UPDATES

ട്രെന്‍ഡിങ്ങ്

വടയമ്പാടിയില്‍ ആര്‍എസ്എസ്-എന്‍എസ്എസ് തേര്‍വാഴ്ച; വഴി നടക്കാന്‍ ഐഡി കാര്‍ഡ്; കൂട്ടിന് പോലീസും

നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കോളനി നിവാസികളെ പഴയ നാടുവാഴി മാടമ്പി വാഴ്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

വടയമ്പാടിയില്‍ പോലീസ് ഒത്താശയോടെ ആര്‍എസ്എസ്-എന്‍എസ്എസ് തേര്‍വാഴ്ചയെന്ന് ആരോപണം. ഭൂസമരത്തില്‍ പങ്കെടുത്ത കുടുംബങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയും ഭീഷണിപ്പെടുത്തിയും ആര്‍എസ്എസ്, എന്‍എസ്എസ് വിഭാഗങ്ങള്‍ അതിക്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന പരാതിയാണ് പ്രദേശവാസികളായ ദളിതര്‍ ഉന്നയിക്കുന്നത്. അപരിചിതരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വടയമ്പാടി ഭജനമഠം ക്ഷേത്രത്തിലും സമീപത്തുമായി തമ്പടിച്ച് പ്രദേശത്ത് ഭീതി സൃഷ്ടിക്കുകയാണെന്നും ഇവര്‍ പറയുന്നു.

പുറത്തുനിന്നെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍എസ്എസ് – ആര്‍എസ്എസ് വിഭാഗങ്ങള്‍ നടത്തുന്നതായും പരാതിയുണ്ട്. “വഴിയില്‍ കൂടെ പോവുന്നവരെ പോലും അവര്‍ വെറുതെ വിടുന്നില്ല. എല്ലാവരേയും തടഞ്ഞ് നിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശേധിച്ചതിന് ശേഷമാണ് വിട്ടയയ്ക്കുന്നത്. എസ്ഡിപിഐ, മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം വന്‍തോതില്‍ നടത്തുന്നുണ്ട്. അതുവഴി പ്രദേശത്തുകാരില്‍ ഭീതി സൃഷ്ടിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെ അടുത്തുള്ള സ്‌കൂളിലും അമ്പലത്തിലുമൊക്കെയാണ് അവര്‍ തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്ത ദളിതരെ കാണാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ ഇവര്‍ തടയുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. ഇവിടെയെന്തോ അപകടമുള്ളത് പോലെയാണ് അവരുടെ പെരുമാറ്റം. ഞങ്ങള്‍ പക്ഷെ പരമാവധി സംയമനം പാലിക്കുകയാണ്. ഇതെല്ലാം കണ്ട് ഞങ്ങള്‍ ഒരു സംഘര്‍ഷത്തിന് പോവുക എന്നതാണ് അവരുടെ ആവശ്യം. അതിന് ഞങ്ങളില്ല. ഇവര്‍ക്ക് പോലീസും കൂട്ടുണ്ട്. കളക്ടറുടെ ഉത്തരവ് പ്രകാരം സ്ഥലത്ത് തമ്പടിച്ചിരുന്ന പോലീസുകാര്‍ പലപ്പോഴും ക്ഷേത്രത്തില്‍ നിന്നാണ് ഭക്ഷണം പോലും കഴിച്ചിരുന്നത്. പക്ഷെ കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോവുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത ചില പരിപാടികളിലേക്ക് പോവാന്‍ ഞങ്ങളും നിര്‍ബന്ധിതരാവും’, ദളിത് ഭൂ അവകാശ സമര മുന്നണി നേതാവ് എം.പി അയ്യപ്പന്‍കുട്ടി പറയുന്നു.

തിങ്കളാഴ്ച വടയമ്പാടിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍എസ്എസിന്റെ ക്ഷേത്ര ഭാരവാഹികളുള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ഒരര്‍ഥത്തില്‍ പോലീസും പിന്തുണയ്ക്കുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. തിങ്കളാഴ്ച വടയമ്പാടിയിലെത്തിയ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ ഗോപികയെ ചിലര്‍ തടഞ്ഞുവയ്ക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമരസമിതി ആരോപണം ശരിവക്കുന്നതാണ് ഗോപികയുടെ അനുഭവങ്ങള്‍; ‘ക്ഷേത്ര ഭാരവാഹികളായ ചിലര്‍ വളരെ മോശമായാണ് പെരുമാറിയത്. എത്രയും പെട്ടെന്ന് സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ വന്നപോലെ തിരിച്ച് പോവില്ല എന്നാണ് ചിലര്‍ പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ ഒരു സംഘമാളുകള്‍ അവിടെയെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയപ്പോള്‍, ‘ഇവിടെയുള്ള മറ്റുള്ളവരുമായി സംസാരിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒന്നുകില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം, അല്ലെങ്കില്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചിരിക്കണം’ എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഞങ്ങള്‍ പുത്തന്‍കുരിശ് സിഐ സാജന്‍ സേവ്യറെ കണ്ട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം വേണ്ട നടപടികളെടുക്കാമെന്ന് ഉറപ്പ് നല്‍കി. പിന്നീട് ക്ഷേത്രഭാരവാഹികളില്‍ ചിലര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിലേക്ക് വിളിച്ച് ഞങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ക്ക് ക്ഷമചോദിക്കുകയും ചെയ്തു”.

വഴിയിലൂടെ നടന്ന് പോവുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി, ‘തലവെട്ടിക്കളയുമെന്നും അതിന് ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണ് നിനക്ക് നല്ലത്‘ എന്നും ഭീഷണിപ്പെടുത്തിയതായി കോളനി സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ മോഹനന്‍ പറയുന്നു. “ഇവിടെയുള്ള സ്ത്രീകളേയും ഇക്കൂട്ടര്‍ അസഭ്യം പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കോളനി നിവാസികളെ പഴയ നാടുവാഴി മാടമ്പി വാഴ്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയും പട്ടികജാതി വകുപ്പ് മന്ത്രിയും വടയമ്പാടി കോളനിയിലെ ദളിത് കുടുംബങ്ങളുടെ ജീവനും സമാധാനപരമായ ജീവിതവും ഉറപ്പ് വരുത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത്“.

ദളിതര്‍ ഫിക്സഡ് ഡിപ്പോസിറ്റാണെന്ന് സിപിഎം ഇനി കരുതേണ്ട; സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

‘ഇനിയെന്തിനാണ് ബിജെപി? ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ സിപിഎം ഉണ്ടല്ലോ, ഒപ്പം പോലീസും’; വടയമ്പാടിയുടെ ബാക്കി

വടയമ്പാടി: ആത്മാഭിമാന കണ്‍വന്‍ഷനായാലും ആഹ്ളാദമായാലും അനുവദിക്കില്ലെന്ന് പോലീസ്; നടത്തുമെന്ന് സമരക്കാര്‍

വടയമ്പാടി; മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍