UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാര്‍ അക്രമികള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല: ശബരിമലയ്ക്ക് പോയ സ്ത്രീകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ ശബരിമല വിഷയം കത്തിച്ചു നിര്‍ത്താനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നാണ് ആരോപണങ്ങള്‍

ശ്രീഷ്മ

ശ്രീഷ്മ

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രവിധി വരുന്നത് 2018 സെപ്തംബര്‍ 29-നാണ്. മൂന്നു മാസക്കാലത്തോളം പല തവണ സ്ത്രീകള്‍ വിധിയുടെ ബലത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും, 2019 ജനുവരി 2 വരെ കാത്തിരിക്കേണ്ടി വന്നു വിധി നടപ്പിലാകാന്‍. ബിന്ദുവും കനകദുര്‍ഗ്ഗയും മല ചവിട്ടിയിട്ട് ഒരു മാസമാകുകയാണ്. ശബരിമലയിലെത്തുകയും എത്താന്‍ ശ്രമിക്കുകയും ചെയ്ത എല്ലാ സ്ത്രീകള്‍ക്കും പൊലീസ് സുരക്ഷയുറപ്പാക്കും എന്ന വാഗ്ദാനവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, യുവതീപ്രവേശനത്തിനം സാധ്യമാകാനായി പ്രയത്‌നിച്ച സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണ പരമ്പരകളാണ് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.

മല ചവിട്ടാനെത്തിയ സ്ത്രീകളെ കായികമായി നേരിടുമെന്ന ഭീഷണി സംഘപരിവാര്‍ സംഘടനകള്‍ നേരത്തേ തന്നെ ഉയര്‍ത്തിയിട്ടുള്ളതാണ്. ബിന്ദുവും കനകദുര്‍ഗ്ഗയും മഞ്ജുവുമടക്കമുള്ള സ്ത്രീകള്‍ അത്തരം വെല്ലുവിളികളെ അതിജീവിച്ചു തന്നെയാണ് അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തതും. ആദ്യ ഘട്ടത്തില്‍ മലകയറാന്‍ ഉദ്യമിച്ച ബിന്ദു തങ്കം കല്യാണിയും രഹ്ന ഫാത്തിമയുമടക്കമുള്ളവരുടെ വീടുകള്‍ക്കു നേരെ അക്രമമഴിച്ചുവിടുക, സാമൂഹിക ബഹിഷ്‌കരണം നടത്തുക എന്നീ നീക്കങ്ങള്‍ക്കു ശേഷം വാസസ്ഥലത്തും തൊഴിലിടത്തിലും അവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രാദേശികമായി നടത്തിപ്പോന്നിട്ടുള്ളത്. വീടുകള്‍ക്കു മുന്നില്‍ നാമജപപ്രതിഷേധങ്ങള്‍ നടക്കുന്നതും നാട്ടുകാരുടെ കുറ്റപ്പെടുത്തലും തുറിച്ചുനോട്ടവും ഈ സ്ത്രീകള്‍ക്ക് ശീലമാകുന്ന അവസ്ഥ വരെ കാര്യങ്ങളെത്തിയിരുന്നു.

ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളുടെ കാര്യത്തിലും ഈ വേട്ടയാടല്‍ ക്രൂരമായിത്തന്നെ നടന്നിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയും സുഹൃത്തുക്കളുടെ ജാഗ്രതയും മൂലം അല്പകാലം ഭയപ്പാടില്ലാതെ ജീവിച്ചെങ്കിലും ഇവര്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണം സംഘപരിവാര്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഓരോരുത്തരെയും തെരഞ്ഞുപിടിച്ചുള്ള ആക്രമണത്തിന്റെ ലക്ഷ്യം പൊതുസമൂഹത്തില്‍ ഇവര്‍ക്ക് ജീവിക്കാനാകാത്ത സ്ഥിതിയുണ്ടാക്കുക എന്നതു തന്നെയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ശബരിമല പ്രവേശനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്ന കനകദുര്‍ഗ്ഗയ്ക്ക് ഇതുവരെ വീട്ടിലേക്ക് തിരികെയെത്താനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനിതി സംഘത്തിനൊപ്പം മല കയറാന്‍ ശ്രമിച്ച ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണിയുടെ സഹോദരീപുത്രന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്കുണ്ടായ കല്ലേറില്‍ മഞ്ജുവിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ അജണ്ടയോടെ നടത്തുന്ന അതിക്രമങ്ങളാണിവയെല്ലാമെന്ന് ഈ സ്ത്രീകള്‍ പറയുന്നു.

ആക്രമണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും

സമൂഹത്തിലും കുടുംബത്തിലും പാടേ ഒറ്റപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നാണ് അമ്മിണിയും മഞ്ജുവുമടക്കമുള്ളവരുടെ പക്ഷം. കനകദുര്‍ഗ്ഗയ്‌ക്കെതിരായ നീക്കം കുടുംബത്തിനകത്തു നിന്നു തന്നെ നടത്താന്‍ സാധിച്ച ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ക്ക്, തന്റെ സഹോദരിയുടെ കുടുംബത്തെ ആക്രമിക്കുന്നതുവഴി തനിക്ക് കുടുംബത്തിനകത്തു നിന്നുള്ള പിന്തുണ ഇല്ലാതെയാക്കാനുള്ള ഉദ്ദേശമാണുള്ളതെന്ന് അമ്മിണി പറയുന്നുണ്ട്. കുടുംബത്തിനകത്തു നിന്നുള്ള പ്രകോപനം സാധ്യമാകാത്തിടത്തെല്ലാം സാമൂഹികമായുള്ള ഒറ്റപ്പെടുത്തലാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ഒരേ സമയം ആക്രമിക്കപ്പെടുകയാണ് തങ്ങളെന്ന് ബിന്ദു അമ്മിണി പറയുന്നു. “സംഘപരിവാറിന്റെ നിശ്ശബ്ദതെ പോസിറ്റീവായി ഞാന്‍ കാണുന്നില്ല. ഉചിതമായ സമയത്ത് ആക്രമിക്കുക എന്ന പദ്ധതിയാണ് അവരുടേത്. അത് നേരിട്ടായിക്കോളണമെന്നില്ല. അമ്മിണിച്ചേച്ചിയെ അവര്‍ നേരിട്ടല്ല ആക്രമിച്ചത്. അതേസമയം മഞ്ജു പുറത്തിറങ്ങി നടക്കുന്നുണ്ട്. അവള്‍ക്കെതിരെ നേരിട്ടുള്ള ആക്രമണമുണ്ടാകുകയും ചെയ്യുന്നു. എന്റെ ഫോണിലേക്ക് നേരിട്ടുള്ള ഭീഷണികള്‍ വരുന്നത് കുറവാണ്. പക്ഷേ എനിക്കൊപ്പമുള്ള ഫോട്ടോയിടുകയും മറ്റും ചെയ്യുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഭീഷണികള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണ പദ്ധതിയാണ് അവരുടേത്. നാളെ എനിക്കെതിരെയും ആക്രമണമുണ്ടായേക്കാം. അത് ഞാന്‍ പ്രതീക്ഷിക്കുന്നുമുണ്ട്.’

ബിന്ദു തങ്കം പറയുന്നതിങ്ങനെ: “കനകദുര്‍ഗ്ഗയെ അമ്മായിയമ്മ പട്ടിക വച്ച് അടിച്ചു എന്നു പറയുമ്പോള്‍ നമ്മള്‍ കരുതും വീടിനകത്തെ തര്‍ക്കമാണെന്ന്. പക്ഷേ അതങ്ങനെയല്ലല്ലോ. ആസൂത്രിതമായ ആക്രമണമായിരുന്നു അത്. അമ്മയായാലും അമ്മായിയമ്മയായാലും ഒരു സ്ത്രീ ആക്രമിച്ചു എന്നു പറയുമ്പോള്‍ വിശ്വാസത്തെ ഹനിച്ചതന്റെ പേരിലാണെന്ന് ധരിച്ചോളും എന്ന ചിന്തയാണത്. അത് ഗൂഢാലോചനയാണ്. പുറമേ നിന്നുള്ളവരുടെ ചര്‍ച്ചകളുടെ ഫലമായാണ് ആ ആക്രമണമുണ്ടായതെന്നത് വ്യക്തവുമാണ്. മഞ്ജുവാണെങ്കില്‍ വളരെ സ്‌ട്രോങ്ങായി നിന്നിരുന്നയാളാണ്. വണ്ടിയെടുത്ത് പുറത്തൊക്കെ പോകുമായിരുന്നു. അതെല്ലാം ശ്രദ്ധിച്ചാണ് അവളെ കൃത്യമായി മാര്‍ക്കു ചെയ്തത്. ഇത്തരത്തില്‍ ഓരോ സ്ത്രീകളെയും അവര്‍ നിരീക്ഷിക്കുന്നുണ്ടായിരിക്കും. ശബരിമല വിഷയം അവര്‍ക്ക് ഭയങ്കരമായ ഒരു അടിയായിരുന്നല്ലോ. പരാജയപ്പെട്ടിരിക്കുന്ന അവര്‍ക്ക് ഇനി കായികമായി ആക്രമിക്കുക എന്ന വഴിയല്ലേയുള്ളൂ. ജീവിതാവസാനം വരെ ഈ സ്ത്രീകളുടെ അവസ്ഥ ഞങ്ങള്‍ ഇങ്ങനെയാക്കും, ബാക്കിയുള്ളവര്‍ കണ്ടോളൂ എന്ന ഭീഷണിയാണിത്.”

പൊതുവിടങ്ങളില്‍ നി്ന്നും പുറത്താക്കാനും നീക്കങ്ങള്‍

സാമൂഹിക ബഹിഷ്‌കരണം ഇതോടൊപ്പം ഇവര്‍ നേരിടുന്ന മറ്റൊരു പ്രതിബന്ധമാണ്. സ്വന്തം വീട്ടില്‍ കയറാനാകാതെ ഷെല്‍ട്ടര്‍ ഹോമില്‍ പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന കനകദുര്‍ഗയ്ക്കാണ് ഇക്കൂട്ടത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഭര്‍ത്താവും സഹോദരനുമടക്കമുള്ളവര്‍ കനകദുര്‍ഗ്ഗയുടെ തിരിച്ചുവരവിനെ എതിര്‍ക്കുന്നവരാണ്. വീട്ടില്‍ തിരിച്ചെത്താനുള്ള അവകാശത്തിനായി നിയമപോരാട്ടം നടത്തുന്നുണ്ടെങ്കിലും, ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ ഡ്യൂട്ടിക്കു പോയിരുന്നുവെങ്കിലും, പൊതുവിടങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ്ഗയിപ്പോള്‍. മലകയറാന്‍ ശ്രമിച്ച ലിബിയും തനിക്ക് നേരിടേണ്ടി വരുന്ന മാറ്റിനിര്‍ത്തലുകളെക്കുറിച്ച് പറയുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളില്‍ത്തുടങ്ങി, ബൈക്കിലെത്തി വധഭീഷണി മുഴക്കി കടന്നു കളയുന്നവര്‍ വരെയുണ്ട് ലിബിയെ ബുദ്ധിമുട്ടിക്കുന്നവരുടെ കൂട്ടത്തില്‍.

“പ്രദേശവാസികള്‍ക്കൊക്കെ മുഷിഞ്ഞ നോട്ടമാണുള്ളത്. ഭൂരിഭാഗവും ക്രിസ്ത്യാനികളാണുള്ളതെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടു തന്നെയാണ്. എല്ലാ മതവിശ്വാസങ്ങളും യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണല്ലോ. ഓട്ടോ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നെ കയറ്റാതിരിക്കുന്ന ഓട്ടോക്കാരുള്ള നാടാണ്. പലപ്പോഴും വഴിയിലകപ്പെട്ട് പൊലീസിനെത്തന്നെ വിളിക്കേണ്ടി വന്നിട്ടുണ്ട്. വീടിനു മുന്‍വശത്ത് ക്യാമറയുള്ളതിനാല്‍ പിന്‍വശത്തുകൂടി പതുങ്ങിയെത്തി വളര്‍ത്തുപട്ടികള്‍ക്ക് വിഷം വയ്ക്കാന്‍ ശ്രമിച്ചവരുമുണ്ട്. അതിക്രമിച്ചു കടക്കുന്നവരില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നത് ഈ വളര്‍ത്തുനായ്ക്കളാണല്ലോ. കൃത്യമായ പ്ലാനിങ്ങോടു കൂടി ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണുന്നുണ്ട്. ഭയപ്പെട്ടിട്ടു കാര്യമില്ലല്ലോ. പ്രതിരോധിക്കുക എന്ന വഴി മാത്രമേ ഇനി ബാക്കിയുള്ളൂ”, ലിബി പറയുന്നു.

മഞ്ജുവിനും ആക്രമണം നേരിടേണ്ടി വന്നത് പ്രദേശവാസികളായ ബിജെപി പ്രവര്‍ത്തകരില്‍ നിന്നു തന്നെയാണ്. വീടിന്റെ കിഴക്കുഭാഗത്ത് താമസിക്കുന്നവരാണ് നാമജപപ്രതിഷേധം നടത്താനും മറ്റും മുന്നിലുണ്ടായിരുന്നതെന്നും മഞ്ജു പറയുന്നുണ്ട്. നാട്ടുകാരില്‍ ഒരു വിഭാഗം മഞ്ജുവിനെതിരായി പ്രവര്‍ത്തിക്കുമ്പോള്‍, ബാക്കിയുള്ളവര്‍ ഭയപ്പാടിലാണ്. അമ്മിണിയുടെ സഹോദരിയുടെ വീടാക്രമിച്ചതും പ്രദേശത്തു തന്നെയുള്ള ആദിവാസി യുവാക്കളാണ്. കോളനിക്കാര്‍ തമ്മിലുള്ള തര്‍ക്കമാക്കി ചിത്രീകരിക്കാന്‍ ഇവരെ ഇളക്കിവിടുകയായിരുന്നു എന്നതില്‍ അമ്മിണിക്കും സംശയമില്ല.

ആസൂത്രിത ആക്രമണം തൊഴിലിടങ്ങളിലും

ആദ്യ ഘട്ടം മുതല്‍ക്കു തന്നെ തൊഴിലിടങ്ങളില്‍ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത് ബിന്ദു തങ്കം കല്യാണിക്കാണ്. കോഴിക്കോട്ട് ബിന്ദു അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് പ്രദേശവാസികളുടെ നാമജപപ്രതിഷേധമുണ്ടായിരുന്നു. അഗളി സ്‌കൂളിലേക്ക് സ്ഥലം മാറിയെത്തിയപ്പോഴും, വിദ്യാര്‍ത്ഥികളെയടക്കം രംഗത്തിറക്കിയുള്ള പ്രതിഷേധത്തിനാണ് സംഘപരിവാര്‍ കോപ്പു കൂട്ടിയത്. അതെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചപ്പോഴും ബിന്ദുവിന്റെ മകളുടെ വിദ്യാഭ്യാസത്തെത്തന്നെ ബാധിക്കുന്ന രീതിയിലുള്ള നടപടികളാണ് പലരില്‍ നിന്നുമുണ്ടായത്. അഗളി സ്‌കൂളിലേക്ക് ഇനിയില്ലെന്ന് ഉറപ്പിച്ച മകള്‍ ഭൂമിക്ക് ആനക്കട്ടിക്കടുത്തുള്ള സ്‌കൂളില്‍ സംഘപരിവാര്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അഡ്മിഷന്‍ നിഷേധിച്ചതും വാര്‍ത്തയായിരുന്നു. വിദ്യാഭ്യാസം മുടങ്ങി വീട്ടിലിരിക്കുന്ന മകള്‍ക്ക് കൂട്ടായി അവധിയിലാണ് ബിന്ദുവിപ്പോള്‍. കോഴിക്കോട്ടു തന്നെ ഏതെങ്കിലും സ്‌കൂളിലേക്ക് മാറാനുള്ള ശ്രമത്തിലാണിവര്‍. ശബരിമല കയറാന്‍ ശ്രമിച്ച സ്ത്രീയുടെ ആറാം ക്ലാസുകാരിയായ മകളുടെ വിദ്യാഭ്യാസം പോലും മുടക്കുന്ന ഭീകരതയെയാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.

തലശ്ശേരിയില്‍ നിയമാധ്യാപികയായ ബിന്ദു അമ്മിണിക്കും സമാനമായ അനുഭവങ്ങള്‍ ധാരാളമുണ്ട്. അധിക ജോലി ചെയ്തിട്ടുപോലും താനെടുക്കുന്ന ലീവുകളുടെ എണ്ണം കൃത്യമായി ആവശ്യപ്പെടുക, വിവരാവകാശ നിയമപ്രകാരം തന്റെ പ്രതിമാസ അവധികളെക്കുറിച്ച് അന്വേഷിക്കുക, തന്റെ അസാന്നിധ്യം കാരണം ക്ലാസുകള്‍ക്ക് ഭംഗം വന്നിട്ടുണ്ടോ എന്ന് തുടരെത്തുടരെ പരിശോധിക്കുക എന്നിങ്ങനെ തന്നെ മാത്രം ലക്ഷ്യം വച്ചുള്ള പ്രവൃത്തികള്‍ ധാരാളം നടക്കുന്നതായി ബിന്ദു അമ്മിണി പറയുന്നുണ്ട്. കോളേജിന്റെ വെബ്‌സൈറ്റില്‍ ബിന്ദുവിനേക്കാള്‍ ജൂനിയറായ അധ്യാപകരുടെ പേരു വിവരങ്ങളുള്ളപ്പോള്‍, ബിന്ദു അമ്മിണി എന്ന പേരു മാത്രം അതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ക്യാംപസിനകത്ത് നടക്കുന്ന വേറിട്ട സംഭവങ്ങളായല്ല, മറിച്ച് ഒരു വലിയ സംഘപരിവാര്‍ ശൃംഖലയുടെ ആസൂത്രിത പ്രവര്‍ത്തികളുടെ പരിണിതഫലങ്ങളായാണ് ഇത്തരം മാറ്റിനിര്‍ത്തലുകളെ കണക്കാക്കേണ്ടതെന്നാണ് ബിന്ദുവിന്റെ പക്ഷം.

സുരക്ഷയുണ്ടായിട്ടും തുടരുന്ന അതിക്രമങ്ങള്‍

പോലീസുദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ക്ക് സുരക്ഷ നല്‍കാനുള്ള കൃത്യമായ ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിലും ഒരു പരിധി വരെ അവര്‍ നിഷ്‌ക്രിയരാണെന്ന പരാതി അമ്മിണിക്കുണ്ട്. ആദ്യത്തെ ആക്രമണം നടന്നപ്പോള്‍ സുരക്ഷ ശക്തമാക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ ചെയ്തിരുന്നെങ്കില്‍ തുടരാക്രമണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് അമ്മിണി പറയുന്നു. പോലീസിന്റെ ഭാഗത്തു നി്ന്നുമുണ്ടായിട്ടുള്ള അനാസ്ഥയെക്കുറിച്ച് എസ്.പിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാനും, തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതാനുമുള്ള നീക്കത്തിലാണ് അമ്മിണി. അസുഖ ബാധിതയായി വിശ്രമത്തിലായിരുന്ന അമ്മിണി, താന്‍ വീണ്ടും പൊതുമധ്യത്തിലിറങ്ങിയതറിഞ്ഞെത്തുന്ന സംഘപരിവാര്‍ അക്രമികളെ ഏതു നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്.

സുരക്ഷയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കല്‍ നിന്നും മറ്റു തരത്തിലുള്ള ചില ബുദ്ധിമുട്ടുകളാണ് ബിന്ദു അമ്മിണിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനും അനാവശ്യമായ തടസ്സങ്ങള്‍ കാണിക്കാനുമാണ് പൊലീസ് മുന്നില്‍ നില്‍ക്കുന്നതെന്ന് ബിന്ദു അമ്മിണി പറയുന്നു. ക്യാംപസ്സിന്റെ ഒരു ഭാഗത്തു നിന്നും തൊട്ടടുത്തുള്ള മറ്റൊരു ഭാഗത്തേക്ക് ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്‌തെന്നും മറ്റും കാണിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പെറ്റിക്കേസുകള്‍ ചാര്‍ജുചെയ്യുകയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രധാന പരിപാടിയെന്നും, ഇത് കോളജിനകത്ത് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നുമാണ് ബിന്ദുവിന്റെ പക്ഷം. കോളജില്‍ വലിയൊരു വിഭാഗത്തെ തനിക്കെതിരായി തിരിക്കാനും, ഏതു വിധേനയും തന്നെ ജോലിയില്‍ നി്ന്നും പുറത്താക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും ബിന്ദു പറയുന്നു.

തങ്ങള്‍ ഇവിടെയുണ്ടെന്നും ആചാരം ലംഘിക്കുന്നവര്‍ക്ക് തങ്ങള്‍ വിധിക്കുന്ന ശിക്ഷയിതാണെന്നും ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുക എന്നതായിരിക്കണം സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ചാലകശക്തി എന്നാണ് ബി്ന്ദു തങ്കം കല്യാണിയുടെ പക്ഷം. പന്ത്രണ്ടാം തീയതി നട തുറക്കുമ്പോള്‍ വീണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കുള്ള ഭീഷണിയാണ് നിരന്തരമായ ആക്രമണങ്ങളിലൂടെ ഇവര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ഇവര്‍ വിലയിരുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ ശബരിമല വിഷയം കത്തിച്ചു നിര്‍ത്താനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന ലിബിയുടെ വാദവും തള്ളിക്കളയാനാകില്ല.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍