Top

'ചിലര്‍ക്ക് ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി'; കെ വി തോമസിനെ വേദിയിലിരുത്തി കെ ശങ്കരനാരായണന്‍

കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ നേതാക്കളെ പരസ്യമായി പരിഹസിച്ച് മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍. സ്ഥാനമോഹികളുടെ പേരുകള്‍ വ്യക്തമാക്കാതെ വേദിയിലുണ്ടായിരുന്ന കെ വി തോമസ് ഉള്‍പ്പടെയുള്ള നേതാക്കളെ ലക്ഷ്യമാക്കിയായിരുന്നു ശങ്കരനാരായണന്റെ പരിഹാസം. എറണാകുളത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ചതിന് ശേഷം പ്രസംഗിക്കുകയായിരുന്നു ശങ്കരനാരായണന്‍.

'ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാകാം.. എന്നാല്‍ അതിന് ഒരു അതിര്‍ത്തി വേണം. ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ? ആ ആര്‍ത്തി അപകടമാണ്.. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ തകരാറില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല.. അതിപ്പോള്‍ ആരായാലും ശരി..' ശങ്കരനാരായണന്‍ പറഞ്ഞു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമായി എട്ട് തവണ മത്സരിക്കുകയും കഴിഞ്ഞ തവണ ലോക്‌സഭയിലേക്കും ഇത്തവണ ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ അവസാന നിമിഷം വരെ ശ്രമിക്കുകയും ചെയ്ത കെ വി തോമസിനും സ്ഥാനാര്‍ഥി മോഹവുമായി ചേരിപ്പോര് നടത്തുന്ന നേതാക്കള്‍ക്കും കുറിക്ക് കൊള്ളുന്നതായിരുന്നു ശങ്കരനാരായണന്റെ പ്രസംഗം.

കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്മെന്റുകളിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട് ശങ്കരനാരായണ്‍. 2007 മുതല്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണറായിരുന്ന ശങ്കരനാരായണ്‍ അരുണാചല്‍പ്രദേശ്, ഗോവ, മഹരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Next Story

Related Stories