TopTop
Begin typing your search above and press return to search.

ആന കാടിറങ്ങിയതല്ല, നമ്മള്‍ കാടുകയറിയതാണ്

ആന കാടിറങ്ങിയതല്ല, നമ്മള്‍ കാടുകയറിയതാണ്

കേരളത്തിലെ പല ജില്ലകളിലും മനുഷ്യരും കാട്ടാനകളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയിട്ടു കാലം കുറെയായി. ഇടുക്കിയിലും വയനാട്ടിലും പാലക്കാടും കാട്ടാനകളുടെ ശല്യം വളരെ രൂക്ഷമാണ്. കാടുവിട്ടു നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും വ്യാപകമായി നാശം വിതയ്ക്കുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ കഴിയാത്തതിനാല്‍ ഭീതിയിലാണ് പാലക്കാട് കോട്ടായി, മാങ്കുറുശ്ശി മേഖലയിലെ ജനങ്ങള്‍. മൂന്നു കാട്ടാനകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി ദിവസങ്ങളായി ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി മുണ്ടൂര്‍, മാങ്കുറിശ്ശി മേഖലകളില്‍ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് ഇപ്പോള്‍ കോട്ടായി ഭാഗത്ത് ഭീതി പരത്തി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടുത്തെ വീടുകള്‍ക്ക് മുന്‍പിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും കാട്ടാനക്കൂട്ടം ഇറങ്ങി നടക്കുന്നതിനാല്‍ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.

കഴിഞ്ഞ ദിവസം പരുത്തിപ്പുള്ളി ബെമ്മണ്ണൂര്‍ ഹൈസ്‌കൂളിന് സമീപം കാട്ടാനയിറങ്ങിയത് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ ദിവസങ്ങളായി രാവും പകലുമില്ലാതെ വനം വകുപ്പും നാട്ടുകാരും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ തന്നെ കാട്ടാനക്കൂട്ടം തുടരുകയാണ്. മൂന്നാനകള്‍ ഉള്ളതിനാല്‍ മയക്കുവെടിവെച്ച് കാട്ടിലേക്ക് മാറ്റുക പ്രായോഗികമല്ലെന്നായിരുന്നു വനം വകുപ്പിന്റെ വാദം. അതു കൊണ്ടു തന്നെ സാവകാശം വേണമെന്നും ഇവര്‍ പറയുന്നു.

കാട്ടാനക്കൂട്ടത്തെ കാണാന്‍ വന്‍ തോതില്‍ ആളുകള്‍ തടിച്ചുകൂടുന്നതും ക്യാമറയുമായി പുറകേ ഓടുന്ന ചാനലുകാരും വനം വകുപ്പിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

വേനല്‍ കടുത്തതോടെയാണ് പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായത്. തുടര്‍ച്ചയായി ഉണ്ടാവുന്ന വന്യ ജീവികളുടെ ശല്യം കൃഷി നാശത്തിന് പുറമെ പ്രദേശവാസികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാട്ടാനയുടെ അക്രമണത്തില്‍ പൊലിഞ്ഞത് 103 ജീവനുകളാണ്. 548 പേരാണ് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്. 8 കോടിയുടെ കൃഷി നാശമാണ് വന്യമൃഗ ശല്യംമൂലം ഉണ്ടായതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു ചൂണ്ടിക്കാണിക്കുന്നു. 1.10 കോടി രൂപയാണ് മൃഗങ്ങളുടെ അക്രമണം മൂലം മരിച്ചവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കുമായി ചെലവഴിച്ചത്.

ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് കാട്ടാനകളുടെ ശല്യം ഏറെ ഉള്ളത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്നത് തുച്ഛമായ വരുമാനമായതിനാല്‍ അവര്‍ക്ക് മറ്റു തൊഴിലുകളെ ആശ്രയിക്കേണ്ടിവരുന്നു. അങ്ങനെ സ്വന്തമായി കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നവര്‍ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാന ശല്യം. പാലക്കാട്ടെയും വയനാട്ടിലെയും സ്ഥിതി വ്യത്യസ്തമല്ല.

കഴിഞ്ഞ പത്തു വര്‍ഷമേ ആയിട്ടുള്ളു മൂന്നാറില്‍ കാട്ടാനകള്‍ നാട്ടിലെക്കിറങ്ങി നാശം വിതക്കാന്‍ തുടങ്ങിയിട്ട്. കാരണം മറ്റൊന്നുമല്ല, കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് നാം കടന്നുപോകുന്നത്. അത് ബാധിക്കുന്നത് മനുഷ്യരെ മാത്രമല്ല മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയുമാണ്. കാടിനുള്ളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോള്‍ അത് തേടിപ്പോകുകയല്ലാതെ മറ്റെന്താണ് മാര്‍ഗം? അങ്ങനെയെങ്കില്‍ കാട്ടാനകള്‍ കാടുവിട്ട് നാട്ടിലിറങ്ങന്നത് സ്വാഭാവികം മാത്രം. അത്തരത്തില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചു കൊല്ലുകയൊ ഉന്മൂലനം ചെയ്യുകയോ എന്നത് നമ്മുടെ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പരിഹാരമേ അല്ല. മനുഷ്യരെപോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ട്.

കാട്ടാനശല്യം എന്നുണ്ടോ? വാസ്തവത്തില്‍ മനുഷ്യര്‍ ആനകള്‍ക്കല്ലേ ശല്യമായത്. അതെ, ആനകള്‍ക്ക് മനുഷ്യരാണ് ശല്യമുണ്ടാകുന്നത്. മൂന്നാറിലെ മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ മേഖലയിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. മുന്‍പ് ഈ പ്രദേശം കാട്ടാനകളുടെ പ്രിയപ്പെട്ട വിഹാര കേന്ദ്രങ്ങളായിരുന്നു. എന്നാല്‍, ഇത്രയധികം കാട്ടാനശല്യം ഈ മേഖലകളില്‍ വര്‍ധിക്കാനുള്ള കാരണത്തില്‍ പ്രധാന പങ്കും മാറിമാറി വന്ന നമ്മുടെ സര്‍ക്കാരുകള്‍ തന്നെയാണ്. 2001 ല്‍ സംസ്ഥാനത്തെ ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്ക് അഞ്ഞുറോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയത് ചിന്നക്കനാലിലായിരുന്നു. ഈ തീരുമാനം കാടിനോടും ആദിവാസികളോടും സര്‍ക്കാര്‍ കാണിച്ച കൊടും ക്രൂരതയായിരുന്നു. ആനകളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയ്ക്കുമേല്‍ മനുഷ്യര്‍ നടത്തിയ കടന്നുകയറ്റമാണ് ഇപ്പോഴത്തെ അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്.

ജീവിതവും അഭയസ്ഥാനവും നഷ്ടമാകുന്നു എന്ന തിരിച്ചറിവാണ് അവയെ അക്രമകാരികളായി മാറ്റുന്നതിന്റെ പ്രധാന കാരണം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലത്ത് കൃഷി ചെയ്യാന്‍ ഭൂമി ലഭിച്ചവര്‍ക്കും സ്വകാര്യമായി ജീവിക്കാന്‍ കാട്ടാനകള്‍ക്കും കഴിയാതെയായി. അതിനാല്‍ തന്നെ സര്‍ക്കാര്‍ നല്‍കിയ കൃഷിയിടവും വീടും ഉപേക്ഷിച്ച് പലരും ഇവിടം വിട്ടുപോയി. പുല്‍മേടുകളിലെ സമൃദ്ധമായ തീറ്റയും അനയിറങ്കല്‍ ജലാശയത്തിലെ കുടിവെള്ളവുമാണ് കാട്ടാനകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. പുല്‍മേടുകളില്‍ ജീവിക്കാനാണ് കാട്ടാനകള്‍ക്ക് ഏറെ താല്‍പര്യം.

കാട്ടാനശല്യത്തിന്റെ മറ്റൊരു പ്രധാന കാരണം ടൂറിസം വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന തെറ്റായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. വനം വകുപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ച് ആനയിറങ്കല്‍ ജലാശയത്തില്‍ ടൂറിസം വകുപ്പ് ആരംഭിച്ച സ്പീഡ് ബോട്ട് സര്‍വീസ് ആനകളുടെ സ്വകാര്യ വിഹാരത്തെ വളരെയധികം ബാധിച്ചു. അതിനാല്‍ ആനകള്‍ ജലാശയം മുറിച്ചുകടക്കുന്ന പതിവും ഇല്ലാതെയായി.

ഇത് മറ്റു കാടുകളിലേക്ക് ആനകള്‍ക്ക് സഞ്ചരിക്കാനുള്ള പാത ഇല്ലാതാക്കി. അതുകൊണ്ടുതന്നെയാണ് ഇവറ്റകള്‍ക്ക് ജനവാസകേന്ദ്രങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നതിന്റെ പ്രധാന കാരണം. മുന്നും പിന്നും നോക്കാതെ പ്രകൃതിക്കുമേല്‍ മനുഷ്യര്‍ നടത്തിയ കടന്നാക്രമണത്തിന്റെ ഫലമാണ് മൂന്നാറില്‍ നാം ഇന്ന് കാണുന്നത്. ടൂറിസത്തിന്റെ പേരില്‍ ആനയിറങ്കല്‍ പോലുള്ള വനമേഖലയെ ഇല്ലാതാക്കുകയും കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയുമാണ് കുറച്ചു വര്‍ഷങ്ങളായി നടന്നുവരുന്നത്.

മൂന്നാറിലെ വനമേഖലയോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണവും കരിങ്കല്‍ ഭിത്തികെട്ടിയുള്ള വഴിതടയലും കാട്ടാനകളുടെ സ്വകാര്യ വിഹാരത്തെ ബാധിച്ചു.

ആനകള്‍ കാടിറങ്ങിയിട്ടില്ല... നമ്മള്‍ കാടുകയറിയതാണ്.


Next Story

Related Stories