TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി സിപിഎമ്മില്‍ ഒറ്റപ്പെട്ടെന്ന് സണ്ണി എം കപിക്കാട്; ജാതി വിളിച്ച് ആക്ഷേപിച്ചിട്ട് എത്ര ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിച്ചു? തെരുവിലിറങ്ങി?

മുഖ്യമന്ത്രി സിപിഎമ്മില്‍ ഒറ്റപ്പെട്ടെന്ന് സണ്ണി എം കപിക്കാട്; ജാതി വിളിച്ച് ആക്ഷേപിച്ചിട്ട് എത്ര ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിച്ചു? തെരുവിലിറങ്ങി?

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മില്‍ ഒറ്റപ്പെട്ടുവെന്ന് ചിന്തകന്‍ സണ്ണി എം കപിക്കാട്. അദ്ദേഹം പിന്നോക്ക വിഭാഗക്കാരനായതിനാലാണ് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടതെന്നും സണ്ണി ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സിപിഎം ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതിനെക്കുറിച്ച് അഴിമുഖം പ്രതിനിധിയോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും വര്‍ഷങ്ങളോളം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഒരാളെ ചിലര്‍ ജാതി വിളിച്ച് ആക്ഷേപിച്ചപ്പോള്‍ എത്ര ഡിവൈഎഫ്‌ഐക്കാര്‍ തെരുവിലിറങ്ങിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു. ഇവര്‍ ആരെയാണ് പേടിക്കുന്നതെന്നും ചീത്തവിളിച്ചവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്നാണോ സിപിഎം കരുതുന്നതെന്നും സണ്ണി എം കപിക്കാട് ചോദിക്കുന്നു. അഴിമുഖം പ്രതിനിധി സണ്ണി എം കപിക്കാടുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ:

ശബരിമലയിലെ സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവാദിത്വമാണ്. അത് നിയമപരമായ ബാധ്യത കൂടിയാണ്. അദ്ദേഹം അത് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോളുണ്ടായി വന്ന എതിര്‍പ്പിനെ ഇടതുപക്ഷ പാര്‍ട്ടി രാഷ്ട്രീയമായ ഒരു നയമെടുത്തുകൊണ്ടായിരുന്നു അതിനെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. അതിന് പകരം മുഖ്യമന്ത്രി ഈ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏതാണ്ട് പരിപൂര്‍ണമായി നിശബ്ദരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയും ഘടകക്ഷികളും ആ നിശബ്ദതയില്‍ ഒറ്റക്കെട്ടായിരുന്നു. ഇതിന്റെ ഒരുപടി കൂടി കടന്നാണ് മുഖ്യമന്ത്രി ഒരു നവോത്ഥാന മൂല്യസംരക്ഷണ സമിതിയ്ക്ക് നേതൃത്വം കൊടുത്തത്. അതുകഴിഞ്ഞാണ് തെരഞ്ഞെടുപ്പുണ്ടാകുന്നത്. തെരഞ്ഞെടുപ്പില്‍ ഇതിന് മുമ്പും പാര്‍ട്ടി തോറ്റിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമൊന്നുമില്ല. പക്ഷെ ഇത് ഏതാണ്ട് ലോകത്തിലെ ആദ്യ സംഭവമാണെന്ന നിലയ്ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന അഭിപ്രായം പറഞ്ഞതുകൊണ്ടാണ് അല്ലെങ്കില്‍ അവിടെ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ടാണ് ഈ പരാജയമുണ്ടായത് എന്ന നിലയ്ക്കുമാണ് ചര്‍ച്ച നടന്നത്. അത് തികച്ചും അരാഷ്ട്രീയമായ വിലയിരുത്തലാണ്.

യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണം ദേശീയ രാഷ്ട്രീയത്തില്‍ ഇവര്‍ ഒരു സാന്നിധ്യമേ അല്ലാതായി കഴിഞ്ഞിരുന്നു എന്നതാണ്. ദേശീയമായ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ രാഷ്ട്രത്തിന് വേണ്ടി ഞങ്ങള്‍ എന്തുചെയ്യുമെന്നൊന്നും പറയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയമായി തന്നെ അര്‍ത്ഥശൂന്യമായ ഒന്നാണെന്ന് ഇവിടുത്തെ പൊതുജനം വിലയിരുത്തിയിരുന്നു. ഒരുപക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. പക്ഷെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പ്രത്യേകിച്ച് ഒന്നുംതന്നെ ചെയ്യാനില്ലെന്ന ധാരണ വ്യാപകമായി രൂപപ്പെട്ടിരുന്നു. അതാണ് പ്രധാനപ്പെട്ട കാരണം. രണ്ടാമത്തെ സംഗതി ഇവിടെ നടന്ന രാഷ്ട്രീയ കൊലപാതങ്ങളാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലും കാസറഗോഡ് രണ്ട് ചെറുപ്പക്കാരെ വധിച്ചതും അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പൊതുജനം വിശ്വസിക്കുന്ന ജയരാജന്‍ സ്ഥാനാര്‍ത്ഥിയായതുമെല്ലാം മലബാര്‍ മേഖലയില്‍ പാര്‍ട്ടിയിലെ മുഴുവന്‍ സീറ്റുകളും നഷ്ടപ്പെടുന്നതിന് കാരണമായി. ഈ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാര്‍ ശക്തികളും ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു മുന്നേറ്റത്തില്‍ കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടത് മൂന്നാമത്തെ കാരണം മാത്രമാണ്. അതിനെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യേണ്ടതിന് പകരം വളരെ അരാഷ്ട്രീയമായി അതിനെ വിലയിരുത്തുകയും ഏകപക്ഷീയമായി ഈ പറയുന്ന വിശ്വാസക്കൂട്ടം പാര്‍ട്ടിയില്‍ നിന്നും അകന്നുപോയതാണ് ഇതിന്റെ കാരണമെന്ന് വിലയിരുത്തുകയുമാണ് ചെയ്യുന്നത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി അങ്ങനെ വിലയിരുത്തുമ്പോള്‍ ഈ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍എസ്എസ് അടക്കമുള്ള സവര്‍ണ സംഘങ്ങളുടെ വ്യാഖ്യാനത്തിന് പാര്‍ട്ടി കീഴ്പ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് പ്രശ്നം. പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഈഴവരും ദലിതരും ആദിവാസികളും ഉള്‍പ്പെടുന്ന അവര്‍ണരായ വലിയൊരു വിഭാഗത്തെ മുഖവിലയ്ക്കെടുക്കാതെ കേവലം പന്ത്രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണരുടെ വ്യാഖ്യാനങ്ങള്‍ക്ക് പരിപൂര്‍ണമായും പാര്‍ട്ടി അരാഷ്ട്രീയമായി കീഴ്പ്പെട്ടിരിക്കുന്നതാണ് പ്രശ്നം. അങ്ങനെ കീഴ്പ്പെട്ടതുകൊണ്ട് ഈ പറഞ്ഞ നവോത്ഥാന മൂല്യസംരക്ഷണ സമിതി പൂര്‍ണമായും അപ്രസക്തമായി കഴിഞ്ഞു. നവോത്ഥാനത്തിലെ മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഈ പറയുന്ന പിന്നോക്ക ഘടകങ്ങള്‍ വേറെ തീരുമാനമെടുക്കേണ്ടി വരും. മുഖ്യമന്ത്രിയെ അല്ലങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആശ്രയിച്ച് ഒരു നവോത്ഥാന മുന്നേറ്റം ഇനി കേരളത്തില്‍ സാധ്യമല്ല, ആ അധ്യായം പരിപൂര്‍ണമായി അടഞ്ഞിരിക്കുന്നു. മാത്രമല്ല, ഭരണഘടനാ ധാര്‍മ്മികത ഞങ്ങള്‍ പൂര്‍ണമായും കയ്യൊഴിഞ്ഞിരിക്കുന്നു, ഇന്ത്യയുടെ സാമൂഹിക ധാര്‍മ്മികതയിലേക്ക് -അതായാത് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമൂഹം വിഭജിതമായിരിക്കണമെന്നും സമൂഹത്തിലെ ഗ്രേഡഡ് ഇന്‍ഈക്വാലിറ്റി അങ്ങനെ തന്നെ നിലനില്‍ക്കണമെന്നും ഒക്കെ വിചാരിക്കുന്ന സാമൂഹിക ധാര്‍മ്മികതയിലേക്ക്- ഇവര്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നം. അതുകൊണ്ട് തന്നെ തോന്നുന്നത് പുന്നല ശ്രീകുമാര്‍ അടക്കമുള്ള ആളുകള്‍ മറിച്ചൊരു ആലോചന നടത്തി നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും അതിന്റെയൊരു മുന്നോട്ട് പോകലിന് കളമൊരുക്കുകയാണ് ഇനി നമ്മുടെ മുന്നിലുള്ള ഒരു മാര്‍ഗ്ഗമെന്നാണ് എനിക്ക് തോന്നുന്നത്.

ശബരിമല യുവതീ പ്രവേശനത്തെ രാഷ്ട്രീയ സംവാദമാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിനും കാരണം. ഡിവൈഎഫ്ഐയാണെങ്കിലും മഹിളാ സംഘടനകളാണെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയെ പോലുള്ള സംഘടനകളെല്ലാം പരിപൂര്‍ണമായും നിശബ്ദരായിരുന്നു. ഈ നിശബ്ദതയ്ക്ക് പിന്നില്‍ സവര്‍ണ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ സംവാദം കേരളത്തിലുണ്ടാക്കുകയും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സുപ്രിംകോടതി പറഞ്ഞതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്ത് പണിയാണ് ഇവര്‍ ഇവിടെയെടുത്തത്? അവര്‍ ഒരു പണിയും ചെയ്തില്ലല്ലോ? എന്നിട്ട് അവര്‍ തന്നെ പറയുന്നു വിശ്വാസികള്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്ന്. എവിടെ മടങ്ങിവരുന്ന കാര്യമാണ് ഇവര്‍ ഇവിടെ പറയുന്നത്? അവരെല്ലാം ബിജെപിയിലേക്ക് പോയി കഴിഞ്ഞു. ശബരിമല വിഷയത്തെ രാഷ്ട്രീയ സംവാദമാക്കുന്നതില്‍ പരാജയപ്പെടുകയും അരാഷ്ട്രീയമായി കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന അതിദാരുണമായ സ്ഥിതിയിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ കേരളത്തിലുള്ളത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ഈ തിരിച്ചടിയ്ക്ക് കാരണമെന്ന് പറയുമ്പോള്‍ എന്‍എസ്എസ് തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും ആവര്‍ത്തിച്ച വാക്കുകള്‍ ഏറ്റുപറയുക മാത്രമാണ് സിപിഎം ചെയ്യുന്നത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ നിങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഞങ്ങളെല്ലാം ബിജെപിയിലേക്ക് പോകുമെന്ന ഭീഷണിയാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്. ആ ഭീഷണിക്ക് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് വഴങ്ങിയെന്നാണ് ഈ തീരുമാനത്തില്‍ നിന്നും മനസിലാക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ടിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു. അത് അദ്ദേഹമൊരു പിന്നോക്കക്കാരനായതുകൊണ്ട് കൂടിയാകണം. അദ്ദേഹത്തെ പരസ്യമായി ജാതിപറഞ്ഞ് അധിക്ഷേപിച്ചിട്ടും എത്ര ഡിവൈഎഫ്ഐക്കാര്‍ തെരുവിലിറങ്ങിയെന്ന് നോക്കിയാല്‍ അത് മനസിലാക്കാം. എന്ത് ധാര്‍മ്മികതയാണ് ഇവര്‍ പറയുന്നത്? സ്വന്തം മുഖ്യമന്ത്രിയെ, വര്‍ഷങ്ങളോളം പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഒരാളെ പരസ്യമായി ജാതിപ്പേര് പറഞ്ഞ് ചീത്തവിളിച്ചിട്ടും എന്താണ് ഇവര്‍ ഒന്നും മിണ്ടാത്തത്? ഇവര്‍ ആരെയാണ് പേടിക്കുന്നത്? മറ്റവര്‍ക്ക് ചീത്തവിളിക്കാനുള്ള അവകാശമുണ്ടെന്നാണോ ഇവര്‍ പറഞ്ഞുവരുന്നത്. ആ സാമൂഹിക ധാര്‍മ്മികതയ്ക്ക് ഇവര്‍ വിധേയപ്പെട്ട് കഴിഞ്ഞു. അവര്‍ ഭരണഘടനാ ധാര്‍മ്മികത പരിപൂര്‍ണമായും കയ്യൊഴിഞ്ഞു.

also read:സിപിഎമ്മുമായുള്ള സഹകരണത്തില്‍നിന്ന് ദളിത് പ്രസ്ഥാനങ്ങള്‍ അകലുന്നു, മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര വര്‍ഗീയതയെ നേരിടാനാവില്ലെന്ന് പുന്നല, സവര്‍ണ സംഘങ്ങള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങുകയാണെന്ന് സണ്ണി എം കപിക്കാട്‌

Next Story

Related Stories