TopTop
Begin typing your search above and press return to search.

വയനാടിനെ പാകിസ്താനാക്കുന്നവരോട്, ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുക തന്നെ ചെയ്യും

വയനാടിനെ പാകിസ്താനാക്കുന്നവരോട്, ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുക തന്നെ ചെയ്യും

ആദിവാസികളുടെയും ദരിദ്ര കര്‍ഷകരുടെയും അധിവാസകേന്ദ്രമെന്ന നിലയില്‍ അവികസിത ജില്ലയായി വിശേഷിപ്പിക്കപ്പെടുന്ന വയനാട് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകലെയാണെന്ന ആവലാതി എക്കാലത്തുമുണ്ടായിരുന്നു. ഇതര ജില്ലകള്‍ക്കുള്ള പരിഗണന സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് വയനാടിന് ലഭിക്കുന്നില്ലെന്ന തോന്നലാണ് ഈ ആവലാതിക്ക് പിന്നില്‍. എന്നാലിപ്പോള്‍, വയനാട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തന്നെ ഭാഗമല്ലെന്നാണ് സംഘപരിവാര സംഘടനകളും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ അദ്ധ്യക്ഷനും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനായി ബി.ജ.പി ദേശീയതലത്തില്‍ ആരംഭിച്ച വര്‍ഗ്ഗീയ വിദ്വേഷം ലാക്കാക്കുന്ന നുണപ്രചരണം കാണുമ്പോഴാണ് അധികാരരാഷ്ട്രീയത്തിന്റെ ക്രൗര്യം എത്ര ഭയാനകമാണെന്ന് നാമറിയുക.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന അമിത് ഷായുടെ (നിഷ്‌കളങ്കമായ!) സംശയം വെറും അജ്ഞതയില്‍ നിന്നുണ്ടായതാവാന്‍ തരമില്ല. അധികാരലഹരിയില്‍ നിന്നും വര്‍ഗ്ഗീയോന്മാദത്തില്‍ നിന്നുമാണ് രാജ്യത്തിന്റെ അഖണ്ഡതയില്‍ത്തന്നെ സംശയം ജനിപ്പിക്കുന്ന ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നത്. മുമ്പ് ഇടതുപക്ഷത്തോടുള്ള അസഹിഷ്ണുത തീര്‍ക്കാനായി കേരളത്തിനെതിരെ രാജ്യവ്യാപകമായി സംഘപരിവാരം നടത്തിയ, പരാജയപ്പെട്ട വ്യാജ പ്രചരണങ്ങളുടെ ഒരു തുടര്‍ച്ചയാണ് വയനാടിനെ പാക്കിസ്താനുമായി താരതമ്യപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ ലജ്ജാകരമായ ഈ അശ്ലീലഭാഷണവും.

വയനാടിനെ പാക്കിസ്താന്റെ ഭാഗമായി ചിത്രീകരിക്കുവാന്‍ യോഗി ആദിത്യനാഥും അമിത് ഷായും കണ്ടെത്തുന്ന ന്യായം കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയിലെ മുഖ്യ ഘടകകക്ഷി ഇന്ത്യന്‍ നാഷനല്‍ മുസ്ലീം ലീഗാണെന്നതാണ്. ലീഗിന്റെ പച്ചക്കൊടി പാക്കിസ്ഥാന്‍ കൊടിയാണെന്ന് സ്ഥാപിക്കുന്ന വ്യാജപ്രചരണത്തിന്റെ ഒരു തുടര്‍ച്ചയാണ് വയനാടിനെ പാകിസ്താനാക്കാന്‍ ദേശീയതലത്തില്‍ നടക്കുന്ന അസംബന്ധ പ്രചാരണം. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആ പ്രചരണത്തിന് ആധികാരികത നല്‍കുവാനുള്ള മറ്റൊരു ലജ്ജാകരമായ ശ്രമമാണ്.

സ്വന്തം രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുകയും ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നിലപാടാണിത്. മതേതര ജനാധിപത്യം ഉറപ്പുനല്‍കുന്ന ഇന്ത്യയുടെ ഭരണഘടനയെ തന്നെയാണ് ഇതിലൂടെ ബി.ജെ.പി വെല്ലുവിളിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരായ മുസ്ലീങ്ങളെ ശത്രുക്കളായി കരുതാനും അവരുടെ നേരിയ സാന്നിധ്യമുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു ജില്ലയെ ശത്രുരാജ്യത്തോട് ഉപമിക്കുവാനും മുതിരുന്നവരെ എന്താണ് വിശേഷിപ്പിക്കേണ്ടത്? അഹിന്ദുക്കളായ പൗരന്മാര്‍ക്കിടമില്ലാത്ത ഒരു റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയാണോ നരേന്ദ്ര മോദി?

വയനാട് മണ്ഡലത്തിലെ ജനസംഖ്യയില്‍ കേവലം 28 ശതമാനം മാത്രമാണ് മുസ്ലീങ്ങളെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നതെന്ന് സാന്ദര്‍ഭികമായി പറയട്ടെ. 49 ശതമാനം ഹിന്ദുക്കളാണിവിടെ. ഈ അടിസ്ഥാന വസ്തുത പോലും മറച്ചുവെച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വര്‍ഗ്ഗീയവിദ്വേഷം പരത്തുന്ന ഈ ആരോപണം ഉന്നയിക്കുന്നതെന്നതാണ് വിചിത്രവും ഭയാനകവുമായ സംഗതി. ഏത് മതത്തില്‍ പെട്ടവരാണ് ഭൂരിപക്ഷമെന്നതിനേക്കാള്‍ പ്രധാനമല്ലേ വയനാട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാണെന്നത്? ഹിന്ദുക്കളെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെന്നും മുസ്ലീങ്ങളെല്ലാം ലീഗാണെന്നും തെറ്റിദ്ധരിപ്പിക്കുവാനുള്ള ഒരു പാഴ്ശ്രമവും കൂടിയാണിത്.

വയനാടിനെ പാക്കിസ്താനും വയനാട്ടുകാരെ പാക്കിസ്താന്‍ അനുകൂലികളുമാക്കുന്നവരെ രാജ്യദ്രോഹികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? കേരള നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും സ്വാതന്ത്ര്യ പ്രാപ്തി മുതല്‍ പ്രാതിനിധ്യമുള്ള, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയെ, പാകിസ്താനുമായി ബന്ധപ്പെടുത്തുന്നത് രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ പ്രധാനമന്ത്രിയുമാണെന്നത് സംഘപരിവാരത്തിന്റെ ബീഭത്സമായ ഫാഷിസ്റ്റ് മുഖമാണ് വെളിപ്പെടുത്തുന്നത്. നുണകളുടെ ആവര്‍ത്തനത്തിലൂടെ വര്‍ഗ്ഗീയത ഉല്‍പ്പാദിപ്പിക്കുവാനും അതിലൂടെ രാഷ്ട്രീയാധികാരം നിലനിര്‍ത്തുവാനുമുള്ള ഈ ശ്രമത്തിനെതിരെ, സ്വതന്ത്രമെന്ന് കരുതപ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും മൗനം പാലിക്കുന്നുവെന്നതാണ് അതിലേറെ ഭയാനകം.

ഇക്കുറി തങ്ങള്‍ അധികാരത്തിലെത്തിയാല്‍, തിരഞ്ഞെടുപ്പുകള്‍ തന്നെ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്ന സാക്ഷി മഹാരാജിനെപ്പോലുള്ള സംഘപരിവാര നേതാക്കളുടെ ഉന്നം സമ്പൂര്‍ണ്ണമായ ഹിന്ദുത്വരാഷ്ട്രമാണെന്ന് പകല്‍പോലെ വ്യക്തമാണ്. അധികാരമില്ലാതെ അതിജീവിക്കുവാനാവില്ലെന്ന വാസ്തവവും, അധികാരം നഷ്ടപ്പെടുമോ എന്ന ആശങ്കയും കൂടിച്ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഭയോന്മാദങ്ങളില്‍നിന്നാണ് ഭീബത്സമായ ഇത്തരം വര്‍ഗ്ഗീയവിഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഭീഷണി മുഴക്കുന്നവര്‍, ഈ തിരഞ്ഞെടുപ്പിനെത്തന്നെ പലമട്ടില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണകക്ഷി നേതാക്കളുടെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് പോലും സ്വന്തം ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാതായോ എന്നാണ് സാധാരണ ജനങ്ങള്‍ സംശയിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന് അതിജീവിക്കാതെ വയ്യെന്നതാണ് യാഥാര്‍ത്ഥ്യം. അത് അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് ബി.ജെ.പിക്ക് സമീപകാലത്തുണ്ടായ തിരിച്ചടികള്‍ നല്‍കുന്ന സൂചനയും.


Next Story

Related Stories