Top

'തന്ത്രികള്‍ പടിയിറങ്ങുക'; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ദളിതരുടെ സഞ്ചാരസ്വാതന്ത്രത്തിനായി മഹാത്മാ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് എരുമേലിയിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വില്ലുവണ്ടിയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'തന്ത്രികള്‍ പടിയിറങ്ങുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 13-ന് തിരുവനന്തപുരം അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന വില്ലുവണ്ടിയാത്ര എരുമേലി വരെയാണ് നടത്തുന്നത്. അരുവിപ്പുറം, വൈക്കം, പൊയ്കയില്‍ അപ്പച്ചന്‍ സ്മൃതി മണ്ഡപം, വൈപ്പിന്‍ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്നും കലാജാഥയും പദയാത്രകളുമുണ്ടാകും.

ശബരിമല ആദിവാസികള്‍ക്ക് വിട്ട് നല്‍കുക, തന്ത്രികള്‍ പടിയിറങ്ങുക എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ആദിവാസി അവകാശ പുന:സ്ഥാപന സമിതി വില്ലുവണ്ടിയാത്ര സംഘടിപ്പിക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത് മലയരയ മഹാസഭ ജനറല്‍ സെക്രട്ടറിയും ചരിത്രകാരനുമായ പി.കെ സജീവ്, ശബരിമലയില്‍ മാത്രമല്ല 18 മലകളിലും ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന വാദവുമായി രംഗത്തെത്തിയതോടെയാണ്. "ശബരിമല അടക്കമുള്ള മലകള്‍ ഞങ്ങളുടെതാണ്. അവിടെ പരമ്പരാഗതമായി ജീവിച്ചുവരുന്ന ആദിമജനസമൂഹമാണ്. ഞങ്ങള്‍ക്ക് അവിടം വിട്ട് തരണം. തന്ത്രികളുടെ ആവശ്യം അവിടെയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെതായുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്",
സജീവ് പറയുന്നു.

''തന്ത്രികള്‍ പടിയിറങ്ങുക' എന്നത് വലിയൊരു മുദ്രാവാക്യമാണ്. അത് അല്ലാതെ നമ്മുടെ മുന്നില്‍ വേറെ വഴിയില്ല. നവോത്ഥാനത്തെക്കുറിച്ച് കേരളം സംസാരിക്കുന്ന സമയമാണിത്. നവോത്ഥാനത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിയത് കൊണ്ടോ നവോത്ഥാനഫലങ്ങളില്‍ അഭിരമിച്ചത് കൊണ്ടോ ഒന്നും നടക്കാന്‍ പോകുന്നില്ല. നവോത്ഥാനം മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിച്ച ആശയപ്രപഞ്ചം ബ്രാഹ്മണ്യവിരുദ്ധമായ, ജാതിവിരുദ്ധമായ മാനവികതയാണ്. അത് നടപ്പിലാക്കാന്‍ ബ്രാഹ്മണവിരുദ്ധമായ നിലപാടെടുക്കണം. അതാണ് തന്ത്രികള്‍ പടിയിറങ്ങുക എന്ന മുദ്രാവാക്യം. 1902-ല്‍ മാത്രം വരികയും ശബരിമലയിലെ ആചാരപരമായ മുഴുവന്‍ അവകാശങ്ങളും തന്ത്രികള്‍ക്കോ മലയാള ബ്രാഹ്മണര്‍ക്കോ തീറെഴുതി കൊടുത്ത പാരമ്പര്യമാണ് 116 വര്‍ഷത്തെ ചരിത്രം. അത് കൃത്യമായ അധിനിവേശമാണ്. ശബരിമലയില്‍ മാത്രമല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള അധിനിവേശം സംഭവിച്ചിട്ടുണ്ട്,"
ആദിവാസി അവകാശ പുന:സ്ഥാപന സമിതിക്ക് നേതൃത്വം നല്‍കുന്ന സണ്ണി എം കപിക്കാട് വിശദീകരിച്ചു.

ശബരിമലയില്‍ ബ്രാഹ്മണ അധിനിവേശം സംഭവിച്ചിട്ടുണ്ടെന്ന് 'മലയരയരും ശ്രീ അയ്യപ്പനും' എന്ന പുസ്തകത്തില്‍ കെ. എന്‍ പ്രഭാകരന്‍ കണ്ണാട്ട് സ്ഥാപിക്കുന്നുണ്ട്. എ ഡി 700-ലാണ് ശബരിമല വനാന്തരത്തിലെ എണ്ണക്കാവള്ളി ക്ഷേത്രം മലയരയര്‍ നിര്‍മ്മിച്ചത്. 1000-ത്തില്‍ ശബരിമല ഉള്‍പ്പെടുന്ന 18 മലകളിലും മറവപ്പടയുടെ ആക്രമണമുണ്ടായി. മലയരയ ആവാസകേന്ദ്രങ്ങളും സ്വത്തുക്കളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. കരിമല ഉള്‍പ്പെടുന്ന 700 ഏക്കര്‍ ഭൂമിയില്‍ നിന്ന് മലയരയര്‍ 1861ല്‍ കുടിയിറക്കപ്പെട്ടുവെന്ന് പുസ്തകത്തില്‍ സൂചനയുണ്ട്.

"ശബരിമല ഗോത്ര കാനന ക്ഷേത്രത്തിലെ അവസാന മലയരയ വെളിച്ചപ്പാടും പൂജാരിയുമായിരുന്ന താളനാനി പാപ്പന്റെ പിന്‍തലമുറ 1881-ല്‍ ക്രിസ്തുമതം സ്വീകരിക്കുകയും അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന വാളും ചിലമ്പും, ഇതേ വെളിച്ചപ്പാടിന്റെ വിഗ്രഹവുമൊക്കെ റെവറന്റ് റിച്ചാര്‍ഡ് എന്ന മിഷനറിക്ക് കൈമാറുകയും ചെയ്തു. പില്‍ക്കാലം അദ്ദേഹം അവയൊക്കെ ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ മ്യൂസിയത്തില്‍ എത്തിച്ചു", കെ.എന്‍ പ്രഭാകരന്‍ കണ്ണാട്ട് വിശദീകരിച്ചു.

'1902-ഓട് കൂടിയാണ് തിരുവിതാംകൂര്‍ മുന്‍രാജ്യത്തിന്റെ സഹായത്തോടെ ശബരിമലയില്‍ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നത്. 1922-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വരികയും ക്ഷേത്രത്തിനുമേല്‍ ദേവസ്വം ബോര്‍ഡ് അധികാരം ഉറപ്പിക്കുകയായിരുന്നു. 1883-ല്‍ സാമുവല്‍ മെറ്റെര്‍ എഴുതിയ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്തകത്തിലും ബ്രാഹ്മണ അധിനിവേശത്തിന്റെ തെളിവുകളുണ്ട്." കെ.എന്‍ പ്രഭാകരന്‍ കണ്ണാട്ട് പറയുന്നു.

നഷ്ടപ്പെട്ടു പോയ ഭൂമി, സ്വത്ത് എന്നിവയില്‍ അവകാശവാദമുന്നയിക്കുന്ന ഒരു നവോത്ഥാന പ്രസ്ഥാനമാണ് ഡിസംബര്‍ 13ന് ആരംഭിക്കുന്ന വില്ലുവണ്ടിയാത്ര. സവര്‍ണ വിഭാഗം ഉയര്‍ത്തുന്ന ബ്രാഹ്മണ്യവാദത്തെ പ്രതിരോധിക്കുകയും ചൂഷണം ചെയ്യപ്പെട്ട ആദിവാസികളുടെ അവകാശങ്ങളെ പിന്തുണച്ച് ഒരു ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമായി മാറ്റിയെടുക്കുക എന്നതാണ് വില്ലുവണ്ടിയാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.

"ഈ വിധിയിലൂടെ പുറത്ത് വന്നത് സ്ത്രീ നീതിയുടെ പ്രശ്‌നമാണ്. പഴയ മാറുമറയ്ക്കല്‍ സമരവും, നങ്ങേലിയുടെ ഓര്‍മ്മയും കൊണ്ടൊന്നും ലിംഗനീതി ഉണ്ടാവില്ല. അത്ര ജെന്‍ഡര്‍ ഇന്‍സെന്‍സിറ്റീവായ സമൂഹമാണ് നമ്മുടേത്. ചരിത്രാനുഭവങ്ങളെ മനസിലാക്കി, ജെന്‍ഡര്‍ ജസ്റ്റിസ് എന്ന ഒരു പ്രശ്‌നത്തെ സമഗ്രമായി മനസിലാക്കി സ്ത്രീകള്‍ നടത്തിയിട്ടുള്ള വിപുലമായ സമരങ്ങളിലും തീയറൈസേഷനില്‍ നിന്നുമാണ് ഊര്‍ജമെടുക്കേണ്ടത്. അതുപോലെ തന്നെ ബ്രാഹ്മണ്യത്തെ അഡ്രസ് ചെയ്യുമ്പോഴും. ബ്രാഹ്മണ്യത്തെ വിശദീകരിച്ച ചരിത്രധാരകളെ അഡ്രസ് ചെയ്യേണ്ടി വരും. അതിലൊരു പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഡോ. അംബേദ്കര്‍. അംബേദ്കറിനെ പഠിക്കാതെ ഒരു ആന്റിബ്രാഹ്മണിക്കല്‍ മൂവ്‌മെന്റിനെ കൊണ്ടുപോകാന്‍ പറ്റില്ല. അതിന് ഭരണഘടന സാക്ഷരത ഉണ്ടാകണം. സ്‌റ്റേറ്റിനെയും ഭരണഘടനയെയും രണ്ട് എന്റിറ്റിയായി കണക്കാക്കേണ്ട വിവേചനബുദ്ധി നമ്മള്‍ കാണിക്കണം. ഭരണഘടനയിലൂടെ സ്‌റ്റേറ്റിനെയും സമൂഹത്തിനെയും വ്യക്തിയെയും നോക്കിക്കാണാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പൗരന്മാര്‍ തുല്യരാണെന്നും അവര്‍ക്ക് തുല്യനീതി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നുമുള്ള ആദര്‍ശതാത്മകതയാണ് ഭരണഘടനാ ധാര്‍മികത. അതുകൊണ്ട് തന്നെ ഭരണഘടന കത്തിക്കണമെന്ന് നിയോബ്രാഹ്മണിക്കല്‍ മൂവ്‌മെന്റ് ആവശ്യപ്പെടുന്നത് യാദൃശ്ചികമല്ല. ഭരണഘടന അവര്‍ക്ക് തടസമാണ്. അത് കത്തിച്ചിട്ട് ജാതി നീതി നടപ്പിലാക്കണമെന്നാണ് അവര്‍ പറയുന്നത്",
സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.

ശബരിമല ആദിവാസികള്‍ക്ക് വിട്ടുനല്‍കുക എന്ന വാദമുയരുമ്പോള്‍ തെളിവുകള്‍ കൊണ്ട് ന്യായീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശബരിമലയെ സംബന്ധിച്ച് ആദിവാസി സമൂഹത്തില്‍ തലമുറകളായി വാമൊഴികളിലൂടെ കൈമാറി വന്ന അറിവുകളാണ് ഉള്ളത്. ശബരിമലയെക്കുറിച്ച് പന്തളം രാജാവുമായി ബന്ധപ്പെട്ട മിത്തുകളാണ് ഇപ്പോഴും പ്രചാരത്തിലുള്ളത്. ആദിവാസികള്‍ക്കിടയിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി മിത്തുകളുണ്ട്. എന്നാല്‍ കേരളം അത് ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് വില്ലുവണ്ടി യാത്ര പോലുള്ള പുതിയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രധാന്യം വ്യക്തമാകുന്നത്.

"ആദിവാസിയുടെ ശബരിമല അവകാശവാദത്തിന്റെ നൈതികത പ്രധാനമാണ്. നൈതീകമായ അവകാശവാദമായി ഇത് അംഗീകരിക്കുകയും ജനാധിപത്യ സമൂഹം ഇതിനെ പിന്തുണയ്ക്കുകയും വേണം. ആദിവാസി സമൂഹത്തിന്റെ കൈയില്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്. തെളിവ് ഇവിടെ അത്ര പ്രധാനമല്ല. കേരളസമൂഹത്തില്‍ ഏറ്റവും അധികം അടിച്ചമര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തോട് നീതി കാണിക്കേണ്ട സന്ദര്‍ഭമാണിത്. എരുമേലിക്കപ്പുറമുള്ള കാളകെട്ടി ക്ഷേത്രം ഇപ്പോഴും മലയരന്മാരുടെ കൈയിലാണ്. അത് തന്നെ വലിയ തെളിവാണ്. പതിനെട്ടാം പടിയിലെ ആദ്യത്തെ പടി മറിച്ചിട്ടാല്‍ മലയരന്മാരുടെ പേര് കാണാമെന്ന വാദത്തില്‍ എത്രത്തോളം പരിശോധന നടക്കുമെന്നതിനൊന്നും ഉറപ്പില്ലെങ്കിലും ആവശ്യമെങ്കില്‍ അതും നടത്തേണ്ടതാണ്.


"സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്ന തര്‍ക്കം സ്ത്രീകള്‍ പ്രവേശിക്കണമെന്നുള്ളതായിരുന്നു. ബ്രാഹ്മണിക്കല്‍ ഫാസിസത്തിന്റെ മൗലികമായ സംഗതികളിലൊന്നാണ് സ്ത്രീകളുടെ അവകാശം അംഗീകരിക്കാതിരിക്കുക എന്നത്. സ്ത്രീകള്‍ അവിടെ കേവലം പ്രവേശിച്ചാല്‍ മാത്രം പോരാ എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. അതിനെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹിക ശക്തികളെ കൂടി പരാജയപ്പെടുത്തണം. അതിനാണ് ബ്രാഹ്മണിസത്തിനെതിരെയുള്ള എതിര്‍പ്രക്ഷോഭങ്ങള്‍ ഉണ്ടായത്. അത് നിരവധി പുതിയ ഘടകങ്ങളെ നിര്‍മ്മിച്ചെടുത്തു. സ്ത്രീകള്‍ അവിടെ പ്രവേശിക്കണമോ വേണ്ടയോ എന്ന സാങ്കേതിക തര്‍ക്കത്തിലേക്ക് ഈ പ്രശ്‌നം ഒതുങ്ങാതിരുന്നത് നമ്മളൊക്കെ ഇടപെട്ടത് കൊണ്ടാണ"
, സണ്ണി എം കപിക്കാട് വ്യക്തമാക്കി.

https://www.azhimukham.com/news-update-sabarimala-history-351-year-old-statement-recoverd/

https://www.azhimukham.com/kerala-is-women-wall-to-be-organised-by-ldf-government-renaissance-movement-in-support-of-sabarimala-women-entry-writes-dhanya/

https://www.azhimukham.com/kerala-villuvandi-protest-to-restore-tribals-custom-rights-in-sabarimala/

https://www.azhimukham.com/offbeat-villuvandi-yathra-dalit-tribal-class-must-come-and-fight-to-destroy-brahmanical-hierarchy-in-sabarimala-m-geethanandan-talking/

https://www.azhimukham.com/offbeat-sabarimala-women-entry-pandalam-royal-family-documents-proves-their-claims-are-false-on-the-right-on-temple-writes-amal-c-rajan/

https://www.azhimukham.com/keralam-ckjanu-supports-womenentry-in-sabarimala-reports-arathi/

https://www.azhimukham.com/trending-bjp-rss-leader-tg-mohandas-talks-on-sabarimala-women-entry-in-reporter-channel/

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/

Next Story

Related Stories