TopTop

കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന; ട്വന്റി-ട്വന്റി ചാലക്കുടിയില്‍ ആര്‍ക്കാണ് അള്ള് വെക്കുക?

കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന; ട്വന്റി-ട്വന്റി ചാലക്കുടിയില്‍ ആര്‍ക്കാണ് അള്ള് വെക്കുക?
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ട്വന്റി-ട്വന്റി ജനകീയ മുന്നണിയുടെ തീരുമാനം. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടറും ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ട്വന്റി-ട്വന്റി മത്സരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നു മാത്രമാണ് ഇപ്പോള്‍ ഉറപ്പിച്ചു പറയുന്ന കാര്യം.

ഞായറാഴ്ച്ച കിഴക്കമ്പലത്ത് നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ചാലക്കുടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രവര്‍ത്തകരെല്ലാം ഒരേസ്വരത്തില്‍ ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തുകയായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിയായി സാബു എം ജേക്കബിന്റെ പേര് പൊതുവികാരമായി ഉയരുകയായിരുന്നുവെന്നും ട്വന്റി-ട്വന്റി നേതാക്കള്‍ പറയുന്നു. സാബു എം ജേക്കബ് നില്‍ക്കുന്നില്ലെങ്കില്‍ പകരം മറ്റൊരാളെ നിര്‍ത്തുമെന്നും എന്നാല്‍ അതാരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

ഇടതു വലുത് മുന്നണികള്‍ തങ്ങളോട് ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തുന്നതുകൊണ്ട് രണ്ടു മുന്നണികള്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെന്നും സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നും ട്വന്റി-ട്വന്റി പ്രവര്‍ത്തകരുടെ നിര്‍ബന്ധമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് നേതാക്കള്‍ പറയുന്നതെങ്കിലും കിഴക്കമ്പലത്ത് ട്വന്റി-ട്വന്റിയുടെ ജനകീയാടിത്തറ എത്രത്തോളം ഉണ്ടെന്നതിനെ കുറിച്ചുള്ള ഒരു വിലയിരുത്തലാണ് കിറ്റെക്‌സ് എം ഡിയുടെ മനസിലെന്നാണ് എതിര്‍പക്ഷത്തുള്ളവര്‍ പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിരുന്ന സാബു എം ജോക്കബ് പിന്നീട് ആ തീരുമാനം തിരുത്തിയതിനു പിന്നില്‍ ട്വന്റി-ട്വന്റിയില്‍ നിന്നും ആളുകള്‍ വിട്ടുപോകുന്നുവെന്ന സംശയമുള്ളതിനാലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇരു മുന്നണികളും പ്രസ്ഥാനത്തിനും തനിക്കുമെതിരേ നിരന്തരം അപഖ്യാതികള്‍ പരത്തുകയാണെന്നും കോര്‍പ്പറേറ്റ് ഭരണമാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നടക്കുന്നതെന്നും ഇവിടെ മുടക്കുന്ന പണത്തിന്റെ സ്രോതസ്സ് ദുരൂഹമാണെന്നും തുടങ്ങിയ തെറ്റിദ്ധാരണാജനകമായ ആരോപണങ്ങള്‍ക്ക് ശക്തമായി മറുപടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സാബു എം ജേക്കബ് വെല്ലുവിളിച്ചിരുന്നു. പഞ്ചായത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ട്വന്റി-ട്വന്റിയുടെ ആഗ്രഹമെങ്കിലും നിരന്തരം തങ്ങളെ ഉപദ്രവിക്കുന്ന സ്വഭാവം ഇരു മുന്നണികളും തുടരുന്നതിനാല്‍ വേണ്ടി വന്നാല്‍ ലോക്‌സഭയിലേക്കും തങ്ങള്‍ മത്സരിക്കുമെന്ന മുന്നറിയിപ്പും സാബു എം ജേക്കബ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വന്റി-ട്വന്റി ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തത്. കിഴക്കമ്പലത്തെ എണ്‍പതു ശതമാനത്തോളം വോട്ടുകളും കൂടാതെ സമീപ നിയമസഭ മണ്ഡലങ്ങളിലെ നിഷ്പക്ഷ വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ട്വന്റി-ട്വന്റിയുടെ കണക്കുകൂട്ടല്‍.

രാഷ്ട്രീയക്കാര്‍ മലിനമാക്കിയ കിഴക്കമ്പലം ഞങ്ങള്‍ ശുദ്ധമാക്കുകയാണ്; ട്വന്റി-ട്വന്റിയുടേത് സിംഗപ്പൂര്‍ മാതൃക: സാബു എം ജേക്കബ്- അഭിമുഖം

യുഡിഎഫ് കോട്ടയായിരുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ 2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് നേതൃത്വം നല്‍കുന്ന ട്വന്റി-ട്വന്റി കേരളത്തില്‍ ശ്രദ്ധനേടുന്നത്. ഒരു കോര്‍പ്പറേറ്റ് സംവിധാനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണി ജനാധിപത്യ ഇടത്തില്‍ അധികാരം നേടുന്നതും കേരളത്തില്‍ ആദ്യമായിട്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് ഏറ്റ തിരിച്ചടിയെന്ന് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കെടുകാര്യസ്ഥതയും ജനങ്ങളില്‍ അതുണ്ടാക്കിയ വെറുപ്പുമാണ് ഇതുപോലൊരു പ്രസ്ഥാനത്തിന് വഴിയൊരുക്കിയതെന്നുള്ള വാദവും ഒപ്പം ഉയരുന്നുണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പഞ്ചായത്ത് ഭരണം പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു ജനാധിപത്യസംവിധാനത്തിലേക്ക് കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുമ്പോഴാണ് ട്വന്റി-ട്വന്റി ലോക്‌സഭ മത്സരത്തിനും തയ്യാറെടുക്കുന്നത്.

ട്വന്റി-ട്വന്റിയുടെ ഈ തീരുമാനം ഇരു മുന്നണികളിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അട്ടിമറിയ്‌ക്കൊന്നും സാധ്യതയില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ വോട്ട് പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ അത് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരുപോലെ ക്ഷീണം ചെയ്യും. പ്രത്യേകിച്ച്, കിഴക്കമ്പലം പോലുള്ള പ്രദേശങ്ങളിലെ യുഡിഎഫ് വോട്ടുകള്‍ ഭീഷണിയിലാകുമെന്നതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ജയിക്കാനായിട്ടല്ലെങ്കിലും അതിലൂടെ തങ്ങളുടെ ശക്തിയെത്രത്തോളം ഉണ്ടെന്ന് അളക്കാന്‍ ട്വന്റി-ട്വന്റിക്ക് കഴിയും. ഈ കണക്ക് വച്ച് അവര്‍ക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാന്‍ കഴിയും. പഞ്ചായത്ത് ഭരണം നിലനിര്‍ത്തുക എന്നതിനൊപ്പം കുന്നത്തുനാട് നിയമസഭ മണ്ഡലവും ട്വന്റി-ട്വന്റി കണ്ണുവച്ചിട്ടുണ്ടെന്നാണ് കിട്ടുന്ന വിവരം. അതിലേക്കുള്ള മുന്നൊരുക്കവും തങ്ങളുടെ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പുമായാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ട്വന്റി-ട്വന്റി കാണുന്നത്.

കേരളത്തിലെ ഈ പഞ്ചായത്ത് കമല്‍ഹാസനെ അത്ഭുതപ്പെടുത്തി; കാരണങ്ങള്‍ ഇതാണ്

Next Story

Related Stories