TopTop

ഭൂപരിഷ്കരണത്തിന് തുടര്‍ച്ചയും തൊഴില്‍ നഷ്ടമില്ലാത്ത കാര്‍ഷിക ആധുനീകരണവും വേണം: വിഎസ്

ഭൂപരിഷ്കരണത്തിന് തുടര്‍ച്ചയും തൊഴില്‍ നഷ്ടമില്ലാത്ത കാര്‍ഷിക ആധുനീകരണവും വേണം: വിഎസ്
കേരളത്തില്‍ ഭൂപരിഷ്കരണത്തിന് തുടര്‍ച്ച ആവശ്യമാണ്‌ എന്ന് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ആയിരിക്കെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ രണ്ടാം ഭൂപരിഷകരണത്തെക്കുറിച്ച് വിഎസ് സംസാരിച്ചിരുന്നു. പാലക്കാട് സിപിഎമ്മിന്‍റെ കര്‍ഷകതൊഴിലാളി സംഘടനയായ കെഎസ്കെടിയുവിന്‍റെ (കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍) സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ഭൂപരിഷ്കരണത്തിന് തുടര്‍ച്ച വേണം എന്ന ആവശ്യം വിഎസ് ആവര്‍ത്തിച്ചു. കാര്‍ഷികോല്‍പ്പാദനം ആധുനികവത്കരിക്കണം എന്നും അതേ സമയം, യന്ത്രങ്ങളും സാങ്കേതികവിദ്യയും പ്രയോഗിക്കുന്ന ഉല്‍പ്പാദന രീതി കൊണ്ടുവരുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ബൂര്‍ഷ്വാവീക്ഷണത്തില്‍ നിന്ന് തികച്ചും വിഭന്നമായ കാഴ്ച്ചപ്പാടും പ്രയോഗരീതിയുമായിരിക്കണം നമ്മുടേത് എന്നും വിഎസ് പറഞ്ഞു.

കൃഷി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയോ ലിബറല്‍ വികസന പരിപാടികളേയും വിഎസ് രൂക്ഷമായി വിമര്‍ശിച്ചു. പഴയ ജന്മിമാരുടെയും, ഭൂപ്രഭുക്കന്മാരുടെയും സ്ഥാനത്ത് പുത്തന്‍ മുതലാളിമാരും, ഭൂ മാഫിയകളും, അവര്‍ക്കു പിന്നാലെ വന്‍തോതില്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് കൃഷിയെ വന്‍ വ്യവസായമാക്കി പുന:സംഘടിപ്പിക്കാന്‍ കടന്നു വരുന്ന കുത്തക കമ്പനികളും, കരാര്‍ കൃഷി സമ്പ്രദായവും എല്ലാം കടന്നു വന്നിരിക്കുന്നു. ഇവര്‍ ആഞ്ഞടുക്കുന്നത് കര്‍ഷകത്തൊഴിലാളി വര്‍ഗത്തിന് നേരെയാണ് എന്ന് നാം തിരിച്ചറിയണം. കേരളത്തിലെ കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രം വിവരിച്ചുകൊണ്ടായിരുന്നു വിഎസിന്‍റെ പ്രസംഗം. തിരുവിതാകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍റെയും കെഎസ്കെടിയുവിന്‍റെയും രൂപീകരണ പശ്ചാത്തലം അദ്ദേഹം വിശദീകരിച്ചു. വി എസ‌് അച്യുതാനന്ദൻ പ്രസിഡന്റും എവി ആര്യൻ സെക്രട്ടറിയുമായി യൂണിയന്‍റെ ആദ്യ സമ്മേളനം 1970ൽ പാലക്കാടാണ‌് ചേർന്നത‌്.

വിഎസിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ,

കേരളത്തിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ എത്തിയിരിക്കുന്നു എന്നത് അത്യന്തം ആഹ്ലാദകരവും, ആവേശകരവുമാണ്. കെ എസ് കെ റ്റി യുവിന്റെ ആദ്യ രൂപമായ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ രൂപീകരണം മുതല്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആളെന്ന നിലയില്‍ ഈ സന്ദര്‍ഭം ഏറെ ചാരിതാര്‍ത്ഥ്യജനകമാണ്.

കേരളത്തിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം കേവലമായ ഒരു സംഘടനയുടെ ചരിത്രം മാത്രമല്ല. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെ എല്ലാത്തരം വിവേചനങ്ങളെയും, അസംബന്ധങ്ങളെയും, കാലുഷ്യങ്ങളെയും പൊരുതിപരാജയപ്പെടുത്തി, സ്വാതന്ത്ര്യത്തിലും, ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു കേരളം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിച്ച ചരിത്രവും കെ എസ് കെ റ്റി യു വിന് അവകാശപ്പെട്ടതാണ്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഐക്യകേരളപ്പിറവിക്കു മുമ്പ് മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട നാടായിരുന്നു നമ്മുടേത്. സ്വാതന്ത്ര്യവും, വോട്ടവകാശം അടക്കമുള്ള മറ്റു ജനാധിപത്യ അവകാശങ്ങളും അന്യമായകാലമായിരുന്നു അത്. ജാതിയുടെയും, മതത്തിന്റെയും, തൊട്ടുകൂടായ്മയിലും, തീണ്ടിക്കൂടായ്മയിലും അധിഷ്ഠിതമായ ആചാരാനുഷ്ടാനങ്ങളുടെയും കഥകള്‍ നിറഞ്ഞതായിരുന്നു അന്നത്തെ സാമൂഹ്യജീവിതം. ജാതിയിലും, സമ്പത്തിലും, സാമൂഹ്യപദവിയിലും താഴെക്കിടയില്‍ കിടന്നിരുന്ന ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടം പോലും ഉണ്ടായിരുന്നില്ല. വന്‍കിട ഭൂസ്വാമിമാരുടെയും, കായല്‍രാജാക്കന്മാരുടെയും കീഴില്‍ കര്‍ഷകതൊഴിലാളികള്‍, പാട്ടക്കാര്‍, വാരക്കാര്‍, കുടിയാന്മാര്‍ എന്ന് തുടങ്ങിയ പേരുകളില്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു പാവപ്പെട്ട മനുഷ്യന്‍. കുട്ടനാട്ടിലും, തിരുവിതാംകൂറിലുമൊക്കെ ജാതി അടിമത്തത്തിന് ഒപ്പം കൂലി അടിമത്തം അനുഭവിയ്‌ക്കേണ്ടി വന്നവരായിരുന്നു ഇവര്‍. സാധാരണ മനുഷ്യരെ പോലെ ജീവിക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കുട്ടനാട് കേന്ദ്രീകരിച്ച് 1940കളുടെ തുടക്കത്തില്‍ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ രൂപം കൊള്ളുന്നത്. പിന്നീട് അത് കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ 1968-ല്‍ സംസ്ഥാന വ്യാപകമായ സംഘടനയായി മാറുകയായിരുന്നു.

കുട്ടനാട്ടില്‍ കായല്‍ രാജാവായ മുരിക്കന്റെയും, മങ്കൊമ്പില്‍ സ്വാമിയുടെയും, പാട്ടത്തില്‍ കര്‍ത്താക്കന്മാരുടെയും ഒക്കെ പാടശേഖരങ്ങളില്‍ വെയിലും, മഞ്ഞും, മഴയും ഏറ്റ് പകലന്തിയോളം പാടുപെടുന്ന കര്‍ഷകതൊഴിലാളിക്ക് ജീവിതത്തിലൊന്നും ദുരിതങ്ങളും, ദുരന്തങ്ങളും മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പാവപ്പെട്ട കര്‍ഷകതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാനാഭിമാനത്തോടെ ജീവിക്കാന്‍ പോലും കഴിയുമായിരുന്നില്ല. 'എന്റെ ശരീരം തമ്പുരാന്റെ ചോറാണ്. തമ്പുരാന് എന്നെ തല്ലാനും, കൊല്ലാനും അവകാശമുണ്ട്.' എന്ന് വിശ്വസിച്ചവരായിരുന്നു പാവപ്പെട്ട മനുഷ്യര്‍. ഈ വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നവരെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാല്‍പ്പതുകളുടെ തുടക്കത്തില്‍ ഞാനൊക്കെ കുട്ടനാട്ടില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പാടവരമ്പുകളിലും, കറ്റകള്‍ കൊയ്തുകൂട്ടുന്ന കളങ്ങളിലും, തൊഴിലാളികളുടെ കൂരകളിലും യോഗങ്ങള്‍ സംഘടിപ്പിച്ചും, കായല്‍രാജാക്കന്മാരുടെയും, ജന്മിമാരുടെയും നിര്‍ദ്ദയമായ ചൂഷണത്തിന്റെ കഥകള്‍ പറഞ്ഞും, സംഘടിച്ച് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമൊക്കെയായിരുന്നു കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും സമാനമായ രൂപത്തിലുള്ള ചൂഷണങ്ങള്‍ അരങ്ങേറിയിരുന്നു. അതുകൊണ്ടുതന്നെ അവിടങ്ങളിലും ഈ രൂപത്തിലുള്ള സംഘടിതമുന്നേറ്റങ്ങളാണ് കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് ഊര്‍ജ്ജമായി മാറിയത്.

കര്‍ഷകതൊഴിലാളികള്‍ പതുക്കെപതുക്കെ അവകാശബോധമുള്ളവരായി മാറി തുടങ്ങിയതോടെ ജന്മിമാര്‍ അടിച്ചമര്‍ത്തലിന്റെയും, ആക്രമണങ്ങളുടെയും പാതയിലേക്ക് കടന്നു. അധികാരി വര്‍ഗ്ഗത്തിന്റെ പോലീസിനൊപ്പം ജന്മിഗുണ്ടകളും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ചോരയ്ക്കും, പ്രാണനും വേണ്ടി പരക്കം പാഞ്ഞു. ഇതിന്റെ ഫലമായി കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്നു. കുട്ടനാട്ടിലും, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി വെണ്മണി ചാത്തനും, വീയപുരം ഗോപാലനും, മേല്‍പ്പാടം കുട്ടിയമ്മയും, കൈനകരി സഹദേവനും, കള്ളിക്കാട് നീലകണ്ഠനും, ഭാര്‍ഗ്ഗവിയും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ രക്തസാക്ഷികളായി.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ വണ്ടാഴി പഞ്ചായത്തില്‍ 1943-ല്‍ കൂലി വര്‍ദ്ധനവിനു വേണ്ടി നടത്തിയ സമരത്തെ എം എസ് പി ക്കാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ധനികകര്‍ഷകനായിരുന്ന അപ്പുവിന്റെ ഗുണ്ടകളും, പോലീസും ശ്രമിച്ചത്. 1952-ല്‍ കൊല്ലങ്കോട് പയ്യല്ലൂരില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളി സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനു വേണ്ടിയുള്ള അവകാശം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടവും ശ്രദ്ധേയമാണ്.

തൃശ്ശൂര്‍ തലപ്പള്ളി താലൂക്കിലെ വാഴാനി കനാല്‍ സമരം, ഒഴിപ്പിക്കലിനെതിരെ 1953-ല്‍ അന്നമനട പഞ്ചായത്തിലെ കുമ്പിടിയില്‍ നടന്ന സമരം, 1966-ല്‍ അരിമ്പൂരില്‍ നടന്ന നാലണ സമരം, അഞ്ചിലൊന്ന് പതത്തിനു വേണ്ടി നടത്തിയ നല്ലങ്കര സമരം, അടിമപ്പണിക്കെതിരെ ചേലക്കര എളനാട് 1970-കളില്‍ നടന്ന സമരം തുടങ്ങിയവയെല്ലാം തൃശ്ശൂര്‍ ജില്ലയെ ഇളക്കി മറിച്ച കര്‍ഷകതൊഴിലാളി സമരങ്ങളായിരുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന സമാനമായ പ്രക്ഷോഭങ്ങളുടെ കൂടി ഉല്‍പ്പന്നമായിരുന്നു 1957-ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണം. ഇത് ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് അന്ന് അധികാരം ഏറ്റ ഇ എം എസ് സര്‍ക്കാര്‍, സത്യപ്രതിജ്ഞ ചെയ്തതിന്റെ ആറാം നാളില്‍, അതായത് 1957 ഏപ്രില്‍ 11ന് ചരിത്രപ്രസിദ്ധമായ കുടിയിറക്കല്‍ നിരോധന ഓര്‍ഡിനന്‍സ് ഇറക്കിയത്. പിന്നീട് അത് കാര്‍ഷിക ഭൂപരിഷ്‌കരണ നിയമമായി ആ സര്‍ക്കാര്‍ പാസ്സാക്കുകയും ചെയ്തു. അങ്ങനെ ദരിദ്രകര്‍ഷകരും, കര്‍ഷകതൊഴിലാളികളും, പാട്ടക്കാരും, വാരക്കാരും, കുടിയാന്മാരും ഒക്കെ ഭൂമിയുടെ അവകാശികളായി മാറി. ഇതാണ് പില്‍ക്കാലത്ത് കേരളാ മോഡല്‍ വികസനത്തിന് വഴിയൊരുക്കിയത് എന്നതും ചരിത്രമാണ്.

57-ലെ ഇഎംഎസ് സര്‍ക്കാര്‍ ഈ നിയമം പാസ്സാക്കിയെങ്കിലും, ഇത് അനുസരിച്ചുള്ള ഭൂമി വിതരണം പിന്നെയും നീണ്ടു പോയി. പിന്നീട് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയും, അത് പിടിച്ചെടുക്കുകയും ചെയ്യുന്ന സമരവും 1970-ജനുവരി 1 മുതല്‍ ആരംഭിക്കേണ്ടി വന്നു. ഇതിനു മുന്നോടിയായി കേരളത്തിന്റെ തെക്കും വടക്കും നിന്ന് രണ്ടു ജാഥകള്‍ ആരംഭിച്ച്, അവ ആലപ്പുഴ ജില്ലയിലെ അറവുകാട് മൈതാനിയില്‍ സമാപിച്ച്, അവിടെ 1969- ഡിസംബര്‍ 14 ന് നടത്തിയ ഐതിഹാസികമായ സമ്മേളനവും കേരളത്തിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രമുന്നേറ്റത്തിലെ നാഴികക്കല്ലാണ്. ഇഎംഎസും, എകെജിയും, ഹരേകൃഷ്ണ കോനാറും, ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും, വിഎസ് അച്യുതാനന്ദനായ ഈ ഞാനും ഒക്കെ അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തതാണ്. ഈ സമ്മേളനത്തിന്റെ ആഹ്വാനപ്രകാരമാണ് 1970 ജനുവരി ഒന്ന് മുതല്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം ആരംഭിച്ചത്.

ഇതിനിടയില്‍ 1968 ല്‍ ആലപ്പുഴ നഗരത്തിലെ പഴയ രാധ ടാക്കീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനാണ് കെ എസ് കെ റ്റി യു വിന് രൂപം കൊടുത്തത്. മഹത്തായ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന്റെ പ്രഥമ സമ്മേളനം ചേര്‍ന്ന പാലക്കാട് തന്നെ സുവര്‍ണ്ണ ജൂബിലി സമ്മേളനം നടക്കുന്നു എന്ന ചരിത്രപരമായ സവിശേഷതയും ഉണ്ട്. സംഘടനയുടെ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനും, എനിക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണ്. അങ്ങനെ കര്‍ഷകതൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനം സജീവമായതോടെ, കര്‍ഷകതൊഴിലാളികളുടെ അടിമസമാനമായ ജീവിതം കടങ്കഥയായി മാറുകയായിരുന്നു. 'മറ്റുള്ളോര്‍ക്കായി ഉഴാനും, നടുവാനും, കറ്റകൊയ്യാനും, മെതിക്കുവാനും, മറ്റു കൃഷിപ്പണി ചെയ്യുവാനും പറ്റുന്ന ഇരുകാലിമാടുകള്‍' എന്ന കര്‍ഷകതൊഴിലാളി കളുടെ അവസ്ഥയും അടഞ്ഞ അധ്യായമായി.

ഒരു മുതലാളിത്ത ഭൂപ്രഭു വിഭാഗം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്, അതിനെതിരായി അദ്ധ്വാനത്തിന്റെ സാക്ഷാല്‍കാരം ശരിയായ നേടിയെടുക്കുന്നതിന് വേണ്ടി കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം രൂപം കൊണ്ടത്. ആധുനിക തൊഴിലാളിവര്‍ഗത്തിന്റെ കാര്‍ഷിക മേഖലയിലെ, ഗ്രാമങ്ങളിലെ പ്രതിനിധികളാണ് കര്‍ഷകത്തൊഴിലാളിവര്‍ഗം. അതിനാല്‍ ജന്മിത്വത്തിനെതിരായ സമരപോരാട്ടങ്ങളിലൂടെ ഭൂപരിഷ്‌കരണത്തിലേക്ക് എത്തിച്ചേര്‍ന്നതിനു ശേഷവും, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സാംഗത്യവും പ്രസക്തിയും വളരുകയും തുടരുകയുമാണ് ഉണ്ടായത്. ഭൂപരിഷ്‌കരണത്തിലൂടെ ജന്മിത്വത്തിന്റെ കൈയില്‍ നിന്ന് ഭൂമി ചെറുകിട കര്‍ഷകരിലേക്ക് എത്തിച്ചേര്‍ന്നു. ഈ മാറ്റത്തിന്റെ വിപ്ലവകരമായ ദൗത്യം ഇതോടെ അവസാനിക്കുന്നില്ല. അതുകൊണ്ടാണ്, ഭൂപരിഷ്‌കരണത്തിന്റെ വിപ്ലവകരമായ കുന്തമുന തുടര്‍ന്നും തേച്ചുമിനുക്കി മുന്നോട്ടുകൊണ്ടുപോകുന്നത് കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാമൂഹ്യ പ്രയോഗമാകുന്നത്.

ഇത് കൃത്യമായി നിര്‍വ്വഹിക്കാന്‍ നമുക്ക് കഴിയണം. കൂലിയും സേവനവ്യവസ്ഥകളും, ജീവിതാവസ്ഥയും മെച്ചപ്പെട്ടാല്‍ മാത്രം പോരാ. സാമൂഹ്യ അധ്വാനം പ്രയോഗിക്കുന്നതിന്‍റെ ഉയര്‍ന്ന തലങ്ങളിലേക്ക് കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം വികസിച്ചേ തീരൂ. അതിന് എന്താണ് വേണ്ടത്? തൊഴിലാളിവര്‍ഗ വീക്ഷണത്തെ കാര്‍ഷികമേഖലയിലെ ആധുനിക ഉല്‍പ്പാദനക്രമത്തില്‍ പ്രയോഗിക്കണം. ഈ ലക്ഷ്യത്തോടെ, കാര്‍ഷികമേഖലയെ പുന:സംഘടിപ്പിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷാമവും, ദുരിതവും വരുമ്പോള്‍ താങ്ങാനുള്ള സമ്പ്രദായമായി ചുരുങ്ങിക്കൂടാ. സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ത്തൊഴിലാളിക്ക് ഉദാരമായി വായ്പ കൊടുക്കാനുള്ള സ്ഥാപനങ്ങള്‍ മാത്രമായി ചുരുങ്ങിക്കൂടാ. മറിച്ച്, ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ച് പണിയെടുക്കാനുള്ള ശാസ്ത്രീയമായ പരിശീലനവും, അതിനുതക്ക വിദ്യാഭ്യാസവും നല്‍കിക്കൊണ്ട് കര്‍ഷകത്തൊഴിലാളിവര്‍ഗ്ഗത്തെ പുന:സംഘടിപ്പിക്കാന്‍ ഈ സ്ഥാപനങ്ങളെല്ലാം ഉപകരണങ്ങളാവണം. സംസ്ഥാന ഫാമുകളിലും, കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലും മാത്രമാണ്, ഇത്തരത്തില്‍ കാര്‍ഷികത്തൊഴില്‍ പുന:സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് കാര്‍ഷിക ഉല്‍പ്പാദന മേഖലയിലാകെ ശാസ്ത്രീയമായി വികസിപ്പിച്ചു നടപ്പാക്കണം. കര്‍ഷകത്തൊഴിലാളിവര്‍ഗത്തെ, മൊത്ത തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമായി വളര്‍ത്തി ഉയര്‍ത്തുന്നതിന് ഇത് അനിവാര്യമാണ്.

അതേ സമയം, യന്ത്രങ്ങളും സാങ്കേതികവിദ്യയും പ്രയോഗിക്കുന്ന ഉല്‍പ്പാദന രീതി കൊണ്ടുവരുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ബൂര്‍ഷ്വാവീക്ഷണത്തില്‍ നിന്ന് തികച്ചും വിഭന്നമായ കാഴ്ച്ചപ്പാടും പ്രയോഗരീതിയുമായിരിക്കണം നമ്മുടേത്. ഇതെങ്ങനെ സാധ്യമാക്കാം എന്നതാണ് പ്രധാനം. ഇത്തരമൊരു പ്രയോഗരീതിക്ക് പല ഘടകങ്ങള്‍ ഒത്തുചേരേണ്ടതുണ്ട്. കാര്‍ഷികമേഖല മൊത്തത്തില്‍ പുന:സംഘടിപ്പിക്കണം. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കണം. കാര്‍ഷിക ഉല്‍പ്പാദന പ്രക്രിയ കൂടുതല്‍ വിപുലമായ ഭൂപ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കണം. തരിശു ഭൂമി മൊത്തത്തില്‍ ഉല്‍പ്പാദനക്ഷമമാക്കണം. ഉല്‍പ്പാദനവര്‍ദ്ധനവിനും സഹായകമായ രീതിയില്‍ വിളവൈവിധ്യം ക്രമീകരിക്കണം. ഇതൊക്കെ ആയാലും വിപണിയും ഉല്‍പ്പന്നത്തിന്റെ വിലയും അനുകൂലമാവണം എന്നില്ല. മേല്‍പ്പറഞ്ഞ ഘടകങ്ങളോടൊപ്പം, പരിഗണിക്കേണ്ട മുഖ്യമായ ഘടകമാണിത്. കര്‍ഷകരുടെയും, തൊഴിലാളികളുടെയും ഉല്‍പ്പാദക സഹകരണ സംവിധാനത്തില്‍, പൊതുമേഖലാ ഫാമുകളെയും ഇതര അനുബന്ധ പൊതുമേഖലാ സംരംഭങ്ങളെയും ഈ പ്രയോഗ രീതിയുമായി കൂട്ടിയിണക്കാനായാല്‍ വിപണയും, വിലയും നമുക്കൊരു പ്രശ്‌നമാവില്ല.

ഇതൊരു രാഷ്ട്രീയമാണ്. ഫിനാന്‍സ് മൂലധനശക്തികള്‍ക്കും കുത്തക ബൂര്‍ഷ്വാസിക്കും വേണ്ടി, ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കികൊണ്ട്, നവലിബറല്‍ നയങ്ങളില്‍ ഊന്നി, മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷികമേഖലാ പുന:സംഘടനാ പദ്ധതിക്ക് ബദലാണ്. മൂലധന സാക്ഷാത്കാര പാതയ്ക്ക് ബദലായ, അധ്വാനത്തിന്റെ സാക്ഷാല്‍ക്കാരത്തിലൂന്നിയ ഇത്തരമൊരു കാഴ്ച്ചപ്പാടാണ് കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഭാഗത്തു നിന്നും തെളിമയോടെ ഉയര്‍ത്തികൊണ്ടു വരേണ്ടത്. അതിനുള്ള സമയം ഇതു തന്നെയാണ്. പഴയ ജന്മിമാരുടെയും, ഭൂപ്രഭുക്കന്മാരുടെയും സ്ഥാനത്ത് പുത്തന്‍ മുതലാളിമാരും, ഭൂ മാഫിയകളും, അവര്‍ക്കു പിന്നാലെ വന്‍തോതില്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് കൃഷിയെ വന്‍ വ്യവസായമാക്കി പുന:സംഘടിപ്പിക്കാന്‍ കടന്നു വരുന്ന കുത്തക കമ്പനികളും, കരാര്‍ കൃഷി സമ്പ്രദായവും എല്ലാം ഇന്‍ഡ്യയിലേക്ക് കടന്നുവന്നിരിക്കുന്നു. ഇവര്‍ ആഞ്ഞടുക്കുന്നതും കര്‍ഷകത്തൊഴിലാളി വര്‍ഗത്തിനു നേരെയാണെന്നും നാം തിരിച്ചറിയണം. ചെറുകിട കര്‍ഷകരെ ഉന്മൂലനം ചെയ്ത്, കുത്തക ബൂര്‍ഷ്വാസിക്ക് ഇപ്രകാരം നിലം ഒരുക്കികൊടുക്കുന്നതു നമ്മെ സര്‍വ്വനാശത്തിലേക്കാണ് നയിക്കുക.

അന്യം നിന്നു പോകേണ്ടുന്ന പഴയ സമൂഹത്തിന്റെ പ്രതിനിധികളല്ല നമ്മള്‍. കൂടുതല്‍ വളര്‍ന്ന് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബൃഹത്തായ നിരയിലേക്ക് കൂടുതലായി ഇണങ്ങിച്ചേരാണ്ടവരാണ്. കാര്‍ഷികോല്‍പ്പാദന വ്യവസ്ഥയെ വിപ്ലവകരമായി ആധുനികരിക്കേണ്ട കാതലായ കടമ നിര്‍വ്വഹിക്കാനുള്ള കേന്ദ്രകര്‍മ്മശക്തിയാണ് നാം. ഈ ബോധ്യത്തോടെ, വ്യക്തമായ ലക്ഷ്യത്തോടെ, ജനകീയ ജനാധിപത്യ വിപ്ലവപരിപാടിയുടെ അച്ചുതണ്ടായ കാര്‍ഷികവിപ്ലവം എന്ന കടമ നിര്‍വ്വഹിക്കേണ്ടവരാണ്. ഭൂമിയാണ് ഏറ്റവും വലിയ ഉല്‍പ്പാദനോപാധി. അതു തന്നെയാണ് ഏറ്റവും അടിസ്ഥാന ഉല്‍പ്പാദനോപാധിയും. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കെ എസ് കെ ടി യു വിന്റെ പ്രവര്‍ത്തന പദ്ധതി മുന്നോട്ടകൊണ്ടുപോകാന്‍ ആവശ്യമായ ചര്‍ച്ചകളും, തീരുമാനങ്ങളും പ്രായോഗിക നടപടികളുമാണ് ഈ സുവര്‍ണ്ണജൂബിലി വേളയില്‍ ഉണ്ടാകേണ്ടത്. അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

അഭിവാദ്യങ്ങള്‍

Next Story

Related Stories