UPDATES

കേരളം

ഓച്ചിറയിലെ പതിമൂന്നുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍; സത്യമിതാണ്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കസര്‍ത്താണ് പള്ളിമുക്കില്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

ഹരിറാമിനും ഭൂണ്ഡവിയ്ക്കും ആറ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. പെണ്‍മക്കളെയെല്ലാം ആണ്‍കുട്ടികളുടെ വേഷത്തിലാണ് ഹരിറാം വളര്‍ത്തിയത്. കേരളത്തില്‍ വന്നപ്പോള്‍ തന്റെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ ആക്രമണം ഭയന്ന് അയാള്‍ അങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു. ആണ്‍കുട്ടികളുടെ വസ്ത്രങ്ങളിടുവിച്ച് മുടി വെട്ടി കണ്ടാല്‍ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാതെ അവരെ സംരക്ഷിക്കുകയായിരുന്നു ഹരിറാം. ഒരിക്കല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് സ്‌നേഹത്തോടെ ഹരിറാമിനെ ഉപദേശിച്ചു. പെണ്‍കുട്ടികളെ പെണ്‍കുട്ടികളായി തന്നെ വളര്‍ത്താന്‍. പോലീസ് ഉദ്യോഗസ്ഥന്റെ ഉപദേശം സ്വീകരിച്ച ഹരിറാം മറ്റ് അഞ്ച് പെണ്‍കുട്ടികളേയും പെണ്‍കുട്ടികളായി തന്നെ വളര്‍ത്താന്‍ തുടങ്ങി. എന്നാല്‍ ഇളയമകള്‍ ലളിതയ്ക്ക് ഇപ്പോഴും ആണ്‍കുട്ടികളുടെ വേഷം തന്നെയാണ്. ഹരിറാം അത് അനുസരിച്ചു. മൂത്ത മകളെ സ്വദേശമായ രാജസ്ഥാനിലേക്ക് വിവാഹം ചെയ്തയച്ചതിന് ശേഷമാണ് ഹരിറാമും ഭൂണ്ഡവിയും കേരളത്തിലേക്ക് വരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഓച്ചിറ പള്ളിമുക്കില്‍ എത്തുമ്പോള്‍ ഭൂണ്ഡവി ഗര്‍ഭിണിയായിരുന്നു. കമലേഷ് ജനിച്ചത് ഓച്ചിറയിലാണ്. കമലേഷിന്റെ തൊട്ട് മുകളില്‍ ലളിതയാണ്. രണ്ടാമത്തെ മകളും കമലേഷും ഒഴികെ മറ്റെല്ലാ കുട്ടികളും പള്ളിമുക്ക് ഗവ സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ്. എന്നാല്‍ ഈ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോയിട്ട് രണ്ട് ദിവസമായി. കാണാനും ആശ്വസിപ്പിക്കാനുമെത്തുന്നവരുടെ തിരക്കുകള്‍ക്കിടയിലും പള്ളിമുക്കിലെ ആ വീട് മരണവീടിന് സമാനമാണ്. ആണ്‍കുട്ടികളുടെ വസ്ത്രങ്ങളില്‍ നിന്ന് തന്റെ പെണ്‍കുട്ടികളെ പുറത്തെത്തിച്ചതിന്റെ ഫലമാണ് താനിന്ന് അനുഭവിക്കുന്ന വേദനയെന്നാണ് ഹരിറാം വിശ്വസിക്കുന്നത്. തന്റെ പ്രയാപൂര്‍ത്തിയാവാത്ത മകളെ തട്ടിക്കൊണ്ടുപോവാന്‍ കാരണമതാണെന്നും.

ഓച്ചിറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി പള്ളിമുക്കില്‍ ദേശീയപാതയോരത്താണ് ആ വീട്. ഏഴ് മക്കളും അച്ഛനും അമ്മയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്. വാതിലുകള്‍ പൊട്ടിപ്പൊളിഞ്ഞ്, സുരക്ഷിതത്വമില്ലാത്ത, ഉമ്മറവും ചേര്‍ത്ത് രണ്ട് മുറികളും അടുക്കളയും മാത്രമുള്ള, കുടിക്കാനോ മറ്റാവശ്യത്തിനോ വെള്ളം പോലും ലഭിക്കാത്ത ആ വീടിനുള്ളിലും അവര്‍ സന്തോഷത്തോടെ ഒതുങ്ങിക്കൂടി. കയറിക്കിടക്കാന്‍ നല്ലൊരു മുറി പോലുമില്ലാത്ത ആ വീടിന് അയ്യായിരം രൂപ വാടക അധികമാണെന്നറിഞ്ഞിട്ടും മറുത്തൊരക്ഷരം പറയാതെ തനിക്കും കുടുംബത്തിനും വേണ്ടി ആ വീട്ടില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു ഹരിറാം. എന്നാല്‍ ഇപ്പോള്‍ അയാള്‍ സംസാരിക്കുന്നത് തന്റെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ട സുരക്ഷിതമായ ഇടത്തെക്കുറിച്ചാണ്.

വീടിനുള്ളിലും പുറത്തുള്ള ഷെഡ്ഡിലുമെല്ലാം ഹരിറാമും കുട്ടികളുമുണ്ടാക്കിയ പ്ലാസ്റ്റര്‍ ഓഫ് പാരിസ് പ്രതിമകളാണ്. അടുത്ത വിഷുക്കാലത്തെ മുന്നില്‍ കണ്ടുണ്ടാക്കിയ കൃഷ്ണ പ്രതിമകള്‍ക്ക് മോള്‍ഡ് ഉണ്ടാക്കുന്നതും അവയ്ക്ക് വരകളും നിറങ്ങളും നിറയ്ക്കുന്നതുമെല്ലാം ഹരിറാമും മക്കളും ചേര്‍ന്നാണ്. അച്ഛനൊപ്പം കൃഷ്ണപ്രതിമകള്‍ ഉണ്ടാക്കാന്‍ കൂടിയിരുന്ന തിരക്കുള്ള ഒരു ദിവസത്തിനൊടുവിലാണ് ഹരിറാമിന് മകളെ നഷ്ടമാവുന്നത്. 18ന് രാത്രി ഒമ്പതര കഴിഞ്ഞപ്പോഴാണ് അവര്‍ മകളെ തട്ടിക്കൊണ്ട് പോവുന്നത്. പിന്നീട ഇതേവരെ മകളെ തിരികെ കിട്ടാനായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.

ഓച്ചിറ പള്ളിമുക്കില്‍ നിന്ന് നാല്‍വര്‍ സംഘം തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ ഇതേവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതില്‍ പങ്കാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതിയായ റോഷന്‍ നവാസിനും പെണ്‍കുട്ടിക്കുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി.ഇവര്‍ ബംഗളൂരുവിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നാല് പേര്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. റോഷന്‍, പോലീസ് കസ്റ്റഡിയിലുള്ള വിപിന്‍,അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയങ്ങളും ദുരൂഹതകളും ഇപ്പോഴും തുടരുകയാണ്. ആരോപണങ്ങള്‍ തുടരുമ്പോള്‍ ഇതിനെയെല്ലാം നിരാകരിക്കുന്ന തരത്തിലാണ് പ്രദേശവാസികളുടേയും പോലീസിന്റെയും വിശദീകരണങ്ങള്‍. അതേസമയം സിപിഐ ബ്രാഞ്ച് സെക്രട്ടറി പ്രേം നവാസിന്റെ മകന്‍ റോഷന്‍ നവാസ് മുഖ്യപ്രതിയായ കേസില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പിടിമുറിക്കിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍

ഞങ്ങള്‍ രാത്രി ഒമ്പതരയോടെ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. ഭാര്യ റൊട്ടി ഉണ്ടാക്കുന്നതിനിടയിലാണ് വാതില്‍ തള്ളിത്തുറന്ന് മൂന്ന് പേര്‍ വീടിനകത്തേക്ക് വരുന്നത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് മകളെ പിടിച്ചുകൊണ്ടുപോവാനായി ശ്രമിച്ചു. ഞാന്‍ തടഞ്ഞു. എന്റെ കയ്യില്‍ കടിച്ചിട്ട് അവര്‍ എന്റെ മകളെ വലിച്ചിഴച്ച് കൊണ്ടുപോയി. കാറില്‍ കയറ്റി എവിടേക്കോ പോയി. കയ്യില്‍ മുറിവേറ്റ ഞാന്‍ ആദ്യം ആശുപത്രിയില്‍ പോയി. പിന്നീട് പോലീസ് സ്‌റ്റേഷനിലേക്കും.പോലീസില്‍ പരാതി നല്‍കി. പക്ഷെ എന്റെ മകളെ ഇതേവരെ എനിക്ക് തിരികെ കിട്ടിയിട്ടില്ല. മകളെ തിരിച്ച് കിട്ടിയാല്‍ നാട്ടിലേക്ക് തിരികെ പോവുകയാണ്. ഏതാണ്ട് രണ്ടര ലക്ഷത്തിനടുത്ത് രൂപയുടെ മുതല്‍ ഷെഡ്ഡിലും വീടിനുള്ളിലുമായിട്ടുണ്ട്. അതും ഉപേക്ഷിച്ച് പോവാനാണ് തീരുമാനം. ഇനി എന്റെ മകളുടെ വിവാഹം കഴിഞ്ഞേ ഇവിടേക്ക് തിരിച്ചു വരൂ. പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇതുപോലൊരു അനുഭവം എനിക്കോ കുടുംബത്തിനോ ഉണ്ടായിട്ടില്ല. മകളെ തട്ടിക്കൊണ്ട് പോയവര്‍ ഇതിന് മുമ്പും അവളെ പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. പക്ഷെ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ അവളെ തിരിച്ചുവിട്ടു. ആ കേസ് മുമ്പ് പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. ഇതിനിടക്ക് വീടിന്റെ ഓട് പൊളിച്ച് ഞാന്‍ പ്രതിമ വിറ്റ് സമ്പാദിച്ച 25,000 രൂപ മോഷ്ടിച്ചതും ഇവര്‍ തന്നെയാണ്. മകളെവിടെയാണെന്നറിയാതെ ഞാനും ഭാര്യയും മക്കളുമെല്ലാം വിഷമത്തിലാണ്. അവള്‍ക്ക് ആപത്തൊന്നും വരുത്തരുതേയെന്നാണ് പ്രാര്‍ഥന. എല്ലാവരും പറയുന്നത് പോലെ അവള്‍ക്ക് പ്രണയമൊന്നുമില്ലായിരുന്നു.

പോലീസ് പറയുന്നത്

പെണ്‍കുട്ടിയും പ്രതിയുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും മുമ്പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇരുവരും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ്. ബിഎസ്എന്‍എല്‍ ഡ്യുവല്‍ സിം ആയിരുന്നു ഇരുവരും ഉപയോഗിച്ചിരുന്നത്. നിലവിലെ ഫോണ്‍ നമ്പറുകളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഇരുവരും ബന്ധം തുടര്‍ന്നിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമായാണ് പ്രാഥമിക വിലയിരുത്തല്‍. ഇരുവരും അടുത്തിടപഴികയിരുന്നതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ പോക്‌സോ നിയമ പ്രകാരം തട്ടിക്കൊണ്ടപോകലിനാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബംഗളൂരുവില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കേരള പോലീസ് സംഘം ബംഗളൂരുവില്‍ അന്വേഷണം തുടരുകയാണ്. എന്നാല്‍ പ്രതിയായ റോഷന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അ്‌വേഷണം നടത്താന്‍ സാധിക്കുന്നില്ല. മുന്‍കൂട്ടി തീരുമാനിച്ച് പ്രകാരമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട പോയത്. ഇതിനായി റോഷന്‍ ബൈക്ക് വിറ്റിരുന്നു. ആ പണവുമായാണ് പോയിരിക്കുന്നത്. കൂടെയുണ്ടായിരുന്നവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികം താമസിയാതെ ഇരുവരെയും കണ്ടെത്താമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍

റോഷന്‍ ആ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ പോലീസ് പറയുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ തരമില്ല. കാരണം അല്ലെങ്കില്‍ അവള്‍ വിളിച്ചപ്പോള്‍ അവന്‍ പോവേണ്ട കാര്യമില്ല. ഒരു ദിവസം പോലും വീട്ടില്‍ നിന്ന് മാറി നില്‍ക്കാത്തയാള്‍ ഇത്രയും ദൂരം പോയത് അതുകൊണ്ടാണ്. വീട്ടില്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തവന് അധികദിവസം മാറിനില്‍ക്കാന്‍ ധൈര്യമുണ്ടാവില്ല.മുമ്പ് പലപ്പോഴും എനിക്ക് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ‘ഞാനങ്ങനെയൊരു മണ്ടത്തരം’ കാണിക്കുവോ എന്നാണ് അവന്‍ ചോദിച്ചത്. അത്തരം ഒരു ബന്ധവും ആ പെണ്‍കുട്ടിയുമായി ഇല്ലെന്ന് അവന്‍ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചു. അന്ന് സംഭവം നടന്ന ദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ആദ്യം ഓടി വന്നത് എന്റെയടുത്തേക്കാണ്. റോഷന്‍ പെണ്‍കുട്ടിയേയും കൊണ്ട് പോയി എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്. മകളെ തിരിച്ച് തരുമെന്ന് ഉറപ്പ് പറഞ്ഞാല്‍ ഒരു ദിവസം കഴിഞ്ഞാലും താന്‍ അതിനായി കാത്തിരിക്കാമെന്നും കേസുമായി പോവില്ല എന്നും അയാള്‍ പറഞ്ഞു. പക്ഷെ ഞാനാണ് പോലീസ് സ്‌റ്റേഷനില്‍ പോയി കേസ് നല്‍കാന്‍ അവരെ പറഞ്ഞുവിട്ടത്. മകന്റെ കൂട്ടുകെട്ടുകള്‍ അതിരുവിടുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ അവനെപ്പറഞ്ഞ് മനസ്സിലാക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പോലീസ് പിടികൂടിയിട്ടുള്ളവര്‍ മുമ്പ് പല കേസുകളിലും പെട്ടിട്ടുള്ളവരാണ്. അവരുമായുള്ള കൂട്ട് വേണ്ട എന്ന് ഞാന്‍ മുമ്പ് തന്നെ റോഷനോട് പറഞ്ഞിട്ടുണ്ട്. നാലിലധികം വര്‍ഷങ്ങളായി ആ കുടുംബം ഇവിടെ താമസമാക്കിയിട്ട്. അന്ന് വന്നപ്പോള്‍ കുട്ടിക്ക് 14 വയസ്സാണെന്നാണ് പറഞ്ഞത്. എന്റെ അനുമാനത്തില്‍ പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് പലരും കണ്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡ് രാജസ്ഥാനിലാണെന്ന് പറയുന്നത് കളവാണ്. പെണ്‍കുട്ടിയുടെ വയസ്സ് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പുറത്ത് കാണിക്കാന്‍ അവര്‍ തയ്യാറാവണം. ഇവിടെ ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ കൈയ്‌ക്കോ നടുവിനോ യാതൊരു പരിക്കുമില്ല. പിന്നെ അതെങ്ങനെയുണ്ടായി? വീടുകയറി ആക്രമിച്ചു എന്ന് പറയുന്നതും പച്ചക്കള്ളമാണ്. ഇവര്‍ തന്നെ ആദ്യം നല്‍കിയ മൊഴിയില്‍ പരബ്രഹ്മ ആശുപത്രിക്ക് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു. എന്നെയും എന്റെ കുടുംബത്തെയും തേജോവധം ചെയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍.

ദൃക്‌സാക്ഷികള്‍ പറയുന്നു

പരബ്രഹ്മ ആശുപത്രിയോട് ചേര്‍ന്ന് ഫ്രൂട്ട്സ്റ്റാള്‍ നടത്തുന്നവരാണ് ഷാനവാസും ഷംസീറും. ആശുപത്രിക്ക് സമീപം വച്ച് പെണ്‍കുട്ടിയേയും റോഷനേയും പെണ്‍കുട്ടിയുടേയും അമ്മയേയും കണ്ടു എന്നാണ് അവര്‍ പറയുന്നത്. ഷംസീര്‍ പറയുന്നതിങ്ങനെ, ‘ഞാനും ഷാനവാസും ഞങ്ങളുടെ അപ്പച്ചിയുടെ മോനും കടയിലുണ്ടായിരുന്നു. പെണ്‍കുട്ടിയും റോഷനും പുറകെ പെണ്‍കുട്ടിയുടെ അമ്മയും ആശുപത്രിയ്ക്കുള്ളിലേക്ക് കയറി. അല്‍പ്പ സമയത്തിനകം തന്നെ റോഷനും പെണ്‍കുട്ടിയും മുന്നിലും അമ്മ പിന്നിലുമായി ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതും കണ്ടു. ഒരു കാറ് വന്ന് റോഡില്‍ ആശുപത്രിക്ക് മുന്നിലായി നിര്‍ത്തി. അമ്മ വിളിച്ചിട്ടും കേള്‍ക്കാതെ പെണ്‍കുട്ടി കാറില്‍ കയറിപ്പോയി. ബേട്ടീ, ബേട്ടീ, എന്ന് വിളിച്ച് അമ്മ കരഞ്ഞ് വിളിച്ചിട്ടും കാറ് നിര്‍ത്തിയില്ല. പിന്നെയാണ് ഞങ്ങള്‍ അമ്മയുടെ അടുത്തേക്ക് ചെല്ലുന്നത്. കുറച്ച് സമയം കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞ അവര്‍ പിന്നെ വീട്ടിലേക്ക് പോയി. പക്ഷെ ഒന്നുറപ്പാണ് പെണ്‍കുട്ടിയെ വലിച്ചിഴച്ചോ നിര്‍ബന്ധിച്ചോ അല്ല കൊണ്ടുപോയത്. പെണ്‍കുട്ടി അമ്മയെ പോലും കേള്‍ക്കാതെ തനിയെ കയറിപ്പോവുകയായിരുന്നു. ഞങ്ങള്‍ നേരില്‍ കണ്ടതാണ്.’

പ്രദേശവാസികള്‍ക്ക് പറയുന്നത്

മൂന്ന് വര്‍ഷത്തിലധികമായി ഹരിറാമും കുടംുബവും ഇവിടെ താമസിക്കുന്നു. നല്ല മിടുക്കികളാണ് മക്കളെല്ലാവരും. അച്ചനേക്കാള്‍ നന്നായി പ്രതിമയുണ്ടാക്കുകയും വരയ്ക്കുകയും ചെയ്യും. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്ക് 16-17 വയസ്സ് കാണും. നല്ല സ്മാര്‍ട്ട് ആണ്. അവള്‍ക്കറിയാത്ത ഭാഷയില്ല. റോഷനുമായി മിണ്ടുന്നതും പറയുന്നതുമെല്ലാം കണ്ടിരുന്നു. എന്നാല്‍ അത് പിള്ളേര് കളിയാണെന്നാ കരുതിയത്. ഇടക്ക് ഫോണ്‍ ചെയ്യുന്നതും കാണാം. ഫോണ്‍ വീട്ടില്‍ പിടിക്കുമ്പോള്‍ അച്ഛന്‍ അവളെ തല്ലും. പക്ഷെ അതൊന്നും അവള്‍ക്ക് വിഷയമല്ലായിരുന്നു. ആ തല്ലും കൊണ്ടിട്ട് അവള്‍ മൂന്നാള് ചെയ്യുന്ന പണിയെടുക്കും. കുറച്ച് നാള്‍ മുമ്പും ഈ ചെറുക്കന്റെ കൂടെ അവള് പോയിരുന്നു. അതിന് തലേന്ന് അച്ഛന്‍ അവളെ ഈ ബന്ധത്തിന്റെ പേരില്‍ തല്ലുകയും ചെയ്തിരുന്നു. പക്ഷെ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തപ്പോള്‍ ചെറുക്കന്‍ പേടിച്ച് പെണ്ണിനെ തിരികെ കൊണ്ടുവന്നാക്കി. പിന്നെ രണ്ടാളും കാര്യമായി മിണ്ടലും പറയലുമൊന്നും ഇല്ലായിരുന്നു. സംഭവം ഉണ്ടായ അന്നും അച്ഛന്‍ അവളെ ഒരുപാട് തല്ലി. റോഷനുമായുള്ള ബന്ധവും ഫോണ്‍വിളിയും തന്നെയാണ് കാരണം. ചവിട്ടുകയോ മറ്റോ ചെയ്തു. വയറുവേദനയാണെന്ന് പറഞ്ഞ് അവളും അമ്മയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. പക്ഷെ പിന്നെയാണ് ഈ സംഭവം. എവിടെ നിന്നാണ് ഇത് സംഭവിച്ചതെന്ന അറിയില്ല. ആരും കണ്ടിട്ടില്ല. പക്ഷെ ആ പെണ്‍കുട്ടിയും ചെറുക്കനും ഇഷ്ടത്തിലായിരുന്നു എന്ന് അറിയാം. പെണ്‍കുട്ടിയ്ക്ക് ആധാര്‍ കാര്‍ഡുണ്ട്. ഒരു ഫോം ഫില്‍ ചെയ്യാന്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. എത്രയും വേഗം രണ്ടാലും തിരിച്ചെത്തിയാല്‍ മതിയെന്നാണ്. മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച കഥകളാണ് എഴുതിവിടുന്നത്. യഥാര്‍ഥത്തില്‍ അങ്ങനെയൊന്നുമല്ല സംഭവങ്ങള്‍.

മുതലെടുത്ത് രാഷ്ട്രീയപാര്‍ട്ടികള്‍

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കസര്‍ത്താണ് പള്ളിമുക്കില്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതുകൊണ്ട് ആ കുടുംബത്തിന് ആശ്വാസം ലഭിക്കുകയില്ലെന്നും രാഷ്ട്രീയക്കാര്‍ വിഷയം കൊണ്ട് മുതലെടുപ്പ് നടത്തുകയാണെന്നും അയല്‍വാസികളടക്കമുള്ളവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയുമാണ് വിഷയമുയര്‍ത്തിപ്പിടിക്കുന്നത്. ബിന്ദുകൃഷ്ണയും സുരേഷ്‌ഗോപിയുമടക്കമുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വിവരങ്ങളന്വേഷിച്ച് പോലീസിനോട് ക്ഷോഭിച്ച് സുരേഷ് ഗോപി മടങ്ങി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിന്ദുകൃഷ്ണയും ഏറെ വൈകിയും വീട്ടില്‍ തുടര്‍ന്നു. പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ തിരികെയെത്തിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കേസിലെ പ്രതി സിപിഐ നേതാവിന്റെ മകനാണ് എന്നതിനാല്‍ അതിലൂന്നി വിഷയത്തെ രാഷ്ട്രീയമായി പൊലിപ്പിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍