TopTop
Begin typing your search above and press return to search.

കര്‍ഷകനും അധ്യാപകനും; ജന്മിത്വം തൂത്തെറിഞ്ഞ കാലത്തിന്റെ ഓര്‍മയില്‍ ഇരട്ടസഹോദരങ്ങള്‍

കര്‍ഷകനും അധ്യാപകനും; ജന്മിത്വം തൂത്തെറിഞ്ഞ കാലത്തിന്റെ ഓര്‍മയില്‍ ഇരട്ടസഹോദരങ്ങള്‍

പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ കാക്കത്തോട് അജയനിവാസിലാണ് 85 വയസ്സുള്ള ഇരട്ട സഹോദരന്മാരായ നാരായണനും ലക്ഷ്മണനും കുടുംബ സമേതം താമസിക്കുന്നത്. ഇവര്‍ രണ്ടു പേരും കല്യാണം കഴിച്ചത് പൊല്‍പ്പുള്ളി കല്ലൂട്ടിയാലിലെ ഇരട്ട സഹോദരിമാരായ പങ്കജവല്ലിയെയും ദേവയാനിയേയുമാണ്. ലക്ഷ്മണന്‍റെ മകള്‍ സവിതയ്ക്കും ഇരട്ടകളായ രണ്ട് പെണ്‍കുട്ടികളുണ്ട്. മികച്ച കര്‍ഷകനും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളുമാണ് ടി.ആര്‍ നാരായണന്‍. പഴയ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഹെഡ് മാസ്റ്ററായി വിരമിച്ച ലക്ഷ്മണന്‍ നല്ലൊരു കവി കൂടിയാണ്.

കര്‍ഷകരായ രാമണിന്‍റെയും നാഗവള്ളിയുടെയും മക്കളായ നാരായണനേയും ലക്ഷ്മണനെയും ഇംഗ്ലീഷ് പഠിപ്പിക്കണം എന്നുള്ളത് അമ്മ നാഗവള്ളിയുടെ നിര്‍ബ്ബന്ധമായിരുന്നു. കൊച്ചിന്‍ ഗവണ്‍മെന്‍റിന്റെ കീഴിലുള്ള ഒലേപ്പുള്ളി യു.പി സ്കൂളിലാണ് ഇവര്‍ പഠനം തുടങ്ങിയത്. നന്നായി പഠിക്കുമായിരുന്നിട്ടും നാരായണന് ഏഴാം ക്ളാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കൃഷിയില്‍ അച്ഛനെയും അമ്മയേയും സഹായിക്കാനായിരുന്നു അത്. ലക്ഷ്മണന്‍ ടി.ടി.സി പഠനം നല്ലരീതിയില്‍ പാസായി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. വളരെ പെട്ടെന്നു തന്നെ ഹെഡ്മാഷായി സ്ഥാനക്കയറ്റം കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നടന്ന നാരായണന്‍ പാലക്കാട് കര്‍ഷക സംഘം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. പാലക്കാട് ജില്ലയില്‍ ആദ്യമായി കൃഷിക്ക് ട്രാക്റ്റര്‍ കൊണ്ടു വന്നത് നാരായണന്റെ നേതൃത്വത്തിലാണ്. കേരളത്തില്‍ ബയോഗ്യാസ് പ്ലാന്‍റ് വ്യാപകമാവുന്നതിന് മുന്‍പ് തന്നെ 1983-ല്‍ നാരായണന്‍ സ്വന്തം വീട്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് ഉണ്ടാക്കിയിരുന്നു.

ലക്ഷ്മണന്‍ അക്കാലത്തെ കുറിച്ച് പറയുന്നു

ഞാന്‍ പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ആളാണ്. സ്കൂളിലും ടി.ടി.സിക്കും ഒക്കെ ഞാന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മലബാറിലെ സാധാരണ മലയാളം മീഡിയം സ്കൂളില്‍ അമ്മ ഞങ്ങളെ ചേര്‍ത്തില്ല. എല്ലാവരും ഓലക്കുട പിടിക്കുമ്പോള്‍ അമ്മ അതൊന്നും പിടിക്കില്ല. അമ്മ ശീലക്കുടയാണ് പിടിക്കുക. അന്ന് ബസ്സൊന്നും ഇല്ലായിരുന്നു എന്‍റെ മക്കള്‍ ഇവിടൊന്നും പഠിക്കണ്ട എന്നു പറഞ്ഞ് ചളിയിലൂടെയൊക്കെ കുറെ ദൂരം നടന്ന് അമ്മ ഞങ്ങളെ ഒലേപ്പുള്ളി സ്കൂളില്‍ കൊണ്ടുവന്നു. കൊച്ചി ഗവണ്‍മെന്‍റിന്റെ യു.പി സ്കൂളായിരുന്നു അത്. ഇപ്പോഴും അത് വലിയ സ്കൂളാണ്. മാഷന്‍മാര്‍ വന്നാല്‍ നമ്മളൊക്കെ പേടിക്കും. കോട്ടും സ്യൂട്ടും ഒക്കെ ഇട്ടിട്ടാണ് മാഷന്‍മാര്‍ വരുന്നത്. ഇംഗ്ലീഷുകാരുടെ വേഷമാണ് മിക്കവാറും. സ്ത്രീകള്‍ കുറവാണ്.

അമ്മ ഞങ്ങളെയും കൊണ്ട് മതിലിന്‍റെ അപ്പുറത്ത് പോയി നിന്നു. ആരോ വിളിച്ചു പറഞ്ഞു അവിടെ ഒരു സ്ത്രീ കുട്ടികളെയും കൊണ്ട് നില്‍ക്കുന്നുണ്ടെന്ന്. നിങ്ങള്‍ പോയിക്കോ, ഞാന്‍ നിങ്ങളുടെ മക്കളെ ചേര്‍ത്തിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞു. മലബാര്‍ സ്കൂളില്‍ മലയാളം മാത്രമേയുള്ളൂ. അവിടെ ഇംഗ്ലീഷ് ബെസ്റ്റ് ഫൌണ്ടേഷനായിരുന്നു. രണ്ട് കൊല്ലം പഠിച്ചു. എല്ലാദിവസവും രാവിലത്തെ രണ്ട് പീരിയഡ് ഇംഗ്ലീഷാണ്. അഞ്ചാം ക്ളാസ്സില്‍ പഠിപ്പിച്ചത് ബി.എക്കാരനായ ബാലന്‍ മാഷാണ്. അയാള്‍ പിന്നെ അഡ്വക്കേറ്റായി. പിന്നെ കേരള നിയമ സഭയില്‍ എം.എല്‍.എ ആയി.

ഏഴാം ക്ളാസ്സില്‍ പബ്ലിക് പരീക്ഷയായിരുന്നു. ആ കാലത്തൊന്നും കുട്ടികള്‍ അങ്ങനെ ജയിക്കില്ല. 1945 - 1946 കാലഘട്ടമാണ്. തൊട്ടടുത്ത് തന്നെ ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഉണ്ട്. ഞങ്ങള്‍ രണ്ടുപേരും പുല്ലുപോലെ ജയിച്ചു. അന്ന് നൂറു പറ കൃഷിയാണ് അച്ഛന്. നോക്കാന്‍ ഒരു മനുഷ്യന്‍ ഇല്ല. എന്‍റെ അമ്മ ഒറ്റയ്ക്കേയുള്ളൂ. അമ്മ ദിവസവും പാടത്ത് പോയിട്ട് കരഞ്ഞു കരഞ്ഞു വരും. അടുത്തുള്ള കുടിയാന്‍മാരായ, മറ്റ് കൃഷിക്കാരായ പാപികള്‍ ഉപദ്രവിച്ചിട്ടാണ് അമ്മ കരഞ്ഞു വരുന്നത്. നാലു കൊല്ലം കഴിയുമ്പോള്‍ എന്‍റെ മക്കള്‍ വലുതാകുമെടാ, അന്നേരം കാണിച്ചു തരാന്ന് അമ്മ പറയും. അത്ര വിഷമമായിരുന്നു. അമ്മ മുത്തശ്ശനും മുത്തശ്ശിക്കും ഒരേ ഒരു മകളാണ്. നാരായണന്‍ കൃഷിയില്‍ അച്ഛനെയും അമ്മയെയും സഹായിക്കാനാണ് പഠനം നിര്‍ത്തിയത്. ഞാന്‍ ടി.ടി.സി ഒക്കെ കഴിഞ്ഞ് അധ്യാപക ജോലിയിലും പ്രവേശിച്ചു.

ഇനി നാരായണന്‍

ഞങ്ങള്‍ പാരമ്പര്യമായിട്ട് കൃഷിക്കാര്‍ തന്നെയാണ്. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. സ്വന്തം കൃഷി കുറച്ചേയുള്ളൂ. ബാക്കിയൊക്കെ പാട്ടത്തിനാണ്. ആദ്യകാലത്ത് പോത്തുകളെ കൊണ്ടാണ് കള്‍ട്ടിവേഷന്‍ നടത്തിയിരുന്നത്. ആദ്യം കൃഷിക്ക് യന്ത്രമിറക്കിയ ആള്‍ ഞാനാണ്. 1965-ലാണ് ആദ്യമായി പാലക്കാടന്‍ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ വരുന്നത്. ആ സമയത്ത് കൃഷിക്ക് ആളെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. വിദ്യാഭ്യാസം നേടിയ കര്‍ഷകരുടെ മക്കള്‍ ചളിയിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. നിരന്തരം പാടത്ത് പണിയെടുപ്പിച്ച് കാളകള്‍ക്ക് അസുഖം ബാധിച്ചു തുടങ്ങി. കാളകളുടെ എണ്ണത്തില്‍ കുറവ് വന്നു. അങ്ങനെയാണ് ട്രാക്ടര്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിച്ചത്. കൃഷിക്ക് യന്ത്രം ഇല്ലാത്ത കാലത്ത് കന്നുകളും പോത്തുകളും മനുഷ്യരും ആണ് കൃഷി ചെയ്തിരുന്നത്. എനിക്കു നാലു ജോഡി പോത്തുകള്‍ ഉണ്ടായിരുന്നു. ശനിയും ഞായറും ഞാനും അനിയനും കൂടിയാണ് പാടത്ത് പണിക്ക് പോകുക. അങ്ങനെ പണിയെടുത്ത് മടുത്തപ്പോള്‍ കൃഷി രീതിയില്‍ മാറ്റം വരുത്തണം എന്നായി. ഒരു ദിവസം റഷ്യയില്‍ നിന്ന് കുറച്ച് എഞ്ചിനീയര്‍മാര്‍ വന്ന് ഞങ്ങള്‍ക്ക് ട്രാക്ടറിനെ കുറിച്ച് ക്ലാസ് എടുത്തു തന്നു. അപ്പോ ഞങ്ങള്‍ക്ക് ഇതുപോലെ ഒരെണ്ണം വേണം എന്നു പറഞ്ഞു. അന്ന് ഒന്നോ രണ്ടോ മിഷ്യനേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ ട്രാക്ടര്‍ ഒക്കെ നാലു മിഷ്യന്‍ ആണ്. അപ്പോള്‍ കൂടുതല്‍ പണി എടുക്കാം. ഒരേ ലെവലില്‍ ചെയ്യാന്‍ പറ്റും എന്നുള്ളതും വലിയ ഒരു മെച്ചമാണ്. മറ്റതാവുമ്പോള്‍ കുറച്ചൊക്കെ മട വരും. മടവന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.

1964-ലാണ് ഞങ്ങള്‍ ആദ്യമായിട്ട് ട്രാക്ടര്‍ കൊണ്ടു വന്നത്. കൃഷി ചെയ്യാനുള്ള അന്നത്തെ ബുദ്ധിമുട്ട് ആലോചിച്ച് ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ കൂടി തീരുമാനിച്ചതാണ് ട്രാക്ടര്‍ കൊണ്ടു വരണം എന്നത്. ഞാന്‍ ആള്‍ക്കാരോട് പറഞ്ഞു, കൃഷി യന്ത്രവത്ക്കരിച്ചാല്‍ കന്നുകാലികള്‍ ചാവില്ലല്ലോ. മൂന്നു ജോഡി കന്നുകള്‍ ഉണ്ടെങ്കില്‍ മൂന്നു കരിയെ വെക്കാന്‍ പറ്റുള്ളൂ. ഇതിന് ഏഴു കരി വെക്കാം. ഒരു മൃഗവും ചാവില്ല. ട്രാക്ടറിന്‍റെ വരവോടെ വലിയ ഭാരമാണ് ഒഴിഞ്ഞത്. എന്‍റെ മക്കള്‍ക്കും നാട്ടുകാര്‍ക്കും അത് വലിയ കൌതുകമായിരുന്നു. കൃഷി യന്ത്രവത്ക്കരിച്ചപ്പോള്‍ ഉണ്ടായ ഗുണം എന്നു പറയുന്നത് കര്‍ഷകന്‍റെ അധ്വാനം കുറഞ്ഞു എന്നുള്ളതാണ്. പിന്നീട് നടീല്‍ യന്ത്രം ഒക്കെ വന്നു. പക്ഷേ എന്‍റെ അഭിപ്രായത്തില്‍ നടീല്‍ യന്ത്രം അത്ര ശോഭിച്ചിട്ടില്ല.

കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തകന്‍ ഒക്കെയായിട്ടു നടന്ന വാസുദേവന്‍ എന്ന വലിയ ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാളുടെ ചെറിയച്ഛന്‍ അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സിറ്റിയില്‍ ഹെഡായിരുന്നു. ഞാന്‍ അവിടെ ഒരു ക്ലാസ് കേള്‍ക്കാന്‍ പോയപ്പോഴാണ് ബയോഗ്യാസിനെ കുറിച്ചു കേള്‍ക്കുന്നത്. ചാണകവും പച്ചിലകളും ഒക്കെ ഉപയോഗിച്ച് ഗ്യാസ് ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞു തന്നു. ബയോഗ്യാസ് കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. നാഗര്‍കോവില്‍കാരനായ എഞ്ചിനീയര്‍ ബയോഗ്യാസ് പ്ലാന്‍റ് ഉണ്ടാക്കിയത് അറിഞ്ഞ് ഞാന്‍ അങ്ങോട്ട് പോവുകയായിരുന്നു. വല്ലാത്തൊരു എഞ്ചിനീയറായിരുന്നു അത്. എന്നെ എല്ലാം പറഞ്ഞു പഠിപ്പിച്ചിട്ടേ അയാള്‍ വിട്ടുള്ളൂ. അയാളുടെ പേര് ഞാന്‍ മറന്നുപോയി. അയാള്‍ക്കു മലയാളം ശരിക്കറിയില്ല. ഞാന്‍ തമിഴ് പറഞ്ഞാല്‍ അതില്‍ മലയാളവും വരും. അങ്ങനെയാണ് 1983-ല്‍ ഞാന്‍ ഇവിടെ ബയോഗ്യാസ് പരിപാടി തുടങ്ങുന്നത്. കാലികള്‍ ഉള്ളതുകൊണ്ട് അത് എളുപ്പവുമായിരുന്നു.

ഒരാളും ആ കാലത്ത് പാടത്ത് ചെരിപ്പിട്ടിട്ടു പോകില്ല. നാരായണന്‍ ചെരിപ്പിട്ടിട്ടാണ് പോകുക. എടാ ചെരിപ്പിട്ടിട്ടു പോകല്ല എന്ന് ഞങ്ങളവനോട് പറയും - ലക്ഷ്മണന്‍ പറയുന്നു. അവന്‍ എട്ടാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളൂ. കൃഷി നോക്കണ്ടേ, അതിനു വേണ്ടി ഇരുന്നതാണ്. പക്ഷേ അവന്‍ തനിയെ പഠിച്ചു മുന്നേറി. കോയമ്പത്തൂര്‍ അഗ്രികള്‍ച്ചറല്‍ കോളേജില്‍ നിന്നു ബയോഗ്യാസില്‍ റിസര്‍ച്ച് നടത്തി. സയന്‍റിസ്റ്റായി.

ലക്ഷ്മണന്‍

ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളുകളില്‍ ഞാന്‍ കുട്ടികളെ സ്പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുമായിരുന്നു. ഞാന്‍ പിന്നെ ഹെഡ്മാഷായി. ഹെഡ്മാഷായപ്പോള്‍ ഇംഗ്ലീഷ് ഇങ്ങനെ വെറുതെ വരികയാണ്. ബില്ലെഴുതാനും റിപ്പോര്‍ട്ട് ഉണ്ടാക്കാനും. ഒരു ഡൌട്ടും ആരോടും ചോദിക്കണ്ട. രജിസ്റ്റര്‍ ഒക്കെ ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മോഡലില്‍ ആണ് ഉണ്ടാക്കിയത്. എന്നു വച്ചാല്‍ കേംബ്രിഡ്ജിലെ. നമ്മുടെ പണം കുറച്ചു പോയാലും പോട്ടെ എന്നു പറഞ്ഞിട്ട് നല്ല ഫയലിംഗ് സംവിധാനം ഉണ്ടാക്കി. ഞാന്‍ പഠിപ്പിച്ച സ്കൂള്‍ ഒരു വാടക കെട്ടിടത്തില്‍ ആയിരുന്നു. വേലിയില്ല, ഒരു സൌകര്യവും ഇല്ല. വെറും കാറ്റില്‍ ഷെഡാണ്. അവിടെയാണ് ഞാന്‍ ഹെഡ്മാഷായി ഇരുന്നത്. ഒരു ദിവസം അവിടെ ഒരു ഉദ്യോഗസ്ഥന്‍ ഇന്‍സ്പെക്ഷന് വന്നു. അസംബ്ലി കാണിച്ചു തരണം എന്ന് പറഞ്ഞു. ഞാന്‍ വീസില്‍ ഇട്ടാല്‍ കുട്ടികള്‍ വരിവരിയായി വരും. സ്കൂള്‍ വിട്ടാലും കുട്ടികള്‍ ഗ്യാപ്പ് ഇട്ടിട്ടേ പോകൂ. കയ്യില്‍ ഒരു വടി കരുതിയാല്‍ ഡിസിപ്ലിന്‍ താനേ വരും.

നാരായണന്‍ കര്‍ഷക സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. അവനെ കാണാന്‍ നിരവധി നേതാക്കന്മാര്‍ ഇവിടെ വരുമായിരുന്നു. നായനാരൊക്കെ ഇവിടെ ഈ കട്ടിലില്‍ കിടന്നിട്ടുണ്ട്- ലക്ഷ്മണന്‍ പറയുന്നു. കോങ്ങാട് നാരായണന്‍ നായര്‍ തലവെട്ട് കേസ് നടക്കുന്ന സമയത്ത് ഇവനെ കാണാന്‍ നക്സലുകള്‍ വന്നിരുന്നു. 1947-നു മുമ്പാണ്. എന്നു വച്ചാല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും ജന്മിമാരും ഒക്കെ പാവപ്പെട്ടവര്‍ക്ക് എതിരായിരുന്നു. വേണു എന്ന് പറഞ്ഞിട്ട് ഒരാളുണ്ട്. വേണു ഇയാളെ കാണാന്‍ വന്നു. വേണു ഇവിടെ വന്നിട്ട് അപ്പുറത്തെ റൂമില്‍ പോയി നിന്നു. വെറുതെ തലവെട്ട് രാഷ്ട്രീയം കൊണ്ട് നാട് നന്നാവുമോ. ഇവരുടെ കൂടെ പോയാല്‍ നമുക്ക് സര്‍ക്കാരില്‍ നിന്നു റോഡോ വെള്ളമോ എന്തെങ്കിലും കിട്ടുമോ. പക്ഷേ ആ നാരായണന്‍ നായരെ വെട്ടിക്കൊല്ലേണ്ടതു തന്നെയായിരുന്നു. അയാള്‍ ഒരുപാട് നിലങ്ങളും ആനയുമൊക്കെയുള്ള ജന്‍മിയായിരുന്നു. ആരെങ്കിലും ഭൂമി വാങ്ങിയാല്‍ അയാള്‍ ആനയെ കൊണ്ടുപോയി ആ കണ്ടത്തില്‍ കെട്ടും. ഒരു പാപ്പാനും ഉണ്ടാകും. ആനക്ക് തീറ്റയൊക്കെ കൊടുത്ത് അവിടെ നിര്‍ത്തും. വാങ്ങിയ ആള്‍ പിന്നെ ആ വഴിക്കു പോകില്ല. പിന്നെ ചില ദു:സ്വഭാവങ്ങളുണ്ട്. അയാള്‍ക്ക് സ്വന്തമായി ഹൈസ്കൂളും ഉണ്ടായിരുന്നു. തനി ദ്രോഹിയാണ്. തലവെട്ടിയപ്പോള്‍ ഭൂരിപക്ഷം നാട്ടുകാരും വെട്ടിയവരുടെ കൂടെയായിരുന്നു. പിന്നെ അതിനു ശേഷം നക്സല്‍ ബാരിയൊക്കെ പോയില്ലേ. പാലക്കാട് ടൌണില്‍ മുഴുവന്‍ നക്സല്‍ബാരി എന്നെഴുതിയ പോസ്റ്റര്‍ ഉണ്ടായിരുന്നു അന്ന്.

നാരായണന്‍

ജന്മിമാരുടെ ചൂഷണത്തിന് എതിരെയാണ് കര്‍ഷകര്‍ ഒന്നിച്ചത്. മലബാറിലാണ് കൂടുതല്‍ കര്‍ഷക സംഘം ഉണ്ടായത്. തിരു-കൊച്ചിയില്‍ അത്രയില്ല. ജന്മിത്വത്തിന് എതിരെയുള്ള സമരങ്ങളില്‍ ഒരുപാട് രക്തസാക്ഷികള്‍ ഉണ്ടായി. കെ പി ആര്‍ ഗോപാലന്‍, എ കെ ജി എന്നീ നേതാക്കന്മാര്‍ വന്നപ്പോള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഗുണം ഞങ്ങള്‍ക്കും കിട്ടി. കൃഷി ചെയ്താല്‍ തന്നെ 80 ശതമാനം പാട്ടം കൊടുക്കാനേ ഉണ്ടാവുള്ളൂ. ജന്മിമാര്‍ മിക്കവാറും ഗ്രാമത്തിലെ നായന്മാരും പട്ടന്‍മാരും ഒക്കെയാണ്.

വേലി കെട്ടി കോല് നാട്ടി

നാട് ഭരിച്ചേ

നാടുവാഴി തമ്പുരാക്കള് നാട് മുടിച്ചേ

പുത്തനൈക്യ കേരളത്തിന് കുഴല് വിളിച്ചേ

ഒത്തു ചേര്‍ന്ന് നമ്മളൊന്നായ് കൊടിപിടിച്ചാലേ

കന്നുപൂട്ടും കൈകള്‍ ചേര്‍ന്ന് കൊടിപിടിച്ചാലേ

കണ്ണുരുട്ടി കഴുമരങ്ങള്‍ വന്നു നിന്നാലേ

കഴുമരത്തിന്‍ മീതെയും ചെങ്കൊടി പിടിച്ചവരെ

കഴുമരങ്ങള്‍ പിഴുതെറിയാന്‍ നാടുണരുന്നേ...

നാടുണരുന്നേ...

ശിവശങ്കര അയ്യരുടെ പത്തേക്കര്‍ നിലത്തു ഞങ്ങള്‍ക്ക് പാട്ട കൃഷി ഉണ്ടായിരുന്നു. പലിശ കഴിച്ചിട്ടാണ് പാട്ടം. അയാള്‍ രസീറ്റ് തരില്ല എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ മണിയോര്‍ഡര്‍ അയച്ചു കൊടുത്തു. അപ്പോള്‍ എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു, മണിയോര്‍ഡര്‍ ഫീസ് വേണം എന്ന്. അല്ലെങ്കില്‍ അയാള്‍ക്ക് നഷ്ടമാണെന്ന്. എന്നിട്ട് അയാള്‍ ഒരു രസീറ്റ് തന്നു. കീഴ്ബാക്കി ഒഴിച്ച് ബാക്കിയുള്ള തുക കൈപ്പറ്റി എന്ന്. കീഴ്ബാക്കി എത്ര എന്നുള്ളതില്ല. ഈ രസീറ്റ് വേണ്ട എന്നു ഞാന്‍ പറഞ്ഞു. പിന്നെ കാലത്തിന്‍റെ പോക്കായി. ഞങ്ങള്‍ സിന്ദാബാദ് വിളിക്കുന്നവരുടെ എണ്ണം കൂടി. ജന്മികള്‍ക്കെതിരെ പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഉണ്ടായി. ചില ജന്മികള്‍ പിന്നീട് വെള്ളം ഇറങ്ങാതെ മരിച്ചു. അതൊക്കെ അവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. കാരണം അവര്‍ അത്രമാത്രം പാവപ്പെട്ടവരെ ദ്രോഹിച്ചിട്ടുണ്ട്. ജന്മികള്‍ ഒരു പണിയും ചെയ്തിട്ടില്ല. മറ്റുള്ളവര്‍ ചെയ്തു കിട്ടുന്നത് വാങ്ങി വെക്കുക എന്നല്ലാതെ ദേഹം അനങ്ങി ഒന്നും ചെയ്യാന്‍ അവര്‍ക്ക് അറിയില്ല.

ഇടയ്ക്ക് കാലാവസ്ഥയില്‍ ഒരു വ്യതിയാനം ഉണ്ടായി. വല്യ ഒരു വെയില് മാത്രം. സഹിക്കാന്‍ പറ്റാത്ത വെയില്. കുളങ്ങളൊക്കെ വറ്റി. കൊട്ടവെച്ച് തേകലായിരുന്നു പിന്നെ. ഒരു പട്ടികയാണെങ്കില്‍ അപ്പുറവും ഇപ്പുറവും രണ്ടാള് വേണം. നാലുപേര്‍ നിന്നിട്ടാണ് അങ്ങനെ നനച്ചിരുന്നത്. പറയാനാണെങ്കില്‍ അന്നൊന്നും കൃഷിപ്പണിക്ക് ഒരു നേരം ഇല്ല. പണിക്ക് വരുന്നവര്‍ക്ക് നേരം ഉണ്ട്. കൃഷിക്കാരന് നേരം ഇല്ല. എവിടുന്നെങ്കിലും മഴ വരുന്ന ശബ്ദം ഒക്കെ കേള്‍ക്കുമ്പോള്‍ ഇന്ന് മട വരുമോ എന്ന ആശങ്കയാണ്. അന്ന് ടോര്‍ച്ച് പോലും ഇല്ല. ഏത് പാതിരാത്രിയിലും ഏത് ഇരുട്ടിലും അവര്‍ ഇറങ്ങിപ്പോകും. ചെറുപ്പക്കാരൊന്നും അതൊന്നും ശ്രദ്ധിക്കില്ല. വയസ്സന്‍മാരാണ് പലപ്പോഴും മട വരുന്നതൊക്കെ അറിയുക. അവര്‍ക്ക് ഒന്നും കേള്‍ക്കണ്ട, തിന്നാല്‍ മതി. വയസ്സന്‍ ഉണ്ടെങ്കില്‍ അയാള്‍ വിടില്ല. നേരെ പാടത്ത് പോയി തുറന്ന് വെക്കണ്ടതെല്ലാം തുറന്ന് വെക്കും. അല്ലെങ്കില്‍ മേല്‍ക്കട്ട വെക്കും. കൃഷിയില്‍ വൈദഗ്ദ്ധ്യം ഉണ്ടാകണമെങ്കില്‍ അധ്വാനിക്കണം, വിയര്‍ക്കണം.

ചമ്പാന്‍, കളമാന്‍ എന്നൊക്കെയുള്ള വിത്തുകള്‍ അന്ന് ഉപയോഗിച്ചിരുന്നു. പക്ഷേ റെക്കോര്‍ഡ് ഉണ്ടാക്കിയത് മസൂറി എന്നു പറഞ്ഞ വിത്താണ്. വളരെ നേരിയ നീളമുള്ള അരിയാണത്. അതുകൊണ്ട് പാല്‍പ്പായസം വെച്ചാല്‍ പിന്നെ നിങ്ങള്‍ നാല് പ്രാവശ്യം പാല്‍പ്പായസം വെക്കും. അത് സിംഗപ്പൂരില്‍ നിന്നാണ് വന്നത്. സിംഗപ്പൂരില്‍ തൊഴിലാളികളായി പോയ കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസം ഒന്നും ഇല്ലായിരുന്നു. അവര് ലീവിന് നാട്ടില്‍ വരുമ്പോള്‍ വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടത്ത് നിന്നു പറിച്ചു കൊണ്ട് വന്ന നെല്ലാണ് മസൂറി എന്നാണ് കഥ. തമിഴ്നാട്ടില്‍ കൂടുതലും മസൂറി കൃഷിയുണ്ട്. ഈ പ്രദേശം തമിഴ്നാടുമായി അടുത്തു കിടക്കുന്നതു കൊണ്ട് ഇവിടെയും മസൂറിയാണ് കൂടുതല്‍ കൃഷി ചെയ്തിരുന്നത്. പാലക്കാടന്‍ മട്ട ഇവിടെ അങ്ങനെ കൃഷി ചെയ്യ്തിരുന്നില്ല. അത് പാലക്കാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് കൂടുതലും കൃഷി ചെയ്തിരുന്നത്. പണ്ട് കാലത്ത് വയലില്‍ നെല്ലും വരമ്പത്ത് പയറും കടലയും ഉഴുന്നും ഒക്കെ ചെയ്തിരുന്നു. പയറിന്റെ ഇല വൈറ്റമിന്‍ കലവറയായിരുന്നു. ചാമ കൃഷിയും ഉണ്ടായിരുന്നു. ചിലര്‍ കരിമ്പ് കൃഷി ചെയ്തിരുന്നു. ഇപ്പോ മനുഷ്യന്‍ ആര്‍ത്തി കൂടിയപ്പോള്‍ വരമ്പൊക്കെ ചെറുതാക്കി. നടക്കാന്‍ പോലും വരമ്പില്ലാതായി. അത് വസ്തുതയാണ്.

പണ്ട് കൃഷിക്കാരന്‍റെ ഭാര്യയും മക്കളും ഒക്കെ പാടത്തിറങ്ങും. പിന്നെ കൃഷിക്കാരന്‍റെ മക്കള്‍ വരമ്പില്‍ പോലും വരാതായി. ചെറുപ്പക്കാരെ കൃഷിക്ക് കിട്ടുന്നില്ല. അവര്‍ക്കത് വേണ്ട. അങ്ങനെ ഒരു വിരുദ്ധ സ്വഭാവം വന്നു. ഇന്ന് കൃഷിക്കാരുടെ വീട്ടിലെ പെണ്ണുങ്ങള്‍ പാടത്തൊന്നും ഇറങ്ങില്ല. കൃഷിക്കാരുടെ വീട്ടിലെ സ്ത്രീകള്‍ പാടത്തിറങ്ങിയാല്‍ പാപം കിട്ടും എന്ന പോലെയായിരുന്നു. ചളിയാവില്ലേ. അതിനൊക്കെ കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ഉണ്ടല്ലോ എന്ന മനോഭാവമാണ്. നെല്ല് അരിയായി കഴിഞ്ഞാല്‍ ഉള്ള കാര്യം മതി നമ്മള്‍ക്ക് എന്ന ചിന്തയായിരുന്നു. സുഖഭോഗികള്‍ എന്നര്‍ത്ഥം. ചെറുപ്പക്കാരികള്‍ മാത്രമല്ല അമ്മമാരും ഈ മനോഭാവം ഉള്ളവരായിരുന്നു.

നിങ്ങള്‍ക്ക് ഒരു പണി പഠിക്കണമെങ്കില്‍ അത് ചെയ്ത് ശീലിക്കണം. എന്നാലേ നിങ്ങള്‍ക്ക് വേറൊരാളുടെ ജോലിയെ കുറ്റം പറയാനും വിമര്‍ശിക്കാനും സാധിക്കുകയുള്ളൂ. നിങ്ങള്‍ തന്നെ ഒരു പണി പഠിച്ചാലേ അത് സാധിക്കൂ. അത് നല്ലൊരു അനുഭവമാണ്. പിന്നെ അത് നിങ്ങളുടെ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കുറേശ്ശെ ആയി പകര്‍ന്നു കൊടുക്കണം. ഇന്ന് അതിനൊന്നും ആരും മിനക്കെടുന്നില്ല. പണം ഉണ്ടെങ്കില്‍ എന്തും വാങ്ങാമല്ലോ, ഒന്നും ഉണ്ടാക്കേണ്ടല്ലോ. അങ്ങനെ ഒരു മനോഭാവമാണ്.

ലക്ഷ്മണന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെങ്കിലും സജീവ പ്രവര്‍ത്തകനൊന്നും ആയിരുന്നില്ല. തന്‍റെ ജോലി അങ്ങേയറ്റം ആത്മാര്‍ഥതയോടെ ചെയ്ത ഒരു അധ്യാപകനായിരുന്നു.

നാരായണനും ലക്ഷ്മണനും തമ്മിലുള്ള രൂപ സാദൃശ്യം ലക്ഷ്മണന്റെ ജോലിയെ ബാധിച്ച സംഭവം ഇവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ആ സംഭവത്തെ കുറിച്ച് ലക്ഷ്മണന്‍

ഒരിക്കല്‍ കുറച്ചു നായന്മാര്‍ എന്നെ കുടുക്കാന്‍ നോക്കി. ഞാന്‍ സത്യസന്ധനാണ്. ഇന്നും അന്നും. എന്‍റെ ജേഷ്ഠനും. ഏട്ടന്‍ കര്‍ഷക സംഘത്തിന്റെ പ്രസിഡന്‍റൊക്കെയായിരുന്നു. മിക്കവാറും ഇവരുടെ പരിപാടിക്ക് ആളുകള്‍ കൂടാന്‍ വേണ്ടി കെപിഎസിയിലെ പാട്ട് പാടുമായിരുന്നു. ഒരു പരിപാടിക്ക് ഇയാള് വയലാര്‍ രാമവര്‍മ്മയുടെ ഒരു ഗാനം പാടി.

മലതുരക്കുന്ന കൈകളെ

വഴി തുറക്കുമോ

മയിലാടും കുന്നിലെക്കൊരു വഴി തുറക്കുമോ

അവിടെ കൂടി നിന്ന ആളുകള്‍ അത് ലക്ഷ്മണന്‍ മാഷാണെന്ന് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിംഗില് വളണ്ടിയേര്‍സ് ഉണ്ടാകും. ബാഡ്ജൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരെ അവര്‍ അടുപ്പിക്കില്ല. അവര്‍ക്കറിയാം ഇന്നവര് ഇന്ന ആളാണെന്ന്. അവര് വിളിപ്പാടകലെ നില്‍ക്കണം. അന്ന് പിന്നെ ലൈറ്റ് അറേഞ്ച്മെന്‍റ് എന്നു പറഞ്ഞിട്ടുള്ള സിസ്റ്റമൊന്നും ഇല്ല. ഒരു പെട്രോള്‍ മാക്സ് ഉണ്ടാകും. ചിലപ്പോള്‍ രണ്ടെണ്ണം ഉണ്ടാകും. ചില ആളുകള്‍ എട്ടനെ നോക്കിയിട്ട് ഇത് മാഷാണെന്നു പറഞ്ഞു. ചിലര് പറഞ്ഞു, പാപികളെ അത് മാഷല്ല ടി.ആറാണെന്ന്. അത് കേട്ടില്ല അവര്. അവര്‍ ഡി ഇ ഒയ്ക്ക് ഒരു ലെറ്റര്‍ കൊടുത്തു. ഇയാള്‍ ഇന്ന യോഗത്തില്‍ പ്രസംഗിച്ചു, ഇയാള്‍ രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞു കൊണ്ട്. അങ്ങനെ എനിക്കു സസ്പെന്‍ഷന്‍ കിട്ടി. എനിക്കത് കേട്ടതും സന്തോഷമാണ് വന്നത്. നമ്മുടെ വയലില്‍ ജോലി ചെയ്യാലോ. ഞാന്‍ ഡി ഇ ഒയുടെ അടുത്തുപോയി പറഞ്ഞു, യോഗത്തില്‍ പങ്കെടുത്തത് ഞാനല്ല. എന്‍റെ സഹോദരനാണെന്ന്. അങ്ങേര് പെട്ടെന്നു പറഞ്ഞു അതവിടെ വെച്ചിട്ട് പോകാന്‍. പിന്നെ ഞാന്‍ ഞങ്ങളുടെ യൂണിയന്‍ നേതാവിനോട് പറഞ്ഞു. അങ്ങേര് പറഞ്ഞു, എനിക്കും ഇതുപോലെ അബദ്ധം പറ്റിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഡ്രൈവറായ ഒരു ട്വിന്‍സ് ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ അബദ്ധം പറ്റിയകാര്യം പുള്ളി പറഞ്ഞു. പിന്നെ അന്നത്തെ എംഎല്‍എയെ പോയി കാണാന്‍ പറഞ്ഞു. എ കെ രാമന്‍ കുട്ടി എം എല്‍ എ ഭയങ്കര ജീനിയസ് ആയിരുന്നു. ഭരണകക്ഷിയിലെ എം എല്‍ എ ആയിരുന്നില്ല അദ്ദേഹം. ഞാന്‍ ഒന്നു രണ്ടു തവണ പോയിട്ടാണ് അയാളെ കാണാന്‍ കഴിഞ്ഞത്. ഞാനൊന്നു അന്വേഷിക്കട്ടെ എന്നു അദ്ദേഹം പറഞ്ഞു. പിന്നെ പത്തു മാസം കഴിഞ്ഞിട്ടാണ് എന്‍ക്വയറി വന്നത്. ഒന്നും നടന്നില്ലെങ്കിലും കുഴപ്പമില്ല. നമുക്കിവിടെ കൃഷിയുണ്ടല്ലോ എന്നു ഞാന്‍ വിചാരിച്ചു. ഞാന്‍ പൂര്‍ണ്ണമായും കൃഷിപ്പണിയില്‍ മുഴുകി. ആ സമയത്ത് കല്യാണാലോചനകളും വരുന്നുണ്ടായിരുന്നു.

ഞാന്‍ ഈ മീറ്റിംഗ് ദിവസം സ്കൂളിന്‍റെ അടുത്ത് ഒരു കോണ്‍ഗ്രസ് പ്രസിഡണ്ട് അപ്പുക്കുട്ടന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം ഉള്ള ആളാണ്. ഞാന്‍ എന്തെങ്കിലും പരിപാടിക്കൊക്കെ പോയാല്‍ അങ്ങനെയുള്ള ആളുകളുടെ വീട്ടില്‍ താമസിക്കാറുണ്ട്. ആ യോഗം നടക്കുന്ന ദിവസം ഞാന്‍ നിങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നില്ലേ എന്നു ഞാന്‍ പ്രസിഡന്‍റിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ തൊട്ട് മുമ്പുള്ള ദിവസം പ്രൊപ്പഗണ്ട ഒന്നും പാടില്ല. അങ്ങനെ ഒന്നുണ്ടല്ലോ. അയാള്‍ അതും ഓര്‍മ്മിച്ചു. ഡി ഇ ഒ വിളിച്ചു. അവിടെ അമ്പത്-അറുപത് ആളുകൂടി. ആ നിരപരാധിയെ എന്തിനാ വെറുതെ ക്രൂശിക്കുന്നത് എന്നു ചോദിച്ചു.

പരിപാടി നടന്ന സ്ഥലത്തും മറ്റുമായി രണ്ടു മൂന്നു മീറ്റിംഗ് വെച്ചു. പിന്നെ അവരുടെ ഭാഗത്ത് ആരും ഇല്ലാതായി. ഞാനും അപ്പുക്കുട്ടനും ഡി ഇ ഒയുടെ അടുത്തു പോകുമ്പോള്‍ അപ്പുക്കുട്ടന്‍ എന്നോടു പറഞ്ഞു. നീയും എട്ടനും ഒരേപോലുള്ള ഡ്രസ് ഇട്ടിട്ടു വരണം എന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലെ വേഷം കേട്ടേണ്ടതുള്ളൂ എന്ന്. എന്‍റെ കയ്യിലല്ലേ സത്യം. ഞാനും അവനും വേറെ വേറെ വേഷത്തിലാണ് പോയത്. അപ്പുക്കുട്ടന്‍ പറഞ്ഞു ഈ കാര്യത്തിന് വേണ്ടിയിട്ട് ഞാന്‍ തിരുവനന്തപുരത്തു പോകാന്‍ നില്‍ക്കുകയാണ്. നിങ്ങള്‍ എന്താ പറയുന്നത് എന്നു ചോദിച്ചു. നിരപരാധിയല്ലേ, വേണ്ട ഇതിവിടുന്നു തന്നെ തീര്‍ക്കാം എന്ന് ഡി ഇ ഒ പറഞ്ഞു.

അതിലുള്ള ഒരു കാര്യം എന്താണെന്ന് അറിയ്യോ. ജന്മികളായ കുറച്ചു നായന്മാരാണ് ഇതിന് പിന്നില്‍. 1957-ലൊക്കെ കുടിയൊഴിപ്പിക്കലും വീടൊഴിപ്പിക്കലും നിര്‍ത്തിയല്ലോ, അത് ഇവര്‍ക്കൊക്കെ അടിയായിരുന്നു. അതാണ് കാര്യം. അതിന് എന്നോടാണ് ദേഷ്യം. എന്നോടു ദേഷ്യപ്പെട്ടിട്ട് വല്ല കാര്യം ഉണ്ടോ. എന്നോടു ദേഷ്യപ്പെട്ടാല്‍ ഭൂമി തിരിച്ചു കിട്ടുമോ? മെയിനായിട്ട് ഒരു പുള്ളിയുണ്ട് സ്കൂളിനടുത്ത്. അവനാണ് ഇത് ഉണ്ടാക്കിയത്. സസ്പന്‍ഷനില്‍ ആയ സമയത്താണ് കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിന് നാലു ദിവസം മുമ്പാണ് ജോലി തിരിച്ചു കിട്ടിയത്. ഞങ്ങളുടെ കല്യാണം ആളുകള്‍ക്ക് വലിയ അത്ഭുതമായിരുന്നു. ഇരട്ടകളുടെ കല്യാണം എന്നു പറഞ്ഞ് ആളുകള്‍ കാണാന്‍ തിക്കി തിരക്കിയിരുന്നു.

രണ്ടു പേരുടെ ഭാര്യമാരും നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പിന്നെ ഹാര്‍മോണിയവും ഭരതനാട്യവും പഠിച്ചു. ത്യാഗരാജ കൃതികളൊക്കെ നന്നായി അറിയും. ‘എവരണി നീനെ’ എന്നൊക്കെ പറഞ്ഞിട്ടു എസ് ജി കിട്ടപ്പയുടെ ഒരു ഫേമസ് ഗാനം ഉണ്ട്. റേഡിയോയില്‍ ആ പാട്ട് വരുമ്പോള്‍ ഇവര് മുറിയില്‍ വാതിലൊക്കെ അടച്ച് ഉച്ചത്തില്‍ പാട്ട് വെച്ച് കേള്‍ക്കും. അപ്പോള്‍ ഇതെന്തിനാ വെക്കുന്നെ എന്നു പറഞ്ഞ് ഞങ്ങള്‍ വഴക്കു പറയും. ഇവര്‍ സംഗീതം പഠിച്ചതൊന്നും അന്നേരം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

അന്ന് വീട്ടില്‍ കറന്‍റ് ഒന്നും ഇല്ലായിരുന്നു. വേമ്പനാട്ട് സിമന്‍റ് കൊണ്ട് വന്നിട്ടാണ് വീട് പണിതത്. 1956-ലാണ് വീട് പണി തുടങ്ങിയത്. ഇടയ്ക്കു കൃഷിയില്‍ തകര്‍ച്ച വരുമ്പോള്‍ നിര്‍ത്തി വെക്കും. അന്നത്തെ അപേക്ഷിച്ച് ഇന്ന് ഞങ്ങള്‍ക്ക് വരുമാനം കുറഞ്ഞു. 85 വയസ്സായി.

നല്ല വായനയും രാഷ്ട്രീയ ബോധവും ഉള്ള ലക്ഷ്മണന്‍ നല്ലൊരു കവി കൂടിയായിരുന്നു. ലക്ഷ്മണന്‍ എഴുതിയ കവിതകള്‍ കര്‍ഷക സംഘങ്ങളുടെ വേദിയിലും കമ്യൂണിസ്റ്റ് പരിപാടികളിലും ഒക്കെയായി നിരവധി വേദികളില്‍ പാടിയിട്ടുണ്ട്.

ഞാന്‍ കവിത എഴുതുന്നത് എന്‍റേതായ ഭാഷയിലാണ്. അത് നമ്മുടെ നാട്ടുകാര്‍ക്ക് മനസ്സിലാവില്ലല്ലോ. അതുകൊണ്ട് ഞാന്‍ സിമ്പിളായിട്ടങ്ങ് എഴുതി. പെന്‍ഷന്‍കാരുടെ മീറ്റിംഗിലും മറ്റും പാടിയിട്ടുണ്ട്.

നാരായണന്‍

ഇത് ഞാന്‍ കെട്ടിച്ച വീടാണ്. കുട്ടികളുടെയും വയസ്സന്‍മാരുടെയും എല്ലാവരുടെയും സൌകര്യത്തിന് അനുസരിച്ചാണ് ഞാന്‍ വീട് കെട്ടിയത്. വയസ്സായ ആളുകളല്ലേ ഇതൊക്കെ ഉണ്ടാക്കിയത്. അവര്‍ വയസ്സാവുമ്പോള്‍ നമ്മള്‍ അവരുടെ സൌകര്യം കൂടി നോക്കണ്ടേ. സത്യസന്ധതയും ഭൂതദയയും ഒന്നും ഇപ്പോഴില്ല. സ്നേഹത്തെയും ബന്ധത്തെയുമൊക്കെ ആളുകള്‍ ചൂഷണം ചെയ്യുന്ന അവസ്ഥയാണ്. സ്നേഹം എന്നു പറഞ്ഞാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. പണം സംബന്ധമായാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. പണത്തിന് അങ്ങനെ ഒരു സ്വഭാവം ഉണ്ട്. പണത്തോട് ആര്‍ത്തിയില്ലാതായാല്‍ തന്നെ സ്നേഹവും ബന്ധവും നിലനില്‍ക്കും. നമ്മള്‍ സ്നേഹവും ബന്ധവും വച്ച് ഒരാളെ ചൂഷണം ചെയ്താല്‍ എന്തു ചെയ്യും. അര്‍ഹതയില്ലാത്തവരാണ് ആനുകൂല്യങ്ങള്‍ പറ്റുന്നത്. അര്‍ഹതയുള്ളവന് ഒന്നും കിട്ടുന്നില്ല. കാര്‍ഷിക രംഗത്ത് മാത്രമല്ല, എല്ലാ മേഖലയിലും ഇത് തന്നെയാണ് നടക്കുന്നത്.

വളരെ ധര്‍മ്മം ചെയ്തവര്‍ക്കപചയം

വരികില്ലെന്നതും ഒരു പൊളിയത്രെ

അത് വെറും പൊളിയാണ്. ഞാന്‍ അങ്ങോട്ട് കൊടുത്തത് ഇങ്ങോട്ട് കിട്ടുമ്പോള്‍ അത് നമുക്ക് അവകാശപ്പെട്ടതാണല്ലോ എന്നു സമാധാനിക്കാം.

ലക്ഷ്മണന്‍

നാരായണന്‍ റിസര്‍ച്ചും സംഘടനയുമൊക്കെയായി നടന്നപ്പോള്‍ പാടമൊക്കെ അനാഥമായി. വരമ്പില്‍ പയറും ഇല്ല, വെണ്ടയില്ല, ഉഴുന്നില്ല, തുവരയില്ല ഒന്നും ഇല്ല; കണ്ടവര്‍ കൊണ്ട് പോകുകയല്ലേ. നെല്ലിന് വിളകൂടിയപ്പോള്‍ ഇവര്‍ പറഞ്ഞു, ജോലി രാജിവെച്ചിട്ട് ഇങ്ങോട്ട് വരണം കൃഷി നോക്കണം എന്ന്. ഞാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും ഹെഡ്മാഷന്‍മാരുടെ സ്കെയില്‍ ഒക്കെ കൂടിയിരുന്നു. എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞ് ഞാന്‍ പിന്നെ അതില്‍ തന്നെ നിന്നു. എന്‍റെ സര്‍വ്വീസ് ജീവിതത്തില്‍ ഞാന്‍ ലീവേടുത്തില്ല. ഇംഗ്ലീഷിനോട് എനിക്കു അത്രയ്ക്ക് ആവേശമായിരുന്നു. അന്നൊന്നും ഞാന്‍ ആശുപത്രിയില്‍ കിടന്നിട്ടു പോലും ഉണ്ടായിരുന്നില്ല. ഞാന്‍ റിട്ടയര്‍ ചെയ്തപ്പോള്‍ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. ഞാന്‍ പെന്‍ഷനായിട്ട് മുപ്പതു വര്‍ഷമായി. ഈ വീട്ടില്‍ അരിയല്ലാതെ സാമ്പത്തിക വരുമാനം ഉള്ളത് എനിക്കു മാത്രമാണ്. രണ്ടു പേര്‍ക്കും മൂന്നു മക്കളായി. എന്നിട്ടും കുടുംബം പിരിഞ്ഞിട്ടില്ല.

അക്കാലത്ത് പാലക്കാട് പാര്‍ട്ടി പരിപാടികളിലും മറ്റും നടന്നു വന്നിരുന്ന പാലക്കാടിന്‍റെ തനതു കലയാണ് പൊറാട്ട് നാടകം. അന്യമായിക്കൊണ്ടിരിക്കുന്ന പൊറാട്ട് നാടകത്തെ കുറിച്ചു ലക്ഷ്മണന്‍ പറയുന്നു.

കാരന്തോണി വേലായുധന്‍ എന്നു പറഞ്ഞ് ഒരു കാരണോരുണ്ടായിരുന്നു. അയാള്‍ പൊറാട്ട് നാടകത്തിന്‍റെ ആളായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ ഒക്കെ പൊറാട്ട് നാടകം അവതരിപ്പിക്കുമായിരുന്നു. പാലക്കാടിന്‍റെ കലയാണത്. തമാശയിലൂടെ കാര്യം പറയുന്ന ഒരു കലയാണത്. പന്തലിട്ടാല്‍ ചെങ്കൊടി വെക്കണം, അല്ലെങ്കില്‍ ഇയാള്‍ പൊറാട്ട് നാടകം കളിക്കില്ല. അയാളെ കൊല്ലാനൊക്കെ നോക്കി പലരും. അന്ന് കോണ്‍ഗ്രസ് കൊടി ആരും കെട്ടില്ല; കെട്ടിയാല്‍ കൂക്കി വിളിക്കുമായിരുന്നു. അതില്‍ പല പരിഷ്ക്കരണങ്ങളും കൊണ്ടുവരാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അന്ന് പാര്‍ട്ടി നിലയില്‍ നില്‍ക്കുന്ന സമയമാണ്. ഇപ്പോ അതൊക്കെ പോയില്ലേ. അതൊന്നും കാണാനേ ഇല്ല.

പാവന മധു വാനിലെ

പാണ്ഡ്യ കാല തനയെ എന്നു പാടിയിട്ടാണ് തുടങ്ങുക.

അതില്‍ രാഷ്ട്രീയം ഒന്നും ഇല്ല. പിന്നീടാണ് രാഷ്ട്രീയവും ഹാസ്യവും ഒക്കെ വരുന്നത്. അന്ന് കോണ്‍ഗ്രസിന്‍റെ ചിഹ്നം ഇരട്ടക്കാളകളായിരുന്നു.

നീലിപ്പെണ്ണേ നീയറിഞ്ഞില്ലേ

ആ കാളയ്ക്കിപ്പോ വാലുംപോയി

കൊമ്പൊടിഞ്ഞല്ലോ

ഇങ്ങനെയൊക്കെയാണ് കോണ്‍ഗ്രസിനെ കളിയാക്കുക. ആദ്യം പൊറാട്ട് നാടകത്തിലെ ചില വേഷങ്ങള്‍ ധരിക്കും. നല്ല ഒരു പെണ്‍കുട്ടിയുടെ വേഷം ഒക്കെ ധരിച്ചിട്ടാണ് സ്റ്റേജില്‍ വരിക. ആളുകള്‍ക്ക് ആവേശമാകും. കൃഷിക്കാരും തൊഴിലാളികളും ഒക്കെയാണല്ലോ പ്രേക്ഷകര്‍. ഒരു കളി കഴിയുമ്പോള്‍ ഉടനെ തന്നെ അടുത്ത കളി അവര്‍ അറേഞ്ച് ചെയ്യും. എത്രയോ വേദികളില്‍ കളിച്ചു. ഒരുപാട് പ്രശസ്തനായി. എത്രയോ ഗവണ്‍മെന്റുകള്‍ മാറി മാറി വന്നു. പക്ഷേ അയാള്‍ക്ക് ഒരു അംഗീകാരവും കിട്ടിയില്ല. എത്രയാളാ കൂടുന്നതെന്നറിയ്യോ. ശരിക്കും ജനസമുദ്രം തന്നെയായിരുന്നു. എല്ലാവര്‍ താഴ്ന്ന വരുമാനം ഉള്ളവരായിരുന്നല്ലോ. ചെറുകിട കൃഷിക്കാരും കര്‍ഷക തൊഴിലാളികളും പൂജ കഴിഞ്ഞു പൊറാട്ട് നാടകം വെക്കുമായിരുന്നു. പെന്‍ഷന്‍ ആനുകൂല്യം കിട്ടുന്നത് വൈകുന്നതിനെ കളിയാക്കിയിട്ട് ഞാനും എഴുതിയിട്ടുണ്ട് പൊറാട്ട് നാടകം.

എന്തുകൊണ്ടും അവസാനമായി 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നാണ് എനിക്കു പറയാനുള്ളത്. എത്ര വലിയ പ്രഭു ആയാലും എത്ര സ്വത്തുണ്ടായാലും ശരി വിദ്യാഭ്യാസം ഇല്ലെങ്കില്‍ ഒന്നും ഉണ്ടായിട്ട് കാര്യമില്ല- ലക്ഷ്മണന്‍ പറഞ്ഞു നിറുത്തുന്നു.


Next Story

Related Stories