TopTop
Begin typing your search above and press return to search.

കുഴിമടിയന്മാരായ ബഡക്കൂസുകൾക്ക് പറ്റിയ സാഹിത്യപ്പണി ചെയ്ത സുൽത്താൻ: ഇന്ന് ബഷീറിന്റെ 25ാം ചരമവാർഷികം

കുഴിമടിയന്മാരായ ബഡക്കൂസുകൾക്ക് പറ്റിയ സാഹിത്യപ്പണി ചെയ്ത സുൽത്താൻ: ഇന്ന് ബഷീറിന്റെ 25ാം ചരമവാർഷികം
ജൂലൈ അഞ്ച്, മലയാളത്തിലെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍.

കുഴിമടിയന്മാരായ ബഡക്കൂസുകള്‍ക്ക് പറ്റിയ പണിയായതു കൊണ്ടാണ് 'സാഹിത്യം എഴുത്ത്' തിരഞ്ഞെടുത്തതെന്ന് ബഷീര്‍ പറയുമായിരുന്നു. പലദേശങ്ങളില്‍ അലഞ്ഞ് സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന പേനകൊണ്ട് ജീവിക്കാന്‍ ഒരു ജോലിയെന്ന നിലയില്‍ എഴുതിത്തുടങ്ങി. വെറുതെ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്ന കഥാകാരനായല്ല, മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീര്‍ ഓരോ രചനകളിലും പ്രത്യക്ഷപ്പെട്ടത്. എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമന്‍‌നായര്‍, പൊന്‍കുരിശ് തോമാ, ഒറ്റക്കണ്ണന്‍ പോക്കര്‍, കുഞ്ഞുപ്പാത്തുമ്മ, നിസാര്‍ അഹമ്മദ്, കേശവന്‍‌നായര്‍, സാറാമ്മ, സുഹറ, മജീദ്... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... എല്ലാവരും നമുക്കുചുറ്റും ജീവിക്കുന്നവര്‍. ഭാഷയുള്ളിടത്തോളം കാലം മരണമില്ലാത്തവര്‍...!

കഥാകാരന്മാരിലെ പ്രാവാചകനെപ്പോലെ സുവിശേഷ സാന്നിദ്ധ്യമുള്ള അക്ഷരങ്ങള്‍ അദ്ദേഹം നമുക്ക് തന്നു. കൊടികളുടേയും ജാതിഭേദങ്ങളുടേയും ലോകത്ത് സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം മാത്രം വരച്ചിട്ടു. മുണ്ടശ്ശേരിയും അഴീക്കോടും എം.പി പോളും തിക്കോടിയനും ഒ. വി. വിജയനുമെല്ലാം നിര്‍വ്വചനങ്ങളില്ലാത്ത ആ സ്നേഹത്തിന്റെ മാംഗോസ്റ്റിന്‍ മരത്തണലില്‍ കുശലം പറഞ്ഞിരുന്നു. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും കത്തുകളിലൂടെ അദ്ദേഹം സ്നേഹത്തിന്റെ ഇമ്മിണി ബല്ല്യ അക്ഷരങ്ങള്‍ കൈമാറി. ഗ്രാമീണജീവിതത്തിന്റെ അടക്കവും അടക്കംപറച്ചിലുകളും കുശുമ്പും കുന്നായ്മയും അടുക്കള വര്‍ത്തമാനത്തിന്റെ നൈര്‍മല്യത്തോടെ അക്ഷരങ്ങളായി.

‘ബഷീറിനെ ഒരു ഗ്രന്ഥകര്‍ത്താവ് എന്നു പറയുന്നതിനേക്കാള്‍ നല്ലത് ഭാഷയുടെ കര്‍ത്താവ് എന്നു പറയുന്നതായിരിക്കും’ എന്നാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്. ‘അണ്ഡകടാഹം’ എന്നൊരു വാക്ക് ബഷീറിനല്ലാതെ അതേ തീവ്രതയോടെ മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ സാധിക്കില്ല. ‘കശ്മലച്ചി, പഹയന്‍, ബെ‍ഡക്കൂസ്, തുടങ്ങിയ വാക്കുകള്‍ ബഷീറില്‍ നിന്നും ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല. കാരണം അതിന്റെ പേറ്റന്റുതന്നെ അദ്ദേഹത്തിന്റെ പേരിലാണ്. ‘സാമ്രാജ്യത്വത്തിന്റെ ഒരു മൂരാച്ചികള്‍ക്കും’ ഈ വാക്കുകള്‍ വഴങ്ങിക്കൊടുക്കില്ല. ‘വൃത്തവും കോണും ചതുരവുമില്ലതിലെത്തി നോക്കീട്ടില്ല ശില്പിതന്ത്രം’ എന്നു കുമാരനാശാന്‍ പാടിയതുപോലെയായിരുന്നു ചിലപ്പോള്‍ ബഷീറിന്റെ ഭാഷ. എപ്പോഴും വല്ലാത്തൊരു ചന്തമായിരുന്നു അതിന്.

വ്യാകരണത്തിന്റെ കടുംപിടിത്തങ്ങളും അലങ്കാരങ്ങളുടെ കടുംകെട്ടുമില്ലാത്ത സുന്ദരമായ ഭാഷ. സാഹിത്യഭാഷയെ മേലാളന്‍മാരുടെ വ്യാകരണക്കെട്ടുകളിന്‍ നിന്നും ജീവിതത്തിന്റെ അനുഭവ വര്‍ത്തമാനങ്ങളിലേക്ക് അദ്ദേഹം ഇറക്കിവിട്ടു.
ബഷീര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഗാന്ധിജി കേരളത്തിലെത്തുന്നത്. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ അദ്ദേഹം സ്വാതന്ത്ര്യസമര രംഗത്തേക്ക്‌ എടുത്തുചാടി. 1930-ലെ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തി അറസ്റ്റ് വരിച്ചു. പൊലീസ് സ്റ്റേഷന്‍, മര്‍ദ്ദനം, റിമാന്‍ഡ്, ജയില്‍. ബ്രിട്ടീഷ് ഭരണത്തിനെതിരേ ലഘുലേഖകള്‍ അച്ചടിച്ചതോടെ അറസ്റ്റ് വാറന്റ്. അതോടെ ബഷീര്‍ കേരളം വിട്ടു പോയി. ഇന്ത്യയൊട്ടാകെ സഞ്ചാരം. അതിരുകള്‍ കടന്ന് ഏഷ്യയുടെയും ആഫ്രിക്കയുടെയും വിദൂരതയില്‍ അലഞ്ഞുനടന്നു. പട്ടിണി മാറാന്‍ പല ജോലികളും ചെയ്തു. ഭാവിപ്രവചനക്കാരന്‍, പാചകക്കാരന്‍, പത്ര വില്‍പ്പനക്കാരന്‍, അക്കൗണ്ടന്റ്, കാവല്‍ക്കാരന്‍, ഹോട്ടല്‍ മാനേജര്‍, സൂഫി സന്യാസി... അങ്ങിനെ പലതും. ഹിമാലയനിരകളിലും ഗംഗാതടങ്ങളിലും ഒരവധൂതനെപ്പോലെ അലഞ്ഞ നാളുകള്‍. ആഹാരവും വെളളവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട ദിനരാത്രങ്ങള്‍.

രാഷ്ട്രീയവും, സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. യാത്രയും, നിരീക്ഷണവും, അനുഭവങ്ങളുമായിരുന്നു മൂലധനം. നര്‍മ്മവും, വേദനയും വാക്കുകളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്തു. സ്‌നേഹവും, ദാരിദ്ര്യവും, വിശപ്പും, നിസഹായതയും കഥകളുടെ വേഷമണിഞ്ഞു. പറയാനുള്ളതെല്ലാം നേരെ ചൊവ്വേതന്നെ പറഞ്ഞു. അന്യാദൃശമായ ആ കഥപറച്ചിലാണ് ബഷീറിനെ സുല്‍ത്താനാക്കിയത്. മലയാളത്തിന്റെ ഇമ്മിണി ബല്ല്യ സുല്‍ത്താന്‍.

Next Story

Related Stories