TopTop

വയനാട്ടിലെ ചെമ്പ്ര എസ്റ്റേറ്റ്: ഉടമ വഹാബിന്റെ സഹോദരന്‍; ആറുമാസമായി ലോക്കൌട്ട്; 300-ലേറെ തൊഴിലാളികള്‍ സമരത്തില്‍

വയനാട്ടിലെ ചെമ്പ്ര എസ്റ്റേറ്റ്: ഉടമ വഹാബിന്റെ സഹോദരന്‍; ആറുമാസമായി ലോക്കൌട്ട്; 300-ലേറെ തൊഴിലാളികള്‍ സമരത്തില്‍
വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള ചെമ്പ്ര എസ്റ്റേറ്റില്‍ എന്നത്തേയും പോലെ ഒരു ദിനം മാത്രമായിരുന്നു 2016 ഒക്ടോബര്‍ 26. എന്നാല്‍ വൈകുന്നേരത്തോടെ എല്ലാം മാറിമറിഞ്ഞു. തൊഴിലാളികള്‍ തേയില നുള്ളിയത് ചാക്കുകളിലാക്കി വണ്ടിയില്‍ കയറ്റിയതിന് ശേഷമാണ് കമ്പനി മാനേജ്മെന്‍റ് ആ നോട്ടീസ് പതിച്ചത്; ലോക്കൌട്ട്! വിവരമറിഞ്ഞ തൊഴിലാളികള്‍ ഞെട്ടിത്തരിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തമായപ്പോള്‍ തൊഴിലാളി സംഘടനകള്‍ കൂടിയാലോചിച്ചു. എസ്റ്റേറ്റ് മാനേജര്‍ കര്‍ണ്ണാടക സ്വദേശിയായ മാച്ചയ്യയെ കാണാന്‍ അവര്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് തിരിച്ചു. എന്നാല്‍ കമ്പനിയുടെ ചുമതല കൈമാറി മാച്ചയ്യ കര്‍ണ്ണാടകയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നീട് തൊഴിലാളികള്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകള്‍ കൂടിയാലോചിച്ച് ലോക്കൌട്ട് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 27 മുതല്‍ സമരം ആരംഭിച്ചു. ആ സമരം കഴിഞ്ഞ 6 മാസമായി തുടരുന്നു. ലോക്കൌട്ട് പിന്‍വലിക്കാനോ വിആര്‍എസ് സംബന്ധിച്ച് തൊഴിലാളികള്‍ നിര്‍ദ്ദേശിച്ച പാക്കേജ് അനുവദിക്കാനോ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല. തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്‍റ് വഴങ്ങിയിട്ടില്ല. കഴിഞ്ഞ 6 മാസമായി സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ തേയില പറിച്ചു വിറ്റാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. മൂന്നാറില്‍ പൊമ്പുളൈ ഒരുമൈ സമരത്തിന് ഏറെ മാധ്യമ ശ്രദ്ധ കിട്ടുമ്പോഴും ഒരു കൂട്ടം തോട്ടം തൊഴിലാളികള്‍ നടത്തുന്ന അതിജീവന  സമരം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. എതിര്‍പക്ഷത്ത് ഒരു ജനപ്രതിനിധി കൂടിയായ മുസ്ലീം ലീഗിന്റെ എംപി പി.വി അബ്ദുള്‍ വഹാബിന്റെ സഹോദരന്‍ ആയിട്ടു കൂടി തൊഴിലാളികള്‍ക്ക് അനുകൂലമായ ഒരു നടപടിയും ഈ കാര്യത്തില്‍ ഉണ്ടാകുന്നില്ല.

ചെമ്പ്ര എസ്റ്റേറ്റ് അല്‍പ്പം ചരിത്രം
ഗുജറാത്തുകാരായ എസ്കെ മോട്ടോഴ്സിന്റെ തോട്ടമായിരുന്നു ചെമ്പ്ര എസ്റ്റേറ്റ്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് അവരാണ് ഇത് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരുന്നത്. അവരിത് നടത്തുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശിയായ മോഹന്‍ കുമാര്‍ എന്നൊരാള്‍ക്ക് എസ്റ്റേറ്റ് കൈമാറുന്നത്. അന്ന് വയനാട്ടിലെ ഏറ്റവും പേരുകേട്ട തോട്ടമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ നല്ല ഫ്ലേവര്‍ കിട്ടുന്ന, രുചിയുള്ള തേയില ഉത്പാദിപ്പിക്കുന്ന, കുനൂരും കോയമ്പത്തൂരും നടക്കുന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ പ്രൈസ് കിട്ടിയിരുന്ന ടീ ആയിരുന്നു ചെമ്പ്ര ടീ. കെ.എം മാത്യു എന്ന ഒരു ക്യാപ്റ്റനായിരുന്നു ഇവിടത്തെ മാനേജര്‍. അദ്ദേഹം ശരിക്കും ഇത് കയ്യടക്കുന്നപോലെ ആയിരുന്നുവെന്നും പക്ഷേ എസ്റ്റേറ്റ് നല്ല നിലയില്‍ തന്നെയാണ് നടത്തിക്കൊണ്ടിരുന്നത് എന്നും ഒടുവില്‍ ഈ മാനേജരെ ഒഴിവാക്കാന്‍ വേണ്ടി എസ്റ്റേറ്റ് മോഹന്‍ കുമാറിന് വിറ്റു എന്നുമാണ് അന്ന് കേട്ട കഥ.

മോഹന്‍ കുമാര്‍ ബോംബെയില്‍ ബിസിനസുകാരനായിരുന്നു. ഇയാള്‍ ദുരൂഹമായിട്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചു മരണപ്പെടുകയാണുണ്ടായത്. അത് കൊലപാതകം ആണെന്ന് തന്നെ സംശയം ഉണ്ടായിട്ടും വ്യക്തമായ ഒരന്വേഷണവും ഇക്കാര്യത്തില്‍ ഉണ്ടായില്ല. മോഹന്‍ കുമാര്‍ ഈ എസ്റ്റേറ്റിന്‍റെ പേരില്‍ ബാങ്ക് ഓഫ് ടോക്കിയോവില്‍ നിന്നു മൂന്നരക്കോടി രൂപ കടമെടുത്തിരുന്നു. ആ ലോണ്‍ നില്‍ക്കെയാണ് ഇദ്ദേഹം മരണപ്പെടുന്നത്. സ്വാഭാവികമായും കമ്പനി പിന്നീട് ശിഥിലമായിപ്പോയി. പിന്നെ ബോംബെ ഹൈക്കോടതിയില്‍ ബാങ്ക് ഓഫ് ടോക്കിയോ കേസ് കൊടുക്കുകയും 1992-ല്‍ എസ്റ്റേറ്റ് റിസീവര്‍ ഭരണത്തില്‍ വരികയും ചെയ്തു. പല സ്ഥലത്തും ഉള്ള പല ഏജന്‍സികളും വന്നു പോയി. റിസീവര്‍ നിശ്ചയിക്കുന്ന ഒരു സംഖ്യ കെട്ടി വെച്ചിട്ടാണ് ഏജന്‍സിയെ കണ്ടെത്തുന്നത്. അവിടെ റിസീവര്‍ക്ക് താത്പര്യമുള്ളവര്‍ ഏജന്‍സിയായി വരും.

[caption id="attachment_76931" align="aligncenter" width="550"] ചെമ്പ്ര എസ്റ്റേറ്റ്[/caption]

മുസ്ലീം ലീഗ് രാജ്യസഭ എം പി  പി.വി അബ്ദുള്‍ വഹാബിന്റെ സഹോദരന്‍ പി.വി അലിമുബാറക്ക് ഡയറക്ടറായിട്ടുള്ള ഫാത്തിമ ഫാംസ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് മുന്‍പ് തോട്ടം നടത്തിയിരുന്നത് ജനതാദള്‍ നേതാവായ അഡ്വക്കേറ്റ് ജോര്‍ജ് പോത്തനാണ്. ആ കാലത്ത് തുടക്കത്തില്‍ വല്യ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രശ്നങ്ങള്‍ ആരംഭിച്ചു. പിരിഞ്ഞു പോയ 93 പേര്‍ക്ക് ഗ്രാറ്റുവിറ്റി കൊടുക്കാന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അതൊരു സമരമായി മാറുകയായിരുന്നു. പിന്നാലെ എസ്റ്റേറ്റ് ലോക്കൌട്ട് പ്രഖ്യാപിച്ചു. സമരവും ലോക്കൌട്ടും രണ്ടര മാസത്തോളം നീണ്ടു നിന്നു. അതിനിടയില്‍ ബോംബെയില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടായി. അതായത് ബാങ്ക് നിര്‍ബ്ബന്ധം ചെലുത്തി റിസീവര്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലേക്ക് കേസ് ഹാന്‍റ് ഓവര്‍ ചെയ്തു. അങ്ങനെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ തോട്ടം ലേലത്തിന് വെച്ചതിനെ തുടര്‍ന്നാണ് 2000ല്‍ ഫാത്തിമ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് ഇത് ഏറ്റെടുക്കുന്നത്.

ഫാത്തിമ ഫാംസ് ഏറ്റെടുത്തതിന് ശേഷം എസ്റ്റേറ്റ് നശിച്ചു
നാലു കോടി പത്തു ലക്ഷം രൂപയ്ക്കാണ് വാങ്ങിച്ചത് എന്നാണ് പുറത്തുവന്ന കണക്കുകള്‍. ഏകദേശം അഞ്ചു വര്‍ഷത്തോളം അവരിത് കുഴപ്പമില്ലാതെ കൊണ്ടു നടന്നു. പക്ഷേ തുടക്കത്തില്‍ തന്നെ ഇതിനൊരു മിസ്മാനേജ്മെന്‍റ് ഉണ്ടായിരുന്നു. ഒന്ന് തേയില വ്യവസായത്തെ കുറിച്ച് വലിയ അവഗാഹം ഒന്നും പുതിയ കമ്പനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഞങ്ങളുടെ അനുഭവം. പക്ഷേ അത് രൂക്ഷമാകുന്നത് നാലഞ്ചു വര്‍ഷം മുന്‍പ് മുതലാണ്. അതിനിടയില്‍ ഈ തേയില മേഖലയില്‍ പ്രതിസന്ധിയും കൂടെ വന്നപ്പോള്‍ സ്വാഭാവികമായും നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ല എന്നു പറഞ്ഞിട്ട് പുതിയ പുതിയ പാക്കേജുകള്‍ കൊണ്ടു വന്നു.


ഒന്ന് വളം ചെയ്യല്‍ നിര്‍ത്തി. ചെടിയില്‍ എന്തെങ്കിലും കൊടുത്താലല്ലേ നല്ല ഇല ഉണ്ടാവുകയുള്ളൂ. രണ്ടാമത്തേത് എന്താണെന്ന് വെച്ചാല്‍ ലേബര്‍ സിസ്റ്റത്തില്‍ തന്നെ മാറ്റം വരുത്താന്‍ തുടങ്ങി. സിസ്റ്റം മാറ്റുമ്പോള്‍ സ്വാഭാവികമായി ലൂസ് ആകാനും സാധ്യതയുണ്ട്. സിസ്റ്റത്തില്‍ മാറ്റം വരുത്തുക എന്നു പറഞ്ഞാല്‍ മുമ്പ് ചെടിയെയും കൂടെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഹാര്‍വസ്റ്റിംഗ് നടത്തിയിരുന്നത്. സാധാരണ റിസീവര്‍ ഭരണത്തില്‍ ഏജന്‍സികള്‍ മാത്രമാണ് കൂടുതല്‍ ഹാര്‍വസ്റ്റിംഗ് ആവേറേജ് നോക്കിക്കൊണ്ടിരുന്നത്. അതായത് കൂടുതല്‍ ആവറേജ് ഉണ്ടാക്കി ഉത്പാദനം കൂട്ടി അവര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്നുള്ളതാണ്. ഈ മാനേജ്മെന്‍റ് ചെയ്തത് എന്താണെന്ന് വെച്ചാല്‍ ഉത്പാദനം കൂട്ടാന്‍ വേണ്ടിയിട്ട് തൊഴിലിന്റെ ഏറ്റവും പ്രധാനമായ ചെടികളെ ശ്രദ്ധിക്കാതെ ആവറേജ് കൂട്ടാന്‍ ശ്രമിച്ചു. മൊത്തം തൊഴിലാളികള്‍ പറിക്കുന്ന ചപ്പിന്‍റെ ആവറേജ് കൂട്ടാന്‍ ശ്രമിച്ചു. സ്വാഭാവികമായും ചെടികളുടെ കരുത്ത് നശിക്കാന്‍ തുടങ്ങി. അങ്ങനെ ലാഭം എടുക്കാന്‍ തുടങ്ങിയപ്പോള്‍ നാല് ലക്ഷത്തോളം ചെടികള്‍ ഉണങ്ങിപ്പോയി എന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത്
.” എസ്റ്റേറ്റ് സൂപ്പര്‍വൈസറും സമരസമിതി നേതാവുമായ സാബു പറയുന്നു.

അത് വരുമാനത്തെ ബാധിച്ചു. സ്വാഭാവികമായിട്ടും ക്രൈസിസ് ഒന്നുകൂടി കൂടുമല്ലോ. അവരതിന് കണ്ടെത്തിയ ഉപായം തൊഴിലാളികള്‍ വിആര്‍എസ് എടുത്തിട്ട് പോകുക എന്നുള്ളതാണ്. തൊഴിലാളികള്‍ക്ക് ഒരു പാട് ആനുകൂല്യങ്ങള്‍ നാല്‍കാനുണ്ട്. ബോണസ്, ഗ്രാറ്റുവിറ്റി, അതുപോലെ തന്നെ കൂലി വര്‍ദ്ധനവ് വരുമ്പോള്‍ അത്, മെഡിക്കല്‍ അലവന്‍സ്, ഇയര്‍ലി നല്‍കുന്ന ലീവ് സെറ്റില്‍മെന്‍റ് അങ്ങനെ ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ടാകും. ഒരു സ്ഥിരം ലേബര്‍ ഇവിടുന്നു പോകുകയാണെങ്കില്‍ ഇതൊക്കെ ഒഴിവായിക്കിട്ടും. പകരം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴിലാളികളെ കൊണ്ടുവരിക എന്നുള്ളതായിരുന്നു പദ്ധതി. 312 തൊഴിലാളികളില്‍ 200 പേരും വിആര്‍എസ് എടുത്തു പോണം എന്നായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. അവര്‍ക്ക് 112 തൊഴിലാളികള്‍ മതി. ഒരു കാലത്ത് ആയിരത്തോളം തൊഴിലാളികള്‍ പണി എടുത്തിരുന്ന എസ്റ്റേറ്റാണ് ഇത് എന്നോര്‍ക്കണം.
"തൊഴില്‍ വകുപ്പ് മന്ത്രിപോലും പരിഹസിച്ച വി ആര്‍ എസ് പാക്കേജ്
അത്യാവശ്യം ജീവിതത്തിനു മുട്ടില്ലാതെ പോകുന്ന തൊഴിലാളികള്‍ക്ക് ഇപ്പോഴത്തെ തോട്ടം തൊഴിലിനോട് വല്യ താത്പര്യം ഒന്നും ഇല്ല. മതിയായ വേതനവും ഇല്ല. എസ്റ്റേറ്റിന്റെ പോക്കും അങ്ങനെയാണ്. അര്‍ഹമായ വേതനം കിട്ടിയാല്‍ പിരിഞ്ഞു പോകാം എന്ന് അവര്‍ മാനേജ്മെന്‍റുമായി സംസാരിച്ചപ്പോള്‍ പറഞ്ഞു. അവര്‍ മുന്നില്‍ വെക്കുന്ന പാക്കേജ് അര്‍ഹമായതാണോ എന്നു ഞങ്ങള്‍ക്ക് ഇതുവരെ ബോധ്യമായിട്ടില്ല. കാരണം മിനിസ്റ്ററുടെ മുന്നില്‍ തന്നെ അവര്‍ വെച്ച പാക്കേജ് ശരിക്കും തൊഴിലാളികളെ പുച്ഛിക്കുന്ന തരത്തിലായിരുന്നു. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷം പണിയെടുത്ത, ഇനി ഇരുപതു വര്‍ഷം പണിയെടുക്കാന്‍ കഴിയുന്ന തൊഴിലാളിക്ക് ഒരു ലക്ഷത്തി ഇരുപത്തി മൂവായിരം രൂപയാണ് മാക്സിമം കൊടുക്കുന്ന ബെനിഫിറ്റ്. ഇന്നത്തെ ഒരു മണി വാല്യു വെച്ചിട്ട് അതിന്‍റെ വലിപ്പം എത്രയാണെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ആ പാക്കേജിനെ തൊഴില്‍ മന്ത്രി മന്ത്രി ടിപി രാമകൃഷ്ണനും ഐ എന്‍ ടി യു സിയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത ആര്യാടന്‍ മുഹമ്മദും പരിഹസിക്കുകയുണ്ടായി
.” സാബു പറഞ്ഞു.

തൊഴിലാളികള്‍ തോട്ടം ഏറ്റെടുക്കുന്നു
തോട്ടം പൂട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍ തൊഴിലാളികള്‍ സത്യഗ്രഹം തുടങ്ങി. പത്തു ദിവസം സത്യാഗ്രഹം ഇരുന്നു. വിവിധ ഘട്ടങ്ങളില്‍ വിവിധ രീതികളില്‍ ചര്‍ച്ച നടന്നു.

അവരുടെ അന്തിമ ലക്ഷ്യം എന്താണെന്ന് വെച്ചാല്‍ തൊഴിലാളികള്‍ പിരിഞ്ഞു പോകും എന്നു യൂണിയനുകള്‍ കമ്മിറ്റ് ചെയ്യണം. അത് ഒരു യൂണിയനും കമ്മിറ്റ് ചെയ്തില്ല. എന്നോടു പിരിഞ്ഞു പോകാന്‍ എന്റെ യൂണിയന്‍ പറയില്ലല്ലോ. തൊഴിലാളിക്ക് ബോധ്യമായ പാക്കേജാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ തൊഴിലാളി പോകാന്‍ തയ്യാറാണെങ്കില്‍ യൂണിയന്‍ തടയില്ല. അതാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. രണ്ടു വര്‍ഷമായിട്ട് തൊഴിലാളികള്‍ക്ക് അതാത് മാസങ്ങളില്‍ ശമ്പളം കിട്ടുന്നില്ല. മൂന്നു മാസം, നാലു മാസം കൂടുമ്പോഴാണ് ശമ്പളം കിട്ടുന്നത്. അതിദയനീയമായ അവസ്ഥയുള്ള ഒത്തിരി പേരുണ്ട്. ഒരു സ്ത്രീ മാത്രം ജോലി ചെയ്തു കുടുംബം പോറ്റുന്ന കുടുംബങ്ങളുണ്ട്. കുടുംബത്തില്‍ ആണുങ്ങള്‍ ഇല്ലാത്ത ഒരുപാട് സ്ത്രീ തൊഴിലാളികള്‍ ഉണ്ട് ഇവിടെ. അവരെ നിലനിര്‍ത്തിക്കൊണ്ട് പോകുക എന്നതിന്റെ ഭാഗമായിട്ടാണ് സമരസമിതി തോട്ടം സ്വയം ഏറ്റെടുത്തത്. ഒരുപാട് ദിവസം സത്യഗ്രഹം ഇരുന്നാലൊന്നും അവരുടെ വയറ്റില്‍ ഒന്നും ചെല്ലില്ല. അതുകൊണ്ട് ഞങ്ങള്‍ തോട്ടം ഏറ്റെടുത്തു. തൊഴിലാളികള്‍ ചപ്പ് പറിക്കുകയും സമരസമിതി അത് പുറത്തു വിറ്റ് അവര്‍ക്കാവശ്യമായ വേതനം നല്കുകയും ചെയ്യുകയുമാണ് ചെയ്യുന്നത്.


ഓരോ തൊഴിലാളിയും ദിവസം 30 കിലോ വെച്ചു പ്ലക്ക് ചെയ്യണം. അവര്‍ക്ക് നിലവില്‍ കിലോയ്ക്ക് 12 രൂപ വെച്ചു സമര സമിതി കൊടുക്കും.  അതിനു പുറമെ സൂപ്പര്‍വൈസര്‍മാരും ചപ്പ് കയറ്റി അയക്കുന്നവരും ഒക്കെയുണ്ട്. അവര്‍ക്ക് ഒരു ദിവസം 300 രൂപ വെച്ചു കൊടുക്കും. രാവിലെ 8 മണിമുതല്‍ പത്തു മണിവരെ രണ്ട് മണിക്കൂറെ പണിയെടുക്കേണ്ടതുള്ളൂ. വൈകുന്നേരം വേണമെങ്കില്‍ എടുക്കാം. അത് എന്തിനാണ് ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത് എന്നു വെച്ചാല്‍ തേയിലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നോണ്‍ സീസണില്‍ തേയിലക്ക് ഗ്രോത്ത് ഉണ്ടാവില്ല. എല്ലാം ഒന്നിച്ച് പറിച്ചാല്‍ എല്ലാ ദിവസവും വരുമാനം ഉണ്ടാവില്ലല്ലോ. അതുകൊണ്ടാണ് 30 കിലോ ആക്കി നിജപ്പെടുത്തിയത്. ഒന്നിച്ച് കാശ് കയ്യില്‍ കിട്ടി അത് നശിപ്പിച്ച് കളയുന്നതിന് പകരം അതാത് ദിവസത്തെ ചിലവുകള്‍ കഴിഞ്ഞു പോകാനുള്ള കാശ് കൊടുക്കുക എന്നുള്ളതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായിട്ടാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട് എന്നല്ലാതെ ഇതുകൊണ്ട് എല്ലാം ആയി എന്നു പറയാന്‍ പറ്റില്ല. പട്ടിണി കിടക്കാതിരിക്കും എന്നു മാത്രം. കുട്ടികളുടെ പഠനം ഉണ്ട്, ചികിത്സയുണ്ട്, മറ്റ് കാര്യങ്ങള്‍ ഉണ്ട്. തുടക്കത്തില്‍ ഞങ്ങള്‍ മേപ്പാടിയിലെ പി എച്ച് സിയിലെ ആളുകളുമായി സംസാരിച്ച് അവര്‍ ഇവിടെ വന്നു നോക്കി പോകുമായിരുന്നു. അവിടത്തെ ഡോക്ടര്‍ ട്രാന്‍സ്ഫറായി പോയതോടെ അത് നിലച്ചു. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും ഹോസ്പിറ്റലില്‍ നിന്നും ഉള്ള സഹായം അല്ലാതെ വേറൊന്നും ഇല്ല. ക്യാന്‍സര്‍ രോഗികളായി തീരെ വയ്യാതെ കിടക്കുന്ന കുറച്ചു രോഗികള്‍ ഉണ്ട്. അവരെയൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും എല്ലാവരും ചെറിയ പൈസ പിരിച്ച് ചികിത്സ അത്യാവശ്യമാകുന്ന ഘട്ടങ്ങളില്‍ സഹായിക്കാറുണ്ട്
.” സാബു പറഞ്ഞു

ഇത്രയും ആയിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നു ഫലപ്രദമായ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല എന്നു വന്നപ്പോള്‍ തൊഴിലാളികള്‍ തങ്ങളുടെ സമരരീതി ഒന്നു കൂടി കടുപ്പിച്ചു.  ഇരുപതു സെന്‍റ് വീതം അളന്ന് 312 പ്ലോട്ടുകളായി തിരിച്ച് തൊഴിലാളികളെയെല്ലാം വിളിച്ചു ചേര്‍ത്ത് അവര്‍ക്ക് നല്‍കാനാണ് തീരുമാനം.

[caption id="attachment_76924" align="aligncenter" width="550"] അടച്ചിട്ടിരിക്കുന്ന എസ്റ്റേറ്റ് ഓഫീസ്
[/caption]

“അതും ഒരു സമര മാര്‍ഗ്ഗമാണ്. അതിലും പ്രതികരണം ഉണ്ടായില്ലെങ്കില്‍ അവിടെ വീട് കെട്ടും. അതിനു പുറമെ ബാക്കിയുള്ള തോട്ടം തോട്ടമായിട്ട് തന്നെ ചെമ്പ്ര എസ്റ്റേറ്റ് സംയുക്ത സമര സമിതി കൊണ്ടു നടക്കും. എല്ലാ യൂണിയനും കൂടി ഒറ്റക്കെട്ടായിട്ടാണ് സമരം ചെയ്യുന്നത്. ചിലപ്പോള്‍ കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമരം നടക്കുന്നത്. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ പട്ടിണിയാകാതെ തൊഴില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ സമരം നടക്കുന്നത്. സമരത്തില്‍ രാഷ്ട്രീയം വല്ലാതെ കലര്‍ന്നിട്ടില്ല. അതില്‍ ഒരു ഏക സ്വരം ഉണ്ട്. ഇതിനെ സഹായിക്കാന്‍ സംയുക്ത സമര സഹായ സമിതിയുണ്ട്. എല്ലാ യൂണിയനുകളുടെയും ജില്ലാ തലത്തിലും സ്റ്റേറ്റിലും ഉള്ള ആളുകള്‍ അതില്‍ ഉണ്ട്. അതിന്‍റെ സെക്രട്ടറി ഐ എന്‍ യു സി നേതാവായ വി കെ അനില്‍കുമാറാണ്. സി ഐ ടി യു സെക്രട്ടറിയായിട്ടുള്ള ഗഗാറിനാണ് അതിന്‍റെ കണ്‍വീനര്‍. മറ്റെല്ലാ യൂണിയനിലെയും ആളുകള്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. എസ്റ്റേറ്റിലെ യൂണിയന്‍ ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള സഹായ സമിതിയാണ് അത്.”
സാബു കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്‍റ് തലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി രണ്ട് യോഗം വിളിച്ചു ചേര്‍ത്തു. ഒന്നു കോഴിക്കോട് വെച്ചും മറ്റൊന്ന് തിരുവനന്തപുരത്തു വെച്ചും. ആദ്യത്തെ യോഗത്തില്‍ തോട്ടം തുറക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ആരാഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ വിവരം പറയാമെന്നും പത്താമത്തെ ദിവസം ഡേറ്റ് പറയാം എന്നും പറഞ്ഞിട്ടാണ് അവര്‍ പോയത്. എംഡി യുടെ മകളുടെ വിവാഹം കാരണം അവര്‍ വീണ്ടും ഡേറ്റ് എക്സ്റ്റന്‍റ് ചെയ്തു. മാര്‍ച്ച് ഒന്നാം തിയ്യതി തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ വെച്ചു യോഗം നടന്നു. ആ യോഗത്തില്‍ ഏഴു ദിവസം കൊണ്ട് തോട്ടം തുറക്കാനുള്ള സമയം സര്‍ക്കാര്‍ അവര്‍ക്ക് അനുവദിക്കുകയാണ് ഉണ്ടായത്. ഏഴു ദിവസത്തിനുള്ളില്‍ അവര്‍ ഒന്നും പറഞ്ഞില്ല. അതിനിടയില്‍ മന്ത്രിക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് മറ്റ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല.

മാനേജ്മെന്‍റ് പ്രതിനിധികള്‍ സമരത്തെ പൊളിക്കാന്‍ നോക്കുന്നു
ഇവിടെ ഇപ്പോഴുള്ള മാനേജ്മെന്റിന്റെ ഫീല്‍ഡ് ഓഫീസര്‍മാരും മറ്റും അടങ്ങുന്ന സ്റ്റാഫുകള്‍ സമരത്തെ പൊളിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്നുണ്ട്. നിലവില്‍ അവര്‍ക്ക് ശമ്പളം ഉണ്ട്. അവരുടെ ദൌത്യം എന്താണെന്ന് വെച്ചാല്‍ സമര സമിതിയെ പൊളിക്കുക എന്നുള്ളതാണ്.

“ഏപ്രില്‍ രണ്ടാമത്തെ ആഴ്ച പ്ലോട്ട് അളന്നു തിരിക്കുമ്പോള്‍ അവര്‍ വന്നു സംഘര്‍ഷം ഉണ്ടാക്കി. അവര്‍ പോലീസിനെ കൊണ്ട് വന്നു. ഞങ്ങള്‍ അവരോടു പറഞ്ഞിരിക്കുന്നത് ഞങ്ങള്‍ അളന്നു പ്ലോട്ട് തിരിച്ച് അവകാശം സ്ഥാപിച്ച സ്ഥലത്ത് യാതൊരു കാരണവശാലും കയറരുത് എന്നാണ്. കയറിയാല്‍ ഞങ്ങള്‍ അതിനനുസരിച്ച് നേരിടും എന്നു പറഞ്ഞിട്ടുണ്ട്. പോലീസുകാരുടെ മുന്നില്‍ വെച്ചു തന്നെയാണ് പറഞ്ഞത്. സമരം പൊളിക്കാന്‍ അവര്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എവിടേയും കയ്യില്‍ എടുക്കാന്‍ പറ്റുന്ന കുറെ തൊഴിലാളികള്‍ ഉണ്ട്. അങ്ങനെ കുറച്ചു തൊഴിലാകളെ അവര്‍ കയ്യിലെടുത്തിരുന്നു. ഓരോ ഘട്ടത്തിലും സമര സമിതി ജാഗ്രതയോടെ അതിനെ നേരിടുകയും തിരുത്താന്‍ പറ്റുന്നവരെ തിരുത്തുകയും ഒറ്റപ്പെടുത്തേണ്ടവരെ ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ആ കളികളൊന്നും വിജയിച്ചിട്ടില്ല. ആറുമാസത്തോളമായില്ലേ സമരം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിന് മുന്നേ സമരം പൊളിഞ്ഞുപോയേനെ.
” സാബു പറഞ്ഞു.

[caption id="attachment_76930" align="aligncenter" width="550"] സാബു, അജയന്‍, മുഹമ്മദ്‌, രുക്മിണി, ലക്ഷ്മി[/caption]

നൂറുവര്‍ഷമായിട്ട് തലമുറകളായി ഇവിടെ ജോലിചെയ്തു വരുന്നവരാണ് ഭൂരിഭാഗവും. ഈ അടുത്ത കാലത്ത് ഇവിടെ വന്നു താമസിക്കുന്നവര്‍ ഇല്ല. 312 തൊഴിലാളികള്‍ എന്നു പറയുമ്പോള്‍ അവരെ ആശ്രയിച്ച് ജീവിക്കുന്ന ഏകദേശം രണ്ടായിരം - രണ്ടായിരത്തി അഞ്ഞൂറ് ആള്‍ക്കാരുണ്ട്. മറ്റ് തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും തോട്ടം തൊഴിലാളികള്‍ തന്നെയാണ് കൂടുതല്‍.

312 തൊഴിലാളികളില്‍ 80 പുരുഷന്മാരെയുള്ളൂ. ബാക്കിയെല്ലാം സ്ത്രീകളാണ്. അതും ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന നൂറ്റിപ്പത്തോളം സ്ത്രീ തൊഴിലാളികള്‍ ഉണ്ട്. ഈ വേതനം കൊണ്ട് മാത്രമാണ് അവരുടെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത്. അതിന്‍റെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. കൂലി എന്നു പറയുന്നത് 312 രൂപ 67 പൈസയാണ്. മറ്റ് ആനുകൂല്യങ്ങള്‍ ഒക്കെ കൂടെ ചേര്‍ത്താലായിരിക്കും ഒരു 450 രൂപ കിട്ടുക. ചിട്ടിയും മറ്റ് അഡ്വാന്‍സുകളും കഴിഞ്ഞിട്ട് മാസം 4000 രൂപയൊക്കെയായിരിക്കും കയ്യില്‍ കിട്ടുക. ഈ തൊഴിലാളികളുടെ ജീവിത സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവര്‍ പിരിഞ്ഞു പോകാന്‍ പറയുന്നത്.

നിലവിലെ തൊഴിലാളികളില്‍ പലരും ഏകദേശം ഇരുപതു - മുപ്പതു വര്‍ഷം ഇനിയും തൊഴില്‍ എടുക്കാന്‍ കഴിയുന്നവരാണ്. പ്ലാന്റേഷന്‍ ആക്ട് പ്രകാരം സാധാരണ തൊഴിലാളികള്‍ക്ക് 50 വയസ്സുവരെയാണ്. എന്നാല്‍ ചെമ്പ്ര എസ്റ്റേറ്റില്‍ പണ്ടുമുതലെ 60 വയസ്സാണ്.

തൊഴിലാളികള്‍ക്ക് പറയാനുള്ളത്
“ഞാനിപ്പോള്‍ പത്തിരുപത്  വര്‍ഷമായി തേയില നുള്ളുന്ന ജോലി ചെയ്യുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബവും എന്റെ കുടുംബവും ഒക്കെ ഈ തോട്ടത്തില്‍ തന്നെ ജോലി ചെയ്തവരാണ്. തലമുറകളായി ഈ ജോലി തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഇപ്പോള്‍ എല്ലാവരുടെയും ജോലി വല്യ കഷ്ടത്തിലാണ്. പെട്ടെന്നു ജോലി ഇല്ലാതാകുന്നു; ഇറങ്ങിപ്പോകാന്‍ ഒരിടം പോലും ഇല്ലാത്തവരാണ് പലരും. എനിക്കു രണ്ട് മക്കളാണ്, അവരൊക്കെ പഠിക്കുകയാണ്. തോട്ടം പൂട്ടിയപ്പോള്‍ ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലാണ് ഉള്ളത്. എല്ലാ യൂണിയന്‍ കാരും ഞങ്ങള്‍ക്ക് സപ്പോര്‍ട്ട് ഉണ്ട്. എന്തിനും ഞങ്ങള്‍ പിറകില്‍ ഉണ്ടാവും എന്നവര്‍ പിന്തുണ തന്നിട്ടുണ്ട്. ഇപ്പോള്‍ ഇരുപതു സെന്‍റാണ് ഞങ്ങള്‍ അളന്നെടുത്തത്. ഇനിയും ഇവര്‍ തോട്ടം തുറന്നു തന്നിട്ടില്ലെങ്കില്‍ മൊത്തം തോട്ടവും ഞങ്ങള്‍ കയ്യേറുക തന്നെ ചെയ്യും. എന്തു തന്നെ കഷ്ടപ്പെടേണ്ടി വന്നാലും ഞങ്ങള്‍ തൊഴിലാളികള്‍ അത് ചെയ്യും.”
രുഗ്മിണി എന്ന തൊഴിലാളി സ്ത്രീ പറഞ്ഞു.

“തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സ്ഥലമോ സ്വന്തമായ വീടോ ഒന്നും ഇല്ല. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പാടികളിലാണ് കൂടുതല്‍ പേരും താമസിക്കുന്നത്. ചിലര് വല്ലാതെ ചോര്‍ന്നൊലിക്കുമ്പോള്‍ അവരുടെ കയ്യില്‍ നിന്നു പൈസ മുടക്കിയിട്ട് കുറച്ചു നന്നാക്കിയിട്ടൊക്കെയാണ് താമസിക്കുന്നത്. ചില പാടികളൊക്കെ അങ്ങേയറ്റം കഷ്ടത്തിലാണ്. ഈ മഴക്കാലം കഴിഞ്ഞു പോകുമോ എന്നു തന്നെ സംശയമാണ്.” സായുക്ത സമര സമിതി കമ്മിറ്റി അംഗം കൂടിയായ രുഗ്മിണി കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ ഇരുപതു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ജനിച്ചു വളര്‍ന്നത് ഇവിടെയാണ്. ചെറുപ്പത്തിലെ ഞാന്‍ ഇവിടെ ജോലി ചെയ്തു തുടങ്ങിയിരുന്നതാണ്. ഞാനും ഭര്‍ത്താവും മാത്രമേയുള്ളൂ. മക്കള്‍ മാഢ്യയിലാണ്. ഇവര്‍ കൃത്യമായ നഷ്ടപരിഹാരം തരികയാണെങ്കില്‍ ഞങ്ങള്‍ പോകാന്‍ തയാറാണ്. എന്റെ ഭര്‍ത്താവിന് ജോലിയൊന്നും ഇല്ല. എന്റെ വരുമാനം മാത്രമേയുള്ളൂ. ഒരു വരുമാനവും ഇല്ലാതെ ഞങ്ങള്‍ ഇവിടുന്നു പോയിട്ട് എന്തു ചെയ്യാനാണ്.” കര്‍ണ്ണാടക സ്വദേശിയായ ലക്ഷ്മി പറയുന്നു

[caption id="attachment_76928" align="aligncenter" width="550"] പാഡി[/caption]

ഇപ്പോഴത്തെ കുട്ടികള്‍ ആരും തോട്ടത്തില്‍ ഇറങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല. അവരൊക്കെ പഠിക്കുന്നുണ്ട്. ലോക്കല്‍ തൊഴിലാളികളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് കമ്പനി പരസ്യം ഒക്കെ കൊടുത്തു. പക്ഷേ ആളെ കിട്ടാനില്ല. ആര്‍ക്കും ഈ തൊഴില്‍ വേണ്ട. പിന്നെ ഈ മരുന്നൊക്കെ അടിച്ചിട്ട് എല്ലാവര്‍ക്കും അസുഖമാണ്. എന്നെ പോലെ തന്നെ. ആ തരത്തിലുള്ള കെമിക്കല്‍സാണ് അടിക്കുന്നത്. ആദ്യകാലത്ത് ഞാനും കുറെ മരുന്ന് അടിച്ചിട്ടുണ്ട്. ഒരു സെക്യൂരിറ്റിയും ഇല്ലാതെയാണ് മരുന്നടിക്കുന്നത്. ക്യാന്‍സറും കിഡ്നി സംബന്ധമായ അസുഖവുമുള്ളവര്‍ ഇവിടെയുണ്ട്. പാലിയേറ്റിവിന്റെ പ്രവര്‍ത്തനമൊക്കെ മുന്‍പ് ഉണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ എല്ലാവരും ചെറിയ പൈസ ഒക്കെ എടുത്തിട്ടാണ് ഇവരെ സഹായിക്കുന്നത്. ഞാന്‍ തന്നെ ഹാര്‍ട്ട് ചികിത്സയ്ക്ക് പുട്ടപര്‍ത്തിയില്‍ പോയത് ഇവിടെ കാണിക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടാണ്. മാനേജ്മെന്‍റ് ഒരു പത്തു പൈസ സഹായിക്കില്ല. ഞങ്ങള്‍ പത്തും അമ്പതും പിരിവെടുക്കുമ്പോള്‍ മാനേജ്മെന്റിന്റെ ആള്‍ക്കാര്‍ ഒരു പത്തു രൂപ പോലും തരില്ല
.” വടകര സ്വദേശിയായ എസ്റ്റേറ്റിലെ പ്ലമ്പിംഗ് തൊഴിലാളിയായ ജയരാജ് പറയുന്നു. ജയരാജിന്റെ അച്ഛന്‍ എസ്റ്റേറ്റിന്റെ തുടക്ക കാലം മുതലേ ഇവിടത്തെ തൊഴിലാളിയായിരുന്നു.

പുതിയ മാനേജ്മെന്‍റ് എസ്റ്റേറ്റ് വാങ്ങിച്ചതിന് ശേഷം ആദ്യം ചെയ്തത് തോട്ടത്തിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് വില്‍ക്കുക എന്നുള്ളതായിരുന്നു; വല്യ ഈട്ടികള്‍ ഉണ്ടായിരുന്നു. ഇവര്‍ ഇത് വാങ്ങിച്ച ഉടനെ ഈട്ടികള്‍ മുഴുവന്‍ വെട്ടിക്കൊണ്ട് പോയി. മരം വെട്ടാനുള്ള പെര്‍മിഷന്‍ ഒക്കെ ഇവര്‍ വാങ്ങിയിട്ടുണ്ടാവും. അവര് അതിനൊക്കെ കഴിവുള്ള ആളുകള്‍ അല്ലേ. ഏകദേശം മുപ്പതു ലോഡില്‍ അധികം ഈട്ടി ഇവിടെ നിന്നു ഇവര്‍ മുറിച്ച് കൊണ്ട് പോയിട്ടുണ്ട്. ഒരു മരത്തിന്റെ നാലിലൊന്നേ ഒരു ലോറിയില്‍ കയറ്റാന്‍ പറ്റുമായിരുന്നുള്ളൂ. അത്രയും വലിയ മരങ്ങളാണ്.


പിവി അബ്ദുള്‍വഹാബിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും പറയും അദ്ദേഹം എല്ലാവരെയും സഹായിക്കുന്ന ആളാണ്, പാവങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൊടുക്കും എന്നൊക്കെ. എന്നിട്ടാണ് ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അബ്ദുല്‍വഹാബ് ഇതൊന്നും അറിയുന്നില്ല എന്നും ആളുകള്‍ പറയുന്നുണ്ട്. വഹാബിന്റെ അനുജന്‍ ഇവിടെ ഇടയ്ക്കു വരും. അനുജന്‍ വരുന്ന ദിവസം ഇവിടെ ഭയങ്കര ആര്‍ഭാടമാണ്. അവര്‍ക്ക് ആര്‍ഭാടം, ഞങ്ങള്‍ക്കല്ല. ഒരു ജീപ്പുണ്ട് ഇവിടെ; അതില്‍ ഒരു സ്റ്റാഫിനെയും രണ്ട് തൊഴിലാളികളെയും വിടും. ഒരാള്‍ക്ക് ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ചുരുങ്ങിയത് ഏഴാളെ എങ്കിലും അവര്‍ ഇവിടുന്നു വിടും. അയാള്‍ നല്ല ഭക്ഷണം ഒക്കെ കഴിച്ചു റസ്റ്റ് ഒക്കെ എടുത്ത് അയാള്‍ പോകും. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അറിയാനോ മാനേജ് മെന്‍റിനെ ധരിപ്പിക്കാനോ ഒന്നും അയാള്‍ മിനക്കെടില്ല. മാനേജരാണെങ്കില്‍ രാവിലെ ഒന്‍പതു മണിക്ക് പുറത്തു വന്ന് കുറച്ചു നേരം ഫീല്‍ഡ് ഓഫീസര്‍മാരുമായി സംസാരിച്ച് പിന്നെ അയാളുടെ മുറിയില്‍ പോയിരിക്കും. പിന്നെ അയാള്‍ പുറത്തിറങ്ങില്ല. പിന്നെ എങ്ങനെയാണ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അറിയുക. കുടകില്‍ നിന്നുള്ള മാച്ചയ്യ എന്നൊരാളാണ് മാനേജര്‍. മാച്ചയ്യയുടെ കാര്യങ്ങള്‍ നോക്കാന്‍ ഡെയ്ലി അഞ്ചാള് വേണം. അതാണ് ഇവിടത്തെ അവസ്ഥ. അയാളുടെ വീട് വൃത്തിയാക്കാനും കക്കൂസില്‍ വെള്ളം ഒഴിക്കാനും ഒക്കെ തൊഴിലാളികള്‍ വേണം. അയാള്‍ തൊഴിലാളികളെ കൊണ്ട് പണി എടുപ്പിക്കുകയോ ഫീല്‍ഡ് ഓഫീസര്‍മാരെ കൊണ്ട് പണി എടുപ്പിക്കുകയോ ഒന്നും ചെയ്യില്ല. മാനേജ്മെന്റിന് കടുത്ത അനാസ്ഥയാണ്. അവര്‍ പണി എടുപ്പിക്കില്ല. പിന്നെ തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
.” കഴിഞ്ഞ 35 വര്‍ഷമായി ജോലി ചെയ്യുന്ന ടിഎ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മുഹമ്മദ് സംയുക്ത സമരസമിതി കണ്‍വീനറാണ്.

[caption id="attachment_76929" align="aligncenter" width="550"] തൊഴിലാളികള്‍ പ്ലോട്ട് തിരിച്ച് നമ്പര്‍ ഇട്ടിരിക്കുന്നു[/caption]

സമരം ഇപ്പോഴും തുടരുകയാണ്. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. രണ്ടു തവണ തൊഴില്‍ വകുപ്പ് മന്ത്രി മാനേജ്മെന്‍റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. രണ്ടാമത്തെ ചര്‍ച്ചയില്‍ ഏഴു ദിവസത്തിനകം തോട്ടം തുറക്കണം എന്നാണ് മന്ത്രി നിര്‍ദ്ദേശം കൊടുത്തത്. തോട്ടം തുറന്നതിന് ശേഷം പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്നും പറഞ്ഞിരുന്നു. അത് കഴിഞ്ഞിട്ട് ദിവസങ്ങളായി. സമരം തുടങ്ങിയിട്ട് ആറ് മാസമായി. ഇതുവരെ തൊഴിലാളികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ചപ്പ് പറിച്ചു വിറ്റിട്ടാണ് മുന്നോട്ട് പോയത്. ഇപ്പോള്‍ സമരസമിതിയുടെ സഹായത്തോടെ ഓരോ തൊഴിലാളിക്കും ഇരുപതു സെന്‍റ് ഭൂമി വെച്ചുഅളന്നു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം. തികച്ചും നിയമവിരുദ്ധമായ രീതിയില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് മാനേജ്മെന്‍റ് തോട്ടം പൂട്ടിയത്. എം.എല്‍.എ എന്ന നിലയില്‍ കാര്യങ്ങള്‍ വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും
.” കല്‍പ്പറ്റ എം.എല്‍.എ സികെ ശശീന്ദ്രന്‍ പറഞ്ഞു.

വയനാട്ടിലെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ചെമ്പ്ര പീക്ക്. ടൂറിസവുമായി ബന്ധപ്പെട്ട ചില പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ അടച്ചിടല്‍ എന്നാണ് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്. അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നറിയില്ല. നിലവിലെ പ്ലാന്‍റേഷന്‍ നിയമ പ്രകാരം 5 ശതമാനം ഭൂമി മാത്രമേ ടൂറിസത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റൂ. ആയിരം ഏക്കര്‍ ഉണ്ടെങ്കില്‍ അമ്പത് ഏക്കര്‍ മാത്രമേ അങ്ങനെ മാറ്റാന്‍ പറ്റൂ. ഇത് 777 എക്കറോളം ഉണ്ട്. നാല്‍പ്പത് ഏക്കര്‍ അല്ലാതെ മൊത്തമായി കമ്പനിക്ക് ടൂറിസത്തിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കില്ല.

ഏപ്രില്‍ 17, 18, 19 തിയ്യതികളില്‍ സംയുക്ത സമരസമിതി വില്ലേജ് ഓഫീസ് പിക്കറ്റ് ചെയ്യുകയുണ്ടായി. ഇപ്പോള്‍ 312 തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥലം പ്ലോട്ട് തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനിയും മാനേജ് മെന്‍റ് തൊഴിലാളി വിരുദ്ധ സമീപനം തുടരുകയാണെങ്കില്‍ തിരിച്ചെടുത്ത സ്ഥലത്ത് വീട് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികള്‍.

(പി.വി അബ്ദുള്‍ വഹാബ് എം പിയെ ബന്ധപ്പെട്ടെങ്കിലും താനല്ല എസ്റ്റേന്‍റിന്റെ ഉടമ എന്നാണ് അദ്ദേഹം പറഞ്ഞത്. ചെമ്പ്ര എസ്റ്റേറ്റ് ഉള്‍പ്പെടുന്ന ഫാത്തിമ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ പി വി അബ്ദുള്‍ വഹാബിന്റെ സഹോദരന്‍ പി വി അലിമുബാറക്കിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ വിയന്നയിലാണ് എന്ന മറുപടിയാണ് കിട്ടിയത്. കമ്പനിയെ പ്രതിനിധീകരിച്ച് ഇപ്പോള്‍ എസ്റ്റേറ്റിലുള്ള ഫീല്‍ഡ് ഓഫീസര്‍ എം വി ഉമേഷിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല).

Next Story

Related Stories