TopTop

കേരളചരിത്രം പറയാന്‍ 'പുലയന്‍ പരമന്‍' വേണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് ഇങ്ങനെയാണ്

കേരളചരിത്രം പറയാന്‍
"ടി.എ പരമനായ ഞാന്‍ ജനിച്ച തീയതി ആര്‍ക്കും പിടിയില്ല. ജാതകം കുറിച്ചുവക്കുന്ന പതിവ് ഞങ്ങളുടെ ഇടയില്‍ ഇല്ല. അരപ്പട്ടിണിക്കാരനായ ഒരു കര്‍ഷകത്തൊഴിലാളി ഹരിജന്റെ മകന്‍ ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരുമെന്നോ നേട്ടം ഉണ്ടാക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. പട്ടിണിപ്പാവങ്ങളായ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ഒരു പുതിയ കുട്ടി ജനിക്കുന്നത് പ്രാര്‍ഥിച്ചുണ്ടാകുന്നതല്ല. കുടുംബത്തില്‍ സ്വാഗതം ചെയ്യുന്നതോ ആഹ്ലാദം ഉണ്ടാക്കുന്നതോ അല്ല ആ ജനനം. സ്‌കൂളില്‍ ചേര്‍ക്കേണ്ടി വന്നപ്പോഴാണ് ജനനത്തീയതി ഒരു കീറാമുട്ടിയായത്. 1099-ലെ മലവെള്ളക്കാലത്താണ് എന്റെ ജനനം എന്ന് ഒരൈതിഹ്യം ഞങ്ങളുടെ കുടുംബവൃത്തങ്ങളില്‍ ഉണ്ടായിരുന്നു. മലവെള്ളത്തിന്റെ മൂര്‍ധന്യം കര്‍ക്കിടകത്തിലാണെന്നാണ് സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്നവരുടെ ധാരണ. കര്‍ക്കിടകത്തില്‍ ആരംഭത്തിലും അവസാനത്തിലും വേണ്ട മധ്യഭാഗം മതി എന്ന് തീരുമാനിച്ചു. 1099 കര്‍ക്കിടകം 18-ാം തീയതി എന്റെ ജന്‍മദിനമായി ഹെഡ്മാസ്റ്ററോട് പറഞ്ഞുകൊടുത്തു. എസ്.എസ്.എല്‍.സി പാസ്സായി കോളേജില്‍ ചേരാന്‍ ചെന്നപ്പോള്‍ അവിടെ ക്രിസ്ത്യന്‍ മുറപ്രകാരമുള്ള ജനനത്തീയതിയാണ് വേണ്ടത്. ഞാന്‍ പഠിച്ച ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂളില്‍ മംഗലാപുരത്തുകാരന്‍ ഒരു റാവു മാസ്റ്റര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ മലയാളവും ഇംഗ്ലീഷും കലണ്ടറുകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. മലയാളം കൊല്ലപ്രകാരമുള്ള തീയതി ഏല്‍പ്പിച്ചപ്പോള്‍ ഞങ്ങളോട് കാത്ത് നില്‍ക്കാന്‍ പറഞ്ഞു. 10 മിനിറ്റിനുള്ളില്‍ എന്റെ ക്രസ്ത്വബ്ദ പ്രകാരമുള്ള ജനനത്തീയതി അദ്ദേഹം കുറിച്ചുകൊണ്ടുവന്നു കയ്യില്‍ തന്നു. 1-8-1924.
" ഇത് മജിസ്‌ട്രേറ്റ് ആയിരുന്ന, എംഎല്‍എ ആയിരുന്ന പുലയ സമുദായത്തില്‍ ജനിച്ച ടി.എ പരമന്റെ ആത്മകഥയില്‍ നിന്നാണ്. എഡിറ്റ് ചെയ്യുന്നതിനു മുമ്പത്തെ കയ്യെഴുത്തു പ്രതിയില്‍ നിന്ന് പകര്‍ത്തിയത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പും പിമ്പുമുള്ള ദളിതരുടെ ജീവിതവും പോരാട്ടവും അതിജീവനവും ഉയിര്‍ത്തെഴുന്നേല്‍പ്പുകളുമെല്ലാം രേഖപ്പെടുത്തപ്പെട്ട പരമന്റെ ആത്മകഥ എവിടെയെങ്കിലും വായിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിനായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുനല്‍കി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ കയ്യെഴുത്ത് പ്രതി പോലും എവിടെയെന്ന് ഇന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനറിയില്ല. അങ്ങനെ കേരള രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ ശക്തനായി നിലകൊണ്ട ടി.എ പരമന്‍ പുലയന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തായി.ആരാണ് ടി.എ പരമന്‍

1924 ഓഗസ്ത് ഒന്നിന് എറണാകുളം എടവനക്കാട് തിട്ടയില്‍ കുഞ്ഞന്റേയും കാളിയുടേയും മകനായി ജനിച്ചു. പഴയ കൊച്ചി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം നേടിയ ദളിതരിലെ ആദ്യ തലമുറയില്‍പ്പെട്ടയാളാണ് പരമന്‍. എടവനക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലും, ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസില്‍ തുടര്‍ പഠനം. 1945-ല്‍ ബിഎ പാസ്സായി. ബിരുദം നേടിയയുടന്‍ കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നീട് ജോലി ഉപേക്ഷിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നു. അവിടെ പഠനം തുടരുന്നതിനിടയില്‍ എംഎന്‍ റോയിയുടെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്തു. നിയമപഠനം പൂര്‍ത്തിയാക്കി നേരെ എത്തിയത് ഞാറക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായാണ്. പിന്നീട് ആ ജോലിയും ഉപേക്ഷിച്ച് മദ്രാസ് കോര്‍പ്പറേഷന്‍ ഓഫീസില്‍ ജോലി ചെയ്തു. ഇതിനിടെ ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറുടെ തസ്തികയിലേക്ക് അപേക്ഷിച്ചു. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞപ്പോള്‍ മദ്രാസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇതിനിടെ മഹാരാജാസ് കോളേജില്‍ പുതുതായി ആരംഭിച്ച എം.എ കോഴ്‌സിന് ചേരുകയും ചെയ്തു. ഉറച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് ആണെന്ന തെറ്റായ പോലീസ് റിപ്പോര്‍ട്ട് നിമിത്തം ഡല്‍ഹി ഓള്‍ ഇന്ത്യ റേഡിയോയില്‍ നിയമിക്കപ്പെട്ടതിന് ശേഷം ജോലിയില്‍ നിന്ന് തഴയപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ പരമന്‍ മജിസ്‌ട്രേറ്റ് ട്രെയിനിങ് പൂര്‍ത്തിയാക്കി. വടക്കാഞ്ചേരി, തിരൂര്‍, തിരുവനന്തപുരം, പെരുമ്പാവൂര്‍, തലശേരി, കണ്ണൂര്‍, പുനലൂര്‍, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ സബ് മജിസ്‌ട്രേറ്റ് ആയി സേവനമനുഷ്ഠിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് ആയിരിക്കെ നിരവധി പ്രതിസന്ധികളായിരുന്നു പരമനെ കാത്തിരുന്നത്. ആറ് മാസത്തെ സര്‍വീസിനിടയില്‍ തന്നെ പത്ത് തവണ സ്ഥലം മാറ്റപ്പെട്ടു. ഉടുമ്പഞ്ചോല സബ് മജിസ്‌ട്രേറ്റ് ആയിരിക്കുമ്പോള്‍ കൊല്ലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അന്യായമായ മേല്‍ക്കോയ്മ എതിര്‍ത്തതിന്റെ പേരില്‍ കേരള ഹൈക്കോടതി 1963 ജനുവരി നാലിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.പിന്നീട് എട്ടുകൊല്ലത്തിന് ശേഷം പരമനെ കാണുന്നത് നിയമസഭാംഗമായാണ്. 1970-77ല്‍ കുന്നത്തുനാടിനേയും 1977-79ല്‍ ഞാറക്കലിനേയും പ്രതിനിധീകരിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എഴുത്തുകാരന്‍, പ്രഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, അധ്യാപകന്‍, കെപിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 2000-ത്തില്‍ മരിച്ചു.

'കൊച്ചി രാജ്യത്തെ പുലയ'നും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും


മരിക്കുന്നതിന് കുറച്ചുകാലം മുമ്പ് പരമന്‍ കുറിച്ചിട്ട ആത്മകഥയാണ് 'കൊച്ചി രാജ്യത്തെ പുലയന്‍'. വൈപ്പിന്‍കരയിലേയും കൊച്ചിയിലേയും ദളിത് ജീവിതാവസ്ഥകളെ തുറന്നുകാട്ടുന്ന രചന. ടി.എ പരമന്റെ ഭാര്യ എം.എ ദേവകിയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി ഡിടിപി എടുത്ത് പുസ്തകരൂപത്തിലാക്കി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചത്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ പരമന്റെ ചെറുമകളായ ഭുവനേശ്വരി വല്ലാര്‍പ്പാടം പറയുന്നു; 'കൊച്ചി രാജ്യത്തെ ദളിതരുടെ ഇരുണ്ടകാലം ജീവിച്ചുതീര്‍ത്ത ഒരു ദളിതന്‍ തന്നെ പകര്‍ത്തിവച്ച ഏക അനുഭവ സാക്ഷ്യമെന്ന് വേണം ആ ആത്മകഥയെക്കുറിച്ച് പറയാന്‍. ഈ അമൂല്യ രചനയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്തത്. ജനുവരി പതിനാലിന് അയച്ചുകൊടുക്കുന്നു. പത്തൊമ്പതാം തീയതി അത് കൈപ്പറ്റിയതായി ഒപ്പിട്ട എഡി കാര്‍ഡ് കിട്ടി. അടുത്ത ഓഗസ്തില്‍ ദേവകി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മാറ്റര്‍ കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. പിന്നീട് 2007 ഓഗസ്ത് ഏഴിന് ആത്മകഥയുടെ കോപ്പി വീണ്ടും അയച്ചുകൊടുത്തു. ഇത് നല്‍കി 15 മാസം കഴിഞ്ഞ് 2008 നവംബര്‍ 24ന് ദേവകി വിവരാവകാശ നിയമപ്രകാരം ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിനോട് പുസ്തകത്തിന്റെ വിവരങ്ങള്‍ ചോദിച്ചു. പബ്ലിക്കേഷന്‍ കമ്മിറ്റി സ്‌ക്രിപ്റ്റ് അംഗീകരിച്ചെന്നും അധികം താമസമില്ലാതെ പ്രസിദ്ധീകരിക്കുമെന്നും 2008 ഡിസംബറില്‍ പി.ഐ.ഒ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. 2011 ഓഗസ്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 141 പുസ്തകങ്ങള്‍ ഒന്നിച്ചു പ്രസിദ്ധീകരിച്ചു. എന്നാല്‍ അതിലും പരമന്റെ ആത്മകഥയുണ്ടായിരുന്നില്ല. ആറ് വര്‍ഷങ്ങള്‍ പിന്നേയും പോയി. 2017 സെപ്തംബറില്‍ ഞാന്‍ ആത്മകഥ പ്രസിദ്ധീകരിക്കാതിരിക്കുന്നതിന്റെ കാരണം ചോദിച്ച് വിവരാവകാശം നല്‍കി. പുസ്തകത്തിന്റെ എഡിറ്ററും ഞാന്‍ തന്നെയാണ്. പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ട് പ്രസിദ്ധീകരിക്കാതിരുന്നതിന്റെ കാരണങ്ങള്‍ അറിയാന്‍ ഞാന്‍ ചോദിച്ച ആറ് ചോദ്യങ്ങള്‍ക്കുമായി പി.ഐ.ഒ, കെ.ബി അനിതകുമാരി നല്‍കിയത് ഒരേയൊരു ഉത്തരമാണ്. "പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൈപ്പറ്റിയവര്‍ ഇപ്പോള്‍ സര്‍വീസില്‍ ഇല്ല. അതിനെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ നിലവിലുള്ള പബ്ലിക്കേഷന്‍ വിഭാഗത്തില്‍ കാണുന്നില്ല. മാറ്റര്‍ സംബന്ധിച്ച കത്ത് അടങ്ങിയ ഫയലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല" എന്നായിരുന്നു മറുപടി. അയിത്തക്കാരനായ പുലയന്റെ ആത്മകഥയ്ക്കും അത് സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്കും ഈ മറുപടി ധാരാളമെന്നായിരിക്കും മറുപടി നല്‍കിയവരുടെ തീരുമാനം. സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഒരു വിവരം ലഭിക്കണമെങ്കില്‍ അത് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടായിരിക്കണമെന്ന വിചിത്ര മറുപടിയാണ് അവര്‍ നല്‍കിയത്'.പിന്നീട് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് ഭുവനേശ്വരി അപ്പീല്‍ നല്‍കി. ഇതിന് 2018 ജനുവരി 20ന് ഭുവനേശ്വരിയ്ക്ക് മറുപടി ലഭിച്ചു. അന്ന് മാറ്റര്‍ കൈപ്പറ്റിയവരെ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കണമെന്ന മറുപടിയാണ് അപ്പലേറ്റ് അതോറിറ്റി ഡയറക്ടര്‍ നല്‍കിയത്. അപ്പീലിന് നല്‍കിയ മറുപടി ഇങ്ങനെ; 'ടി.എ പരമന്റെ ആത്മകഥയുടെ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരണത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏല്‍പ്പിച്ചു എന്ന് പറയുന്ന സമയത്തുണ്ടായിരുന്ന അന്നത്തെ സെക്ഷന്‍ ക്ലര്‍ക്കും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അന്യത്ര സേവന വ്യവസ്ഥയില്‍ മറ്റ് വകുപ്പുകളില്‍ നിന്നും ഇവിടെയെത്തി ജോലിചെയ്തവരായിരുന്നു. അവര്‍ പിന്നീട് മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ച് പോയി. ഈ വിഷയം സംബന്ധിച്ച് അവരോട് വിശദീകരണം തേടിയപ്പോള്‍ ഓര്‍മ്മയില്ല എന്നാണ് അറിയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധന നടത്തിയതില്‍ നിന്നും മനസ്സിലായത് പ്രസ്തുത ഗ്രന്ഥം ഇവിടെയില്ലെന്നാണ്. അന്നത്തെ ക്ലര്‍ക്കിനേയും ഇന്‍ഫര്‍മേഷന്‍ ഓഫീസറേയും ഒരു സ്വതന്ത്ര ഏജന്‍സി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സത്യം അറിയാന്‍ കഴിയുകയുള്ളൂ എന്ന വിവരം അറിയിക്കുന്നു'.

അതായത് ടി.എ പരമന്‍ എന്ന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വ്യക്തിയുടെ ആത്മകഥ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടില്ല, തിരിച്ചയച്ചിട്ടില്ല, സൂക്ഷിച്ചിട്ടില്ല, എവിടെയെന്ന് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രരചനയായി മാറിയേക്കാമായിരുന്ന, വ്യക്തിയുടെ എന്നതിലുപരി ഒരു ജനതയുടെ ജീവിതത്തെ വരച്ചുകാട്ടാന്‍ ഉതകുന്ന 'കൊച്ചി രാജ്യത്തെ പുലയന്‍' എന്ന ആത്മകഥയെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തള്ളിക്കളഞ്ഞിരിക്കുന്നു. രണ്ട് തവണ എംഎല്‍എ കൂടിയായിരുന്ന, സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനമായ ഒരു വ്യക്തിത്വത്തെ/പുലയനെ ഒരു സര്‍ക്കാര്‍ സ്ഥാപനം എങ്ങനെ പുറത്തുകളഞ്ഞു എന്നതിന്റെ നേര്‍സാക്ഷ്യമാണ് പരമന്റെ ആത്മകഥ.


Next Story

Related Stories