UPDATES

വായിച്ചോ‌

നോട്ട് നിരോധനം സതി അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ്! വരാപ്പുഴയിലെ വീട്ടിലുള്ളത് അഞ്ച് ലക്ഷത്തിന്റെ പഴയ നോട്ടുകള്‍

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അനാഥ സ്ത്രീ വീടിന് പുറത്തിറങ്ങുന്നത് വല്ലപ്പോഴും മാത്രം

നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച വാര്‍ത്ത രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വരാപ്പുഴ സ്വദേശി സതി ഈ വിവരം അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ്! കഴിഞ്ഞയാഴ്ച സതി തന്റെ കൈവശമുണ്ടായിരുന്ന പഴയ നോട്ടുകളുമായി ഒരു പലചരക്ക് കടയിലെത്തിയപ്പോഴാണ് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് അറിഞ്ഞത്. ദി ന്യൂസ് മിനിറ്റ് ആണ് 75കാരിയായ സതിയുടെ കഥ പുറംലോകത്തെ അറിയിച്ചത്.

എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ ഭഗവതി പറമ്പിന്റെ ഏറ്റവും അവസാനം ഏറെക്കുറെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്താണ് സതിയുടെ രണ്ട് മുറി വീടിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറ്റിനറി വകുപ്പില്‍ നിന്നും ഇവര്‍ വിരമിച്ചതാണ്. തീര്‍ത്തും ഒറ്റപ്പെട്ട് ജീവിക്കുന്ന സതിക്ക് അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ല. പത്രം വായിക്കാറില്ലാത്ത ഇവര്‍ ടിവി, ഫോണ്‍ എന്നിവയും ഉപയോഗിക്കാറില്ല. എന്തിന് വൈദ്യുതി പോലും ഈ വീട്ടിലില്ല. തനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് സതി പറയുന്നത്.

അടുത്തകാലത്തായി പലചരക്ക് കടയിലും പച്ചക്കറി വാങ്ങാനുമായി ഒരുതവണ മാത്രമായാണ് ഇവര്‍ പുറത്തിറങ്ങിയത്. തന്റെ പെന്‍ഷന്‍ ബാങ്കിലേക്ക് നേരിട്ടാണ് വരുന്നതെന്നും പണത്തിന് ആവശ്യം വരുമ്പോള്‍ ബാങ്കില്‍ പോയി പിന്‍വലിക്കുകയാണ് പതിവെന്നും സതി പറയുന്നു.

കടക്കാരന്‍ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ തനിക്ക് അക്കൗണ്ടുള്ള വരാപ്പുഴ എസ്ബിടി ബ്രാഞ്ചില്‍ സതി എത്തിയിരുന്നു. അതും ഒരു ബാഗ് നിറയെ പഴയ ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളുമായി. എന്നാല്‍ ജനുവരി ആദ്യം ബാങ്കിലെത്തിയ ഇവരില്‍ നിന്നും നോട്ട് സ്വീകരിക്കാന്‍ ബാങ്കിന് നിര്‍വാഹമില്ലെന്ന് അറിയിക്കുകയായിരുന്നു. പതിവായി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്താറുള്ള സതിയെ ബാങ്ക് ജീവനക്കാര്‍ക്കൊക്കെ നല്ല പരിചയമാണ്. എല്ലായ്‌പ്പോഴും വളരെ കുറച്ച് തുക മാത്രമാണ് ഇവര്‍ പിന്‍വലിക്കാറെന്ന് ജീവനക്കാര്‍ പറയുന്നു.

പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കാലാവധി കഴിഞ്ഞെന്ന് തങ്ങള്‍ അവരെ അറിയിച്ചപ്പോള്‍ ദേഷ്യപ്പെട്ട് പോകുകയായിരുന്നെന്നും ജീവനക്കാര്‍ അറിയിച്ചു. സതിയുടെ കൈവശം എത്ര രൂപയുണ്ടെന്ന് എണ്ണി നോക്കിയില്ലെങ്കിലും ഏകദേശം 5 ലക്ഷം രൂപയുണ്ടായിരുന്നെന്നാണ് ബാങ്ക് ജീവനക്കാരുടെ നിഗമനം. ഇവരുടെ കൈവശം ഇത്രയധികം പണമുണ്ടെന്ന കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നെന്നും അറിഞ്ഞിരുന്നെങ്കില്‍ നോട്ട് നിരോധനത്തെക്കുറിച്ച് പറയുമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

എന്നാല്‍ ആരോടും ഒന്നും സംസാരിക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ ആരെയും തന്റെ പറമ്പില്‍ പോലും കയറാന്‍ അനുവദിക്കാറില്ല. തങ്ങള്‍ വല്ലപ്പോഴും നല്‍കുന്ന ഭക്ഷണം പോലും സ്വീകരിക്കാന്‍ അവര്‍ ഭയക്കുന്നുണ്ട്. പലപ്പോഴും ആഴ്ചകളോളം വീടിന്റെ വാതില്‍ പോലും തുറക്കാതെ അവര്‍ അകത്തിരിക്കുകയാണ് പതിവ്. സതിയുടെ അയല്‍വാസിയായ രാധ പറയുന്നു.

അതേസമയം ഈ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ആദ്യം നിഷേധിക്കുകയായിരുന്നു. തന്റെ കൈയ്യില്‍ പൈസയൊന്നുമില്ലെന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സ്‌നേഹത്തോടെ സംസാരിച്ചപ്പോഴാണ് താന്‍ പത്രം വായിക്കാറില്ലെന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും അവര്‍ സമ്മതിച്ചത്. കൂടാതെ ചുറ്റിനുമുള്ളവരെല്ലാം തന്നെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരുടെയും ലക്ഷ്യം തന്റെ പണമാണെന്നും സതി ആരോപിക്കുന്നു. അവരുടെ കണ്ണുകളില്‍ താന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ഭീതി കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നന്നേ ചെറുപ്പത്തില്‍ തന്നെ സതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക മകളും മരിച്ചു. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്യുന്ന ഇവര്‍ തന്റടുത്തേക്ക് വരുന്നവരെല്ലാം തന്നെ പറ്റിക്കാനാണ് വരുന്നതെന്നാണ് കരുതുന്നത്. തന്നില്‍ നിന്നും ചിലര്‍ പണം തട്ടിയെടുത്ത ചില സംഭവങ്ങളും ഇവര്‍ സൂചിപ്പിച്ചു.

സംഭവമറിഞ്ഞ് വരാപ്പുഴ പഞ്ചായത്ത് സമിതി റിസര്‍വ് ബാങ്കിനെ സമീപിച്ച് പണം മാറ്റിക്കൊടുക്കാമെന്ന് ഇവരെ അറിയിച്ചെങ്കിലും ഇവര്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് പെന്‍ഷന്‍ കിട്ടുന്ന കാലം വരെ ആരുടെയും സഹായം ആവശ്യമില്ലെന്നാണ് സതിയുടെ നിലപാട്.

അതേസമയം നിരോധിച്ച നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും സതി തീരുമാനം മാറ്റിയിട്ടില്ല. അവര്‍ കടുംപിടിത്തം തുടരുന്നതുവരെയും ഈ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

കൂടുതല്‍ വായനയ്ക്ക്: http://www.thenewsminute.com/article/what-demonetisation-kerala-woman-steps-out-isolation-find-rs-5-lakh-old-notes-invalid-55540

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍