TopTop
Begin typing your search above and press return to search.

'കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു'; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്

കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ ഒഴിപ്പിച്ച് സര്‍ക്കാര്‍. തൊവരിമലയില്‍ കയറിയ ആയിരത്തിലധികം പേരെയാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുന്നത്. "ഞങ്ങളുടെ നേതാവ് കുഞ്ഞിക്കണാരനെ കാണാനില്ല. അദ്ദേഹത്തെ പോലീസ് എവിടേക്കോ മാറ്റിയിട്ടുണ്ട്. കുറേ പേരെ മേപ്പാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഇവിടെ മുഴുവന്‍ പോലീസ് അതിക്രമം നടക്കുകയാണ്. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അതിക്രമിക്കുന്നു. ഭൂമിയില്‍ കയറിയവരില്‍ പലരും പോലീസിനെ കണ്ട് ചിതറിയോടി. ചിലര്‍ കാട്ടില്‍ ഒളിച്ചിരിക്കുകയാണ്. സമരക്കാരായ ആദിവാസികളുടെയുള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുകയും വലിച്ചെറിയുകയും ചെയ്തു" സമരക്കാരില്‍ ഒരാള്‍ അഴിമുഖത്തോട് പറഞ്ഞു. പോലീസും വനംവകുപ്പ് അധികൃതരും തൊവരിമലയില്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പേര്‍ തൊവരിമലയില്‍ കയറിയത് അധികൃതര്‍ പോലും അറിഞ്ഞില്ല. അറിഞ്ഞ് വന്നപ്പോഴേക്കും കുടില്‍കെട്ടി സമരത്തിന് തുടക്കമായിരുന്നു. നൂറ് കണക്കിന് ആദിവാസി സ്ത്രീകളുള്‍പ്പെടെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഭൂരഹിതരാണ് തൊവരിമലയിലെത്തിയത്. ജീവിക്കാന്‍, വീടൊരുക്കാന്‍, കൃഷിചെയ്യാന്‍ ഭൂമി വേണം- അതാണ് അവരുടെ ആവശ്യം.

"ഇനി ഞങ്ങളെ കബളിപ്പിക്കാനാവില്ല. മാറിമാറി വന്ന സര്‍ക്കാരുകളില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇതുവരെ മുന്നോട്ട് പോയത്. ഞങ്ങള്‍ക്ക് ഭൂമി വേണം. വീട് വയ്ക്കാനല്ല. അടിസ്ഥാന ജനവിഭാഗമാണ് ഞങ്ങള്‍. കര്‍ഷകര്‍. കൃഷി ചെയ്യാന്‍ സ്ഥലമാണ് കര്‍ഷകന് വേണ്ടത്. ഞങ്ങള്‍ക്ക് മണ്ണ് തന്നാല്‍ അതില്‍ പൊന്ന് വിളയിക്കും" തൊവരിമലയിലേക്കെത്തിയതിനു പിന്നാലെ ജാനകി അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണിത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയിലാണ് ഭൂസമരസമിതി കുടില്‍ കെട്ടി സമരം ആരംഭിച്ചത്. 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടിച്ചെത്തി ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കം സമരസമിതി കൈവശപ്പെടുത്തി. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അടക്കം സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭൂസമരസമിതി ഭൂമിയില്‍ കയറാന്‍ തീരുമാനിച്ചത്. വിവിധ പഞ്ചായത്തുകളില്‍ ഭൂരഹിതരുടെ കണ്‍ന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സംഘടിതമായ നീക്കത്തിലൂടെ ഭൂമിയില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇന്ന് രാവിലെ ഇവരെ ഒഴിപ്പിക്കുകയായിരുന്നു.

1970-ല്‍ അച്യുതമേനോന്‍ സര്‍ക്കാരാണ് നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തൊവരിമല തിരിച്ചുപിടിച്ചത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ ഭൂമിയില്‍ ഭൂസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (എഐകെകെഎസ്) ആദിവാസി ഭാരത് മഹാസഭ (എബിഎം) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി ഭൂമി പിടിച്ചെടുത്തത്. പ്രക്ഷോഭത്തിന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവും എഐകെകെഎസ് സംസ്ഥാന സെക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരന്‍, സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ഭൂസമരസമിതി നേതാക്കളായ കെ. വെളിയന്‍, ബിനു ജോണ്‍ പനമരം, ജാനകി വി, ഒണ്ടന്‍ മാടക്കര, രാമന്‍ അടുവാടി എന്നിവരാണ് സമരത്തിന് ഭൂമി പിടിച്ചെടുക്കലിന് നേതൃത്വം നല്‍കിയത്.

തൊവരിമലയില്‍ എത്തിയതിനു പിന്നാലെ സമരസമിതി നേതാവ് എം പി കുഞ്ഞിക്കണാരന്‍ അഴിമുഖത്തോട് സംസാരിച്ചു: "സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസണ്‍ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഡാലോചനയില്‍ ഏര്‍പ്പെട്ടിരിക്കയാണ് സര്‍ക്കാരും ഹാരിസണ്‍ മാനേജ്‌മെന്റും. ലാന്റ് ട്രൈബ്യൂണല്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ്. ഈ ഭൂമി അന്ന് ഏറ്റെടുത്തത് മുതല്‍ കോടതിയില്‍ പോയ ഹാരിസണ്‍ മാനേജ്‌മെന്റിനെതിരെ പല കേസുകളിലും വാദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വെളിപ്പെടുന്നത് ഹാരിസണ് കേരളത്തിലെ ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കൈവശം വെച്ചു കൊണ്ടിരിക്കുന്നത് വ്യാജരേഖകളുടെ പിന്‍ബലത്തിലാണന്നാണ്. നിയമപരമായും ഭരണഘടനാപരമായും ഒരു സെന്റ് ഭൂമി പോലും കൈവശം വെക്കാന്‍ അവകാശമില്ലാത്ത ആറ് കമ്പനികള്‍ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നത്. മാറി മാറി വന്ന ഒരു സര്‍ക്കാരുകളും നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് 1947-ലെ ഗവ. ഓഫ് ഇന്ത്യാ ആക്ട് പ്രകാരം കേരള സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭൂമി തിരിച്ച് പിടിക്കാന്‍ തയ്യാറാവുന്നില്ല. മണ്ണിന്റെ മക്കളായ ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍, ദരിദ്ര- ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളും മരിച്ചാല്‍ ശവമടക്കാന്‍ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് സര്‍ക്കാര്‍, കുത്തകകള്‍ നിയമ വിരുദ്ധമായി കയ്യടക്കിയ ഭൂമി സംരക്ഷിക്കാന്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ റവന്യൂഭൂമിയുടെ പകുതിയിലേറെയും നിയമവിരുദ്ധമായി ടാറ്റയും ഹാരിസണും അടക്കമുള്ള വന്‍കിട തോട്ടമാഫിയകള്‍ കയ്യടക്കിയിട്ടുള്ളത് സര്‍ക്കാര്‍ തിരിച്ചുപിടിച്ച് ഭൂരഹിത വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടും കുത്തകകള്‍ക്ക് വിടുപണി ചെയ്യുന്ന സര്‍ക്കാര്‍, അതിനു തയ്യാറാകാതിരിക്കെ ഭൂമിയില്‍ അവകാശം സ്ഥാപിച്ച് കുടില്‍ കെട്ടി സമരം തുടങ്ങിയിരിക്കുകയാണ്. അടിസ്ഥാന കര്‍ഷക വിഭാഗങ്ങളാണ് ഭൂപരിഷ്‌ക്കരണ നടപടികളില്‍ നിന്ന് എന്നും മാറ്റിനിര്‍ത്തപ്പെട്ടത്. കുടികിടപ്പ് അവകാശം എന്നതിലുപരിയായി കര്‍ഷകന്‍ എന്ന നിലയില്‍ ഭൂമി ലഭ്യമായില്ല. ഇടത് സര്‍ക്കാരും ഐക്യമുന്നണിയും സ്വീകരിച്ചത് ഒരേ നിലപാടുകളാണ്."

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നെന്മേനി പഞ്ചായത്തിലാണ് എടക്കല്‍ ഗുഹയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള തൊവരിമല ഭൂമി. ആദിമ ഗോത്ര ജനതയുടെ ഭൂമിയായാണ് ചരിത്രകാരന്‍മാര്‍ തൊവരിമലയെ വിശേഷിപ്പിക്കുന്നത്. തൊവരിമലയിലെ കൂറ്റന്‍ പാറകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാ ചിത്രങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇതാണ് ഈ വാദത്തിന് ശക്തിപകരുന്നത്. എടയ്ക്കല്‍ ഗുഹാ ചിത്രങ്ങളോളം തന്നെ പഴക്കമുള്ളതും അവയോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്നതുമായ ശിലാ ചിത്രങ്ങളാണ് ഇവ. പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി വിദേശതോട്ടം കമ്പനികള്‍ തോട്ടങ്ങള്‍ സ്ഥാപിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന 104 ഹെക്ടര്‍ ഭൂമി കമ്പനിയുടെ വിറക് തോട്ടമായിരുന്നു. പിന്നീട് ഈ ഭൂമി ഉള്‍പ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടാണ് വയനാട് ജില്ലയില്‍ മാത്രമായി 5000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവില്‍ ഭൂമി വനംവകുപ്പിന്റെ കൈവശമാണ്. നിക്ഷിപ്ത വനമേഖലയാണ് തൊവരിമല.

കുഞ്ഞിക്കണാരന്‍ തുടര്‍ന്നു: "സര്‍ക്കാര്‍ ഈ ഭൂമിയുടെ കസ്റ്റോഡിയനായി വനംവകുപ്പിനെ ഏല്‍പ്പിച്ചെങ്കിലും വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങള്‍ക്കും 20 ശതമാനം ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സര്‍ക്കാര്‍ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലയ്ക്കും പതിച്ചു നല്‍കാമെന്നിരിക്കെ, ജില്ലയിലെ 17 ശതമാനത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും അടിസ്ഥാന കാര്‍ഷിക ജനവിഭാഗങ്ങള്‍ കോളനികളില്‍ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോള്‍ പോലും ഭൂവിതരണത്തിന് സര്‍ക്കാര്‍ ഇത് വരെയായിട്ടും തയ്യാറായില്ല. ഇവിടെ ഇപ്പോള്‍ ഓരോരുത്തര്‍ക്കായി കുടിലുകള്‍ കെട്ടിയിട്ടില്ല. രണ്ടോ മൂന്നോ വലിയ കുടിലുകള്‍ കെട്ടിയാണ് സമരം. കുട്ടികളുമായി എത്തിയവര്‍ എസ്‌റ്റേറ്റിലെ പഴയ ബംഗ്ലാവ് കിടക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. അടിക്കാടുകള്‍ വൃത്തിയാക്കി തുടങ്ങി. ഇനി ഇവിടെ കൃഷിയിറക്കും. താഴ്‌വാരത്ത് വെള്ളം കിട്ടും. രണ്ടേക്കര്‍ ഭൂമിയെങ്കിലും ഒരു കുടുംബത്തിന് വീട് വയ്ക്കാനും കൃഷി ചെയ്യാനുമായി നല്‍കണം എന്നതാണ് ഞങ്ങളുടെ ആവശ്യം".

ദളിതരും ആദിവാസികളുമായ ഭൂരഹിതരാണ് ഭൂമിയില്‍ പ്രവേശിച്ചവരില്‍ ഏറെയുമെങ്കിലും ഇതിനെ സ്വത്വരാഷ്ട്രീയ സമീപനത്തിലൂടെയല്ല തങ്ങള്‍ കാണുന്നതെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. ചെങ്ങറ, അരിപ്പ, മുത്തങ്ങ സമരങ്ങളുടെ പരിമിതി എന്നത് അതിന്റെ സ്വത്വരാഷ്ട്രീയ സമീപനമായിരുന്നു. അതിനാല്‍ തങ്ങള്‍ ഈ സമരത്തിലൂടെ വര്‍ഗപരമായ സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇതിനിടെ ഭൂമിയില്‍ പ്രവേശിച്ചവരെ തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിരുന്നു. ഡിഎഫ്ഒയും വടക്കന്‍ മേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സമരക്കാരോട് പിരിഞ്ഞ് പോവണമെന്നും വനംവകുപ്പിന് ഭൂമി വിതരണം ചെയ്യാനായി വിട്ടുനല്‍കാന്‍ തടസ്സമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഭൂമിക്ക് അപേക്ഷ നല്‍കി കാത്തിരിക്കണമെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വനംവകുപ്പ് അധികൃതര്‍ നിലപാടെടുത്തു. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ തങ്ങള്‍ പലതവണ കേട്ടതാണെന്നും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ തങ്ങള്‍ ഇക്കാര്യം വിശ്വസിക്കില്ലെന്നും പ്രഖ്യാപിച്ച് തൊവരിമലയില്‍ തുടരാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തിയും പ്രതിസന്ധികള്‍ സൃഷ്ടിച്ചും തങ്ങളെ ഇറക്കി വിടാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ സാം പി മാത്യുവും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു: "ഇത് രഹസ്യമായ തീരുമാനം ഒന്നും അല്ലായിരുന്നു. വളരെ പരസ്യമായാണ് കണ്‍വന്‍ഷന്‍ വിളിച്ചത്. ബത്തേരിയിലും മാനന്തവാടിയിലും കല്‍പ്പറ്റയിലും കണ്‍വന്‍ഷനുകള്‍ നടന്നു. 2005ല്‍ കല്ലിമലയില്‍ 134 കുടുംബങ്ങളും 2008ല്‍ മേപ്പാടിയിലെ നിക്ഷിപ്ത വനഭൂമിയില്‍ 120 കുടുംബങ്ങളും ഞങ്ങളുടെ നേതൃത്വത്തില്‍ പ്രവേശിച്ചിരുന്നു. അവര്‍ ഇപ്പോഴും അവിടെ താമസിക്കുന്നു. ഇവിടെയും അത്തരത്തില്‍ മാറ്റും. പക്ഷെ തിരിച്ചിറക്കിവിടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷണം കൊണ്ടുവന്ന ജീപ്പ് ഡ്രൈവറുടെ പേരും അഡ്രസും ഒക്കെ എഴുതിയെടുത്തു".

"ഇവിടെ നിന്നിറങ്ങിയാല്‍ വേറെ ഭൂമിയില്ല, കയറിക്കിടക്കാന്‍ ഇടമില്ല. അതുകൊണ്ട് ഇറക്കിവിടാന്‍ നോക്കണ്ട. ഞങ്ങള്‍ പോവില്ല. പോവാത്തത് പോവാനിടമില്ലാത്തതുകൊണ്ടാണ്" എന്ന് തൊവരിമലയില്‍ കയറിയ കുടുംബങ്ങള്‍ ഒറ്റ ശബ്ദത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ പോലീസും വനംവകുപ്പും ചേര്‍ന്ന് ഇവരെ ഒഴിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളെ പോലും വിലക്കിക്കൊണ്ടാണ് അധികൃതരുടെ നടപടി. കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപ്പറ്റ തുടങ്ങിവയ ഏഴോളം പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് സമരസമിതിക്കാര്‍ പറയുന്നത്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories