TopTop
Begin typing your search above and press return to search.

കള്ളമില്ലാത്ത കള്ളും, അഴിമതിക്കിടമില്ലാത്ത മദ്യനയവും....

കള്ളമില്ലാത്ത കള്ളും, അഴിമതിക്കിടമില്ലാത്ത മദ്യനയവും....

പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ഉചിതമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ട നയങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് ആളുകള്‍ക്കറിയാം. സ്ത്രീകള്‍ക്ക് പൊതുവെ മദ്യത്തോട് വിരോധമുണ്ടെങ്കിലും വികാരപരമായ സമീപനം അവര്‍ സ്വീകരിക്കാറില്ല. മുന്‍പ് എകെ ആന്റണി ചാരായം നിരോധിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും ജനങ്ങള്‍ വിചാരബോധത്തോടെയാണ് പ്രതികരിച്ചത്.

ജനങ്ങളുടെ ആരോഗ്യത്തിലുള്ള അത്മാര്‍ത്ഥമായ താല്‍പ്പര്യം കൊണ്ടല്ല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കുറേ മദ്യശാലകള്‍ അടച്ചത് എന്ന് വിവരമുള്ളവര്‍ക്ക് അറിയാം. യുഡിഎഫിലും കോണ്‍ഗ്രസിലും ഉരുണ്ടുകൂടിയ അന്തര്‍നാടകങ്ങളുടെ ഫലം മാത്രമായിരുന്നു അത്. തനിക്കുമേല്‍ സുധീരന്‍ കളിച്ചു കയറാന്‍ ശ്രമിച്ചതിന് ഉമ്മന്‍ചാണ്ടി വച്ച് കൊടുത്ത ഒരു ആപ്പായിരുന്നു ബാര്‍ അടക്കലില്‍ കലാശിച്ചത്. ഇങ്ങനെ താണതരം രാഷ്ട്രീയക്കളികളുടെ ഭാഗമായി ആകസ്മികമായി ഇത്തരം ഗൗരവപ്പെട്ട ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്തതിന്റെ ദുര്യോഗ്യം കേരളം ഇന്ന് അനുഭവിക്കുകയാണ്. ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ അനധികൃതമായ ലഹരികള്‍ കണ്ടെത്തിയിരിക്കുന്നു. കഞ്ചാവിന്റെയും പലയിനം ഡ്രഗ്ഗുകളുടേയും ഉപയോഗം ഇന്ന് സാര്‍വത്രികമാണ്. വ്യാജവാറ്റും വ്യാപകമാവാന്‍ തുടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളില്‍ ഭൂരിപക്ഷവും ഉപഭോക്താക്കളാവുന്ന ഒരു സാഹചര്യത്തില്‍ ഇത്തരം അനധികൃത ഉല്‍പ്പാദന നീക്കങ്ങളെ പ്രതിരോധിക്കുക സര്‍ക്കാരിന് എളുപ്പമാവില്ല. മദ്യനിരോധനത്തെ തുടര്‍ന്ന് തഴച്ചുവളര്‍ന്ന വ്യാജമദ്യോല്‍പ്പാദനവും വിതരണവുമാണ് ഇന്ത്യയിലെ പല നഗരങ്ങളിലേയും അപായകരമായ അധോലോകത്തിന് കാരണമായിട്ടുള്ളത്. ഈ അധോലോകം വളര്‍ന്ന് പിന്നീട് സമൂഹത്തിന്റെ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുന്ന ശക്തിയായി മാറും.

മദ്യത്തിന്റെ ഉപഭോഗം മനുഷ്യജീവിതത്തില്‍ നിന്ന് പാടെ ഒഴിവാകുന്ന ഒരു കാലം വരുമോ? എന്തായാലും അങ്ങനെ ഒരു കാലത്തെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ആനന്ദമാണ് മനുഷ്യ ജീവന്റെ അത്താണി എന്നത് മറക്കരുത്. അതിനായി അവന്‍ അന്വേഷിച്ചു കൊണ്ടിരിക്കും. സമകാലിക ലോകം അവന് കൊടുക്കുന്നതാകട്ടെ ദു:ഖങ്ങള്‍ മാത്രമാണ്. വര്‍ഗ, വംശ വൈരങ്ങളും ഉച്ചനീചത്വവും പരസ്പരമുള്ള ചൂഷണവും സാമൂഹ്യജീവിതം നല്‍കുന്ന ദു:ഖങ്ങളും ഇല്ലാത്ത, പൊതുവെ ആനന്ദകരമായ ഒരു ജീവിതകാലത്ത് മനുഷ്യന് കൃത്രിമമായ ലഹരിയുണ്ടാക്കുന്ന മദ്യം ആവശ്യം വരില്ല. സംഗീതവും നൃത്തവും സാഹിത്യവും മാത്രമല്ല; പുഴകളും മരങ്ങളും പൂക്കളും പ്രകൃതിയും കുഞ്ഞുങ്ങളും ഭക്ഷണവും, കുടിക്കുന്ന വെള്ളം പോലും ലഹരിപോലെ ആനന്ദകരമായിത്തീരുന്ന ഒരു കാലം.

ഭരണവ്യവസ്ഥ സൃഷ്ടിക്കുന്ന ആത്മീയവും ഭൗതികവുമായ സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്നേടത്തോളം കാലം മനുഷ്യന് കൃത്രിമ ലഹരി നല്‍കുന്ന മദ്യത്തെയും ദൈവത്തേയും ഉപേക്ഷിക്കാനാവില്ല. കാള്‍ മാര്‍ക്‌സ് മതത്തെപ്പറ്റി പറഞ്ഞത് മദ്യത്തിനും ബാധകമാണ്. 'മര്‍ദ്ദിതന്റെ നെടുവീര്‍പ്പ്; ആശ നഷ്ടപ്പെട്ടവന്റെ പ്രത്യാശ.' മരുന്നു നിരോധിക്കുന്നതിന് മുന്‍പ് രോഗത്തെ ഉച്ഛാടനം ചെയ്യണം. സാന്ത്വനം നല്‍കാനാവാതെ മതങ്ങള്‍ പരാജയപ്പെടുമ്പോള്‍ മദ്യം ഏക അവലംബമാവുന്നു. ഇതാണ് ബിഷപ്പുമാരുടെ ദു:ഖം.

സര്‍ക്കാരിന്റെ ദൗത്യം മനുഷ്യന് അനിവാര്യമായിരിക്കുന്ന മദ്യത്തിന്റെ ഉല്‍പ്പാദനത്തേയും വ്യാപാരത്തേയും നിയന്ത്രിക്കുക എന്നതാണ്. ശുദ്ധമായ മദ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക. ഇതിന്റെ ഫലമായി ലഭിക്കുന്ന റെവന്യുവില്‍ ഊന്നാതിരിക്കുക. സര്‍ക്കാരുകള്‍ മനുഷ്യജീവിതത്തില്‍ ഇത്രകണ്ട് ഇടപെടുന്നതിനു മുമ്പ് നല്ല ചെത്തു കള്ള് കുടിച്ച് ആനന്ദിച്ചിരുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങള്‍. പ്രകൃതി കനിഞ്ഞു നല്‍കുന്ന കള്ള് എന്ന കേരളീയ ജൈവ പാനിയത്തെ കള്ളക്കച്ചവടത്തിനും കൊള്ളലാഭത്തിനും വേണ്ടി മാരക വിഷലായനി ആക്കി മാറ്റിയത് ആരാണ്? കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വേണ്ടി ചോരയും വിയര്‍പ്പും ജീവനും നല്‍കിയവരാണ് ചെത്തുതൊഴിലാളികള്‍. അവരെ പിന്തിരിഞ്ഞു കുത്തി. കള്ളിനെ പരിശുദ്ധിയോടെ തിരിച്ചു കൊണ്ടുവരുവാന്‍ ഈ സര്‍ക്കാരിന് കഴിയുമെങ്കില്‍ അതില്‍പ്പരം ഒരു ഭാഗ്യം സംസ്ഥാനത്തിന് വരാനില്ല,

ബാറുകള്‍ തുറക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്ന ഒരേ ഒരു സംഗതി അതിനൊപ്പം രംഗത്തുവരാവുന്ന അഴിമതിയെയാണ്. മദ്യവ്യാപാരത്തിന്റെ സഹചാരിയായ ഒരു ദുരന്തമാണത്. കഴിഞ്ഞ സര്‍ക്കാര്‍ ആ ദുരന്തത്തില്‍ മുങ്ങിക്കുളിച്ചു. അഴിമതിക്കെതിരെ പ്രതിജ്ഞാബദ്ധമായ ഒരു മുന്നണി ഭരിക്കുമ്പോള്‍ രാഷ്ട്രീയ തലത്തില്‍ അഴിമതി ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കാം. പക്ഷേ നമ്മുടെ ബ്യൂറോക്രസിയെ തരിമ്പെങ്കിലും വിശ്വസിക്കാന്‍ എനിക്കു വയ്യ. ഇവിടെ ഇടപെടുന്നതിലാണ് ഒരു സര്‍ക്കാര്‍ അതിന്റെ മിടുക്കു കാണിക്കേണ്ടത്.


Next Story

Related Stories