Top

ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം പവര്‍ ഹൈവേ; ഇച്ഛാശക്തിയാണ് പിണറായി സര്‍ക്കാര്‍

ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം പവര്‍ ഹൈവേ; ഇച്ഛാശക്തിയാണ് പിണറായി സര്‍ക്കാര്‍
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നത്‌ ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ ആശയവിനിമയം ആരംഭിച്ചത്‌. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി, ഗെയില്‍ പ്രകൃതിവാതക പൈപ് ലൈൻ പദ്ധതി, കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന പവർ ഹൈവേ എന്നിവയിലെ കഴിഞ്ഞ രണ്ട്‌ വർഷത്തെ പുരോഗതിയാണു തന്റെ അവകാശവാദത്തിനു അടിവരയിടാൻ മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയത്‌. കേന്ദ്ര ഏജൻസികൾ നടപ്പിലാക്കുന്ന ഈ മൂന്ന് പദ്ധതികൾക്കും സ്ഥലമേറ്റെടുത്ത്‌ നൽകുന്നതുൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തമായിരുന്നു സംസ്ഥാന സർക്കാരിനുണ്ടായിരുന്നത്‌. മുൻ സർക്കാരിന്റെ കാലത്ത്‌ സ്തംഭനാവസ്ഥയിലായ ഈ പദ്ധതികൾ പിണറായി സർക്കാരിന്റെ കാലത്ത്‌ എങ്ങനെയാണു വീണ്ടും ട്രാക്കിലായതെന്നത്‌ സൂക്ഷ്മമായി തന്നെ പഠിക്കേണ്ടതാണു. നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ കൽപിച്ചു കൊടുക്കുന്ന വികസനനായക സങ്കൽപങ്ങളല്ല യാഥാർത്ഥ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പദ്ധതികളിലെ കഴിഞ്ഞ 7 വർഷങ്ങളിലെ അനുഭവങ്ങൾ.

ദ്രവീകൃത പ്രകൃതിവാതകം സംഭരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പെട്രോനെറ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് കൊച്ചി പുതുവൈപ്പിനിലും ഗുജറാത്തിലെ ദാഹെജിലും എൽ എൻ ജി ടെർമിനലുകൾ സ്ഥാപിച്ചത്‌. കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ കൺസോർഷ്യമായ പെട്രോനെറ്റ്‌ 4500 കോടി മുടക്കി നിർമ്മിച്ച പുതുവൈപ്പിനിലെ ടെർമിനൽ 2013ൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ്. കമ്മീഷൻ ചെയ്ത്‌ 5 വർഷം കഴിയുമ്പോഴും ശേഷിയുടെ പത്ത്‌ ശതമാനത്തിലും താഴെ മാത്രം ഉപയോഗം പരിമിതപ്പെട്ട്‌ കാഴ്ചവസ്തുവായി മാറിയിരുന്നു ആ ടെർമിനലുകൾ. 5 മില്ല്യൺ ടൺ ലിറ്റർ ശേഷിയുള്ള ടെർമിനലുകളിൽ നിന്ന് ഫാക്ടും ബി പി സി എല്ലും മാത്രമാണ് എൽ എൻ ജി വാങ്ങിയിരുന്നത്‌. തെക്കേ ഇന്ത്യയിലെ വ്യവസായങ്ങളെ ലക്ഷ്യമിട്ട്‌ ആവിഷ്ക്കരിച്ച ഈ പദ്ധതി‌ കൊച്ചി-കൂറ്റനാട്‌-ബംഗളൂരു-മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ ലൈൻ ശൃംഖല കൊണ്ട്‌ മാത്രമേ ലാഭകരമാകുമായിരുന്നുള്ളൂ. ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതി കമ്മീഷൻ ചെയ്യപ്പെട്ടാൽ പെട്രോനെറ്റ്‌ പദ്ധതി പകുതിയിലേറെ പ്രവർത്തനശേഷിയിലേക്ക്‌ ഉയരുകയും ലാഭകരമാകുകയും ചെയ്യും.

എന്നാൽ പൈപ്പ്‌ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ ആദ്യം മുതലേ പദ്ധതിക്കെതിരെ എതിർപ്പുയർന്നു. ഗെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ പദ്ധതിപ്രദേശങ്ങളിലെ സർവ്വേയും മറ്റും ഇഴയാൻ തുടങ്ങി. പൈപ്പ്‌ ലൈൻ കടന്നു പോകുന്ന സ്ഥലത്തിനു ന്യായവിലയുടെ 10% മാത്രം നൽകുന്ന രീതിയിലുള്ള നഷ്ടപരിഹാരത്തുകയിലെ അസംതൃപ്തി മുതൽ പദ്ധതി ഉയർത്തുന്ന സുരക്ഷാകാരണങ്ങൾ വരെ പ്രതിഷേധങ്ങൾക്ക്‌ കാരണമായി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ച്‌ പ്രശ്നപരിഹാരം സാധ്യമാക്കാൻ അന്നത്തെ സർക്കാർ യാതൊന്നും ചെയ്തില്ല. 2012 ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ പ്രക്രിയ എറണാകുളം ജില്ലക്ക്‌ അപ്പുറത്തേക്ക്‌ എത്താതെ മുടങ്ങിക്കിടന്നു. നഷ്ടപരിഹാരത്തുക ന്യായ‌വിലയുടെ 30% ആക്കുന്നതിനായി തീരുമാനമായെങ്കിലും സമരക്കാരുടെ ആശങ്കകൾ പരിഹരിക്കാനുള്ള യാതൊന്നും 2016 വരെ ഉണ്ടായില്ല.

പദ്ധതി നടപ്പാക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഗെയിൽ അധികൃതർ പോലും ഉറപ്പിച്ചു. ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടാൽ നമ്മുടെ സംസ്ഥാനത്തെ കേന്ദ്രസർക്കാരിന്റെ 4500 കോടിയുടെ നിക്ഷേപമായ പെട്രോനെറ്റ്‌ പദ്ധതി എന്നന്നേക്കും ഒരു കാഴ്ചവസ്തു മാത്രമായി മാറിയേനെ. 2016 മെയ്‌ മാസത്തിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാർ പ്രത്യേക താൽപര്യത്തോടെ ഏറ്റെടുത്ത ദൗത്യങ്ങളിലൊന്ന് ഗെയിൽ പദ്ധതിയുടെ പൂർത്തീകരണമായിരുന്നു. ഭൂവുടമകളുടെ ആശങ്കകൾ ദൂരീകരിക്കാൻ ആവശ്യമായത്‌ ചെയ്തു. പദ്ധതി കടന്നുപോകുന്ന ഭൂമിക്ക്‌ ന്യായവിലയുടെ 50% തുക നഷ്ടപരിഹാരമായി നൽകാൻ സ. ഉ.(എം. എസ്‌.) 64/2017/ ആർ ഡി പ്രകാരം ഉത്തരവായി. സ്ഥലമേറ്റെടുക്കലും പൈപ്പ്‌ ഇടലും തൃശൂരും കടന്ന് കൂറ്റനാടേക്കെത്തിച്ചു. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലേക്ക്‌ സർവ്വേ നടപടികൾ കടന്നതോടെ ഗെയിൽ വിരുദ്ധ സമരസമിതിയുടെ പ്രതിഷേധങ്ങൾ ശക്തമായി തുടങ്ങി. കോഴിക്കോട്‌ മുക്കം എരഞ്ഞിമാവിലും മലപ്പുറത്ത്‌ മാറാക്കരയിലും പൂക്കോട്ടൂരുമൊക്കെ സർവ്വേ നടപടികൾ തടസപ്പെട്ടു. എരഞ്ഞിമാവിൽ നടുറോഡിൽ ജുമഅ നമസ്ക്കാരം നടത്തിയതുൾപ്പെടെ സമരം വൈകാരികമാക്കപ്പെട്ടു. പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പർവ്വതീകരിക്കപ്പെട്ട‌ വാട്സപ്പ്‌ സന്ദേശങ്ങൾ പ്രവഹിച്ചു. സാധാരണഗതിയിൽ പദ്ധതി വീണ്ടും ഫ്രീസറിലാകേണ്ടതാണ്. എന്നാൽ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി നല്ല ബോധ്യമുള്ള സർക്കാർ പിന്നോട്ടു പോകാൻ തയ്യാറായില്ല. സമരത്തെ വൈകാരികമാക്കുന്ന ഗ്രൂപ്പുകളെ മാറ്റിനിർത്തി ഭൂവുടമകളുമായി സംസാരിക്കാൻ സർക്കാർ സംവിധാനങ്ങൾ മുന്നോട്ടു വന്നു. മലപ്പുറത്ത്‌ ജില്ലാ കളക്ടർ വിളിച്ച യോഗത്തിലേക്ക്‌ എറണാകുളത്തും തൃശൂരും പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരെ കൊണ്ടു വന്ന് മലപ്പുറത്തെ ഭൂവുടമകളുടെ ആശങ്കകൾ ദൂരീകരിച്ചു. മുൻപ്‌ പ്രഖ്യാപിച്ച നഷ്ടപരിഹാരപാക്കേജിൽ വർദ്ധന വരുത്താൻ സർക്കാർ ഗെയിലിനോട്‌ ആവശ്യപ്പെട്ടു.

ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ നഷ്ടപരിഹാരം പുതുക്കിയ ന്യായവിലയുടെ 5 മടങ്ങായിരുന്നത്‌ 10 മടങ്ങായി വർദ്ധിപ്പിച്ചു. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതൽ ഇത്‌ ബാധകമാക്കും. പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കി. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി
ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂഉടമയ്‌ക്ക്‌ നല്‍കാനും തീരുമാനമായി. പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് എക്‌സ്‌ഗ്രേഷ്യയായി (ആശ്വാസ ധനം) 5 ലക്ഷം രൂപ ഗെയിൽ നൽകും. നെല്‍വയലുകള്‍ക്ക്‌ ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന്‌ 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്‌ടപരിഹാരവും നല്‍കും. മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിൽ വെച്ച്‌ ഗെയിൽ അധികൃതരെക്കൊണ്ട്‌ ഈ തീരുമാനങ്ങൾ അംഗീകരിപ്പിച്ചാണു പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ട്‌ നീക്കിയത്‌. ആശങ്കകളൊഴിഞ്ഞ ഭൂവുടമകൾ പദ്ധതിക്കൊപ്പം നിന്നു.

പിണറായി വിജയൻ സർക്കാർ രണ്ട്‌ വർഷം തികയ്ക്കുമ്പോഴേക്കും പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. പദ്ധതിക്കായി കേരളത്തിലും കര്‍ണ്ണാടകയിലുമായി 438 കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇത് മുഴുവനും ഏറ്റെടുത്തു. കേരളത്തില്‍ 403 കിലോമീറ്ററും കര്‍ണ്ണാടകയില്‍ 35 കിലോമീറ്ററുമാണ് ഏറ്റെടുത്തിട്ടുള്ളത്.

എറണാകുളം 16 കിലോമീറ്റര്‍, തൃശൂര്‍ 72 കിലോമീറ്റര്‍, പാലക്കാട് 13 കിലോമീറ്റര്‍, മലപ്പുറം 58 കിലോമീറ്റര്‍, കോഴിക്കോട് 80 കിലോമീറ്റര്‍, കണ്ണൂര്‍ 83 കിലോമീറ്റര്‍, കാസര്‍ഗോഡ് 81 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഈ 438 കിലോമീറ്ററില്‍ 369 കിലോമീറ്റര്‍ ഭൂമിയും സമനിരപ്പാക്കി. 330 കിലോമീറ്ററില്‍ സ്ഥാപിക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട് . ഇതില്‍ 247 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ കുഴിയിലാക്കിയിട്ടുണ്ട്.

91 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി-കൂറ്റനാട്-ബംഗളൂരു-മംഗളൂരു പൈപ്പ് ലൈന്‍ ഫേസ് രണ്ടിന്റെ (കെകെബിഎംപിഎല്‍ 2) ആദ്യഘട്ടം ജൂണ്‍ 30 ന് കമ്മീഷന്‍ ചെയ്യാനാകും വിധം ജോലികള്‍ നടക്കുകയാണ്. ഇതോടെ എറണാകുളം, തൃശൂർ ജില്ലകളിലെ വ്യവസായസ്ഥാപനങ്ങൾക്ക്‌ പ്രകൃതിവാതകം ഉപയോഗിക്കാനാകും. അവശേഷിക്കുന്ന കൂറ്റനാട്-മംഗളൂരു ലൈന്‍ ഒക്ടോബര്‍ 31നു കമ്മീഷന്‍ ചെയ്യും. അതോടെ മലബാർ മേഖലയിലെ വ്യവസായങ്ങൾക്കും പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമായിതുടങ്ങും.

ഈ പൈപ്പ്‌ ലൈൻ കൂറ്റനാട് നിന്ന് ആരംഭിച്ച് കോയമ്പത്തൂര്‍-ഈറോഡ്-സേലം വഴി ബംഗളൂരുവില്‍ എത്തുമ്പോള്‍ ബംഗളൂരുവില്‍ എത്തിനില്‍ക്കുന്ന ദേശീയ ശൃംഖലയുമായി കേരളത്തിലെ പ്രകൃതി വാതക സംവിധാനത്തെ ബന്ധപ്പെടുത്താനാകും. അതുവഴി പില്‍ക്കാലത്ത് ദേശീയ ഗ്രിഡ്ഡില്‍ നിന്ന് കേരളത്തിന്റെ വിഹിതം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ ജോലി ഉടനെ തുടങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ കേരള സർക്കാരിനും നികുതിയിനത്തിൽ വലിയ നേട്ടങ്ങളുണ്ടാകും. പെട്രോനെറ്റിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതോടെ സമുദ്രമാർഗ്ഗം വരുന്ന പ്രകൃതിവാതകത്തിന്റെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിനും വലിയ വരുമാനവർദ്ധനവുണ്ടാകും. പോർട്ട്‌ ട്രസ്റ്റിനെ ലാഭത്തിലാക്കാൻ തന്നെ ഉപകരിച്ചേക്കും ഈ വരുമാനവർദ്ധനവ്‌. വയനാടുൾപ്പെടെ ഏഴ്‌ ജില്ലകളിൽ വീടുകളിൽ പ്രകൃതി വാതകം പാചകത്തിനായി പൈപ്പുകളിലൂടെ ലഭ്യമാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതികൾ ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകും. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ച്‌ കഴിഞ്ഞു. മലബാർ മേഖലയിലൂടെ ഈ പൈപ്പ്‌ ലൈൻ കൊണ്ടു പോകുന്നത്‌ വംശീയ ഉദ്ദേശ്യങ്ങളോടെയാണെന്ന് ഫേസ്ബുക്കിൽ എഴുതിയവർ വരെയുണ്ടെന്ന് ഓർക്കണം. നമ്മുടെ സംസ്ഥാനത്തിനു പ്രകൃതിക്ക്‌ കോട്ടം തട്ടാത്ത ഒരു ബദൽ ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം. ഭാവിയിൽ പൈപ്പ്‌ ലൈൻ കടന്നു പോകുന്നതിനു സമാന്തരമായി ഒരു വ്യവസായ കോറിഡോർ തന്നെ രൂപം കൊണ്ടേക്കാം. അതിലുപരി പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്ത താപവൈദ്യുതപദ്ധതികളും ഇനി യാഥാർത്ഥ്യമാക്കാം. ഒരു ഘട്ടത്തിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന ഒരു പദ്ധതിയാണ് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാൽ ഇന്ന് യാഥാർത്ഥ്യമാകുന്നത്‌. ജനകീയപ്രതിഷേധങ്ങളാൽ തടസപ്പെട്ട പദ്ധതിയെ ജനങ്ങളുമായി ചർച്ച ചെയ്ത്‌ ആശങ്കകൾ പരിഹരിച്ചും അവർക്ക്‌ കൂടുതൽ മെച്ചപ്പെട്ട പാക്കേജ്‌ ലഭ്യമാക്കിയും യാഥാർത്ഥ്യമാക്കുമ്പോൾ തെളിയുന്നത്‌ സർക്കാരിന്റെ ജനപക്ഷനിലപാട്‌ കൂടിയായാണ്.

കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാതാ വികസനം സര്‍ക്കാറിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണെന്ന് പ്രഖ്യാപിച്ചാണു എൽ ഡി എഫ്‌ സർക്കാർ അധികാരമേറ്റെടുത്തത്‌. സി പി എം സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോൺഗ്രസ്‌ രേഖയിലും എൽ ഡി എഫ്‌ പ്രകടനപത്രികയിലും ദേശീയപാത 45 മീറ്ററിൽ നാലുവരിപ്പാതയാക്കുന്നത്‌ സർക്കാരിന്റെ മുഖ്യ അജണ്ടയായി നിശ്ചയിച്ചിരുന്നു. ഇത്‌ യാഥാർത്ഥ്യമാക്കാൻ ഭൂമി ഏറ്റെടുക്കൽ വലിയ വെല്ലുവിളി തന്നെയായിരുന്നു. എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം സ്ഥലം എടുപ്പ് നടന്നിരുന്നില്ല. മലപ്പുറം ജില്ലയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തന്നെ റദ്ദായി. കാസര്‍ഗോഡ് ദേശീയപാതവികസനത്തിനായി 110.5041 ഹെക്ടര്‍ സ്ഥലം വേണ്ടിടത്ത് ഏറ്റെടുക്കാനായത് 66.85 ഹെക്ടറും കണ്ണൂരില്‍ 265.66 ഹെക്ടര്‍ വേണ്ടിടത്ത് 88.818 ഹെക്ടറും കോഴിക്കോട് 132.2 ഹെക്ടര്‍ വേണ്ടിടത്ത് 67.32 ഹെക്ടറും ഏറ്റെടുക്കാനായിരുന്നു 2014 വരെ സാധിച്ചിരുന്നത്. മലപ്പുറത്ത് 337.858 ഹെക്ടര്‍ സ്ഥലമായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവ്വേ പോലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും യഥാക്രമം 221.967 ഹെക്ടറും 7.3179 ഹെക്ടറും വേണം. ഇവിടങ്ങളിലും സ്ഥലം ഏറ്റെടുക്കല്‍ സാധ്യമായിരുന്നില്ല. ഇതേ തുടര്‍ന്നു കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡ് വികസനം സംബന്ധിച്ചുള്ള വിജ്ഞാപനവും റദ്ദാക്കേണ്ടി വന്നു. ഭരണത്തിലേറിയത്‌ മുതൽ തന്നെ ഈ വിഷയത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ചകൾ നടത്തി നടപടികൾ വേഗത്തിലാക്കി. 2017 മെയ്‌ മാസത്തോടെ ജനപ്രതിനിധികളെ കൂടി പങ്കാളികളാക്കി അലൈന്മെന്റുകളിലെ അവ്യക്തതകൾ പരിഹരിച്ച്‌ സർവ്വേ നടപടികൾ തുടങ്ങാനുള്ള ഒരുക്കം പൂർത്തിയാക്കി. 2018 ഫെബ്രുവരി 15 ഓടെ ചേർത്തല- കഴക്കൂട്ടം റീച്ചിന്റെ സർവ്വേ പൂർത്തീകരിച്ച്‌ 3 എ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ റീച്ചിൽ സ്ഥലമേറ്റെടുപ്പ്‌ നടപടികളിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ വിജ്ഞാപനം തന്നെ റദ്ദാക്കേണ്ടി വന്ന മലപ്പുറത്ത്‌ സർവ്വേ ഒരു മാസം കൊണ്ട്‌ പൂർത്തീകരിച്ചതാണു സർക്കാരിന്റെ മിന്നൽവേഗത്തിലുള്ള നടപടികളുടെ മികച്ച ഉദാഹരണം. ഗ്രാമപഞ്ചായത്ത്‌ തലത്തിൽ ഭൂവുടമകളെ വിളിച്ച്‌ കൂട്ടി ചർച്ചകൾ നടത്തിയാണു ഓരോ പ്രദേശങ്ങളിലെയും സർവ്വേ നടപടികൾ എളുപ്പമാക്കിയത്‌. സർക്കാരിനു ലഭ്യമായ ഏറ്റവും മികച്ച ഉദ്യോഗസ്ഥസംഘത്തെത്തന്നെ ഇതിനായി വിനിയോഗിച്ച്‌ സർക്കാർ റോൾ ഭംഗിയാക്കി.

ഏറ്റെടുക്കപ്പെടുന്ന ഭൂമിക്ക്‌ 1956 ലെ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമേ കിട്ടൂ എന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചരണങ്ങൾ തെറ്റാണെന്നും 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരൻ തന്നെ രംഗത്ത്‌ വന്നു. അരീത്തോട്‌ അലൈൻമെന്റ്‌ സംബന്ധിച്ചുണ്ടായ തർക്കങ്ങൾ സംഘർഷത്തിലേക്കെത്തിയത്‌ മാത്രമായിരുന്നു 78 കിലോമീറ്റർ ദൂരത്തെ റോഡ്‌ സർവ്വേയിൽ പ്രതിസന്ധി സൃഷ്ടിച്ചത്‌. അവിടെയും മന്ത്രി തന്നെ നേരിട്ട്‌ ചർച്ച നടത്തി പ്രശ്നപരിഹാരം സാധ്യമാക്കി.

ഭൂമി ഏറ്റെടുക്കുന്നതിൽ നഷ്ടപരിഹാരപാക്കേജ്‌ കൃത്യമായി നടപ്പിലാക്കുന്നതിലും സർക്കാർ ഇടപെടൽ ഉറപ്പ്‌ വരുത്തുന്നുണ്ട്‌. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ വിപണിവിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക്‌ ആയിരം ചതുരശ്ര അടിക്ക്‌ നാൽപത്‌ ലക്ഷം രൂപ വരെയും ലഭിക്കുന്ന രീതിയിലാണ് പാക്കേജ്‌. ഏറ്റെടുക്കപ്പെടുന്ന ഭൂമിയിലെ വിളകൾക്കും വൃക്ഷങ്ങൾക്കും വരെ വിലയിട്ടാണു നഷ്ടപരിഹാരം നൽകുന്നത്‌. നഷ്ടപരിഹാരത്തുക ഭൂവുടമയുടെ അക്കൗണ്ടിൽ വന്നതിനു ശേഷം മാത്രമാണു ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക്‌ പ്രവേശിക്കുകയുള്ളൂ എന്നതിനാൽ ഇരകൾ നഷ്ടപരിഹാരം തേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നതൊക്കെ പഴങ്കഥയാകുകയാണു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തുക തന്നെ എൻ എച്ച്‌ അതോറിറ്റിയിൽ നിന്ന് ഇരകൾക്ക്‌ ലഭ്യമാക്കുന്നതിലും സർക്കാർ ഇടപെടൽ നടത്തുന്നു. കാസർ ഗോട്ടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ദില്ലിയിലെത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ബന്ധപ്പെട്ട്‌ പ്രശ്നം ധരിപ്പിക്കുന്നതൊക്കെ സൂക്ഷ്മതലങ്ങളിൽ വരെ ഈ സർക്കാർ ശ്രദ്ധിക്കുന്നു എന്നതാണു കാണിക്കുന്നത്‌.

ഓരോ വര്‍ഷവും ശരാശരി അഞ്ചുലക്ഷം പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്ന ഒരു സംസ്ഥാനമാണ് കേരളം. ദേശീയപാതാ വികസനത്തിനെതിരെ വലിയ പ്രതിഷേധം സൃഷ്ടിക്കുന്ന മലപ്പുറത്ത്‌ തിരൂർ, തിരൂരങ്ങാടി സബ്‌ ആർ ടി ഒ ഓഫീസുകളുടെ പരിധിയിൽ മാത്രം മൂന്നര ലക്ഷം വാഹനങ്ങളാണു കഴിഞ്ഞ പത്ത്‌ വർഷം കൊണ്ട്‌ നിരത്തിലിറങ്ങിയിട്ടുള്ളത്‌. വാഹനങ്ങളുടെ ബാഹുല്യം റോഡുകളില്‍ വർദ്ധിച്ച്‌ വരുമ്പോഴും അതിനനുസരിച്ച് റോഡുകളുടെ വികസനം സാധ്യമായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കായിരിക്കും കൊണ്ടെത്തിക്കുക. രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെടാതെ തെക്ക്‌ വടക്ക്‌ സഞ്ചാരം കേരളത്തിൽ സാധ്യമല്ല ഇന്ന്. ഇതുമൂലം ഉണ്ടാകുന്ന ധനനഷ്ടവും സമയനഷ്ടവും ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. വാഹനങ്ങള്‍ ഒരു ഭാഗത്ത്‌ വര്‍ദ്ധിക്കുമ്പോഴും അതിനനുസൃതമായി ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിക്കാതെ വരുന്നത്‌ വർദ്ധിച്ച റോഡ് അപകടങ്ങൾക്കും, സുരക്ഷാപ്രശ്‌നങ്ങൾക്കും, അന്തരീക്ഷമലിനീകരണത്തിനും ഇന്ധനനഷ്ടത്തിനും കാരണമാകുകയാണ്. ഇതെല്ലാം വലിയ അളവിൽ പരിഹരിക്കാനുള്ള ഉപാധി ദേശീയപാതകളുടെ വികസനം തന്നെയാണ്. ആസന്നഭാവിയിലൊന്നും സാധ്യമാകില്ലെന്ന് കരുതിയ ആ വികസനമാണ് രണ്ട്‌ വർഷത്തിനുള്ളിൽ പൂർത്തിയാക്കപ്പെടാൻ പോകുന്നത്‌. 2018 സെപ്റ്റംബറിൽ സ്ഥലമേറ്റെടുപ്പ്‌ പൂർത്തിയായാൽ ഒക്റ്റോബറിൽ പ്രവൃത്തി തുടങ്ങുമെന്ന് നിതിൻ ഗഡ്കരി പറയുമ്പോൾ ഓഗസ്റ്റിൽ തന്നെ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് നമ്മുടേത്‌.

കൂടംകുളം ആണവ വൈദ്യുതിനിലയത്തിൽ നിന്നും സംസ്ഥാനത്തിന്റെ വിഹിതമായ വൈദ്യുതി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 310 കിലോമീറ്റർ ദൈർഘ്യത്തിൽ തിരുനെൽവേലി-മാടക്കത്തറ 400 കെ വി പവർ ഹൈവേ സ്ഥാപിക്കുന്നത്‌. ഇതിൽ തിരുനെൽവേലി മുതൽ ഇടമൺ വരെയുള്ള ഭാഗം കഴിഞ്ഞ എൽ ഡി എഫ്‌ സർക്കാരിന്റെ കാലത്ത്‌ തന്നെ പണി പൂർത്തിയാക്കി. കൂടാതെ, മാടക്കത്തറ മുതൽ കൊച്ചി പള്ളിക്കര വരെയുള്ള ഭാഗത്തിന്റെ 90% പണിയും പൂർത്തിയാക്കിയാണ് എൽ ഡി എഫ്‌ സർക്കാർ 2011 ൽ അധികാരമൊഴിഞ്ഞത്‌. 1-12-2011 ൽ ആ ഭാഗത്തിന്റെ പണിയും പൂർത്തിയായി. എന്നാൽ, ഇടമൺ മുതൽ കൊച്ചി വരെയുള്ള ഭാഗത്തെ ലൈനിന്റെ പണി പൂർത്തിയാക്കുന്നതിൽ നാമമാത്രമായ പുരോഗതി മാത്രമാണ് കഴിഞ്ഞ യു ഡി എഫ്‌ ഭരണത്തിൽ സാധ്യമായത്‌. ആകെ 447 ടവറുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ 5 വർഷം കൊണ്ട്‌ വെറും 64 ടവറുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് 1.12.2015 ൽ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്‌ നിയമസഭയിൽ മറുപടി നൽകിയത്‌. കഴിഞ്ഞ രണ്ട്‌ വർഷം കൊണ്ട്‌ പ്രവൃത്തികൾ ദ്രുതഗതിയിലാക്കുകയും 240 ടവറുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഈ വർഷം ഡിസംബറിൽ പദ്ധതി കമ്മീഷൻ ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പണികൾ പുരോഗമിക്കുന്നത്‌. കൂടംകുളം പദ്ധതിയിൽ നിന്നും സംസ്ഥാനത്തിനു ലഭിക്കേണ്ടത്‌ 266 മെഗാവാട്ട്‌ വൈദ്യുതിയാണ്. വൈദ്യുതിരംഗത്ത്‌ വലിയ കമ്മി നേരിടുന്ന നമ്മുടെ സംസ്ഥാനത്തിനു മുടക്കം കൂടാതെ വൈദ്യുതി ലഭിക്കാനുള്ള ഒരു പദ്ധതിയാണ് യു ഡി എഫ്‌ കാലത്ത്‌ ഇഴഞ്ഞു നീങ്ങിയത്‌. കഴിഞ്ഞ യു ഡി എഫ്‌ സർക്കാറിന്റെ കാലയളവിൽ സ്ഥാപിതശേഷിയിൽ 44 മെഗാവാട്ടിന്റെ വർദ്ധനവ്‌ മാത്രമാണു കൈവരിച്ചതെങ്കിൽ രണ്ട്‌ വർഷം കൊണ്ട്‌ തന്നെ 132 മെഗാവാട്ടിന്റെ വർദ്ധന സാധ്യമാക്കാൻ എൽ ഡി എഫ്‌ സർക്കാരിനും വൈദ്യുതിമന്ത്രി എം എം മണിക്കും കഴിഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

റോഡ് വികസനമുള്‍പ്പെടെ കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനു മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചതായി മാതൃഭൂമി പത്രം റിപ്പോർട്ട്‌ ചെയ്തിരുന്നു. കഴിഞ്ഞ മാസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍, അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയതുതന്നെ. "നന്ദി വിജയന്‍ സാര്‍, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുന്നത്" -ഗഡ്കരി പറഞ്ഞു (മാതൃഭൂമി റിപ്പോർട്ടിൽ നിന്ന്).

സംസ്ഥാനത്തിനു കോടികളുടെ വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സ്വയം പ്രഖ്യാപിത വികസനനായകന്മാർ പരാജയമായപ്പോഴാണ് പിണറായി വിജയൻ അതിൽ വിജയം കുറിക്കുന്നത്‌. ഭൂമി ഏറ്റെടുക്കേണ്ട വികസനപദ്ധതികൾ ഇനി കേരളത്തിൽ സാധ്യമാകില്ലെന്ന ചിന്ത എല്ലാവരെയും കീഴടക്കിയ കാലത്തിനാണ് ഇച്ഛാശക്തിയോടെ പിണറായി വിജയൻ സർക്കാർ അന്ത്യം കുറിച്ചത്‌. ഈ വിജയങ്ങൾ പകരുന്ന ആത്മവിശ്വാസത്തിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. 2020ഓടെ പൂർത്തിയാക്കുന്നതിനു ലക്ഷ്യമിടുന്ന ദേശീയ ജലപാത, 2020 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 9000 കോടിയുടെ ട്രാൻസ്‌ ഗ്രിഡ്‌ പദ്ധതി, നിലവിലുള്ള റെയിൽപാതകളുടെ ശേഷി കൂട്ടി അതിവേഗപ്പാതയൊരുക്കൽ, 6000 കോടിയുടെ തീരദേശ ഹൈവേ, 3200 കോടിയുടെ മലയോര ഹൈവേ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഊർജ്ജരംഗത്ത്‌ സ്വയംപര്യാപ്തതയും ഗതാഗതരംഗത്ത്‌ മികച്ച കണക്റ്റിവിറ്റിയും സാധ്യമാക്കി മികച്ച വ്യവസായസൗഹൃദ സംസ്ഥാനമായി മാറാൻ സംസ്ഥാനത്തിനു കഴിയും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories