TopTop
Begin typing your search above and press return to search.

29 കോടി മുടക്കി സ്പിന്നിംഗ് മില്‍; ഉദ്ഘാടനം 2011-ല്‍; ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്നു; കാസറഗോഡ്‌ വികസിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്

29 കോടി മുടക്കി സ്പിന്നിംഗ് മില്‍; ഉദ്ഘാടനം 2011-ല്‍; ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്നു; കാസറഗോഡ്‌ വികസിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്

24.84 കോടി രൂപയോളം ചെലവഴിച്ച് 2011-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു സര്‍ക്കാര്‍ സ്പിന്നിംഗ് മില്‍ ഉണ്ട് കാസറഗോഡ് ഉദുമയില്‍. 18 കോടി രൂപയുടെ ആധുനിക രീതിയിലുള്ള ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മില്ല് കാടെടുത്ത് നശിക്കുകയാണ്.

അവഗണനയുടെ പടുകുഴിയില്‍ നിന്ന് കര കയറാന്‍ കഴിയുമെന്ന പ്രതീക്ഷയുടെ ഇത്തിരിവെട്ടം കാസറഗോഡിന് സമ്മാനിച്ചുകൊണ്ടായിരുന്നു 2011 ല്‍ പുതുവര്‍ഷ സമ്മാനമായി ഈ നാടിന് വേണ്ടി ഉദുമയില്‍ സ്പിന്നിംഗ് മില്ല് ഉദ്ഘാടനം ചെയ്യുന്നത്. അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമായിരുന്നു 2011 ജനുവരി 28ന് മില്ല് ഉദ്ഘാടനം ചെയ്യുന്നത്. കാസറഗോഡിന്റെ നെയ്ത്ത് മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും വിജയ ഗാഥകള്‍ക്കും സ്പിന്നിംഗ് മില്ല് ഒരു കാരണമാകുമെന്ന് ഈ ജില്ല ഒന്നടങ്കം വിശ്വസിച്ചു. സ്പിന്നിംഗ് മില്ലിന് കെട്ടിടത്തിനും യന്ത്രസാമഗ്രികള്‍ക്കുമായി പ്രാരംഭ ചെലവുള്‍പ്പെടെ 24.84 കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്നീടുണ്ടായത് നാട്ടുകാര്‍ കണ്ട സ്വപ്‌നങ്ങളെല്ലാം തകര്‍ക്കുന്ന നിലപാടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം മില്ല് തുറക്കുന്നതും ജോലി ലഭിക്കുന്നതും ഒക്കെ സ്വപ്‌നം കണ്ട് നടന്ന ഇവിടുത്തെ നെയ്ത്തുകാര്‍ ഇന്ന്.. നാളെ.. മറ്റന്നാള്‍.. അങ്ങനെ കൊല്ലങ്ങള്‍ കാത്തിരുന്നു. 2017 ഉം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഇപ്പോഴും ഈ മില്ല് പ്രവര്‍ത്തനസജ്ജമായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം അനാഥമായി കിടക്കുന്നു. കോടികള്‍ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു.

http://www.azhimukham.com/offbeat-endosulfan-victims-son-suicide-badiyadukka-kasaragod-report-by-rakesh/

18 കോടി രൂപയുടെ ആധുനിക രീതിയിലുള്ള ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മില്ലാണ് ഉദുമയിലേത്. പദ്ധതിക്കാവശ്യമായ തൊഴിലാളികളുടെയും ജീവനക്കാരുടെ നിയമനങ്ങളും മറ്റ് നടപടിക്രമങ്ങളും 2011 ജനുവരി ഒന്നിന് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ മാറുകയും തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ നേരത്തേ നിയമനം ലഭിച്ച ആളുകളെ തഴയുകയും പുതിയ ലിസ്റ്റ് കൊണ്ടുവരികയും ചെയ്തു. ഇത് സംബന്ധിച്ച് നേരത്തെ നിയമനം ലഭിച്ച പന്ത്രണ്ടുപേര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സംഗതി മാറിമറിഞ്ഞു. നിയമന പ്രക്രിയയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടും, അര്‍ഹരായവര്‍ക്ക് അവസരം ലഭിച്ചിട്ടില്ലെന്നും ആരോപിച്ചുകൊണ്ടും വിവിധ കേസുകളാണ് ഹൈക്കോടതിയില്‍ ചെന്നത്. ഇതോടെ, കേരള സ്റ്റേറ്റ് പ്രോഡക്ടിവിറ്റി കൗണ്‍സില്‍ മുഖാന്തരം തയ്യാറാക്കിയ ലിസ്റ്റ് റദ്ദ് ചെയ്യുകയുണ്ടായി.

റിയാബിന്റെ മേല്‍നോട്ടത്തില്‍ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കല്‍ നടപടി തുടങ്ങിയിരുന്നെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല. ഇതിനെതിരെയും ഹൈക്കോടതിയില്‍ കേസുണ്ട്. ഇവിടെ വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദനം നടക്കണമെങ്കില്‍ കേസുകള്‍ ഒത്തു തീര്‍പ്പാക്കണം, അതുപോലെ ഫാക്ടറിയില്‍ അവശേഷിക്കുന്ന ജോലികളും, അതുപോലെ നശിച്ചു കൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ ശരിയാക്കുകയും വേണം എന്ന അവസ്ഥയായി.

http://www.azhimukham.com/kvk-sub-center-vorkady-agriculture-kasaragod/

ഫാക്ടറി വളപ്പില്‍ വൈദ്യുതി വകുപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. രണ്ടു വര്‍ഷത്തിലേറെക്കാലം വൈദ്യുതി നല്‍കിയ വകയില്‍ ലക്ഷങ്ങളാണ് വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ളത്. ബില്‍ തുക അടയ്ക്കാത്തതിനാല്‍ മില്ലിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കയാണ്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ കാവല്‍ക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

2011 -ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യവര്‍ഷം തന്നെ മൈലാട്ടിയിലെ ഉദുമ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ജില്ലയില്‍ രണ്ട് എംഎല്‍എമാരുള്ള മുസ്ലിം ലീഗിന്റെ ചുമതലയുള്ള വ്യവസായ വകുപ്പാണ് ജില്ലയോട് കടുത്ത അവഗണന കാണിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു വ്യവസായ സംരംഭവും ജില്ലയില്‍ ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പില്‍നിന്ന് ഒരു രൂപ പോലും ജില്ലയ്ക്ക് അനുവദിച്ചില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് അദ്ദേഹത്തിന്റെ വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നത്.

2016 ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ സ്പിന്നിംഗ് മില്ലും ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് രംഗത്തെത്തി. 2016- ഒക്‌ടോബറില്‍ ഉദുമ സ്പിന്നിങ് മില്‍ സന്ദര്‍ശിച്ച, അന്നത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബറിനകം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ എല്ലാം ശരിയായി എന്ന് കരുതി, പക്ഷേ ഒന്നും നടന്നില്ല. ഏപ്രില്‍ 2017ല്‍ മൈലാട്ടിയിലെ ഉദുമ സ്പിന്നിങ് മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീന്‍, കെ. കുഞ്ഞിരാമനെ നിയമസഭയില്‍ അറിയിച്ചു. വീണ്ടും ഒരു വര്‍ഷം കൂടി കടന്നുപോകാനിരിക്കെ, ഇപ്പോഴും ഇവിടെ ഒന്നും ശരിയായിട്ടില്ല.

http://www.azhimukham.com/kerala-gaza-street-thuruthi-kasaragod-communal-tension-natives-denied-bjp-allegations/

ജൂലൈ 2017 ല്‍ ഉദുമ സ്പിന്നിങ് മില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍ വത്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഈ സംഘം ഓണത്തിനു മുമ്പ് മില്‍ തുറക്കുമെന്ന് പറഞ്ഞിന്നെങ്കിലും ഓണം കഴിഞ്ഞ് ക്രിസ്മസ് എത്താറാകുമ്പോഴും സ്പിന്നിംഗ് മില്‍ അടഞ്ഞു തന്നെ കിടക്കുന്നു.

ജില്ലയോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരെ നിരന്തരം ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും, ചെയ്യുന്ന സംഘടനയായ 'കാസറഗോഡിനൊരിടം' അടുത്ത കാലത്ത് ഉദുമ എംഎല്‍എയെ കണ്ട് ഉടന്‍ മില്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍, ഉടന്‍ നടപടിയുണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചതായി സംഘടനാ ഭാരവാഹികള്‍ പറയുന്നു.

എന്നാല്‍ ഉദുമ സ്പിന്നിംഗ് മില്ലിനെക്കുറിച്ച് ആശങ്ക അറിയിച്ചപ്പോള്‍ അഴിമുഖത്തോട് എംഎല്‍എ പറഞ്ഞത് ഇങ്ങനെ; "സ്പിന്നിംഗ് മില്ലിന്റെ അവസ്ഥയെന്താ... നിങ്ങള്‍ കാണുന്നത് തന്നെ... ആ വിഷയത്തില്‍ ഇനി വേറൊന്നും പറയാനില്ല."

http://www.azhimukham.com/thurangangal-traditional-water-source-kasaragodu-drought-dilna/


Next Story

Related Stories