തുരുത്തി പറയുന്നത്; വിവിഐപികള്‍ക്കു വേണ്ടി ഞങ്ങളെ കുടിയിറക്കുന്നവരോട്, ജനിച്ചു മണ്ണ് വിട്ട് പോകാന്‍ മനസില്ല

A A A

Print Friendly, PDF & Email

വികസനത്തെ പറ്റിയുള്ള ഏത് ചര്‍ച്ചകളും വ്യവസ്ഥാപിത വാക്പയറ്റുകളില്‍ ചെന്നവസാനിക്കുമ്പോഴും, ഭരണകൂടം ഇതൊന്നും ഗൗനിക്കാത്ത നടപടികളുമായി മുന്നോട്ട് പോയ്‌ക്കോണ്ടിരിക്കുന്നു. ബാക്കിയാവുന്നത് ചില മനുഷ്യരുടെ കണ്ണുനീര് മാത്രമാണ്. ചവിട്ടി നില്‍ക്കുന്ന ഭൂമി, സ്വന്തമെന്ന് കരുതി തല ചായ്ക്കുന്ന നാലു ചുവരുകള്‍ ഒരര്‍ദ്ധരാത്രിക്കപ്പുറം അന്യമാക്കപെടുമ്പോള്‍ സമരം ചെയ്തും, വാദിച്ചും തളര്‍ന്ന് തോറ്റ് കൊടുക്കേണ്ടി വരുന്ന ജനത. പ്രഖ്യാപിത പുനരധിവാസ പാക്കേജുകള്‍ പലതും തന്നെ പൂര്‍ത്തീകരിക്കാത്തപ്പോഴും വീണ്ടും വീണ്ടും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന ഭരണകൂടങ്ങള്‍. കേരളത്തില്‍ ഇന്ന് ഏറ്റവും അധികം ജനകീയ മുന്നേറ്റങ്ങള്‍ നടക്കുന്നത് വികസനത്തെ എതിര്‍ത്താണെന്ന് അറിയുമ്പോള്‍, ചോദിച്ച് പോകുന്ന ചോദ്യമിതാണ്; ഇത്രയധികം ജനങ്ങള്‍ എതിര്‍ക്കുന്ന വികസനം, അതാര്‍ക്ക് വേണ്ടിയാണ്?

വൈപ്പിനിലെ ഐഒസി വിരുദ്ധ സമരം, മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം, ദേശീയ പാതാ വികസനത്തിനെതിരെ പലയിടങ്ങളിലായി നടക്കുന്ന സമരങ്ങള്‍; ഇതിലെല്ലാം അടിസ്ഥാന വര്‍ഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും മേല്‍ മാത്രം കുതിര കയറുന്ന രൂപരേഖകള്‍ നിങ്ങളെ അതിശയപെടുത്തുന്നില്ലേ? കേരളത്തിലെ ഏതൊരു വികസന മാതൃകകള്‍ പ്രഖ്യാപിക്കുമ്പോഴും ചിലര്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന് വാദിക്കുന്നവര്‍ കേരള വികസന മോഡലിലെ ന്യൂനപക്ഷ വിരുദ്ധതയും വംശീയതയും കാണാത്തതെന്താണ്? ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തുരുത്തി. ഇടതുപക്ഷത്തിന്റെ കേരളത്തിലെ ഹൃദയ ജില്ലയായ കണ്ണൂരിലെ പാപ്പിനിശേരി പഞ്ചായത്തിലെ വളപട്ടണം പുഴയോട് ചേര്‍ന്ന് നില്‍്ക്കുന്ന ദളിത് കോളനിയാണ് തുരുത്തി. ജൈവൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ ഇവിടം ഇപ്പോള്‍ കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയിലാണ്. മുപ്പതോളം ദളിത് കുടുംബങ്ങള്‍ പാരമ്പര്യമായി താമസിച്ച് പോരുന്ന ഈ പ്രദേശം ദേശീയ പാത വികസനത്തിന് വേണ്ടിയാണ് കുടിയൊഴിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ സ്വന്തം കിടപ്പാടം നഷ്ടപെടുത്തി ഒരിക്കലും പൂര്‍ത്തികരിക്കാത്ത പുനരധിവാസ പാക്കേജുകളില്‍ വിശ്വസിക്കാന്‍ ഒരുക്കല്ലമാത്ത ഇിവിടുത്തെ ജനത സമരം ചെയ്യുകയാണ്. സമരത്തിന് മുന്‍പന്തിയിലാവട്ടെ കുട്ടികളും…

ദേശീയ പാത വികസനവുമായി ബന്ധപെട്ട് ഒന്നും രണ്ടും രൂപരേഖകള്‍ നിരാകരിച്ച് തുരുത്തിയിലൂടെ കടന്ന് പോകുന്ന മൂന്നാമത്തെ രൂപരേഖ ഇവിടെ സ്വീകരിച്ചതില്‍ പ്രഖ്യാപിത താല്‍പര്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചില വിഐപികളുടെ ഇടപെടല്‍ മൂലമാണ് ഇതെന്ന വിചിത്രമായ ഉത്തരമാണ് തുരുത്തിക്കാരോട് ദേശീയപാതാ വികസന അതോറിറ്റി നല്‍കിയത്.

”ജനുവരി 26ന് പത്രത്തിലുള്ള അറിയിപ്പ് കണ്ട് ഇത് ഞങ്ങളുടെ സ്ഥലമാണോ എന്ന് സംശംയം തോന്നിയാണ് ദേശീയപാതാ വികസന അതോറിറ്റിയുടെ തളിപറമ്പുള്ള ഓഫീസില്‍ പോയി അന്വേഷിച്ചത്. അപ്പോഴാണ് ദേശീയ പാത ഇതിലൂടെയാണ് കടന്ന് പോകുന്നതെന്നും എന്റേതടക്കമുള്ള മുപ്പതോളം കൂടുംബങ്ങള്‍ക്ക് വീടു നഷ്ട്ടപെടാന്‍ പോകുന്ന വിവരം ഞങ്ങള്‍ അറിഞ്ഞത്”; സമര സമിതി പ്രസിഡന്റ സിന്ധു പറയുന്നു. പരാതിയുണ്ടെങ്കില്‍ അറിയിക്കാമെന്ന് കളക്ടറും, അതോറിറ്റിയും പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ജനുവരി 31ന് ദേശീയ പാത വികസന അതോറിക്ക് പരാതി നല്‍കി. കളക്ടര്‍ക്കും പരാതി നല്‍കണമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങള്‍ കളക്ടറെയും കണ്ടു. വളരെ നല്ല സമീപനമായിരുന്നു കളക്ടര്‍ക്ക്. കോളനിയെ മുഴുവനായി എടുത്ത് കളയില്ലെന്നും ആവശ്യമുള്ള സ്ഥലം മാത്രമെ എടുക്കൂ, അവിടെ ധാരാളം ഒഴിഞ്ഞ സ്ഥലമുണ്ടല്ലോ എന്നൊക്കെയാണ് കളക്ടര്‍ പറഞ്ഞത്, അതിന്റെ ആശ്വാസത്തിലാണ് ഞങ്ങള്‍ തിരികെ പോന്നതും; സിന്ധു പറയുന്നു.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു, അടുത്ത ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തങ്ങളുടെ വീടുകളുടെ നടുവിലൂടെ കടന്ന് പോകുന്ന ദേശീയ പാതയുടെ രൂപരേഖയാണ് ഇവര്‍ കണ്ടത്. പൂനരധിവസിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഈ ചതുപ്പിന്റെ വില തിട്ടപ്പെടുത്തിയിട്ടില്ലെന്ന ഉത്തരമാണ് അധികൃതര്‍ ആ ജനങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് കളക്ടറെ കണ്ടെങ്കിലും ഒരു ചര്‍ച്ചയ്ക്കും താന്‍ തയ്യാറല്ലെന്നും, ഇപ്പോഴുള്ള അലൈമെന്റില്‍ ഒരു മാറ്റവും വരുത്തില്ലെന്നുമാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദ് നല്‍കിയ മറുപടി. ആദ്യത്തെയും രണ്ടാമത്തെയും അലൈയ്മന്റുകള്‍ മാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോഴും കളക്ടര്‍ മറുപടി നല്‍കിയിരുന്നില്ല.

തുടര്‍ന്ന് ഏപ്രില്‍ 26ന് യാതൊരു അറിയിപ്പുമില്ലാതെ മുഴുവന്‍ സന്നാഹത്തോടെയെത്തി സര്‍വെ നടത്തിയ അതോറിറ്റി, സമ്മതമില്ലാതെ സ്വന്തം വീടുകള്‍ക്കുള്ളില്‍ കയറിയതിനെ ചോദ്യം ചെയ്തതിന് മുഴുവന്‍ തുരുത്തി നിവാസികളെയും പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ് ഉണ്ടായത്. സ്ത്രീകളെയും കൂട്ടികളെയുമടക്കം തുരുത്തി നിവാസികളെ മുഴുവന്‍ സര്‍വെ കഴിയുന്നത് വരെ ബലമായി വലിച്ച് കൊണ്ട് പോയി പോലീസ് കസ്റ്റഡിയില്‍ നിര്‍ത്തി. ലോകത്ത് ഇന്നേ വരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള അധികാര പ്രയോഗമാണ് അധികൃതര്‍ നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

400 വര്‍ഷങ്ങള്‍ പഴക്കമുള്ള, കോട്ടയെന്ന് വിളിക്കുന്ന ഇവരുടെ ആരാധനാലയം ഇല്ലാതാക്കിയാണ് ദേശീയ പാത കടന്നു പോകുന്നത്. ദലിതരുടെ ആചാരങ്ങളുടെയും സംസ്‌കാരത്തെയും ഇല്ലാതാക്കുമ്പോള്‍ അതിനെതിരേ പ്രതികരണമൊന്നും ഉണ്ടാകില്ലെന്ന് അറിയാം, അതല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ആരാധാനലയങ്ങളുടെ കാര്യമായിരുന്നെങ്കില്‍ ഈ അലൈമെന്റ് വഴിമാറി പോകുമായിരുന്നുവെന്നാണ് തുരുത്തിക്കാര്‍ പറയുന്നത്.

കഴിഞ്ഞ 46 ദിവസമായി കുടില്‍ കെട്ടി സമരം ചെയ്തുകൊണ്ടിരിക്കുന്ന തങ്ങളെ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും തുരുത്തിക്കാര്‍ പറയുന്നു.”അവര്‍ പറയുന്നത് പുനരധിവാസമാണ്. ജനിച്ചു വളര്‍ന്ന സ്ഥം വിട്ടു ഞങ്ങള്‍ക്ക് പോകണ്ട. ഇവിടുത്തെ കുട്ടികളുടെ മാനസികാവസ്ഥയെ വരെ ഈ പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് പുറത്ത് പോകാനോ പഠിക്കാനോ സമാധാനം കിട്ടുന്നില്ല; സിന്ധു പറയുന്നു.

കഴിഞ്ഞ അഞ്ചാം തീയതി തുരുത്തിയിലെ കുട്ടികള്‍ ഒരു ദിവസത്തെ നിരാഹര സത്യഗ്രഹമിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ കണ്ണൂരില്‍ വന്ന മന്ത്രി എ കെ ബാലനെ കുട്ടികളെ വന്നു കണ്ടിരുന്നു. പുനരധിവാസത്തെ കുറിച്ച് മാത്രമായിരുന്നു മന്ത്രിക്കും പറയാനുണ്ടായിരുന്നത്. അടുത്തുള്ള വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവരോടിതൊക്കെ പറയാന്‍ പറ്റുമോ എന്നായിരുന്നു മന്ത്രിയുടെ ഉത്തരം.

കഴിഞ്ഞ 46 ദിവസമായി തുടരുന്ന സമരത്തെ പറ്റി കോഴിക്കോട് ബിഡിഎസ് വിദ്യാര്‍ഥിനിയും തുരുത്തി സ്വദേശിയുമായ അനുപമ പറയുന്നതിങ്ങനെ;

‘ചുരുങ്ങിയത് അഞ്ഞൂറു മീറ്ററില്‍ മൂന്നു വലിയ വളവുകളാണ് രൂപരേഖയിലുള്ളത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ഞങ്ങളുടെ പഞ്ചായത്ത് ഭരിക്കുന്നതും. അവിടെ അന്വേഷിച്ചപ്പോള്‍ ഇതിനൊരു സാധ്യതയുമില്ലെന്നാണ് ഉത്തരം കിട്ടിയത്. ദേശീയ പാത അതോറിറ്റി പറഞ്ഞത് ഏതോ വിഐപിക്ക് വേണ്ടിയാണ് അലൈയ്മന്റ് തിരുത്തുന്നതെന്ന്, മന്ത്രി എകെ ബാലന്‍ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെ മൂന്നു സെന്റില്‍ കിടന്ന് കഷ്ടപെടണോ എന്നാണ്. പത്തും പതിനഞ്ചും സെന്റ് സ്ഥലങ്ങള്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി ലഭിക്കുമെന്നാണ്. ഞങ്ങള്‍ ജനിച്ച് വളര്‍ന്ന സ്ഥലത്തിനോട് ഉള്ള ഞങ്ങളുടെ മാനസിക ബന്ധവും ഞങ്ങളുടെ കോട്ടയും ആരും പരിഗണിക്കുന്നില്ല. വിഐപികളുടെ മുന്നില്‍ ഞങ്ങള്‍ വര്‍ഷങ്ങളായി അതിവസിക്കുന്ന സ്ഥലത്തിന് ഒരു വിലയുമില്ല. ഞങ്ങള്‍ കുട്ടികളിവിടെ സമരത്തിന് മുന്നില്‍ തന്നെയുണ്ടാകും’

സ്ഥലം ഏറ്റെടുക്കലിനെതിരെ സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിയാണ് തുരുത്തി നല്‍ക്കുന്നത്. ജൂണ്‍ പതിനെട്ടിനാണ് സ്‌റ്റേ അവസാനിക്കുന്നത്. അതിനുശേഷം എന്തെന്ന് അറിയാതെ നില്‍ക്കുന്ന ഒരു ജനത. ഇവരാരും തന്നെ ദേശീയ പാത വികസനത്തിനെതിരല്ല. നല്ല റോഡും സൗകര്യങ്ങളും എല്ലാവരും ആഗ്രഹിക്കുന്നത് തന്നെ. എന്നാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് നഷ്ട്ടപെടുത്തി തെരുവിലേക്കിറങ്ങേണ്ടി വരുന്ന ജനതയെ ഏത് മിന്നുന്ന റോഡ് കാണിച്ചാണ് നമ്മള്‍ സമാധാനിപ്പിക്കുക.യുക്തി ഭദ്രമല്ലാത്ത, ജനങ്ങളോട് സംവദിക്കാത്ത വികസന പ്ലാനുകളും, സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കാത്ത ഭരണകൂടങ്ങളും, കൂടാതെ അന്തര്‍ലീനമായ ജാതി വ്യവസ്ഥയും അടിസഥാന വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും വികസനത്തിന്റെ ഇരകള്‍ മാത്രമാണാക്കുന്നത്. ഒരിക്കള്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ഗുണങ്ങളെ പറ്റി നിങ്ങള്‍ അവരോട് എങ്ങനെ സംവദിക്കും. മരിച്ചാലും സ്വന്തം സ്ഥലം വിട്ട് പോകില്ലെന്നാണ് തുരുത്തിയിലെ ജനത പറയുന്നത്. ജനങ്ങളുടെ നിലനില്‍പ്പ് ഭിഷണിയിലാക്കി പറിച്ച് നടുന്ന വികസന സംസ്‌കാരങ്ങളെ എങ്ങനെ നിര്‍വചിക്കണമെന്ന് കാലം തെളിയിക്കട്ടെ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍