TopTop
Begin typing your search above and press return to search.

വിനായകിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ പാകത്തില്‍ പോലീസിന്റെ എഫ് ഐ ആര്‍

വിനായകിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ പാകത്തില്‍ പോലീസിന്റെ എഫ് ഐ ആര്‍

വിനായക് എന്ന 19 വയസ്സുള്ള ദളിത് യുവാവ് മരിച്ചിട്ട് 14 ദിവസം. കണ്ണടച്ച് ഇരുട്ടാക്കുന്ന കേരളത്തിലെ പൊതുസമൂഹം ഇങ്ങനെയൊരു കൊലപാതകം നടന്നിട്ടേയില്ല എന്ന രീതിയില്‍ തന്നെ പെരുമാറുന്നു. എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയതിന് ശേഷം കേരള പോലീസ് കാണിച്ചുകൂട്ടിയ കൊള്ളരുതായ്കകളുടെ, അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് വിനായകിന്റെ ആത്മഹത്യ.

പോലീസ് സ്‌റ്റേഷനില്‍ 19 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിനെ യാതൊരു തെളിവുകളുമില്ലാതെ, കേവലം മുന്‍ധാരണകളുടേയും സംശയങ്ങളുടേയും പിന്‍ബലത്തില്‍ മര്‍ദ്ദിച്ച് ശാരീരികമായും മാനസികമായും അവശനാക്കി, അവനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. കറുത്ത ശരീരമുള്ള, മുടിവളര്‍ത്തി 'ഫ്രീക്കനാ'യ ദളിതന്‍ മാല പൊട്ടിക്കലുകാരനും ക്രിമിനലുമാണെന്ന പൊതുസമൂഹത്തിന്റെ ബോധമാണ് അയാളെ തല്ലിച്ചതച്ച് മരിക്കാന്‍ പറഞ്ഞുവിട്ടത്. വിനായകിന്റെ മരണത്തില്‍ പൊതുസമൂഹം തുടരുന്ന കുറ്റകരമായ മൗനത്തിന് പിന്നാലെ കേസ് തേച്ചുമാച്ച് കളയാനുള്ള ഭരണകൂട സംവിധാനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ് വാടാനപ്പള്ളി പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍.

കടപ്പാട്: ന്യൂസ് പോര്‍ട്ട്‌

പോലീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താതെ, ഭീഷണിപ്പെടുത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള പരാതികള്‍ പരിഗണിക്കാതെ തയ്യാറാക്കിയ എഫ്.ഐ.ആര്‍. പുറത്ത് വന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്നാണ് വിലയിരുത്തല്‍. വിനായക് അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായി എന്ന് സാക്ഷ്യപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍ തന്റെ മകന്റെ മരണം അന്വേഷിക്കണമെന്നും അതിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ വാടാനപ്പള്ളി പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ, കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് പോലീസിനെതിരെയുള്ള ആത്മഹത്യാ പ്രേരണക്കുറ്റം പോലുള്ള വകുപ്പുകള്‍ ഒഴിവാക്കിയിരിക്കുന്നത്.

ജൂലൈ17ന് 12 മണി മുതല്‍ നാല് മണിവരെ വിനായക് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന് എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നുണ്ട്. സാജന്‍, ശ്രീജിത് എന്നീ പോലീസുകാര്‍ക്കെതിരെ അന്യായമായി തടഞ്ഞുവയ്ക്കുക, ക്ഷതമേല്‍പ്പിക്കുക, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, സംഘം ചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ കേസുകളാണ് എഫ്.ഐ.ആറില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ അപകീര്‍ത്തിയുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍, ആത്മഹത്യാ പ്രേരണ എന്നിവയ്ക്ക് കേസുകള്‍ ചുമത്തിയിട്ടില്ല. പോലീസ് അന്യായമായി തടവില്‍ വച്ചു എന്ന് വിനായകിന്റെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അന്യായമായി തടസ്സപ്പെടുത്തി എന്ന ഐ.പി.സി. 341ാം വകുപ്പാണ് എഫ്.ഐ.ആറില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതെല്ലാം കേസില്‍ വെള്ളം ചേര്‍ക്കാനും വിനായകിന്റെ കൊലപാതകക്കുറ്റത്തില്‍ നിന്ന് തടിയൂരാനുള്ള പോലീസിന്റെ ശ്രമവുമായിട്ടാണ് നിയമവിദഗ്ദ്ധര്‍ കണക്കാക്കുന്നത്.

ജൂലൈ 17ന് റോഡരികില്‍ നിന്ന് ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകിനേയും സുഹൃത്ത് ശരത്തിനേയും പോലീസ് പിടിച്ചുകൊണ്ട് പോവുന്നത്. കസ്റ്റഡിയിലെടുത്ത് ഇവരെ അതിക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയക്കുകയും ചെയ്തു. വിനായകിന്റെ നീട്ടിവളര്‍ത്തിയ മുടിവെട്ടിക്കാന്‍ അച്ഛന്‍ കൃഷ്ണനോട് പോലീസ് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഇദ്ദേഹം വിനായകിന്റെ മുടിവെട്ടിക്കുകയും ചെയ്തു. എന്നാല്‍ ജൂലൈ 18ന് വിനായകന്‍ ജീവനൊടുക്കി.

കടപ്പാട്: ന്യൂസ് പോര്‍ട്ട്‌

മാല മോഷണ കേസിലെ പ്രതികളാണെന്ന സംശയത്താല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയക്കുകയും ചെയ്തു എന്നാണ് അന്ന് പാവറട്ടി പോലീസ് എസ്.ഐ.പറഞ്ഞത്. ആദ്യം പോലീസ് മര്‍ദ്ദനമുണ്ടായിട്ടില്ലെന്ന് പറഞ്ഞ എസ്.ഐ. അത് പിന്നീട് തിരുത്തുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ മാലമോഷണക്കേസ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും അതിന് വഴങ്ങാതായപ്പോള്‍ പോലീസ് അതിക്രൂരമായി വിനായകിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് സുഹൃത്തായ ശരത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 'അവര് സ്‌റ്റേഷനില് ചെന്ന ഉടനെ അവന്റെ മുഖത്തടിച്ചു. പിന്നെ കഞ്ചാവ് വലിയനല്ലേടാന്നും മാല മോഷ്ടിച്ചത് നീയെല്ലേന്നും ചോദിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ചു. പിന്നെ ആ കേസ് ഏറ്റെടുത്താ വിടാന്ന് പറഞ്ഞു. അവന്‍ പറ്റില്ലാന്ന് പറഞ്ഞു. പിന്നെ അവര് കൊറേ തല്ലി. അവന്റെ പുറത്തൊക്കെ മാന്തിപ്പൊളിച്ച പാടായിരുന്നു . അവന്റെ നെഞ്ചത്തൊക്കെ അവര് പിച്ചി പൊളിച്ചു. കാലുമ്മെ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു. നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. കാല്‍നഖങ്ങളില്‍ ബൂട്ടിട്ട് ചവിട്ടി. നീട്ടി വളര്‍ത്തിയ മുടി പറിച്ചെടുത്തു. അതിന്റെയെല്ലാം വെഷമം താങ്ങാതെയാ അവന്‍ അത് ചെയ്തത്' വിനായകിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ സുഹൃത്ത് ശരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ശരത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. തലയിലും കാലിലും നെഞ്ചിലും ആഴത്തിലുള്ളതുള്‍പ്പെടെ നിരവധി മുറിപ്പാടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. തലയില്‍ ചതവും പിറകിലും കഴുത്തിലും പോറലുകളുമുണ്ട്. നെഞ്ചിന്റെ ഇടത് ഭാഗത്ത് ആറ് മുറിവുകളുണ്ട്. മുലക്കണ്ണിലും പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും ശക്തമായ തെളിവുകളുള്ളപ്പോള്‍ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതാണെന്ന് പോലും രേഖപ്പെടുത്താതെ എഫ്.ഐ.ആര്‍.തയ്യാറാക്കിയത് കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണെന്ന് വിനായകിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Next Story

Related Stories