Top

പാര്‍ട്ടി പരിപാടി അറിയാത്ത കുട്ടി സഖാക്കള്‍ക്ക് കൊട്ട് വേണം; പക്ഷെ കോണ്‍ഗ്രസ് പ്രേമം നല്ലതല്ല

പാര്‍ട്ടി പരിപാടി അറിയാത്ത കുട്ടി സഖാക്കള്‍ക്ക് കൊട്ട് വേണം; പക്ഷെ കോണ്‍ഗ്രസ് പ്രേമം നല്ലതല്ല
സിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച തന്റെ നിലപാടിനെ വിമര്‍ശിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രധിനിധികള്‍ക്കെതിരെ തന്റെ മറുപടി പ്രസംഗത്തില്‍ ആഞ്ഞടിച്ചുവെന്നതാണ് ഇന്നത്തെ ഭൂരിഭാഗം പത്രങ്ങളുടെയും പ്രധാന വാര്‍ത്തകളിലൊന്ന്. കേരളത്തിലെ മുന്‍നിര പത്രങ്ങളായ മാതൃഭൂമിയിലും മലയാള മനോരമയിലും പ്രസ്തുത വാര്‍ത്തയില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രണ്ടു പത്രങ്ങളുടെയും വാര്‍ത്തയുടെ കാതല്‍ ഒന്ന് തന്നെ. 'കേരളം മാത്രമല്ല പാര്‍ട്ടി - യെച്ചൂരി' എന്ന തലക്കെട്ടില്‍ മാതൃഭൂമി നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ സിപിഎം എന്നാല്‍ കേരളത്തിലെയോ ബംഗാളിലെയോ ത്രിപുരയിലെയോ മറ്റേതെങ്കിലും സംസ്ഥാനത്തെയോ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല എന്ന് പറയുമ്പോള്‍, 'സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള അല്ല: യെച്ചൂരി' എന്ന തലക്കെട്ടിനു താഴെ ഇങ്ങനെ പറയുന്നു: 'സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) എന്നാണെന്ന് ആരും കരുതേണ്ടതില്ലെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രൂക്ഷ പരിഹാസം. സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചക്കു മറുപടി പറയവേ, യെച്ചൂരി സംസ്ഥാന നേതൃത്വത്തിനും സമ്മേളനത്തിലെ വിമര്‍ശകര്‍ക്കുമെതിരെ ആഞ്ഞടിച്ചു' എന്നാണു മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ചില്ലറ വ്യതാസങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ രണ്ടു വാര്‍ത്തകളും ഒരേ കാര്യം തന്നെ പറയുന്നു എന്ന് കാണാം. മറ്റു പത്രങ്ങളും ഊന്നി പറയുന്ന കാര്യം കേന്ദ്ര കമ്മിറ്റിയിലും പി ബി യിലും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് താന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കുള്ള ചുട്ട മറുപടി, സംസ്ഥാന സമ്മേളനത്തിന്റെ പ്രധിനിധി ചര്‍ച്ചയില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി എന്ന രൂപത്തില്‍ നല്‍കിയെന്നു തന്നെയാണ്. എന്നുവെച്ചാല്‍ യെച്ചൂരി ഇന്നലെ ആഞ്ഞടിച്ചത് പിബി അംഗങ്ങള്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കൂടിയാണ്. മുന്‍ ജനറല്‍ സെക്രട്ടറി പ്രാകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരും തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മളനത്തില്‍ സജീവമാകയാല്‍ ഈ അടി അവരെക്കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നു കരുതേണ്ടിയിരിക്കുന്നു. പത്രവാര്‍ത്തകള്‍ പറയുന്ന തരത്തിലാണെങ്കില്‍ പൊതുവെ ശാന്തപ്രകൃതനായ യെച്ചൂരി ഇന്നലെ ശരിക്കും പൊട്ടിത്തെറിക്കുക തന്നെയായിരുന്നു.  'കേരളത്തിലെ സഖാക്കള്‍ പാര്‍ട്ടി പരിപാടികള്‍ ഒന്നുകൂടി പഠിക്കണം'. 'ഗൂഗിളില്‍ പരതിയാല്‍ കിട്ടുന്ന കാര്യങ്ങളല്ല ഞാന്‍ പറഞ്ഞത്' തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

യെച്ചൂരിയുടെ ഇന്നലത്തെ പ്രതികരണം കേരള സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണെന്നു കരുതുന്നവര്‍ ഉണ്ടാകാം. അവര്‍ അതില്‍ ആഹ്ലാദിക്കുമെന്ന കാര്യത്തിലും തര്‍ക്കം വേണ്ട. സിപിഎമ്മില്‍ തന്നെ വിഎസ് അച്യുതാനന്ദനും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും യെച്ചൂരിയെ മനസാ അഭിനന്ദിക്കുന്നുണ്ടാവണം. സിപിഎമ്മിന് പുറത്ത് കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ആഗ്രഹിക്കുന്ന സിപിഐയും കോണ്‍ഗ്രസും ഇതേ സന്തോഷം പങ്കിടുമെന്ന കാര്യത്തിലും തര്‍ക്കമില്ല. അതൊക്കെ അവരുടെ കാര്യം. എന്നാല്‍ യെച്ചൂരി പറഞ്ഞതുപോലെ പാര്‍ട്ടി പരിപാടിയും രാഷ്ട്രീയ അടവ് നയവും എന്തെന്ന് അറിയാതെ എന്തിലും ഏതിലും കയറി വിടുവായത്തം പറയുന്ന ചില കുട്ടി നേതാക്കള്‍ക്ക് ഇങ്ങനെയും ചില കൊട്ട് കിട്ടുന്നത് വളരെ നല്ലതുതന്നെ.

അതേസമയം, കേരളത്തിന് വെളിയിലാണെങ്കില്‍ പോലും പരസ്യമായ കോണ്‍ഗ്രസ് ബാന്ധവം ഒരിക്കലും സിപിഎമ്മിന് ഗുണം ചെയ്യില്ല എന്ന സത്യം യെച്ചൂരിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മറക്കുന്നത് അത്ര നന്നല്ല. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ അവമതിപ്പും ക്ഷീണവുമൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയുന്നതല്ല. ബംഗാളില്‍ കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ഉണ്ടാക്കിയ ബാന്ധവം സിപിഎമ്മിന് എത്രകണ്ട് ഗുണം ചെയ്തുവെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. യെച്ചൂരിയുടെ ഒട്ടു മിക്ക നിലപാടുകളോടും യോജിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്തുകൊണ്ട് ഇത്തവണ കോണ്‍ഗ്രസ്സുമായി രഹസ്യ ധാരണയ്ക്കു പോലും തയ്യാറായില്ലെന്നതും ഈ ഘട്ടത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

http://www.azhimukham.com/kerala-cpim-general-secretary-sitaram-yechury-criticised-critics-in-party-state-conference/

http://www.azhimukham.com/analysis-cpm-cooperation-with-congress-writes-kaantony/

http://www.azhimukham.com/india-cpim-stand-congress/

http://www.azhimukham.com/india-why-i-resigned-from-pb-gs-psundarayya/

http://www.azhimukham.com/india-yechury-on-congress-alliance-quotes-trotksky/

Next Story

Related Stories