TopTop
Begin typing your search above and press return to search.

മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഊരുകളില്‍ തടഞ്ഞുവയ്ക്കപ്പെടുന്ന ആദിവാസികള്‍, പുറത്താക്കാപ്പെടുന്ന അവകാശ പ്രവര്‍ത്തകര്‍; സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള വയനാട് ഇങ്ങനെയാണ്

മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഊരുകളില്‍ തടഞ്ഞുവയ്ക്കപ്പെടുന്ന ആദിവാസികള്‍, പുറത്താക്കാപ്പെടുന്ന അവകാശ പ്രവര്‍ത്തകര്‍; സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള വയനാട് ഇങ്ങനെയാണ്

2019 മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ നാലു മണിക്കാണ് സി.പി. ജലീലിനെ മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച തണ്ടര്‍ബോള്‍ട്ട് സംഘം വൈത്തിരിയില്‍ വച്ച് കൊലപ്പെടുത്തിയത്. സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റ് സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയാണ് തിരികെ നിറയൊഴിക്കേണ്ടിവന്നതെന്ന പൊലീസ് ഭാഷ്യവും, നേരത്തെ തന്നെ വ്യക്തമായ പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന മറുവാദവുമല്ലാം ശക്തമായിത്തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞു. പോലീസ് നിരത്തിയ തെളിവുകള്‍ക്കുമപ്പുറം ഒട്ടേറെ ചോദ്യങ്ങള്‍ ജലീലിന്റെ കൊലപാതകം അവശേഷിപ്പിക്കുന്നുണ്ടെന്ന് ഒരുവിഭാഗം വാദിച്ചപ്പോള്‍, മാവോയിസ്റ്റു രാഷ്ട്രീയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിചാരണകളായിരുന്നു മറ്റൊരു വിഭാഗത്തിന് മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നത്. ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവില്‍ മുഖ്യധാരാമാധ്യമങ്ങള്‍ തെരഞ്ഞെടുപ്പു ചൂടിലേക്ക് ചുരമിറങ്ങുകയും ചെയ്തു. 'വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം' എന്ന കേട്ടു പഴകിയ തലക്കെട്ടുകള്‍ പിന്നേയും പ്രത്യക്ഷപ്പെട്ടെങ്കിലും അധികനേരം അതാരും ഓര്‍ക്കുകയും ചെയ്തില്ല.

വയനാടന്‍ കാടുകളിലെയും ആദിവാസി ഊരുകളിലെയും മാവോയിസ്റ്റ് സാന്നിധ്യമെന്ന വാര്‍ത്തയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാവോയിസ്റ്റു പ്രസ്ഥാനം കേരളത്തില്‍ വേരിറങ്ങിത്തുടങ്ങിയ കാലം തൊട്ടേ വയനാടിന് അവരുടെ ഭൂപടത്തില്‍ ചെറുതല്ലാത്ത ഇടമുണ്ടായിരുന്നു. കേരളത്തില്‍ മാവോയിസ്റ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രതിരോധനീക്കങ്ങളും സജീവമാകുന്നത് ഈയടുത്ത കാലത്താണെങ്കിലും, പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്ന കാടുകളും മറ്റും മാവോയിസ്റ്റുകള്‍ക്ക് താവളമൊരുക്കാന്‍ പറ്റിയിടങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ സി.പി. ജലീല്‍ കൊല്ലപ്പെടുന്നതുവരെയും വയനാട്ടില്‍ പലയിടങ്ങളിലും മാവോയിസ്റ്റു സാന്നിധ്യം കണ്ടെത്താനുള്ള തിരച്ചിലുകളും സജീവമായിത്തന്നെ തുടര്‍ന്നു പോന്നിരുന്നു. ഭക്ഷണവും വസ്ത്രവുമന്വേഷിച്ചും, സംഘടിതരാകുവാന്‍ ആഹ്വാനം ചെയ്തും മാവോയിസ്റ്റ് ആശയക്കാര്‍ എത്തിയിരുന്നത് കാടിനോടു ചേര്‍ന്ന ആദിവാസി ഊരുകളിലായതിനാല്‍, അവിടങ്ങളിലും പോലീസിന്റെയും വനപാലകരുടെയും നേതൃത്വത്തില്‍ എല്ലാക്കാലത്തും അന്വേഷണങ്ങളും പരിശോധനകളും നടന്നു പോന്നിരുന്നു. മാവോയിസ്റ്റുകളായാലും പോലീസുകാരായാലും, ഊരുകളിലെത്തുന്നവര്‍ക്ക് പറയാനുള്ളതെല്ലാം ആദിവാസികള്‍ എതിര്‍പ്പില്ലാതെ കേള്‍ക്കുകയും ചെയ്തു.

എന്നാല്‍, ജലീലിന്റെ മരണത്തോടെ വയനാട്ടിലെ ആദിവാസി ഊരുകള്‍ തള്ളിയിടപ്പെട്ടിരിക്കുന്നത് മറ്റൊരു പ്രതിസന്ധിയിലേക്കാണ്. വൈത്തിരിയിലെ വെടിവയ്പ്പിനു ശേഷം, ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമെന്നത് അധികൃതര്‍ക്കിടയില്‍ ഒരു വലിയ പ്രശ്‌നമായിത്തന്നെ വളര്‍ന്നുവന്നുകഴിഞ്ഞു. അതിനോടുള്ള പ്രതികരണമെന്ന രീതിയില്‍ പോലീസിന്റെ പട്ടികയിലുള്ള, കാടിനോടു ചേര്‍ന്നുള്ള ആദിവാസി കോളനികളിലെല്ലാം പരിശോധനകളും ശക്തിപ്പെട്ടു. അടിക്കടിയുള്ള അന്വേഷണങ്ങള്‍ക്കു പുറമേ, കോളനികളുടെ പല കാര്യങ്ങളിലും പോലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കോളനികളിലേക്കുള്ള പ്രവേശനം വിലക്കപ്പെട്ടതോടൊപ്പം തന്നെ, ഓരോ വ്യക്തിയും കര്‍ശനമായ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളതെന്ന് ഇവിടത്തുകാര്‍ തന്നെ പറയുന്നു. കോളനിയ്ക്കകത്തു നിന്നുള്ളവരെയല്ലാതെ, മറ്റു കോളനികളില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാര്‍ക്കു പോലും പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള സുരക്ഷയൊരുക്കല്‍ രീതികളാണ് വയനാട്ടില്‍ ഇപ്പോള്‍ നിലവിലുള്ളത്. ജലീല്‍ കൊല്ലപ്പെട്ട വൈത്തിരിയോടു ചേര്‍ന്നുള്ള സുഗന്ധഗിരി, അംബ ആദിവാസി സെറ്റില്‍മെന്റുകള്‍ മുതല്‍, തുടരെത്തുടരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകാറുള്ള മറ്റു കോളനികളില്‍ വരെ പോലീസിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഞങ്ങളുടെ വീടുകളിലെത്തുന്നവരെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും, മറ്റു കോളനികളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തങ്ങളെ വിലക്കുന്നത് എന്തിനാണെന്നും ചോദിക്കാതെ, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കോളനിക്കാര്‍ ശിരസ്സാവഹിക്കുകയും കൂടി ചെയ്യുന്നതോടെ, ഈ നിയന്ത്രണങ്ങള്‍ എളുപ്പമാകുകയും ചെയ്യുന്നു. കാലങ്ങളായി മാവോയിസ്റ്റുകളും പോലീസുകാരും തമ്മിലുള്ള ബലാബലത്തിന്റെ ഇടയില്‍പ്പെട്ടു നില്‍ക്കുന്ന ആദിവാസി കോളനികളെ ഈ അവസ്ഥ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുക ഒട്ടേറെ തരത്തിലാണ്.

Also Read: വൈത്തിരി റിസോര്‍ട്ടില്‍ പോലീസ് വെടിവച്ചു കൊന്ന സി.പി ജലീല്‍ ആരാണ്?

'സര്‍വയിലന്‍സ്', കോളനികള്‍ക്കും അവകാശ പ്രവര്‍ത്തകര്‍ക്കും

സി.പി ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവപരമ്പരകള്‍ക്കു ശേഷം ആദിവാസി കോളനികളിലെ പോലീസിന്റെ 'സര്‍വയിലന്‍സ്' കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നത് സത്യമാണെന്നിരിക്കേ, ഇത് പുതിയൊരു കാര്യമല്ലെന്നതും ശരിവയ്‌ക്കേണ്ടിവരും. വയനാട്ടിലും നിലമ്പൂരിലും അട്ടപ്പാടിയിലുമെല്ലാം മാവോയിസ്റ്റ് ഭീഷണി എന്ന തലക്കെട്ടില്‍ ആദിവാസികള്‍ക്കു വേണ്ടി അടിച്ചിറക്കപ്പെടുന്ന പെരുമാറ്റച്ചട്ടങ്ങളുടെ ഗണത്തില്‍ ഏറ്റവുമൊടുവിലത്തേതാണിതെന്നുമാത്രം. കോളനികളിലേക്കുള്ള പ്രവേശനവും ആദിവാസി സമൂഹവുമായുള്ള പുറം ലോകത്തിന്റെ സമ്പര്‍ക്കവും നിയന്ത്രിക്കപ്പെട്ടതോടെ, കോളനികളില്‍ നിന്നും പിന്‍വലിയേണ്ടി വന്നിരിക്കുന്നത് ആദിവാസി അവകാശ പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമാണ്. ആദിവാസികള്‍ക്ക് വനത്തിനും വനവിഭവങ്ങള്‍ക്കും മേലുള്ള അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം മാവോയിസ്റ്റു ലേബല്‍ ചാര്‍ത്തപ്പെട്ടു രാജ്യദ്രോഹികളാകുന്ന കാലത്ത്, അവകാശ പ്രവര്‍ത്തകരെ ഭീകരപരിവേഷം നല്‍കി മാറ്റിനിര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. വയനാട്ടില്‍ മാത്രമല്ല, ആദിവാസി കോളനികളുള്ള ഇടങ്ങളിലെല്ലാം അവര്‍ക്ക് അര്‍ഹമായ അവകാശങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ സംസാരിക്കാനും സര്‍ക്കാര്‍ സ്‌കീമുകളെ അവരിലേക്കെത്തിക്കാനും ഇടനിലക്കാരായി നില്‍ക്കാറുള്ളത് ഇത്തരം സാമൂഹിക പ്രവര്‍ത്തക സംഘങ്ങളാണ്. സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പ്രമോട്ടര്‍മാരും ഉദ്യോഗസ്ഥരും ഈ ജോലിക്കായി രംഗത്തുണ്ടാകണമെന്നിരിക്കേ, ഇരുകൂട്ടരില്‍ വച്ച് ആരാണ് ഇത്രയും നാള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളതെന്ന് ഒറ്റ അന്വേഷണത്തില്‍ത്തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നാല്‍, വയനാട് ജില്ലയിലെ അവകാശ പ്രവര്‍ത്തകരില്‍ പലരും ആദിവാസി ഊരുകളിലേക്ക് ചെന്നിട്ട് ദിവസങ്ങളായി. കര്‍ശനമായ പരിശോധനയും തടഞ്ഞുവയ്പ്പും കടന്ന് കോളനികളിലേക്ക് എത്തിപ്പെടാന്‍ അവര്‍ക്കാകുന്നില്ല എന്നതാണ് വാസ്തവം. ജില്ലയിലെ ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നവരില്‍ പലരും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും ഇന്റലിജന്‍സിന്റെയും റഡാറിലാണ് ഇപ്പോഴുള്ളത്. പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നു. എവിടെയെല്ലാം പോകുന്നു, ആരെയെല്ലാം കാണുന്നു എന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നു. അതിലെല്ലാമുപരി, കോളനികളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. യുഎപിഎ പോലുള്ള നിയമങ്ങള്‍ തങ്ങള്‍ക്കു മേലെ ചുമത്തപ്പെടുമോ എന്ന ഭയം ഇവരില്‍ പലര്‍ക്കുമുണ്ട്. തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ട കോളനികളുടെ പേരുകളോ അനുഭവങ്ങളോ പോലും വെളിപ്പെടുത്താന്‍ ഭയക്കുന്നത്ര മുന്നോട്ടു പോയിരിക്കുന്നു ഇവര്‍ക്ക് നേരെയുള്ള അന്വേഷണങ്ങള്‍.

വയനാട്ടിലെ ആദിവാസി അവകാശപ്രവര്‍ത്തകര്‍ ഭയത്തിലാണെന്നു തന്നെയാണ് സാമൂഹിക പ്രവര്‍ത്തകനായ ബിജുവിനും പറയാനുള്ളത്. "ജലീല്‍ കൊല്ലപ്പെട്ടതിനു ശേഷം ട്രൈബല്‍ ആക്ടിവിസ്റ്റുകളില്‍ പലരും ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. എന്റെ കുറച്ചു സുഹൃത്തുക്കളുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരന്തരമായി ശേഖരിച്ചുകൊണ്ടിരിക്കുന്നതായി അറിയാം. നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും നാളിതുവരെ വന്നിട്ടില്ലാത്തത്ര ഫോണ്‍കോളുകളാണ് എനിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഇപ്പോള്‍ ദിവസേന വരുന്നത്. കാടിനോടു ചേര്‍ന്നുള്ള കോളനികളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മേപ്പാടിയിലെയും സുഗന്ധഗിരിയിലെയും കോളനികളെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. ആക്ടിവിസ്റ്റുകളുടെ സഞ്ചാര പഥം പോലും അന്വേഷിക്കുന്നുണ്ട്. വയനാട്ടിലെ മാവോയിസ്റ്റു വേട്ട ഒരു പ്ലാന്‍ഡ് സംഗതിയാണെന്നതാണ് വാസ്തവം. ഇതിനുള്ള കേന്ദ്ര ഫണ്ടിനു ലിമിറ്റില്ല. ഇന്നയിന്ന സ്ഥലങ്ങള്‍ മാവോയിസ്റ്റു ഭീഷണിയിലാണ് എന്നു കാണിക്കുന്നത് സര്‍ക്കാരുകള്‍ക്കും അധികൃതര്‍ക്കും വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും. താഴേത്തട്ടിലുള്ള വിഭാഗങ്ങളെ ഇതിനു ബലിയാടാക്കുകയാണ് എന്നുവേണം കരുതാന്‍. ഇപ്പോഴുള്ള തടസ്സങ്ങളും നിയന്ത്രണങ്ങളും കാരണം കുറേക്കാലത്തേക്കെങ്കിലും ആക്ടിവിസ്റ്റുകള്‍ക്ക് കോളനികളില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലായിരിക്കും. സത്യത്തില്‍ എല്ലാവര്‍ക്കും ഭയമുണ്ട്. മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ടാല്‍ തീര്‍ന്നില്ലേ. നേരത്തേ തന്നെ ഇത്തരം പരിശോധനകളും നിബന്ധനകളുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും, ജലീല്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് പലയിടങ്ങളിലും ഇത് കൂടുതലായി കര്‍ശനമായത്."

ഊരില്‍ നിന്നും ഊരിലേക്ക് കടക്കാന്‍ അനുവാദമില്ലാത്ത ഗോത്രവര്‍ഗ്ഗക്കാര്‍

ആദിവാസി അവകാശ പ്രവര്‍ത്തകര്‍ക്ക് മാത്രം നേരിടേണ്ടിവരുന്ന വിഷയമായി ചെറുതാക്കിക്കളയേണ്ടതല്ല ഈ പ്രതിസന്ധി. മാവോയിസ്റ്റുകള്‍ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പൊതുബോധം കാരണം കഷ്ടപ്പെടുന്നത് മിക്കപ്പോഴും ആദിവാസി ജനത തന്നെയാണ് എന്നതാണ് വാസ്തവം. സാമൂഹിക പ്രവര്‍ത്തകര്‍ നിശ്ശബ്ദരാക്കപ്പെടുന്നത് പരോക്ഷമായി ആദിവാസികളെ ബാധിക്കുമെന്നതു മാത്രമല്ല ഇതിനു കാരണം. ആദിവാസി കോളനികളില്‍ നിന്നും പ്രതിബന്ധങ്ങളോടു മല്ലിട്ടു വളര്‍ന്ന്, സ്വന്തം സമൂഹത്തിനകത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാവോയിസ്റ്റു വേട്ടയുടെ മറപറ്റിയുള്ള അധികാരം സ്ഥാപിക്കല്‍ നയങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കോളനികളിലേക്ക് പ്രവേശനമില്ലെന്ന് പോലീസ് പറയുമ്പോള്‍, പ്രവേശനമില്ലാത്തവരുടെ കൂട്ടത്തില്‍ ആദിവാസി സമൂഹത്തിനു പുറത്തുനിന്നുമുള്ളവര്‍ മാത്രമല്ല, മറിച്ച് അകത്തുള്ളവരും പെടുന്നുണ്ട്. ഒരു കോളനിയില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് മറ്റൊരു കോളനിയില്‍ കടക്കണമെങ്കില്‍പ്പോലും ഒട്ടേറെ തടസ്സങ്ങളുണ്ട്. കേരളത്തില്‍ മാവോയിസ്റ്റു പ്രസ്ഥാനം വേരുപിടിക്കുന്നതിനു കാരണം ആദിവാസി കോളനികളും അവിടെയുള്ളവരുമാണെന്ന തരത്തിലുള്ള ഇത്തരം ബാലിശമായ നിയന്ത്രണങ്ങള്‍ സഹിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും, കോളനികളെ പുറം ലോകവുമായി ബന്ധപ്പെടാത്ത അടഞ്ഞ സമൂഹമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്നു പോലും സംശയിച്ചു പോകുന്നതായും ആദിവാസി അവകാശപ്രവര്‍ത്തകയും ആദിവാസി സമൂഹത്തിനകത്തു നിന്നുള്ളയാളുമായ അമ്മിണി പറയുന്നുണ്ട്. അമ്മണിയുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് കരുതാനാവില്ലെന്നതാണ് വാസ്തവം.

Also Read: ഇത്രകണ്ട് സഹകരിച്ച മാധ്യമ സിംഹങ്ങളെ നമസ്‌കരിക്കാതെ വയ്യ; വൈത്തിരി ‘ഏറ്റുമുട്ടലില്‍’ മാധ്യമങ്ങളുടെ ഉണ്ടയില്ലാ വെടി

തങ്ങളുടെ കോളനികളിലേക്കോ വീടുകളിലേക്കോ അവകാശപ്രവര്‍ത്തകര്‍ വരുന്നതില്‍ ആദിവാസികള്‍ക്ക് എതിര്‍പ്പില്ലെന്നിരിക്കേ, തങ്ങളുടെ സ്വയം നിര്‍ണയാവകാശം എങ്ങനെയാണ് വിചിത്ര നിയമങ്ങളുടെ പേരില്‍ കൈമോശം വരുന്നതെന്നും ഇവര്‍ ചോദിക്കുന്നു. കോളനികള്‍ മാവോയിസ്റ്റു കേന്ദ്രങ്ങളാണെന്ന കഥ പ്രചരിച്ചതെങ്ങനെയാണെന്ന് ഇവര്‍ക്ക് അറിവില്ല. ഒരു സംഘമാളുകള്‍ കടന്നുവന്ന് സായുധ വിപ്ലവത്തിനു ക്ഷണിച്ചാല്‍ ഉടനേ അത് ഉള്‍ക്കൊണ്ട് പുറകേ പോകുമെന്ന് കരുതാനുള്ള കാരണവും ഇവര്‍ക്ക് മനസ്സിലാകുന്നില്ല. തങ്ങളെ അന്വേഷിച്ചെത്തി ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് അതു കൊടുക്കാനും അവര്‍ പറയുന്നതു കേള്‍ക്കാനുമുള്ള മനസ്സു കാണിക്കുന്ന ആദിവാസികള്‍ അതു ചെയ്യുന്നത് മാവോയിസ്റ്റ് ആശയത്തിലുള്ള വിശ്വാസം കൊണ്ടല്ലെന്നാണ് സുഗന്ധഗിരിയിലെ കോളനിയിലുള്ളവര്‍ക്ക് പറയാനുള്ളത്.

'ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റിനെയും ഇപ്പം നിരീക്ഷണങ്ങള്‍ക്കു വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.സി പ്രമോട്ടര്‍മാര്‍ക്കാണല്ലോ ഊരുകളുമായി ഏറ്റവുമധികം ബന്ധമുള്ളത്. വനാന്തരങ്ങളും ഉള്ളിലേക്കുള്ള ആദിവാസി ഗ്രാമങ്ങളും ഇങ്ങിനെ നിരീക്ഷണത്തിലാണ്. പുറത്തു നിന്നും ആരെങ്കിലും വരുന്നുണ്ടോ, താമസിക്കുന്നുണ്ടോ, എവിടെനിന്നു വന്നു, എന്തിനു വന്നു എന്നെല്ലമാണ് അന്വേഷിക്കുക. അമ്പലവയല്‍ പഞ്ചായത്തില്‍ അടിവാരം എന്ന സ്ഥലത്ത് പരിചയമില്ലാത്ത ഒരാളെ കണ്ടുവെന്ന കാരണം പറഞ്ഞ് തടഞ്ഞു നിര്‍ത്തി മാവോയിസ്റ്റു ബന്ധം പരിശോധിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികളെയും ഭിക്ഷാടകരെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്നു പറഞ്ഞ് ഉപദ്രവിച്ചിരുന്ന ഒരു പ്രവണതയുണ്ടല്ലോ. അതു തന്നെയാണ് മറ്റൊരു തരത്തില്‍ ഇപ്പോള്‍ വയനാട്ടില്‍ ആവര്‍ത്തിക്കുന്നത്. ആദിവാസി മേഖലയില്‍ ശ്രദ്ധിക്കേണ്ട ഒരുപാട് വികസനപ്രശ്‌നങ്ങളുണ്ട്. കുടിവെള്ളപ്രശ്‌നം, ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പഠനസൗകര്യങ്ങളുടെ അപര്യാപ്തത... കുട്ടികള്‍ വളരെ ബുദ്ധിമുട്ടിയാണ് റൂറല്‍ ഏരിയകളില്‍ നിന്നും പുറത്തുവന്ന് പഠിക്കാന്‍ പോകുന്നത്. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും ഇടപെടാതെ ഇവരെ മുന്നോട്ടു കൊണ്ടുവരാനാകില്ല. അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് വ്യക്തമായി തിരിച്ചറിയുകയും അതില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യാനാകുന്നത് അതാതു പ്രദേശങ്ങളിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ക്കാണ്. ഒരു പഞ്ചായത്തിനോ അതിന്റെ അംഗങ്ങള്‍ക്കോ തീര്‍ക്കാനാകുന്നതല്ല ആദിവാസികളുടെ പ്രശ്‌നങ്ങള്‍. പല തലങ്ങളുണ്ടതിന്. അതിനു സാധിക്കുക ആദിവാസി സമൂഹത്തിനകത്തുനിന്നു തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്കാണ് എന്നതിലും തര്‍ക്കമില്ല", ആദിവാസി കോളനികളില്‍ നിന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെപ്പോലും തടഞ്ഞുവയ്ക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് ചോദ്യം ചെയ്യുകയാണ് അമ്മിണി.

ആദിവാസി കോളനികള്‍ നിരീക്ഷണത്തിലാകേണ്ടത് ആരുടെ താല്‍പര്യമാണ്?

എന്തുകൊണ്ടാണ് മറ്റു വിഷയങ്ങളിലില്ലാത്ത താല്‍പര്യമെടുത്ത് ആദിവാസി കോളനികളെ 'സംരക്ഷിക്കാന്‍' അധികൃതര്‍ വെമ്പല്‍ കൊള്ളുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ തങ്ങള്‍ക്കു നല്‍കാനാകും എന്നും അവകാശ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം തണ്ടര്‍ബോള്‍ട്ടിനും മറ്റു മാവോയിസ്റ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിക്കൊണ്ടിരിക്കുന്നത്. ഛത്തീസ്ഗഢ്, ഒറീസ്സ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ വയനാട്, പാലക്കാട്, മലപ്പുറം പോലുള്ള ജില്ലകളിലേക്കും മാവോയിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇതേ അനുപാതത്തിലല്ലെങ്കിലും വലിയ തുകകള്‍ നീക്കിവയ്ക്കപ്പെടുന്നുണ്ട്. അതിനൊപ്പം തന്നെ, വയനാട് പോലുള്ള പിന്നാക്ക ജില്ലകളിലെ ആദിവാസി സമൂഹത്തിനു വേണ്ടിയും വലിയ സംഖ്യകള്‍ പാസ്സായി വരുന്നുണ്ട്. ആദിവാസി ക്ഷേമത്തിനായി നീക്കിവയ്ക്കപ്പെടുന്ന കോടികളുടെ പകുതിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തിയിരുന്നെങ്കില്‍ ഊരുകളില്‍ ഇത്രമേല്‍ പട്ടിണിയും സാമൂഹികമായ ഒറ്റപ്പെടലും ഉണ്ടാകില്ലായിരുന്നുവെന്നും ഇവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, ആര്‍ക്കുമാര്‍ക്കും കിട്ടാതെ പാഴായിപ്പോകുന്ന ഈ കോടികളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനാരംഭിച്ചാല്‍ വെട്ടിലാകുന്നത് ഇത് ചെലവഴിക്കാന്‍ നിയോഗിക്കപ്പെട്ട വകുപ്പുമേധാവികള്‍ തന്നെയായിരിക്കുകയും ചെയ്യും. വയനാട്ടിലെ കോളനികളെ പുറത്തുനിന്നും ആരുമെത്താത്ത തരത്തില്‍ അദൃശ്യമായ മതിലുകള്‍ കെട്ടി ഒറ്റപ്പെടുത്തിയാല്‍ പല കള്ളത്തരങ്ങളും പൊളിയാതെ സൂക്ഷിക്കാമെന്ന നേട്ടവും പലര്‍ക്കുമുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ സന്തോഷ് കുമാറും പറയുന്നു. ജലീലിന്റെ കൊലപാതകത്തിനു മുന്നേ തന്നെ കോളനികള്‍ ഇത്തരത്തില്‍ നിരീക്ഷണത്തില്‍ വയ്ക്കപ്പെടുന്നുണ്ടെന്നും, ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു കാരണം മാത്രമാണെന്നുമാണ് സന്തോഷിന്റെ പക്ഷം.

"ജലീലിന്റെ കൊലപാതകത്തിനു ശേഷമല്ല, മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ആരംഭിച്ച സമയത്തു തന്നെ ആദിവാസി ഊരുകള്‍ വലിയ തോതിലുള്ള സര്‍വയിലന്‍സാണ് നേരിടുന്നത്. ഊരുകളില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആദിവാസി ദളിത് അവകാശപ്രവര്‍ത്തകര്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അട്ടപ്പാടിയിലും മറ്റും ഊരുകളിലേക്ക് കടക്കണമെങ്കില്‍ ഐ.ടി.ഡി.പിയുടെ അനുമതി വേണമെന്നാണ് പറയുന്നത്. ഊരുകളില്‍ എന്തു നടക്കുന്നുവെന്നോ അവിടുത്തെ അവസ്ഥകള്‍ എന്താണെന്നോ ആര്‍ക്കും അറിയാനാകാത്ത സ്ഥിതിയാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളൊഴികെ മറ്റാര്‍ക്കും അങ്ങോട്ട് കടക്കാനേ സാധിക്കുന്നില്ല. ജലീലിന്റെ മരണത്തോടെ ഏറ്റവുമധികം കഷ്ടതയനുഭവിക്കാന്‍ പോകുന്നത് അവിടെയുള്ള ആദിവാസികള്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. വിരലിലെണ്ണാവുന്ന അഞ്ചോ ആറോ ഊരുകളില്‍ മാത്രമാണ് മാവോയിസ്റ്റുകള്‍ എത്തുന്നത്. അതിലുമെത്രയോ കുറവാണ് മാവോയിസ്റ്റുകളോട് അല്പമെങ്കിലും അനുഭാവം പ്രകടിപ്പിക്കുന്ന ആദിവാസികളുടെ എണ്ണം. ബാക്കിയെല്ലാ ആദിവാസികള്‍ക്കും ഇവരുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പാണുള്ളത്. ട്രൈബല്‍ മേഖലയില്‍ നടക്കുന്ന വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളുണ്ട്. ചിന്തിക്കാനാകാത്തത്ര കോടി രൂപയാണ് വനവാസികളായ ആദിവാസികളുടെ പേരില്‍ ചെലവഴിക്കപ്പെടുന്നത്. 2000നും 2017നും ഇടയില്‍ ചെലവാക്കിയത് 20,062 കോടി രൂപയാണെന്നാണ് കണക്കുകള്‍. ഇത് ആരാണ് ചെലവാക്കുന്നതെന്നും, എന്തിനെല്ലാമാണ് ചെലവാക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടെന്നതാണ് വാസ്തവം. ആദിവാസി മേഖലകളെല്ലാം സര്‍വലയിന്‍സില്‍ നില്‍ക്കണമെന്നാണ് സ്റ്റേറ്റിന്റെ താല്‍പര്യം. അവിടേക്ക് പുറത്തു നിന്ന് സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും എത്തരുത്. ഇതൊരു അടഞ്ഞ സംവിധാനമായി മാറണം. അതാണ് അവരുടെ അന്തിമമായ ലക്ഷ്യം", - സന്തോഷ്‌ കുമാര്‍ പറയുന്നു.

ആദിവാസി കോളനികളെ എക്കാലത്തും വലിയ പ്രശ്‌നഭൂമികളായി ചിത്രീകരിക്കുക, മാവോയിസ്റ്റുകളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനായി എല്ലാ കോളനികളെയും തത്വത്തില്‍ സ്‌റ്റേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരിക - ഇത്രമാത്രമാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ അജണ്ട എന്ന് ഇവര്‍ ധരിച്ചുപോയാല്‍ അതില്‍ തെറ്റുകാണാനും സാധിക്കില്ല. മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് രാഷ്ട്രീയക്കാര്‍ ഘോരഘോരം വാദിക്കുന്ന അതേ ആദിവാസി ജനതയാണ് ഈയൊരു പ്രശ്‌നത്തിന്റെ പേരില്‍ വര്‍ഷങ്ങളായി സഞ്ചാര സ്വാതന്ത്ര്യവും സമൂഹമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതിനോടു മല്ലിടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്ര രൂക്ഷമായി മാവോയിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴും, തങ്ങളുടെ സ്വൈര്യജീവിതത്തിനായി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഒരുമിച്ച് കാടിറങ്ങണം എന്നുതന്നെയാണ് ഇവരുടെ ആവശ്യം. സ്വയം ഭരണത്തെ ആദിവാസികളുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമങ്ങളും വനാവകാശനിയമങ്ങളുമടക്കം കൊണ്ടുവന്നിട്ടും, ഇതിന്റെ ഗുണഭോക്താക്കളാകേണ്ടവര്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ലാത്ത കാര്യം അമ്മിണി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അടിസ്ഥാന നിയമസാധ്യതകളെക്കുറിച്ച് സ്വന്തം ജനതയെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശവുമായി കാടുകയറുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെ മാറ്റി നിര്‍ത്തുന്നുണ്ടെങ്കില്‍, അത് അവകാശ നിഷേധമല്ലാതെ മറ്റെന്താണെന്നും അമ്മിണി ചോദിക്കുന്നു. സ്വന്തം സമുദായത്തിലെ ആളുകള്‍ക്കിടയില്‍പ്പോലും ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് വയനാട് നീങ്ങുന്നതെന്ന് ആശങ്കപ്പെടുന്ന അമ്മിണിക്ക്, അടുത്തിടെ തനിക്കുണ്ടായ ഒരു അനുഭവവും ഉദാഹരണമായി ചൂണ്ടിക്കാട്ടാനുണ്ട്.

"2012-13 കാലഘട്ടത്തില്‍ 652 കോടി രൂപയാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിക്കാനായി വയനാട് ജില്ലയില്‍ മാത്രം വകയിരുത്തിയത്. അക്കാലത്ത് വനാവകാശ നിയമത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍. നെന്മേനി പഞ്ചായത്തിലെ നമ്പ്യാര്‍ കുന്ന്, കല്ലൂര്‍ ഊരുകളിലെ സ്വയംസഹായ സംഘങ്ങളിലേക്ക് ഞാന്‍ പോകുമായിരുന്നു. ആദിവാസി ഐക്യ സമിതിയുടെ സെക്രട്ടറി എന്ന നിലയ്ക്കായിരുന്നു പോയത്. അവിടെ വച്ചാണ് ഞാന്‍ മാവോയിസ്റ്റാണെന്നു പറഞ്ഞ് തടഞ്ഞുവയ്ക്കുന്നത്. എന്റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് ഞാനും ധൈര്യത്തില്‍ തന്നെ നിന്നു. കോളനിക്കാരും എന്റെ പക്ഷത്തുണ്ടായിരുന്നു. റോഡിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും കോളനിയിലെ വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാന്‍ മെനക്കെടാത്ത പഞ്ചായത്ത് അധികൃതരാണ്. 25-ഓളം കുടുംബങ്ങള്‍ക്ക് അവിടെ കുടിവെള്ളമില്ലായിരുന്നു. നല്ല വിദ്യാഭ്യാസം കിട്ടുന്നില്ലായിരുന്നു. ഞങ്ങളുടെ കമ്മറ്റിയിലാണ് ഇവര്‍ ഇവരുടെ പ്രശ്‌നങ്ങളെല്ലാം പറയുന്നത്. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥനെതിരെ കേസും എടുത്തിരുന്നു. തിരുവനന്തപുരം വരെ പോയി കേസു നടത്താന്‍ വയ്യാതിരുന്നതിനാല്‍ കോളനിക്കാര്‍ അതുപേക്ഷിച്ചു. പരാതിക്കാര്‍ക്ക് മാത്രം വീടുകള്‍ ശരിയാക്കിത്തരാം, കേസ് പിന്‍വലിക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു", ഇത്തരം ധാരാളം സമാന്തര പോരാട്ടങ്ങളാണ് വയനാട്ടിലെ ഓരോ ആദിവാസി കോളനികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാവോയിസ്റ്റു വേട്ട എന്ന പേരില്‍ ഇപ്പോള്‍ നടപ്പില്‍ വരുത്തുന്ന സുരക്ഷയും നിരീക്ഷണങ്ങളും ഇല്ലാതെയാക്കുന്നത് ഇത്തരം അസംഖ്യം ഇടപെടലുകളെയാണ്.

ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന ഈ മെല്ലെപ്പോക്ക് നയവും സാമ്പത്തിക ക്രമക്കേടുകളും പുറംലോകമറിയാതിരിക്കാനാണ് പോലീസ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അമ്മിണിക്ക് മുന്നോട്ടുവയ്ക്കാനുള്ളത്. മാവോയിസ്റ്റുകളെ ആദിവാസികളുടെ പ്രാഥമിക വെല്ലുവിളിയായി പരിഗണിക്കുന്ന അധികൃതര്‍ പക്ഷേ, അടിസ്ഥാനപരമായി ഇവര്‍ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രം ആശങ്കാകുലരല്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഊരുകൂട്ടങ്ങള്‍ പ്രത്യേകമായിത്തന്നെ നടക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും, മിക്കയിടത്തും അതാത് ഗ്രാമസഭകള്‍ക്കൊപ്പമാണ് അവ പേരിനു നടന്നുപോകാറ്. മാത്രമല്ല, ഗ്രാമസഭകളില്‍ പങ്കെടുക്കാനും സംസാരിക്കാനുമെത്തുന്ന ആദിവാസികളോട് വിവേചനപരമായ പെരുമാറ്റമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ആദിവാസികള്‍ എത്രതന്നെ ആവര്‍ത്തിച്ചു പറഞ്ഞാലും, അവരുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാറില്ല. ഗ്രാമസഭയില്‍ മാറ്റിനിര്‍ത്തിയാണ് ചായ പോലും കൊടുക്കാറുള്ളതെന്നും ഊരില്‍ നിന്നുള്ളവര്‍ പരാതിപ്പെടുന്നുണ്ട്. ആദിവാസികളെ സംരക്ഷിക്കാന്‍ ബദ്ധശ്രദ്ധരായവര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യത്തിനു മാത്രം ആരുടെ പക്കലും വ്യക്തമായ ഉത്തരങ്ങളില്ല.

വയനാട്ടില്‍ മാത്രമല്ല, അട്ടപ്പാടിയിലും നിലമ്പൂരിലും തുടരുന്ന നിരീക്ഷണം

വര്‍ഷങ്ങളായി നിലനിന്നു പോന്നിരുന്ന ഈ പ്രശ്‌നം വയനാട്ടില്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവരുന്നത് സി.പി. ജലീലിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും, സമാനമായ ധാരാളം വിഷയങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളയിടങ്ങള്‍ വേറെയുമുണ്ട് കേരളത്തില്‍. അട്ടപ്പാടിയിലെ സൈലന്റ് വാലി ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള ഊരുകള്‍, നിലമ്പൂരിലെ കാട്ടുനായ്ക്കര്‍ വിഭാഗങ്ങള്‍ താമസിക്കുന്ന ഉള്‍ക്കാട്ടിലെ കോളനികള്‍ എന്നിങ്ങനെ, ഊരുകളില്‍ നിന്നുള്ളവരും പോലീസുകാരും രാഷ്ട്രീയക്കാരുമൊഴികെ മറ്റാര്‍ക്കും പ്രവേശനം സാധ്യമാകാത്ത അനവധി സെറ്റില്‍മെന്റുകള്‍ വയനാടിനു പുറത്തുമുണ്ട്. അവിടങ്ങളിലെല്ലാം തീര്‍ത്തും ഒറ്റപ്പെട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെയും കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരുമുണ്ട്. ആദിവാസികള്‍ക്കു വേണ്ടി ഓരോ ബജറ്റിലും പ്രഖ്യാപിക്കപ്പെടുന്ന കോടികളുടെ കണക്കുകള്‍ പോലുമറിയാതെ, ലഭ്യമായ വിഭവങ്ങളില്‍ നിന്നും ജീവിതം കെട്ടിപ്പടുത്തു മുന്നോട്ടു പോകുന്നവരാണവരും. മാവോയിസ്റ്റു ഭീഷണി എന്ന നറേറ്റീവ് ഇവരെയാണ് യഥാര്‍ത്ഥത്തില്‍ ഇരകളാക്കുന്നത്.

Also Read: കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരന്‍ ഇസ്മയില്‍ ഇപ്പോഴും പൂനെ ജയിലില്‍; അറസ്റ്റിലായത് മുരളി കണ്ണമ്പള്ളിക്കൊപ്പം

നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കാട്ടുനായ്ക്ക സമൂഹത്തില്‍ നിന്നുതന്നെയുള്ള ചിത്രയ്ക്കും ഇത്തരം അനവധി അനുഭവങ്ങളാണ് പറയാനുള്ളത്. ഉള്‍ക്കാടുകളില്‍ നിന്നും പുറത്തുവരാതെ ജീവിക്കുന്ന ഇവരുടെ കുടുംബങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തി സ്‌കൂളുകളിലെത്തിക്കാനുള്ള ചിത്രയുടെ ശ്രമങ്ങള്‍ക്ക് പലപ്പോഴും തുരങ്കം വച്ചിട്ടുള്ളത് ഇതേ മാവോയിസ്റ്റു ഭീഷണിക്കഥയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചുകാരും ഫോറസ്റ്റുകാരും ഇത്തരത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്ന് ചിത്ര പറയുന്നു. "കുമ്പളപ്പാറ എന്ന കോളനിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളയാളാണ് ഞാന്‍. ജോലിയും ആഹാരവുമൊന്നുമില്ലാതെ വളരെ കഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടമാളുകളാണ്. അവര്‍ക്കൊപ്പം താമസിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ പറയുന്ന പോലീസോ ഫോറസ്റ്റുകാരോ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമോ? എങ്കില്‍ മാറിനില്‍ക്കാന്‍ ഞങ്ങള്‍ക്കും സന്തോഷമേയുള്ളൂ. ഇപ്പോള്‍ ഇവര്‍ക്ക് സഹായവുമായെത്തിയാല്‍ ഫോറസ്റ്റുകാര്‍ തടയും. സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ക്ക് എന്നെ അറിയാവുന്നതുകൊണ്ട് തടയില്ലെങ്കിലും, നിറയെ ചോദ്യങ്ങളാണ്. പിന്നെ അന്ന് അവരുടെ കോളുകളേ കാണുള്ളൂ. കണ്ടങ്കല്ല് കോളനി, അളയ്ക്കല്‍ കോളനി എന്നിങ്ങനെ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കോളനികലേക്ക് ഇപ്പോള്‍ എനിക്ക് പ്രവേശനമില്ല. മാവോയിസ്റ്റു ഭീഷണി എന്നുതന്നെയാണ് കാരണം പറയുന്നത്. ഈ സ്ഥലങ്ങളിലൊക്കെ വെള്ളവും വൈദ്യുതിയുമില്ലാതിരുന്ന കാലത്ത് എവിടെയായിരുന്നു ഇവര്‍? എല്ലാ തിരിച്ചറിയല്‍ രേഖകളുമുണ്ടായിട്ടും എനിക്കൊപ്പമെത്തിയ ഗവേഷകവിദ്യാര്‍ത്ഥിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചിരുത്തി ചോദ്യം ചെയ്ത് ഫോട്ടോയുമെടുത്താണ് ഒരിക്കല്‍ തിരിച്ചുവിട്ടത്. മാവോയിസ്റ്റാണോ എന്ന് പരിശോധിച്ചതാണ്. വല്ലാതെ വിഷമിച്ചാണ് അവര്‍ തിരിച്ചു പോയത്. അതേസമയം, പല കോളനികളിലും മാവോയിസ്റ്റുകാര്‍ ഇടയ്ക്കിടെ വന്ന് സംസാരിച്ചു പോകുന്നുണ്ടെന്ന് കോളനിക്കാര്‍ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. അതു തടയാനോ പിടിക്കാനോ ചോദിക്കാനോ ഒന്നും ഇവര്‍ക്ക് വയ്യ."

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളെയും ബിസിനസ്സുകാരുടെ സംഘാംഗങ്ങളെയും ആവശ്യമനുസരിച്ച് കയറ്റിവിടുന്ന സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍, കോളനിയ്ക്കകത്തെ കേസുകള്‍ അറിഞ്ഞ് അന്വേഷിക്കാനെത്തുന്ന തങ്ങളെ തടയുന്നത് എന്തിനാണെന്ന് ചിത്രയ്ക്കറിയില്ല. മുന്‍ എസ്.സി പ്രമോട്ടര്‍ കൂടിയായിരുന്ന ചിത്രയ്ക്ക് തന്റെ ജന്മനാട്ടില്‍ ഇതാണ് അവസ്ഥയെങ്കില്‍, പുറംലോകവുമായി ബന്ധമില്ലാതെ, അവകാശങ്ങളെക്കുറിച്ച് അജ്ഞരായി ആദിവാസി സമൂഹത്തിന്‍ ഭൂരിഭാഗവും തുടരുന്നതില്‍ ഒട്ടും അത്ഭുതവുമില്ല. അപ്പന്‍കാപ്പ് കോളനിക്കാരിയായ ചിത്രയ്ക്ക് കുമ്പളപ്പാറയില്‍ എന്തുകാര്യം എന്നു ചോദിക്കുമ്പോള്‍, അതിന് അവര്‍ക്കുകൂടി ബോധ്യപ്പെടുന്ന ഒരു ഉത്തരം നല്‍കേണ്ടിവരുന്ന ഗതികേടില്‍ നിന്നും മുക്തിയുണ്ടാകണമെന്നാണ് ചിത്രയ്ക്കും പറയാനുള്ളത്. എവിടെയാണ് ഇന്നു പോയത്, അവിടെപ്പോയി എന്തെല്ലാം സംസാരിച്ചു, ക്ലാസ്സെടുത്തോ, എത്രപേര്‍ പങ്കെടുത്തു, പരിപാടിയുടെ നോട്ടീസ് അയച്ചുതരാമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ദിനംപ്രതി ധാരാളം കേള്‍ക്കുന്നവരാണ് ചിത്രയും ഒപ്പമുള്ളവരും. "സ്‌കൂള്‍ ഡ്രോപ്പൗട്ടുകളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് അയച്ചു കൊടുക്കാനെത്തിയ കിര്‍ത്താഡ്‌സിലെ കുട്ടികളെ, കത്തുണ്ടായിട്ടും കയറ്റിവിടാതെ തിരിച്ചയച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് എന്തെങ്കിലും സഹായം കിട്ടുന്ന കാര്യമായേനെ അത്. അതും ഇല്ലാതെയാക്കി. രാഷ്ട്രീയക്കാരുടെയും മറ്റ് അധികൃതരുടെയും ക്രമക്കേടുകള്‍ നമ്മള്‍ തിരിച്ചറിയുമെന്ന ഭയമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോളനിക്കാര്‍ ആവശ്യപ്പെട്ടാല്‍പ്പോലും അവരുടെ വീടുകളിലേക്ക് ആരെയും കടത്തിവിടില്ല. ഇങ്ങനെയാണെങ്കില്‍ കാട്ടുനായ്ക്കര്‍ പൂര്‍ണമായും നശിച്ചുപോകും. രാഷ്ട്രീയക്കാര്‍ മാത്രമാണ് ഇപ്പോള്‍ അവരെ സന്ദര്‍ശിക്കുന്നത്. നാളിതുവരെ ഏതെങ്കിലും ആദിവാസി കോളനികളില്‍ നിന്നും മാവോയിസ്റ്റുകള്‍ പിടിയിലായിട്ടുള്ളതായി അറിയാമോ? എല്ലാവരും നാട്ടില്‍ നിന്നല്ലേ പിടിയിലായിട്ടുള്ളത്? പാട്ടക്കരിമ്പ് കോളനിയില്‍ പോലീസിന്റെ ശല്യം കാരണം പെണ്‍കുട്ടികള്‍ക്ക് മറ്റു കോളനികളില്‍ നിന്നും നല്ല വിവാഹങ്ങള്‍ പോലും നടക്കുന്നില്ലെന്ന പരാതികള്‍ വരെ ഉണ്ടായിട്ടുണ്ട്. കോളനിയില്‍ മാവോയിസ്റ്റുകളെ പൂട്ടിയിട്ട പോലെയാണ് ഇവരുടെ പരിശോധന. എന്നാല്‍ മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസവും കോളനിയിലെത്തി അരി വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്. അവര്‍ ആരെയും ഭീഷണിപ്പെടുത്തിയതായി കേട്ടിട്ടില്ല. ശല്യം ചെയ്യുന്നുണ്ടെന്നൊക്കെ പോലീസ് പറയുന്നതാണ്. അത്രയധികം ഫണ്ടല്ലേ സുരക്ഷയ്ക്കായി വരുന്നത്. അതാരെങ്കിലും വെറുതേ കളയുമോ?"

'കാടിറങ്ങണം, മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും'

മാവോയിസ്റ്റ്-ആദിവാസികള്‍-പോലീസ് എന്നീ ത്രികോണ വ്യവഹാരം വയനാടിന്റെ സാമൂഹ്യഭൂപടത്തില്‍ അടയാളപ്പെട്ടിട്ട് കാലം കുറേയായെങ്കിലും, അവകാശപ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ക്കപ്പുറത്തേക്ക് ഈ വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്തിയിട്ടില്ല. മാവോയിസ്റ്റ് ബാധിത മേഖലയായി ഒരു പ്രദേശത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, പിന്നീട് പരിശോധനകളും നിരീക്ഷണങ്ങളും നടക്കുക ആ മേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ്. മാവോയിസ്റ്റുകള്‍ അരിയും മറ്റ് അവശ്യവസ്തുക്കളും ആവശ്യപ്പെട്ടും, ക്ലാസ്സുകള്‍ എടുക്കാനും നോട്ടീസ് വിതരണത്തിനും മറ്റുമായി കോളനികളില്‍ എത്താറുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍, മാവോയിസ്റ്റു വേട്ട എന്ന പേരില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചും, ആദിവാസി ഊരുകളെ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമാകാവുന്ന ഒരു സംഘര്‍ഷഭൂമിയാക്കി ചിത്രീകരിച്ചും പോലീസ് നടത്തിപ്പോരുന്നതും സമാനമായ ഇടപെടല്‍ തന്നെയാണെന്ന് ജില്ലയിലെ ഏത് അവകാശ പ്രവര്‍ത്തകരും നിസ്സംശയം പറയും. ഈ ബലാബലത്തിനിടയില്‍പ്പെട്ട് വിമ്മിഷ്ടപ്പെടുന്നതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതും ആദിവാസികളുടേതു തന്നെ. ആദിവാസികളുടെ നന്മയ്ക്ക് എന്ന പേരില്‍ മാവോയിസ്റ്റുകളും പോലീസും ചെയ്യുന്നതെല്ലാം വിപരീതഫലമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നു ചുരുക്കം. ഉത്തരേന്ത്യന്‍ മാവോയിസ്റ്റ് ബെല്‍റ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ മരിച്ചു വീഴുന്നതും, ഇവരെ നേരിടാനായി റിക്രൂട്ട് ചെയ്യപ്പെട്ട് ഒടുവില്‍ ഇവരുടെ കൈയാല്‍ മരണപ്പെടുന്ന പോലീസുകാരും - രണ്ടുകൂട്ടരും ആദിവാസി സമൂഹത്തില്‍ നിന്നുമുള്ളവരാണ്. ഇത്രകണ്ട് സങ്കീര്‍ണമല്ലെങ്കിലും, ഇതിന്റെ ചെറിയൊരു രൂപം തന്നെയാണ് വയനാട്ടില്‍ അരങ്ങേറുന്നതും.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

എന്നാല്‍, മാവോയിസ്റ്റ് ആശയങ്ങളോടും ഊരിലെത്തുന്ന മാവോയിസ്റ്റുകളോടും ആദിവാസി വിഭാഗങ്ങളുടെ നിലപാട് എന്താണ്? ആദിവാസികള്‍ മാവോയിസ്റ്റു സംരക്ഷകരാണെന്ന കഥ പടച്ചു വിടുന്നവര്‍ അതെങ്കിലും അന്വേഷിക്കേണ്ടതുണ്ട്. അരിയും സാധനങ്ങളും ആവശ്യപ്പെട്ടെത്തുന്നവര്‍ക്ക് അതു നല്‍കുന്നുണ്ടെന്നതൊഴിച്ചാല്‍, വയനാട്ടിലെ ആദിവാസികളാരും വലിയ തോതില്‍ മാവോയിസ്റ്റു രാഷ്ട്രീയം പിന്‍പറ്റിയിട്ടില്ല. സ്വൈര്യജീവിതം മാത്രമാഗ്രഹിക്കുന്ന അവര്‍ ഒരു കാലത്തും സായുധ വിപ്ലവത്തിനായി കച്ചകെട്ടിയിറങ്ങിയിട്ടുമില്ല. എന്നിട്ടും ആദിവാസികള്‍ക്ക് സ്റ്റഡി ക്ലാസ്സുകള്‍ കൊടുക്കാനായി ഊരുകളിലെത്തുന്ന മാവോയിസ്റ്റുകളെക്കുറിച്ച് സന്തോഷ് പറയുന്നതിങ്ങനെ: "മാവോയിസ്റ്റുകളുടെ രാഷ്ട്രീയ നിലപാടിനെയോ സത്യസന്ധതയെയോ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അവരുടെ ഇടപെടല്‍ മൂലം ആദിവാസികള്‍ ഇരകളാക്കപ്പെടുകയും കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുകയാണെന്നെങ്കിലും തിരിച്ചറിയണം. മാവോയിസ്റ്റ് രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഇതുവരെ നിലനില്‍പ്പുണ്ടായിട്ടില്ല. ടാറ്റയെപ്പോലുള്ള വ്യവസായ ഭീമന്മാര്‍ ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ബെല്‍റ്റുകളിലല്ലേ കമ്പനികള്‍ പണിയുന്നത്? 'ലിബറേറ്റഡ് ഏരിയയില്‍' എങ്ങനെയാണിത് സാധിക്കുന്നത്? കേരളത്തിലാണെങ്കില്‍ ഇവര്‍ക്ക് ഒരു സാധ്യതയുമില്ല. 2000-നു ശേഷം 38,000-ഓളം കുടുംബങ്ങള്‍ക്കാണ് ഭൂമി വിതരണം ചെയ്യപ്പെട്ടത്. ഇതു നേടിയെടുത്തതൊന്നും സായുധ വിപ്ലവത്തിലൂടെയല്ല. വനാവകാശനിയമവും ആ വഴിക്ക് വന്നതല്ല. ആദിവാസികള്‍ ജനാധിപത്യ വ്യവസ്ഥയില്‍ അവരുടെ സ്ഥാനം ഉറപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്ന കാലഘട്ടത്തിലാണ് ഇവര്‍ തോക്കെടുത്ത് കാട്ടില്‍ പോകുന്നത്. എന്തു തരം വിപ്ലവത്തെക്കുറിച്ചാണ് ഇവര്‍ ഈ പറയുന്നത്? വളരെ ഇമ്മോറലായി വീട്ടില്‍ക്കേറി ചോദിക്കാതെയും പറയാതെയും സാധനമെടുത്തു കൊണ്ടുപോകുന്നുണ്ട്. പേടിച്ചിട്ടാണ് ആദിവാസികള്‍ എതിര്‍ത്തൊന്നും പറയാത്തത്. അട്ടപ്പാടിയില്‍ ഇന്നേവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ കഞ്ചാവു വേട്ടകള്‍ നടന്നിട്ടുള്ളത് അവിടുത്തെ മാവോയിസ്റ്റു മേഖലകളിലാണ്. പുറത്തു നിന്നും ആളെ കയറ്റാതെ ഊരുകളെ സര്‍വയിലന്‍സില്‍ വച്ചിരിക്കുന്നത് മാവോയിസ്റ്റുകള്‍ക്കും പോലീസിനും സൗകര്യമാണ്. അടിസ്ഥാനപരമായി ആദിവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇവരെല്ലാം ഉണ്ടാക്കിവച്ചിരിക്കുന്നത്. ജലീലിന്റെ മരണത്തില്‍ മനംനൊന്തു കരയുന്ന ആദിവാസികള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് ചിലര്‍ ചിത്രങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. അവരത് കാര്യമായി ആഘോഷിക്കുകയും ചെയ്തു. ആദിവാസികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം ഇങ്ങനെയാണെന്നല്ലേ പൊതു സമൂഹം കരുതുക? മാധ്യമപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്."

പോലീസിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ തള്ളിപ്പറയുന്ന നിലപാടാണ് ഇക്കാര്യത്തില്‍ ആദിവാസി അവകാശപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും എടുത്തിട്ടുള്ളത്. നേരത്തേയുണ്ടായിരുന്ന വിഷയം ഒന്നുകൂടി രൂക്ഷമാകുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്നും, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പോലും മറ്റുള്ള ഊരുകളിലേക്ക് പ്രവേശനം വിലക്കുന്ന നടപടികള്‍ കേരളത്തിലെല്ലായിടത്തും സാധാരണമായിത്തന്നെ നടക്കുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകന്‍ എം. ഗീതാനന്ദനും പറയുന്നുണ്ട്. ആദിവാസി അവകാശ പ്രവര്‍ത്തകരെയും ഊരുകളില്‍ നിന്നുള്ള സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിട്ടുള്ള ഈ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താനായി വ്യാപകമായ ക്യാംപെയിനുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗീതാനന്ദനും സംഘവും. "അട്ടപ്പാടിയിലെ ഊരുകളിലടക്കം രണ്ടു കൂട്ടരെക്കൊണ്ടും ആദിവാസികള്‍ക്ക് ബുദ്ധിമുട്ടാണ്. മാവോയിസ്റ്റുകളെയും അകറ്റി നിര്‍ത്താനാണ് അവര്‍ക്ക് താല്‍പര്യം. ഈയിടെ ഒരു ഊരിലെത്തിയപ്പോള്‍ അവിടെ നിന്നും സാധനങ്ങള്‍ എടുത്തുകൊണ്ടുപോയതായി പരാതികള്‍ കേട്ടിരുന്നു. പോലീസിനും ഈ സാഹചര്യം തുടരണമെന്നാണ് രഹസ്യമായ ആഗ്രഹം. എന്നാലല്ലേ ഇവര്‍ക്ക് കോളനികള്‍ക്കു മേല്‍ അധികാരപ്രകടനം നടത്താനാകുകയുള്ളൂ. കാര്യമായ സോഷ്യോ പൊളിറ്റിക്കല്‍ വര്‍ക്കൊന്നും മാവോയിസ്റ്റുകള്‍ ഇവിടങ്ങളില്‍ ചെയ്യുന്നതായിട്ടും അറിവില്ല. പക്ഷേ അവരുടെ സാന്നിധ്യമറിയിക്കാന്‍ തെരഞ്ഞെടുക്കുന്നത് മിക്കപ്പോഴും ആദിവാസി ഊരുകളാണ്. ഇവര്‍ കാണിക്കുന്ന തികച്ചും അധാര്‍മികമായിട്ടുള്ള പരിപാടിയാണിത്. അങ്ങനെ പോലീസ് കോളനികളെ വലയം ചെയ്യുന്നു, പ്രശ്‌നമുണ്ടാകുന്നു. മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും കാടുവിട്ടിറങ്ങണം എന്നാവശ്യപ്പെട്ട് ശക്തമായ ഒരു ക്യാംപയിന്‍ തന്നെ തുടങ്ങാന്‍ ആലോചനയുണ്ട്."

സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി അവകാശ പ്രവര്‍ത്തകനായ ബിജുവും സംഘവും, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ മത്സരിപ്പിക്കാന്‍ തുനിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജയിച്ചില്ലെങ്കില്‍പ്പോലും, ഇത്തരം പ്രശ്‌നങ്ങളിലുള്ള ആദിവാസി വിഭാഗത്തിന്റെ പ്രതിഷേധമറിയിക്കാനെങ്കിലും ഒരു സ്ഥാനാര്‍ത്ഥിത്വം ആവശ്യമാണെന്നാണ് ബിജുവിന്റെ പക്ഷം.

തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് 'സുരക്ഷ' ശക്തിപ്പെടുത്തുന്നതിലും ആദിവാസി ജനതയ്‌ക്കോ അവകാശപ്രവര്‍ത്തകര്‍ക്കോ എതിര്‍പ്പില്ല. ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഭീമമായ തുകകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, സംരക്ഷണത്തിന്റെ പേരില്‍ അധികാരം സ്ഥാപിച്ച് ഒറ്റപ്പെടുത്തുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്നതുമാണ് ഇവരുടെ ആവശ്യം. വനഭൂമിയും വനവിഭവങ്ങളും തങ്ങളുടെ അവകാശങ്ങളാണെന്നും, അവിടെ സ്വൈര്യമായി ജീവിക്കാനുള്ള ആഗ്രഹത്തെ ഹനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായിക്കൂടാ എന്നും മാത്രം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വൈത്തിരിയിലെയും മേപ്പാടിയിലെയും മാനന്തവാടിയിലെയും ബത്തേരിയിലെയുമെല്ലാം ആദിവാസി കോളനികളില്‍ നിന്നും ഇത്തരം പരാതികളും ആരോപണങ്ങളും വ്യാപകമായി ഉയരുമ്പോഴും, അവയെല്ലാം നിഷേധിക്കുകയാണ് വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. തങ്ങള്‍ അത്തരം ആവര്‍ത്തിച്ചുള്ള പരിശോധനകളോ, കോളനിയിലുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്കു വളര്‍ന്നിട്ടുള്ള നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പക്ഷം. "കോളനികളില്‍ അത്തരം റിസ്‌കുകളൊന്നുമില്ല. അവിടേക്ക് ആളുകള്‍ക്ക് പോകുന്നതിനോ വരുന്നതിനോ നിയന്ത്രണങ്ങളില്ല. അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല. പലരും അങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്. അതില്‍ കാര്യമൊന്നുമില്ല" എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രതികരണം. ഈ പ്രതികരണത്തോട് യോജിച്ചു പോകാത്ത സാക്ഷ്യങ്ങളാണ് പക്ഷേ, പല കോളനികളില്‍ നിന്നും ലഭിക്കുന്നത്.

അടിയന്തിര പ്രാധാന്യം വേണ്ട വിഷയങ്ങളെ തിരിച്ചറിഞ്ഞ് അധികൃതര്‍ വിവേചന ബുദ്ധിയോടെ പെരുമാറുമെന്ന പ്രതീക്ഷ പണ്ടേ അസ്തമിച്ചു പോയതാണ് വയനാട്ടിലെ അവകാശപ്രവര്‍ത്തകര്‍ക്ക്. "വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ മഞ്ഞള എന്ന ആദിവാസി സ്ത്രീയ്ക്ക് പിന്നെയും എത്രയോ കാലം രജിസ്റ്ററില്‍ പേരും ചേര്‍ത്ത് ശമ്പളവും കൈപ്പറ്റിയിട്ടുള്ള സ്ഥാപനമാണ് ഇവിടത്തെ പൂക്കോട് വെറ്റിനറി സര്‍വകലാശാല. താന്‍ ജീവിച്ചിരുന്ന സ്ഥലം ഏറ്റെടുത്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീയ്ക്ക് ലഭിച്ച ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം പോലും തട്ടിപ്പു കാണിച്ച് മറിച്ചുവാങ്ങിച്ച അധികൃതരില്‍ നിന്നും കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്?" അമ്മിണിയുടെ ചോദ്യം വയനാട്ടിലെ നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഫണ്ട് തട്ടിക്കാനുള്ള വഴിയായി മാവോയിസ്റ്റു വേട്ടകളെ കാണുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും, താഴേക്കിടയിലുള്ള ജനതയ്ക്കു മേല്‍ ഇരുവിഭാഗങ്ങളും നടത്തുന്ന കടന്നുകയറ്റത്തിന് അറുതിവേണമെന്നാണ് അവകാശപ്രവര്‍ത്തകരുടെ വാദം.


Next Story

Related Stories