Top

നവോത്ഥാന കേരളത്തിനായി ഇന്ന് വനിതാ മതില്‍; 620 കിലോമീറ്റര്‍, 30 ലക്ഷം സ്ത്രീകള്‍

നവോത്ഥാന കേരളത്തിനായി ഇന്ന് വനിതാ മതില്‍; 620 കിലോമീറ്റര്‍, 30 ലക്ഷം സ്ത്രീകള്‍
വനിതാ മതില്‍ ഇന്ന്. ഇന്ന് വൈകിട്ട് നാല് മണിക്ക് നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനിതകള്‍ മതില്‍ തീര്‍ക്കും. മുപ്പത് ലക്ഷത്തോളം സ്ത്രീകള്‍ മതിലിനായി അണിനിരക്കുമെന്ന് സംഘാടകരുടെ പ്രതീക്ഷ. മൂന്നരയോടെ ട്രയല്‍ റണ്‍ നടത്താനും പിന്നീട് നാല് മണിക്ക് 15 മിനിറ്റ് നീണ്ട് നില്‍ക്കുന്ന വനിതാ മതിലും എന്നതാണ് തീരുമാനം. വനിതാ മതിലിന് ശേഷം പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളും നടക്കും. പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതില്‍. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഏകദേശം 176 സംഘടനകള്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹൃ, സാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. എന്‍എസ്എസ് തുടക്കത്തിലേ ആലോചനാ യോഗം മുതല്‍ ഇതില്‍ പങ്കാളികളല്ല. കേരള ധീവര മഹാസഭ, വിഎസ്ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവയും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപി യോഗം ആറു ലക്ഷം പേരെയും കെപിഎംഎസ് അഞ്ചു ലക്ഷം പേരെയും സംഘടിപ്പിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകള്‍ എല്ലാവരും ചേര്‍ന്ന് 10 ലക്ഷത്തിനു മുകളില്‍ സ്ത്രീകളെയും അണി നിരത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും എല്‍ഡിഎഫും സംയുക്തമായി സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റിക്കോര്‍ഡിനായി പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം വനിതാ മതില്‍ നിരീക്ഷിക്കാന്‍ കേരളത്തിലെത്തി.

ശബരിമലയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ രംഗത്തിറക്കി നാമജപ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് രാഷ്ട്രീയപരമായും സാമൂഹികപരമായും നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തിയത്. എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. ആ യോഗത്തില്‍ വച്ച് തന്നെ നവോത്ഥാന വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കെപിഎംഎസ് പ്രസിഡന്റ് പുന്നല ശ്രീകുമാറാണ് വനിതാ മതില്‍ എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാല്‍ വനിതാ മതില്‍ തീരുമാനിക്കപ്പെടുന്ന യോഗവും യോഗതീരുമാനവും അന്ന് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

ഹിന്ദു സമുദായ സംഘടനകളുടെയും, ഹിന്ദു സംഘടനകളുടേയും യോഗം വിളിച്ച് വനിതാ മതില്‍ തീരുമാനിക്കപ്പെട്ടതും, പുരുഷന്‍മാര്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനം വന്നതുമെല്ലാം അന്ന് തന്നെ വിവാദമായി. വെള്ളാപ്പള്ളി നടേശന്റെയും പുന്നലശ്രീകുമാറിന്റെയും നേതൃത്വത്തില്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടു. എന്നാല്‍ ഹിന്ദു പാര്‍ലമെന്റ് നേതാവും ശബരിമലയിലെ സംഘപരിവാര്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ സി പി സുഗതനെയുള്‍പ്പടെ സമിതി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ പിന്നീട് സുഗതന്‍ തന്നെ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നറിയിച്ചതോടെ അതിന്റെ പേരിലുള്ള വിവാദങ്ങള്‍ തണുത്തു.

എന്‍എസ്എസും യുഡിഎഫും വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും സമൂഹത്തില്‍ ചേരിതിരിവും വിഭജനും ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തുടക്കം മുതല്‍ ആരോപിച്ചു. ഇതിനിടെ വനിതാ മതിലിന് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധമില്ലെന്ന് നവോത്ഥാന സമിതി കണ്‍വീനറായ വെള്ളാപ്പള്ളി നടേശനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ മതില്‍ പ്രഖ്യാപിച്ചത്. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി എന്‍എസ്എസും യുഡിഎഫും എല്ലാം നിലപാട് മാറ്റി വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് കോടിയേരി അപേക്ഷിച്ചു. എന്നാല്‍ എന്‍എസ്എസും യുഡിഎഫും ഇപ്പോഴും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. എന്നുമാത്രമല്ല, തിരിച്ചടിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും കിട്ടിയ ഒരവസരവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പാഴാക്കിയതുമില്ല.

വനിതാ മതില്‍ സര്‍ക്കാര്‍ ചെലവിലാണ് നടക്കുന്നത എന്ന ആരോപണം വരികയും ഇതിന്‍മേല്‍ വിവാദം കൊഴുക്കുകയും ചെയ്തു. സ്ത്രീശാക്തീകരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന അമ്പത് കോടി രൂപയില്‍ നിന്ന് വനിതാ മതിലിനായി പണം ചെലവഴിക്കാമെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ഏറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി. എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപ പോലും വനിതാ മതിലിനായി ചെലവഴിക്കി്‌ല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. പ്രചരണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി മുമ്പും വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാമെന്ന തരത്തില്‍ സര്‍ക്കുലര്‍ ഇറങ്ങിയതും, അധ്യാപക സംഘടനകളോടും മറ്റ് തൊഴിലാളി സംഘടനകളോടും മതില്‍ തീര്‍ക്കാന്‍ ഇറങ്ങാന്‍ പരസ്യമായും അല്ലാതെയും ആവശ്യപ്പെട്ടതിനെതിരെയും പലയിടത്തുനിന്നും വിയോജിപ്പുകള്‍ ഉയര്‍ന്നു. കുടുംബശ്രീ പ്രവര്‍ത്തകരേയും തൊഴിലുറപ്പ് തൊഴിലാളികളേയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുയര്‍ന്നു.

വനിതാ മതിലിന് ബദലായി അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി താരതമ്യേന വിജയവുമായി. ആചാരസംരക്ഷണത്തിനായാണ് കര്‍മ്മ സമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ഒരുവശത്ത് ആചാരസംരക്ഷണത്തിനായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ട് പ്രവേശനത്തിനായി എത്തിയ ഒരു യുവതിയെപ്പോലും ശബരിമലയില്‍ കയറ്റിയില്ല എന്നതരത്തില്‍ ചോദ്യങ്ങളുമുയര്‍ന്നു. വിധി നടപ്പാക്കാതെ സ്ത്രീശാക്തീകരണത്തിനായി വനിതാ മതില്‍ സംഘടിപ്പിക്കുന്നതിലെ സാംഗത്യത്തേയും പലരും ചോദ്യം ചെയ്ത് രംഗത്തെത്തി.

വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമെല്ലാം മറുപടിയായി ഇന്ന് വനിതാ മതില്‍ നടക്കുമെന്നാണ് സംഘാടകരുടെ മറുപടി.

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി ജില്ലകളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരും തിരുവനന്തപുരം ജില്ലയിലെ യോഗങ്ങളില്‍ സംബന്ധിക്കും.

ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ- കണ്ണൂര്‍, കെ. രാജു, പി തിലോത്തമന്‍, ജി സുധാകരന്‍- ആലപ്പുഴ, എ സി മൊയ്തീന്‍, എംഎം മണി- എറണാകുളം, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍- തൃശൂര്‍, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി- പാലക്കാട്, കെ ടി ജലീല്‍- മലപ്പുറം, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍- കോഴിക്കോട്, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ- കാസര്‍ഗോഡ്- കെ.കെ ശൈലജയാണ് മതിലിന്റെ ആദ്യത്തെ കണ്ണി.

വനിതാ മതില്‍ ഇതുവഴി

കാസര്‍കോഡ് നിന്ന് വെള്ളയമ്പലം വരെയാണ് മതില്‍ തീര്‍ക്കുന്നത്. ജനുവരി ഒന്നിന് വൈകിട്ട് മതിലിന്റെ വഴിയിങ്ങനെ:

കാസര്‍ഗോഡ്‌ താലൂക്ക് ഓഫീസിനടുത്തുള്ള മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന മതില്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് സമാപിക്കുന്നത്.

കാസര്‍കോഡ് ചന്ദ്രഗിരിപാലം വഴി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് (മുതലക്കുളം), രാമനാട്ടുകര, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, പുലാമന്തോള്‍, പട്ടാമ്പി, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി, കൊരട്ടി, കറുകുറ്റി, അങ്കമാലി, ആലുവ, എടപ്പള്ളി, വൈറ്റില, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, കടമ്പാട്ടുകോണം, ആറ്റിങ്ങല്‍, കഴക്കൂട്ടം, കേശവദാസപുരം, പിഎംജി, മ്യൂസിയം, വെള്ളയമ്പലം.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ആറു ലക്ഷം പേര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തി വരെ ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. വയനാട്ടില്‍ നിന്നുള്ള സ്ത്രീകളും കോഴിക്കോട് ജില്ലയില്‍ അണിനിരക്കുന്നതിനാല്‍ ഇവിടെ മാത്രം മൂന്നര ലക്ഷം സ്ത്രീകളെയാണ് പ്രതീക്ഷിക്കുന്നത്.

മലപ്പുറം ജില്ലയില്‍ പാലക്കാട് അതിര്‍ത്തി വരെ രണ്ടു ലക്ഷത്തിനടത്ത് സ്ത്രീകളും പാലക്കാട് ജില്ലയില്‍ രണ്ടു ലക്ഷം സ്ത്രീകളും തൃശൂരില്‍ മൂന്നു ലക്ഷം സ്ത്രീകളും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം സ്ത്രീകള്‍ മതിലിന്റെ ഭാഗമാകും. വനിതാ മതില്‍ നടക്കുന്നത് ദേശീയപാത-47-ല്‍ കൂടിയായതിനാല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ ആലപ്പുഴ ജില്ലയിലെ മതിലിലാണ് ചേരിക. ഇവിടെ നാലു ലക്ഷത്തോളം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ മൂന്നുലക്ഷം സ്ത്രീകള്‍ വീതം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറയുന്നു.

Next Story

Related Stories