ട്രെന്‍ഡിങ്ങ്

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

Print Friendly, PDF & Email

സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ?

A A A

Print Friendly, PDF & Email

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, “എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നെലവിളി തുടങ്ങിയോ? അപ്പയിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ എന്നാണ് എടുത്തപടി ഒരു സിസ്റ്റര്‍ ചോദിച്ചത്. 25 വയസ്സായ എന്റെ ആദ്യ പ്രസവമായിരുന്നു. ഒന്നര വര്‍ഷം മുമ്പ്. ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഒറ്റയ്ക്കായത് പോലെ തോന്നി. വേദന സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അമ്മയോ മറ്റോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി. എനിക്ക് തോന്നുന്നത് പ്രസവിക്കാന്‍ പോവുന്ന എല്ലാ സ്ത്രീകള്‍ക്കും ആരെങ്കിലും സ്‌നേഹത്തോടെ അടുത്തുണ്ടാവണമെന്ന് തോന്നുമെന്നാണ്. വേദനകൊണ്ട് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശകാര വാക്കുകളായിരുന്നു കേട്ടത്. പിന്നെ അത് കേട്ടാലറയ്ക്കുന്ന വാക്കുകളായി. “അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്. ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”, ഇങ്ങനെയായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. ഇത് കേട്ട് ഞാന്‍ തളര്‍ന്ന് പോയി. കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. മരിച്ചാലും വേണ്ടില്ല അവിടെ നിന്ന് ഓടിപ്പോവാനാണ് തോന്നീത്. ഇങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍ ഞാനെന്ത് തെറ്റ ചെയ്‌തെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ജയിലിലായത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെപ്പോലും മാനുഷിക പരിഗണനകള്‍ കിട്ടും. ഞാന്‍ മാത്രമല്ല, അവിടെ ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരാളെ പോലും അവര്‍ വെറുതെ വിട്ടില്ല. ചീത്തവിളി മാത്രമാണെങ്കില്‍ പോട്ടേന്ന് വക്കാം, ഇത് നമുക്ക് ഛര്‍ദ്ദിക്കാന്‍ വരുന്ന പോലത്തെ അസഭ്യമാണ് പറയുന്നത്. ഇതൊക്കെ കേട്ട് എന്തിനാണ് ഒരു കൊച്ച് ഉണ്ടാവുന്നതെന്ന് പോലും ചിന്തിച്ച് പോയി’; ഇത് ഒരു അനുഭവമാണ്.

പ്രസവം എന്ന അനുഭവം എല്ലാ സ്ത്രീകള്‍ക്കും ഒരേപോലെയല്ല. കുഞ്ഞിന് ജന്‍മം നല്‍കല്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തിലെ അതീവ പ്രാധാന്യമുള്ള കാര്യമാവണമെന്നുമില്ല. ചിലര്‍ അതിനെ റൊമാന്റിസൈസ് ചെയ്യും, ചിലര്‍ അത് മാതൃത്വത്തിന്റെ സഹനവും ത്യാഗവുമെന്ന് കരുതും. മറ്റു ചിലര്‍ യാഥാര്‍ഥ്യബോധത്തോടെ അതിനെ ജൈവിക പ്രക്രിയയായി മാത്രം കാണും. എന്നാല്‍ വിവാഹിതരില്‍ തന്നെ ചിലര്‍ക്കും അവിവാഹിതരോ ലൈംഗിക അതിക്രമത്തിനിരകളായി ഗര്‍ഭിണികളാവുന്ന പെണ്‍കുട്ടികള്‍/സ്ത്രീകളില്‍ പലര്‍ക്കും അത് അവര്‍ ആഗ്രഹിക്കാത്ത ഒന്നായി മാറുന്ന അനുഭവങ്ങളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഈ അനുഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഓരോരുത്തരുടേയും മനോനിലയും, ജീവിത സാഹചര്യങ്ങളും, തിരഞ്ഞെടുപ്പുകളുമാണ് അടിസ്ഥാനമായി വരിക. എന്നാല്‍ ആശുപത്രികള്‍ ഇവര്‍ക്കെല്ലാം നല്‍കുന്ന മറ്റൊരു അനുഭവമുണ്ട്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍. പ്രസവത്തിനായെത്തുന്ന സ്ത്രീകള്‍ക്ക് പ്രസവമുറികള്‍ പീഡനകേന്ദ്രങ്ങളോ? കേരളത്തില്‍ പലയിടത്തായുള്ള സ്ത്രീകളോട് സംസാരിച്ചപ്പോള്‍ അതില്‍ 98 ശതമാനം പേരും സമാനമായ മറുപടികളാണ് നല്‍കിയത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷങ്ങള്‍, പരിഹാസങ്ങള്‍, ചീത്തവിളികള്‍, ദേഹോപദ്രവം അങ്ങനെ പലര്‍ക്കും പറയാനുണ്ടായിരുന്നത് പ്രസവവേദനയേക്കാള്‍ അവരെ വേദനിപ്പിച്ച അനുഭവങ്ങളായിരുന്നു. ഇതില്‍ ചിലരുടെ അനുഭവങ്ങള്‍ വായനക്കാര്‍ക്കായി…

കോഴിക്കോട് സ്വദേശി മുബീനയ്ക്ക് പറയാനുള്ളത് അല്‍പ്പം കൂടി കടുത്ത അനുഭവങ്ങളാണ്, “ഒരു വര്‍ഷം മുമ്പായിരുന്നു എന്റെ പ്രസവം. 19 വയസ്സേയുണ്ടായിരുന്നുള്ളൂ. ലേബര്‍ റൂമില്‍ നിന്ന സിസ്റ്റര്‍മാരുടെയൊക്കെ മകളാവാനുള്ള പ്രായമേ എനിക്കുള്ളൂ. എന്നിട്ട് പോലും എന്തെല്ലാമാണ് അവര്‍ പറഞ്ഞതും ചെയ്തതും എന്നാലോചിച്ച് ഇപ്പോഴും സങ്കടം വരും. എനിക്ക് വേദന തുടങ്ങിയിരുന്നെങ്കിലും യൂട്രസ് കോണ്‍ട്രാക്ഷന്‍ പതുക്കെയായിരുന്നു. അതിനായിരുന്നു ആദ്യത്തെ കമന്റ്, ‘അല്ല പെണ്ണേ, നിന്റെ യൂട്രസ് എന്താ ഇങ്ങനെ അനങ്ങാതെ നിക്കുന്നത്. അല്ല, ശരിക്കും നിന്റെ ഭര്‍ത്താവിന് പരിപാടിയിലൊന്നും വലിയ താത്പര്യമില്ലേ. സാധാരണ ആറേഴ് മാസം തൊട്ട് എല്ലാരും വേണ്ട സംഗതികളെല്ലാം ചെയ്യും. അതെങ്ങനെയാ, അവളുടെ കെടപ്പ് കണ്ടില്ലേ. ഇങ്ങനെ കാലും പൂട്ടിവച്ച് കെടന്നാ ആണുങ്ങക്ക് എന്തേലും കാര്യോണ്ടോ?’ എന്നൊക്കെ എന്നെക്കുറിച്ച് അവര് പറയുന്നുണ്ടായിരുന്നു. കേട്ടുനിന്നവര്‍ എന്തോ തമാശ കേട്ടത് പോലെ ചിരിയും എന്നെ നോക്കിയുള്ള പരിഹാസവും. വേദനതിന്ന് കിടക്കുന്ന നമ്മളെ ഒന്നാശ്വസിപ്പിക്കുന്നതിന് പകരം അവര് പറഞ്ഞത് കേട്ട് എനിക്ക് എങ്ങനെയെങ്കിലും ഒന്ന് തീര്‍ന്ന് കിട്ടിയാ മതിയെന്നായിരുന്നു. അതുകഴിഞ്ഞ് പിവി ചെയ്യല്‍ തുടങ്ങി. കുട്ടിയുടെ പൊസിഷന്‍ നോക്കാന്‍ പിവി ചെയ്യല്‍ പതിവാണ്. പക്ഷെ ഇത് ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രമല്ല, അവിടെയുണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് ഉള്‍പ്പെടെ വരുന്നവരും പോവുന്നവരുമെല്ലാം പിവി ചെയ്തു. കഠിനമായ പ്രസവവേദനക്കിടെ ഈ പിവി ചെയ്യല്‍ എന്ത്മാത്രം വേദനയുള്ളതാണെന്ന് അത് അനുഭവിച്ചവര്‍ക്കറിയാം. എന്നിട്ടും ഞാന്‍ സഹകരിച്ചു. ഒരു ഘട്ടത്തില്‍ വേദന കൊണ്ട് എന്റെ കാലുകള്‍ അടഞ്ഞുപോയി. ഉടനെ ‘കാല് തുറക്കെടീ മറ്റവളേ’, ശരിക്കും തെറിയാണ് വിളിച്ചത്, അത് പറയാന്‍ എന്റെ സംസ്‌കാരം അനുവദിക്കില്ല, എന്നുപറഞ്ഞ് ഒരു സിസ്റ്റര്‍ എന്റെ തുടയില്‍ ഒറ്റയടി. ഞാന്‍ പുളഞ്ഞുപോയി. ‘നിനക്ക് കാല് തുറന്നുവയ്ക്കാന്‍ എന്താണടീ ഇത്ര മടി. മറ്റേത് ചെയ്യുമ്പോ നിനക്കൊരു കൊഴപ്പോം ഉണ്ടായിരുന്നില്ലല്ലോ. ഞങ്ങടെ കൈ ആയതുകൊണ്ടായിരിക്കുവല്ലേ. ഇനി കാല് തുറക്കാന്‍ നിന്റെ ഓനെ കൊണ്ടുവരണമായിരിക്കുവല്ലേ. കൊറേ സുഖിച്ചതല്ലേ, ഇനി കുറച്ച് അനുഭവിക്ക്’ എന്നാണ് പിവി ചെയ്തുകൊണ്ടിരുന്ന സിസ്റ്റര്‍ എന്നോട് പറഞ്ഞത്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്തരം ഭാഷയൊന്നും കേട്ടിട്ടില്ല. എങ്ങനെ പ്രതികരിക്കണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. കാരണം എന്റെ കുട്ടിയെ പുറത്തെടുക്കേണ്ടത് ഇവരാണ്. അതുകൊണ്ട് ഒന്നും മിണ്ടിയില്ല. ഇതൊക്കെ ഇപ്പോഴും ആലോചിക്കുമ്പോള്‍ എനിക്ക് സങ്കടം വരും. നല്ല ഭക്ഷണം, നല്ല ചിന്ത, നല്ല സംസാരം എന്നൊക്കെ ഗര്‍ഭസമയത്ത് പറഞ്ഞ് തരുന്നവരുടെ വായില്‍ നിന്നാണ് ഈ അഴുക്കൊക്കെ വരുന്നത്. എന്റെ കുഞ്ഞ് ഇത് കേട്ടാണല്ലോ പുറത്തേക്ക് വരുന്നതെന്നാലോചിച്ച് എനിക്ക് സമനിലതന്നെ തെറ്റി.”

തിരുവനന്തപുരം സ്വദേശി ഷൈന അരുണ്‍, ‘എന്റെ രണ്ടാമത്തെ പ്രസവം നടന്നത് ആറ് മാസം മുമ്പാണ്. ലേബര്‍ റൂമില്‍ ചെന്നപ്പോള്‍ തന്നെ എത്രാമത്തെ പ്രസവം ആണെന്ന് അവിടെയുണ്ടായിരുന്ന നഴ്‌സമ്മമാര്‍ ചോദിച്ചു മനസ്സിലാക്കി. പക്ഷെ അത് പിന്നെ എന്നെ ചീത്ത വിളിക്കാനാണെന്ന് പിന്നീടാണ് മനസ്സിലായത്. 12 മണിക്കൂര്‍ വേദന തിന്നതിന് ശേഷമാണ് പ്രസവിക്കുന്നത്. അതിനിടയില്‍ എല്ലാ ലോകങ്ങളും മുന്നില്‍ കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞാല്‍, ബാത്‌റൂമില്‍ പോവണമെന്ന് പറഞ്ഞാല്‍ എല്ലാം വെറുതെയെങ്കിലും ചീത്തവിളിക്കും. അവസാനം പ്രസവസമയത്തോടടുത്തപ്പോള്‍ എന്നോട് മുക്കാന്‍ പറഞ്ഞു. എന്നേക്കൊണ്ടാവുന്നപോലെ ഞാനത് ചെയ്തു. ‘മുക്കാനുമറിയില്ല, നീയൊക്കെ ഇതെവിടുന്ന് വരുന്നു. അത് കേറിയപ്പോ വലിയ സുഖമായിരുന്നല്ലോ നിനക്കൊക്കെ, മുക്കി പ്രസവിക്കാന്‍ പോലുമറിയാതെയാണോ നീയൊക്കെ അത് ചെയ്യാന്‍ പോയത്’, അതേവരെ അവിടെയുണ്ടാവുക പോലും ചെയ്യാത്ത ഒരു നഴ്‌സ് ആണ് അത് എന്റടുത്ത് വന്ന് പറയുന്നത്. ‘മുക്ക് മോളെ, കുഞ്ഞ് പുറത്തേക്ക് വരണ്ടേ’ എന്ന് പറഞ്ഞ് തലയും വയറും തടവിത്തന്ന നഴ്‌സും ഉണ്ടായിരുന്നു. അത് കേട്ടപ്പോ വേറൊരു സിസ്റ്റര്‍, ‘ആ ഇനി ഇങ്ങനെ താരാട്ട് പാടിക്കൊടുക്ക്, ശരിക്കും ഇവള്‍ക്കൊക്കെ പുലയാട്ടാണ് വേണ്ടത്’ എന്ന് പറഞ്ഞുകൊണ്ട് വന്ന് എന്റെ ദേഹത്ത് അടിച്ചുകൊണ്ട്, ‘ദേ, ഒരു കാര്യം പറഞ്ഞേക്കാം, ഇനി വല്ലവന്റേം കൂടെ കെടന്നിട്ട് ഇങ്ങോട്ട് വന്നേക്കരുത്’ എന്നുകൂടി പറഞ്ഞു. ഞാനൊരു അധ്യാപികയാണ്. ഇങ്ങനെയൊന്നും സംസാരിക്കുന്നയാളുകളെ ഞാന്‍ കണ്ടിട്ടേയില്ല. അവരെല്ലാം സ്ത്രീകളായിരുന്നു. എന്നിട്ട് പോലും ഒരു സ്ത്രീയായ എന്നെ അവരുടെ കൂട്ടത്തിലുള്ള ആളായി കൂട്ടാതെ എന്തിനാണ് ഇങ്ങനെ ചീത്തവിളിച്ചതെന്ന് ഓര്‍ത്ത് ഇപ്പഴും അമര്‍ഷമുണ്ട്. ആദ്യ പ്രസവം സ്വകാര്യ ആശുപത്രിയിലായിരുന്നു. അവിടെ ചീത്തവിളികളൊന്നുമുണ്ടായിരുന്നില്ലെങ്കിലും പരുഷമായ പെരുമാറ്റം തന്നെയായിരുന്നു. കുറച്ചുകൂടി മാന്യമായി ഇവര്‍ക്ക് പെരുമാറാമെന്ന് ആര്‍ക്കും തോന്നിപ്പോവും.’

എറണാകുളം സ്വദേശി ജീജ കുര്യന്‍, ‘സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ പ്രസവത്തിന് ചെല്ലുന്ന പെണ്ണുങ്ങളെ ചീത്ത വിളിക്കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അത് ഞാന്‍ നാല് മാസം മുമ്പ് നേരിട്ട് അനുഭവിച്ചു. നമ്മള്‍ ലേബര്‍ റൂമിലേക്ക് കയറുമ്പോള്‍ ഒരു കാര്യവുമില്ലാതെ തന്നെ എല്ലാവരും മുഖം കെട്ടിവീര്‍പ്പിച്ച് വച്ചിരിക്കും. പ്രസവം കഴിയുന്നത് വരെ ഒരു ചിരി ആരുടേം മുഖത്ത് കണ്ടില്ല. അതിനിടയില്‍ പ്രസവത്തിന് മുമ്പായുള്ള എനിമ തന്നു. രണ്ട് മൂന്നു വട്ടം ടോയ്‌ലറ്റില്‍ പോയി. പിന്നീട് ഗര്‍ഭപാത്രം വികസിക്കുന്നതുകൊണ്ട് അവര്‍ ടോയ്‌ലറ്റിലേക്ക് വിട്ടില്ല. പോണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. പ്രസവം നടക്കുന്നതിന് മുമ്പ് തന്നെ ഞാനുടുത്തിരുന്ന മുണ്ടിലും ഷീറ്റിലുമെല്ലാം മലം ആയി. അവിടെയുണ്ടായിരുന്ന ഒരു സ്വീപ്പര്‍ ഇത് കണ്ടപ്പഴേ ബഹളമായി. ‘ഓരോന്ന് പെറാനെന്നും പറഞ്ഞ് ഇങ്ങോട്ട് പോന്നോളും. മനുഷ്യര്‍ക്ക് പണി തരാനായിട്ട്. ഇതെല്ലാം കഴിച്ചിട്ട് വരാന്‍ പലവട്ടം പറഞ്ഞതല്ലേ. ഇവിടെക്കിടന്നങ്ങ് സാധിക്കാമെന്ന് കരുതിയോ’ എന്ന് തുടങ്ങി അവരുടെ എണ്ണിപ്പെറുക്കലുകള്‍ കഴിഞ്ഞതേയുള്ളൂ. വേദനകൊണ്ട് കരയുന്ന എന്റടുത്തേക്ക് അപ്പഴാണ് നഴ്‌സുമാരെല്ലാം വരുന്നത്. വരുന്നത് തന്നെ ഒരു പരിഹാസ ചിരിയോടെയാണ്. ആ… ആ… തുടങ്ങിയല്ലോ, പോരട്ടെ, പോരട്ടെ. ഇനിയുമുച്ചത്തില്‍ പോരട്ടെ. അത്രയ്ക്കങ്ങ് വേദനയായിട്ടില്ല. ഇനിയും പോരാനുണ്ട്. കിടന്ന് കൂവിക്കോ കേട്ടോ. സമയമാവുമ്പോള്‍ ഞങ്ങള്‍ വന്നോളാം’ എന്ന് പറഞ്ഞ് അവര് പോയി. കഷ്ടമാണ് തോന്നിയത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. അതും ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തില്‍ ആശങ്കകളും, ഉത്കണ്ഠകളുമായി കിടക്കുമ്പോള്‍”

ഇനി പറയുന്നത് ഒരു അനുഭവസ്ഥ തന്നെയാണ്. പ്രസവമുറിയിലെ ഈ പീഡനങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുള്ള ഡോക്ടര്‍ വീണ ജെ.എസ്; ’16 വയസ്സുള്ള ഒരു പെണ്‍കുട്ടി. ഗര്‍ഭത്തിന്റെ അവസാന നാളുകളാണ്. ഡേറ്റ് ആയിട്ടും വേദന വരുന്നില്ല. ഡോക്ടര്‍ എത്തി യോനി പരിശോധിക്കാന്‍ നോക്കുമ്പോള്‍ കുട്ടി എന്ത് വന്നിട്ടും അതിന് സമ്മതിക്കുന്നില്ല. ഉടനെ അവിടെ കൂടി നില്‍ക്കുന്നവരില്‍ നിന്ന് ഒരു ചോദ്യം കേട്ടു, ‘അന്ന് കിടന്നുകൊടുക്കുമ്പോ ഈ മടിയൊക്കെ ഉണ്ടായിരുന്നോ?’ എന്ന്. 16 വയസ്സുള്ള ഒരു കുട്ടി ഗര്‍ഭിണിയാവുക എന്നുപറഞ്ഞാല്‍ റേപ്പ് നടന്നു എന്നാണ് അര്‍ഥം. എന്നാല്‍ അത് പോലും മനസ്സിലാക്കാതെ, അഥവാ മനസ്സിലാക്കിയിട്ടും കണക്കിലെടുക്കാതെ ഇത്രയും ക്രൂരമായി പ്രതികരിക്കാന്‍ എങ്ങനെയാണ് ഇവര്‍ക്ക് കഴിയുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. നേരിട്ട് കണ്ട സംഭവങ്ങളേക്കാള്‍ ലേബര്‍ റൂമില്‍ നിന്ന് പിജി വിദ്യാര്‍ഥികളും മറ്റ് ഡോക്ടര്‍മാരും പറയുന്ന അനുഭവങ്ങളാണ് കൂടുതല്‍. എല്ലാം അറപ്പും അമര്‍ഷവുമുണ്ടാക്കുന്ന തരം സംസാരവും സമീപനവുമാണ്. എന്നാല്‍ ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുള്ളത്, പ്രസവം കഴിഞ്ഞിറങ്ങുന്ന ഒരു സ്ത്രീ പേലും ഇതിനെതിരെ പരാതി പറയുന്നില്ല എന്നതിലാണ്. അതിനും കാര്യമുണ്ട്. പ്രസവം കഴിയുമ്പോള്‍, ‘ശരിക്കും നീയല്ല, ഞങ്ങളാണ് പ്രസവിച്ചത്. അത്രയും പരിശ്രമമില്ലായിരുന്നെങ്കില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ പറ്റില്ലായിരുന്നു’ എന്ന് തുടങ്ങിയ ഒരായിരം ന്യായീകരണ കഥകള്‍ ഇക്കൂട്ടര്‍ പ്രസവിച്ചുകിടക്കുന്ന സ്ത്രീയേയും ബന്ധുക്കളേയും ധരിപ്പിക്കും. അതോടെ ഇവരെല്ലാം അവര്‍ക്ക് ദൈവമായി മാറും. അപ്പോള്‍ അതുവരെ അനുഭവിച്ചതെല്ലാം അവര്‍ മറക്കും.’

അനേകായിരം സ്ത്രീകളില്‍ ഈ അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരില്‍ ചിലരുടേത് മാത്രമാണ് വായനക്കാരുടെ മുന്നില്‍ നല്‍കുന്നത്. ഇവ നല്‍കുന്നത് വഴി എന്തെങ്കിലും പ്രസ്താവിക്കാനോ, ജനറലൈസ് ചെയ്ത് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും മോശക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനോ അല്ല ശ്രമിക്കുന്നത്. ഒരുപാട് സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരും മാനുഷിക പരിഗണനയോടെ ഇടപെടുന്നവരുമായ അനേകായിരം നഴ്സുമാര്‍ ഉണ്ട് താനും. എന്നാല്‍ ഈ അനുഭവങ്ങള്‍ സത്യസന്ധമായിരിക്കെ, പ്രസവത്തിനെത്തുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് കൊണ്ട് മാത്രം വലിയ മാനസിക പീഡനങ്ങളില്‍ നിന്ന് ഗര്‍ഭിണികള്‍ രക്ഷപെടുന്ന അനുഭവങ്ങളാണ് പലരും വെളിപ്പെടുത്തിയത്. സ്വകാര്യ ആശുപത്രികളിലേയും ലേബര്‍ റൂമിലെ പരുക്കന്‍ പ്രതികരണങ്ങളും അധിക്ഷേപങ്ങളും പലരും സാക്ഷ്യപ്പെടുത്തി. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ ആശുപത്രികളിലോളം വരില്ല എന്നതാണ് പലരുമായും സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യം. സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? പ്രസവമുറികള്‍ ഇത്തരത്തില്‍ പീഡനകേന്ദ്രങ്ങളാവേണ്ടതുണ്ടോ? ഈ ചോദ്യങ്ങളാണ് വായനക്കാര്‍ക്ക് മുന്നില്‍ അവശേഷിപ്പിക്കുന്നത്.

ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള വായനക്കാരും ഈ വിഷയത്തില്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും ഞങ്ങള്‍ക്കെഴുതുക – [email protected]  

ഇറച്ചി കഴിക്കരുത്, സെക്‌സിലേര്‍പ്പെടരുത്: ഗര്‍ഭിണികള്‍ക്ക് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍

എന്റെ കാലീപീലീ പെണ്ണുങ്ങള്‍

അന്ന് തിക്രിതില്‍ നിന്നും 46 നഴ്‌സുമാര്‍ ടേക്ക് ഓഫ് ചെയ്ത യഥാര്‍ത്ഥ കഥ

വന്ധ്യതയുടെ വിപണിരാഷ്ട്രീയം; കുടുംബത്തിന്റേതും

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഉത്തരവാദികള്‍ നേഴ്സുമാരെങ്കില്‍ ഡോക്ടര്‍മാര്‍ക്കെന്താണ് പണി?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍