TopTop
Begin typing your search above and press return to search.

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

ജെഡിയു കേരള ഘടകം നേതാവ് എംപി വീരേന്ദ്രകുമാര്‍ വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലാണിപ്പോള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിഷയത്തില്‍ ജെഡിയു കേന്ദ്ര നേതൃത്വം എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതൊന്നുമല്ല രാമന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന കാലവും ഒക്കെ രചിച്ച വീരേന്ദ്രകുമാറിനെ ഇപ്പോള്‍ സംഘര്‍ഷത്തിലാക്കുന്നത്. ഇരുളും വെളിച്ചവും ദുഃഖവുമൊക്കെ ഏറെ കണ്ടും അനുഭവിച്ചും അറിഞ്ഞ ആള്‍ തന്നെയാണ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ നിലപാടാണ് പ്രശ്‌നമെന്നും പറയാന്‍ പറ്റില്ല. നിതീഷ് പണ്ടും എന്‍ഡിഎക്കൊപ്പം നിന്നിട്ടുള്ള ആള്‍ തന്നെയാണല്ലോ.

പെട്ടെന്നൊരുനാള്‍ എല്‍ഡിഎഫ് ബാന്ധവം ഉപേക്ഷിച്ചപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനോടും യുഡിഎഫിനോടും വിടപറയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന ആവശ്യവും ഈ ആവശ്യത്തോട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന എതിര്‍പ്പും വീണ്ടും ഒരു പിളര്‍പ്പിലേക്ക് നയിക്കുമോ എന്ന പേടി തന്നെയാണ് ഈ മനോസംഘര്‍ഷത്തിന് കാരണം എന്ന് മനസിലാക്കാന്‍ കവടി നിരത്തി നോക്കേണ്ട കാര്യമൊന്നുമില്ല. എല്‍ഡിഎഫ് വിടുമ്പോള്‍ പറയാന്‍ ഒരു കാരണം ഉണ്ടായിരുന്നു. പിണറായി വിജയന്‍ തങ്ങളെ ചവിട്ടി പുറത്താക്കി എന്ന ന്യായം. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് വിടാന്‍ എന്ത് ന്യായം പറയും? യുഡിഎഫ് വിട്ട് വീണ്ടും എല്‍ഡിഎഫില്‍ ചേക്കേറണം എന്ന് പറയുന്ന നേതാക്കളുടെ വാദം യുഡിഎഫ് ബാന്ധവം പാര്‍ട്ടിക്ക് ദോഷമല്ലാതെ ഗുണമൊന്നും ചെയ്തില്ലെന്നതാണ്. ഒരു വലിയ പരിധി വരെ ഇത് ശരിതന്നെയാണ്. പാര്‍ട്ടി നെടുകെ പിളര്‍ന്നെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ലോക്‌സഭ - നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ തോല്‍വിയും നേരിട്ടു. പോരെങ്കില്‍ പാര്‍ട്ടി അനുദിനം ശോഷിക്കാനും തുടങ്ങിയിരിക്കുന്നു.

എന്നുകരുതി കോണ്‍ഗ്രസിനേയും യുഡിഎഫിനേയുമൊക്കെ അങ്ങനെയങ്ങ് തള്ളിപ്പറഞ്ഞാല്‍ ആകെയുള്ള രാജ്യസഭ എംപി സ്ഥാനവും നഷ്ടമാകില്ലേ? ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണെങ്കിലും എംപി വീരേന്ദ്രകുമാര്‍ എന്ന പേരിനൊപ്പം വീണ്ടും ഒരു എംപി കൂടി എഴുതിച്ചേര്‍ക്കാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസും യുഡിഎഫും തന്നെയാണെന്ന യാഥാര്‍ത്ഥ്യം അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ? ഇതൊക്കെയാണ് വീരേന്ദ്രകുമാറിനെ ഇപ്പോള്‍ മനോവിഷമത്തിലാക്കുന്ന കാര്യങ്ങള്‍. എല്‍ഡിഎഫിലേക്കു തിരികെ പോകുന്നത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു കൂടായ്കയില്ലെന്ന് വീരേന്ദ്രകുമാറിനും അറിയാം. എന്ന് കരുതി ഒരു സുപ്രഭാതത്തില്‍ വന്നതുപോലെ മടങ്ങിപ്പോകുന്ന കാര്യം ഊണിലും ഉറക്കത്തിലും സോഷ്യലിസ്റ്റ് പാരമ്പര്യം കൊണ്ടുനടക്കുന്ന ഒരാള്‍ക്ക് ഭൂഷണമോ എന്ന ചോദ്യം വല്ലാതെ അലട്ടുമ്പോള്‍ പെട്ടെന്നൊരു തീരുമാനം അത്ര എളുപ്പമല്ല തന്നെ.

ഇനിയിപ്പോള്‍ തിരിച്ചുചെന്നാല്‍ അത്ര വലിയ സ്വീകരണം ലഭിക്കണം എന്നുമില്ലല്ലോ. എല്‍ഡിഎഫില്‍ നില്‍ക്കുന്ന ജെഡിഎസുമായി ഒരു ലയനവും അത്ര എളുപ്പമാകണമെന്നില്ല. തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം അനുഭവിച്ച ആര്‍ എസ് പിയും എല്‍ഡിഎഫിലേക്ക് കള്ളക്കണ്ണെറിയുന്നുണ്ട്. മുന്നണി പ്രവേശനം ഇനിയും സാധ്യമാകാതെ ഐഎന്‍എല്‍, സിഎംപി (അരവിന്ദാക്ഷന്‍), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് (ഗൗരിയമ്മ) എന്നീ പാര്‍ട്ടികള്‍ മാത്രമല്ല കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍യുടെ പാര്‍ട്ടിയും (ആര്‍ എസ് പി - എല്‍) എല്‍ഡിഎഫിന്റെ പുറമ്പോക്കില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വരാനിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എത്ര സീറ്റ് മത്സരിക്കാന്‍ കിട്ടുമെന്ന കാര്യത്തില്‍ പോലും വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വീരനെ കിട്ടിയാല്‍ വടകരയോ, കോഴിക്കോടോ ഒരു സീറ്റ് നല്‍കി ഇരു മണ്ഡലങ്ങളിലും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞേക്കും എന്ന ചിന്ത തന്നെയാണ് സിപിഎം നേതൃത്വത്തെ ജെഡിയുവിനെ മുന്നണിയിലേക്ക് തിരികെ വിളിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഈ ആലോചന കഴിഞ്ഞ തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ സജീവമായതുമാണ്. വീരേന്ദ്രകുമാറിന്റെ 'ഇരുള്‍ പരക്കുന്ന കാലം ' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗവും വീരേന്ദ്രകുമാര്‍ നടത്തിയ മറുപടി പ്രസംഗവും നല്‍കിയ സൂചന ഒരു മഞ്ഞുരുക്കലിന്റേത് തന്നെയായിരുന്നു. ഇക്കാലയളവില്‍ തന്നെ കോടിയേരി വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചതും വെറും സൗഹൃദ സന്ദര്‍ശനമായി വായിക്കാന്‍ ബുദ്ധിമുട്ടാണ്.


Next Story

Related Stories