സമുദായാംഗമാണെന്ന കാരണത്താല്‍ തടഞ്ഞ ചെട്ടിക്കുളങ്ങരു ക്ഷേത്രം ഉള്‍പ്പെടുന്ന മവേലിക്കര ഗ്രൂപ്പിലേക്ക് നിയമിച്ച മൂന്നുപേരില്‍ ഒരാള്‍ അബ്രാഹ്മണനാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിയമനം കിട്ടിയ സുധീര്‍ കുമാര്‍ എന്ന ഈഴവസമുദായംഗമായ കീഴ്ശാന്തിക്ക് ചുമതലയേല്‍ക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല. സുധീര്‍ കുമാറിന്റെ നിയമനത്തിനെതിരേ ഒരുവിഭാഗം രംഗത്തുവന്നതാണ് കാരണം. അബ്രാഹ്മണനെ ശാന്തിക്കാരനാക്കുന്നതിനെതിരെ ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കുകയായിരുന്നു. പിന്നീട് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വെന്‍ഷനും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് പരിഗണിച്ച ശേഷം തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറെ ചുമതലപ്പെടുത്തി. ദേവസ്വം കമ്മിഷണര്‍ സുധീര്‍ കുമാറിന്റെ നിയമനം തടഞ്ഞുവച്ചു. ഇതു വലിയ വിവാദമാവുകയും സുധീറിനെ ക്ഷേത്രം ശാന്തിയായി പ്രവേശിപ്പിക്കണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നു. അബ്രാഹ്മണനെ ക്ഷേത്രം ശാന്തിക്കാരനായി നിയമിക്കാന്‍ സാധിക്കില്ലെന്ന വാദം ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഈ സംഭവത്തിനു പിന്നാലെ ഇപ്പോള്‍ ദളിതര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗത്തില്‍ നിന്നും കൂടുതല്‍ പേരെ ശാന്തി തസ്തികയിലേക്ക് നിയമിച്ച ദേവസ്വം ബോര്‍ഡ് നടപടിയെ ജാതിവ്യവസ്ഥയെ നിരാകരിക്കുന്നതിന് സമൂഹത്തിനു കൂടുതല്‍ പ്രചോദനം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Next Story

Related Stories