TopTop
Begin typing your search above and press return to search.

ഉബര്‍, ഒല ഡ്രൈവര്‍മാര്‍ ഒരാഴ്ചയായി കൊച്ചിയില്‍ സമരത്തിലാണ്; ഇതാണ് കാരണങ്ങള്‍

ഉബര്‍, ഒല ഡ്രൈവര്‍മാര്‍ ഒരാഴ്ചയായി കൊച്ചിയില്‍ സമരത്തിലാണ്; ഇതാണ് കാരണങ്ങള്‍

കോർപ്പറേറ്റ് കമ്പനികളുടെ ചൂഷണങ്ങൾക്കെതിരെ കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം തുടരുന്നു. ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഉബർ, ഒല എന്നിവയുമായി സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് സമരം. ഏതാണ്ട് നാലായിരത്തോളം വരുന്ന ഓൺലൈൻ ടാക്‌സികൾ ഏഴു ദിവസമായി കൊച്ചിയിൽ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധത്തിനിടയിൽ ട്രാൻസ്‌പോർട് കമ്മീഷണറും ഗതാഗത മന്ത്രിയുമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഉബറിന്റെയും ഒലയുടെയും മേൽ യാതൊരു നിയന്ത്രണങ്ങളും കൊണ്ടു വരാൻ ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാരിന് സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കാൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച പ്രതിഷേധത്തിന്റെ ഭാഗമായി ഡ്രൈവർമാർ കലക്ട്രേറ്റിനു മുന്നിൽ ശയന പ്രദക്ഷിണവും നടത്തിയിരുന്നു.

ഓൺലൈൻ ടാക്സി കമ്പനികൾ തങ്ങളിൽ നിന്ന് അധിക തുക കമ്മീഷൻ ഇനത്തിൽ ഈടാക്കുന്നു എന്നതാണ് ഡ്രൈവർമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. തുടക്കത്തിൽ ഇൻസെന്റീവും മറ്റു ആനുകൂല്യങ്ങളും നൽകി ഡ്രൈവർമാരെ ആകർഷിച്ച ഉബറും ഒലയും ബിസിനസ്സ് വർദ്ധിച്ചപ്പോൾ ഡ്രൈവർമാരെ പിഴിയാൻ തുടങ്ങി. മുപ്പതു ശതമാനത്തിലധികമാണ് ഡ്രൈവർമാരുടെ കയ്യിൽ നിന്ന് കമ്മീഷൻ ഇനത്തിൽ ഈടാക്കുന്നത്. അധിക ട്രിപ്പുകൾ എടുക്കുന്നതിനു വാഗ്ദാനം ചെയ്തിരുന്ന ആനുകൂല്യങ്ങളും ഇപ്പോൾ നിഷേധിക്കുന്നു. ട്രിപ്പുകൾ കൂടുന്നതിനനുസരിച്ച് ഇന്ധനം നിറയ്ക്കാനുള്ള പണം പോലും കിട്ടുന്നില്ല എന്നാണ് ഡ്രൈവർമാരുടെ പരാതി. പുതിയ വണ്ടികൾ അറ്റാച്ച് ചെയ്യുമ്പോൾ പഴയ ഡ്രൈവർമാർക്ക് ഓട്ടം നൽകാതെ കോൾ കൺട്രോൾ ചെയ്ത് പുതിയ ഡ്രൈവർമാർക്ക് കൊടുക്കുന്നു. ഇത്തരം ചൂഷണ നയങ്ങൾ മൂലം പല ഓൺലൈൻ ടാക്സി ഡ്രൈവർമാരും വലിയ കടബാധ്യതയിലേക്കാണ് പോയ്‌കൊണ്ടിരിക്കുന്നത്. മാസാവസാനം കയ്യിൽ കിട്ടുന്ന തുക വാഹനത്തിന്റെ സിസി അടയ്ക്കാൻ പോലും തികയാത്ത അവസ്ഥയിൽ പലരും ആത്മഹത്യയുടെ വക്കിലാണെന് സമരത്തിന്റെ നേതൃനിരയിലുള്ളവർ പറയുന്നു. ഉപഭോക്താവിന്റെ കയ്യിൽ നിന്ന് സർചാർജ്ജ് ഇനത്തിൽ ഇരട്ടിയിലധികം തുക ഈടാക്കുമ്പോള്‍ തന്നെ ഡ്രൈവർമാരുടെ വേതനം കൂടി തട്ടിയെടുക്കുന്ന ഇരട്ട മുഖമുള്ള ചൂഷണമാണ് ഒലയും ഉബറും ചേർന്നു നടത്തുന്നതെന്ന് ഇവർ ആരോപിക്കുന്നു. ടാക്സി തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം തങ്ങൾക്കും ലഭിക്കണമെന്നും ഓൺലൈൻ ടാക്സി സേവന ദാതാക്കളെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു.

ആരംഭ കാലത്ത് ഉബർ, ഒല ടാക്സി സർവീസുകൾ യാത്രക്കാർക്ക് വലിയ അനുഗ്രഹമായാണ് അനുഭവപ്പെട്ടത്. കിലോമീറ്ററിന് ആറു രൂപ നിരക്കിൽ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ടാക്സി മേഖല പിടിച്ചടക്കിയ കോർപ്പറേറ്റ് കമ്പനികൾ ചൂഷണത്തിന്റെ നയമാണ് തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും നേരെ പ്രയോഗിച്ചത്. നിലവിൽ സർക്കാർ അംഗീകൃത ടാക്സി നിരക്കിന്റെ മൂന്നും നാലും ഇരട്ടി യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഇവർ കമ്മീഷൻ ഇനത്തിൽ തൊഴിലാളികളുടെ വേതനത്തിന്റെ നല്ലൊരു ശതമാനവും കൈക്കലാക്കുന്നുവെന്ന് സമരക്കാർ പറയുന്നു. ജില്ലാ ലേബർ കമ്മീഷണർ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ ഓൺലൈൻ ടാക്സി കമ്പനികളുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ചർച്ച ഡിസംബർ പതിനാലിലേക്ക് മാറ്റാൻ തീരുമാനമായി. ഓൺലൈൻ ടാക്സി കമ്പനികളും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. ഇതുവഴി കമ്പനികളുടെ തൊഴിലാളി ചൂഷണത്തിനു തടയിടാമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ വിദേശ കോർപറേറ്റ് കമ്പനികളുടെ കീഴിലുള്ള ഓൺലൈൻ അഗ്രിഗേറ്ററുകളുടെ മേൽ നിയന്ത്രങ്ങൾ കൊണ്ടു വരാൻ സർക്കാരിനു പരിമിതികളുണ്ടെന്ന് ഗവണ്മെന്റ് വൃത്തങ്ങളും പറയുന്നു.

https://www.azhimukham.com/kerala-ola-uber-online-taxi-services-faces-wrath-from-traditional-taxi-drivers-in-calicut-report-by-sreeshma/

Next Story

Related Stories