TopTop
Begin typing your search above and press return to search.

ശംഖുമുഖവും വിഴിഞ്ഞവും കടലെടുക്കുന്നു, വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് മുന്നറിയിപ്പുകള്‍; കൈകഴുകി അദാനി

ശംഖുമുഖവും വിഴിഞ്ഞവും കടലെടുക്കുന്നു, വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് മുന്നറിയിപ്പുകള്‍; കൈകഴുകി അദാനി
ഒരു സംസ്ഥാന തലസ്ഥാനത്തെ ആഭ്യന്തരവിമാനത്താവളത്തിലേക്കുള്ള ഏക റോഡ് ഒന്നര മാസത്തിലധികമായി തകർന്ന് കിടക്കുന്നു എന്നത് പ്രത്യക്ഷാർത്ഥത്തിൽ വാർത്തയാണ്. പ്രത്യേകിച്ചും വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയും സാമൂഹിക പുരോഗതിയുടെ ഭാഗവുമായി കാണുന്ന സമൂഹങ്ങളിൽ. എന്നിട്ടും ശംഖുമുഖം കടൽക്കരയിൽ വിമാനത്താവളത്തിലേക്കുള്ള റോഡ് കടലെടുത്തുപോകുന്നതും വാഹനങ്ങൾ അതിൻ്റെ പൊളിഞ്ഞു വീഴാൻ ബാക്കിയുള്ള ഭാഗങ്ങളിലൂടെ ഇഴഞ്ഞു പോകുന്നതും ആരുടേയും ഉത്കണ്ഠ ആകുന്നില്ല. പത്രങ്ങളിൽ അവയുടെ പ്രാദേശിക പേജുകളിൽ അപൂർവമായി പ്രത്യക്ഷപ്പെടുന്ന ഒറ്റക്കോളം വാർത്തകളിൽ എന്തുകൊണ്ട് ഈ റോഡ് ഇങ്ങനെ തകരുന്നു എന്ന് മാത്രം പറയുന്നില്ല.

ഇതിനിടയിലും തിരുവനന്തപുരം ജില്ലാ ഭരണകൂടം ഒരു കാര്യം വ്യക്തമാക്കി കഴിഞ്ഞു. തകർന്ന റോഡ് പുനർനിർമ്മിക്കാൻ കഴിയില്ല. വീണ്ടും തിരകൾ ഇരമ്പിയാർത്തു വന്നു തീരവും റോഡും തല്ലിപ്പൊളിക്കും. എന്താണ് ബദൽ എന്നും പരിഹാരമെന്നും വിദഗ്ധരുമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിനം മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും യാത്ര ചെയ്യുന്ന റോഡ് ആണിത്.

ഇനി ശംഖുമുഖം ബീച്ചിലേക്ക് വരാം. അവിടെ സഞ്ചാരികൾ ഇറങ്ങുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. പോലീസ് കാവലുണ്ട്. കയറുകെട്ടി ആളുകളുടെ പ്രവേശനം വിലക്കിയിരിക്കുന്നു. പഴയ മനോഹരമായ ബീച്ചിൽ കടൽ അതിശകതമായി ഇരമ്പിയാർക്കുന്നു. ഇക്കുറി കർക്കിടകവാവ്‌ അനുഷ്ഠിക്കേണ്ടവർ ഈ ബീച്ച് ഉപേക്ഷിച്ച് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് പോകണം എന്നാണ് ജില്ലാ അധികൃതരും പോലീസും പറയുന്നത്. ജീവനുള്ള ഭീഷണിയാണ് പ്രശ്നം. ഇവിടെ ബലിയിടുന്നതും പൂജ ചെയ്യുന്നതും പരമ്പരാഗത ആചാരങ്ങൾ ആണെന്ന് തിരുവിതാംകൂർ ദേവസ്വവും അതിന്റെ പ്രസിഡന്റ് പത്മകുമാറും പറയുന്നത് അവർ കാര്യമാക്കുന്നില്ല.എന്താണ് ശംഖുമുഖത്ത് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് കടൽ ഇങ്ങനെ ഇരമ്പി വന്നു തീരം തല്ലി തകർക്കുന്നത്? ഇത് എല്ലാ കൊല്ലങ്ങളിലും സംഭവിക്കുന്ന കടലാക്രമണം പോലെയാണോ? അല്ലെന്നാണ് തൊട്ടടുത്ത വലിയതുറയിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾ പറയുന്നത്. കടൽ അവരുടെ ജീവിതങ്ങളിലും കരിനിഴൽ വീഴ്ത്തി തുടങ്ങിയിരിക്കുന്നു. തീരത്തു നിന്നും മൂന്നും നാലും നിര ഉള്ളിലേക്കുള്ള വീടുകളാണ് കടൽ എടുത്തു പോകുന്നത്. വലിയതുറയിലും കല്ല് മൂട്ടിലും മുട്ടത്തറയിലുമെല്ലാം കടൽ കലിതുള്ളുകയാണ്. 143 കുടുംബങ്ങളിലെ 603 ആളുകൾ ഇപ്പോൾ ക്യാമ്പുകളിലാണ്. സ്കൂളുകളും പൊതുസ്ഥാപനങ്ങളും കളിയിടങ്ങളും അമ്പലങ്ങളും പള്ളികളും വരെ കടലെടുത്തു പോകുന്നു. അടിമലത്തുറ-പൂവാർ റോഡ് നിലവിൽ ഒലിച്ചു പോയി കഴിഞ്ഞു. വെട്ടുകാട്, കണ്ണംതുറ, കൊച്ചുതോപ്പ്, ചെറിയ തുറ, വേളി എന്നിവിടങ്ങളിലെല്ലാം തീരം അശാന്തമാണ്‌. കടൽ അത്യധികം പ്രക്ഷുബ്ധവും.

എന്തുകൊണ്ട് ഇത്ര ഭയാനകമായ കടലാക്രമണം ഇവിടെ സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ച് വിദഗ്ധരും സർക്കാരും കടുത്ത മൗനത്തിലാണ്. എന്നാൽ മത്സ്യത്തൊഴിലാളി സമൂഹത്തിനു സംശയമില്ല. 7525 കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെടുന്ന അദാനിയുടെ വിഴിഞ്ഞം പോർട്ട് ആണ് ഇതിനുള്ള ഏക കാരണം എന്നവർ പറയുന്നു. അടുത്തവർഷം ഒക്ടോബറിൽ പോർട്ടിന്റെ പണി തീരും. "ഇവിടുത്തെ പുലിമുട്ടിന്റെ ഏതാണ്ട് എഴുന്നൂറ് മീറ്റർ ഭാഗം മാത്രമേ നിലവിൽ പൂർത്തിയായിട്ടുള്ളു. അത് പദ്ധതിയനുസരിച്ചുള്ള മൂവായിരം മീറ്റർ ആയി മാറാൻ അധികം വൈകില്ല. അതോടെ മിക്കവാറും വിമാനത്താവളത്തിലും തുമ്പയിലെ ഐഎസ്ആർഓയിലും വരെ കടൽ കയറും. ഭയം കൊണ്ട് ആരും അദാനിയുടെ പേര് പറയുന്നില്ല എന്ന് മാത്രം''
മത്സ്യതൊഴിലാളി നേതാവ് ടി. പീറ്റർ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.ഇത് പീറ്ററിന്റെയോ മത്സ്യത്തൊഴിലാളികളിലെ പ്രബല വിഭാഗത്തിന്റെയോ മാത്രം ആശങ്കയല്ല. കടുത്ത പരിസ്ഥിതി നാശവും സാമൂഹിക ഉപജീവന വെല്ലുവിളികളും ഉയർത്തുന്ന വിഴിഞ്ഞം പദ്ധതിയാണ് തിരുവനന്തപുരം തീരത്ത് കടലിനെ പ്രക്ഷുബ്ധമാക്കുന്നത് എന്ന് വെളിപ്പെടുത്തിയത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തന്നെയാണ്. അതും കടലാക്രമണം സംബന്ധിച്ച ഒരു കൂടിയാലോചനാ യോഗത്തിൽ.

നാല് വര്‍ഷങ്ങളായി ഈ വിവാദ പദ്ധതിയുടെ പണിയാരംഭിച്ചിട്ട്. പദ്ധതി തടയുകയല്ല പരിഹാരമെന്നും തീരത്തിന്റെ നാശം കുറയ്ക്കാൻ ശാസ്ത്രീയ പരിഹാരങ്ങൾ ആലോചിക്കുമെന്നും പറഞ്ഞ് അന്തരീക്ഷം പരുവപ്പെടുത്തിയിട്ടാണ് എങ്കിലും അദാനി തുറമുഖം ഉണ്ടാക്കുന്ന ദുരിതം അംഗീകരിക്കാന്‍ മന്ത്രി ധീരത കാട്ടി. സർക്കാരിലും പ്രതിപക്ഷത്തും മറ്റാരും ഇതുവരെ ഇങ്ങനെ പ്രതികരിച്ചിട്ടില്ല.

"അതിലും അത്ഭുതമില്ല. തീരത്തുപോലും ഒരുപാടാളുകളെ പദ്ധതിയുടെ പ്രമോട്ടർമാർ നിശ്ശബ്ദരാക്കി കഴിഞ്ഞിട്ടുണ്ട്. അവർ ആഗോളതാപനം എന്നും കാലാവസ്ഥാ മാറ്റമെന്നും ഒക്കെ പറയുന്നു,'
' പീറ്റർ ചൂണ്ടിക്കാട്ടുന്നു.

360 ഏക്കറിൽ വരുന്ന തുറമുഖം 130 ഏക്കർ കടൽ നികത്തുന്നുണ്ട്. അതും പുലിമുട്ടും ചേരുമ്പോൾ തീരത്തെ പാരിസ്ഥിതിക ആഘാതം അതിഭീകരമാവുകയാണ്. കടലാക്രമണത്തെ തീരദേശ വാസികളുടെ പതിവ് വിലാപമായി അവഗണിക്കാൻ ആകാത്ത സാഹചര്യമാണ് വന്നുപെടുന്നത്.

"പദ്ധതി ഒരു തരത്തിലും ഇവിടുത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവനത്തിനെ ബാധിക്കില്ലെന്നും തീരദേശ പരിസ്ഥിതിയെ തകർക്കില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ പുലിമുട്ട് 600 മീറ്റർ ആയപ്പോഴേക്കും തന്നെ സ്ഥിതി മോശമാവുകയാണ്. 3000 മീറ്റർ ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് ആലോചിക്കുക വയ്യ,
'' ഇതാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ആലോചനാ യോഗത്തിൽ പറഞ്ഞത്. അത് പറഞ്ഞിട്ട് ആഴ്ചകൾ ആയെങ്കിലും തുടർ പ്രവർത്തനം ഒന്നുമുണ്ടായിട്ടില്ല. തീരത്തിന്റെ ദുരന്തം ഓരോ ദിവസം കഴിയും തോറും ഭീകരമാവുകയുമാണ്."മന്ത്രിയ്ക്ക് കിട്ടിയ വിദഗ്ദോപദേശം വച്ചായിരിക്കും അവർ അങ്ങനെ പറയാൻ ധൈര്യപ്പെട്ടിരിക്കുക, വാസ്തവത്തിൽ പദ്ധതിയുടെ തുടക്കം മുതൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണിത്,'' വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ റിച്ചൻസ് മൊറെയ്‌സ് പറയുന്നു.

തീരപരിപാലന മേഖലയിൽ പ്രവർത്തിക്കുന്ന എ.ജെ വിജയൻ പറയുന്നത്, പാരിസ്ഥിതികവും സാമൂഹികവുമായ എല്ലാ പ്രത്യാഘാതങ്ങളും ഏറെ മുൻപേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും മാറിവന്ന സർക്കാരുകൾ പദ്ധതിയുമായി മുന്നോട്ടു പോയി എന്നാണ്. "തീരം കടൽ എടുക്കുന്ന ഭയാനക സാഹചര്യം പലതവണ വിദഗ്ധരുടെ അഭിപ്രായങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയതാണ്. ആരും ഗൗനിച്ചില്ല. നാഷണൽ സെന്റർ ഫോർ സസ്‌റ്റെയ്നബിൾ കോസ്റ്റൽ മാനേജ്‌മെന്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ ആധികാരികമായി വിഷയം സർക്കാരിനെ അറിയിച്ചതാണ്.


എന്നിട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തിടുക്കത്തിൽ തട്ടിക്കൂട്ടി എടുക്കുകയും അത് കടലാക്രമണ സാധ്യതകളെ അവഗണിക്കുകയും ചെയ്തു. അപാരമായ മത്സ്യസമ്പത്തു സംരക്ഷിക്കുന്ന വെഡ്ജ് ബാങ്കിനോട് ചേർന്നാണ് വിഴിഞ്ഞം എന്നും പദ്ധതി അതിനു പോലും ഭീഷണി ഉയർത്തുമെന്നതും ആരും ഗൗനിച്ചില്ല. ഇപ്പോൾ വെള്ളത്തിനടിയിലെ പാറ പൊട്ടിക്കലും മണൽ നീക്കം ചെയ്യലുമെല്ലാം അതിവേഗത്തിൽ നടക്കുകയാണ്.ഇത്രയ്ക്ക് ആയിട്ടും ഇനിയെന്ത് പരിഹാരം എന്ന് പോലും ചിന്തിക്കാൻ സർക്കാരിനോ അദാനിക്കോ ആകുന്നില്ല. മറ്റൊരു വികസന ദുരന്തമായി വിഴിഞ്ഞം നിർമ്മാണ ഘട്ടത്തിൽ തന്നെ മാറുകയാണ്. 1970-കളിൽ മത്സ്യബന്ധന തുറമുഖത്തിനായി പുലിമുട്ട് നിര്‍മിച്ചിടത്ത് തുടങ്ങുന്നതാണ് വിഴിഞ്ഞത്തെ കടലാക്രമങ്ങൾ. ഇപ്പോഴത് ഭയാനകമായ അളവിൽ എത്തിയിരിക്കുന്നു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ കോൺക്രീറ്റ് കെട്ടിടം പോലും കടലെടുത്തു പോയി. വലിയ തുറയിലെ പഴയ കടൽപ്പാലവും നാശത്തിലാണ്. ഇത്തരം ദുരിതങ്ങളെയും വെല്ലുവിളികളെയും പരിഹരിക്കേണ്ടത് തങ്ങളല്ല സർക്കാർ ആണെന്നാണ് അദാനിയുടെ കമ്പനി പറയുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാതെ അവർ ഒളിച്ചോടുന്നു."
ചിത്രങ്ങള്‍: സെയ്ദ് ഷിയാസ് മിർസ

Read Azhimukham: കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ ബാങ്ക് മേഖലയെ അടിമുടി മാറ്റും, പുറത്തു നില്‍ക്കുന്നത് മലപ്പുറം ബാങ്ക് മാത്രം; ആശങ്കകളും ഒഴിയുന്നില്ല

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ  https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

Next Story

Related Stories