Top

'നീയത്ര ശീലാവതി ചമയേണ്ട, രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം, നിന്നേം കൊണ്ടേ പോകൂ..'

രാത്രി 9 മണി കഴിഞ്ഞാല്‍ തിരുവനന്തപുരം നഗര മധ്യത്തില്‍ പോലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീയെ വേശ്യ ആയി ആണ് മലയാളി പുരുഷന്‍ കാണുന്നത് എന്നും മനുഷ്യന്‍ എന്നുള്ളത് ഇല്ല, സ്ത്രീയും പുരുഷനും മാത്രമേയുള്ളൂ എന്ന് തന്റെ സ്വന്തം അനുഭവത്തില്‍ നിന്നും സാമൂഹിക പ്രവര്‍ത്തക മിനി മോഹന്‍ വെളിപ്പെടുത്തുന്നു. തനിക്ക് ഇന്നലെ രാത്രിയില്‍ നിയമസഭ മന്ദിരത്തിന് സമീപം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മിനി മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്-

'തിരുവനന്തപുരം പി എം ജി 17 /7/2018 രാത്രി 9.50 ഒരു സാമൂഹിക പ്രവര്‍ത്തകനേരിട്ട അനുഭവ കുറിപ്പ്-

സ്വന്തം കുടുംബത്തോടൊ സൗഹൃദങ്ങളോടൊ ചെലവഴിക്കേണ്ട വിലപ്പെട്ട സമയങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും കൊണ്ട് ഓടി നടക്കുന്നവരുടെ കയ്യില്‍ ചിലപ്പോള്‍ ആവശ്യത്തിനു സാമ്പത്തികം പോലും ഉണ്ടാകാറില്ല. അങ്ങനെ ആ ദിവസം എനിക്കു ഇന്നു വന്നു ചേര്‍ന്നു.. മഴയും കാറ്റും ഒക്കെയായി ലേറ്റായ എനിക്ക് പി.എംജിയില്‍ നിന്നും പട്ടത്തേക്കു വരുവാന്‍ സാധാരണ ഓട്ടോ ചാര്‍ജ്ജ് 20 രൂപ. ഇരട്ടിയായാല്‍ 40 രൂപ. വന്ന ഒരോ ഓട്ടോക്കാരനും 100 രൂപ ചോദിച്ചു ഇല്ലാത്തതിനാല്‍ തന്നെ നാല്പതു രൂപയ്ക്ക് ഓടാമെങ്കില്‍ പോകാമെന്നു ഞാനും. മാറി മാറി ഒട്ടോയ്ക്ക് കൈ കാണിച്ചു ഞാന്‍..
നോക്കണം എം എല്‍ എ-യുടെയും എംപി-യുടെയും ഹൈ മാസ്റ്റ് വിളക്കുകള്‍ തെളിയുന്നില്ല. ഇലക്ട്രിസിറ്റിബോര്‍ഡിന്റെ വഴിവിളക്കും ചത്ത റോഡില്‍ വാഹനത്തിന്റെ വെളിച്ചം മാത്രം. കുറച്ചു നേരം നിന്നതിനാല്‍ തന്നെ പിന്നാലെ ഒരു ഒന്നാം ലിംഗപുരുഷന്‍ അവിടെയെത്തി. 'കൂടുതല്‍ സ്‌നേഹിക്കാനൊന്നും ഇല്ല പറയുന്ന കാശു തരാന്ന്..' അയ്യോ സുഹൃത്തേ വരാന്‍ ഇപ്പോള്‍ സമയമില്ലാത്ത, ശരീരം വില്‍ക്കാന്‍ വച്ചിട്ടില്ലാത്ത ഒരു സ്ത്രീയാണ്, നിങ്ങള്‍ മറ്റാരേലും അന്വേഷിക്കൂ.. എന്നു സ്‌നേഹപൂര്‍വ്വം പറഞ്ഞു 'നീയത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം നിന്നേം കൊണ്ടേ പോകൂ..' എന്നുപറയുകയും മുന്നോട്ടാഞ്ഞു കൈയ്യിലൊരു പിടിയും. വലതു കൈയ്യില്‍ ഇരുന്ന കുടനീട്ടി തലങ്ങും വിലങ്ങും കൊടുത്തിട്ടുണ്ട് തലപൊട്ടിയിട്ടുണ്ട്. രണ്ടു ചവിട്ടു കൂടീ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ആശുപത്രി അന്വേഷിച്ചുവരും. പോലിസിനെ വിളിക്കാന്‍ രാവിലെ ചാര്‍ജ്ജ് ചെയ്ത മൊബൈലിന്റെ ചാര്‍ജ്ജും തീര്‍ന്നു ഓഫ് ആയി. നൈറ്റ് പെട്രോളിംഗ് പോലും ഇല്ലാത്ത ഈ രാജകീയ (നിയമസഭാ മന്ദിരം അടുത്താണ്) വീഥിയില്‍ ഇത്രയും ബോള്‍ഡായ നമുക്ക് ഇതാണ് അവസ്ഥ. തല്ലി പോയതിന്റെ ഭീതി ഇതുവരെ ഒഴിഞ്ഞില്ല. കഷ്ടം സ്ത്രീയുടെ ദുരവസ്ഥ.'


സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ചുള്ള പോലീസിന്റെ കണക്ക്

കേരള പോലീസിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ 2018 മാര്‍ച്ച് വരെ 444 ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ല്‍ ആകട്ടെ 1987 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം 2018 മാര്‍ച്ച വരെ 1122 ഉപദ്രവ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 2017-ല്‍ അത് 4498 ആയിരുന്നു. തിരുവനന്തപുരത്ത് നഗര പരിധിയില്‍ 77 ബലാത്സംഗ കേസ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം ഗ്രാമ പരിധിയില്‍ അത് 444 ആയിരുന്നു.

ജൂണില്‍ തോംസണ്‍ റോയിട്ടേഴ്സ് ഇറക്കിയ സര്‍വ്വേ അനുസരിച്ചു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതം അല്ലാത്ത സ്ഥലം ഇന്ത്യ ആണ്. അഫ്ഗാനിസ്ഥാനും സിറിയയും ഇന്ത്യക്കു താഴെ ആണ് സ്ഥാനം. നാല് കൊല്ലം മുന്‍പ് ഇതേ സര്‍വ്വേ നടത്തിയപ്പോള്‍ ഇന്ത്യക്ക് നാലാം സ്ഥാനം ആയിരുന്നു.

Next Story

Related Stories