Top

കേരളത്തില്‍ ആറ്‌ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍; ബാക്കിയുള്ളവരോ? ഇന്നും മാറാതെ സര്‍ക്കാരും സമൂഹവും

കേരളത്തില്‍ ആറ്‌ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍; ബാക്കിയുള്ളവരോ? ഇന്നും മാറാതെ സര്‍ക്കാരും സമൂഹവും

അഖില എം.

2016-ലെ പുതുക്കിയ വോട്ടര്‍പട്ടികയിൽ നാലു ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ കൂടി പുതുതായി ഉൾപ്പെടുത്തി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഇത്രയും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവർ ഇഷ്ടപെടുന്ന ജെന്‍ഡര്‍ അടയാളപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചറിയൽ രേകഖൾ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. ഇതോടെ ആറ് ട്രാൻസ്‌ജെൻഡറുകൾക്കാണ് കേരളത്തിൽ വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കുന്നത്.

നേരത്തെ തിരുവനന്തപുരം സ്വദേശി സുര്യക്കും തൃശൂര്‍ സ്വദേശി സുജിക്കുമായിരുന്നു ഇത്തരത്തിൽ തിരഞ്ഞെടുപ്പ് രേഖകൾ ലഭിച്ചിട്ടുള്ളത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവർ ആദ്യമായി അവരുടെ സ്വത്വത്തിൽ വോട്ട് രേഖപ്പെടുത്തുന്നതും. ദേശീയ മാധ്യമങ്ങളിൽ പോലും അത് ചർച്ചാ വിഷയമായി.സാമൂഹ്യ മുന്നേറ്റമായി തന്നെ ഇത് നിലനിൽക്കുമ്പോഴും ബാക്കിയുള്ള ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡറുകൾക്ക് എന്നാണ് അംഗീകാരം ലഭിക്കുന്നത്? ഇതൊക്കെ കണ്ണിൽ പൊടിയിടാനുള്ള അധികൃതരുടെ പ്രവർത്തനങ്ങളുടെ ഭാഗമാല്ലേ എന്ന് തോന്നിപ്പോകും ട്രാൻസ്‌ജെൻഡറുകളുടെ വാക്കുകൾ കേട്ടാൽ.

അപേക്ഷിക്കാത്തതിനാലാണ് തിരഞ്ഞെടുപ്പ് പട്ടികയിൽ അവർക്കിഷ്ടമുള്ള ജെൻഡറിൽ ഉൾപ്പെടുത്താത്തിരുന്നതെന്നും കൂടുതൽ അപേക്ഷ വരുന്ന മുറയ്ക്ക് കൂടുതൽ പേരെ ട്രാൻസ്‍ജൻഡർ എന്ന വിഭാഗത്തില്‍ തന്നെ ഉൾപ്പെടുത്തുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ അപേക്ഷിക്കാത്തതിനാൽ അല്ല പല തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് തിരിച്ചറിയൽ രേഖകൾ നിഷേധിക്കുകയാണ് എന്നാണ് ട്രാൻസ്ജെൻഡേഴ്സിന്റെ പക്ഷം. ഓരോ തിരിച്ചറിയൽ രേഖ ലഭിക്കുന്നതിനും ഒട്ടേറെ കഷ്ടപ്പാടും അപമാനവും ആണ് ഇവർ നേരിടേണ്ടി വരുന്നത്.

2014 മാർച്ചിൽ മൂന്നാം ലിംഗക്കാരെ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധി വന്നു രണ്ടു വർഷം കഴിയുന്ന സാഹചര്യത്തിലും ഇന്ത്യയിൽ മിക്കയിടത്തും ഇതാണ് അവസ്ഥ. വിധിയെ തുടർന്ന് കേരളത്തിൽ രൂപീകരിച്ച ട്രാൻസ്ജെൻഡർ പോളിസി ഇപ്പോഴും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പോളിസി രൂപീകരിക്കുന്നതിന് മുന്നോടിയായി സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ സർവ്വേയിൽ 4000 ട്രാൻസ്ജെൻഡറുകൾ കേരളത്തിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ അതിൽ ഒരു ശതമാനം പേർക്കു പോലും തിരഞ്ഞെടുപ്പ് പട്ടികയിൽ ഇടം കണ്ടെത്താൻ സാധിച്ചിട്ടില്ല."ഞങ്ങളെല്ലാം കാർഡിന് വേണ്ടി അപേക്ഷ സമർപ്പിച്ചവരാണ്. എന്നാൽ ഇത് വരെ കിട്ടിയില്ല",ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ വിജയ രാജമാലിക പറഞ്ഞു. ഒരു ഇന്ത്യൻ പൗരന്റെ വിശ്വസനീയമായ തിരിച്ചറിയൽ രേഖയായ തിരഞ്ഞെടുപ്പ് രേഖയിൽ പേര് വരുന്നതോട് കൂടി സ്വന്തം സ്വത്വത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാവുകയാണത്."

"ഞാൻ അപേക്ഷിക്കുന്ന സമയത്ത് സ്ത്രീ അല്ലെങ്കിൽ പുരുഷന്‍ എന്ന ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അക്കാരണത്താലും ഒരു സ്ത്രീ സ്വത്വം മതി എന്ന എന്റെ തീരുമാനത്താലുമാണ് സ്ത്രീ എന്ന വ്യക്തിത്വം തിരഞ്ഞെടുത്തത്. അതിൽ ഞാൻ സംതൃപ്തയാണ്. ഒരുപാടൊരുപാട് നടപടിക്രമങ്ങൾക്ക് വിധേയരാവേണ്ടി വരുന്നതിനാലാണ് പലരും ഇതിൽ നിന്നും മാറി നിൽക്കുന്നത്", ആദ്യമായി സ്ത്രീ എന്ന ലിംഗം രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡിൽ വോട്ട് രേഖപ്പെടുത്തിയ ട്രാൻസ്‌ജെൻഡറും നടിയും നർത്തകിയും ആയ സൂര്യ വിനോദ് അഴിമുഖത്തോട് പറഞ്ഞു.

"ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും സർജറി ചെയ്ത ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ഒക്കെ ഇതിനായി സമർപ്പിക്കണം. ഇതൊക്കെ ഉണ്ടെങ്കിലും ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ഇനീപ്പോ സർജറി ചെയ്യാത്തവരുടെ കാര്യം പറയുകയും വേണ്ട. ആധാർ കാർഡിൽ ലിംഗം അടയാളപ്പെടുത്തുന്നതിനായി ഓപ്ഷൻ ഉണ്ട്. എന്നാൽ തിരിച്ചറിയൽ രേഖയിൽ ഇതില്ല. സ്വയം സാക്ഷ്യപെടുത്തിയാൽ മതി എന്ന സുപ്രീം കോടതി നിയമം നിലനില്‍ക്കേയാണ് ഇതെല്ലാം. എത്രയും പെട്ടെന്ന് ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് രൂപീകരിച്ച് ജെന്‍ഡര്‍ അവർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന സാഹചര്യം നിലവിൽ വന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകും. കഴിഞ്ഞ ബഡ്ജറ്റിൽ ഞങ്ങൾക്ക് വേണ്ടി നീക്കി വെച്ച 10 കോടി രൂപ കൃത്യമായി വിനിയോഗിക്കപ്പെടാതെ പോകുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പോയാൽ തന്നെ ഏതു വിധേനെയും ഓടിച്ച് വിടാനുള്ള പ്രവണതയെ അധികൃതർക്കുള്ളൂ. ആർക്കും ആവശ്യമില്ലാഞ്ഞിട്ടോ മുന്നോട്ട് വരാതിരുന്നിട്ടോ അല്ല ഇത്രെയും പ്രശ്നങ്ങൾ നിലനിൽക്കുന്ന കൊണ്ടാണ് പലരും മാറി നില്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കൊടുക്കാൻ തയ്യാറാണെങ്കിൽ കുറഞ്ഞത് അതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു അവബോധമെങ്കിലും അവർ നല്‍കാൻ തയ്യാറാവണ്ടേ ?", സൂര്യ പറയുന്നു.

ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറുകൾക്ക് മാത്രമേ സ്ത്രീ എന്നോ പുരുഷനെന്നോ വിഭാഗത്തിൽ ഉൾപ്പെടുത്തി കാർഡുകൾ നൽകുന്നുള്ളൂ. എന്നാൽ പലരും ശാസ്ത്രക്രിയ നടത്താതെ തന്നെ സ്ത്രീ സ്വത്വമോ പുരുഷ സ്വത്വമോ ആഗ്രഹിക്കുന്നവരാണ്. ചിലരാവട്ടെ ട്രാൻസ് എന്ന വ്യക്തിത്വത്തിൽ ഉറച്ച് നില്‍ക്കാൻ ആഗ്രഹിക്കുന്നവരും. ഇത്തരത്തിൽ ഒട്ടേറെ സങ്കീർണ്ണമായ ട്രാൻസ്ജെൻഡറുകളുടെ വിഷയത്തെ അർഹിക്കുന്ന മാനുഷിക പരിഗണന നൽകാതെയാണ് സർക്കാർ തലത്തിൽ കൈകാര്യം ചെയ്യുന്നത്. ട്രാൻസ്ജെൻഡറുകൾക്കിടയിൽ പലരും സർജറി ചെയ്യാത്തവരാണ്. അതിന്റെ ചിലവും പാർശ്വഫലങ്ങളും ആലോചിക്കുമ്പോൾ തന്നെ മിക്ക ആൾക്കാരും പിൻമാറും. കേരളത്തിൽ സർജറി നടത്താനോ അത് സാക്ഷ്യപ്പെടുത്തി കൊടുക്കാനോ ഉള്ള ആശുപത്രികളും ഇല്ല. മാത്രമല്ല ലൈംഗികത നിർണ്ണയിക്കപ്പെടേണ്ടത് ഒരു മനുഷ്യന്റെ മാനസികമായ അവസ്ഥയും ആഗ്രഹവും കണക്കിലെടുത്താണ്. ഇപ്പോൾ മൂന്നാംലിംഗം എന്ന ഓപ്ഷൻ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലർക്കും ആ പദത്തോട് യോജിപ്പില്ല. ലിംഗ സമത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളെക്കാണ് അത് വിരൽ ചൂണ്ടുന്നത്.

തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ ബോധമുണ്ടെങ്കിൽ കൂടി ചെറുതൊന്നുമല്ല അധികൃതരുടെ അനാസ്ഥ എന്ന് ട്രാൻസ്‌ജെൻഡറായ ഫൈസൽ സാക്ഷ്യപ്പെടുത്തുന്നു. "ആധാർ കാർഡിൽ ട്രാൻസ്‌ജെൻഡർ വ്യക്തിത്വം രേഖപെടുത്തുന്നതിനായി മൂന്നു മാസത്തോളമാണ് സർക്കാർ ഓഫീസുകളുടെ പടി കയറി ഇറങ്ങിയത്. ബന്ധപ്പെട്ട ഓഫീസുകളിൽ പോകുമ്പോൾ അവിടുത്തെ ഉദ്യോഗസ്ഥർ അക്ഷയയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ അക്ഷയിൽ ഇരിക്കുന്നവർക്ക് പല കാര്യങ്ങളെ കുറിച്ചും അവബോധം ഇല്ല. പലപ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടാവാറുള്ളത്." തിരഞ്ഞെടുപ്പിന്റെ തിരിച്ചറിയൽ കാർഡ് തന്റെ ഐഡന്റിറ്റിയിലേക്ക് മാറ്റി കിട്ടാനുള്ള അന്വേഷങ്ങൾ നടത്തിയെങ്കിലും അതിന്റെ പുറകിൽ അലയാൻ വയ്യാത്തത് കൊണ്ട് പിൻവാങ്ങേണ്ടി വന്നു എന്നും ഫൈസൽ പറഞ്ഞു. "ട്രാൻസ്ജെൻഡർ എന്ന ലിംഗത്തിൽ അറിയപ്പെടാൻ തന്നെയാണ് എനിക്ക് താല്പര്യം. അതിന് മാത്രമേ സമൂഹം സൃഷ്ടിച്ച് വെച്ചിരിക്കുന്ന സ്ത്രീ പുരുഷ ദ്വന്ദ്വങ്ങളെ തകർക്കാൻ സാധിക്കുകയുള്ളു", അവർ കൂട്ടിച്ചേർത്തു.

58 ശതമാനം പേരും പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്നു പറയുന്ന പോളിസി തന്നെ പുറത്ത് വന്നിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഇതിനാൽ പലർക്കും ഇത് വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല. ഇതുപോലെ തന്നെ തങ്ങളുടെ ജെന്‍ഡർ വെളിപ്പെടുത്തുന്ന രേഖകൾ എങ്ങനെ ലഭിക്കുമെന്നോ അതിനായി എവിടെ പോകണമെന്നോ പലർക്കും അറിയില്ല. ഇതിനായി കൃത്യമായ ഒരു ബോധവത്കരണവും നടക്കുന്നില്ല. ഇതുവരെ കേരളത്തിലെ ട്രാൻസ്ജെൻഡറുകൾ നേടിയെടുത്തതെല്ലാം വളരെ വർഷത്തെ ശ്രമങ്ങളുടെ ഭാഗമായാണ്. സ്വന്തം ജന്മാവകാശങ്ങൾ സ്ത്രീയ്ക്കും പുരുഷനും ലഭ്യമാകുന്ന അതേ രീതിയിൽ ട്രാൻസ്ജെൻഡറുകൾക്കും നൽകാനുള്ള നടപടികൾ കണ്ണിൽ പൊടി ഇടുന്ന മാറിമായങ്ങളാവാതെ ശരിയായ ലക്ഷ്യത്തിൽ എത്തിചേരാനുള്ള പ്രയത്നമായി പരിണമിക്കേണ്ടതുണ്ട്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് അഖില)


Next Story

Related Stories