UPDATES

ട്രെന്‍ഡിങ്ങ്

കേരള കോണ്‍ഗ്രസ് പതിനൊന്നാം പിളര്‍പ്പിലേക്ക്?

പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള കരുക്കള്‍ മാണി വിഭാഗവും നീക്കി തുടങ്ങി.

പി.ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് ഏബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെതിരെ കേരള കോൺഗ്രസിലെ പ്രതിഷേധം ശക്തമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം കമ്മീഷന് കത്ത് നൽകിയ വാർത്ത പുറത്ത് വന്നതോടെ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ് എന്നിവർ വാർത്താസമ്മേളനം വിളിച്ചു ചേർത്ത് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തത് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പാർട്ടി ചെയർമാനും നിയമസഭാ കക്ഷി നേതാവും ആയിരുന്ന കെ.എം മാണിയുടെ സീറ്റ്‌ സ്പീക്കർ പി ജെ ജോസഫിന് അനുവദിച്ചത് താത്കാലികമായാണ്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നേതാവിനെ തിരഞ്ഞെടുക്കണം എന്ന നിബന്ധന ആണുള്ളത്. അതിനിടെ പി.ജെ ജോസഫിനെ പോലെ ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്ര ഗുരുതരമായ അച്ചടക്ക ലംഘനം പ്രതീക്ഷിച്ചില്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

അതേസമയം പാലായിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകർ ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു. ചെരുപ്പ് മാല അണിയിച്ചാണ് പ്രവർത്തകർ പാലാ നഗരത്തിൽ ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചത്. കേരള കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി ആദിക്കാട് മനോജ് ഈ കത്ത് പരിഗണിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മോൻസ് ജോസഫും സി.എഫ് തോമസും അടക്കം മൂന്നു എംഎൽഎ മാരുടെ പിന്തുണയുള്ള ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിക്കാൻ ഒരുക്കമല്ലെന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. കോൺഗ്രസിലും ലീഗിലും ഒന്നും സംസ്ഥാന കമ്മിറ്റിയെ വോട്ടിനിട്ടല്ലല്ലോ തിരഞ്ഞെടുക്കുന്നത് എന്ന ന്യായമാണ് അവർ ഉന്നയിക്കുന്നത്. ലയന സമയത്ത് താൻ മാണിയോട് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടപ്പോൾ, ഔസേപ്പച്ചാ, ഞാനല്ലേ സീനിയർ… ഞാൻ ചെയർമാനാകാം എന്നാണ് പറഞ്ഞത് എന്ന് നിയമസഭയിൽ വെച്ച് കഴിഞ്ഞ ദിവസം പി ജെ ജോസഫ് പറഞ്ഞതുതന്നെ എതിരാളികൾക്കുള്ള ഒളിയമ്പ് ആയിരുന്നു എന്ന് വ്യക്തം.

ജോസഫിനെ നടപടികളിൽ കടുത്ത അമർഷം ഉണ്ടെങ്കിലും ജോസ് കെ മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷം ആയി മാത്രമേ കണക്കാക്കാനാകൂ എന്നതിനാലാണ് പാർട്ടിയിലെ അസഹിഷ്ണുത സഹിച്ചും തുടരുന്നത് എന്നാണ് സൂചന. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് (എം) അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും. പാർട്ടിയിൽ ഇനി ഒരു പിളർപ്പ് ഉണ്ടായാൽ ജോസഫിനൊപ്പം നിൽക്കുന്നവരെ ഔദ്യോഗിക വിഭാഗമായി അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ജോസഫ് പക്ഷം നടത്തിയത് എന്നും കരുതാം. ഉപതെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയും തർക്കം അണിയറയിൽ മുറുകുന്നതായി സൂചനയുണ്ട്.

പദവികൾ പിടിച്ചെടുക്കാൻ തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് ഇരുവിഭാഗങ്ങളും

പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള കരുക്കള്‍ മാണി വിഭാഗവും നീക്കി തുടങ്ങി. സംസ്ഥാന കമ്മിറ്റിയിലുള്ള 435 അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ ഒപ്പ്‌ ശേഖരിച്ച് പിന്തുണ ഉറപ്പാക്കാൻ ബുധനാഴ്ച രാവിലെ മുതൽ മാണി വിഭാഗം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതായി വാർത്ത പുറത്ത് വന്നത്. പിളർന്നും വളർന്നും മുന്നേറിയ കേരള കോൺഗ്രസ് പാർട്ടിയുടെയും കെഎം മാണിയുടെയും ഓരോ ചലനങ്ങൾക്കും സാക്ഷിയായിരുന്ന പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്ന് വിജനമായി കിടക്കുമ്പോൾ രാഷ്ട്രീയ ചർച്ചകൾക്കും യോഗങ്ങൾക്കും തീരുമാനങ്ങൾക്കുമായി പുതിയ തട്ടകം തേടുകയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ തുടർന്നുള്ള യോഗങ്ങൾ കൊച്ചിയിൽ വച്ച് ആയിരിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഇനിയും രണ്ടായി പിളരുമോ രണ്ടില?

1960-കളുടെ ആദ്യ പാദത്തിൽ‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോൺഗ്രസ് പിറവികൊണ്ടത്. പിറ്റി ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് കെ എം ജോർജിനെ നേതൃത്വത്തിൽ ഒരു സംഘം കേരള കോൺഗ്രസ് എന്ന മറ്റൊരു സംഘടന രൂപീകരിക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ പിൽക്കാലത്തെ ഗതിവിഗതികളെ‍ ആകെ മാറ്റിമറിക്കാൻ പര്യാപ്തമായ ആ നാന്ദി കുറിച്ചത് തിരുനക്കര മൈതാനത്ത് വെച്ച് മന്നത്ത് പത്മനാഭൻ ആയിരുന്നു. എന്നാൽ 1964 മുതൽ ഇന്നോളമുള്ള കേരള കോൺഗ്രസിന്റെ ചരിത്രം 10 പിളർപ്പുകളുടേത് കൂടിയാണ്.

1977-ല്‍ ആദ്യം പുറത്തുപോയ ആർ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിച്ചു.

1979-ല്‍ രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റിപ്പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് (എം) രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി.

1982- മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി

1985 – പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ‍

1987 – അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ

1993 – മാണിയുമായി തെറ്റിപ്പിരിഞ്ഞ ടി.എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു.

1996- അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് (ബി) പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി.

2001 – മാണിയുമായി തെറ്റിപ്പിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി. 2004 ൽ എൻഡിഎക്കൊപ്പം കൂടി തോമസ്‌ കേന്ദ്രത്തില്‍ സഹമന്ത്രിയുമായി. ഇതാണ് ആറാമത്തെ പിളർപ്പ്

2003 – അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി.സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു

2005 – പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി

2007 – കെ എം മാണി – ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല

2009 – പി സി ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി

2010 – ജോസഫ് – മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി

2010 – ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

2015  – വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു.

2016 – മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി

2016 – കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും.

Azhimukham Special: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍