Top

അദാനിയുടെ വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി വള്ളം പിടിച്ചെടുത്തു; മീന്‍ പിടിക്കുന്നത് വിലക്കി; നഷ്ടപരിഹാരവുമില്ല; അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികള്‍ കുടിയിറക്ക് ഭീഷണിയില്‍

അദാനിയുടെ വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി വള്ളം പിടിച്ചെടുത്തു; മീന്‍ പിടിക്കുന്നത് വിലക്കി; നഷ്ടപരിഹാരവുമില്ല; അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികള്‍ കുടിയിറക്ക് ഭീഷണിയില്‍
"ഞങ്ങളെങ്ങനെയാണ് കരമടിക്കാരെന്ന് തെളിയിക്കേണ്ടത്?" മല്‍സ്യബന്ധനത്തൊഴിലാളികള്‍ ചോദിക്കുന്ന ചോദ്യമാണിത്. ഉപജീവനമാര്‍ഗമില്ലാതാവുകയും പ്രഖ്യാപിച്ച ധനസഹായങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജനതയുടെ നിസ്സഹായാവസ്ഥയില്‍ നിന്നുള്ള ചോദ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് സര്‍ക്കാര്‍ വിലക്കി. എന്നന്നേക്കുമായി തൊഴില്‍ നഷ്ടപ്പെടുകയാണെന്ന് ഇവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. വള്ളങ്ങള്‍ സീല്‍ ചെയ്ത് പിടിച്ചെടുത്തു. വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ച് മാസങ്ങള്‍ കഴിയുമ്പോഴും തൊഴില്‍ നഷ്ടപ്പെടുന്നതിന് പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഇതേവരെ ഇവരുടെ കയ്യിലെത്തിയിട്ടില്ല. ഇതിനെല്ലാം ഉപരിയായി കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുമാണ് ഇവിടുത്തെ ജനത.

കഴിഞ്ഞ മെയ് 31-നാണ് ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനം പുറത്തിറങ്ങിയത്. അടിമലത്തുറയില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയിരുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയാണ് ഈ വിലക്കുകള്‍ ബാധിച്ചത്. അന്നന്നുള്ള വകയ്ക്കുള്ളവ മാത്രം കണ്ടെത്തുന്ന മത്സ്യബന്ധനത്തൊഴിലാളികളോട് ഇനിമേല്‍ കടലില്‍ പോവരുതെന്ന് പറഞ്ഞത് വികസനത്തിന്റെയും രാജ്യപുരോഗതിയുടേയും പേര് പറഞ്ഞാണ്. ഇത് തങ്ങളെ കുടിയിറക്കുന്നതിന്റെ ആദ്യഘട്ടമായാണ് മത്സ്യത്തൊഴിലാളികള്‍ കാണുന്നത്.

മത്സ്യബന്ധനത്തിനു പോകുന്ന മേഖലയില്‍ തുറമുഖ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്യഷ്ടിച്ചിട്ടുള്ള മത്സ്യസമ്പത്തിന്റെ കുറവ് മൂലം തങ്ങള്‍ക്ക് ഉപജീവനം സാധ്യമല്ലെന്നും ഇതിനുള്ള നഷ്ടപരിഹാരം തങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും എഴുതി വാങ്ങുന്നു എന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു. അടിമലത്തുറയില്‍ നിന്ന് മത്സ്യബന്ധനം നടത്തിയിരുന്ന 18 കരമടി വള്ളങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്പനി പിടിച്ചെടുത്ത് സീല്‍ വെച്ചിട്ടുമുണ്ട്. എന്നാല്‍ ഈ 18 പേര്‍ക്കും നാളിതു വരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഉപജീവനമാര്‍ഗം നഷ്ടമായ കരമടിവള്ളത്തൊഴിലാളികള്‍ പറയുന്നു: "
അടിമലത്തുറയിലെ 18 പേരുടെ കരമടിവള്ളങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന തുറമുഖവുമായി ബന്ധപ്പെട്ട് ഇനി അവിടെ കരമടി പാടില്ല. കരമടിവള്ള ഉടമകളില്‍ ഒരാള്‍ക്കു പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ആയിരത്തോളം തൊഴിലാളികള്‍ ഉള്ളതില്‍ കരട് ലിസ്റ്റില്‍ 604 പേര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തിനായി അര്‍ഹത നേടിയിട്ടുള്ളൂ. ഒരു കരമടിവള്ളത്തില്‍ അറുപതോളം ആളുകള്‍ ഉണ്ട്. എയര്‍കണ്ടീഷണര്‍ റൂമുകളിലിരുന്ന് ഏത് മൈക്രോസ്‌കോപ്പ് വെച്ചാണ് ഇവര്‍ കരമടിവള്ളക്കാരെ കണ്ടുപിടിക്കുന്നത്. ഞാന്‍ കരമടിവള്ളത്തിന്റെ ക്യാപ്റ്റനായിരുന്നു. മുപ്പതുകൊല്ലമായി കരമടി നടത്തുന്നു. ഏഴ് വയസായ കുട്ടി മുതല്‍ ഇവിടെ കരമടി തുടങ്ങും. പത്താം ക്ലാസിന് ശേഷം കരമടി തന്നെയാകും തൊഴില്‍. അങ്ങനെയുള്ളവരും ഇവര്‍ പരിഗണിക്കാത്തവരിലുണ്ട്. അവര്‍ എങ്ങനെയാണ് കരമടിവള്ളക്കാരാണെന്ന് തെളിയിക്കേണ്ടത്."


"പോര്‍ട്ട് വന്നതിന് ശേഷം കപ്പലുകള്‍ വരുന്നതിന് വേണ്ടിയാണ് ഞങ്ങളെ കടലിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞത്. സര്‍ക്കാരിനും രാജ്യത്തിനും വേണ്ടിയുള്ള പുരോഗതിക്ക് വേണ്ടിയാണ് ഞങ്ങള്‍ കരമടിവള്ളം എന്ന നമ്മുടെ പരമ്പരാഗതതൊഴില്‍ വിടാന്‍ തയാറായത്. പക്ഷേ ഞങ്ങള്‍ അര്‍ഹിക്കുന്ന ആനുകൂല്യം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടില്ല" അബ്രൂസ് പറയുന്നു.

ഉപജീവനമാര്‍ഗം ഇല്ലാതായെങ്കിലും കിട്ടുന്ന നഷ്ടപരിഹാര തുക കൊണ്ട് കടംവീട്ടാമെന്നും അവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കാമെന്നുമൊക്കെ പ്രതീക്ഷിച്ചിരുന്നവരാണ് അടിമലത്തുറക്കാര്‍. പക്ഷെ മാസങ്ങളായി കാത്തിരുന്നിട്ടും പട്ടിണിയും കടങ്ങളും ഏറിയതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ പണം നല്‍കാത്ത സര്‍ക്കാര്‍ മറ്റൊരു കാര്യം നിശ്ചിത സമയത്തിനുള്ളില്‍ നടപ്പാക്കുകയും ചെയ്തു. വള്ളങ്ങളും വലയുമടക്കം സീല്‍ ചെയ്ത് കൊണ്ടുപോയി. അടിമലത്തുറയിലെ കരമടിവള്ള തൊഴിലാളിയായ തീര്‍ത്ഥദാസ് തങ്ങളുടെ അവസ്ഥ വിശദീകരിക്കുന്നതിങ്ങനെ: "
തുറമുഖ നിര്‍മാണത്തിന് മുമ്പ് തന്നെ തൊഴില്‍ നഷ്ടമാകുമെന്ന് അറിയിച്ചിരുന്നു. തൊഴില്‍ നഷ്ടപരിഹാരമായി കിട്ടുന്ന തുക വെച്ചുകൊണ്ട് തന്നെ മറ്റ് തൊഴില്‍ ചെയ്യാമെന്ന് ഞങ്ങള്‍ വിചാരിച്ചു. തട്ടമടി, ചൂണ്ടപ്പണി തുടങ്ങിയ മത്സ്യബന്ധനരീതികളിലേക്ക് തിരിയാമെന്ന് കരുതി. കിട്ടുന്ന പൈസ കൊണ്ട് തല്‍ക്കാലമുള്ള കടം വീട്ടാനും മക്കളുടെ കല്യാണം, വിദ്യാഭ്യാസം, ചികിത്സ എന്നിവ നടത്താനുമായിരുന്നു കുറേ പേരുടെ കണക്കുകൂട്ടല്‍. ആരോഗ്യമുള്ളവര്‍ മറ്റ് സ്ഥലങ്ങളില്‍ പോയി പണി ചെയ്യാമെന്ന് കരുതി. ജൂണ്‍ ഏഴാം തീയതി കരമടിവള്ളക്കാരുടെ വള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും സര്‍ക്കാര്‍ സീല്‍ ചെയ്ത് എടുത്തുകൊണ്ട് പോയി. പക്ഷേ ഇതേവരെ നഷ്ടപരിഹാര പാക്കേജ് ഒന്നും കൊടുത്തിട്ടില്ല. കരമടിവള്ള ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന പേരില്‍ തങ്ങളുടെ ഉപജീവനമാര്‍ഗം എടുത്തുകൊണ്ട് പോയി. ഞങ്ങളിപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ടിരിക്കുവാണ്. കമ്പവല ഉപയോഗിച്ച് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ദൈനംദിന ചിലവുകള്‍ നടത്തിയിരുന്നത്. ഞങ്ങള്‍ക്കിപ്പോള്‍ പണിക്ക് പോകാന്‍ മത്സ്യബന്ധന ഉപകരണങ്ങളുമില്ല, കാശുമില്ല. കഴിഞ്ഞ ആഴ്ച കമ്പവലക്കാരായ തൊഴിലാളികള്‍ കളക്ടറിനെയും വിസില്‍ എംഡിയെയും പോയി കണ്ടിരുന്നു. ഈ മാസം അവരുടെ നഷ്ടപരിഹാരം നല്‍കുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. 604 കമ്പവല തൊഴിലാളികളെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായി കണക്കാക്കിയിട്ടുള്ളത്. അതില്‍ ഏകദേശം നാനൂറോളം പേര്‍ക്ക് നഷ്ടപരിഹാരം കൊടുത്തു. മറ്റുള്ളവര്‍ക്ക് നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിന് അര്‍ഹരല്ല എന്നു പറയുകയാണ് ഇവര്‍".


കരമടിവള്ളത്തൊഴിലാളിയായ രാജുവും പീറ്ററും തങ്ങളുടെ ജീവനോളം സ്‌നേഹിച്ചിരുന്ന വള്ളങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. "കരമടിവെള്ളം എന്ന് പറയുന്നത് ഒരറ്റം കരയില്‍ കൊടുത്തിട്ട് 'റ' എഴുതുന്നത് പോലെ കിലോമീറ്ററുകള്‍ ചുറ്റി വല ഇടും. മടി എന്ന് പറയുന്നതിന് 10 മീറ്ററേക്കാള്‍ കൂടുതല്‍ വരും. കിണറിന്റെ വായ്ഭാഗം പോലെ ഇരിക്കും അത്. വല ചുറ്റിനില്‍ക്കുന്നത് കൊണ്ട് വലയ്ക്കുള്ളില്‍ പെട്ട മീനുകളെല്ലാം പോകാന്‍ വേറൊരു വഴിയില്ലാതെ മടിയിലേക്ക് വീഴും. ഇത് നിശ്ചിത സമയത്തിന് ശേഷം കരയില്‍ നല്‍കിയിട്ടുള്ള വലയുടെ രണ്ട് അറ്റങ്ങളും മത്സ്യബന്ധനത്തൊഴിലാളികള്‍ ചേര്‍ന്ന് വലിക്കും. ഇതൊരു പരമ്പരാഗത മത്സ്യബന്ധനരീതിയാണ്. മനുഷ്യന്റെ കായികബലമാണ് ഇതിന് വേണ്ടത്. അല്ലാതെ മെഷീനൊന്നും ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. കരയില്‍ നിന്ന് കൊണ്ട് മടിയിലേക്ക് മീന്‍ പിടിക്കുന്നതുകൊണ്ടാണ് കരമടിവള്ളങ്ങള്‍ എന്നു പറയുന്നത്."


നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നുവെന്നും വ്യാപകമായി പരാതികളുയരുന്നുണ്ട്. ഇങ്ങനെ കഷ്ടപ്പെടുത്തുന്നവര്‍ക്ക് മന:സാക്ഷിയില്ലേ എന്നാണ് മത്സ്യബന്ധനത്തൊഴിലാളികള്‍ ചോദിക്കുന്നത്. "പണ്ട് അടിമലത്തുറ മത്സ്യഗ്രാമപഞ്ചായത്തില്‍ അടിമലത്തുറ എന്ന ഒറ്റ വാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ആളുകള്‍ തിരിച്ചറിയല്‍ രേഖകളിലും മത്സ്യഫെഡിലും മത്സ്യബന്ധന ക്ഷേമബോര്‍ഡിലുമെല്ലാം അടിമലത്തുറ എന്നാണ് നല്‍കിയിരുന്നത്. ഇന്ന് അമ്പലത്തറ വാര്‍ഡും പഞ്ചായത്തിലാണ്. പുതിയ വാര്‍ഡ് വന്നതിന് ശേഷം റേഷന്‍ കാര്‍ഡിലെല്ലാം മേല്‍വിലാസം തിരുത്തി അമ്പലത്തറ എന്ന് കൊടുത്തു. ഇപ്പോള്‍ നഷ്ടപരിഹാരം ലഭിക്കാനായി അമ്പലത്തുറ വാര്‍ഡും അടിമലത്തുറ വാര്‍ഡും ഒന്നാണെന്ന് കാട്ടിയിട്ടുള്ള രേഖ നല്‍കണം. ഞങ്ങളെ ഇങ്ങനെ നടത്തിക്കുന്നതില്‍ യാതൊരു മന:സാക്ഷിയുമില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നഷ്ടപരിഹാരം ലഭിക്കാനായി നല്‍കുന്ന ആറ് - ഏഴ് രേഖകളില്‍ ഏതെങ്കിലുമൊന്നില്‍ പേരിന്റെ ഇനിഷ്യല്‍ മാറിക്കിടന്നാല്‍ പോലും റിജക്ട് ചെയ്യപ്പെടുന്നുണ്ട്",
മുന്‍ വാര്‍ഡ് മെമ്പറായിരുന്ന ലീല വിശദീകരിച്ചു. "നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ കരട് ലിസ്റ്റിലും തെറ്റ് പറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് കരട് ലിസ്റ്റില്‍ ഫ്രാന്‍സിസ് എന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഈ കടലോര ഗ്രാമത്ത് ഫ്രാന്‍സിസ് എന്ന് പേരുള്ള എത്രയോ പേരുണ്ട്. അവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പരോ, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിലോ നമ്പരോ നല്‍കിയാല്‍ മാത്രമല്ലേ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയൂ. ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ എല്ലാ രേഖകളും തിരിച്ചറിയല്‍ നമ്പരുകളും നല്‍കുന്നതുമാണ്"
. 18 കരമടിവള്ളം എടുത്തുകൊണ്ട് പോയതില്‍ തൊഴില്‍ നഷ്ടപരിഹാരം കിട്ടാതെയുള്ളവരില്‍ സര്‍ക്കാരിനോട് പ്രതിഷേധിച്ച് പുതിയ മടികള്‍ ഉണ്ടാക്കി മത്സ്യബന്ധനം ഇപ്പോള്‍ നടത്തുന്നുണ്ട്. നിലവില്‍ അഞ്ച് മടികളാണ് അടിമലത്തുറയില്‍ പ്രതിഷേധാര്‍ത്ഥം പ്രവര്‍ത്തിക്കുന്നത്.

വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകള്‍

1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ വിവിധ മേഖലകളിലുള്ള ചിപ്പി, ലോബ്സ്റ്റാര്‍ മത്സ്യബന്ധനം നടത്തുന്നവര്‍, കരമടി ഉടമകള്‍, തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍, കട്ടമരം ഉടമകള്‍, തൊഴിലാളികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ജില്ലാ കലക്ടര്‍ അധ്യക്ഷനായ LIAC കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് പരാമര്‍ശം 1, 2 ഉത്തരവുകള്‍ പ്രകാരം നഷ്ടപരിഹാരം അനുവദിച്ചു.

2. അടിമലത്തുറ മത്സ്യഗ്രാമത്തിലുള്ള തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത് തീരത്തു നിന്നും 1.25 കിലോമീറ്റര്‍ ദൂരപരിധിയിലാണ്. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യലഭ്യത കുറവാണെന്നും ഇതു സംബന്ധിച്ച് LIAC അപ്പീല്‍ കമ്മിറ്റി നിയമിച്ച ടെക്‌നിക്കല്‍ കമ്മിറ്റി പഠനം നടത്തുകയുണ്ടായി. ഇതില്‍ മത്സ്യക്കുറവ് കണ്ടെത്തിയിട്ടുണ്ട്.

3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഈ പ്രദേശത്തെ കരമടി മത്സ്യത്തൊഴിലാളികളെ താത്ക്കാലികമായി പുനരധിവസിപ്പിച്ചാലും പിന്നീട് ഈ പ്രദേശം കപ്പല്‍ ചാലായി പ്രഖ്യാപിക്കുന്നതിലൂടെ ഇവിടെ മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ മേഖലയിലെ തൊഴിലാളികളെ സ്ഥിരമായി തൊഴില്‍ നഷ്ടപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ചുള്ള ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ തുറമുഖ കമ്പനിയോട് നിര്‍ദേശിച്ച പ്രകാരം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് നിബന്ധനകള്‍ക്ക് വിധേയമായി പുനരധിവാസ പാക്കേജ് അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു.

4. അടിമലത്തുറ മേഖലയില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതോടെ പ്രദേശം നോണ്‍ ഫിഷിംഗ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വിഴിഞ്ഞം തുറമുഖ കമ്പനി സ്വീകരിക്കേണ്ടതാണ്. ലിസ്റ്റില്‍പ്പെട്ടവരുടെ ഉപകരണങ്ങള്‍ കമ്പനി മഹസ്സര്‍ തയ്യാറാക്കി സൂക്ഷിച്ചു വെക്കണമെന്നും ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ടതാണെന്നും ഉത്തരവിലുണ്ട്.

ഗവര്‍ണര്‍ ഒപ്പിട്ട ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതോടെ അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കില്ല. എട്ട് മത്സ്യബന്ധന ഗ്രാമങ്ങളിലെ 7000 തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകും. ഇതിന് പുറമെ 2345 സ്ത്രീത്തൊഴിലാളികളും മത്സ്യം വിറ്റ് ഉപജീവനം നടത്തുന്നുണ്ട്. മത്സ്യബന്ധന നിരോധിത മേഖല എന്ന പ്രഖ്യാപനം വരുന്നതോടെ പതിനായിരം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാവും. മത്സ്യത്തൊഴിലാളികളെന്ന നിലയിലുള്ള ഒരു ആനുകൂല്യങ്ങളും അവകാശങ്ങളും ഇവര്‍ക്ക് ഇനിമുതല്‍ ലഭ്യമാകില്ല. ഭാവിയില്‍ വേണമെങ്കില്‍ ഇവര്‍ക്ക് കടലില്‍ മീന്‍ പിടിക്കാന്‍ പോകാം, എന്നാല്‍ കടലില്‍ വെച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇവരുടെ വലക്കോ, ഉപകരണങ്ങള്‍ക്കോ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കൂടാതെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവരുടെ മക്കള്‍ക്ക് കിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എച്ച്.ഡിക്ക് മാത്രം 7 ലക്ഷം രൂപയുടെ ഫിഷറീസ് സ്‌കോളര്‍ഷിപ്പുണ്ട്. ഇതൊന്നും ഉന്നതപഠനം നടത്തുന്ന ഇവരുടെ മക്കള്‍ക്ക് ലഭിക്കില്ലെന്ന് ജോണ്‍സണ്‍ ജാമെന്റ് പറയുന്നു. "
തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം കൊടുത്താലും എന്തിനാണ് മത്സ്യത്തൊഴിലാളിയുടെ അവകാശം എടുത്തു കളഞ്ഞത്? ഇത് തീര്‍ത്തും മനുഷ്യാവകാശ ലംഘനമാണ്. തൊഴിലിനുവേണ്ടിയുള്ള അവകാശം നിഷേധിക്കലാണ്",
അദ്ദേഹം പറയുന്നുസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല എന്ന് റേഷന്‍കാര്‍ഡിലാണ് എഴുതി കൊടുത്തിരിക്കുന്നത്. തങ്ങളുടെ കാര്‍ഡ് ബിപിഎല്ലില്‍ നിന്നും മാറ്റപ്പെടുമോ എന്നും ഇവര്‍ക്ക് പേടിയുണ്ട്.

അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള മേഖലയിലാണ് തുറമുഖത്തിന്റെ കപ്പല്‍ ചാല്‍ വരുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിലാണിത്. കപ്പല്‍ ചാല്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അവിടെ മത്സ്യബന്ധനം ഒഴിവാക്കണം. ഇതിനു വേണ്ടിയാണ് പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാരും കമ്പനിയും പണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിപിന്‍ ദാസ് പറയുന്നു. മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം പറയുന്നു,
"ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ തീരക്കടലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നവരാണ്. ഇവര്‍ക്ക് മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. ഇതൊക്കെ അറിഞ്ഞിട്ടും തുറമുഖ കമ്പനിയും സര്‍ക്കാരും ചേര്‍ന്നുള്ള ഒത്തുകളിയിലാണ് പുനരധിവാസം എന്ന പേരു പറഞ്ഞ് മത്സ്യത്തൊഴിലാളികളെ കുടിയിറക്കിയിരിക്കുന്നത്"
.

പുതിയതായി നിര്‍മിക്കുന്ന പുലിമുട്ട് അവസാനിക്കുന്നത് അടിമലത്തുറയിലാണ്. ഇവിടെയാണ് വിശാലമായ തീരമുള്ളതും കപ്പല്‍ ചാലിന്റെ മൗത്ത് ആരംഭിക്കുന്നതും. കമ്പനി ആദ്യം തീരുമാനിച്ചിരുന്നത് വിഴിഞ്ഞത്ത് കടല്‍ നികത്തി അവിടെ കപ്പലുകള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ പാറകള്‍ ലഭ്യമല്ല എന്നുള്ളത് നിര്‍മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇനിയും 11 ലക്ഷത്തിലധികം (11,38,500) ക്യൂബിക് മീറ്റര്‍ കല്ലുകൂടി വേണം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. മറ്റൊന്ന് ഓഖി ചുഴലിക്കാറ്റില്‍ പണിതീര്‍ന്നിരുന്ന 300 മീറ്റര്‍ പുലിമുട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതോടെ കടല്‍ നികത്തുക എന്ന പദ്ധതി അദാനി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തീരം കൂടുതലുള്ള അടിമലത്തുറ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. "
കപ്പലില്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറുകള്‍ ഇറക്കി വെക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഇപ്പോള്‍ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത്. തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം വരുന്നതോടെ അടിമലത്തുറയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള പുല്ലുവിളയുടെ വടക്കുവരെ കപ്പല്‍ ചാല്‍ നീളും. സ്വാഭാവികമായും ഈ ദൂരമത്രയും ഭാവിയില്‍ മത്സ്യബന്ധന നിരോധിത മേഖലയായി പ്രഖ്യാപിക്കും. തല്‍ഫലമായി ഇവിടെയും മത്സ്യത്തൊഴിലാളികള്‍ കുടിയിറക്കപ്പെടും. ഈ മേഖലയില്‍ അടുത്തകാലത്തായി രൂപപ്പെട്ട വിശാലമായ തീരത്തില്‍ നിരവധി ആളുകള്‍ താമസിക്കുന്നുമുണ്ട"
വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അനില്‍ വിശദീകരിച്ചു. "അടിമലത്തുറയില്‍ നിന്നുള്ള 18 കരമടിവളള ഉടമകളില്‍ 16 പേരുടെ തൊഴില്‍ നഷ്ടപരിഹാര പാക്കേജ് സാങ്ഷന്‍ ആയിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പേരുടെ ഫോട്ടോ കിട്ടാനുളള കാലതാമസമാണ് ഉണ്ടായത്. അവരുടെയും കൂടെ കിട്ടിയതിന് ശേഷം എല്ലാവര്‍ക്കും ഒരുമിച്ച് കൊടുക്കാമെന്നായിരുന്നു. കരമടിവള്ളത്തൊഴിലാളികളില്‍ ഏകദേശം 100-ഓളം പേരുടെ അപേക്ഷയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരില്‍ ചിലര്‍ മണ്ണെണ്ണ പാക്കേജും ലഭിച്ചിരുന്നവരാണ്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സ്‌കീമില്‍ നിന്നേ ആനുകൂല്യം നല്‍കാനാകൂ. അതുകൊണ്ട് മണ്ണെണ്ണ പാക്കേജ് തുകയില്‍ നിന്ന് കുറച്ചിട്ടുള്ള തുക നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും",
അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായ നഷ്ടപരിഹാരം നല്‍കിയിട്ട് എന്നന്നേക്കുമായി അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനുള്ളത്. നാഷണല്‍ ഫിഷ് വര്‍ക്കേഴസ് ഫോറം ജനറല്‍ സെക്രട്ടറി തോമസ്  പീറ്റർ പറയുന്നതിങ്ങനെ: "നഷ്ടപരിഹാരം വാങ്ങിയിട്ടുള്ളവരുടെ മാത്രം പ്രശ്‌നമല്ല ഇത്. മറ്റനേകം മത്സ്യത്തൊഴിലാളികളുടെ, അവരുടെ ജീവിതത്തിന്റെ, കടലിന്റെയൊക്കെ പ്രശ്‌നമാണ്. അങ്ങനെ കടലും കടലോരവും തീറെഴുതി കൊടുക്കാന്‍ അവര്‍ക്കായെങ്കില്‍ അവരും തെറ്റുകാരാണ്. അടുത്ത തലമുറയെപ്പറ്റി, നിലനില്‍പിനെ പറ്റി അവര്‍ ആലോചിക്കുന്നില്ല."

https://www.azhimukham.com/kerala-adani-getting-chance-to-start-quarry-in-ayirallikkunnu-for-vizhinjam-project-report-by-kr-dhanya/

https://www.azhimukham.com/kerala-vizhinjam-port-adani-deadline-over-kerala-flood-quarries-report-by-arathi/

https://www.azhimukham.com/vizhinjam-port-project-fishemen-adani-group-kerala-government-aj-vijayan-2/

Next Story

Related Stories