TopTop
Begin typing your search above and press return to search.

നിലമ്ബൂര്‍ ഉള്‍വനത്തില്‍ 500ഓളം ആദിവാസികള്‍ ഒറ്റപ്പെട്ട സംഭവം; അന്വേഷിക്കാമെന്ന് പി വി അന്‍വര്‍ എം എല്‍ എ, യുവാക്കള്‍ ചാലിയാര്‍ നീന്തിക്കടന്നു വന്നത് ലഹരി വസ്തുക്കള്‍ തേടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍

നിലമ്ബൂര്‍ ഉള്‍വനത്തില്‍ 500ഓളം ആദിവാസികള്‍ ഒറ്റപ്പെട്ട സംഭവം; അന്വേഷിക്കാമെന്ന് പി വി അന്‍വര്‍ എം എല്‍ എ, യുവാക്കള്‍ ചാലിയാര്‍ നീന്തിക്കടന്നു വന്നത് ലഹരി വസ്തുക്കള്‍ തേടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍

നിലമ്ബൂരിലെ പ്രളയബാധിത പ്രദേശങ്ങളെല്ലാം പതിയെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമ്ബോഴും മുണ്ടേരിയിലെ ആദിവാസി കോളനികള്‍ അതിജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പാടുപെടുകയാണ്

നിലമ്ബൂര്‍ മുണ്ടേരി സീഡ് ഫാമിനോടു ചേര്‍ന്ന ആദിവാസി കോളനികളില്‍ നിലവില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അവശ്യവസ്തുക്കള്‍ എത്താതെ ആരും അകപ്പെട്ടു കിടക്കുന്നില്ലെന്നും അധികൃതര്‍. നാലു കോളനികളിലായി അഞ്ഞൂറിലധികം ഗോത്രവിഭാഗക്കാര്‍ ചാലിയാര്‍ മുറിച്ചു കടന്ന് പുറത്തേക്കെത്താന്‍ മാര്‍ഗ്ഗങ്ങളില്ലാതെ വനത്തിനകത്ത് കഴിയുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പ്രതികരണം. സീഡ് ഫാമിനോടു ചേര്‍ന്ന് ചാലിയാറിന്റെ മറുകരയിലുള്ള വാണിയമ്ബുഴ, കുമ്ബളപ്പാറ, തരിപ്പപ്പെട്ടി, ഇരുട്ടുകുത്തി എന്നീ കോളനികളില്‍ താമസിക്കുന്നവര്‍ തകര്‍ന്നും ചെളിയടിഞ്ഞും വാസയോഗ്യമല്ലാതായി മാറിയ വീടുകളില്‍ നിന്നും മാറി ഉള്‍വനത്തില്‍ കഴിയുന്നതായി കോളനിയില്‍ നിന്നുള്ളവര്‍ തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒഴുക്കു കുറഞ്ഞതോടെ ചാലിയാര്‍ നീന്തിക്കടന്ന് മറുകരയിലെത്തിയ തരിപ്പപ്പെട്ടി കോളനിയിലെ കുട്ടനും സുഹൃത്തുക്കളുമാണ് ആവശ്യത്തിന് ഭക്ഷണവും താമസിക്കാന്‍ വീടുകളുമില്ലാതെ അഞ്ഞൂറോളം പേര്‍ വനത്തിന്റെ പല ഭാഗങ്ങളിലായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി താമസിക്കുന്നതായി അറിയിച്ചിരുന്നത്.

ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഹെലികോപ്റ്റര്‍ വഴി നല്‍കിയ ബിസ്‌കറ്റുകളും കുടിവെള്ളവും, പിന്നീട് ഒരു തവണ പുഴയ്ക്കു കുറുകെ കയര്‍ കെട്ടി അയച്ച അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണമെന്നും, വനത്തിലുള്ളവര്‍ക്ക് ഇത് തികയാതെ വരുന്ന സാഹചര്യമുണ്ടെന്നും കോളനിയിലെ കുട്ടന്‍ അഴിമുഖം പ്രതിനിധിയോട് വെളിപ്പെടുത്തിയിരുന്നു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കോളനിയിലെ കുട്ടികളെ കാണാനാണ് പുഴ നീന്തിക്കടന്നെത്തിയതെന്നു പറഞ്ഞ കുട്ടനു സുഹൃത്തുക്കളും, തങ്ങള്‍ക്കാവശ്യം വനത്തില്‍ വിരിച്ചുകെട്ടി താമസിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റുമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിലവില്‍ മുണ്ടേരിയിലെന്നല്ല, നിലമ്ബൂരിലെവിടെയും ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കാത്ത അവസ്ഥ ആര്‍ക്കുമില്ലെന്നും തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പ്രതികരണം. 'എല്ലായിടത്തും ഭക്ഷണം കിട്ടുന്നുണ്ട്, അവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയൊന്നും നിലമ്ബൂരിലില്ല. എല്ലായിടത്തെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, സാധിക്കുന്നതെല്ലാം ചെയ്യുന്നുമുണ്ട്. മുണ്ടേരിയിലെ കാര്യങ്ങളെക്കുറിച്ച്‌ ഇന്നു തന്നെ അന്വേഷിക്കാം. വേണ്ടതു ചെയ്യാം.'

പണിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കോളനികളാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നതില്‍ അധികവും. ചാലിയാറില്‍ വെള്ളം ഇരച്ചുപൊങ്ങിയതിനെത്തുടര്‍ന്ന് വനത്തിനകത്തേക്ക് ഓടി രക്ഷപ്പെട്ട ഇവര്‍ പുഴക്കരയിലുള്ള വീടുകളിലേക്ക് തിരികെ വരാന്‍ ഭയക്കുകയാണ്. നനഞ്ഞ മണ്ണ് വീണ്ടും ഇടിഞ്ഞാലോ എന്ന ആശങ്ക കാരണം വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഷീറ്റു കെട്ടിയാണ് കൈക്കുഞ്ഞുങ്ങളും വയോധികരും അടക്കമുള്ളവര്‍ കഴിയുന്നതെന്ന് കുട്ടന്‍ വെളിപ്പെടുത്തിയിരുന്നു. 'പുഴയില്‍ വെള്ളം കയറിയപ്പോള്‍ ഞങ്ങളെല്ലാവരും വീട്ടില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം മൂന്നുമണിയൊക്കെ ആയിക്കാണും. വലിയ ശബ്ദം കേട്ടപ്പോള്‍ എല്ലാവരും കുട്ടികളെയും എടുത്ത് കാട്ടിലേക്ക് ഓടി. സാധനങ്ങളൊന്നും എടുക്കാന്‍ പറ്റിയിട്ടില്ല ആര്‍ക്കും. ആളുകളെല്ലാം പെട്ടന്ന് രക്ഷപ്പെട്ടു. പക്ഷേ കുറേ വീടൊക്കെ പോയി. ചിലത് മണ്ണില്‍ മൂടി കിടക്കുന്ന അവസ്ഥയിലാണ്. അക്കരയ്ക്ക് പോകാന്‍ ഒരു വഴിയുമില്ല. പാലങ്ങളോ അങ്ങനെ ഒന്നുമില്ല. ഇന്നലെ ഇവിടെ നിന്ന് പ്ലാസ്റ്റിക്കൊക്കെ തന്നു. അതു വലിച്ചുകെട്ടിയാണ് കിടക്കുന്നത്. ചെറിയ കുട്ടികളുമുണ്ട്. പുഴക്കരയിലുള്ള വീടുകളിലേക്ക് തിരിച്ചുവരാന്‍ സത്യത്തില്‍ പേടിയാണ്. വീട്ടിലെല്ലാം നിറയെ ചളി കയറിയിട്ടുണ്ട്. മാത്രമല്ല മണ്ണൊക്കെ നനഞ്ഞു നില്‍ക്കുകയല്ലേ. ഇടിഞ്ഞുപോയാലോ? ഇവിടെ നിന്നും പുഴ കടന്ന് മൂന്നര കിലോമീറ്റര്‍ നടക്കണം തരിപ്പപ്പെട്ടി കോളനിയെത്താന്‍. കാടിനുള്ളില്‍ ഇനിയും പുഴകളുണ്ട്. ചെറിയ പുഴകളായിരുന്നു. ഇപ്പോള്‍ എല്ലാം വലുതായി. വിരിച്ചു കെട്ടാന്‍ കുറച്ചു പ്ലാസ്റ്റിക് ഷീറ്റുകളും ഭക്ഷണവുമാണ് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത്. പുഴ കടക്കാനുള്ള മാര്‍ഗ്ഗങ്ങളും വേണം.'

എന്നാല്‍, അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നും വനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള വിവരങ്ങള്‍ തെറ്റാണെന്നാണ് നിലമ്ബൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ് എം.പിയുടെ വിശദീകരണം. നാലു കോളനികളിലേക്കും അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മറ്റു വസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുള്ളതായും ആദ്യ ദിവസങ്ങളില്‍ ഭക്ഷണം ലഭിക്കാതിരുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുണ്ടേരി വനമേഖലയിലെ ആദിവാസി കോളനികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ റേഞ്ച് ഓഫീസര്‍ പറയുന്നതിങ്ങനെ: 'എന്‍.ഡി.ആര്‍.എഫ്, മിലിറ്ററി, നിലമ്ബൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ആയ ഐ.എഫ്.എസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ആദ്യത്തെ ഒരു ദിവസം ചിലപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായിക്കാണാം. പക്ഷേ പിന്നീട് ഹെലികോപ്റ്ററിലും മറ്റും ഭക്ഷണം സപ്ലൈ ചെയ്തിട്ടുണ്ട്. ബോട്ടിലും കയറ്റിക്കൊടുത്തിട്ടുണ്ട്. അവശ്യവസ്തുക്കള്‍ തുല്യമായി വിതരണം ചെയ്യാനായി വനം വകുപ്പിന്റെ ഉദ്യോഗസ്ഥരും അവിടെത്തന്നെയുണ്ട്. അത്യാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ജില്ലാ ഭരണകൂടം എത്തിച്ചിട്ടുണ്ട്. അധികമായി കിട്ടിയില്ല എന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല. വെള്ളം പൊങ്ങിയപ്പോള്‍ അകപ്പെട്ടുപോയവരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരെ പുറത്തെത്തിച്ചപ്പോള്‍ പകരം കോളനിയിലേക്ക് സഹായത്തിനായി മറ്റുദ്യോഗസ്ഥരെ കയറ്റിവിട്ടിട്ടുമുണ്ട്. അവരാണ് വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ആദ്യത്തെ ദിവസം ചിലപ്പോള്‍ ഭക്ഷണത്തിന് പ്രശ്‌നങ്ങളുണ്ടായിക്കാണും. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ളവര്‍ പോയിട്ടും ആര്‍ക്കും പുഴ കടക്കാനാകാത്ത അവസ്ഥയുണ്ടായി. ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കായിരുന്നില്ല. ഡി.എഫ്.ഒ പിന്നീട് വിളിച്ചറിയിച്ചതിനു ശേഷമാണ് ഹെലികോപ്റ്റര്‍ വഴിയും മറ്റും സാധനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം സാധനങ്ങള്‍ കോളനികളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നും ചില സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. വെളിച്ചമില്ലാത്ത അവസ്ഥയാണെന്നു കേട്ടറിഞ്ഞ് ചില ഏജന്‍സികള്‍ കൊടുത്തയച്ച ടോര്‍ച്ച്‌ അടക്കമുള്ള വസ്തുക്കളാണ് ഏറ്റവുമൊടുവില്‍ അങ്ങോട്ടു പോയിരിക്കുന്നത്.'

നിലവില്‍ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെങ്കില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ച്‌ അന്വേഷിക്കണമെന്നും ഉടന്‍ തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും റേഞ്ച് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. കോളനിയിലുള്ളവരെ സഹായിക്കാനും പുഴ കടന്ന് ചങ്ങാടത്തിലും കയറിലും മറ്റും എത്തിക്കുന്ന വസ്തുക്കള്‍ തുല്യമായി വിതരണം ചെയ്യാനുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും കോളനികളിലുണ്ടെന്നാണ് റേഞ്ച് ഓഫീസറുടെ വാദം. എന്നാല്‍, ഇത് തെറ്റാണെന്നാണ് പേരു വെളിപ്പെടുത്താത്ത വനം വകുപ്പ് ഉദ്യോഗസ്ഥരിലൊരാള്‍ അഴിമുഖം പ്രതിനിധിയോട് വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നത്. പന്ത്രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കോളനികളില്‍ അകപ്പെട്ടുപോയിരുന്നെന്നും, ഇവരില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന നാലു പേരെ ആദ്യം പുറത്തെത്തിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ബാക്കിയുള്ള ഉദ്യോഗസ്ഥരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ കോളനികളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരുമില്ലെന്നും ഇയാള്‍ വിശദീകരിച്ചിരുന്നു.

കോളനികളിലേക്കുള്ള അവശ്യവസ്തുക്കള്‍ ചാലിയാറിനിപ്പുറത്ത് എത്തിച്ചുവെങ്കിലും പുഴ കടന്ന് കോളനികളിലേക്ക് പോകാന്‍ സാധിച്ചില്ലെന്ന് സന്നദ്ധപ്രവര്‍ത്തകരിലൊരാളും പ്രതികരിച്ചിരുന്നു. കോളനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം പുഴ കടന്ന് അവശ്യവസ്തുക്കളുമായി ചെല്ലാനാകില്ലെന്നും, വസ്തുക്കള്‍ എത്തിച്ചുകഴിഞ്ഞാല്‍ പിന്നീട് കോളനിക്കാര്‍ തങ്ങളെ തിരിച്ചയയ്ക്കില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയതായും സന്നദ്ധപ്രവര്‍ത്തകര്‍ അഴിമുഖത്തോടു പറഞ്ഞിരുന്നു. 'കൊണ്ടുവന്ന സാധനങ്ങളുമായി ചങ്ങാടത്തില്‍ കയറി പുഴ കടക്കാന്‍ തുടങ്ങിയപ്പോഴാണ് മറുകരയില്‍ വലിയ ബഹളം നടക്കുന്ന കാര്യം ശ്രദ്ധിച്ചത്. കോളനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം അവശ്യവസ്തുക്കള്‍ എങ്ങോട്ടു കൊണ്ടുപോകണം എന്ന സംശയമാണ്. എല്ലാവരും തങ്ങള്‍ക്കു വേണം എന്നാവശ്യപ്പെടുകയാണ്. മറ്റ് കോളനികളിലേക്കുള്ള സാധനങ്ങള്‍ അക്കരെ ഇറക്കാന്‍ അവിടെയുള്ളവര്‍ സമ്മതിക്കുന്നില്ലത്രേ. വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട് തിരികെ പോകുകയാണ്. നാളെ അതാത് കോളനികളില്‍ നിന്നുള്ളവര്‍ നേരിട്ടെത്തി സാധനങ്ങള്‍ സ്വയം കൊണ്ടുപോകാം എന്നാണ് തീരുമാനം.' സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ പേരു വെളിപ്പെടുത്താതെ പറഞ്ഞതിങ്ങനെ.

അവശ്യവസ്തുക്കളുമായി ചങ്ങാടത്തില്‍ കോളനികളിലേക്കെത്തിയാല്‍ തിരികെപ്പോരാന്‍ സാധിക്കില്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ, കോളനികളില്‍ നിന്നും പുഴ നീന്തിക്കടന്ന് പുറത്തെത്തുന്നവര്‍ ലഹരിവസ്തുക്കള്‍ തേടിയാണ് കോളനികള്‍ക്ക് പുറത്തേക്ക് വരുന്നതെന്നാണ് ആരോപിക്കുന്നത്. ഇത്തരത്തില്‍ പുറത്തെത്തുന്നവര്‍ക്കാണ് അവശ്യവസ്തുക്കള്‍ ലഭിക്കാതെ പോകുന്നതെന്നാണ് റേഞ്ച് ഓഫീസറുടെ പക്ഷം. 'കോളനികളില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്ക് ചിലപ്പോള്‍ അവശ്യവസ്തുക്കള്‍ കിട്ടിക്കാണില്ല. അകത്തുള്ള കുടുംബത്തിന് കിട്ടിക്കാണും. ലഹരിസാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടിയാണ് ഇവര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അവര്‍ക്ക് അവശ്യവസ്തുക്കള്‍ കിട്ടിക്കാണില്ല. അതിനായി ഒന്നുകില്‍ ക്യാമ്ബില്‍ ചെല്ലണം, അല്ലെങ്കില്‍ കോളനിയില്‍ ഉണ്ടായിരിക്കണം.' എന്നാല്‍, ഹോസ്റ്റലിലുള്ള കുട്ടികളെ കാണാനും അവശ്യവസ്തുക്കള്‍ ശേഖരിക്കാനുമായാണ് തങ്ങള്‍ കവിഞ്ഞൊഴുകുന്ന ചാലിയാര്‍ നീന്തിക്കടന്ന് പുറത്തെത്തിയതെന്ന് തരിപ്പപ്പെട്ടി കോളനിയിലെ കുട്ടനും സംഘവും അഴിമുഖത്തോട് പറഞ്ഞിരുന്നു.

കോളനിയിലുള്ളവര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകളും ഉദ്യോഗസ്ഥരുടെ പക്കലില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് കോളനിയിലുള്ളവര്‍ കഴിയുന്നതെന്ന വസ്തുതയും ഇവര്‍ അറിഞ്ഞിട്ടില്ല. 'കുറച്ചു വീടുകള്‍ പോയിട്ടുണ്ട്. അതിന്റെ കണക്കുകളും മറ്റും അവിടെ നിന്നും വരുന്നതേയുള്ളൂ. എട്ടോ പത്തോ വീടുകള്‍ പോയിരിക്കുമെന്നു തോന്നുന്നു. വീടുകള്‍ പോയവര്‍ ഷീറ്റു കെട്ടി താമസിക്കുന്നുണ്ടോ എന്നറിയില്ല. അവിടെ അങ്ങിനെയുള്ള അവസ്ഥയൊന്നുമില്ല. വനം വകുപ്പിന്റെ രണ്ട് ഉദ്യോഗസ്ഥരുടെ വീടുകളും പോയിട്ടുണ്ട്. നിലവില്‍ അവിടുത്തെ കാര്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കാം. ആശയവിനിമയത്തിനായി കൃത്യമായ മാര്‍ഗ്ഗങ്ങളൊന്നും ഇപ്പോഴുമില്ല. അവിടെ എത്തണമെങ്കില്‍ നാല്‍പതു കിലോമീറ്ററോളം ഓടണം. അവിടെ ചെന്നാലും പുഴ കടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.' ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ.

നിലമ്ബൂരിലെ പ്രളയബാധിത പ്രദേശങ്ങളെല്ലാം പതിയെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമ്ബോഴും മുണ്ടേരിയിലെ ആദിവാസി കോളനികള്‍ അതിജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പാടുപെടുകയാണ്. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം കോളനികളിലില്ല എന്നും പ്ലാസ്റ്റിക് ഷീറ്റിന്റെ മാത്രം സുരക്ഷിതത്വത്തിലാണ് വനത്തിനകത്ത് ഉറങ്ങുന്നതെന്നും കോളനിയിലുള്ളവര്‍ തന്നെ വെളിപ്പെടുത്തുമ്ബോഴും, മുണ്ടേരിയില്‍ അത്തരമൊരു സാഹചര്യമില്ല എന്ന വിലയിരുത്തലിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള അധികൃതര്‍. താരതമ്യേന സുരക്ഷിത സ്ഥാനത്തുള്ള അപ്പന്‍കാപ്പ്, തണ്ടങ്കല്ല് കോളനികളില്‍ നിന്നുമുള്ളവര്‍ പാണ്ടികളിലും മറ്റും പുഴ കടന്ന് ക്യാമ്ബുകളിലെത്തിയിട്ടുണ്ടെങ്കിലും മറ്റു നാലു കോളനികളിലെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ചാലിയാറിനൊപ്പം കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ ചെറു നദികള്‍ ഓരോ കോളനിക്കാരെയും ഓരോ തുരുത്തുകളിലാക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതിയോ മൊബൈല്‍ റേഞ്ചോ ഇല്ലാത്ത വനാന്തരത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ ഇപ്പോഴും സുരക്ഷിതമായ താമസസ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്.

നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്ബൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Next Story

Related Stories