TopTop
Begin typing your search above and press return to search.

ഗീതാ ഗോപി എംഎല്‍എ ഇരുന്നിടം ചാണകവെള്ളം തളിച്ച് 'ശുദ്ധ'മാക്കിയതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

ഗീതാ ഗോപി എംഎല്‍എ ഇരുന്നിടം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

നാട്ടിക എംഎല്‍എ ഗീതാ ഗോപിക്കെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ്. ജാതീയമായി അധിക്ഷേപിക്കാനാല്ല സമരം നടത്തിയത്. ചേര്‍പ്പ് തൃപ്പയാര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ സമരനാടകം കളിച്ച എംഎല്‍എക്കെതിരെ പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം പ്രസിഡന്റ് സുജിത്ത് കുമാര്‍ പറഞ്ഞു. ചാണകവെള്ളം അശുദ്ധി ഒഴിവാക്കുമെന്നും അതുപയോഗിച്ചാല്‍ ജാതി അധിക്ഷേപമാകുമോ എന്നും നിയമത്തില്‍ പറയുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ അഴിമുഖത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം ചെയ്ത ഗീതാ ഗോപി എംഎല്‍എ ഇരുന്നയിടം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ചാണക വെള്ളം തളിച്ച് 'ശുദ്ധി' വരുത്തിയത് വിവാദമായിരുന്നു. ദളിത് സമുദായാംഗവും സിപിഐ എംഎല്‍എയായ ഗീതാ ഗോപി ഇരുന്നയിടം ചാണകവെള്ളമൊഴിച്ച് ശുദ്ധിവരുത്താന്‍ ശ്രമിച്ചത് കടുത്ത ജാതിയധിക്ഷേപം തന്നെയാണെന്നും, കൃത്യമായ നിയമനടപടി ഇക്കാര്യത്തിലുണ്ടാകണമെന്നുമുള്ള വാദങ്ങള്‍ ഉയരുകയാണ്. നിയമസഭാംഗമായ തനിക്കു പോലും ഇത്തരം അനുഭവമുണ്ടായത് ഞെട്ടിപ്പിക്കുന്നുണ്ടെന്നും, എല്ലാ വിധത്തിലുള്ള നിയമനടപടികള്‍ക്കും ശ്രമിക്കുമെന്നും ഗീതാ ഗോപി എംഎല്‍എ നേരത്തെ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എംഎല്‍എയുടെ സമരനാടകം പൊളിക്കാനുദ്ദേശിച്ചു നടന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നു ചാണകം തളിക്കലെന്നും, അതില്‍ ജാതീയത കാണേണ്ടതില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും വാദം.

Also Read: ‘എംഎല്‍എയായ എന്റെ അവസ്ഥ ഇതാണെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി കടുത്ത നടപടിക്ക്

കാലങ്ങളായി ശോചനീയാവസ്ഥയില്‍ കിടന്നിരുന്ന ചേര്‍പ്പ്-തൃപ്രയാര്‍ റോഡില്‍ നാളിതുവരെ അധികൃതര്‍ ഇടപെട്ട് അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നില്ലെന്നും, കഴിഞ്ഞ ദിവസം എംഎല്‍എ ഈ വഴി കടന്നു പോയ സമയത്തുതന്നെയാണ് റോഡില്‍ ഒരു അപകടം സംഭവിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പ്രകോപിതരായ ജനങ്ങള്‍ എംഎല്‍എയെ തടഞ്ഞുവച്ച് റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കണ്ടേ മതിയാകൂ എന്നാവശ്യപ്പെടുകയും, തുടര്‍ന്ന് ഇതില്‍ നിന്നും രക്ഷപ്പെടാനാണ് എംഎല്‍എ സിവില്‍ സ്റ്റേഷനിലെത്തി കുത്തിയിരിപ്പു സമരം ആരംഭിച്ചതെന്നും സുജിത്ത് കുമാര്‍ ആരോപിക്കുന്നു. ചാണക വെള്ളം തളിക്കാന്‍ നേതൃത്വം നല്‍കിയവരിലൊരാളാണ് സുജിത്.

"പ്രശ്നം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എംഎല്‍എ നടത്തിയ സമരനാടകത്തിനെ പൊളിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തത്. നാട്ടുകാര്‍ തടഞ്ഞുവച്ചപ്പോള്‍ രക്ഷപെടാന്‍ വേണ്ടിയാണ് സിവില്‍ സ്റ്റേഷനില്‍ വന്ന് കുത്തിയിരുന്നത്. ഈ നാടകം അനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പക്ഷേ അപ്പോഴേക്കും എംഎല്‍എ സ്ഥലം വിട്ടു. ഒരിക്കലും ജാതി പറഞ്ഞ് അധിക്ഷേപിച്ചുള്ള സമരം യൂത്ത് കോണ്‍ഗ്രസ് നടത്തില്ല. യൂത്ത് കോണ്‍ഗ്രസിന് അത്തരമൊരു പാരമ്പര്യവുമില്ല. ഈ സമരത്തിന് നേതൃത്വം നല്‍കിയത് ദളിതനായ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദാണെന്നും ഓര്‍ക്കണം. മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് പബ്ലിസിറ്റിയുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. ചാണകവെള്ളം അശുദ്ധിയൊഴിവാക്കുമെന്നും അതുപയോഗിച്ചാല്‍ ജാതീയമായ അധിക്ഷേപമാണെന്നും നിയമത്തില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ എന്നെനിക്കറിയില്ല. വിശ്വാസങ്ങളില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ജാതിവാദം പറയുന്നത്? ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി ശ്രമിക്കുകയാണവര്‍", സുജിത്ത് കുമാര്‍ പറഞ്ഞു.

സങ്കുചിതമായി ചിന്തിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തില്‍ ജാതീയത തിരുകാന്‍ സാധിക്കുന്നതെന്നും, ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടെന്നും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദും പറയുന്നു. താനും പട്ടികജാതിയില്‍പ്പെട്ടയാളാണെന്നും, താനുമുള്‍പ്പെടുന്ന വിഭാഗത്തെ താന്‍ അധിക്ഷേപിക്കുമോയെന്നും വിനോദ് ചോദിക്കുന്നു. ഗീതാ ഗോപി എംഎല്‍എയെ പട്ടികജാതിക്കാരി എന്നു വിളിച്ച് അധിക്ഷേപിക്കുകയോ, മറ്റു രീതിയിലുള്ള ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും, ദളിത് എംഎല്‍എയോടല്ല, മറിച്ച് ജനപ്രതിനിധിയോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നുമാണ് വിനോദിന്റെ വിശദീകരണം.

"ജാതീയമായ ഒരു അധിക്ഷേപവും ഇന്നലെ അവിടെയുണ്ടായിട്ടില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ, സ്വന്തം അധികാരത്തിന്റെ വലിപ്പം മനസ്സിലാക്കാതെ ഒരു പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാല്‍ക്കീഴില്‍ പോയി സമരം ചെയ്യുകയാണുണ്ടായത്. എംഎല്‍എയുടെ രാഷ്ട്രീയനാടകമായിരുന്നു അത്. ഒരു ഫോണ്‍ കോളില്‍ ആവശ്യപ്പെട്ട് പരിഹരിക്കാമായിരുന്ന വിഷയത്തില്‍ കുത്തിയിരുന്ന് രാഷ്ട്രീയ നാടകം കളിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്നത് ശരിയാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. ഞാനും ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ തന്നെയാണ്. എനിക്കെതിരെ നാളെ ഒരാള്‍ സമരം ചെയ്യാന്‍ വന്നാല്‍, ഞാന്‍ പട്ടികജാതിക്കാരനാണ്, അതുകൊണ്ട് സമരം ചെയ്യരുത് എന്ന് പറയാന്‍ സാധിക്കുമോ? സങ്കുചിതമായി ചിന്തിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്. ജനാധിപത്യപരമായി പല വേറിട്ട രീതികളിലും സമരങ്ങള്‍ നടക്കും. അതെല്ലാം ആ രീതിയില്‍ത്തന്നെ എടുക്കണം. മുഖത്തുനോക്കി പട്ടികജാതിക്കാരി എന്നു വിളിച്ച് അധിക്ഷേപിക്കുകയൊന്നും ആരും ചെയ്തിട്ടില്ല. ജനപ്രതിനിധിയുടെ രാഷ്ട്രീയ നാടകം നടന്നയിടം ശുദ്ധി വരുത്തുക എന്ന നിലയിലാണ് ചാണകവെള്ളം ഒഴിച്ചത്. അതല്ലാതെ ദളിത് എംഎല്‍എയ്ക്ക് എതിരെ എന്ന നിലയില്‍ ഇത് കാണേണ്ടതില്ല. എല്ലാ ജനങ്ങളുടെയും വോട്ടു വാങ്ങി ജയിച്ച ജനപ്രതിനിധിയല്ലേ. പട്ടികജാതിക്കാരുടെ മാത്രം എംഎല്‍എ അല്ലല്ലോ", വിനോദ് അഴിമുഖത്തോട് പറഞ്ഞു.

നാളുകള്‍ക്കു മുന്‍പ് ജില്ലാ പഞ്ചായത്തംഗത്തില്‍ നിന്നും തനിക്ക് ഒരു മോശം അനുഭവമുണ്ടായപ്പോള്‍ എംഎല്‍എ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും വിനോദ് ചോദിക്കുന്നു. പട്ടികജാതിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന എംഎല്‍എയാണെങ്കില്‍, പട്ടികജാതിക്കാരനായ താന്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഇടപെടേണ്ടിയിരുന്നില്ലേ എന്നാണ് വിനോദിന്റെ ആരോപണം. "കുറച്ചു നാളുകള്‍ക്കു മുന്‍പ് എംഎല്‍എ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്നും, 'വിളിക്കാത്ത സദ്യയ്ക്ക് എന്തിനാണ് വന്നത്, ഇറങ്ങിപ്പോടാ' എന്ന് പരസ്യമായി പറഞ്ഞ് ജില്ലാ പഞ്ചായത്ത് മെംബര്‍ ഇറക്കിവിട്ടിട്ടുണ്ട്. ദളിതനായ പഞ്ചായത്ത് പ്രസിഡന്റിനോട് മോശമായി പെരുമാറി എന്നു പറഞ്ഞ് എനിക്ക് അന്ന് കേസു കൊടുക്കാമായിരുന്നു. പട്ടികജാതിക്കാരെക്കുറിച്ച് ഇത്ര വികാരത്തില്‍ സംസാരിക്കുന്ന എംഎല്‍എ., അന്ന് എനിക്ക് ഈ അനുഭവമുണ്ടായപ്പോള്‍ ഒരക്ഷരം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചപ്പോള്‍ അന്ന് എന്തുകൊണ്ട് മിണ്ടിയില്ല?"

വിഷയം പബ്ലിസിറ്റിക്കായി ഉപയോഗിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനായി ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും സി.കെ വിനോദ് പറഞ്ഞു. എംഎല്‍എ കേസുമായി മുന്നോട്ടുപോകുകയാണെങ്കില്‍ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനമെന്നും, ചെയ്യാത്ത കുറ്റത്തിന് പ്രതികളാകാന്‍ തയ്യാറല്ലെന്നുമാണ് ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പക്ഷം.

സിപിഐ നേതൃത്വത്തിനൊപ്പം ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെത്തി ഇന്നലെ രാത്രി 11 മണിയോടെ ഗീതാ ഗോപി പരാതി കൈമാറിയിട്ടുണ്ട്. മുപ്പതാം തീയതി രാവിലെ മുഖ്യമന്തിയുടെ വസതിയിലെത്തി നേരിട്ട് പരാതിയറിയിക്കുകയും ചെയ്യും. ഇന്ന് രാവിലെ സ്പീക്കര്‍ക്കും രേഖാമൂലം പരാതി നല്‍കും. എസ്.സി/ എസ്.ടി വകുപ്പു പ്രകാരം കേസെടുക്കാന്‍ പട്ടികജാതി വകുപ്പു മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഗീതാ ഗോപി എംഎല്‍എ പറയുന്നു. സാധ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഏതറ്റം വരെയും പോകും എന്നാണ് എംഎല്‍എയുടെ നിലപാട്.

നാട്ടിക നിയമസഭയെ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രതിനിധീകരിക്കുന്നയാളാണ് ഞാന്‍. മണ്ഡലത്തിനകത്ത് ഒരുപാട് പൊതുവിഷയങ്ങളുണ്ട്. ഒരു സാമാജിക എന്ന നിലയില്‍ അതില്‍ ഇടപെടുന്നതും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹരിക്കുന്നതും സാധാരണ വിഷയമാണ്. ഇന്നലെ നടന്നത് പക്ഷേ, അസ്വാഭാവികമായ കാര്യമായിരുന്നു. റോഡില്‍ അപകട സാധ്യത കാണുകയും, ജനങ്ങള്‍ പ്രതിഷേധിക്കുകയും അതിനു പരിഹാരമുണ്ടാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരികയുമാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളമാണ് ഞാന്‍ സിവില്‍ സ്‌റ്റേഷനു മുന്നിലിരുന്നത്. അപ്പോള്‍ത്തന്നെ പ്രശ്‌നം മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെട്ട് പരിഹരിച്ചു. റോഡിലെ കുഴികളടച്ച് ഗതാഗത സൗകര്യം പുനസ്ഥാപിക്കാനുള്ള ഉറപ്പ് കിട്ടിയ ശേഷമാണ് ഞാന്‍ സമരം അവസാനിപ്പിച്ചത്. ഞാനും മെമ്പര്‍മാരും ഇരുന്നു പ്രതിഷേധിച്ച അതേയിടത്ത് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബക്കറ്റും ചാണകവും വെള്ളവുമായി അടിച്ചു കഴുകുന്ന രംഗമാണ് ഞാന്‍ പിന്നെ സമൂഹമാധ്യമങ്ങള്‍ വഴി കാണുന്നത്.

Also Read: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധം വരുത്തി’ യൂത്ത് കോണ്‍ഗ്രസ്


Next Story

Related Stories