Top

മുസ്ലിം ഏകോപന സമിതി ആരുടെ സൃഷ്ടിയാണ്? ഹാദിയ കേസിലെ ഇടപെടല്‍ ആരെയാണ് സഹായിക്കുക?

മുസ്ലിം ഏകോപന സമിതി ആരുടെ സൃഷ്ടിയാണ്? ഹാദിയ കേസിലെ ഇടപെടല്‍ ആരെയാണ് സഹായിക്കുക?
ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ഇന്ത്യന്‍ സമൂഹം ഏറെ ഗൗരവത്തോടെയാണ് കണക്കാക്കുന്നത്. കോടതി വിധിക്കെതിരായി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ മുസ്ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും ചെയ്തതോടെ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിച്ചു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുസ്ലിം ഏകോപന സമിതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ഇതിനെ വളര്‍ത്തിയെടുക്കാന്‍ തല്‍പര കക്ഷികള്‍ ഈ വിധിയെ ഉപയോഗിച്ചേക്കുമെന്നിടത്താണ് ഇതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്.

കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇത്തരം വിധികള്‍ ജനാധിപത്യ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്നുമാണ് മുസ്ലിം നേതാക്കള്‍ ഇന്നലെ ആരോപിച്ചത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഹനിക്കുന്നതാണ് വിധിയെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹാദിയയുടെ ഭാഗം കേള്‍ക്കാതെയും അവരെ മുഖവിലയ്‌ക്കെടുക്കാതെയുമാണ് ഹൈക്കോടതിയുടെ വിധിയെന്നും കേവലം ഊഹാപോഹങ്ങളുടെ പുറത്താണ് വിധിയെന്നുമാണ് ഏകോപന സമിതി നേതാക്കളായ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവിയും വികെ ഷൗക്കത്തലിയും സലീം കൗസരിയും ഇതേക്കുറിച്ച് പ്രതികരിച്ചത്. വിവാഹം റദ്ദാക്കിയ വിധി പിന്‍വലിക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഇവര്‍ പറയുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലിം സംഘടനകള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാമെന്നിരിക്കെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

മതം മാറിയതിന് ശേഷം വിവാഹിതരായ ഹാദിയയുടെയും ഷഫീന്റെയും വിവാഹം അസാധുവാണെന്നാണ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷിതാവായി പോയ സൈനബയ്ക്കും ഭര്‍ത്താവിനും വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമില്ലെന്നും കോടതി വിധിയില്‍ പറയുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അഖിലയെന്ന ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാക്കിയത്. യുവതിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചെന്നും മതംമാറ്റിയെന്നും ഈ ഹേബിയസ് കോര്‍പ്പസില്‍ ആരോപിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹാദിയയെ പോലീസ് വൈക്കം ടിവി പുരത്തെ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിച്ചിരുന്നു. ബലംപ്രയോഗിച്ചാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും ഏകോപന സമിതി ആരോപിക്കുന്നു.ഇന്നലെ എറണാകുളത്തുണ്ടായ പ്രതിഷേധവും തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലും ആരുടെ സൃഷ്ടിയാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. കൂടാതെ മുസ്ലിം ഏകോപന സമിതി ആരുടെ സൃഷ്ടിയാണെന്നും സംശയം ഉയരുന്നുണ്ട്. ഹാദിയ കേസിലെ ഹൈക്കോടതി വിധി മനുഷ്യാവകാശങ്ങള്‍ പരിഗണിക്കാതെയാണെന്ന വാദം സമൂഹത്തില്‍ ഉയരുമ്പോഴും അതിലെ മുസ്ലിം ഏകോപന സമിതിയുടെ എടുത്തുചാട്ടത്തെ എല്ലാവരും വിമര്‍ശിക്കുകയാണ്. ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതിനാലാണ് ഈ കോടതി വിധിയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയരുന്നത്.

അതേസമയം മുസ്ലിംലീഗിനെ പോലും കാഴ്ചക്കാരാക്കി സമുദായരക്ഷകരുടെ മേല്‍ക്കുപ്പായം എടുത്തണിയാനുള്ള എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ശ്രമമായാണ് ഇന്നലെ നടന്ന പ്രതിഷേധവും ഇന്ന് നടക്കുന്ന ഹര്‍ത്താലും വിലയിരുത്തപ്പെടേണ്ടത്. കോടതി വിധിക്കെതിരെ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ അക്രമാസക്തമാകുകയും പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സമരക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലാത്തിച്ചാര്‍ജ്ജിലേക്ക് നയിച്ച പ്രതിഷേധ മാര്‍ച്ച് തന്നെ അനാവശ്യമായിരുന്ന സാഹചര്യത്തില്‍ ഹര്‍ത്താലിന് യാതൊരു പ്രസക്തിയുമില്ല. ഹൈക്കോടതി വിധിയോട് വിയോജിപ്പുള്ള സാഹചര്യത്തില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോകുകയെന്നതായിരുന്നു മര്യാദ. അതേസമയം സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് മുമ്പ് വിധിക്കെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജിയാണ് നല്‍കേണ്ടത്. അല്ലാത്തപക്ഷം അപ്പീല്‍ ഹര്‍ജി സുപ്രിംകോടതി മടക്കി അയക്കും.

ഇതിനിടെ ഇന്നലെ സമരം നടത്തിയ മുസ്ലിം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേതാക്കളുടെ പ്രസംഗം പരിശോധിച്ച് അതില്‍ പ്രകോപനപരമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന് സമീപമെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. മാര്‍ച്ചിന് 500 പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞാണ് അനുമതി തേടിയതെങ്കിലും അയ്യായിരത്തോളം പേര്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. യുവതിയെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാതിയിലും അന്വേഷണം വേണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇസ്ലാമിക വിശ്വാസത്തെയും മതസ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കാനുള്ള ശ്രമം കോടതിയെന്നല്ല ആരുടെ ഭാഗത്തുനിന്നുണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നാണ് ഏകോപന സമിതി നേതാക്കള്‍ പറയുന്നത്. അതേസമയം കോടതി വിധിയെ ഈ പ്രതിഷേധ പ്രകടനത്തിലൂടെയും ഹര്‍ത്താലിലൂടെയും തെരുവില്‍ ചോദ്യം ചെയ്ത നേതാക്കള്‍ സമൂഹത്തില്‍ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇനി കുടുങ്ങാന്‍ പോകുന്നത് അവര്‍ തന്നെയായിരിക്കുമെന്നാണ് പോലീസിന്റെ നിലപാടില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

സമാധാനപരമായ മാര്‍ച്ചുകളിലൂടെയും ചര്‍ച്ചകളിലൂടെയും കോടതി വിധിയിലെ മനുഷ്യാവകാശ വിഷയത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് ഈ പ്രതിഷേധത്തില്‍ നിന്നും വിട്ടുനിന്നത് പക്വമായ നിലപാടായി വിലയിരുത്തപ്പെടുന്നതും അതിനാലാണ്. ഇവിടെ പോലീസ് വലയം ഭേദിച്ച് അടിവാങ്ങിയ മുസ്ലിം ഏകോപന സമിതി ഹര്‍ത്താലിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. ഇതുകൊണ്ട് മുസ്ലിം സമുദായത്തിന് യാതൊരു ഗുണവുമുണ്ടാകില്ലെന്ന് മാത്രമല്ല, സമുദായ രക്ഷകരെന്ന ഇമേജിലേക്കെത്തി എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും നേട്ടങ്ങളുണ്ടാക്കുകയും ചെയ്യും.

ഖേദപ്രകടനം

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനത്തില്‍ തെറ്റായ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു എന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആ ഫോട്ടോ എടുത്തുമാറ്റിയിരിക്കുന്നു. തെറ്റായ രീതിയില്‍ ഫോട്ടോ ഉപയോഗിച്ചതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കി എങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.

എഡിറ്റര്‍

Next Story

Related Stories