UPDATES

അടിസ്ഥാന സൗകര്യങ്ങളായി, വിഴിഞ്ഞം കമ്മീഷന്‍ സിറ്റിംഗ് ആരംഭിക്കുന്നു; ഉമ്മന്‍ ചാണ്ടിയേയും കെ.ബാബുവിനേയും വിസ്തരിക്കും

വിഴിഞ്ഞം തുറുമുഖ കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിന്‍മേലാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ വ്യവസ്ഥകളെ സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ കടലാസില്‍ മാത്രമാണോയെന്ന ഹൈക്കോടതി ചോദ്യത്തിന് ഉത്തരമായി. വിഴിഞ്ഞം തുറമുഖനിര്‍മ്മാണ കരാറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനായ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ആദ്യ സിറ്റിംഗ് ഫെബ്രുവരി 22 വ്യാഴാഴ്ച ആരംഭിക്കുന്നു. ആറുമാസത്തേക്കായി ചുമതലപ്പെടുത്തിയ കമ്മീഷന്റെ നാല് മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെയാണ് നേരത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ ശാസിച്ചത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും കമ്മീഷന് നല്‍കിയിട്ടില്ലെന്ന മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സോളാര്‍ തട്ടിപ്പുകളെ കുറിച്ചന്വേഷിച്ചിരുന്ന അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്ന പനമ്പിള്ളിനഗറിലെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കെട്ടിടത്തില്‍ എട്ടാം നിലയിലാണ് വിഴിഞ്ഞം കമ്മീഷന്റ പ്രവര്‍ത്തനം.

വിഴിഞ്ഞം; അദാനിയുടെ കൊള്ളയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പച്ചക്കൊടി

വിഴിഞ്ഞം പദ്ധതി കാരാറിലെ വ്യവസ്ഥകള്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്നും, അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കാനെ നിലവിലെ കരാര്‍ ഉപകരിക്കൂ എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇടതു സര്‍ക്കാര്‍ ജൂഡിഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കായി കരാര്‍ ഉണ്ടാക്കിയതെന്നതിനാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു, ഗൗതം അദാനി എന്നിവരുള്‍പ്പെടെയുള്ളവരെ കമ്മീഷന്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതികളില്‍ വിസ്തരിക്കും.

സി എ ജി ചൂണ്ടിക്കാട്ടിയിട്ടുള്ള ന്യൂനതകളും, ക്രമക്കേടുകളും പരിശോധിച്ച് കരാറിന് ഉത്തരവാദികളാരാണന്ന് കണ്ടുപിടിക്കുക, അവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ നിര്‍ദേശിക്കുക തുടങ്ങിയ ആറു കാര്യങ്ങളാണ് കമ്മീഷന്റെ അന്വേഷണ പരിധിയലുള്ളത്. കരാറുമായി ബന്ധപ്പെട്ട് ആരെങ്കിലും അനര്‍ഹമായ സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും കമ്മീഷന്‍ പരിശോധിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനില്‍ റിട്ട. ഐ എ എസ് ഉദ്ദ്യോഗസ്ഥനായ കെ മോഹന്‍ദാസ്, റിട്ട. ഐ എ ആന്റ് എ എസ് ഉദ്ദ്യോഗസ്ഥന്‍ പി ജെ മാത്യു എന്നിവര്‍ അംഗങ്ങളാണ്. ജൂലൈയില്‍ രൂപീകൃതമായ കമ്മീഷനോട് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാലുമാസങ്ങള്‍ക്കുശേഷമാണ് സജ്ജമായത്. തുടര്‍ന്ന് ജനുവരിയില്‍ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ ആറുമാസത്തേക്ക് കൂടി നീട്ടിനല്‍കയിരുന്നു.

വിഴിഞ്ഞം കരാര്‍: കേരളത്തിന് നഷ്ടവും അദാനി ഗ്രൂപ്പിന് നേട്ടവുമെന്ന് സിഎജി റിപ്പോര്‍ട്ട്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ തുറമുഖവകുപ്പ് മന്ത്രി കെ ബാബു, തുറമുഖ സെക്രട്ടറി, ഗൗതം അദാനി എന്നിവര്‍ക്ക് 2017 ഡിസംബര്‍ 10നകം മറുപടി അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ മറുപടി നല്‍കാന്‍ ഒരു മാസംകൂടി സമയം അനുവദിക്കണമെന്ന ഇവരുടെ അഭ്യര്‍ഥന കമീഷന്‍ പരിഗണിച്ചു. തുടര്‍ന്ന് കക്ഷികളെല്ലാം കമ്മീഷന് മറുപടി നല്‍കി. വിഴിഞ്ഞം കരാറിനെതിരേ ഹൈക്കോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് എം കെ സലിം, മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് ജോണ്‍ എന്നിവര്‍ കക്ഷിചേരാനായി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് കമ്മീഷന്‍ വിഴിഞ്ഞത്തെ പദ്ധതി സന്ദര്‍ശിച്ചിരുന്നു. അദാനി സി പോര്‍ട്ട് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഹിയറിംഗില്‍ കക്ഷിചേരാനുള്ളവരുടെ അപേക്ഷകള്‍ പരിഗണിക്കും. തുടര്‍ന്ന് സാക്ഷിവിസ്താരം, തെളിവെടുപ്പ് എന്നിവയിലും തീരുമാനമെടുക്കും.

വിഴിഞ്ഞം എന്തുകൊണ്ടൊരു ദുഃസ്വപ്ന പദ്ധതിയാണ്

കമ്മീഷന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍
സി എ ജിയുടെ നാലാം നമ്പര്‍ റിപോര്‍ട്ടില്‍ മൂന്നാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ നടപ്പാക്കല്‍ സംബന്ധിച്ച് കണ്ടെത്തിയ ന്യൂനതകളും ക്രമക്കേടുകളും സംബന്ധിച്ച കാര്യങ്ങളില്‍ പൊതുഖജനാവിന് നഷ്ടം വരുത്തുന്ന തീരുമാനം എടുത്തത് ആരൊക്കെ? ഈ തീരുമാനങ്ങള്‍ എടുക്കാന്‍ ഉണ്ടായ ബാഹ്യഘടകങ്ങള്‍, പ്രേരണകള്‍, സ്വകാര്യ താത്പര്യങ്ങള്‍, അനര്‍ഹമായ പരിഗണനകള്‍ എന്നിവ എന്തൊക്കെ? അദാനി ഗ്രൂപ്പിന് സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുന്നതിന്റെ ഭാഗമായി പൊതുപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ? അവര്‍ ആരൊക്കെ? പൊതു താത്പര്യത്തിന് വിരുദ്ധമായും ക്രമപരമല്ലാത്തതുമായ കരാര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തതിന് ഉത്തരവാദികളായവരുടെ മേല്‍ സ്വീകരിക്കാവുന്ന നിയമനടപടികള്‍ എന്തൊക്കെ? കരാര്‍ നല്‍കിയതില്‍ പൊതുഖജനാവിനുണ്ടായ നഷ്ടം ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഈടാക്കാന്‍ കൈക്കൊള്ളേണ്ടുന്ന നിയമ നടപടികള്‍ എന്തൊക്കെ? പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍? എന്നീ വിഷയങ്ങളില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം അന്വേഷണം നടത്തി റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം.

സിഎജി റിപ്പോര്‍ട്ട് പറയുന്നത്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു. അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വിഎസിന്റെ മറുപടി: ഇത് അഴിമതി തുറമുഖം തന്നെ

7,525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണ പിപിപി(പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണഷിപ്പ്) യായി നടത്തുന്ന പദ്ധതികളില്‍ കരാര്‍ കാലവധി 30 വര്‍ഷമാണ്. എന്നാല്‍ വിഴിഞ്ഞം കരാറില്‍ ഇത് 40 വര്‍ഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29,217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ കാലാവധി 20 വര്‍ഷംകൂടി നീട്ടിനല്‍കാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിഴിഞ്ഞം; സിഎജി റിപ്പോര്‍ട്ടില്‍ അട്ടിമറി? കൊളംബോയോ ഏജീസ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനോ?

കരാര്‍ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞത്
സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട്, വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്; ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകുമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം.

വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍