UPDATES

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളില്‍ ഉയരുന്നത് പോലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച ആശങ്കയല്ല കീഴാറ്റൂര്‍ ഗ്രാമം അധികാരികളോടും കേരളസമൂഹത്തോടും വിളിച്ചുപറയുന്നത്.

തളിപ്പറമ്പിന് ഒരു ബൈപ്പാസ് വേണം. കാസര്‍കോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പില്‍ ബൈപ്പാസ് എന്ന ആശയമാണ് വര്‍ഷങ്ങളായി നിലവിലുള്ളത്. ഇടുങ്ങിയ തളിപ്പറമ്പ് ജംഗ്ഷനെയും തിരക്ക് നിറഞ്ഞ നഗരത്തിലെ നിരത്തുകളേയും ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത് തന്നെയായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഇതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയാണ് ബൈപ്പാസ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ആ ബൈപ്പാസ് എങ്ങനെ, എവിടെ വേണം? ദേശീയപാതാ അതോറിറ്റിക്ക് മുന്നില്‍ രണ്ട് വഴികളായിരുന്നു. കുറ്റിക്കോല്‍ – കൂവോട് -പ്ലാത്തോട്ടം -മാന്ധം കണ്ട് വഴി കുപ്പം ആയിരുന്നു അതില്‍ ഒന്നാമത്തേത്. കുറ്റിക്കോല്‍ – കൂവോട്-കീഴാറ്റൂര്‍-കുപ്പം ഇതായിരുന്നു രണ്ടാമത്തെ വഴി. പരിഗണനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആദ്യത്തെ വഴി തന്നെ മതിയെന്ന് ഹൈവേ അതോറിറ്റി തീരുമാനിച്ചു. അതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. ജനവാസ കേന്ദ്രമായ പൂക്കോത്ത് തെരു വഴി കടന്നുപോകുന്ന തരത്തില്‍ അലൈമെന്റ് തയ്യാറാക്കി.

എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് ഹൈവേ അതോറിറ്റി ഈ തീരുമാനം മാറ്റി. രണ്ടാമത്തെ വഴിയിലേക്ക് ബൈപ്പാസ് മാറ്റാമെന്ന തീരുമാനത്തിലെത്തി. ഇവിടെയാവുമ്പോള്‍ ജനവാസ കേന്ദ്രങ്ങള്‍ കുറവാണ്. പകരം നെല്‍വയലുകളാണ് അധികവും. വയലുകള്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാം, കുടിയൊഴിപ്പിക്കല്‍ കുറയും എന്ന ആശയം ജനപ്രതിനിധികള്‍ക്കും ഭരണാധികാരികള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍ ഇതോടെ ഇവിടുത്തെ കാര്യങ്ങള്‍ മാറി. കീഴാറ്റൂര്‍ എന്ന, അവിടുത്തെ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘സുന്ദരമായ ചെറിയ ഗ്രാമ’ത്തില്‍ അസ്വസ്ഥകള്‍ രൂപപ്പെടാന്‍ തുടങ്ങി. അവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മറ്റിടങ്ങളില്‍ ഉയരുന്നത് പോലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച ആശങ്കയല്ല കീഴാറ്റൂര്‍ ഗ്രാമം അധികാരികളോടും കേരളസമൂഹത്തോടും വിളിച്ചുപറഞ്ഞത്. പകരം ‘കുടിവെള്ളത്തിന് ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരിന് കഴിയില്ല’ എന്ന മുദ്രാവാക്യമാണ്.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍

സിപിഎമ്മില്‍ അടിയുറച്ച് വിശ്വസിക്കുന്ന, 99.9 ശതമാനവും പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ഉള്ള ഗ്രാമമാണ് കീഴാറ്റൂര്‍. ഒരു വര്‍ഷത്തിന് മുമ്പുള്ള ഒരു ദിവസമാണ് ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് വരുന്ന കാര്യം കീഴാറ്റൂരിലെ ജനങ്ങള്‍ അറിഞ്ഞത്. ആദ്യം പ്രതികരിച്ചത് പാര്‍ട്ടി തന്നെയാണ്. വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ തടയണമെന്നും വയലുകളെ കീറിമുറിച്ച് ബൈപ്പാസ് വരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ തന്നെ പ്രചരണത്തിനിറങ്ങി. പ്രാദേശിക നേതാക്കളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ഊര്‍ജ്ജിത ശ്രമത്താല്‍ നിരവധി പേരെ അണിനിരത്തി സര്‍വേയ്‌ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. എന്നാല്‍ പിന്നീട് മുന്‍നിര നേതാക്കള്‍ സമരപരിപാടികളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞു. ‘സത്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍’ എന്ന് സിപിഎം പ്രാദേശിക നേതാക്കളും, ‘പലരുടേയും സമ്മര്‍ദ്ദത്താലും സ്വാധീനത്താലും’ എന്ന് സമരക്കാരും പറയുന്ന ഈ ഉള്‍വലിയലോടെയാണ് കീഴാറ്റൂര്‍ രണ്ട് ചേരിയിലാവുന്നത്. ബൈപ്പാസിനെ അനുകൂലിക്കുന്നവര്‍ എന്നും പ്രതികൂലിക്കുന്നവര്‍ എന്നും രണ്ട് ചേരികളിലായി ജനം തിരിഞ്ഞുനിന്നു. ആദ്യ പ്രതിഷേധത്തെ മുന്നില്‍ നിന്ന് നയിച്ചവര്‍ പിന്‍വലിഞ്ഞതോടെ സമരവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ച പിന്‍നിരക്കാര്‍ പാര്‍ട്ടിഗ്രാമത്തില്‍ ഒറ്റപ്പെടുകയും പ്രതിരോധത്തിലാവുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റപ്പെടലും അവഗണനയും തള്ളിക്കളഞ്ഞുകൊണ്ട് തങ്ങളുടെ ആവശ്യം ഉച്ചത്തില്‍ ഉന്നയിച്ചുകൊണ്ടേയിരുന്ന സമരക്കാര്‍ കീഴാറ്റൂര്‍ പാടശേഖരത്തിലെ തരിശ് നിലങ്ങളിലും നെല്ല് ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ തരിശുനിലങ്ങളിലും കൃഷിയിറക്കി. ഇതുകണ്ട് ബൈപ്പാസ് അനുകൂലികളായ നാട്ടുകാര്‍ കളിയാക്കി വിളിച്ച പേരാണ് ‘വയല്‍ക്കിളി’. പക്ഷെ പരിഹസിച്ച് വിളിച്ചതാണെങ്കിലും പിന്നീട് ആ പേര് തന്നെ സമരക്കാര്‍ സ്വീകരിച്ചു. അങ്ങനെ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ ‘വയല്‍ക്കിളി’കളായി.

ഹൈവേ അതോറിറ്റി പരിഗണിച്ച രണ്ട് വഴികള്‍ കൂടാതെ കാലങ്ങളായി നിലനിലനില്‍ക്കുന്ന തളിപ്പറമ്പിലെ ദേശീയപാതാ വികസനം എന്ന സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ബൈപ്പാസ് നിര്‍മ്മാണമാവും പ്രായോഗികമാവുക എന്നതായിരുന്നു ഹൈവേ അതോറിറ്റിയുടെ കണ്ടെത്തല്‍. പൂക്കോത്ത് തെരു വഴി പോവുന്ന കുറ്റിക്കോല്‍- കൂവോട്-പ്ലാത്തോട്ടം-മാന്ധം കണ്ട് വഴി കുപ്പം എന്ന മാര്‍ഗം സ്വീകരിച്ചാല്‍ എണ്‍പതിലധികം വീടുകള്‍ പോവുമെന്നതിനാലാണ് കീഴാറ്റൂര്‍ വഴിയുള്ള അലൈന്‍മെന്റ് തീരുമാനിക്കുന്നത്. നോട്ടിഫിക്കേഷന്‍ വരുന്നതിന് മുമ്പ് തന്നെ സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാര്‍ പിന്നീട് അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതോടെ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചു. ഇക്കാര്യം പഠിക്കാന്‍ ഒരു വിദഗ്ദ്ധ സംഘത്തേയും മന്ത്രി നിയമിച്ചു. എന്നാല്‍ പിന്നീട് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ആദ്യം ഹൈവേ അതോറിറ്റി തീരുമാനിച്ച കീഴാറ്റൂര്‍ വഴിയുള്ള പാത തന്നെയായിരുന്നു ബൈപ്പാസ് നിര്‍മ്മാണത്തിന് തിരഞ്ഞെടുത്തത്. ഇതോടെ വയല്‍ക്കിളികള്‍ വീണ്ടും സമരത്തിനിറങ്ങി. സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് കേരളത്തെ ഞെട്ടിക്കുന്ന രീതിയില്‍ മണ്ണെണ്ണയും പെട്രോളും ഒഴിച്ച്, ഇപ്പോള്‍ എരിഞ്ഞ് തീരുമെന്ന് മുന്നറിയിപ്പ് നല്‍കി സമരപ്പന്തലില്‍ നില്‍ക്കുന്ന വയല്‍ക്കിളികളെ കേരളം കണ്ടത്. ഇതോടെ വയല്‍ക്കിളി സമരവും കീഴാറ്റൂര്‍ വഴിയുള്ള ബൈപ്പാസ് നിര്‍മ്മാണവും വീണ്ടും സജാവചര്‍ച്ചയായി.

കീഴാറ്റൂര്‍ ഗ്രാമത്തിലെ രണ്ട് ചേരികളും പരസ്പരം പഴിചാരുകയും ആരോപണ, പ്രത്യാരോപണങ്ങളുമായി പരസ്പരം കൊമ്പ്‌കോര്‍ക്കുകയും ചെയ്യുന്ന കാഴ്ചയും പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും തങ്ങളെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞുപരത്തുകയാണെന്നും കീഴാറ്റൂര്‍ വഴി ബൈപ്പാസ് നടപ്പാക്കാന്‍ എംഎല്‍എ അടക്കമുള്ളവരുടെ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും സമരക്കാര്‍ ആരോപിക്കുന്നു. മറിച്ച് കീഴാറ്റൂരിലെ ജനങ്ങള്‍ സമരക്കാര്‍ക്കൊപ്പമില്ലെന്നും, ഉണ്ടായിരുന്നവര്‍ പോലും വിട്ടുപോയെന്നും, ബൈപ്പാസിനെക്കുറിച്ച് സമരക്കാര്‍ പറയുന്ന കാര്യങ്ങള്‍ നുണകള്‍ മാത്രമാണെന്നുമാണ് എതിര്‍പക്ഷക്കാരുടെ വാദം.

സമരത്തില്‍ നിന്ന് പിന്‍മാറിയവര്‍

അടുത്തിടെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രചരിച്ച വാദങ്ങള്‍ ആദ്യഘട്ടത്തില്‍ സമരത്തിനൊപ്പം നില്‍ക്കുകയും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തവരുടെ വാദങ്ങളാണ്. വയല്‍ക്കിളികളുടെ തെറ്റിദ്ധാരണകളും ഗൂഢഉദ്ദേശങ്ങളും അക്കമിട്ടി നിരത്തി സമരത്തിനെതിരെ പ്രചരണം നടത്തുന്ന ഇവര്‍ സമരത്തോടുള്ള നാട്ടുകാരുടെ വിയോജിപ്പും പദ്ധതിയോടുള്ള യോജിപ്പും പലപ്പോഴും തുറന്നുകാട്ടി. ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ സമരത്തിനൊപ്പം നില്‍ക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത സന്തോഷ് കീഴാറ്റൂരിന് പറയാനുള്ളത്, “കീഴാറ്റൂര്‍ വളരെ ചെറിയ ഗ്രാമമാണ്. ഏകദേശം 1800ല്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. കൃത്യമായ രാഷ്ട്രീയ ബോധം വച്ചുപുലര്‍ത്തുന്നവരാണ് ഇവിടെയുള്ളവര്‍. കീഴാറ്റൂരിലെ നെല്‍വയലുകള്‍ മുഴുവന്‍ മൂടി തണ്ണീര്‍ത്തടം നശിപ്പിച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ ഹൈവേ വരുന്നുണ്ടെന്ന പ്രചരണമായിരുന്നു ആദ്യം. സര്‍വേ നടക്കാന്‍ പോവുന്നു. നാട്ടുകാര്‍ ഒന്നടങ്കം അത് തടഞ്ഞു. അറസ്റ്റും ഉണ്ടായി. പിന്നീട് കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. തളിപ്പറമ്പ് നഗരത്തോട് ചേര്‍ന്ന് പൂക്കോത്ത് തെരു വഴിയായിരുന്നു ആദ്യം ബൈപ്പാസ് നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റ് ഉണ്ടാക്കിയത്. ആ അലൈന്‍മെന്റ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ പോളിസി അനുസരിച്ച് ജനവാസമുള്ള പ്രദേശങ്ങളെ കഴിവതും ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്നും അതിനാലാണ് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ അറിയിച്ചു. ഇപ്പോള്‍ സമരം ചെയ്യുന്ന ചിലരാണ് ബൈപ്പാസിനെതിരായി ആദ്യം തന്നെ നാട്ടില്‍ പ്രചാരണം നടത്തിയത്. എട്ടുമീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നികത്തിയാണ് ഹൈവേ വരുന്നത്, വീടുകള്‍ പോവും, വയലുകളിലെ ജലസംഭരണം ഇല്ലാതാവുമ്പോള്‍ കുടിവെള്ള പ്രശ്‌നം ഉണ്ടാവും തുടങ്ങിയ ആശങ്കകളായിരുന്നു അവര്‍ പങ്കുവച്ചിരുന്നത്. പാര്‍ട്ടിവിശ്വാസികള്‍ പോലും നിരാഹാര സമരമിരുന്നു. എന്നാല്‍ അതോടെ സമരത്തിന്റെ സ്വഭാവം മാറി. പല തത്പരകക്ഷികളും സമരത്തിലേക്കെത്താന്‍ തുടങ്ങി. നക്‌സലൈറ്റുകാരും, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായിട്ടുകൂടി ബിജെപിക്കാരും സമരത്തില്‍ എത്തി. അത്തരത്തില്‍ ചിലര്‍ അവരുടെ താത്പര്യത്തിനായി സമരം മാറ്റുന്നു എന്ന് കണ്ടപ്പോഴാണ് ഞാനടക്കമുള്ളവര്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. നാട്ടുകാരുടേയും പാര്‍ട്ടിക്കാരുടേയും സമ്മര്‍ദ്ദത്തിനും നിരന്തര ആവശ്യത്തിനും വഴങ്ങിയാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സാറ്റലൈറ്റ് സര്‍വേ വഴിയാണ് ഹൈവേ അതോറിറ്റി സ്ഥലം തീരുമാനിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി കീഴാറ്റൂര്‍ പാടശേഖരത്തില്‍ മുഴുവന്‍ കൃഷി നടക്കാറില്ല. ഉപജീവനമായല്ല ഇവിടെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്. അവരവരുടെ ആവശ്യത്തിനുള്ളത് കൃഷി ചെയ്യുക എന്ന രീതിയാണ്. മന്ത്രിയെ കണ്ടപ്പോള്‍ സമരക്കാര്‍ നിര്‍ദ്ദേശിക്കുന്ന അലൈന്‍മെന്റിന്റെ സാധ്യത പരിശോധിക്കാമെന്ന് മന്ത്രി വാക്കുനല്‍കി. അന്വേഷണ സംഘത്തേയും ചുമതലപ്പെടുത്തി. അന്ന് രാത്രി സമരപ്പന്തലില്‍ സമരം ഭാഗികമായെങ്കിലും വിജയിച്ചതിന്റെ സൂചനയായി പാല്‍പ്പായസ വിതരണവും പടക്കം പൊട്ടിക്കുകയുമുണ്ടായി. എന്നാല്‍ ഇതെല്ലാം ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു. മന്ത്രിയുടെ മുന്നില്‍ നിര്‍ദ്ദിഷ്ട പാതയില്‍ നിന്ന് അല്‍പ്പം മാറിയുള്ള മറ്റൊരു റൂട്ട് ആണ് സമരക്കാര്‍ വച്ചത്. എന്നാല്‍ അവര്‍ നിര്‍ദ്ദേശിച്ച് റൂട്ട് വേണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് വീണ്ടും പ്രതിഷേധവും രാപ്പകല്‍ സമരവും തുടങ്ങുകയായിരുന്നു. അവിടെ സമരം ചെയ്യുന്നവരില്‍ പലര്‍ക്കും കീഴാറ്റൂര്‍ വയലില്‍ ഒരുതുണ്ട് ഭൂമി പോലുമില്ല. നാലോ അഞ്ചോ കുടുംബക്കാരാണ് ഇപ്പോള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. അറുപത് ഏക്കര്‍ വയലില്‍ വെറും പതിനൊന്ന് ഏക്കര്‍ മാത്രമാണ് ബൈപ്പാസിനായി സര്‍വേ ചെയ്തിരിക്കുന്നത്. സമരക്കാര്‍ പറയുന്നത് പോലെ വയലിനോട് ചേര്‍ന്നുള്ള തോട് മൂടില്ല. മൂന്ന് മീറ്റര്‍ മാത്രം ഉയരത്തിലാണ് റോഡ് വരുന്നത്. കീഴാറ്റൂരിലെ അമ്പത് ഏക്കര്‍ വയലായി തന്നെ തടരുകയും ചെയ്യും. സമരക്കാര്‍ മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിക്കുകയാണ്. കീഴാറ്റൂരിലെ അമ്പത്തിയാറ് ഭൂവുടമകള്‍ റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കാട്ടി സമ്മതപത്രവും നല്‍കിയിട്ടുണ്ട്. നാട്ടുകാരാരും വയല്‍ക്കിളികള്‍ക്കൊപ്പമില്ല. എല്ലാവരും യാഥാര്‍ഥ്യം തിരിച്ചരിഞ്ഞുകഴിഞ്ഞു.”

സിപിഎം പറയുന്നത്

സമരം സര്‍ക്കാരിനും അതിലുപരി സിപിഎമ്മിനും എതിരായാണ്. സിപിഎമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്ന വയല്‍ക്കിളികള്‍ ചോദ്യം ചെയ്തിട്ടുമുണ്ട്. സമരത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്താക്കിയതോടെ സമരക്കാരും പാര്‍ട്ടിയുമായുമായുള്ള തുറന്ന് പോര് തന്നെ ആരംഭിക്കുകയായിരുന്നു. കീഴാറ്റൂര്‍ വടക്ക് സിപിഎം കമ്മറ്റിയില്‍ നിന്ന് രണ്ട് പേരേയും കീഴാറ്റൂര്‍ സെന്ററില്‍ നിന്ന് ഒമ്പത് പേരേയുമാണ് പുറത്താക്കിയത്. ഇവരെല്ലാം വയല്‍ക്കിളി സമരത്തില്‍ സജീവ പ്രവര്‍ത്തകരായിരുന്നു. സമരത്തിന്റെ ആദ്യഘട്ടമൊഴിച്ച് പിന്നീടിങ്ങോട്ടുള്ള നാളുകളിലെല്ലാം പാര്‍ട്ടി തന്നെയാണ് പ്രതിസ്ഥാനത്തുള്ളതും. ഒടുവില്‍ കഴിഞ്ഞയാഴ്ച വയല്‍ക്കിളികള്‍ ആത്മാഹൂതി സമരത്തിനൊരുങ്ങിയതിന് ശേഷം സമരപ്പന്തല്‍ കത്തിച്ചതിലും സിപിഎമ്മിന്റെ പേരാണ് ഉയര്‍ന്ന് കേട്ടിട്ടുള്ളത്. പാര്‍ട്ടിനേതാക്കള്‍ ആ ആരോപണം നിഷേധിക്കുന്നുണ്ടെങ്കിലും സമരക്കാരും നാട്ടുകാരില്‍ പലരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ഉള്ളവരും അതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് തന്നെ ഉറച്ച് പറയുകയും ചെയ്യുന്നു.

സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയായ മുകുന്ദന്‍ സമരത്തെക്കുറിച്ച് പറയുന്നതിങ്ങനെ, “ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ ബൈപ്പാസ് നിര്‍മ്മിക്കണം. കണ്ണൂര്‍ ജില്ലയില്‍ മൂന്നിടത്താണ് ഇത്തരത്തില്‍ ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദേശീയപാതാ വികസനം എന്നത് സിപിഎമ്മിന്റെ മാത്രം ആവശ്യമല്ല. നിരത്തിലൂടെ വാഹനമോടിക്കുന്ന, ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന എല്ലാവരുടേയും ആവശ്യമാണ്. അലൈന്‍മെന്റ് തയ്യാറാക്കിയത് സിപിഎമ്മോ സംസ്ഥാന സര്‍ക്കാരോ അല്ല. നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. കീഴാറ്റൂര്‍ വഴിയാണ് അവര്‍ ബൈപ്പാസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച് കീഴാറ്റൂരില്‍ ആദ്യം ആശങ്കകളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. ഹൈവേ വരുന്നതോടെ ഈ പ്രദേശത്ത് മാലിന്യം വന്നുചേരും, കീഴാറ്റൂരിനെ തന്നെ രണ്ട് ഭാഗമായി തിരിക്കുന്നതാണ് ബൈപ്പാസ്, മണ്ണിട്ട് നികത്തി കൂറ്റന്‍ മതില്‍ പോലെ ഹൈവേ വരും തുടങ്ങി പല ആശങ്കകളും നിലനിന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തന്നെ മുന്‍കയ്യെടുത്ത് സത്യാവസ്ഥയെല്ലാം പാര്‍ട്ടിപ്രവര്‍ത്തകരേയും ജനങ്ങളേയും ബോധ്യപ്പെടുത്തി. പക്ഷെ ചിലര്‍ക്ക് അത് ബോധ്യപ്പെടുന്നില്ല. വയലുകളിലെ വളരെ ചുരുങ്ങിയ ഭാഗം മാത്രമേ നികത്തപ്പെടുന്നുള്ളൂ. മണ്ണെണ്ണയും മറ്റുമായി ആത്മാഹുതി സമരം ചെയ്തവരില്‍ പലരും ഭൂമി നഷ്ടപ്പെടുന്നവരല്ല. അതില്‍ ഭൂമി നഷ്ടപ്പെടുന്നവരായിട്ട് വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. പൂക്കോത്ത് തെരുവിലൂടെ പദ്ധതി വന്നാല്‍ 169 വീടുകള്‍ നഷ്ടപ്പെടും. നാശനഷ്ടം വലുതാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു അലൈന്‍മെന്റ് തയ്യാറാക്കിയത്. സമരക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. ആരാണ് അവരുടെ കൂടെയുള്ളവര്‍? ബൈപ്പാസ് സമരത്തിന് സുരേഷ് കീഴാറ്റൂരിന്റെ ബന്ധുക്കളല്ലാതെ മറ്റാരുണ്ട്? കൃഷി ചെയ്യാതെ അട്ടകയറി, കാടും പടലും പിടിച്ചുകിടന്നതാണ് ഇതിലെ പല വയലുകളും. 200 ഏക്കല്‍ പാടത്ത് ആകെ 11 ഏക്കര്‍ മാത്രമേ ഇല്ലാതാവുന്നുള്ളൂ. എന്നാല്‍ വയലുകള്‍ മുഴുവനായും പോവുമെന്നായിരുന്നു അവരുടെ ന്യായം. നാട്ടില്‍ വലിയ വികസന പ്രവര്‍ത്തനം വരുമ്പോള്‍, നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വലിയ ഒരു പദ്ധതി വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ശരിയാണോ?”

വയല്‍ക്കിളികളുടെ മറുപടി

സമരത്തിന് നേതൃത്വം നല്‍കുന്ന മനോഹരന്‍ പറയുന്നു: “വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തളിപ്പറമ്പില്‍ നിലവിലെ ഹൈവേ വികസിപ്പിക്കുമെന്ന ധാരണയും കേട്ടുകേള്‍വിയുമാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. നാലോ അഞ്ചോ വര്‍ഷമായി ഹൈവേ വികസനത്തിനുള്ള സ്ഥലവും വിട്ടുകൊണ്ടാണ് അവിടെ കെട്ടിടങ്ങളും വീടുകളും വന്നിരുന്നത്. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് മുതല്‍ നിലവിലെ ദേശീയപാതയോട് ചേര്‍ന്നുകൊണ്ടു തന്നെ ബഹുനിലക്കെട്ടിടങ്ങളടക്കം വരാന്‍ തുടങ്ങി. ആരില്‍ നിന്നോ ഉറപ്പ് ലഭിച്ചിട്ടെന്ന പോലെയായിരുന്നു ഇത് എന്നാണ് മനസ്സിലാക്കുന്നത്. പൂക്കോട്ട് തെരുവ് വഴി ബൈപ്പാസ് നിര്‍മ്മിച്ചാല്‍ എണ്‍പത് വീടുകളെങ്കിലും പോവുമെന്നാണ് കണക്ക്. എഞ്ചിനീയറും, സമരനേതാക്കളും ചേര്‍ന്ന് ആ സ്ഥലം പോയി നോക്കിയപ്പോള്‍ അലൈന്‍മെന്റില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മുപ്പത് വീടുകള്‍ മാത്രം പോവുന്ന ഒരു സാധ്യത അവിടെ കണ്ടെത്തി. എന്നാല്‍ എംഎല്‍എ ജെയിംസ് മാത്യുവിന് ബൈപ്പാസ് കീഴാറ്റൂര്‍ വഴി തന്നെ പോവണമെന്ന് എന്തോ നിര്‍ബന്ധമുള്ളത് പോലെയായിരുന്നു. ആ വഴി പോയാല്‍ 30 വീട് പോവില്ലേ എന്നാണ് അദ്ദേഹം സമരക്കാരോട് ചോദിച്ചത്. അദ്ദേഹത്തിന് ഇത് വയലിലൂടെ തന്നെ കൊണ്ടുവരണമായിരുന്നു. കുപ്പം പുഴയുടെ അരികിലായുള്ള 58 ഏക്കര്‍ കുന്നുകള്‍ ഒരു ഗ്രൂപ്പ് വാങ്ങിയിട്ടത് അവിടെ ടൗണ്‍ഷിപ്പ് ഉണ്ടാക്കാനാണെന്ന് പറഞ്ഞാണ്. എന്നാല്‍ അത് നടക്കണമെങ്കില്‍ കുന്നുകള്‍ ഇടിക്കണം. വയലിലൂടെ റോഡ് പോയാല്‍ ലോഡ് കണക്കിന് മണ്ണ് വയലിലേക്ക് ഇറക്കാം. അങ്ങനെ ആ കുന്നുകള്‍ നിരപ്പായി കിട്ടും. ഇതാണ് ഉദ്ദേശം. പക്ഷെ ഇത് സ്ഥാപിക്കാന്‍ ഞങ്ങളുടെ കയ്യില്‍ തെളിവുകളൊന്നുമില്ല. ഏത് റൂട്ട് ആയാലും കുപ്പത്തുനിന്ന് ബൈപ്പാസ് തുടങ്ങുന്നിടത്ത് മുന്നൂറ് മീറ്ററിനുള്ളില്‍ തന്നെ വീടുള്‍പ്പെടെ മുപ്പത് കെട്ടിടങ്ങള്‍ പോവും.

മന്ത്രി ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ സമരക്കാര്‍ യാതൊരു റൂട്ടും അലൈന്‍മെന്റും നിര്‍ദ്ദേശം വച്ചിട്ടില്ല. അത് പുറത്തുനിന്ന് കാര്യങ്ങളെ കേള്‍ക്കുന്നവര്‍ പറഞ്ഞുപരത്തുന്നതാണ്. മന്ത്രിയും അത് പറഞ്ഞുകണ്ടു. എന്നാല്‍ അന്ന് ചര്‍ച്ചായോഗത്തില്‍ സമരക്കാര്‍ എന്ത് നിര്‍ദ്ദേശമാണ് വച്ചതെന്ന് ആര്‍ടിഐ നല്‍കിയിട്ട് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. അങ്ങനെയൊന്നില്ല. ഞങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശവുമില്ല. പക്ഷെ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാനാവില്ല. മന്ത്രി പഠനത്തിന് വിദഗ്ദ്ധ സംഘത്തെ നിയമിച്ചു. അവര്‍ കീഴാറ്റൂര്‍ വന്ന് റോഡിന്റെ മുകളില്‍ നിന്നുകൊണ്ടാണ് സ്ഥലം നോക്കുന്നത്. നോക്കുന്ന സമയത്ത് ഞങ്ങളും അവിടെയുണ്ട്. ഇതിലൂടെ റോഡ് പോവാന്‍ പറ്റില്ലെന്ന് ആ സ്ഥലം കണ്ടപ്പോള്‍ തന്നെ അവര്‍ അഭിപ്രായപ്പെടുകയും ചെയ്തതാണ്. എന്നാല്‍ വയല്‍ പോവാതെ കരയായിട്ട് നില്‍ക്കുന്ന ഭാഗമെടുക്കാമെന്ന് എംഎല്‍എ ചാടിക്കേറി പറയുകയായിരുന്നു. അരമണിക്കൂറിന് ശേഷം അവര്‍ മടങ്ങി. നാലോ അഞ്ചോ മണിക്കൂറുകള്‍ക്കുള്ളില്‍ കളക്ടറേറ്റില്‍ അവലോകനയോഗവും നടന്നു. വയലിനോട് ചേര്‍ന്ന് കരഭാഗമില്ല. ആകെയുള്ളത് തോടാണ്. വയലിന്റെ അരിക് ചേര്‍ന്ന് തോടിനോട് ചേര്‍ത്ത് റോഡ് പണിയാമെന്നായി. എന്നാല്‍ അങ്ങനെ വരുമ്പോഴും വയലുകളുടെ ഏതാണ്ട് എണ്‍പത് ശതമാനവും പോവും. പലപ്പോഴും മുവ്വായിരവും പതിനയ്യായിരവും ഒക്കെ ഒരു സെന്റിന് വിലയുള്ള ഭൂമിക്ക് മൂന്നും നാലും ലക്ഷത്തിലധികം വില കിട്ടുമെന്ന് വ്യാമോഹിപ്പിച്ചാണ് പലരേയും ബൈപ്പാസിന് അനുകൂലമാക്കിയത്. എന്നാല്‍ അങ്ങനെയൊന്നുണ്ടാവില്ല. പൊന്നുംവില നല്‍കി എടുത്താലും മൂന്നിരട്ടി വിലയില്‍ കൂടുതല്‍ സര്‍ക്കാരിന് നല്‍കാനാവില്ല. പിന്നീട് കോടതിയിലാണ് ബാക്കി കാര്യങ്ങള്‍ തീര്‍പ്പാവുക.

സമരക്കാര്‍ക്കൊപ്പം ഇപ്പോഴും മുന്നൂറ് പേരിലധികം ഉണ്ട്. ആത്മാഹൂതി സമരത്തിന് 48 വയല്‍ക്കിളികളേ ഉണ്ടായിരുന്നുള്ളൂ. അത് ഞങ്ങള്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടാണ്. പ്രായമായവരും കുട്ടികളുമുള്ള വീടുകളില്‍ നിന്ന് ഒരംഗം മാത്രം വന്നാല്‍ മതിയെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. നൂറിലധികം പേര്‍ ഏത് സമയവും സജ്ജരായി ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്നിട്ടും കുറച്ചുപേര്‍ മാത്രം സമരത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കാരണം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അന്ന് തന്നെ ജാമ്യം ലഭിക്കണമെന്നില്ല. അങ്ങനെവന്നാല്‍ പുറത്ത് സമരം നയിക്കാന്‍ ആരെങ്കിലും ഉണ്ടാവണം. അതിനായാണ് ആ തീരുമാനമെടുത്തത്. ഇതിന് മുമ്പ് മനുഷ്യച്ചങ്ങല തീര്‍ത്തപ്പോള്‍, പാര്‍ട്ടിക്കാര്‍ വീടുവീടാന്തരം കയറിയിറങ്ങി സമരത്തിന് പിന്തുണ നല്‍കരുതെന്നും മനുഷ്യച്ചങ്ങലയ്ക്ക് പോവരുതെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അത്രയും എതിര്‍പ്പുകളുണ്ടായിട്ടു കൂടി എണ്ണൂറില്‍ കൂടുതല്‍ പേര്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. സമരപ്പന്തല്‍ കത്തിച്ചതിനെതിരെ കീഴാറ്റൂരില്‍ മാത്രം നടന്ന പ്രകടനത്തില്‍ തൊണ്ണൂറ് പേര്‍ പങ്കെടുത്തു. കീഴാറ്റൂരിലെ എഴുപത്തിയഞ്ച് ശതമാനം പേരും സമരത്തിനൊപ്പമുണ്ട്. പ്രത്യക്ഷത്തില്‍ പിന്തുണച്ചില്ലെങ്കിലും മനസ്സുകൊണ്ട് ഞങ്ങള്‍ക്കൊപ്പമാണ്. പിന്നെ, സമരത്തില്‍ നിന്ന് പിന്‍വാങ്ങിയവര്‍ പലരും പേടിച്ചിട്ട് പോയതാണ്. പാര്‍ട്ടിഗ്രാമമായതിനാല്‍ പാര്‍ട്ടിയെ ഭയമാണ്. ജോലി തടസ്സപ്പെടുത്തല്‍, ജോലി നിഷേധിക്കല്‍, വിവാഹം തടസ്സപ്പെടുത്തല്‍, ഊരുവിലക്ക്, ഒറ്റപ്പെടുത്തല്‍ എന്നിങ്ങനെ ഭീഷണിപ്പെടുത്തിയും പണം ഓഫര്‍ ചെയ്തുമാണ് പലരേയും സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുള്ളത്.

കൃഷിഭൂമികള്‍ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് തന്നെയാണ്. 6.1 കി.മീ. ബൈപ്പാസില്‍ 4.5 കി.മീറ്ററും വയലുകളും നീര്‍ത്തടങ്ങളുമാണ്. അതിനാല്‍ തന്നെ റവന്യൂ നഷ്ടം ഞങ്ങളുടെ സമരത്തിന്റെ ഹൈലൈറ്റല്ല. ഞങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നത് കൊണ്ടാണ് സമരമെന്നോ, അല്ലെങ്കില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ സമരമാണിതെന്നോ കണക്കാക്കേണ്ട. കുടിവെള്ളവും, പാരിസ്ഥിതിക നാശവും തന്നെയാണ് സമരം ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നം. നാല്‍പ്പത് മീറ്ററിലധികം നീര്‍ത്തടമോ നെല്‍വയലോ ഏറ്റെടുക്കുകയാണെങ്കില്‍ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. ഇവിടെ പുനര്‍പരിവര്‍ത്തനം നടത്താതെ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജൈവവൈവിധ്യ വകുപ്പിന്റെ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതൊന്നും നടന്നിട്ടില്ല. അതെല്ലാം നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. വയല്‍ നികത്തുമ്പോള്‍ മൂന്ന് മീറ്ററോളം വയലിലെ ചെളി എടുത്ത് പുറത്തുകളിഞ്ഞിട്ട് വേണം മണ്ണിട്ട് നികത്താന്‍. അങ്ങനെ നോക്കിയാല്‍ നാലരകിലോമീറ്റര്‍ വയല്‍ നികത്താന്‍ ഏതാണ്ട് പത്ത് ലക്ഷം ലോഡ് മണ്ണെങ്കിലും വേണ്ടി വരും. ഇതെവിടെ നിന്ന് കൊണ്ടുവരും? എത്ര കുന്നുകള്‍ ഇടിച്ചാലായിരിക്കും അത് ലഭിക്കുക? ഒരു ലോഡിന് 700 രൂപ എന്ന കണക്കില്‍ കൂട്ടിയാലും എത്ര കോടി രൂപയുടെ ബിസിനസ് ആണ് ഈ ഇനത്തില്‍ മാത്രം നടക്കുക എന്നാലോചിച്ചാല്‍ മതി.

സമരത്തില്‍ നിന്ന് പലരും വിട്ടുപോയിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിഞ്ഞ് പോയെന്നേ പറയാനൊക്കൂ. നുണ ഉത്പാദിപ്പിക്കുന്ന പാര്‍ട്ടിയും, അവരുടെ നുണ ഉത്പാദിപ്പിക്കുന്ന തൊഴിലാളികളുമാണ്. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന എനിക്ക് പാര്‍ട്ടിയുടെ എല്ലാ കളികളും നന്നായി അറിയാം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാനും കഴിയുന്നുണ്ട്. പക്ഷെ അവര്‍ വലിയ പാര്‍ട്ടിയാണ്, വലിയ സംവിധാനങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും. ഇപ്പോള്‍ സമരം ചെയ്യുന്ന പലരും അവരുടെ മുന്‍ തലമുറയും സ്വത്തും സമ്പാദ്യവുമെല്ലാം പാര്‍ട്ടിക്ക് കൊടുത്തിട്ട് പോരാടിയവരാണ്, കൊടിപിടിച്ചവരാണ്. ഞങ്ങളോട് താഴേക്ക് നോക്കി താഴെയുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കണ്ട് മനസ്സിലാക്കി, അവര്‍ക്കും നിങ്ങള്‍ക്കും സന്തോഷവും സമാധാനവുമുള്ള ജീവിതമുണ്ടാക്കാന്‍ പരിശ്രമിക്കാന്‍ പറഞ്ഞുപഠിപ്പിച്ചിട്ടുള്ളവരാണ് മുന്‍തലമുറക്കാര്‍. ആ പഠനം ഉള്ളതുകൊണ്ട് ഇവരുടെ ഭീഷണിയിലും നുണപ്രചരണത്തിലുമൊന്നും ഭയപ്പെടില്ല.

സമരത്തില്‍ പുറത്തുനിന്നെത്തുന്നവര്‍ ഉണ്ടെന്ന് പറയുന്നത്, അതില്‍ ഞങ്ങള്‍ ഉത്തരവാദികളല്ല. ജനകീയ സമരമാവുമ്പോള്‍ പലരും വരുകയും പോവുകയും ചെയ്യും. ജമാ അത്തെ ഇസ്ലാമിക്കാരായിരിക്കും, ബിജെപിക്കാരായിരിക്കും, നക്‌സലൈറ്റുകളായിരിക്കും, ആര്‍എംപി പ്രവര്‍ത്തകരായിരിക്കും- ഇവരോടൊന്നും ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിട്ടാവണമെന്നില്ല. സമരത്തില്‍ വരുന്നവരോട് വരരുതെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. സമരം മുതലെടുക്കാനായി ഇപ്പോള്‍ എല്ലാവരും ചാടി വീഴുന്നുമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്, രാഷ്ട്രീയമുണ്ട്.”

അനുമതി പത്രവും പ്രചരണങ്ങളും

കീഴാറ്റൂരിലെ അറുപതില്‍ അമ്പത്തിയാറ് ഭൂവുടമകളും തങ്ങള്‍ ബൈപ്പാസിനായി ഭൂമി വി്ട്ടുനല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് സമ്മത പത്രം നല്‍കി- ഇതാണ് സിപിഎമ്മിന്റെയും ബൈപ്പാസ് അനുകൂലികളുടേയും വാദം. എന്നാല്‍ കീഴാറ്റൂരിലെ നാല്‍പ്പത്തിയഞ്ച് ഭൂവുടമകള്‍ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയതായും ഇതില്‍ മൂന്ന് പേര്‍ ഇപ്പോള്‍ മറുപക്ഷത്തേക്ക് ചാടിയതായും സമരക്കാര്‍ പറയുന്നു. അനുമതി പത്രം നല്‍കിയവര്‍ കൂവോട് ഭാഗത്തെ ഭൂ ഉടമകളാണെന്നും കീഴാറ്റൂരിലെ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് അനുമതി പത്രം നല്‍കിയിട്ടുള്ളതെന്നും വയല്‍ക്കിളികള്‍ വാദിക്കുന്നു. എന്നാല്‍ ഭൂമിയേറ്റെടുക്കലിന് സമ്മതപത്രമേ വേണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥനായ ഹരിദാസ് പറയുന്നു. “ദേശീയപാതാ വികസനത്തിനായാലും, റെയില്‍വേക്കായാലും ഏത് പദ്ധതികള്‍ക്കായാലും സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിക്കഴിഞ്ഞാല്‍ ആ ഭൂമി സര്‍വേ നടത്തി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമേ റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ളൂ. അതില്‍ ഭൂ ഉടമയുടെ അനുമതിയോ വിയോജിപ്പോ ഒന്നും പരിഗണിക്കില്ല. ആവശ്യപ്പെടുകയുമില്ല”.

സമ്മതപത്രം ആവശ്യമില്ലാതിരിക്കെ എന്തിനാണ് സമ്മതിപത്രം ഒപ്പിട്ടുനല്‍കിയത് എന്ന ചോദ്യത്തിന് സിപിഎം ഏരിയാ സെക്രട്ടറി മുകുന്ദന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, “യഥാര്‍ഥത്തില്‍ ഭൂ ഉടമകളുടെ അനുമതി ആവശ്യമില്ല. എന്നാല്‍ മുഴുവന്‍ ഭൂ ഉടമകളുടേയും പിന്തുണ ഉണ്ടെന്ന ബൈപ്പാസ് വിരുദ്ധ സമരക്കാരുടെ വാദത്തെ ഖണ്ഡിക്കാന്‍ വേണ്ടി തന്നെയാണ് അത് ചെയ്തത്. കൃഷിയില്ലാതെ ജീവിതമില്ല, കൃഷിയില്ലാതായാല്‍ വേറൊന്നുമില്ല എന്ന് പറയുന്നവരെ തുറന്നുകാട്ടാനായാണ് അത് ചെയ്തത്. ആരാണ് ഭൂ ഉടമകള്‍, ആരല്ല-അത് പുറത്തുകൊണ്ടുവരണമെന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് സമ്മതപത്രം വാങ്ങിയത്”. എന്നാല്‍ ഭൂ ഉടമസ്ഥതയോ ഭൂമി നഷ്ടപ്പെടലോ അല്ല, തങ്ങള്‍ ഉയര്‍ത്തുന്നത്, ‘കുടിവെള്ളത്തിന് ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരിന് കഴിയില്ല’ എന്ന മുദ്രാവാക്യവും അതിലെ രാഷ്ട്രീയവുമാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു.

എംഎല്‍എയ്ക്ക് പറയാനുള്ളത്

ബൈപ്പാസ് അലൈന്‍മെന്റ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സമരക്കാര്‍ വിമര്‍ശിച്ചത് തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിനെയാണ്. കീഴാറ്റൂര്‍ വയലുകളിലൂടെ റേഡ് കൊണ്ടുവരുന്നതില്‍ എംഎല്‍എയുടെ താത്പര്യമാണുള്ളതെന്നാണ് സമരക്കാര്‍ ആരോപിച്ചത്. എംഎല്‍എ ജെയിംസ് മാത്യു പ്രതികരിക്കുന്നു, “അലൈന്‍മെന്റ് തയ്യാറാക്കിയത് ഞാനല്ല. ഹൈവേ അതോറ്റി നിശ്ചയിച്ച ഏജന്‍സിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ചില നിലപാടുകള്‍ ഉണ്ട്. എന്നാല്‍ സാങ്കേതിക വിദഗ്ദ്ധരാണ് റോഡ് ഏത് വഴിക്ക് പോവണമെന്ന് പറയേണ്ടത്. പാര്‍ട്ടിയും പാര്‍ട്ടിക്കാരും അതില്‍ ഒരു അഭിപ്രായവും പറയില്ല. കാരണം ഏത് വഴിക്ക് പോയാലും ഭവിഷ്യത്തുകള്‍ ഉണ്ടാവും. കെട്ടിടങ്ങളും വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഒഴിവാക്കി ഒരു പാത നിര്‍മ്മിക്കാനേ അഭിപ്രായം പറയുകയാണെങ്കില്‍ ആരും പറയുകയുള്ളൂ. ഇവിടെയും അതിനാണ് ശ്രമിച്ചിരിക്കുന്നത്. കണ്ണൂരില്‍ ദേശീയപാത കടന്നുപോവുന്ന 16 കി.മീ. നീളത്തിലും നീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ് ഭൂരിഭാഗവും. അവിടെയൊന്നും എതിര്‍പ്പുകള്‍ ഇല്ല എന്നല്ല. എന്നാല്‍ ഇവിടെ മാത്രമാണ് ഇത്തരത്തില്‍ ഒരു എതിര്‍പ്പ് നിലനില്‍ക്കുന്നത്. നിങ്ങള്‍ക്ക് വീടും വയലും ഉണ്ടെങ്കില്‍, അതിലേത് നഷ്ടപ്പെടുത്തും എന്ന് ചോദിച്ചാല്‍ വയലോ പറമ്പോ നഷ്ടപ്പെടട്ടേ എന്നേ സ്വാഭാവികമായും എല്ലാവരും ചിന്തിക്കൂ. അത് തന്നെ ഇവിടെയും സംഭവിച്ചു. അന്യന്റെ വീട് പൊക്കോട്ടെ, എന്റെ വയല്‍ നില്‍ക്കട്ടെ എന്നാണ് മനോഭാവം. പരിസ്ഥിതി പ്രശ്‌നമുണ്ട്. പരിസ്ഥിതി നന്നായിരിക്കുകയും വേണം. എന്നാല്‍ ഇവിടെ ഒരു ദിവസം റോഡ് ആക്‌സിഡന്റില്‍ എത്രപേരാണ് മരിക്കുന്നതെന്ന് ആലോചിക്കൂ. വാഹനങ്ങള്‍ ഉപയോഗിക്കാത്ത സമൂഹം ആണെങ്കില്‍ പറയാം, ഞങ്ങള്‍ വാഹനമോടിക്കുന്നില്ല നിങ്ങളുടെ വാഹനം പോവാനായി ഞങ്ങളുടെ സ്ഥലം നഷ്ടപ്പെടുത്തി എന്ന്. എന്നാല്‍ ഇത് എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്നവരാണ്. കുതിരവണ്ടിയിലും കാളവണ്ടിയിലുമൊന്നുമല്ലല്ലോ ഇവരാരും യാത്രചെയ്യുന്നത്. മൊബൈല്‍ ടവര്‍ വീടിന് പരിസരത്തെവിടെയെങ്കിലും വന്നാല്‍ ഉടനെ വിളിച്ച് പരാതി പറയുന്നവരാണ് പലരും. എന്നാല്‍ ആ പരാതി പറയുന്നതും മൊബൈല്‍ ഫോണില്‍ തന്നെയാണെന്ന് ഓര്‍ക്കണം. ഈ നാട്ടിലുള്ള റോഡെല്ലാം ഉണ്ടായിരിക്കുന്നത് ഇങ്ങനെ പലതും നികത്തിയിട്ടാണ്.”

കൃഷിയിലൊതുങ്ങുന്നില്ല കീഴാറ്റൂര്‍ വയലുകളുടെ ധര്‍മ്മം

കൃഷി ചെയ്യാതെ തരിശുകിടക്കുന്ന നിലങ്ങള്‍ നികത്താമോ? ഇതിനുള്ള ഉത്തരം കാലങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. കൃഷി എന്ന പ്രാഥമിക ധര്‍മ്മത്തിനപ്പുറത്തേക്ക് വയലുകളും നീര്‍ത്തടങ്ങളും നിര്‍വ്വഹിക്കുന്ന ഒട്ടനവധി ധര്‍മ്മങ്ങളുണ്ട്. കുടിവെള്ളം ഇല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം പേരും നെട്ടോട്ടമോടുമ്പോള്‍, ഭൂജലം ക്രമാതീതമായി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ അവശേഷിക്കുന്ന നീര്‍ത്തടങ്ങളും നെല്‍വയലുകളെങ്കിലും സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് വിവിധ കാലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്ന കാര്യം. വേനല്‍ക്കാലത്തുപോലും കുടിവെള്ളം സുലഭമായി കിട്ടുന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന കീഴാറ്റൂര്‍ പാടശേഖരങ്ങള്‍ യഥാര്‍ഥത്തില്‍ മഴക്കാലത്ത് വയലായിരിക്കില്ല, പകരം ഒരു പുഴയായി ഒഴുകും, പെയ്തിറങ്ങുന്ന ജലത്തെ അതിനുള്ളില്‍ പിടിച്ചുനിര്‍ത്തും. ഒരു കൃഷി മാത്രമാണ് കീഴാറ്റൂര്‍ വയലുകളില്‍ നടക്കുന്നത്. മഴക്കാലത്ത് അത് ജലസംഭരണിയാണ്. കുപ്പം പുഴയുടെ അഞ്ച് മൈക്രോ വാട്ടര്‍ഷെഡ്ഡുകളില്‍ പെടുന്നതാണ് കുപ്പം, കുറ്റിക്കോല്‍, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍. കൂവോട്, പുളിമ്പറമ്പ്, പ്ലാത്തോട്ടം പ്രദേശങ്ങളില്‍ നിന്നും തളിപ്പറമ്പ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം കൂവോട്, കീഴാറ്റൂര്‍ ഭാഗങ്ങിലേക്കാണ് എത്തിച്ചേരുക. പിന്നീട് ഇത് കുറ്റിക്കോല്‍ പുഴയില്‍ ചെന്ന് ചേരും. ഒന്നരമീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം പൊങ്ങാറുണ്ട് ഈ പ്രദേശങ്ങളില്‍ .വേനലില്‍ നഗരപ്രദേശത്ത് ജലക്ഷാമം രൂക്ഷമാവുമ്പോള്‍ ആശ്രയിക്കുന്നത് കീഴാറ്റൂരിലെ ജലസംഭരണികളെയാണ്. ഈ സാഹചര്യത്തിലാണ് വയല്‍ക്കിളികള്‍ ഉയര്‍ത്തുന്ന വാദം ഗൗരവമായി കണക്കിലെടുക്കേണ്ടത്.

തരിശുകിടക്കുന്ന നിലമെന്ന് കരുതിയോ, വയല്‍ നികത്തിയാല്‍ നഷ്ടമുണ്ടാവില്ലെന്നോ കരുതുന്നവര്‍ അവ ഉണ്ടാക്കാന്‍ പോവുന്ന നഷ്ടത്തെക്കുറിച്ച് പഠിക്കണം- അത് തന്നെയാണ് വയല്‍ക്കിളികളുടെ ആവശ്യവും. വയലിനെ കീറി മുറിച്ച് റോഡ് വരുമ്പോള്‍, മണ്ണിട്ട് നികത്തി ഉയരത്തില്‍ റോഡ് കെട്ടുമ്പോള്‍ അവിടെയുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കുക എന്നത് തള്ളിക്കളയാനാവുന്ന ആവശ്യമല്ല. ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂര്‍ ജില്ലാ കമ്മറ്റി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശിക്കുന്നത് ഇക്കാര്യങ്ങളാണ്. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബാലന്‍ പറയുന്നു, “മൂന്ന് പദ്ധതികളെക്കുറിച്ച് പഠിച്ചാണ് പരിഷത്ത് പ്രൊപ്പോസല്‍ വച്ചിട്ടുള്ളത്. പൂക്കോത്ത് തെരു വഴിയുള്ള പാത, കീഴാറ്റൂര്‍ വഴിയുള്ള പാത, തളിപ്പറമ്പില്‍ നിലവിലെ ഹൈവേയില്‍ ഒരു ഫ്ലൈ ഓവര്‍ – ഈ മൂന്ന് പദ്ധതികളെക്കുറിച്ചാണ് പരിഷത്ത് വിശദമായി പഠിച്ചത്. അങ്ങനെ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായോഗികമായത് തളിപ്പറമ്പില്‍ ഫ്ലൈ ഓവര്‍ എന്നതാണ്. നിലവിലുള്ള ഹൈവേ കഴിയുന്നയിടങ്ങളില്‍ വികസിപ്പിച്ച്, ചിറവത്ത് വരെ രണ്ട് വരിപാതയായി ഫ്ലൈ ഓവര്‍ ഉണ്ടാക്കിയാല്‍ അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. തുടക്കത്തില്‍ ചെലവ് വന്നാലും ഒഴിപ്പിക്കലും മെയിന്റനന്‍സും കാര്യമായി വരില്ല. പരിഷത്ത് വികസനത്തിനെതിരല്ല. ദേശീയപാത വികസിക്കേണ്ടതും ഗതാഗത പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതും ആവശ്യമാണ്. ബൈപ്പാസ് വരുമ്പോള്‍ ഒരുപക്ഷേ കുറഞ്ഞ തോതില്‍ വിളനിലങ്ങളും മറ്റും ഒഴിപ്പിക്കേണ്ടി വന്നേക്കാം. പക്ഷെ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുന്നത് തന്നെയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അതാവാം. പക്ഷെ വലിയതോതില്‍ കൃഷ്സ്ഥലങ്ങളോ നീര്‍ത്തടങ്ങളോ നശിപ്പിച്ചുകൊണ്ട് അത് വരുന്നതില്‍ പരിഷത്തിന് യോജിപ്പില്ല.

കീഴാറ്റൂരിലേത് കൃഷി കാര്യമായി നടക്കുന്നില്ല എന്നാണ് അവരുടെ വാദം. പക്ഷെ അവിടെ കുറേക്കാലമായി ഒരുപ്പൂ കൃഷി നടക്കുന്നുണ്ട്. മുന്‍സിപ്പാലിറ്റിയുടെ ഇടപെടല്‍ കൊണ്ട് അതെല്ലാം വര്‍ധിച്ചിട്ടുമുണ്ട്. ഇനി അതൊന്നുമല്ലെങ്കില്‍ തന്നെ വയല്‍ എന്നത് പ്രത്യേക ഇക്കോ സിസ്റ്റം ആണ്. അത് പാടെ തകരുന്ന ഒരു അവസ്ഥയുണ്ടാവും. എത്രത്തോളം വെള്ളം ആ വയലുകള്‍ സംഭരിച്ചുവക്കാനാവുമെന്ന് പറയാന്‍ തന്നെ കഴിയില്ല. ആ വയലുകള്‍ നികത്തി റോഡുണ്ടാക്കുന്നത് അങ്ങേയറ്റം ആത്മഹത്യാപരമായ സമീപനമാണ് എന്നാണ് മനസ്സിലാക്കുന്നത്. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ തന്നെ കൃഷി ഉത്പാദിപ്പിക്കുന്ന ഏക വയലാണ്. അങ്ങനെയൊരു വയല്‍ ഉണ്ടാക്കിയെടുക്കണമെങ്കില്‍ നൂറ്റാണ്ടുകള്‍ കൊണ്ടും സാധിക്കില്ല. ഒരു വശത്ത് വീടുകള്‍ പോവാതെ വയല്‍ എടുക്കാം എന്നു പറയുമ്പോള്‍ ഇപ്പുറത്ത് അന്നം ഉത്പാദിപ്പിക്കുന്ന വയലാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് എല്ലാ സാധ്യതകളും പരിശോധിക്കണം. അതിനുശേഷം ഏറ്റവും പാരിസ്ഥിതികാഘാതം കുറഞ്ഞത് തിരഞ്ഞെടുക്കണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത് ആവശ്യപ്പെട്ടിട്ടുള്ളത്.’

ചോദ്യം ചെയ്യപ്പെടുന്നത് ഇടതുസര്‍ക്കാരിന്റെ വികസന നയങ്ങള്‍ കൂടിയാണ്

ഹൈവേ വികസനത്തിന് ഏത് അലൈന്‍മെന്റ് ആയിരുന്നാലും നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ നിയമപരമായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം. എന്നാല്‍ ദേശീയപാതാ വികസനത്തിനായി ഏക്കറുകണക്കിന് നെല്‍വയലുകള്‍ ഏറ്റെടുക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇടതുസര്‍ക്കാരിന്റെ നയങ്ങളാണ്. പരിസ്ഥിതിയെ ഇല്ലാതാക്കിക്കൊണ്ടുള്ള വികസനം ഇല്ല എന്ന പ്രകടന പത്രികയിലെ വാഗ്ദാനം, അതാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. മറ്റ് സാധ്യതകള്‍ നിലവിലുണ്ടായിട്ടും പാരിസ്ഥികാഘാത പഠനം നടത്താനുള്ള ക്ഷമ പോലും കാണിക്കാതെ വയലുകള്‍ നികത്തി റോഡുണ്ടാക്കാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളെയാണ് വയല്‍ക്കിളികളും ചോദ്യം ചെയ്യുന്നത്.

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍