ട്രെന്‍ഡിങ്ങ്

41 നാൾ വ്രതമെടുത്ത് ശബരിമലയിൽ പോകണം; അയ്യപ്പനെ കാണണം: മാലയിട്ട് അയ്യപ്പഭക്ത

ഇന്ന് ഒരു വിശ്വാസി ശബരിമലയിലെത്താൻ തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നതായും രേഷ്മയുടെ പോസ്റ്റിലുണ്ട്.

തനിക്ക് 41 നാൾ വ്രതമെടുത്ത്, പൂർണശുദ്ധിയോടെത്തന്നെ ശബരിമലയിൽ പോകണമെന്നും ഇതിന് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടാകണമെന്നും അഭ്യർത്ഥിച്ച് വിശ്വാസി രംഗത്ത്. വർഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കുന്നയാളാണ് താനെന്ന് രേഷ്മ നിഷാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോകാൻ കഴിയില്ലെന്ന ഉറപ്പോടുകൂടിത്തന്നെയാണ് വ്രതമെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ട്. ഇതിന് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ പ്രതീക്ഷിക്കുന്നതായും രേഷ്മ പറഞ്ഞു.

ഇന്ന് ഒരു വിശ്വാസി ശബരിമലയിലെത്താൻ തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നതായും രേഷ്മയുടെ പോസ്റ്റിലുണ്ട്. 41 നാൾ വ്രതമെടുത്ത് എല്ലാ ആചാരവിധികളോടും കൂടിത്തന്നെ താൻ മല കയറുമെന്ന് അവർ പറഞ്ഞു.

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും, അത് വിയർപ്പും മലമൂത്രവിസർജനവും പോലെ ശരീരത്തിന് ആവശ്യമില്ലാത്തത് പുറന്തള്ളുന്ന പ്രക്രിയയാണെന്നും രേഷ്മ നിഷാന്ത് പറഞ്ഞു. വിശ്വാസത്തിൽ ആൺപെൺ വേർതിരിവുകളില്ലെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍