TopTop
Begin typing your search above and press return to search.

'കേരള അപ്പാറാവു'വിനോട് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്

കേരള അപ്പാറാവുവിനോട് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്

പി മനേഷ്

കേരളത്തിലെ മാതൃസര്‍വകലാശാലയായ കേരള സര്‍വകലാശാലയുടെ അക്കാദമിക രംഗം കഴിഞ്ഞ കുറേ നാളുകളായി കലുഷിതമാണ്. സര്‍വകലാശാലയുടെ അക്കാദമികരംഗം അസ്വസ്ഥമായതിന്റെ പ്രധാന കാരണം കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി.കെ രാധാക്യഷ്ണന്റെ ഏകാധിപത്യ വാഴ്ചയും ജനാധിപത്യ, വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമാണ്. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് മേല്‍ വൈസ് ചാന്‍സിലര്‍ കടന്ന് കയറുകയും ചെയ്യുന്നു. വൈസ് ചാന്‍സിലറുടെ ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഗുണ്ടകളായും ക്രിമിനലുകളായും മുദ്രകുത്തി ശത്രുക്കളെപ്പോലെ വേട്ടയാടുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നടപടി വൈസ് ചാന്‍സിലര്‍ പദവിക്കോ ഒരധ്യാപകനോ ചേരുന്നതല്ല.

കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. പി.കെ രാധാകൃഷ്ണന്‍ ചുമതലയേറ്റ ശേഷം അക്കാദമിക രംഗത്ത് നിരന്തരം പ്രശ്‌നങ്ങള്‍ കൂടി വരികയാണ്. അക്കാദമികവും അക്കാദമികേതരവുമായ നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥി യൂണിയനും കമ്പസിലെ എസ്.എഫ്.ഐ യൂണിറ്റും നല്‍കിയ നിവേദനങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കാനോ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനോ വൈസ് ചാന്‍സിലര്‍ ശ്രമിക്കുന്നില്ല. ആയിരക്കണക്കിന് ഗവേഷക വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ വിസി. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത് കേരളയിലെ ഗവേഷണ രംഗത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്.

കേരള സര്‍വകലാശാലയില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഗവേഷണം നീളുന്നവര്‍ക്ക് അടയ്‌ക്കേണ്ട ഫീസ് അന്യായമായാണ് അധികൃതര്‍ ഉയര്‍ത്തുകയായിര്‍ന്നു. അഞ്ച് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ ഗവേഷണം നീട്ടുന്നതിന് 600 രൂപ അടച്ചിരുന്ന സ്ഥാനത്ത് 1,70,000 (ഒരു ലക്ഷത്തി എഴുപതിനായിരം) രൂപയാണ് ഇപ്പോള്‍ അടയ്‌ക്കേണ്ടി വരുന്നത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനാണ് ഫീസ് അന്യായമായി വര്‍ദ്ധിപ്പിച്ചതെന്നാണ് വി.സിയും അദ്ദേഹത്തിന്റെ സ്തുതിപാഠകരും പറയുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന കാലയളവിനുള്ളില്‍ തീസീസ് സമര്‍പ്പിക്കാന്‍ കഴിയാതെ വരാറുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളുടെ അഭാവവും സര്‍വകലാശാലയില്‍ വലിയ രീതിയില്‍ നിലനില്‍ക്കുകയാണ്. റിസള്‍ട്ട് കിട്ടുന്നതിലെ താമസവും സമയബന്ധിതമായി മാര്‍ഗനിര്‍ദ്ദേശികള്‍ ഗവേഷണ ഭാഗങ്ങള്‍ നോക്കി നല്‍കാത്തതും ഫെലോഷിപ്പുകള്‍ ലഭിക്കുന്നതിലെ നിരന്തര കാലതാമസവും ഗവേഷണം നീളുന്നതിന് കാരണമാണ്. ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കെ അഞ്ച് വര്‍ഷത്തില്‍ കൂടുന്ന ഗവേഷണത്തിന് ഇത്രയും ഭീമമായ തുക അടയ്‌ക്കേണ്ടി വരുന്നത് ഗവേഷകര്‍ക്ക് പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പ്രയാസകരമാണ്.

സുവോളജി, സൈക്കോളജി കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടര വര്‍ഷമായി എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ വൈസ് ചാന്‍സിലറുടെ കനിവിനായി കാത്തിരിക്കുന്നു. എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് രജിസ്‌ട്രേഷന്‍ ഓര്‍ഡറുകള്‍ ലഭിക്കാതെയും, കോഴ്‌സ് വര്‍ക്ക് പരീക്ഷാഫലം പ്രതീക്ഷിച്ചും, ഫെലോഷിപ്പുകള്‍ ലഭിക്കാതെയും ബുദ്ധിമുട്ടുന്നത്. റിസര്‍ച്ച് വര്‍ക്കുകള്‍ ആരംഭിക്കുവാനും, ഡേറ്റകള്‍ ശേഖരിക്കുവാനും, സെമിനാറുകള്‍ അവതരിപ്പിക്കുവാനും, ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുവാനും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. തന്റെ മേശപ്പുറത്തിരിക്കുന്ന ഫയലില്‍ ഒപ്പിടാതെ ബോധപൂര്‍വ്വമായി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ വി.സി സ്വീകരിക്കുന്നത് അക്കാദമിക സമൂഹത്തിനാകെ അപമാനകരമാണ്. അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗവേഷണ പ്രവര്‍ത്തനത്തിന്റെ ആദ്യ രണ്ടര വര്‍ഷം തന്റേതല്ലാത്ത കാരണത്താല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായിരിക്കുകയാണ്. ഇതിനുത്തരവാദികള്‍ സര്‍വകലാശാല വൈസ് ചാന്‍സിലറും അധികൃതരും മാത്രമാണ്.

2016 യുജിസി റഗുലേഷന്റെ പേരില്‍ വൈസ് ചാന്‍സിലറുടെ അനാവശ്യ പിടിവാശിയും ഏകപക്ഷീയമായ നിലപാട് കാരണവും 150-ല്‍പ്പരം എം.ഫില്‍ സീറ്റുകളാണ് സര്‍വകലാശാലക്ക് ഈ അക്കാദമിക വര്‍ഷത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. എംഫില്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് ഓണ്‍ലൈന്‍ അപേക്ഷിക്കുകയും തുടര്‍ന്ന് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിറ്റില്‍ ഇടം പിടിച്ച വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് വൈസ് ചാന്‍സിലര്‍. നോട്ടിഫിക്കേഷന്‍ ഇറക്കിയതും പ്രവേശന പരീക്ഷ നടത്തിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും യുജിസി 2009 റഗുലേഷന്‍ പ്രകാരമാണ്. 2016 ജൂലൈ റഗുലേഷന്‍ പ്രാബല്യത്തില്‍ വന്നത് 05.07.2016 മുതലാണ്. എന്നാല്‍ എം.ഫില്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങിയത് 2016 മാര്‍ച്ച് മാസത്തിലും. അതിനാല്‍ 2009 റഗുലേഷന്‍ പ്രകാരം അഡ്മിഷന്‍ നടത്താമെന്നിരിക്കെയാണ് വി.സി തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതു മൂലം നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരു വിദ്യാര്‍ത്ഥിക്കു പോലും അഡ്മിഷന്‍ ലഭിക്കുകയില്ല. ഒട്ടനവധി ഡിപ്പാര്‍ട്ട്‌മെന്റിലെ പത്തില്‍ കൂടുതലുണ്ടായിരുന്ന സീറ്റുകള്‍ ഒന്നോ രണ്ടോ ആയി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്തിത് ഗുരുതരമായ പ്രതിസന്ധിയാണ് സ്യഷ്ടിച്ചിരിക്കുന്നത്.

സാമാന്യബോധമുള്ളവര്‍ക്ക് മനസിലാകുന്നതു പോലും കേരള വിസിക്ക് മനസിലാകുന്നില്ലേ?

യുജിസി 2009 റഗുലേഷന്റെ പേരില്‍ ഗവേഷകരെ വേട്ടയാടുകയാണ് വൈസ് ചാന്‍സിലര്‍. 2009 യുജിസി റഗുലേഷന്‍ യഥാസമയം നടപ്പിലാക്കാതെ 2016-ല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയതു കാരണം ആയിരക്കണക്കിന് ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. 2009 മുതല്‍ ഗവേഷണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴോ രജിസ്‌ട്രേഷന്‍ നടത്തിയപ്പോഴോ ഡോക്റ്ററല്‍ കമ്മിറ്റി കൂടിയപ്പോഴോ പ്രവേശന അനുവാദം നല്‍കിയ ഉത്തരവ് ഇറക്കിയപ്പോഴോ ഇതിനെപ്പറ്റി അധികൃതര്‍ മിണ്ടിയില്ല. വിരമിച്ച അധ്യാപകരുടെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളെയും ഒരദ്ധ്യാപകന്റെ കൂടെ എട്ടില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികളെയും പി.ജി ഡിപ്പാര്‍ട്ട്‌മെന്റില്ലാത്ത കോളേജിലെ വിദ്യാര്‍ത്ഥികളെയും അതാത് മാര്‍ഗനിര്‍ദ്ദേശകരുടെ കീഴില്‍ തീസീസ് സമര്‍പ്പിക്കാന്‍ അവസരം നല്‍കാതെ മാര്‍ഗനിര്‍ദ്ദേശിയുടെയോ വിദ്യാര്‍ത്ഥിയുടെയോ സമ്മതമില്ലാതെ മറ്റ് സ്ഥിര അധ്യാപകരുടെ കീഴില്‍ പുനര്‍വിന്യസിച്ചിരിക്കുകയാണ് സര്‍വകലാശാല.

ഇത്തരം തീരുമാനത്തിലൂടെ ഒരൊറ്റ വിദ്യാര്‍ത്ഥിക്കു പോലും വരുന്ന നാലഞ്ചു വര്‍ഷത്തേക്ക് കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രവേശിക്കാനുള്ള സാധ്യതകള്‍ കൊട്ടിയടച്ചിരിക്കുകയാണ് വൈസ് ചാന്‍സിലര്‍. ഒരുത്തരവിലൂടെ മുന്‍കാല പ്രാബല്യം നല്‍കിക്കൊണ്ട് റെഗുലേഷന്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ കാര്യമല്ല. ഓരോ മാര്‍ഗദര്‍ശിയും അവര്‍ക്ക് താത്പര്യവും കഴിവുള്ള മേഖലകളിലേക്ക് ഗവേഷണാഭിമുഖ്യവുമായി കടന്നു വരുന്ന വിദ്യാര്‍ത്ഥികളെയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരെ പുനര്‍വിന്യസിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. ഓരോ ഗവേഷണ മാര്‍ഗനിര്‍ദേശിയുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. സമാനതാത്പര്യവും കഴിവും കാഴ്ചപ്പാടുമുള്ള മറ്റൊരു മാര്‍ഗനിര്‍ദേശിയെ ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ അതുവരെയുള്ള എല്ലാ ഫലങ്ങളും പാഴാവുക തന്നെ ചെയ്യും. വിരമിച്ച അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്ന ഗവേഷകരെ പുനര്‍ വിന്യസിക്കണമെന്ന് യു.ജി.സി പറയുന്നുമില്ല. യു.ജി.സി നിര്‍ദ്ദേശങ്ങള്‍ക്കപ്പുറത്ത് തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് കേരള വി.സി ചെയ്തുകൂട്ടുന്നത്. മാത്രവുമല്ല നിലവില്‍ ഗവേഷണം നടത്തുന്നവര്‍ പ്രവേശനം നേടുമ്പോള്‍ ഈ റെഗുലേഷന്‍ സര്‍വകലാശാലയില്‍ നടപ്പാക്കിയിരുന്നില്ല.അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഗൈഡിനൊപ്പം ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യമുണ്ടാവണം.

2016 ജനുവരി സെഷനില്‍ പിഎച്ച്ഡിക്ക് ഡോക്ടറല്‍ കമ്മിറ്റി കഴിഞ്ഞ 200-ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് 10 മാസക്കാലമായി ജോയിനിംങ്ങ് ലെറ്ററിനും രജിസ്‌ട്രേഷന്‍ ഓര്‍ഡറിനമായി കാത്തിരിക്കുന്നത്. ജൂലൈ സെഷനിലെ ഡോക്ടറല്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പോലും വി.സി. തയ്യാറാകുന്നില്ല.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) നിബന്ധനകള്‍ കേരളത്തിലെ ഗവേഷണ രംഗത്ത് നിരവധി പ്രശ്‌നങ്ങളാണ് സ്യഷ്ടിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ യു.ജി.സി. നിബന്ധനകള്‍ നടപ്പിലാക്കുന്നത് അതാത് സംസ്ഥാനത്തിന്റെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു കൊണ്ടാണ്. എന്നാല്‍ കേരള സര്‍വകലാശാലയില്‍ യു.ജി.സി റഗുലേഷനുകള്‍ അക്കാദമികവേദികളില്‍ ചര്‍ച്ച ചെയ്യാതെ ഏകാധിപത്യപരമായി വൈസ് ചാന്‍സിലര്‍ നടപ്പിലാക്കുകയാണ് ചെയ്തത്.

യു.ജി.സി.യുടെ നിബന്ധന പ്രകാരം ഒരു റിസര്‍ച്ച് ഗൈഡിന് ഒരേ സമയം മേല്‍നോട്ടം വഹിക്കാമായിരുന്ന ഗവേഷകരുടെ എണ്ണം പത്തായിരുന്നു. പിന്നീടത് എട്ടായി കുറയ്ക്കുകയുണ്ടായി. 2016-ല്‍ അത് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് നാലായും അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്ക് ആറായും പ്രൊഫസര്‍മാര്‍ക്ക് എട്ടായും എംഫില്‍ സീറ്റുകള്‍ യഥാക്രമം 1,2,3 ആയും നിജപ്പെടുത്തി.

വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന കാര്യങ്ങളില്‍ ജനാധിപത്യ വേദികളില്‍ ചര്‍ച്ചക്കു പോലും തയ്യാറാകാത്ത അധികൃതര്‍ എന്തുകൊണ്ടാണ് അധ്യാപകരുടെ വിരമിക്കല്‍ പ്രായത്തില്‍ ഏകീകരണം നടപ്പിലാക്കാത്തത് ? 65 വയസ്സ് വിരമിക്കലായി സര്‍വകലാശാല അധ്യാപകര്‍ക്കും കോളേജ് അധ്യാപകര്‍ക്കും ഒരേപോലെ നടപ്പാക്കാന്‍ യു.ജി.സി. റഗുലേഷനില്‍ പറയുമ്പോള്‍ കേരളത്തില്‍ കോളേജ് അധ്യാപകര്‍ക്ക് വിരമിക്കല്‍ പ്രായം 56 വയസ്സും സര്‍വകലാശാല അധ്യാപകര്‍ക്ക് 60 ആയും കേന്ദ്ര സര്‍വകലാശാല അധ്യാപകര്‍ക്ക് 65 ആയും നിജപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ് ? ഇതിനെ ന്യായീകരിക്കാന്‍ പല കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ ന്യായീകരണങ്ങള്‍ കാണാത്തത് ?

ഗവേഷണത്തോടനുബന്ധിച്ചുള്ള പുതിയ വ്യവസ്ഥകളാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. ഒരു റിസര്‍ച്ച് ഗൈഡ് സ്ഥിരം അധ്യാപകനായിരിക്കണമെന്ന് പറയുമ്പോള്‍ പരിചയസമ്പന്നരായ റിസര്‍ച്ച് ഗൈഡുമാരുടെ സേവനം പല സര്‍വകലാശാലയ്ക്കും നഷ്ടമാകുന്നു. ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്ര സര്‍വകലാശാലയിലെയും വിരമിക്കല്‍ പ്രായം അറുപത്തഞ്ചായി തുടരുമ്പോള്‍ കേരളത്തിലെ സര്‍വകലാശാല അധ്യാപകരെ സംബന്ധിച്ചത് അറുപതായും കോളേജ് അധ്യാപകര്‍ക്കത് അന്‍പത്താറായി കുറയുമ്പോള്‍ ഒട്ടനവധി അധ്യാപകര്‍ക്കും റിസര്‍ച്ച് ഗൈഡുമാരായി തുടരാന്‍ കഴിയാതെ വരുന്നു. പ്രഗല്ഭരായ അധ്യാപകരുടെ ഗൈഡുമാരായുള്ള സേവനം സര്‍വകലാശാലകള്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കും.

മാറിവരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനുമേല്‍ കടന്നു കയറാനുള്ള ഉപകരണമായി യു.ജി.സിയെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. യു.ജി.സി റഗുലേഷനുകള്‍ വഴി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കുകയാണ്. യു.ജി.സി റഗുലേഷനുകള്‍ നടപ്പാക്കാത്ത സര്‍വകലാശാലകളെ കരിമ്പട്ടികയില്‍ പെടുത്തുകയും ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും മുഴക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന വ്യത്യസ്തമായ അക്കാദമിക് അന്തരീക്ഷവും സാഹചര്യങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് റഗുലേഷനുകള്‍ പുറപ്പെടുവിക്കുന്നതില്‍ യു.ജി.സി തികഞ്ഞ പരാജയവുമാണ്.

യു.ജി.സിയുടെ പേരും പറഞ്ഞ് അധികാരത്തിന്റെ ധിക്കാരത്താല്‍ ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. അധ്യാപക - അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശസമരങ്ങളോടും പ്രതിഷേധങ്ങളോടും നിഷേധാത്മകമായ സമീപനമാണദ്ദേഹം വെച്ച് പുലര്‍ത്തുന്നത്. തന്റെ കല്‍പ്പനകള്‍ക്ക് വഴങ്ങാത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും അനധ്യാപകരെയും ശത്രുക്കളായും ക്രിമിനലുകളായും കണ്ട് ദ്രോഹിക്കുന്ന നിലപാടാണ് വൈസ് ചാന്‍സിലറുടേത്.

അടിയന്തരാവസ്ഥയുടെ നാളുകള്‍ക്ക് സമാനമായ സാഹചര്യമാണ് കേരള സര്‍വകലാശാല സമൂഹം നേരിടുന്നത്. തനിക്ക് കീഴടങ്ങാത്തവരെയും പ്രതിഷേധമുയര്‍ത്തുന്നവരെയും ഒന്നൊന്നായി നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കേരള വി.സി. വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും കള്ളക്കേസില്‍ കുടുക്കിയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചും സസ്‌പെന്‍ഡ് ചെയ്തും സന്തോഷിക്കുകയാണ്. കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സിലറെ കാണാന്‍ ചെന്ന ഗവേഷക വിദ്യാര്‍ത്ഥി പ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ച് സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും സെനറ്റ് അംഗവുമായ പി. മനേഷ്, എസ്.എഫ്.ഐ. കാമ്പസ് യൂണിറ്റ് സെക്രട്ടറി വി.വി.അജേഷ്, എസ്.എഫ്.ഐ. ജോയിന്റ് സെക്രട്ടറി എസ്.നജീബ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.ഷാനു, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണു കെ.പി, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം പ്രജിത്ത് കുമാര്‍ വി.എസ്. എന്നീ ആറ് ഗവേഷക വിദ്യാര്‍ത്ഥികളെയാണ് വൈസ് ചാന്‍സിലര്‍ സസ്‌പെന്‍ഡ് ചെയ്തത്. തനിക്കെതിരെ പ്രതിഷേധിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്‌തെന്ന കാരണമാണ് സസ്‌പെന്‍ഷനെ ന്യായീകരിക്കുവാന്‍ വി.സി. പറയുന്നത്.

കേരള സര്‍വകലാശാലയില്‍ അക്കാദമിക അക്കാദമികേതര രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും തുടങ്ങിയിട്ട് നാളുകളേറെയായി. നാക്ക് സന്ദര്‍ശന സമയത്തും ചാന്‍സിലേഴ്‌സ് അവാര്‍ഡ് വേളയിലും ഗവേഷണ മേഖലയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടനടി പരിഹാരം കണ്ടെത്തുമെന്ന് ഗവേഷക വിദ്യാര്‍ത്ഥി യൂണിയന് വി.സി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവയെല്ലാം ലംഘിച്ചുകൊണ്ട് വൈസ് ചാന്‍സിലര്‍ വീണ്ടും വീണ്ടും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ പ്രതിനിധികള്‍ പല തവണ വി.സിയെ കാണാന്‍ പോയെങ്കിലും തങ്ങളെ കാണാനോ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ അദ്ദേഹം താല്‍പ്പര്യം കാട്ടിയില്ല. ഗവേഷണ രംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായപ്പോള്‍ 2016 ഓഗസ്റ്റ് 18ന് വി.സി.ക്ക് നിവേദനം നല്‍കാന്‍ എത്തിയ യൂണിയന്‍, എസ്.എഫ്.ഐ. ഭാരവാഹികളെ യാതൊരു കാരണവുമില്ലാതെ തന്റെ പദവിക്ക് ചേരാത്ത വിധത്തില്‍ ആക്രോശിച്ച് കൊണ്ട് മുറിയുടെ പുറകില്‍ പോയി ഒളിച്ചിരിക്കുകയും തന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി എന്ന കള്ളക്കേസ് നല്‍കി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് ആറ് ഗവേഷകരെ സെപ്റ്റംബര്‍ 6 മുതല്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കാതെ, അന്വേഷണം നടത്താതെ, സസ്‌പെന്‍ഷനായവരുടെ ഭാഗം കേള്‍ക്കാതെ വൈസ് ചാന്‍സിലര്‍ ഗവേഷക വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഹോസ്റ്റലില്‍ നിന്നും വെക്കേറ്റ് ചെയ്യിപ്പിച്ചിട്ട് മുറികള്‍ അടച്ചുപൂട്ടി. ക്ലാസ് മുറികളും ലൈബ്രറികളും ലാബുകളും കാമ്പസിലെ മറ്റ് പൊതുഇടങ്ങളിലും സസ്‌പെന്‍ഷനിലായവര്‍ക്ക് വി.സി. വിലക്കേര്‍പ്പെടുത്തി. ഫെലോഷിപ്പുകള്‍ തടഞ്ഞുവെയ്ക്കാന്‍ ഫിനാന്‍സ് ഓഫീസര്‍ക്ക് കത്ത് നല്‍കി. കാമ്പസിലെ സുരക്ഷാ വിഭാഗത്തെ കണക്കിലെടുക്കാതെ പോലീസിന് യഥേഷ്ടം കാമ്പസില്‍ കയറി ഇറങ്ങാനും എവിടെയും റെയിഡ് ചെയ്ത് അറസ്റ്റ് ചെയ്യാനും വി.സി അനുവാദം കൊടുത്തു. സസ്‌പെന്‍ഷനിലായവര്‍ നിരന്തരം കാമ്പസില്‍ വരാറുണ്ടെന്ന് എഴുതി നല്‍കാന്‍ സെക്യൂരിറ്റി ഓഫീസറെ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധിപ്പിച്ചു കൊണ്ടിരുന്നു. ഗവേഷണ മാര്‍ഗനിര്‍ദ്ദേശകരോട് ഈ വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് ഗൈഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് എഴുതി കൊടുക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു. എസ്.എഫ്.ഐയുടെ രാഷ്ട്രീയ സമരങ്ങളെയും മുദ്രാവാക്യങ്ങളെയും ആശയപരമായി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയാത്ത വി.സി അധികാരം ഉപയോഗിച്ച് വ്യക്തിപരമായി യൂണിയന്‍ ഭാരവാഹികളെ നേരിടുകയാണുണ്ടായത്.

വി.സിയുടെ ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ വ്യക്തിവൈരാഗ്യത്തോടെ നേരിട്ട വൈസ് ചാന്‍സിലര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് 56 ദിവസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 31-നാണ്.

വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കടന്നു കയറുകയും, വൈസ് ചാന്‍സിലറുടെ ജനാധിപത്യവിരുദ്ധ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശത്രുക്കളായും ക്രിമിനലുകളായും മുദ്രകുത്തി വേട്ടയാടുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്റെ ഏകാധിപത്യ വാഴ്ചയ്ക്കും ജനാധിപത്യ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ എസ്.എഫ്.ഐ കേരള സര്‍വകലാശാല കാമ്പസ് കമ്മിറ്റിയുടെയും ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്റെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ സര്‍വകലാശാല കാര്യവട്ടം കാമ്പസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടന്നു വരികയാണ്.

വിദ്യാര്‍ത്ഥി സമരങ്ങളുടെ പരമ്പരാഗത ചട്ടക്കൂടുകളെ പൊളിച്ചെഴുതിയാണ് ദേശീയ പാതയോരത്ത് കേരള സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ സമരം നടക്കുന്നത്. നാടന്‍ പാട്ടുകളും വിപ്ലവഗാനങ്ങള്‍ പാടിയും, പ്രതിഷേധ വരകളിലൂടെയും, തെരുവ് നാടകം കളിച്ചും, നെറ്റ് പരിശീലന ക്ലാസുകളും, സാംസ്‌കാരിക കൂട്ടായ്മകളും, ട്രോളുകളിലൂടെയും നവ മാധ്യമങ്ങളിലൂടെയും അനിശ്ചിതകാല രാപ്പകല്‍ സമരം സമരരീതി കൊണ്ട് വ്യത്യസ്തമായി മാറിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഈ പുതിയ രൂപത്തിന് കറുത്ത വസന്തം (Black Spring) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകുമല്ലാതെ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളും, സാംസ്‌കാരിക രാഷ്ട്രീയ നായകന്‍മാരും, പൊതുജനങ്ങളും രാപ്പകല്‍ ഭേദമില്ലാതെ സമരപ്പന്തലില്‍ എത്തിച്ചേരുന്നുണ്ട്.

ഗവേഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ഗവേഷണ രംഗത്തെ പ്രശ്‌നങ്ങളുന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനനഷ്ടമാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സമരത്തെ സംബന്ധിച്ച് വി.സിയുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന പത്രക്കുറിപ്പിറക്കിയതിനാണ് 10 ലക്ഷം രൂപ മാനനഷ്ടവും പത്രത്തില്‍ ക്ഷമാപണത്തോടുകൂടിയ തിരുത്തും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചത്. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസ് എസ്.എഫ്.ഐ യൂണിറ്റിന്റെ പത്രകുറിപ്പിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ കാമ്പസ് സെക്രട്ടറി വി.വി.അജേഷ്, പ്രസിഡന്റ് പി. മനേഷ് എന്നിവരാണ് വി.സിയുടെ പ്രതികാര നടപടിക്കിരയായത്. 15 ദിവസത്തിനകം മാനനഷ്ടവും തിരുത്തും നല്‍കിയില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ നിയമ നടപടി സ്വീകരിക്കും.

സര്‍വകലാശാല കാമ്പസിനകത്ത് പ്രകടനങ്ങളും, ധര്‍ണ്ണകളും, പ്രതിഷേധങ്ങളും, മുദ്രാവാക്യങ്ങളും, പോസ്റ്ററുകളും, കരിനിയമങ്ങള്‍ വഴി നിരോധിക്കുന്ന കേരള 'അപ്പാറാവു'വിന് ചുരുട്ടിയ മുഷ്ടികളല്ലാതെ, പ്രതിഷേധത്തിന്റെ കറുത്ത പൂക്കളല്ലാതെ കാര്യവട്ടം കാമ്പസിന് മറ്റൊന്നും നല്‍കാനില്ല. വിദ്യാര്‍ത്ഥിപക്ഷത്ത് ശരിയുടെകൂടെ ന്യായത്തിനോടൊപ്പം നില്‍ക്കുന്ന ഞങ്ങള്‍ കറുത്ത വസന്തത്തിന്റെ വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ ബ്ലാക്ക് സ്പ്രിങ്ങില്‍ കേരള വി.സി മുട്ടുമടക്കുക തന്നെ ചെയ്യും.

(കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും സര്‍വകലാശാല സെനറ്റ് മെമ്പറുമാണ് മനേഷ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories